Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

മുഖ്യധാരാ ഫെമിനിസത്തില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍

സീനത്ത് കൗസര്‍

മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലിംഗനീതിയുടെ പേരില്‍ വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ സ്വാഭാവിക പ്രതിഭാസങ്ങളെ നിരാകരിക്കുക മാത്രമല്ല, ലൈംഗികത, പ്രത്യുല്‍പാദനം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രത്യേക നിലപാട് സ്വീകരിക്കുകയും ഈ നിലപാട് ലോകത്തുടനീളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ ലിംഗനീതിയെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇവര്‍ അതുവഴി പല വിധത്തിലുള്ള ആപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നു. അല്‍പമെങ്കിലും ആത്മീയത ജീവിതത്തിലുള്ള ആര്‍ക്കും ലജ്ജയോടെയല്ലാതെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല.

ലിംഗനീതിയുടെ അവിഭാജ്യ ഘടകം എന്ന നിലയില്‍ ലൈംഗികതയെയും പ്രത്യുല്‍പാദനത്തെയും നോക്കിക്കാണുന്ന ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ ലോകത്തുടനീളം വരുത്തിവെച്ച വിപത്തുകളാണ് ഈ ലേഖനം മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. ലൈംഗികത, പ്രത്യുല്‍പാദനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അവരുടെ ആദര്‍ശങ്ങള്‍ അനവധി പുസ്തകങ്ങളിലും ലേഖനങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ക്ലാസിക്കല്‍ ലിബറല്‍ ഫെമിനിസം മുതല്‍ ജെന്‍ഡര്‍ ഫെമിനിസം വരെയുള്ള വീക്ഷണകോണുകളിലൂടെ വിശകലനം ചെയ്യേണ്ട ഈ വിഷയത്തിലേക്ക് എന്റെ ലേഖനം കടക്കുന്നില്ല.

ലിംഗനീതിയെ ലൈംഗികതയും പ്രത്യുല്‍പാദനവുമായി ബന്ധപ്പെടുത്തുന്നതിലെ യുക്തി മനസ്സിലാക്കണെമെങ്കില്‍ ഫെമിനിസ്റ്റുകള്‍ ആന്തരികമായി നടത്തുന്ന ചില രാഷ്ട്രീയ ചരടുവലികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ അനുഗ്രഹത്തോടെ നടത്തുന്ന വമ്പിച്ച സമ്മേളനങ്ങളാണ് അവര്‍ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. 1994-ല്‍ കൈറോയില്‍ നടന്ന ഇന്റര്‍നാഷ്‌നല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് (ഐ.സി.പി.ഡി), 1995-ല്‍ ബീജിംഗില്‍ നടന്ന ഫോര്‍ത്ത് വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ വിമന്‍ എന്നീ രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ മുന്നോട്ടുവെക്കപ്പെട്ട ചില നിലപാടുകള്‍ ഇവിടെ അടിവരയിടാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൂര്‍ണ ലൈംഗിക- പ്രത്യുല്‍പാദന സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും അതുവഴി ലൈംഗിക- പ്രത്യുത്പാദന നീതിയും ഒടുവില്‍ ലിംഗനീതിയും നേടിക്കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു ഐ.സി.പി.ഡിയുടെ മുഖ്യ ലക്ഷ്യം. പ്രകൃതി വിഭവങ്ങളുടെ ഞെരുക്കവും മറ്റു ഘടകങ്ങളും ഒത്തുചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്ന ഭീകരമായ ഒരു സാഹചര്യത്തിലേക്ക് മനുഷ്യനെ തള്ളിയിടാന്‍ ശക്തിയുള്ള വലിയ വിപത്തായാണ് ഈ സമ്മേളനം ജനസംഖ്യാ വളര്‍ച്ചയെ വരച്ചുകാട്ടിയത്. അതുകൊണ്ട് ജനസംഖ്യാ നിയന്ത്രണം എല്ലാ രാജ്യങ്ങളുടെയും മുഖ്യ കാര്യപരിപാടികളില്‍ ഒന്നായിരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക- പ്രത്യുല്‍പാദന സ്വാതന്ത്ര്യം എന്ന തങ്ങളുടെ അജണ്ട പ്രചരിപ്പിക്കാനും അതിനു വേണ്ടി അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ ലഭിക്കാനും വേണ്ടി സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ നടത്തിയ നീക്കമാണിതെന്ന് അവര്‍ നടത്തിയ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണ്.

എണ്ണത്തിലൂന്നിയ ജനസംഖ്യാ നിയന്ത്രണ തന്ത്രങ്ങളില്‍നിന്ന് സ്ത്രീകളുടെ പ്രത്യുല്‍പാദന സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വകവെച്ചു കൊടുത്തുകൊണ്ടുള്ള ജനസംഖ്യാ നയത്തിലേക്കുള്ള മാറ്റമായിരുന്നു 'കൈറോ പൊതുസമ്മതി' എന്നറിയപ്പെടുന്ന സമ്മേളനത്തിന്റെ മുഖ്യ വിജയം. രാജ്യാന്തര തലത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ശക്തരും സംഘടിതരുമായ ഒരു ഫെമിനിസ്റ്റ് പ്രസ്ഥാനം ഈ മാറ്റത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് (മൂവിംഗ് ടുവാര്‍ഡ്‌സ് സെക്ഷ്വല്‍ ആന്റ് റിപ്രൊഡക്ടീവ് ജസ്റ്റിസ്, അലക്‌സാന്‍ഡ്ര ഗരീറ്റ). പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളെയും അവകാശങ്ങളെയും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധിപ്പിക്കുന്നതില്‍ ഫെമിനിസ്റ്റുകള്‍ ആദ്യമായി വിജയം കണ്ടത് ഈ സമ്മേളനത്തിലാണ്. ജനസംഖ്യ നിയന്ത്രിക്കുന്നതിനും സുസ്ഥിര വികസനം നേടുന്നതിനും വേണ്ടി സ്ത്രീകള്‍ക്ക് വിവരം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യ സേവനങ്ങള്‍ എന്നീ കാര്യങ്ങള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാരുകളും അംഗീകരിച്ചു. 

ലൈംഗിക- പ്രത്യുല്‍പാദന സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം നിരവധി സമ്മേളനങ്ങള്‍ പല തലങ്ങളിലായി ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിനും ലോകത്തിന്റെ മൊത്തം നന്മക്കും വേണ്ടി ഇത്തരം സമ്മേളനങ്ങള്‍ നടത്തേണ്ടത് അതിപ്രധാനമാണെന്നാണ് വാദം. 

ലൈംഗിക- പ്രത്യുല്‍പാദന അവകാശങ്ങള്‍ക്ക് ജനസംഖ്യയുമായുള്ള ബന്ധം എന്താണ്?  ഇത്തരം അവകാശങ്ങള്‍ നേടിക്കൊടുത്തതിനു ശേഷം സ്ത്രീകള്‍ക്കിടയില്‍ എന്തു മാറ്റമാണ് സംഭവിക്കുന്നത്? 

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇവരുടെ നിര്‍വചനങ്ങളില്‍ മത, സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ക്കും രീതികള്‍ക്കും യാതൊരു സ്ഥാനവും സ്വാധീനവും ഇല്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്കിടയില്‍ ലൈംഗിക വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ഗര്‍ഭനിരോധനത്തിനും വേണ്ടിവന്നാല്‍ ഗര്‍ഭഛിദ്രത്തിനും വേണ്ട എല്ലാ സുരക്ഷിത മാര്‍ഗങ്ങളെയും കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന പ്രസവങ്ങളെ ചൂണ്ടിക്കാണിച്ചാണ് ജനസംഖ്യാ നിയന്ത്രണവും വികസനവും സാധ്യമാക്കുന്നു എന്ന് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്. 

'സ്ത്രീ ശാക്തീകരണം' എന്ന മുദ്രാവാക്യത്തോടെ അരങ്ങേറിയ 1995-ലെ ബീജിംഗ് സമ്മേളനത്തില്‍ 'ബീജിംഗ് ഡിക്ലറേഷന്‍ ആന്റ് പ്ലാറ്റ്‌ഫോം ഫോര്‍ ആക്ഷന്‍' എന്ന ഒരു പ്രമേയം അംഗീകരിക്കപ്പെടുകയുണ്ടായി. ഇതില്‍ 'ആരോഗ്യം', 'ആക്രമം', 'മനുഷ്യാവകാശം' തുടങ്ങിയ വിഷയങ്ങള്‍ക്കു കീഴില്‍ എല്ലാ രീതിയിലുമുള്ള ലൈംഗിക-പ്രത്യുല്‍പാദന സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ നിരത്തപ്പെട്ടിട്ടുണ്ട്. ലിംഗ വീക്ഷണത്തെയും 'ജെന്‍ഡര്‍ ലെന്‍സി'നെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക, സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രങ്ങള്‍ക്കുമുള്ള അവകാശം നല്‍കുക, കുടുംബ സമ്പ്രദായത്തിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. ഈ വരികള്‍ ശ്രദ്ധിക്കുക:

''തൃപ്തികരവും സുരക്ഷിതവുമായ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാനും കുട്ടികളുണ്ടാവേണ്ടത് എപ്പോഴെന്നും എത്ര തവണയെന്നും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് 'പ്രത്യുല്‍പാദനസംബന്ധിയായ ആരോഗ്യ വിഷയങ്ങള്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യം സാധ്യമാക്കാന്‍ സ്ത്രീക്കും പുരുഷനും സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ലഭ്യമാക്കാനുള്ള അവകാശവും വിവരാവകാശവും വകവെച്ചുകൊടുക്കേണ്ടത് സുപ്രധാനമാണ്.''

അന്താരാഷ്ട്ര തലത്തില്‍ സ്തീ വിമോചനം ഉറപ്പുവരുത്താന്‍ പ്രയോഗിക്കുന്ന പ്രധാനപ്പെട്ട രേഖയായി പിന്നീട് ഈ ബീജിംഗ് പ്രമേയം മാറി. ഒരു വശത്ത് നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക സ്വാതന്ത്യവും മറുവശത്ത് ഗര്‍ഭം നിരോധിക്കാനും സുരക്ഷിതമായി ഭ്രൂണം എടുത്തുകളയാനുമുള്ള അവകാശങ്ങളുമാണ് ഇതിലെ പ്രധാന ആവശ്യങ്ങള്‍. ഇവ നിറവേറ്റാനും ഈ അജണ്ടയുമായി ഒത്തുപോകാത്ത സംഘടനകളെ തടയാനും നൂറുകണക്കിന് ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ അഹോരാത്രം പരിശ്രമിക്കുകയാണെന്ന കാര്യം മറക്കരുത്. സര്‍ക്കാരുകളുടെയും മറ്റു കേന്ദ്രങ്ങളുടെയും ആശിസ്സുകളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളെയാണ് ഇതിനായി അവര്‍ മുഖ്യമായും ഉപയോഗിക്കുന്നത്. 

''ബീജിംഗിലെ പ്രമേയങ്ങളുടെ മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ പിന്നീട് അന്താരാഷ്ട്ര തലത്തില്‍ ഫെമിനിസ്റ്റുകള്‍ എച്ച്.ഇ.ആര്‍.എ (ഹെല്‍ത്ത്, ഈക്വാലിറ്റി, റൈറ്റ്‌സ്, അക്കൗണ്ടബിലിറ്റി) എന്ന സംഘടന രൂപീകരിച്ചു. മത-രാഷ്ട്രീയ മൗലികവാദത്തിനെതിരെ ശക്തമായ ഒരു വേലിക്കെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു... രണ്ട് ഘടകങ്ങളാണ് ഇവരുടെ വിജയത്തെ സ്വാധീനിച്ചത്. ന്യൂയോര്‍ക്കിലും ദക്ഷിണ പ്രദേശങ്ങളിലുമുള്ള ശക്തമായ ഫെമിനിസ്റ്റ് നേതാക്കളുടെ സാന്നിധ്യം, ഉത്തരഭാഗത്തെ സര്‍ക്കാരുകളുടെയും സ്വകാര്യ വ്യക്തികളുടെയും സാമ്പത്തിക സഹായങ്ങളും ലോകനയങ്ങളെ മാറ്റിമറിക്കാന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തില്‍ അവര്‍ കാണിച്ച വിശ്വാസവും'' (മൂവിംഗ് ടുവാര്‍ഡ്‌സ് സെക്ഷ്വല്‍ ആന്റ് റിപ്രൊഡക്ടീവ് ജസ്റ്റിസ്, അലക്‌സാന്‍ഡ്ര ഗരീറ്റ).

ഇവ്വിധത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളിലൊന്നാണ് 1995-ല്‍ സ്ഥാപിക്കപ്പെട്ട ഇന്റര്‍നാഷ്‌നല്‍ പ്ലാന്‍ഡ് പാരന്‍ഡ്ഹുഡ് ഫെഡറേഷന്‍ (ഐ.പി.പി.എഫ്). ഇവര്‍ ലൈംഗിക-പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനു വേണ്ട നിരവധി സേവനങ്ങള്‍ നല്‍കുകയും അതിനു വേണ്ടി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. 'വേര്‍തിരിവുകളില്ലാത്ത ഒരു ലോകത്ത് സ്വന്തം ലൈംഗികതയെയും ക്ഷേമത്തെയും കുറിച്ച് തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്യമുണ്ടെ'ന്നും എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് ഇത്തരം സേവനങ്ങള്‍ ലഭ്യമാകാത്തവര്‍ക്ക്, ലൈംഗിക-പ്രത്യുല്‍പാദന സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാ വിഭാഗക്കാരെയും സാമൂഹികമായി ഉള്‍ക്കൊള്ളിക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് സംഘടനയുടെ പ്രഖ്യാപിത മൂല്യങ്ങളും ലക്ഷ്യങ്ങളും.  

'വൈവിധ്യവും ലൈംഗികത്വവും' എന്ന പ്രയോഗവും 'സേവനങ്ങള്‍ ലഭ്യമാക്കാത്തവര്‍' എന്ന പ്രയോഗവുമാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗസ്‌നേഹം, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ക്വീര്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള ലൈംഗിക സ്വഭാവങ്ങളുടെയും അംഗീകരണവും പ്രചാരവുമാണ് ആദ്യത്തെ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. അവികസിത രാജ്യങ്ങളിലെ ജനങ്ങളെയാണ് 'സേവനങ്ങള്‍ ലഭ്യമാക്കാത്തവര്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇവ്വിധത്തിലുള്ള സംഘടനകള്‍ ഇവരെ സമീപിക്കുകയും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ സഹായിക്കുന്ന വിവരങ്ങളും ആരോഗ്യ സേവനങ്ങളും നല്‍കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ സമീപിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ പുരുഷന്മാരും പെടുന്നു. 'ദി മെന്‍ ആന്റ് ബോയ്‌സ് കലക്ഷന്‍: സ്റ്റോറീസ് ഓഫ് ജെന്‍ഡര്‍ ജസ്റ്റിസ് ആന്റ് സെക്ഷ്വല്‍ ആന്റ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്റ് റൈറ്റ്‌സ്' എന്ന പേരില്‍ പുതിയ സമാഹാരം തന്നെ പുറത്തിറക്കിയിട്ടുണ്ട്. 'ബൊളീവിയ മുതല്‍ ഇന്തോനേഷ്യ വരെയും ഫലസ്ത്വീന്‍ മുതല്‍ സാംബിയ വരെയുമുള്ള 12 രാജ്യങ്ങളിലെ പുരുഷന്മാരും ആണ്‍കുട്ടികളും അവരുടെ ജീവിതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ലിംഗനീതിയുടെ 12 കഥകള്‍' എന്നാണ് പ്രസാധകര്‍ സമാഹാരത്തെ പരിചയപ്പെടുത്തുന്നത്. 

ഇവരുടെ അജണ്ട നടപ്പിലാക്കാന്‍ മറ്റു ചില രാഷ്ട്രീയ നീക്കങ്ങളും അവര്‍ നടത്തിവരുന്നുണ്ട്. 'ലിംഗനീതി'യുടെയും 'മനുഷ്യാവകാശങ്ങളു'ടെയും പേരില്‍ അഭയാര്‍ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കുമിടയില്‍ 'ലൈംഗിക വിദ്യാഭ്യാസം' പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഇതിനൊരുദാഹരണം നോക്കാം. അഫ്ഗാനിസ്താന്‍, എരിത്രിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്ന് യുദ്ധത്തിനിരയായി സ്വീഡനില്‍ എത്തിയ ചില കുട്ടികള്‍ക്കിടയില്‍ 'സ്വീഡിഷ് അസോസിയേഷന്‍ ഫോര്‍ സെക്ഷ്വാലിറ്റി എജ്യുക്കേഷന്‍ ഇന്‍ സ്വീഡന്‍' ലൈംഗിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ ക്ലാസ്സുകളുടെ ഭാഗമായിരുന്ന നിരവധി കുട്ടികള്‍ സ്വീഡനില്‍ വന്നതിനു ശേഷം പലതും പഠിക്കാന്‍ സാധിച്ചെന്നും ആരെങ്കിലും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വന്നാല്‍ എന്തു ചെയ്യണമെന്ന് ഇപ്പോള്‍ അറിയാമെന്നും ഗര്‍ഭഛിദ്രം ചെയ്താല്‍ കുഴപ്പമൊന്നുമില്ലെന്നും പറയുന്നതായി രേഖകളുണ്ട്. പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലും ബന്ധത്തിലേര്‍പ്പെടുന്നതിന് സ്വീഡനില്‍ വിലക്കുകളിലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും ലൈംഗിക രോഗങ്ങള്‍ പകരാതെ സ്വതന്ത്രമായി ബന്ധങ്ങളിലേര്‍പ്പെടാന്‍ സാധിക്കും എന്ന കാര്യമാണ് തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചതെന്നും മറ്റൊരു പതിനേഴു വയസ്സുകാരന്‍ പറയുന്നുണ്ട്. 

രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് യുദ്ധത്തിന്റെ ഇരകളെ അവരുടെ സംസ്‌കാരങ്ങളില്‍നിന്നും ആദര്‍ശങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതിയിലേക്ക് ഒപ്പിയെടുക്കുന്നത് ഏതു തരത്തിലുള്ള നീതിയാണ്? സാമൂഹികമായും ലിംഗപരമായും ഒരു തരത്തിലുള്ള നീതിയും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നില്ല. അവരുടെ തനതായ സംസ്‌കാരങ്ങളോടും സാംസ്‌കാരികതകളോടുമുള്ള തികഞ്ഞ അന്യായം മാത്രമാണ് ഇവിടെ അരങ്ങേറുന്നത്. അഫ്ഗാനിസ്താനില്‍നിന്നും സിറിയയില്‍നിന്നും ഇറാഖില്‍നിന്നും വരുന്ന നിസ്സഹായരായ അഭയാര്‍ഥികളെ ഇങ്ങനെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്ത് തികച്ചും പുതിയ ഒരു ജീവിതരീതി പിന്തുടരാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു. ലൈംഗികതയെയും പ്രത്യുല്‍പാദനത്തെയും കുറിച്ചുള്ള തങ്ങളുടെ ആശയങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ട് ഏതു തരത്തിലുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് ഇത്തരം സംഘടനകള്‍ ഉദ്ദേശിക്കുന്നത്? വിവാഹത്തിനു പുറത്തുള്ള യാതൊരു ലൈംഗിക ബന്ധത്തെയും അംഗീകരിക്കാത്ത ഇസ്‌ലാമിക സംസ്‌കാരത്തില്‍ വളര്‍ന്ന കുഞ്ഞുങ്ങളെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ബന്ധങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നത്?

2017 ജനുവരി 23-ന് ഗര്‍ഭഛിദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുകയും അതിനു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന വിദേശ സംഘടനകള്‍ക്ക് ഡോണള്‍ഡ് ട്രംപിനു കീഴിലെ യു.എസ് ഭരണകൂടം സാമ്പത്തികസഹായം നല്‍കുന്നത് നിര്‍ത്തലാക്കി. ലോകത്ത് കുടുംബാസൂത്രണ രംഗത്ത് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ട്രംപിന്റെ നയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മേല്‍ ഇടിത്തീ പോലെയാണ് വീണത്. ഈ നയം പിന്നീട് ഗ്ലോബല്‍ ഗാഗ് റൂള്‍ (ജി.ജി.ആര്‍) എന്ന പേരിലും മുമ്പ് റേഗന്‍ മെക്‌സിക്കോയില്‍ നടന്ന സമ്മേളനത്തില്‍ നടത്തിയ തത്തുല്യമായ പ്രഖ്യാപനത്തെ അനുസ്മരിച്ചുകൊണ്ട് 'മെക്‌സിക്കോ സിറ്റി പോളിസി' എന്നും അറിയപ്പെട്ടു.

അമേരിക്കയിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്ക് പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേര്‍ വിപരീത നയങ്ങളാണുള്ളത്. ജോര്‍ജ് എച്ച്. ഡബ്ല്യൂ. ബുഷിന്റെ കാലത്ത് തുടര്‍ന്ന ഈ നയം പിന്നീട് ബില്‍ ക്ലിന്റന്റെ കീഴിലെ ഭരണകൂടം എടുത്തുകളഞ്ഞു. 2001-ല്‍ ജോര്‍ജ് ഡബ്ല്യൂ. ബുഷ് നയം വീണ്ടും നിലവില്‍ കൊണ്ടുവരികയും എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒബാമ ഇത് നിര്‍ത്തലാക്കുകയും ചെയ്തു. സ്വാഭാവികമായും ട്രംപിന്റെ നയം ഫെമിനിസ്റ്റ് സംഘടനകളുടെയും അവരുടെ ഡെമോക്രാറ്റിക് അനുകൂലികളുടെയും നിശിത വിമര്‍ശനത്തിന് പാത്രമാവുകയും ഗര്‍ഭഛിദ്രത്തെ പിന്തുണക്കാത്ത റിപ്പബ്ലിക് അനുകൂലികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. 

യു.എസ് എന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം ലോകത്തിന്റെ പല ഭാഗങ്ങളില്‍ വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാകാന്‍ വഴിവെക്കുന്ന നയമാണ് ഗ്ലോബല്‍ ഗാഗ് റൂള്‍. ഈ നയം വ്യാപിപ്പിക്കുന്നത് ആയിരക്കണക്കിന് മരണങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐ.പി.പി.എഫ് ഡയറക്ടര്‍ ജനറലായ ടെവഡ്രോസ് മെലീസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 20,000 മരണങ്ങള്‍ക്കും 48 ലക്ഷം ആസൂത്രിതമല്ലാത്ത ഗര്‍ഭങ്ങള്‍ക്കും ഏകദേശം 17 ലക്ഷത്തോളം അസുരക്ഷിത ഗര്‍ഭഛിദ്രങ്ങള്‍ക്കും നയം കാരണമാകും എന്നാണ് സംഘടന കണക്കുകൂട്ടുന്നത്. എല്ലാ വര്‍ഷവും 600 മില്ല്യന്‍ ഡോളറിലധികമാണ് അമേരിക്ക കുടുംബാസൂത്രണ പദ്ധതികള്‍ക്കു വേണ്ടി തങ്ങളുടെ വിദേശ ധനസഹായ ബഡ്ജറ്റില്‍നിന്ന് മാറ്റിവെക്കുന്നത്. ഇതുമൂലം 20 ലക്ഷത്തോളം അസുരക്ഷിത ഗര്‍ഭച്ഛിദ്രങ്ങള്‍ മാറ്റിവെക്കാന്‍ സാധിച്ചു എന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍  ലൈംഗിക-പ്രത്യുല്‍പാദന വിഷയങ്ങളില്‍ ഇത്തരം സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് തികച്ചും തെറ്റായ ഒരു രീതിയാണ്. അവര്‍ സ്വയം സൃഷ്ടിച്ച ചില പ്രശ്‌നങ്ങള്‍ വൃത്തരൂപേണ ആവര്‍ത്തിക്കപ്പെടുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ആദ്യം അവര്‍ വിവാഹത്തിനു പുറത്തുള്ള ലൈംഗിക-പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നു. പിന്നീട് ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനും എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ തടയുന്നതടക്കം അതുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യസേവനങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുന്നു. അവസാനം ഈ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ലക്ഷക്കണക്കിന് ഡോളര്‍ ധനസഹായമായി ആവശ്യപ്പെടുന്നു. ഗര്‍ഭനിരോധന-ഗര്‍ഭഛിദ്ര മാര്‍ഗങ്ങള്‍ പ്രശ്‌നത്തിന്റെ മറ്റൊരു രൂപം മാത്രമാണ്, പരിഹാരമല്ല! വിവാഹിതരായ എല്ലാവര്‍ക്കും ആരോഗ്യകരമായ ലൈംഗിക-പ്രത്യുല്‍പാദന രീതികള്‍ തുടരാന്‍ അവകാശമുണ്ടെന്നിരിക്കെ വിവാഹത്തിനു പുറത്തുള്ള നിയന്ത്രണങ്ങളില്ലാത്ത ബന്ധങ്ങളാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 

1960-കള്‍ മുതല്‍ '80-കള്‍ വരെയുള്ള കാലയളവില്‍ തീവ്ര ഫെമിനിസ്റ്റ് വിഭാഗം പ്രചരിപ്പിച്ച ഒരു 'ലൈംഗിക വിപ്ലവ'ത്തിലൂടെയാണ് ജെന്‍ഡര്‍ ഫെമിനിസ്റ്റുകളുടെ ഈ അജണ്ടക്ക് തുടക്കം കുറിക്കപ്പെടുന്നത്. 1920-കളിലാണ് 'ലൈംഗിക വിപ്ലവം' എന്ന പ്രയോഗം പാശ്ചാത്യ സാഹിത്യങ്ങളില്‍ കണ്ടുതുടങ്ങുന്നത്. ജെയിംസ് തര്‍ബറും ഇ.ബി. വൈറ്റും 1929-ല്‍ പുറത്തുകൊണ്ടു വന്ന ഈസ് സെക്‌സ് നെസസറി എന്ന പുസ്തകത്തിലാണ് ഈ വാക്കുകള്‍ ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഇന്നും ലോകത്തുടനീളം വായിക്കപ്പെടുന്ന, അനവധി പതിപ്പുകളുള്ള ഈ പുസ്തകം സ്‌നേഹം, വിവാഹം, പ്രണയം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 1960-കളോടെ ലൈംഗിക വിപ്ലവം ആവശ്യപ്പെട്ടു കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ചൂടു പിടിക്കാന്‍ തുടങ്ങി. പരമ്പരാഗത സ്ത്രീ-പുരുഷ വിവാഹങ്ങളെ എതിര്‍ത്തുകൊണ്ട് വിവാഹത്തിനു മുമ്പുള്ളതും വിവാഹേതരവുമായ ബന്ധങ്ങളെ പിന്തുണക്കണമെന്നും ലൈംഗികത്വത്തിന്റെ പല രൂപങ്ങള്‍ വകവെച്ചുകൊടുക്കണമെന്നും ഗര്‍ഭനിരോധനം പ്രചരിപ്പിക്കുകയും ഗര്‍ഭഛിദ്രം നിയപരമാക്കുകയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. സിഗ്മണ്ട് ഫ്രോയ്ഡ്, വില്‍ഹം റൈക്, ആല്‍ഫ്രഡ് കിന്‍സി തുടങ്ങിയ മനശ്ശാസ്ത്രജ്ഞരുടെയും ശാസ്ത്രജ്ഞരുടെയും തത്ത്വങ്ങള്‍ ലൈംഗിക വിപ്ലവത്തെ വളരെയധികം സ്വാധീനിച്ചു.

ഇവരെ കൂടാതെ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും വാദങ്ങളും ചില ഫെമിനിസ്റ്റുകളെ സ്വാധീനിച്ചിരുന്നു. മുതലാളിത്ത സമ്പ്രദായം സ്ത്രീവിഭാഗത്തെ ചൂഷണം ചെയ്യുന്നുവെന്നും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹ സമ്പ്രദായത്തിനെതിരെയും മുതലാളിത്തത്തിനെതിരെയും സ്ത്രീകള്‍ പോരാടണമെന്നും മാര്‍ക്‌സ് ആഹ്വാനം ചെയ്തു. ഇതനുസരിച്ച് സ്വാഭാവിക കുടുംബ വ്യവസ്ഥകളും വിവാഹങ്ങളും ഇല്ലാതാക്കണമെന്ന് ശൂലാമിത് ഫൈര്‍‌സ്റ്റോണ്‍, കെയിറ്റ് മില്ലര്‍, സിമണ്‍ ഡി. ബോവ, മേരി ഡാലിയ തുടങ്ങിയ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ വാദിച്ചു. ഇതിന്റെ മൂര്‍ധന്യാവസ്ഥയാണ് എല്ലാ തരത്തിലുള്ള മത-സാമൂഹിക  കെട്ടുകളില്‍നിന്നും മുക്തമായ വികലമായ ലൈംഗികത്വത്തിനു വേണ്ടിയുള്ള ഇന്നത്തെ ജെന്‍ഡര്‍ ഫെമിനിസ്റ്റുകളുടെ ആവശ്യം. 

ലൈംഗിക വിപ്ലവത്തിന്റെ സ്വാധീനത്തില്‍ വരുന്ന സ്ത്രീകള്‍ പിന്നീട് ജീവിതം മുഴുവന്‍ ലൈംഗിക-പ്രത്യുല്‍പാദന പ്രശ്‌നങ്ങളുമായി പോരാടേണ്ടിവരുന്നു. ഇവരെ സഹായിക്കാന്‍ വരുന്ന അന്താരാഷ്ട്ര സംഘടനകള്‍ ഫെമിനിസ്റ്റുകളുടെ ആവശ്യങ്ങളിലോ കോണ്ടം-ഗര്‍ഭഛിദ്ര സംസ്‌കാരത്തിലോ യാതൊരു പ്രശ്‌നവും കാണുന്നില്ല. സ്ത്രീകള്‍ എന്ന നിലയിലും മനുഷ്യര്‍ എന്ന നിലയിലും അവര്‍ക്ക് കിട്ടേണ്ട അവകാശങ്ങളായിട്ടാണ് ഇവ വ്യാഖ്യാനിക്കപ്പെടുന്നത്.

വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ വ്യവസ്ഥകളെ നിരാകരിക്കാന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മള്‍ മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ലൈംഗികതയെയും പ്രത്യുല്‍പാദനത്തെയും അക്രമമെന്നും ബലപ്രയോഗമെന്നും മുദ്രകുത്തുകയും അതിനു പുറത്തുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും 'എന്റെ ശരീരം, എന്റെ അവകാശങ്ങള്‍' എന്ന അവരുടെ ആദര്‍ശത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. മനുഷ്യര്‍ക്കിടയില്‍ വിവാഹത്തിനു പുറത്തുള്ള യാതൊരുവിധ ലൈംഗിക ബന്ധത്തിനും ഇസ്‌ലാം അനുമതി നല്‍കിയിട്ടില്ല. മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും പരിശുദ്ധവും പരിപാവനവുമായ ജീവിതം നയിക്കാന്‍ വേണ്ടി തെറ്റിലേക്ക് നയിക്കുന്ന എല്ലാ വാതിലുകളും കൊട്ടിയടക്കണമെന്നും ഖുര്‍ആന്‍ കല്‍പിക്കുന്നു: 

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'' (ഖുര്‍ആന്‍ 17:32).

വ്യഭിചാരത്തെയും വിവാഹത്തിനു പുറത്തുള്ള മറ്റെല്ലാ ശാരീരിക ബന്ധങ്ങളെയും വിലക്കുന്ന വേറെയും നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇസ്‌ലാം ലൈംഗികതയെ പൂര്‍ണമായും തെറ്റായി കാണുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ എല്ലാ ധാര്‍മികമായ അതിര്‍വരമ്പുകളും കടന്ന് സമൂഹത്തിനും മനുഷ്യനും ഹാനി വരുത്തുന്ന ഒരു പ്രവണതയായി വളരാന്‍ ഇതിനെ അനുവദിക്കുകയും ചെയ്യുന്നില്ല. ലൈംഗിക ബന്ധത്തിന്റെ സ്വഭാവം പോലും ചില മര്യാദകളും രീതികളും പിന്തുടരേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് ഒരു തരത്തിലുള്ള ആരാധന ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രത്യുല്‍പാദനത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ഇവയെല്ലാം വിവാഹവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ വ്യഭിചാരത്തിലേക്ക് വഴി നയിക്കുന്ന തരത്തിലുള്ള ആധുനിക പ്രത്യുല്‍പാദന-ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല. സന്താനോല്‍പ്പാദന പ്രക്രിയയില്‍ ഭാര്യയും ഭര്‍ത്താവും മാത്രമേ ഉള്‍പ്പെടാന്‍ പാടുള്ളൂ; മൂന്നാമതൊരാള്‍ക്ക് അവിടെ സ്ഥാനമില്ല. ഇതുകൂടാതെ വിവാഹോദ്ദേശ്യം ഒന്നുമില്ലാതെ ആണ്‍-പെണ്‍ കുട്ടികളെ സ്വതന്ത്ര ലൈംഗിക വിഹാരത്തിന് വിടുന്ന കോണ്ടം സംസ്‌കാരവും ഇസ്‌ലാമില്‍ തികച്ചും നിരോധിക്കപ്പെട്ടിരിക്കുന്നു.

മാത്രമല്ല, മാതാവിന്റെ ജീവന്‍ അപകടത്തിലാണെങ്കിലല്ലാതെ കുഞ്ഞിനെ എടുത്തുകളയാന്‍ മനുഷ്യന് യാതൊരു അധികാരവുമില്ല; സാമ്പത്തിക കാരണങ്ങള്‍ക്ക് പോലും ഇവിടെ പ്രസക്തിയില്ല.

''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും  നിങ്ങള്‍ക്കും  ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ഖുര്‍ആന്‍ 17: 31).

സ്വവര്‍ഗസ്‌നേഹമടക്കം ലൈംഗികത്വത്തിലെ വൈവിധ്യങ്ങളും സ്ത്രീ-പുരുഷ ബന്ധമല്ലാത്ത ശാരീരിക ബന്ധങ്ങളും ഇസ്‌ലാം തീര്‍ത്തും നിരോധിച്ചിരിക്കുന്നു. അജ്ഞതയില്‍നിന്ന് ഉടലെടുക്കുന്ന 'ജാഹിലിയ്യാ' സംസ്‌കാരമായിട്ടാണ് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

''ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, 'നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ?' എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു'' (7: 8081).

''നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു'' (27:55).

ലൈംഗികതയുടെയും പ്രത്യുല്‍പാദനത്തിന്റെയും വിഷയത്തില്‍ ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെടുന്ന അവകാശങ്ങള്‍ ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. താത്ത്വികമായ ഈ വൈരുധ്യം 'എന്റെ ശരീരം, എന്റെ അവകാശങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍നിന്നുതന്നെ ആരംഭിക്കുന്നു. ഏതടിസ്ഥാനത്തിലാണ് തങ്ങളുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു തന്നെയാണെന്ന് ഇവര്‍ പറയുക? ഇവര്‍ സ്വയം തങ്ങളെ സൃഷ്ടിച്ചതാണോ? സൃഷ്ടിയുടെ ഉത്തരവാദിത്തം അല്ലാഹുവിനാണ്. മനുഷ്യരുടെ അവകാശങ്ങളും അവര്‍ക്ക് പരസ്പരമുള്ള ഉത്തരവാദിത്തങ്ങളും തീരുമാനിക്കുന്നത് അവന്‍ മാത്രമാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പനകള്‍ ഉള്ളടങ്ങിയ ഖുര്‍ആനും പ്രവാചകചര്യയും ആധാരമാക്കിയല്ലാതെ സ്വന്തം അവകാശങ്ങള്‍ നിര്‍ണയിക്കാന്‍ മനുഷ്യന് അധികാരമില്ല. ഇങ്ങനെ സ്വയം നിര്‍വചിക്കപ്പെട്ട അവകാശങ്ങള്‍ പിന്നീട് അബദ്ധങ്ങളായി ഭവിക്കുകയാണ് ചെയ്യുക. 

ഫെമിനിസ്റ്റുകളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. ഇതിന്റെ പ്രധാന കാരണം ജെന്‍ഡര്‍ ഫെമിനിസ്റ്റുകളുടെ നയങ്ങള്‍ മനുഷ്യന്റെ പ്രകൃതത്തിന് എതിരാണെന്നതാണ്. അല്ലാഹുവിന്റെ ഉദാത്തമായ സൃഷ്ടികളിലൊന്നാണ് മനുഷ്യന്‍. 

''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാ കട്ടെ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും'' (95:46).

അത്യധികം പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്കാണ് ഈ ലേഖനം വായനക്കാരുടെ, പ്രത്യേകിച്ച് മുസ്‌ലിം വായനക്കാരുടെ, ശ്രദ്ധ ക്ഷണിക്കുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ അനവധി പ്രശ്‌നങ്ങള്‍ നാലു ഭാഗത്തു നിന്നും മൂടുന്ന മുസ്‌ലിം സമൂഹത്തിനു മുകളില്‍ മറ്റൊരു കനത്ത പ്രഹരമായി ഭവിക്കുകയാണ് ഇവിടെ പറഞ്ഞ 'ലൈംഗിക വിപ്ലവം'. തടയാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ പ്രളയത്തില്‍ ലക്ഷക്കണക്കിന് മുസ്‌ലിം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജീവിതങ്ങള്‍ ഒലിച്ചുപോകും. മുസ്‌ലിം ഉമ്മത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങളെ പറ്റി ബോധമുള്ള പണ്ഡിതന്മാര്‍ക്കും പണ്ഡിതകള്‍ക്കും ഇതൊരു അപായമണിയാണ്. ബുദ്ധിപൂര്‍വവും സമാധാപരവുമായ മാര്‍ഗങ്ങളിലൂടെ വിഷയത്തെപ്പറ്റി കഴിയുന്നപോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലൈംഗിക-പ്രത്യുല്‍പാദന നീതി എന്ന പേരില്‍ അരങ്ങേറുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടയിടാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കുകയുള്ളൂ.  

വിവ: സയാന്‍ ആസിഫ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം