ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ റോള്‍ ഇനിയെന്ത്?
ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയില്‍, 'താന്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്' എന്ന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രശസ്ത അറബ് കോളമിസ്റ്റ് മര്‍വാന്‍ ബിശാറ ചൂണ്ടിക്കാട്ടിയതുപോലെ, ട്രംപിലൂടെ സംസാരിച്ചുകൊണ്ടിരുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവായിരുന്നു. അമേരിക്ക എക്കാലത്തും സയണിസ്റ്റ് രാഷ്ട്രത്തിന്റെ സകല അതിക്രമങ്ങളെയും പിന്തുണച്ചുപോന്നിട്ടുണ്ടെങ്കിലും ഇസ്രയേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തില്‍ തങ്ങളൊരു മാധ്യസ്ഥന്റെ റോളിലാണെന്ന നാട്യമായിരുന്നു അമേരിക്കക്ക്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുമെന്നും അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് പരസ്യ പ്രസ്താവന നടത്തിയതോടെ ആ മുഖംമൂടിയും അഴിഞ്ഞുവീണു. ദ്വിരാഷ്ട്ര പദ്ധതിയും അമേരിക്ക പൂര്‍ണമായും കൈവിട്ട മട്ടാണ്. ട്രംപിന്റെ വിവാദ പ്രസ്താവനയില്‍ അതേക്കുറിച്ച് ഒരു സൂചന പോലുമില്ല.
വിവാദ പ്രസ്താവനയുടെ പിന്നാമ്പുറങ്ങള്‍ ചികയുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ വ്യക്തമാവും. അതൊരു നാക്കുപിഴയല്ല. മേഖലയെ പ്രക്ഷുബ്ധമാക്കാന്‍ ഒരു വൈകാരിക പ്രശ്‌നത്തില്‍ കൈവെച്ചതുമല്ല. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന 'സമാധാന ചര്‍ച്ചകള്‍'ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ആരൊക്കെയെന്നല്ലേ, ഇസ്രയേലിലേക്ക് ട്രംപ് നിയോഗിച്ച അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍, നയതന്ത്ര അംബാസഡര്‍ എന്ന സ്ഥാനം വഹിക്കുന്ന ജാസന്‍ ഗ്രീന്‍ബ്ലാറ്റ്, പിന്നെ ട്രംപിന്റെ സ്വന്തം മരുമകന്‍ ജരേഡ് കുഷ്‌നര്‍. ഇവര്‍ മൂവരും കടുത്ത സയണിസ്റ്റുകളാണ്. നെതന്യാഹുവിന്റെ സകല നിയമവിരുദ്ധ കുടിയേറ്റങ്ങളെയും കണ്ണടച്ച് പിന്തുണക്കുന്നവര്‍. സ്വയം എടുത്തണിഞ്ഞ 'മാധ്യസ്ഥന്റെ' റോള്‍ പൂര്‍ണമായി നഷ്ടപ്പെട്ട സ്ഥിതിക്ക്, പ്രശ്‌നത്തില്‍ ഇനി അമേരിക്ക ഇടപെടുന്നത് എങ്ങനെയായിരിക്കും?
കുറേകാലമായി പശ്ചിമേഷ്യയിലെ പല ഭരണകൂടങ്ങളും തങ്ങളുടെ മുഖ്യ അജണ്ടയില്‍നിന്ന് ഫലസ്ത്വീന്‍ പ്രശ്‌നത്തെ വെട്ടിമാറ്റാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങള്‍ക്ക് പ്രശ്‌നം ഞങ്ങളുടെ നാടാണ്, ഫലസ്ത്വീനല്ല എന്ന് വരെ അവരില്‍ ചിലര്‍ പറഞ്ഞുവെച്ചു. അവരുടെയൊക്കെ അറിവോടെയും മൗനസമ്മതത്തോടെയുമാണ് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സൂചന നല്‍കുന്നുണ്ട്. സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും അറിവോടെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നാണ് ടില്ലേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത്. പോപ്പും യൂറോപ്യന്‍ യൂനിയനുമെല്ലാം അതിശക്തമായി ഈ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതിനാല്‍ ടില്ലേഴ്‌സണ്‍ സൂചിപ്പിക്കുന്ന സുഹൃത്തുക്കള്‍ അവരാകാന്‍ വഴിയില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ട്രംപിന്റെ പ്രസ്താവനയെന്ന് കടുപ്പിച്ച് പറഞ്ഞിരിക്കുന്നു. മേഖലയിലെ പല രാഷ്ട്രങ്ങളും അപലപിച്ചുകൊണ്ടുള്ള പതിവു പ്രസ്താവനകള്‍ നടത്തി പിന്‍വാങ്ങിയതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. നമ്മുടെ ഇന്ത്യയും എങ്ങും തൊടാത്ത ഒരു പ്രസ്താവന നടത്തി രക്ഷപ്പെടുകയാണ് ചെയ്തത്. ലോകത്തുടനീളമുള്ള മുസ്‌ലിം സമൂഹങ്ങള്‍ അവരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ട്രംപിന്റെ പ്രസ്താവനക്ക് ഒരു പോസിറ്റീവ് വശം കൂടിയുണ്ടെന്നര്‍ഥം. മുസ്‌ലിം ലോകത്തിന്റെ മുഖ്യ അജണ്ടയായി ഫലസ്ത്വീന്‍ പ്രശ്‌നം വീണ്ടും ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
Comments