Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

ഫാഷിസ്റ്റ് ദിനങ്ങളില്‍ ഫരീദ് ഇസ്ഹാഖിനെ വായിക്കുമ്പോള്‍

അജ്മല്‍ അലി, അസ്ഹറുല്‍ ഉലൂം ആലുവ

ജനാധിപത്യ സംസ്‌കൃതിയുടെ സര്‍വ മൂല്യങ്ങള്‍ക്കും എതിരായ പദമാണല്ലോ ഫാഷിസം. സര്‍വ ജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് വാചാലമാകുമ്പോഴും മറുവശത്ത് പലപ്പോഴും ഫാഷിസ്റ്റ്‌വിരുദ്ധ കൂട്ടായ്മകളിലും പ്രതിരോധ പരിപാടികളില്‍ പോലും വിവേചനം നിലനില്‍ക്കുന്ന ഈ കാലത്ത് ഫാഷിസത്തിനെതിരായ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും ഐക്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്.

 വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ലിബറേഷന്‍ തിയോളജിയുടെ ദക്ഷിണാഫ്രിക്കന്‍ ചാണക്യനായ ഫരീദ് ഇസ്ഹാഖിനെ വായിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. ഒരു കാലത്ത് ദക്ഷിണാഫ്രിക്കയെ ശ്വാസം മുട്ടിച്ചിരുന്ന അപ്പാര്‍ത്തീഡ് ഭരണകൂട നെറികേടുകള്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലെ തന്നെ മുന്‍നിര ഇസ്‌ലാമിക പണ്ഡിതനായ ഫരീദ് ഇസ്ഹാഖ് ഖുര്‍ആന്‍ ലിബറേഷന്‍ ആന്‍ഡ് പ്ലൂറലിസം ആന്‍ ഇസ്‌ലാമിക് പേഴ്‌സ്‌പെക്ടീവ് ഓഫ് ഇന്റര്‍ റിലീജിയസ് സോളിഡാരിറ്റി എഗൈന്‍സ്റ്റ് ഒപ്രഷന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ താത്ത്വികമായി അവതരിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ മര്‍ദക അപ്പാര്‍ത്തീഡ് ഭരണകൂടത്തിനെതിരില്‍ മത ദര്‍ശനങ്ങളുടെ ഐക്യം (Inter religious solidarity) എന്ന ആശയത്തെ പിന്നീട് പ്രയോഗതലത്തിലും പരീക്ഷിക്കുന്നതായി കാണാം.

 അപ്പാര്‍ത്തീഡുകളുടെ സകല നിലപാടുകള്‍ക്കും പിന്തുണ നല്‍കുന്നവരും, മര്‍ദിത ജനങ്ങളുടെ വിമോചനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരുമായ രണ്ട് തരം മുസ്‌ലിംകളാണ് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്നതെന്ന് ഫരീദ് ഇസ്ഹാഖ് സമര്‍ഥിക്കുന്നു. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തില്‍, വിശിഷ്യാ ഉത്തരേന്ത്യയില്‍ മുസ്‌ലിം സമുദായത്തില്‍പെട്ട യാഥാസ്ഥിതികരായ ധാരാളം പേര്‍ അവരറിയാതെയെങ്കിലും ഹിന്ദുത്വ ഫാഷിസത്തിന് വെള്ളം പാരുന്നുണ്ട് എന്നതാണ് വസ്തുത.

ഒരു വശത്ത് അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ കിരാത മര്‍ദനങ്ങള്‍ക്കിരകളാകുന്ന കറുത്ത വര്‍ഗക്കാരുമായും ക്രിസ്ത്യന്‍ സമൂഹവുമായും പുരോഗമന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ പല മേഖലകളിലും യോജിപ്പിന് ശ്രമിക്കുമ്പോള്‍, മറുവശത്ത് പരമ്പരാഗത മുസ്‌ലിംകളുടെ പക്ഷത്തു നിന്ന് ശക്തമായ എതിര്‍പ്പുകളും പ്രതിഷേധങ്ങളും അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു.

ഇന്ന് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ ഒരുവിധ പങ്കാളിത്തവും അരുത്, ആശംസകള്‍ പോലും കൈമാറരുത് തുടങ്ങി യാഥാസ്ഥിതികതയുടെ ഉത്തുംഗതയില്‍ നിന്നുകൊണ്ട് വര്‍ത്തമാനങ്ങള്‍ പറയാന്‍ യാതൊരു മടിയുമില്ലാത്ത പാരമ്പര്യവാദികള്‍ക്ക് മുസ്‌ലിം സമുദായത്തില്‍ ഇന്ന് പഞ്ഞമില്ല എന്നിരിക്കെ, ഫാഷിസത്തിനെതിരെ പ്രയോഗിക്കാവുന്ന ഐക്യപ്പെടുക എന്ന ഏക ആയുധം പ്രയോഗശൂന്യമാകുന്നതില്‍ തെല്ലത്ഭുതവുമില്ല.

ഫാഷിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സായുധമായി നേരിടുക എന്നത് യുക്തിരഹിതമാകുമ്പോള്‍ വൈകാരികതകള്‍ക്കടിപ്പെടാതെ ആശയത്തെ ആശയം കൊണ്ട് നേരിടുക എന്ന തന്ത്രമാണ് ഏറെ അഭികാമ്യം. ഇരകളുടെ ഐക്യം എന്നതില്‍ കവിഞ്ഞ് ഫാഷിസ്റ്റ്‌വിരുദ്ധ ചിന്തകള്‍ക്കുപോലും പ്രസക്തിയില്ല എന്നതാണ് സത്യം.

ദക്ഷിണാഫ്രിക്കയിലെ സമാന സവിശേഷ സാഹചര്യത്തിലാണ് എങ്ങനെ വിശുദ്ധ ഖുര്‍ആനെ ആധാരമാക്കിക്കൊണ്ട് സകല മത-വിശ്വാസ വിഭാഗങ്ങളുടെയും വിമോചനം സാധ്യമാക്കാം എന്ന പ്രശ്‌നത്തെ തന്റെ മതാന്തര ഐക്യം (Inter religious solidarity) എന്ന ആശയത്തിലൂടെ ഫരീദ് സാധൂകരിക്കാന്‍ ശ്രമിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ എണ്‍പതുകളില്‍ രൂപീകൃതമായ ഫരീദ് ഇസ്ഹാഖ് നേതൃപരമായി കാര്‍മികത്വം വഹിച്ച 'കാള്‍ ഓഫ് ഇസ്‌ലാം' എന്ന സംഘടനയിലൂടെയാണ് ഇതിന് അനുയോജ്യമായ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്. മുഴുവന്‍ മുസ്‌ലിംകളോടും അപ്പാര്‍ത്തീഡുകള്‍ക്കെതിരെ കറുത്ത വര്‍ഗക്കാരോടും ക്രൈസ്തവ-ജൂത സമൂഹങ്ങളോടും യോജിച്ച് സമര പരിപാടികളിലും പ്രതിരോധ സംഗമങ്ങളിലും ഏര്‍പ്പെടണം എന്നതായിരുന്നു സംഘടനയുടെ പ്രധാന ആഹ്വാനം. വ്യത്യസ്ത മതങ്ങളുടെയും ദര്‍ശനങ്ങളുടെയും ആചാരാശയങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്ന ഒരു കേവല സംഘമായിരുന്നില്ല ഒരിക്കലും ഈ 'മതാന്തര സഖ്യം.' ഓരോ ദര്‍ശനങ്ങള്‍ക്കും ആഫ്രിക്കയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മര്‍ദക ഭരണവെറിക്കെതിരെ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു വേണ്ടി, അവരുടെ വിമോചന സാക്ഷാത്കാരത്തിനു വേണ്ടി എന്ത് ചെയ്യാനും സമര്‍പ്പിക്കാനും കഴിയും തുടങ്ങിയ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഇന്റര്‍ റിലീജ്യസ് സോളിഡാരിറ്റി പ്രാധാന്യം നല്‍കിയത്.

ഇന്ന് ഇന്ത്യയില്‍ മുസ്‌ലിം ദലിത് ഐക്യത്തെക്കുറിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്ന പശ്ചാത്തലത്തില്‍ വേണം നാമിതിനെ വായിക്കാന്‍. ലിബറേഷന്‍ തിയോളജിയുടെ ആഴത്തിലുള്ള വായനകള്‍ക്ക് പ്രാധാന്യമേറുന്ന സവിശേഷ സാഹചര്യമാണ് സമകാലിക ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നിരിക്കെ ഒരു മുസ്‌ലിം ദളിത് പ്ലാറ്റ്‌ഫോം രൂപീകരണം തികച്ചും സന്ദര്‍ഭോചിതവും കാലത്തിന്റെ അനിവാര്യതയുമാണ്.

ഫാഷിസത്തിനെതിരെ ചുണ്ടനക്കാതെ അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ മുസ്‌ലിം എന്ന നിലക്ക് ഒരുത്തനുമാവില്ല. 'എന്തുകൊണ്ട് നിങ്ങള്‍ മര്‍ദിതരായ ജനതക്കു വേണ്ടി ദൈവിക പാതയില്‍ സമരം ചെയ്യുന്നില്ല...' എന്ന് തുടങ്ങുന്ന ദൈവിക വചനത്തെയും, 'മര്‍ദിതര്‍ക്കു വേണ്ടി നിലകൊള്ളുന്നവന്റെ പാദം ഉറപ്പിച്ചു നിര്‍ത്തുന്നതുപോലെ മറ്റാരുടെയും പാദം അന്ത്യനാളില്‍ ഉറപ്പിക്കുകയില്ല' എന്ന പ്രവാചക വചനത്തെയും മുന്‍നിര്‍ത്തി നാം ചിന്തിക്കേണ്ടതുണ്ട്. സായുധ സമരം ഇന്ത്യയില്‍ അബദ്ധജടിലമായ തീരുമാനമായിരിക്കെ ആശയസമരം കൊണ്ടും ഐക്യം കൊണ്ടും യുക്തിസഹമായി വേണം ഫാഷിസം എന്ന വിപത്തിനെ ഇന്ത്യയില്‍നിന്നും തുടച്ചുനീക്കാന്‍.  ഫാഷിസ്റ്റ്‌വിരുദ്ധ പ്രതിരോധത്തിന്റെ മനോജ്ഞ മാതൃകകളിലൊന്നായ ബ്രിട്ടനിലെ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന 'ഇല്ല, വേദി ഫാഷിസത്തിന്' (No platform) പോലെയും, ഈയടുത്ത കാലത്ത് ട്രംപിനെതിരെ ഉയര്‍ന്ന് പൊങ്ങിയ They shall not pass പോലെയുമുള്ള പ്രകമ്പനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ തേരോട്ടം നടത്തുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരെയും ഉയരേണ്ടതുണ്ട്. ഒരേ ലക്ഷ്യത്തിനു വേണ്ടി ചരിക്കുമ്പോഴും അതിന്റെ വേദികള്‍ സംഘര്‍ഷത്തിലാവുന്നത് ഫാഷിസത്തിനെതിരെയുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം അശക്തമാക്കും. അതിനാല്‍ ഫരീദ് ഇസ്ഹാഖ് ചെയ്യാന്‍ ശ്രമിച്ചത് പോലെ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഒരു പൊതു അടിത്തറയില്‍ ഏകീകരിക്കുകയാണ് അടിയന്തരമായി വേണ്ടത്.

 

 

മൂസാ മൗലവി വേറിട്ട വ്യക്തിത്വത്തിനുടമ

മതപണ്ഡിതന്മാരും വിശ്വാസികളും മതസംഘടനകളും വിശാലതയുടെ തിരുമുറ്റത്തേക്ക് വളര്‍ന്ന് പന്തലിച്ചുവരണം എന്ന ഉസ്താദ് വി.എം മൂസാ മൗലവിയുടെ അഭിപ്രായത്തിന് ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്. മതപണ്ഡിതന്മാര്‍ക്ക് സമൂഹത്തില്‍ പല ധാര്‍മിക കടമകളും കര്‍ത്തവ്യങ്ങളും നിര്‍വഹിക്കാനുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടുകളിലൂടെയാണ് നമ്മള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മതപണ്ഡിതന്മാരുടെ സ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായകവുമാണ്. മൂസാ മൗലവിയെപ്പോലുള്ളവര്‍ രംഗത്ത് വരണം. വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഒരു വടവൃക്ഷമാണ് മൂസാ മൗലവിയുടെ ജീവിത പന്ഥാവ്. വന്ദ്യവയോധികനായിട്ടും ജീവിതം ഭക്തിനിര്‍ഭരമായ മാര്‍ഗത്തിലൂടെയും സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ നിര്‍വഹിക്കാനുതകുന്നതുമായ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം നമുക്ക് നേര്‍വഴി കാണിച്ചുതരികയാണ്.

എന്നാല്‍ മറ്റുള്ള മതപണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളെ ആധികാരികമായി അപഗ്രഥിച്ച് വിശകലനം ചെയ്യാനുള്ള മൂസാ മൗലവിയുടെ ഊര്‍ജസ്വലതയാണ് അദ്ദേഹത്തിന്റെ ജീവിതവിജയം സൂചിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലൂടെ ഇത്രയേറെ സ്വാധീനം ചെലുത്തിയ അപൂര്‍വം മതപണ്ഡിതന്മാരില്‍നിന്ന് ഉസ്താദ് വി.എം മൂസാ മൗലവി വേറിട്ടു നില്‍ക്കുന്ന ഒരു വ്യക്തിത്വത്തിനുടമ കൂടിയാണെന്ന് നാമറിയുമ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും വര്‍ധിക്കുകയാണ്.

ആചാരി തിരുവത്ര, ചാവക്കാട്

 

 

'ഇടതുപക്ഷം സേഛാധിപത്യം പുലര്‍ത്തുമ്പോള്‍,

സാഹിബേ നമുക്ക് സ്വപ്‌നം കാണാം'

ടി. മുഹമ്മദ് വേളം എഴുതിയ 'പ്രവാചക രാഷ്ട്രീയം സമകാലിക സാമൂഹികതയില്‍ ഇടപെടുമ്പോള്‍ സഖാവേ, നമുക്ക് സംവാദം തുടരാം' (ലക്കം 3026) എന്ന ലേഖനം വായിച്ചപ്പോല്‍ തോന്നിയ ചില വിചാരങ്ങളാണ് ഇവിടെ പകര്‍ത്തുന്നത്. ഇതിനകം വിവാദമായിത്തീര്‍ന്ന ഗെയില്‍ സമരമുഖത്ത് ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെ സാന്നിധ്യം പരാമര്‍ശിച്ച് ഇടതുനേതാക്കള്‍ നടത്തിയ ഏഴാം നൂറ്റാണ്ട് പരിഹാസമായിരുന്നല്ലോ ലേഖനത്തിന് നിദാനം. ഇസ്‌ലാമിനെയും മുസ്‌ലിം മുന്നേറ്റങ്ങളെയും വിമര്‍ശിക്കുകയും സമുദായത്തിന്റെ മതകീയ ചിഹ്നങ്ങളെപ്പോലും പരിഹസിക്കുകയും ചെയ്യുന്നത് വലിയ പുരോഗമന പ്രവര്‍ത്തനമായി ധരിക്കുന്നവരാണ് ബുദ്ധിജീവികളടക്കമുള്ള ഇടതു നേതാക്കളില്‍ പലരും. ഇ.എം.എസിന്റെ ശരീഅത്ത് നിലപാടു മുതല്‍ ഏറ്റവും ഒടുവില്‍ ഹാദിയ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുവരെ ഈയൊരു പ്രവണതയെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. മുസ്‌ലിം സമുദായ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം നാളിതുവരെ സ്വീകരിച്ച സമീപനങ്ങളില്‍ ഈ മുസ്‌ലിം വിരുദ്ധത ഇതിനകം അവരുടെ മുഖമുദ്രയായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ബാബരി പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗിനോട് വിയോജിച്ച് പുറത്തുവന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച യശശ്ശരീരനായ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും മതേതരത്വത്തിന്റെ പത്തരമാറ്റ് തെളിയിക്കപ്പെടാത്തതിന്റെ പേരില്‍ അന്നും ഇന്നും ഇടതു മുന്നണിയുടെ അടുക്കളയില്‍ പോലും കയറ്റാതെ വെറുതെ വെയിലുകൊള്ളാന്‍ നിര്‍ത്തിയിരിക്കുന്നത്. പക്ഷേ, ദോഷം പറയരുതല്ലോ, മുക്കാലേ മുണ്ടാണിയും മറ്റൊരു പ്രബല സമുദായ അംഗങ്ങളായിട്ടുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി അനുരാഗപൂര്‍വം ചങ്ങാത്തം കൂടുമ്പോഴും മതമേലധ്യക്ഷന്മാരുടെ അരമനകളില്‍ കയറി ഇറങ്ങുമ്പോഴുമൊന്നും ഈ മതേതര സൂക്ഷ്മദര്‍ശിനി എങ്ങനെ ഉപയോഗിക്കാതിരിക്കാമെന്നും ഇടതു പക്ഷത്തിനറിയാം. ഇടതുപക്ഷത്തെ സംവാദത്തിന് ക്ഷണിച്ചുകൊണ്ട് ലേഖകന്‍ എഴുതുന്നു:

'നിസ്സഹായരായ മനുഷ്യരുടെ നീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ കമ്യൂണിസം ഇല്ലാതാവുകയും ഇസ്‌ലാം ഉണ്ടായിത്തുടരുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തെ ഏഴാം നൂറ്റാണ്ട് പരിഹാസം കൊണ്ട് മറികടക്കാനാവില്ല. അതിന് ഇസ്‌ലാമടക്കമുള്ള സജീവ ലോകത്തെ വിമോചനാശയങ്ങളുമായി സംവാദാത്മക ബന്ധം പുലര്‍ത്തുകയും സ്വയം നവീകരിക്കാന്‍ സന്നദ്ധമാവുകയും വേണം.' കമ്യൂണിസം ഇതര പ്രത്യയ ശാസ്ത്രങ്ങളുമായുള്ള സംവാദത്തിന് മുന്നോട്ടു വരികയും സ്വയം നവീകരണത്തിന് തയാറാവുകയും ചെയ്യുന്ന നല്ല ഭാവിയെ കുറിച്ചുള്ള ലേഖകന്റെ ശുഭപ്രതീക്ഷ സ്വാഗതാര്‍ഹം തന്നെ. പക്ഷേ, പുറത്തുമാത്രമല്ല അകത്തു നിന്നുള്ള എതിര്‍ ശബ്ദങ്ങളെ പോലും നിശ്ശബ്ദമാക്കുന്നതില്‍ അല്‍പം പോലും കുറ്റബോധമില്ലാതിരിക്കുകയും ഒരേ മുന്നണിയില്‍തന്നെയുള്ള സി.പി.ഐയെ വെട്ടിനിരത്തുകയും ചെയ്യുന്ന ഏകാധിപത്യ മനോഭാവത്തിന്റെ വല്ലാത്ത അഹങ്കാരം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയില്‍ ഇനിയും സംവാദാത്മകത തെരയുന്നത്, വെള്ളിക്കോലില്‍ വെള്ളി തെരയുന്നതുപോലെ പാഴ്‌വേലയാണ്. കാവി ഭീകരത നമ്മുടെ അടുക്കളയില്‍ വരെ എത്തിയിട്ടും ഇന്ത്യയില്‍ ഫാഷിസത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഗവേഷണം നടത്തുവോളം സ്വയം നവീകരിക്കപ്പെട്ട ഈ പാര്‍ട്ടിയെക്കുറിച്ച് നമുക്ക് പലതും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് കമ്യൂണിസത്തിന്റെ സംവാദാത്മകതയെക്കുറിച്ച് സാഹിബേ നമുക്ക് സ്വപ്‌നം കാണാം. തത്ത്വത്തിലും പ്രയോഗത്തിലും കമ്യൂണിസം സംവാദാത്മകമല്ല. ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തെ ഭയക്കുകയും സംവാദത്തിന്റെ ജാലകങ്ങള്‍ കൊട്ടിയടക്കുകയും ചെയ്ത ആധുനിക കമ്യൂണിസത്തെക്കുറിച്ച് ഇടതു സഹയാത്രികനും സൈദ്ധാന്തികനുമായ എം.എന്‍ വിജയന്‍ പറഞ്ഞതെത്ര ശരി; ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി ഉണ്ടാകും. പക്ഷേ, ജനങ്ങള്‍ ഉണ്ടാവില്ല. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ കാലത്ത് സ്വയം തിരുത്തലിന് തയാറായി കമ്യൂണിസവും ഇസ്‌ലാമും തമ്മിലെ സംവാദം സാധ്യമാകുമെന്ന് സ്വപ്‌നം കാണാനാണ് ഈ കുറിപ്പുകാരനും  താല്‍പര്യം.

എം.എസ് സിയാദ്, കലൂര്‍ എറണാകുളം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം