Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

കര്‍മങ്ങളില്‍ അലംഭാവം, വീഴ്ച

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

''ഒരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാവാതിരിക്കട്ടെ; ഞാന്‍ അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി. ഞാന്‍ അതിനെ പുഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ'' (സൂറത്തുസ്സുമര്‍ 56).

ദൈനംദിന കര്‍മങ്ങളില്‍ അലംഭാവവും അലസതയും അവഗണനയും സംഭവിക്കുന്നതിനാല്‍ സ്വാഭാവികമായി ഉാവുന്ന വീഴ്ചയെ സൂചിപ്പിക്കുന്ന പദമാണ് 'തഫ്‌രീത്വ്'. ഐഹികവും പാരത്രികവുമായ വിജയത്തിനാധാരമായി നിര്‍ദേശിക്കപ്പെട്ട അനുഷ്ഠാനങ്ങളിലും ആരാധനാ കര്‍മങ്ങളിലും ഉത്തരവാദിത്ത നിര്‍വഹണത്തിലും ഉണ്ടാവുന്ന വീഴ്ചയാണ് മേല്‍ സൂക്തത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണങ്ങള്‍: നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാതെ ഉറങ്ങുക, പതിവ് സുന്നത്തുകള്‍ നമസ്‌കരിക്കാതിരിക്കുക, ഖിയാമുല്ലൈല്‍, വിത്‌റ്, ളുഹാ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, തൗബ, ഇസ്തിഗ്ഫാര്‍, ആത്മ വിചാരണ എന്നിവയില്‍ അശ്രദ്ധയും അവഗണനയും, ജമാഅത്ത് നമസ്‌കാരത്തിന് പള്ളിയില്‍ പോവാതിരിക്കുക, കാരണമില്ലാതെ ജമാഅത്ത് നമസ്‌കാരം ഉപേക്ഷിക്കുക, രോഗ സന്ദര്‍ശനം, ജനാസയെ അനുഗമിക്കുക, ക്ഷേമാന്വേഷണം, ജനക്ഷേമ തല്‍പരത തുടങ്ങി വൈയക്തിക-സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളില്‍നിന്ന് ഉള്‍വലിയുകയോ അവ അവഗണിക്കുകയോ ചെയ്യുക.

* അലംഭാവത്തിന് ചില കാരണങ്ങളുണ്ട്. ചെറിയ തെറ്റുകളും കുറ്റങ്ങളും വര്‍ജിക്കാതിരിക്കുകയോ അവക്കെതിരെ ഉറച്ച നിലപാട് എടുക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ദൈവശിക്ഷയെന്നോണം ഒരാളുടെ ജീവിതത്തില്‍ സംഭവിക്കും അലംഭാവം. ''നിങ്ങളെ ബാധിച്ച വിപത്തുകളെന്തും സ്വകരങ്ങള്‍ നേടിയതാകുന്നു. വളരെ തെറ്റുകള്‍ അവന്‍ വെറുതെ വിട്ടുകളയുന്നു'' (ശൂറാ 30). ഈ ആയത്ത് അവതരിപ്പിച്ചപ്പോള്‍ നബി(സ) നടത്തിയ പ്രസ്താവന ഹസനുല്‍ ബസ്വരി ഉദ്ധരിക്കുന്നതിങ്ങനെ: ''മരക്കമ്പ് കൊണ്ട് ശരീരത്തില്‍ പോറലേല്‍ക്കുന്നതും നാഡി ഞരമ്പ് കോടുന്നതും കല്ലില്‍ കാല്‍ തട്ടി പരിക്കേല്‍ക്കുന്നതും കാല്‍ തെന്നി വീഴുന്നതും സംഭവിച്ചുപോയ തെറ്റു മൂലമാവാം. അല്ലാഹു ഏറെ കണ്ടില്ലെന്നു നടിച്ച് വിട്ടുകളയുന്നുണ്ട്'' (ഇബ്‌നു കസീര്‍ 4/116).

ഇത്തരം കാരണങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നു മുന്‍ഗാമികള്‍. ളഹ്ഹാക് (റ): ''ഖുര്‍ആന്‍ മനഃപാഠമാക്കിയ വ്യക്തി അത് മറന്നുപോകുന്നത് പാപങ്ങള്‍ മൂലമാവാം. ഈ സൂക്തം ഉരുവിട്ട അദ്ദേഹം തുടര്‍ന്നു: ഖുര്‍ആന്‍ സൂക്തം മറന്നുപോകുന്നതിനേക്കാള്‍ കവിഞ്ഞ വിപത്ത് എന്താണുള്ളത്?'' (ഇബ്‌നു കസീര്‍ 4/117, ബൈഹഖി). ഹസനുല്‍ ബസ്വരിയോട് ഒരാള്‍ പരിതപിച്ചു: ''അബൂ സഈദ്, നല്ല ശരീര സുഖത്തോടെയാണ് ഉറങ്ങാന്‍ കിടന്നത്. ഖിയാമുല്ലൈലിന് എഴുന്നേല്‍ക്കണമെന്നും ഉണ്ടായിരുന്നു. എന്നിട്ടും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. എന്താവാം കാരണം!''

ഹസന്‍: ''നിങ്ങളുടെ തെറ്റുകളാണിതിന് ഹേതുവായത്. അതുകൊണ്ടാണ് എഴുന്നേല്‍ക്കാന്‍ കഴിയാതെ പോയത്'' (ഇഹ്‌യാ). 

സുഫ്‌യാനുസ്സൗരി: ''ഞാന്‍ ചെയ്ത ഒരു തെറ്റു കാരണം അഞ്ചു മാസം ഖിയാമുല്ലൈല്‍ നിഷേധിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍.''

''എന്തായിരുന്നു ആ തെറ്റ്?''

സൗരി: ''കരയുന്നത് ശ്രദ്ധയില്‍പെട്ട ഒരാളെക്കുറിച്ച് ഞാന്‍ മനസ്സില്‍ പറഞ്ഞു: അത് അയാളുടെ പ്രകടനമാണ്'' (ഇഹ്‌യാ).

പാപങ്ങള്‍ അലംഭാവത്തിലേക്കും വീഴ്ചയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു: ''പാപങ്ങളുടെ പ്രത്യാഘാതത്തില്‍പെട്ടതാണ് അല്ലാഹുവിനോടുള്ള അനുസരണക്കേട്. അനുസരണത്തിന്റെ ഓരോരോ വാതിലുകള്‍ അടഞ്ഞ് തുടരെത്തുടരെ തെറ്റുകളില്‍ ആപതിക്കുന്നതിനേക്കാള്‍ ഗുരുതരമായ ശിക്ഷയെന്തുള്ളൂ! അരുതാത്ത ഭക്ഷണം കഴിച്ചതിനാല്‍ നല്ല നല്ല ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കേണ്ടിവരുന്ന രോഗബാധിതനെ പോലെയാണ് ഇയാളുടെ അവസ്ഥ'' (അദ്ദാഉവദ്ദുവാഉ, പേജ് 74).

* ഭക്ഷണം, വസ്ത്രം, പാനീയം തുടങ്ങി അനുവദനീയമായവതന്നെ അതിരുവിട്ട് ഉപയോഗിക്കുന്നതും അനുഭവിക്കുന്നതും ആലസ്യത്തിലേക്കും അകര്‍മണ്യതയിലേക്കും നയിക്കും. അതാണ് ഇമാം ഗസാലി പറഞ്ഞത്: ''പ്രിയ ശിഷ്യരേ, അധികം തിന്നരുത്, അധികം കുടിക്കരുത്, അധികം ഉറങ്ങരുത്. മരണവേളയില്‍ തന്നിമിത്തം അതിയായി ഖേദിക്കേണ്ടിവരും'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/356).

* അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങളെ കുറിച്ച വിസ്മൃതിയും അലംഭാവത്തിന് കാരണമാവാറുണ്ട്. ''അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ അത് നിജപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല'' (അന്നഹ്ല്‍ 18). ''അവന്റെ അനുഗ്രഹങ്ങള്‍- പ്രത്യക്ഷമായതും പരോക്ഷമായതും- നിങ്ങള്‍ക്ക് വാരിക്കോരി നല്‍കി'' (ലുഖ്മാന്‍ 20). ''നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വര്‍ധമാനമായ തോതില്‍ തന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും'' (ഇബ്‌റാഹീം 7). രാവും പകലുമുള്ള കര്‍മങ്ങളിലെ നൈരന്തര്യവും നിഷ്ഠയോടെ നിര്‍വഹിക്കാനുള്ള മനോഭാവവുമാണ് നന്ദിപ്രകാശനത്തിന്റെ രൂപം. ഈ വസ്തുത ഗ്രഹിക്കാത്തവരില്‍നിന്നാണ് അലംഭാവം ഉണ്ടാവുന്നത്. ദൈവിക സഹായത്തിന് അര്‍ഹനാക്കുന്ന സവിശേഷ ഗുണങ്ങള്‍ വ്യക്തിയില്‍നിന്ന് തിരോഭവിക്കുമ്പോള്‍ അശ്രദ്ധയും തജ്ജന്യമായ അലംഭാവവും ഉണ്ടാവും. നിരന്തരം കര്‍മത്തിനുള്ള ഔത്സുക്യം ദൈവികാനുഗ്രഹമാണ്.

ഖുദ്‌സിയായ ഹദീസിലെ സൂചന അതാണ്: ''ഐഛിക കര്‍മങ്ങള്‍ മുഖേന എന്റെ ദാസന്‍ എന്റെ സാമീപ്യം തേടിക്കൊണ്ടേയിരിക്കും. അങ്ങനെ അവന്‍ എന്റെ സ്‌നേഹത്തിന് അര്‍ഹനാവും. അവനെ ഞാന്‍ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലും ഞാനായിത്തീരും. അവന്‍ വല്ലതും ചോദിച്ചാല്‍ ഞാന്‍ അവന് അത് നല്‍കുക തന്നെ ചെയ്യും. അവന്‍ എന്നോട് അഭയം തേടിയാല്‍ ഞാന്‍ അവന് തീര്‍ച്ചയായും അഭയം അരുളും'' (ബുഖാരി). അശ്രദ്ധ വീഴ്ചയുടെയും അലംഭാവത്തിന്റെയും വാതിലാണ്.

* രാപ്പകല്‍ഭേദമില്ലാതെ കര്‍മങ്ങളില്‍ നിരതനായാല്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലത്തെക്കുറിച്ച അജ്ഞതയും അലംഭാവത്തിന് നിമിത്തമാവാം.

* മരണത്തെയും മരണാനന്തര ജീവിതത്തിലെ വിഹ്വലതയെയും കുറിച്ച ബോധമില്ലായ്മയും വീഴ്ചകള്‍ക്ക് ഹേതുവായിത്തീരും.

ഒരിക്കല്‍ നബി(സ) പള്ളിയിലേക്ക് കടന്നപ്പോള്‍ ഒരു കൂട്ടമാളുകള്‍ ഉറക്കെ ചിരിക്കുന്നതാണ് കണ്ടത്. അപ്പോള്‍ നബി(സ): ''നിങ്ങളുടെ ഉള്ളില്‍ മരണത്തെക്കുറിച്ച വിചാരമുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ഒച്ചവെച്ച് ചിരിക്കില്ലായിരുന്നു. മരണവിചാരം വര്‍ധിപ്പിക്കുക. ഓരോ ദിനവും ഖബ്ര്‍ വിളിച്ചുപറയുന്നുണ്ട്: പരിചയമില്ലാത്ത വീടാണ് ഞാന്‍. ഏകാന്തതയുടെ തീരമാണ് ഞാന്‍. മണ്ണിന്റെ ഗേഹമാണ് ഞാന്‍. പുഴുക്കളുടെ ഭവനമാണിത്'' (തിര്‍മിദി). താന്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്ന തോന്നലും അലംഭാവത്തിന് കാരണമാവും.

* ഉത്തരവാദിത്തങ്ങളും ചുമതലകളും കൂടുമ്പോഴും ദിനരാത്രങ്ങളില്‍ നടക്കേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ കൃത്യത നഷ്ടപ്പെടും. തന്റെ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള ഊര്‍ജമാണ് ആരാധനാ കര്‍മങ്ങള്‍ പ്രദാനം ചെയ്യുന്ന ഊര്‍ജമെന്ന സത്യം മറന്നുപോകുന്നു എന്നതാണ് ദുഃഖകരമായിട്ടുള്ളത്.

* ഓരോ കാര്യത്തിന്റെയും നിര്‍വഹണം പിന്നീടാവാം എന്ന് കരുതി മാറ്റിവെക്കുന്ന പ്രവണതയും അലംഭാവത്തിലേക്ക് നയിക്കാം. മാതൃകയാവേണ്ട വ്യക്തിത്വങ്ങളില്‍നിന്ന് സംഭവിക്കുന്ന അലംഭാവവും അനുയായികളിലേക്ക് പടരാറുണ്ട്.  

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം