Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

കവിയും കവിതയും (കവിത)

സഈദ് ഹമദാനി വടുതല

നേര്‍ത്തില്ലാതാകുന്ന 

പകലുകളുടെ അറ്റത്ത് 

സിന്ദൂരത്തില്‍ മുക്കിയ 

സൂര്യനെ അഴിച്ചിട്ടിട്ടുണ്ട് 

കാറ്റുകളുടെ മര്‍മരങ്ങളില്‍ 

മാഞ്ഞില്ലാതാകുന്നത്   

ഒച്ചയില്ലാത്ത ചില നിലവിളികളാണ് 

തിളച്ച വെയില്‍ കോരിയിട്ട 

പകലുകളില്‍നിന്നും 

പാതി വെന്ത മനസ്സുമായി 

ഓടിക്കയറുന്നത് 

മോന്തായമുറഞ്ഞ വീടെന്ന് 

ചിലര്‍ പറയുന്ന ഒറ്റമുറിയിലേക്കാണ് 

ഓര്‍മകള്‍ വീണുടഞ്ഞ 

പാറക്കറുപ്പുള്ള മുറിയിറകളില്‍

പഴന്തുണിപ്പൊതികളില്‍ 

കെട്ടിവെച്ചിരിക്കുന്നത് 

തുളവീണ ഓര്‍മകളുടെ 

പഴയ ഓട്ടക്കാലണകളാണ്.

വീണുടയുന്ന ഓര്‍മകളുടെ 

അങ്കത്തറകളില്‍നിന്നും 

ചിന്തകള്‍ കടിഞ്ഞാണില്ലാതെ 

കുതിക്കുമ്പോള്‍ 

കവിതക്കായുള്ള നോവ് തുടങ്ങുകയായി 

കവിഞ്ഞൊഴുകുന്ന 

വാക്കുകളെ രാകിമിനുക്കി 

കടല്‍മീനുകളുടെ ചെകിളയനക്കം പോലെ 

ഉയര്‍ന്നും താഴ്ന്നും കവിതകള്‍

പതിയെപ്പതിയെ 

പിറവികൊള്ളുകയായി

കവിഞ്ഞൊഴുകിയതൊക്കെയും 

കവിതകളുമായി 

അങ്ങനെ അങ്ങനെ ഒരു കവിയായി 

പരിണമിക്കുമ്പോള്‍  

കവിക്ക് ചുറ്റും ശലഭങ്ങളും തേനീച്ചകളും 

ആര്‍ത്താര്‍ത്ത് എത്തുകയായി

വറുതിയുടെ അരികിലിരുന്ന് 

കവിത കഴിച്ചും കണ്ണീര്‍ കുടിച്ചും

കവിയും കവിതയും വളരുകയായി 

പരിസരങ്ങളിലെ അലിഞ്ഞില്ലാതാകുന്ന 

ഒച്ചയില്ലാത്ത നിലവിളിക്കാരുടെ 

തോളില്‍ കൈയിട്ടും തലോടിയും 

അവരുടെ നാവാകുമ്പോള്‍  

കവിയും കവിതയും തൃപ്തിയുടെ 

അനന്തതയിലേക്ക് ഉയരുകയായി.

 

 

*******************************************************

 

 

വിശപ്പ്

-സി.കെ മുനവ്വിര്‍ ഇരിക്കൂര്‍-


 

എനിക്കെന്റെ

മോനെക്കാണാന്‍ വിശക്കുന്നു

ചുമരില്‍ തട്ടിത്തെറിച്ച

നജീബിന്റെ ഉമ്മയുടെ അലര്‍ച്ച

കര്‍ണപുടങ്ങളില്‍ പിടക്കുന്നു

 

വിശപ്പ് വിറ്റ് 

തെരുവ് തിന്ന കവികളെവിടെ?

നഗരം വിഴുങ്ങി

അട്ടഹസിച്ച പ്രഭാഷകരെവിടെ?

 

തീ തിന്ന്

ചുണ്ട് പഴുത്ത്

ഉണങ്ങിച്ചുരുണ്ട

ഉമ്മയെക്കുറിച്ചെഴുതാന്‍

അവര്‍ക്ക്

എഴുത്താണി ഭാരമാവുന്നുണ്ടോ?

രണ്ടു വാക്ക് പറയാന്‍

സാധിക്കാത്ത വിധം

നാക്കിന് തടിപ്പു കയറിയോ?

 

മാതൃത്വത്തിന്റെ

മഹത്വം പാടിയവര്‍ക്ക്

ഓര്‍മയില്ലെന്നുണ്ടോ

നജീബിന്റെ ഉമ്മയും

ഒരു പെണ്ണാണ്

പച്ചക്കരളുള്ള പെണ്ണ്

അവളുടെ മകന്‍ നജീബ്

ഒരു സുപ്രഭാതത്തില്‍

പള്ള തുളച്ച്

പുറംചാടിയതല്ല

പത്തു മാസം

ഗര്‍ഭപാത്രത്തില്‍ പേറി

പേറ്റുനോവ് തിന്ന്

അവള്‍  പ്രസവിച്ചതാണ്

 

അവളുടേത്

വാടക ഗര്‍ഭപാത്രമായിരുന്നില്ല

മകനെ മുലയൂട്ടിയതിനവള്‍

സര്‍ക്കാറിനോട്

ഗ്രാന്റ് വാങ്ങിയിട്ടില്ല

 

എന്നിട്ടുമവള്‍ക്ക്

സ്വാതന്ത്ര്യത്തിന്

കേളി കേട്ട മണ്ണിലെ

ജനകോടികളോട്

കണ്ണീര്‍ ചിതറി

ചോദിക്കേണ്ടി വന്നിരിക്കുന്നു

എന്റെ മോനെവിടെയെന്ന്

 

പ്രതീക്ഷകള്‍

വെയിലേറ്റു കരിഞ്ഞപ്പോഴും

നടുറോഡിലിരുന്ന്

അവള്‍

പൊരിവെയില്‍ കൊള്ളുന്നുണ്ട്

സ്വന്തം മകനെ

ഒരു നോക്ക് കാണാന്‍ വേണ്ടി

 

അറിയാതിരിക്കണ്ട

അവളിതുവരെ

സമാധാനത്തില്‍ കണ്ണുപൂട്ടിയിട്ടില്ല

ആഹാരം കഴിച്ചിട്ടില്ല

വിസര്‍ജിച്ചിട്ടില്ല

കുളിച്ചിട്ടു പോലുമില്ല

 

അവളങ്ങ് വിദൂരത്തല്ല

നിന്റെ അടുത്താണ്

എന്റെ അടുത്താണ്

നമ്മുടെ മൂക്കിന്റെ താഴെ

അല്ലങ്കില്‍

തൊട്ടപ്പുറത്തെ വീട്ടില്‍

 

കണ്ണ് പൊത്തിയാല്‍

അവളെക്കാണാതിരിക്കില്ല

കാത് പൊത്തിയാല്‍

അവളെക്കേള്‍ക്കാതിരിക്കില്ല

അവള്‍ നിന്റുമ്മയാണ്

എന്റുമ്മയാണ്

നജീബ് ഞാനാണ് നീയാണ്

എന്റെയും നിന്റെയും

അനുജനോ ജ്യേഷ്ഠനോ ആണ്

പുത്രനോ പൗത്രനോ ആണ്

 

അതുകൊണ്ട്

നജീബിന്റെ ഉമ്മയുടെ വിശപ്പ്

എന്റേതും നിന്റേതും കൂടിയാണ്

നമുക്ക്

തൊണ്ട പൊട്ടുമാറുച്ചത്തില്‍

ചോദിച്ചുകൊണ്ടേയിരിക്കാം

നജീബെവിടെ ......

നജീബെവിടെ.....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം