Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

സെയ്തുമുഹമ്മദ് ഹാജി

അബൂബക്കര്‍ സിദ്ദീഖ്, എറിയാട്

ക്രാങ്കനൂര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക അംഗവും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ കര്‍മനിരതനുമായിരുന്നു 94-ാം വയസ്സില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായ എറിയാട് കാട്ടുപറമ്പില്‍ സെയ്തുമുഹമ്മദ് ഹാജി.

ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഒരു ഘട്ടത്തില്‍. സ്ഥാനപദവികള്‍ തീരെ ആഗ്രഹിക്കാത്ത നിസ്വാര്‍ഥനായ അദ്ദേഹം മണ്ഡലം കമ്മിറ്റിയില്‍ മാത്രമായി ഒതുങ്ങി. അക്കാലത്ത് ഈ പ്രദേശങ്ങളിലൊന്നും പാര്‍ട്ടി ഓഫീസുകള്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വീട് പല ഘട്ടങ്ങളിലും പാര്‍ട്ടി ഓഫീസായി പ്രയോജനപ്പെടുത്തി. പാര്‍ട്ടി കമ്മിറ്റികള്‍ ഇദ്ദേഹത്തിന്റെ വീട്ടിലാണ് കൂടിയിരുന്നത്.

1988-ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അബ്ദുര്‍റഹ്മാന്റെ (മുന്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫയുടെ പി.എ ആയി ജോലി ചെയ്തിരുന്ന വ്യക്തി) ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ തന്നെ ജമാഅത്തെ ഇസ്‌ലാമിയോട് മമതയും സ്‌നേഹവും ഗുണകാംക്ഷയും വെച്ചുപുലര്‍ത്തിയിരുന്നു.  പ്രസ്ഥാനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നാട്ടുകാരനും അയല്‍വാസിയുമായിരുന്നതിനാല്‍ അദ്ദേഹവുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ചു.

മാടവന മഹല്ലിന്റെയും പള്ളിയുടെയും എറിയാട് മദ്‌റസത്തുല്‍ ബനാത്തി(വിമന്‍സ് അറബിക് കോളേജ്)ന്റെയും സര്‍വതോമുഖമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. മദ്‌റസത്തുല്‍ ബനാത്തിന്റെ കെട്ടിട നിര്‍മാണത്തിലും അതിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ സംരക്ഷണത്തിലും പ്രധാന പങ്കാളിയായി. 15 വര്‍ഷത്തോളം മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി പദം വഹിച്ചു. ഈ കാലയളവില്‍ മഹല്ല് സ്തുത്യര്‍ഹമായ നേട്ടങ്ങളും കൈവരിക്കുകയുായി.

5 ആണ്‍മക്കളും 2 പെണ്‍മക്കളുമാണ് അദ്ദേഹത്തിന്. മക്കളെ ഇസ്‌ലാമിക പ്രസ്ഥാനവുമായി സഹകരിപ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ജാമാതാവ് ശരീഫ് നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണ്. നിലവില്‍ സെക്രട്ടറി പദം വഹിക്കുന്നു. മകന്‍ ഇ.ആര്‍ ത്വാഹ ഖത്തറില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവരുന്നു.

 

 

 

 

മീതിയന്‍ പിള്ള

ആലുവ ഏരിയയിലെ കിഴക്കെ വെളിയത്തുനാട് പ്രാദേശിക ഘടകത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു പഴയപുരയില്‍ മീതിയന്‍ പിള്ള സാഹിബ്. 1965 കാലത്ത് എറണാകുളം ജില്ലയിലെ മര്‍ഹൂം പള്ളിക്കര സൈദ് സാഹിബിന്റെ കവല പ്രസംഗങ്ങളിലൂടെയും മറ്റുമാണ് അദ്ദേഹം ജമാഅത്തുമായി അടുക്കുന്നത്. അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ അതദ്ദേഹത്തിന് സഹായകമായി. ജമാഅത്തിനോട് ആഭിമുഖ്യമുള്ള മനസ്സാണെന്നറിഞ്ഞിട്ടും ദീര്‍ഘകാലം മഹല്ല് പള്ളി സെക്രട്ടറിയായി തുടരാന്‍ കഴിഞ്ഞതുതന്നെ ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്.

1982-ല്‍ പറവൂര്‍ ഫര്‍ക്കയുടെ ഭാഗമായാണ് ഹല്‍ഖ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കാര്‍കുന്‍ ഹല്‍ഖ രൂപീകരിക്കുമ്പോള്‍ അഞ്ച് പേരടങ്ങിയ ഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി അദ്ദേഹത്തെ നിശ്ചയിക്കുന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അന്നൊക്കെ രാത്രികാലങ്ങളില്‍ പള്ളി കേന്ദ്രീകരിച്ച് നടത്തുന്ന തര്‍ബിയത്ത് യോഗം മുതല്‍ പിറ്റേന്ന് പകല്‍ മുഴുവന്‍ സ്‌ക്വാഡ് നടത്തി വൈകീട്ടുള്ള പൊതുയോഗവും കഴിഞ്ഞ് മാത്രമേ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയിരുന്നുള്ളൂ. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം അതിലെല്ലാം വളരെ താല്‍പര്യവും ഉത്സാഹവും കാണിച്ചിരുന്നു.

1992-ല്‍ ഡോക്ടര്‍ മുഹ്‌യിദ്ദീന്‍ ആലുവായ് അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് വിരമിച്ച് വന്ന് ഒരു ഇസ്‌ലാമിക സ്ഥാപനത്തെക്കുറിച്ച് ആലോചനകള്‍ ആരംഭിച്ചു. ജമാഅത്ത് ഘടകം അതില്‍ സജീവമായി ഇടപെട്ടു. അതിനായി രൂപീകൃതമായ 'ഇസ്‌ലാമിക് എജുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ്' (ഐ.ഇ.സി.ടി) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതും മീതിയാന്‍ പിള്ള സാഹിബാണ്. ആദ്യ സംരംഭമായ മസ്ജിദുര്‍റഹ്മയും രണ്ടാമത്തെ സംരംഭമായി 2012-ല്‍ ആരംഭിച്ച അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും ദഅ്‌വാ സെന്ററും പ്രവര്‍ത്തനക്ഷമമാകുന്നതും അദ്ദേഹം ചെയര്‍മാനായിരിക്കെയാണ്.

വില്ലേജ് ഓഫീസറായി വിരമിച്ച അദ്ദേഹത്തിന് എളിമ ജീവിത മുദ്രയായിരുന്നു. വിട പറയുന്ന ദിവസവും പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് സുസ്‌മേരവദനനായിട്ടാണ് പരലോകത്തേക്ക് അദ്ദേഹം യാത്രയായത്. നബീസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

പി.വി മുഹമ്മദ് ഉമരി

 

 

-------------------------------------------------------------------

***അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍***

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം