ഫ്‌ളാഷ് മോബും കുറേ ആങ്ങളമാരും
സ്വാതന്ത്ര്യമാണ് ചര്‍ച്ചാവിഷയം. മുസ്‌ലിം സ്ത്രീയാണ് കഥാനായിക. മുസ്‌ലിം സ്ത്രീയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കുറച്ച് ആങ്ങളമാര്‍ പ്രത്യക്ഷപ്പെടുന്നു. തെരുവില്‍ ഫ്‌ളാഷ് മോബ് കളിക്കാന്‍ അവകാശമില്ലാത്തതാണ് മുസ്‌ലിം സ്ത്രീ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ കൊഴുക്കുന്നു. പോസ്റ്ററടിച്ച് ഫ്‌ളാഷ് മോബ് മേളകള്‍ സംഘടിപ്പിക്കുന്നു. സദാചാര ഫത്‌വകളെ തെരുവില്‍ നേരിടുമെന്ന് ഭീഷണി മുഴക്കുന്നു. മലപ്പുറത്ത് എയിഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്ന് പെണ്‍കുട്ടികള്‍ ഹിജാബണിഞ്ഞ് ഫ്‌ളാഷ് മോബില്‍ അണിനിരന്നതോടെയാണ് സോഷ്യല്‍ മീഡിയാ യുദ്ധമാരംഭിക്കുന്നത്. യുദ്ധമെന്ന് വിശേഷിപ്പിക്കാനാവുമോ എന്നറിയില്ല. ഏകപക്ഷീയമായി ഒരു കൂട്ടര്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. വസ്തുതകളന്വേഷിക്കുമ്പോള്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന യാഥാര്‍ഥ്യത്തിലേക്കാണ് നവമാധ്യമങ്ങളിലെ കാഴ്ചക്കാര്‍ എത്തിച്ചേരുന്നത്. മലപ്പുറം ഫ്‌ളാഷ് മോബിനെ ഹറാമിന്റെ ഗണത്തില്‍പെടുത്തി ഏതെങ്കിലും മുസ്‌ലിം സംഘടന ഔദ്യോഗിക ഫത്‌വയിറക്കിയിട്ടില്ല. നിലപാടുകളില്‍ തീവ്രതയുണ്ടെന്നാരോപിക്കപ്പെടുന്ന മുസ്‌ലിം സംഘടനകള്‍ പോലും ഈ വിഷയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം നില്‍ക്കുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ഫ്‌ളാഷ് മോബ് വിഷയത്തില്‍ ഇതുവരെ പുറത്തുവന്ന സദാചാര ഫത്‌വകള്‍ ഏതോ കമന്റ് ബോക്‌സിനകത്ത് തെളിഞ്ഞ നാല് തെറിവാചകങ്ങള്‍ക്കപ്പുറം മറ്റൊന്നുമല്ല. ഇതിനെതിരെയാണ് തെരുവുകള്‍ ഉറഞ്ഞുതുള്ളുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് ഫഌഷ് മോബുകളെല്ലാം അരങ്ങേറിയത്. മുസ്‌ലിം സ്ത്രീ വിഷയങ്ങളില്‍ ഇന്നലെ വരെയില്ലാതിരുന്ന ആധിയും ആശങ്കയും പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇക്കൂട്ടര്‍ക്ക് ഉണ്ടായതെങ്ങനെയാണെന്നറിയില്ല. മലപ്പുറം ഫ്‌ളാഷ് മോബിന് മുമ്പും മുസ്‌ലിം സ്ത്രീ കേരളത്തിലുണ്ടായിരുന്നു. നവമാധ്യമങ്ങളിലെ കമന്റ് ബോക്‌സ് പരിസരങ്ങള്‍ക്കപ്പുറത്ത് മുഖ്യധാരാ മാധ്യമങ്ങളേറ്റെടുത്ത മുസ്‌ലിം സ്ത്രീപ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. അന്നൊന്നും തിളക്കാത്ത ചോര ഇന്നെങ്ങനെ തിളക്കുന്നു എന്നറിയില്ല.
മൂന്നു കൊല്ലം മുമ്പ് ചില മുഖ്യധാരാ മാധ്യമങ്ങളിലെങ്കിലും ഇടംപിടിച്ച പേരുകളിലൊന്നാണ് ആലിയാ ഫര്‍സാനയുടേത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനിയായ ആലിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഹാളില്‍നിന്ന് പുറത്താക്കപ്പെടുന്നു. സമയത്തിനെത്താഞ്ഞിട്ടോ കോപ്പിയടിച്ചിട്ടോ മറ്റെന്തെങ്കിലും നിയമലംഘനമുണ്ടായിട്ടോ അല്ല. കോപ്പിയടി തടയാനെന്ന പേരില്‍ സി.ബി.എസ്.ഇ പുറപ്പെടുവിച്ച പരീക്ഷാ സര്‍ക്കുലറിലെ ഹിജാബ് ഒഴിവാക്കണമെന്ന നിര്‍ദേശത്തെ ധീരമായി നേരിട്ടതിന്റെ പേരിലാണ് ആലിയ പുറത്താക്കപ്പെടുന്നത്. അതേ കാലയളവില്‍ തന്നെ ചില സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്ന നടപടികളുണ്ടായി. അന്നൊന്നും തട്ടമിട്ട പെണ്ണിന്റെ അവകാശങ്ങള്‍ക്കു വേണ്ടി തെരുവില്‍ മുഷ്ടി ചുരുട്ടാന്‍ ഇക്കൂട്ടരുണ്ടായിരുന്നില്ല.
വീട്ടുതടങ്കലിലിട്ട് അഛന്‍ ക്രൂരമായി മര്‍ദിക്കുന്നുവെന്ന് ഹാദിയ വെളിപ്പെടുത്തുന്ന രണ്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴൊന്നും മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരു പ്രതിഷേധസംഗമം പോലും ഇക്കൂട്ടരുടെ ബാനറിന് താഴെ അരങ്ങേറിയിട്ടില്ല. തൃപ്പൂണിത്തുറയില്‍ മനോജ് ഗുരുജിയുടെ ഘര്‍വാപ്പസി കേന്ദ്രത്തിനകത്ത് 65-ഓളം പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്ന വെളിപ്പെടുത്തലുണ്ടായിട്ടും വിപ്ലവം തെരുവില്‍ അണപൊട്ടിയൊഴുകിയിട്ടില്ല.
അതേസമയം സവിശേഷ സാഹചര്യങ്ങളില്‍ കപട സദാചാരം അണപൊട്ടിയൊഴുകാറുമുണ്ട്. ചുംബനസമരത്തെ തെരുവില്‍ ആഘോഷമാക്കിയവര്‍ തന്നെയാണ് മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിനകത്ത് സദാചാര പോലീസിന്റെ കുപ്പായമെടുത്തണിഞ്ഞത്. ഭൂരിപക്ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മുക്കം എം.എ.എം.ഒ കോളേജില്‍ നമസ്‌കാരക്കുപ്പായം വിതരണം ചെയ്തവര്‍ തന്നെയാണ് മടപ്പള്ളിയില്‍ 'ഹിജാബിട്ട വിഷജന്തു'വിനെതിരെ കലിതുള്ളിയത്. അങ്ങനെയങ്ങനെ ഈ സദാചാരം പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു.
മുസ്‌ലിംപെണ്ണ് നാളിതുവരെ അനുഭവിക്കാത്ത അടിമത്തത്തെ നുണനിര്‍മാണ ശാലകളില്‍ പ്രത്യയശാസ്ത്രം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ നിര്‍മിച്ചെടുത്ത ആങ്ങളമാര്‍ മനസ്സിലാക്കാതെ പോകുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. എല്ലാം ഒറ്റയടിക്കങ്ങ് ഹിജാബിനകത്താക്കി തെരുവില്‍ കുഴിച്ചുമൂടാമെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പിഴച്ചിരിക്കുന്നു. കപട സദാചാരവാദികളായ ആങ്ങളമാരെ ആരും മുസ്‌ലിം പെണ്ണിന്റെ സംരക്ഷണച്ചുമതല ഏല്‍പിച്ചിട്ടില്ല. അവള്‍ക്ക് ശബ്ദമുണ്ട്, അവളുടെ ലോകത്തിന് നിറങ്ങളുണ്ട്. ശബ്ദമുയര്‍ത്താനും നിറങ്ങളെ പടര്‍ത്താനും ഇടങ്ങളുമുണ്ട്. ഹിജാബ് അടിച്ചേല്‍പിച്ച അടിമത്തം നിങ്ങളുടെ സൃഷ്ടിയാണ്. ഹിജാബണിഞ്ഞു തന്നെ ഇനിയുമവള്‍ ശബ്ദമുയര്‍ത്തും, തെരുവുകളോട് കലഹിക്കും, നിറങ്ങള്‍ പടര്‍ത്തും.......
Comments