Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

കുടുംബം സാമൂഹിക ജീവിതത്തിന്റെ പ്രഥമ സ്ഥാപനം

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതം മനുഷ്യ പ്രകൃതിയുടെ തേട്ടമാണ്. മറ്റുള്ളവരുമായി ഇടപഴകി കഴിയാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനുമാണ്. സ്വന്തം നിലക്ക് അവനവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയിലല്ല മനുഷ്യന്റെ സൃഷ്ടിപ്പ്. കുറേപേര്‍ ഒത്തുചേര്‍ന്നുകൊണ്ടാണ് ഒരാളുടെ ആവശ്യം നിറവേറ്റുന്നത്. കുടുംബം സാമൂഹിക ജീവിതത്തിന്റെ പ്രഥമ സ്ഥാപനവും അടിസ്ഥാന ഘടകവുമാണ്. കുറേ കുടുംബങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു സമാജം രൂപപ്പെടുന്നത്.

സാമൂഹിക ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ കുടുംബം വ്യത്യസ്ത രീതിയിലുണ്ട്. ചെറുതും വലുതും ഇടത്തരവുമായ കുടുംബങ്ങളുണ്ട്. ഭാര്യയും ഭര്‍ത്താവും കുട്ടികളുമടങ്ങിയതാണ് ചെറുകുടുംബം. ചിലപ്പോള്‍ ഇതില്‍ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടും. കുറെപേര്‍ ഒന്നിച്ച് താമസിക്കുന്നതാണ് കൂട്ടുകുടുംബം.

 

ഭദ്രമായ കുടുംബ വ്യവസ്ഥ

ഇസ്‌ലാം കുടുംബമെന്ന മൗലിക സ്ഥാപനം നിലനിര്‍ത്തി. ആത്മീയ നിയമങ്ങളുടെ ലംഘനവും ദേഹേഛകളുടെ തേരോട്ടവും അക്രമവും കൈയേറ്റവും കാരണമായുണ്ടാകുന്ന കുഴപ്പങ്ങള്‍ കുടുംബ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ കുഴപ്പങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ മുന്നില്‍ കാണുന്നു. ഇവ എങ്ങനെ പരിഹരിക്കാം എന്നും അത് വിശദീകരിക്കുന്നു. കുടുംബ വ്യവസ്ഥയില്‍ നടമാടുന്ന പോരായ്മകള്‍ നിര്‍മാര്‍ജനം ചെയ്യുകയല്ല ഇസ്‌ലാം ചെയ്യുന്നത്. പ്രത്യുത, കുടുംബത്തിന്റെ ഒരു വിശദ ചിത്രം വരച്ച് കാണിക്കുകയും ഒരു കുടുംബം എങ്ങനെ ആയിരിക്കണമെന്ന് നിര്‍ദേശിക്കുകയുമാണ് ചെയ്തത്. അതില്‍ അസ്വാരസ്യം ഉണ്ടായാല്‍ എങ്ങനെയാണ് പരിഹരിക്കേണ്ടത്? ആദ്യം കുടുംബം എന്ന പ്രകൃതിപരമായ സംവിധാനം ആവിഷ്‌കരിച്ചു. നീതിയുടെയും നിയമത്തിന്റെയും പൂര്‍ത്തീകരണവും ഇതില്‍ ഉള്‍ച്ചേര്‍ത്തു. വിശുദ്ധ ഖുര്‍ആന്‍ പരിശുദ്ധവും പരിപക്വവുമായ സമൂഹ സൃഷ്ടിക്കായി ആരോഗ്യ പൂര്‍ണമായ കുടുംബത്തെ മുന്നില്‍ കണ്ടു. കാലം ഏതുമാകട്ടെ, പരിതസ്ഥിതിയും ചുറ്റുപാടും എന്തുമാവട്ടെ, കുടുംബത്തെ സ്വതന്ത്രവും ശാശ്വതവുമായ യൂനിറ്റായി നിലനിര്‍ത്താന്‍ ഇസ്‌ലാമിക വ്യവസ്ഥ ആഗ്രഹിക്കുന്നു.

 

പൗരോഹിത്യത്തിനും അരാജകത്വത്തിനും മധ്യേ

പുരുഷനും സ്ത്രീക്കുമിടയിലെ സദ്ഗുണസമ്പന്നമായ ബന്ധമാണ് കുടുംബ യൂനിറ്റിന്റെ പ്രഥമ അടിസ്ഥാനം. പൗരോഹിത്യത്തിന്റെ കാഴ്ചപ്പാടില്‍ വിവാഹം മനുഷ്യന്റെ ആത്മീയ പുരോഗതിക്ക് തടയിടും. ആരെങ്കിലും ആത്മീയോല്‍കര്‍ഷം ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ അത് പിന്നോട്ടു വലിക്കും. മനുഷ്യന്‍ അനിയന്ത്രിതമായി താല്‍പര്യങ്ങളുടെ പിന്നാലെ പൊയ്‌ക്കൊള്ളട്ടെ എന്നതാണ് മറ്റൊരു വീക്ഷണം. ഇതിനെ ലൈംഗിക അരാജകത്വവാദം എന്ന് പറയാം. ഇപ്പോള്‍ പൗരോഹിത്യം പതിയെ പത്തി താഴ്ത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അരാജകത്വം ഇപ്പോഴും അഴിഞ്ഞാടുക തന്നെയാണ്. ഇവിടെ ഇസ്‌ലാം മധ്യമ നിലപാട് സ്വീകരിക്കുന്നു. നീതിയുടെ നേര്‍വഴി കാണിക്കുന്നു. മനുഷ്യന്റെ ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണം പ്രകൃതിയുടെ തേട്ടമാണ്. എന്നാല്‍ അതിന്റെ പൂരണത്തിന് ചില അനിവാര്യ നിബന്ധനകളുണ്ട്. വൈവാഹിക ജീവിതം നയിക്കണമെന്നത് അതിന്റെ പ്രധാന വ്യവസ്ഥയത്രെ. മനുഷ്യന്‍ അവന്റെ പ്രകൃതിപരമായ വികാര പൂര്‍ത്തീകരണം വിവാഹത്തിലൂടെ മാത്രമേ നടത്താവൂ. ഇതാകട്ടെ അനുവദനീയം മാത്രമല്ല ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹവുമാണ്.

നബി(സ) പറഞ്ഞു: 'ഓരോ നന്മക്കും പ്രതിഫലമുണ്ട്. നിങ്ങളുടെ എല്ലാ അവയവത്തിനും ഓരോ ധര്‍മ്മമുണ്ട്.' അനുചരന്മാര്‍ ചോദിച്ചു: 'ഒരാള്‍ അയാളുടെ വികാര പൂര്‍ത്തീകരണം നടത്തുന്നെങ്കിലോ?  അതിലും പുണ്യമുണ്ടോ?' തിരുമേനി (സ) പറഞ്ഞു: 'നിങ്ങള്‍ എന്ത് വിചാരിച്ചു. അവന്‍ തന്റെ വികാര പൂര്‍ത്തീകരണത്തിന് തെറ്റായ വഴി സ്വീകരിക്കുന്നെങ്കില്‍ അത് കുറ്റകരമല്ലേ? അപ്പോള്‍ നല്ല മാര്‍ഗം സ്വീകരിക്കുമ്പോള്‍ അതില്‍ പ്രതിഫലവുമുണ്ട്' (മുസ്‌ലിം).

ജൈവിക വികാരങ്ങള്‍ക്ക് തടയിടുന്നത് പ്രകൃതിക്കെതിരാണ്. അതുകൊണ്ട് തന്നെ അത് വിജയിക്കില്ല. ഇസ്‌ലാം ആ തരത്തില്‍ തടഞ്ഞുവെക്കലിനെതിരാണ്. പ്രവാചകന്റെ ചില അനുചരന്മാര്‍ ബ്രഹ്മചര്യം ആചരിച്ചാലോ എന്ന് ആലോചിച്ചിരുന്നു. എന്നാല്‍ നബി തിരുമേനി (സ) അതിനെ ചോദ്യം ചെയ്തു. 'ഇസ്‌ലാമില്‍ പൗരോഹിത്യമില്ല' എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഈ വചനം അതിന്റെ റിപ്പോര്‍ട്ടിന്റെ പരമ്പര പരിശോധിക്കുമ്പോള്‍ (സനദ്) ദുര്‍ബലമെങ്കിലും, ഈ ആശയം മറ്റു നബി വചനങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. മറ്റൊരു അവസരത്തില്‍ തിരുമേനി (സ) പറഞ്ഞത് 'എന്നോട് പൗരോഹിത്യം കല്‍പ്പിക്കപ്പെട്ടിട്ടില്ല' എന്നാണ് (സുനനുദാറമി).

വിവാഹത്തിന്റെ ലക്ഷ്യം

വൈവാഹിക ജീവിതം ഇസ്‌ലാം നിശ്ചയിച്ചത് അതിലൂടെ മനുഷ്യന്‍ തന്റെ പാതിവ്രത്യവും ചാരിത്ര ശുദ്ധിയും കാത്ത് സൂക്ഷിക്കാനും തെറ്റില്‍നിന്ന് വിട്ടകന്ന് സുരക്ഷിതമായി നിലകൊള്ളാനും

വേണ്ടിയാണ്. തിരുമേനി (സ)യുടെ പ്രസ്താവന പ്രസിദ്ധമാണല്ലോ.

'യുവാക്കളേ! നിങ്ങളില്‍ വിവാഹം കഴിക്കാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്തുകൊള്ളട്ടെ' (ബുഖാരി).

അവിവാഹിതനായ ഒരാള്‍ തെറ്റില്‍ ചെന്നു പതിക്കാന്‍ ഇടയുണ്ടെന്ന് വരികില്‍ അയാള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ പോലും ആദ്യം വിവാഹം ചെയ്യണം. പിന്നീട് ഹജ്ജിന് ഒരുങ്ങിയാല്‍ മതി. ഇതാണ് കര്‍മ ശാസ്ത്ര വിശാരദന്മാരുടെ നിലപാട്. ഹജ്ജ് പിന്തിക്കാം. മ്ലേഛവൃത്തിക്ക് സാധ്യതയുള്ളപ്പോള്‍ വിവാഹം പിന്തിക്കാവതല്ല. മേല്‍ നബിവചനത്തിന്റെ അവസാനത്തില്‍ 'വിവാഹത്തിന് കഴിവില്ലാത്തവന്‍ നോമ്പനുഷ്ഠിക്കട്ടെ. ഒരു പരിചയെന്നോണം തെറ്റില്‍നിന്നും അതവനെ തടഞ്ഞു നിര്‍ത്തും' എന്നും കാണാം. വ്രതമനുഷ്ഠിക്കുന്നതിലൂടെ ദേഹേഛയെ അടക്കി നിര്‍ത്താനാവുമെന്നര്‍ഥം.

ഒരാള്‍ അന്നപാനീയങ്ങള്‍ നിയന്ത്രിച്ചാല്‍ വികാരചേഷ്ടകളിലും നിയന്ത്രണം സാധ്യമാവും. സദാചാര വിരുദ്ധ മാര്‍ഗത്തില്‍നിന്ന് അകന്ന് നില്‍ക്കാനായി മനുഷ്യന്‍ വഴിവിട്ട ജീവിത സുഖങ്ങള്‍ കൈയൊഴിക്കേണ്ടതും ആവശ്യം തന്നെ.

വിശുദ്ധ ഖുര്‍ആന്‍ ഒരിടത്ത് വിവാഹം ചെയ്യാന്‍ പാടില്ലാത്ത സ്ത്രീകളെ കുറിച്ച് പറഞ്ഞ ശേഷം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 

'നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കി കൊണ്ട് മറ്റു സ്ത്രീകളുമായി നിങ്ങള്‍ (വിവാഹ ബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരായിരിക്കരുത്' (അന്നിസാഅ്: 24).

അതെ, വിവാഹം പാടില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കരുത്. അവരെ കൂടാതെ മറ്റു സ്ത്രീകളെ വിവാഹ മൂല്യം (മഹ്‌റ്) നല്‍കി വിവാഹം ചെയ്യാം. ചാരിത്ര്യ ശുദ്ധിയോടെ ജീവിക്കാനും കുത്തഴിഞ്ഞ സുഖലോലുപത വെടിയാനും ഇതാണ് ശരിയായ വഴി.

അറബി ഭാഷയില്‍ 'ഹിസ്വ്ന്‍' എന്നാല്‍ കോട്ട എന്നാണ് അര്‍ഥം. ആയത്തില്‍ പരാമര്‍ശിച്ച 'മുഹ്‌സ്വിനീന്‍' എന്നാല്‍ ഈ കോട്ടയില്‍ പ്രവേശിച്ചവര്‍ എന്നും. അതില്‍ പ്രവേശിച്ച ശേഷം നിങ്ങള്‍ ദുര്‍പ്രവൃത്തികള്‍ ചെയ്യരുത്. അഥവാ ഏതൊരു വ്യക്തിയും ഈ കോട്ടക്കകത്ത് കയറിയാല്‍ അവന്‍ സുരക്ഷിതനാണെന്നര്‍ഥം. ഒരു മനുഷ്യന്‍ താന്‍ ഉദ്ദേശിച്ചത് നേടാനായി ആവേശപൂര്‍വം ആ ഉദ്ദേശ്യത്തിന്റെ പിന്നാലെ ഓടുന്നതിനാണ് അറബിയില്‍ 'സഫ്ഹ്' എന്ന് പറയുക. (ആയത്തിലെ 'ഗൈറ മുസാഫിഹീന്‍' എന്ന പ്രയോഗം ശ്രദ്ധിക്കുക). വിവാഹത്തെക്കുറിച്ച് പറഞ്ഞേടത്ത് അത് മുഖേന ചാരിത്ര്യ ശുദ്ധി സംരക്ഷിക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിട്ടുമുണ്ട്. തിന്മയില്‍നിന്നും വിട്ടകലാനും വിവാഹം വഴിയൊരുക്കും.

 

സ്‌നേഹബന്ധം

ഇണക്കവും സ്‌നേഹവും ആയി ബന്ധപ്പെടുത്തിയാണ് വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെ പരാമര്‍ശിക്കുന്നത്. ഈ സ്‌നേഹം പ്രകൃതിപരവും അതേസമയം ഉഭയകക്ഷി പ്രധാനവുമാണ്. വിവാഹ ബന്ധം മുഖേന ജീവിതത്തിന്റെ പാരുഷ്യവും അസ്വസ്ഥതയും ഇല്ലാതാവുന്നു. സ്വസ്ഥതയും സമാധാനവും കൈവരുന്നു. ഒരാള്‍ ഒരു അന്യസ്ത്രീയെ കല്യാണം കഴിക്കുന്നു. ചിലപ്പോള്‍ ഇവര്‍ നേരത്തെ പരസ്പരം അറിയാത്തവരാവും. എന്നാല്‍ വിവാഹം നടക്കുന്നതോടെ അവര്‍ക്കിടയില്‍ സ്‌നേഹ പൂക്കള്‍ വിരിയുന്നു. ഇതാകട്ടെ ഒരു ദൈവികാനുഗ്രഹമാണ്. വിശുദ്ധ വേദം പ്രസ്താവിക്കുന്നു:

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തു ചേരേണ്ടതിനായി നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (അര്‍റൂം: 21).

ഇവിടെ വിവാഹത്തിന്റെ ലക്ഷ്യമായി പറയുന്നത് അത് മുഖേന ദമ്പതികള്‍ക്ക് ശാന്തി ലഭിക്കുക എന്നതാണ്. രണ്ടാമത്തെ സംഗതി, അല്ലാഹു ദമ്പതികള്‍ക്കിടയില്‍ സ്‌നേഹം വളര്‍ത്തുമെന്നുള്ളതും. ഈ സ്‌നേഹം ഇരുപക്ഷത്തും ഉണ്ടാവണം. ഏകപക്ഷീയമായാല്‍ ബന്ധം സുദൃഢമാവില്ല. മനസ്സമാധാനം ലഭിക്കേണ്ടത് വീടകമേ നിന്നും കുടുംബിനിയില്‍നിന്നുമാണ്. അപ്രകാരം പുരുഷന്‍ മുഖേന സ്ത്രീക്കും ആ സമാധാനം ലഭ്യമാകണം. ഇന്നത്തെ മനുഷ്യന്‍ സമാധാനം അന്വേഷിച്ചു നടക്കുകയാണ്. ലോകം അനുദിനം പുരോഗമിക്കുമ്പോഴും മനുഷ്യന്ന് നഷ്ടപ്പെട്ടിരിക്കുന്നത് ശാന്തിയും സമാധാനവുമാണ്. നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ വൈവാഹിക ജീവിതം നയിക്കുക എന്നാണ് വിശുദ്ധ വേദത്തിന്റെ നിര്‍ദ്ദേശം. ചിന്തിക്കുന്നവര്‍ക്ക് വലിയ ഒരു സന്ദേശമുണ്ടിവിടെ. അതെ, അന്യപുരുഷനും അന്യസ്ത്രീയുമായ രണ്ട് പേര്‍ പരസ്പരം സമാധാന കേന്ദ്രമാവുക.

പരസ്പരം ഇണകളാകുന്നതോടെ സ്‌നേഹപാശം കൊണ്ട് അവരെ ഒരുമിപ്പിക്കുക എന്നതും പ്രകൃതിയുടെ താല്‍പര്യമത്രെ.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ബന്ധം ഖുര്‍ആന്‍ വിവരിക്കുന്ന രീതി തന്നെ അത്ഭുതമുളവാക്കുന്നു.

''സ്ത്രീകള്‍ നിങ്ങള്‍ക്ക് വസ്ത്രമാണ്. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്' (അല്‍ബഖറ: 187).

ഈ സൂക്തത്തിന്റെ പൊരുളന്വേഷിച്ചു പോയാല്‍ അറിവിന്റെ പുതിയ പുതിയ അറകള്‍ കണ്ടെത്താനാവും. വിശുദ്ധ ഖുര്‍ആന്‍ എത്ര അര്‍ഥവത്തും അനുപമവുമായ പ്രയോഗമാണ് നടത്തിയിട്ടുള്ളത് എന്നു നാം അത്ഭുതം കൂറും!

മനുഷ്യന്റെ വസ്ത്രം അവന്റെ ശരീരവുമായി ചേര്‍ന്നിരിക്കും. അത്ര അടുത്ത് മറ്റൊന്നും ഉണ്ടായിരിക്കില്ല. ഖുര്‍ആന്‍ പറഞ്ഞു, നിങ്ങള്‍ സ്ത്രീകളുടെ വസ്ത്രവും അവര്‍ നിങ്ങളുടെ വസ്ത്രവുമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അടുപ്പം വിശദീകരിക്കാന്‍ ഇതിലേറെ നല്ലൊരു പ്രയോഗമില്ല. നമ്മുടെ ശരീരത്തിന്റെ പോരായ്മകള്‍ മൂടി വെക്കുക എന്നതും വസ്ത്രത്തിന്റെ ധര്‍മമാണ്. ശരീരത്തിന്റെ ഏത് ഭാഗം വരെ വസ്ത്രം എത്തുന്നുവോ ആ ഭാഗത്തുള്ള മുറിവോ, മറുകോ അല്ലെങ്കില്‍ വൈകല്യമോ ഒക്കെ ആ വസ്ത്രം മറച്ചു വെക്കുന്നു. ഖുര്‍ആന്‍ പറയുന്നത് ഇണകള്‍ക്കിടയിലെ ബന്ധത്തിന്റെ രൂപവും ഇതായിരിക്കണം എന്നാണ്. നിങ്ങള്‍ സ്ത്രീകളുടെ വസ്ത്രമാണ്, അവര്‍ നിങ്ങളുടെയും. ഓരോരുത്തരും അപരന്റെ ആവരണം ആണ് എന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം