വനിതാ കമീഷന്‍ നിയമാധികാരവും ഇടപെടലുകളുടെ രാഷ്ട്രീയവും
സ്ത്രീ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൊന്നാണ് വനിതാ കമീഷന്‍. ബഹുമുഖ തലങ്ങളില്‍ വനിതാ ക്ഷേമം ഉറപ്പുവരുത്തുകയാണ് കമീഷന്റെ ദൗത്യം. വിവിധ രീതികളില്‍ നടന്നുവരുന്ന സ്ത്രീ പീഡനങ്ങളും ചൂഷണങ്ങളും തടയുകയും സ്ത്രീ ശാക്തീകരണം സാധ്യമാക്കുകയുമാണ് കമീഷന്റെ ഉത്തരവാദിത്തം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിലും ചൂഷിതര്‍ക്ക് പ്രതീക്ഷയാകുന്നതിലും ഗുണപരമായ ചുവടുവെപ്പുകള്‍ നടത്താന്‍ വനിതാ കമീഷനുകള്‍ക്ക് കുറേയൊക്കെ സാധ്യമായിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളാല്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി മുന്നോട്ടുപോകാന്‍ സാധിക്കാത്ത സംഭവങ്ങളും നിരവധിയാണ്. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന സംഘ് പരിവാര്‍ പ്രഭാഷകന്റെ പ്രസ്താവന, ഹാദിയ കേസ്, ഫഌഷ് മോബ് തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ -സംസ്ഥാന വനിതാ കമീഷനുകളുടെ ഇടപെടലുകള്‍ പലവിധത്തില്‍ വിവാദമായ സമകാലിക പശ്ചാത്തലത്തിലാണ് വനിതാ കമീഷന്റെ ചരിത്രവും വര്‍ത്തമാനവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നത്.
ചരിത്രം
ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട The Committee on the Status of Women in India (SWNI) ഏകദേശം ശതാബ്ദം മുമ്പ് തന്നെ സ്ത്രീ വിഷയങ്ങളിലെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താനും അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ഉണര്‍വുകള്‍ക്ക് ഗതിവേഗം പകരാനുമായി ഒരു ദേശീയ വനിതാ കമീഷന്‍ രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നുവന്ന സമിതികളും കമീഷനുകളും സ്ത്രീകള്‍ക്ക് വേണ്ടി ഒരു ഉന്നതാധികാര സമിതി സ്ഥാപിക്കണമെന്നും അതിനായി രൂപീകരിക്കുന്ന കമീഷന്റെ ഘടനയും പ്രവര്‍ത്തനങ്ങളും അധികാരവും ഏതു വിധത്തിലായിരിക്കണമെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. 1990-കളില്‍ എന്‍.ജി.ഒകളുമായും സാമൂഹിക പ്രവര്‍ത്തകരുമായും വിദഗ്ധരുമായും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അങ്ങനെ 1990 ജൂലൈയില്‍ മാനവശേഷി വികസന മന്ത്രാലയം ഈ ബില്ലിനെ കുറിച്ച നിര്‍ദേശങ്ങള്‍ക്കായി ദേശീയതലത്തില്‍ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. അതേവര്‍ഷം ആഗസ്റ്റില്‍ ഒരു സിവില്‍ കോടതിയുടെ അധികാരം കമീഷന് നല്‍കി അവതരിപ്പിച്ച ബില്‍ പാസ്സാവുകയും ചെയ്തു. ആഗസ്റ്റ് 30-ന് അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
സ്ത്രീകളുടെ നില മെച്ചപ്പെടുത്താനും അവരെ സാമ്പത്തികമായി ശാക്തീകരിക്കാനും വേണ്ടി 1990-ല്‍ പാസ്സാക്കിയ 20-ാമത് കാബിനറ്റ് നിയമം (സ്ത്രീ സുരക്ഷാ വകുപ്പ്) അനുസരിച്ച് ഒരു നിയമാധികാര സമിതി ആയിട്ടാണ് വനിതാ കമീഷന്‍ സ്ഥാപിതമായത്. വനിതാ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി 1992-ലാണ് ദേശീയ വനിതാ കമീഷന്‍ നിലവില്‍ വരുന്നത്. കമീഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും കണക്കിലെടുക്കുമ്പോള്‍ സ്ത്രീ ശാക്തീകരണത്തില്‍ വളരെ ഫലപ്രദമായ ചുവടുവെപ്പുകള്‍ നടത്താന്‍ അവര്‍ക്ക് സാധിക്കേതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്തുക, സ്ത്രീകള്‍ക്കെതിരായ നീതിരഹിതവും വിവേചനപരവുമായ നടപടികളില്‍ അന്വേഷണം നടത്തി പരിഹാരം കാണുക, പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും സര്‍ക്കാറിനും ശിപാര്‍ശകള്‍ നല്‍കുക, നിലവിലുള്ള നിയമങ്ങളിലെ പോരായ്മകള്‍ പരിശോധിക്കുക, ആവശ്യമായ പുതിയ നിയമങ്ങളും ഭേദഗതികളും കൊണ്ട് വരുന്നതിനും സ്ത്രീകളുടെ ഏതു പ്രശ്‌നത്തിലും ഇടപെടുന്നതിനും സ്വാതന്ത്ര്യവും അധികാരവും സ്ഥാപിച്ചെടുക്കുക, നിയമാധികാരങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളുടെ നില മെച്ചപ്പെടുത്താനും സാമ്പത്തികമായി ശാക്തീകരിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഭരണഘടനാപരമായും നിയമപരമായും സ്ത്രീ സുരക്ഷ അവലോകനം ചെയ്യുന്നതോടൊപ്പം പരിഹാര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് വനിതാ കമീഷന്റെ ലിഖിതമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങൡും സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കമീഷന്‍ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ വനിതാ കമീഷന് ധാരാളം പരാതികള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്ന് പരാതിക്കാര്‍ക്ക് നീതി ലഭിക്കുന്നതിനായി നിരവധി കേസുകളില്‍ കമീഷന്‍ ഇടപെട്ടു. പല പ്രദേശങ്ങളിലും വ്യാപകമായി നടന്നിരുന്ന ശൈശവ വിവാഹം പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടത്തിയത് കമീഷന്റെ ചരിത്രത്തില്‍ പ്രധാന ചുവടുവെപ്പായിരുന്നു. 1961-ലെ സ്ത്രീധന നിരോധന നിയമം, 1994-ലെ PNDT നിയമം, 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1990-ലെ ദേശീയ വനിതാ കമീഷന്‍ നിയമം തുടങ്ങിയവ കൂടുതല്‍ കര്‍ശനവും ഫലപ്രദവുമാക്കാന്‍ കമീഷന്‍ ശ്രമിക്കുകയുണ്ടായി. ശില്‍പശാലകള്‍, കണ്‍സള്‍ട്ടേഷന്‍, സ്ത്രീകളുടെ ഉന്നമനത്തിനായി വിദഗ്ധ സമിതികളുടെ രൂപീകരണം, ബോധവത്കരണ സെമിനാറുകള്‍, പെണ്‍ ഭ്രൂണഹത്യ മുതല്‍ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വരെയുള്ള തിന്മകള്‍ക്കെതിരെ പ്രചാരണം തുടങ്ങിയവ പല ഘട്ടങ്ങളിലായി കമീഷന്‍ നടപ്പാക്കുകയുണ്ടായി.
ജയന്തി പട്‌നായിക് ചെയര്‍പേഴ്‌സനായി ആദ്യ കമീഷന്‍ 1992 ജനുവരി 31-നാണ് നിലവില്‍ വന്നത്. ഡോ. മോഹിനി ഗിരി (1995 ജൂലൈ), വിഭാ പാര്‍ഥസാരഥി (1999 ജനുവരി), ഡോ. പൂര്‍ണിമ അദ്വാനി (2002), ഗിരിജ വ്യാസ് (2005), മമ്ത ശര്‍മ (2011), ലളിതാ കുമാര മംഗലം (2014) തുടങ്ങിയവരായിരുന്നു ചെയര്‍പേഴ്‌സനായി വന്നത്. നിയമ നിര്‍മാണം, ട്രേഡ് യൂനിയനിസം, സ്ത്രീകളുടെ വ്യവസായ നൈപുണികള്‍ കൈകാര്യം ചെയ്യല്‍, സ്ത്രീ സന്നദ്ധ സംഘടനകള്‍/ സ്ത്രീ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കല്‍, സാമ്പത്തിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കഴിവും ആര്‍ജവവുമുള്ള അഞ്ച് അംഗങ്ങളാണ് കമീഷനുണ്ടാകേണ്ടത്. കേന്ദ്ര സര്‍ക്കാറാണ് ദേശീയ കമീഷന്‍ അംഗങ്ങളെയും ചെയര്‍ പേഴ്‌സനെയും നാമനിര്‍ദേശം ചെയ്യുക. പട്ടിക ജാതി-പട്ടിക വര്‍ഗത്തില്‍നിന്നുള്ളവര്‍ക്കും കമീഷനില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കണം. സാമൂഹിക ഇടപെടലുകളിലും സംഘാടനത്തിലും വൈദഗ്ധ്യമുള്ളവരാകണം കമീഷന്‍ അംഗങ്ങള്‍. യൂനിയന്‍ സിവില്‍ സര്‍വീസിലെയോ ഓള്‍ ഇന്ത്യാ സര്‍വീസിലെയോ അംഗമായ ഒരു ഓഫീസറോ, അല്ലെങ്കില്‍ യൂനിയനു കീഴില്‍ ഒരു സിവില്‍ പദവി വഹിച്ച് അനുഭവ പരിചയമുള്ള വ്യക്തിയോ അംഗമായി ഉണ്ടാകണമെന്ന് കമീഷന്‍ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനും പരിശോധിക്കാനുമുള്ള അവകാശം കമീഷനുണ്ട്. ഭരണഘടനയിലെയോ മറ്റു നിയമങ്ങളിലെയോ സ്ത്രീകളെ ബാധിക്കുന്ന നിയമങ്ങള്‍ കാലപ്പഴക്കം വന്നവയാണോ എന്ന് അവലോകനം ചെയ്ത് നിര്‍മാണ നടപടികള്‍ നിര്‍ദേശിക്കുകയും വീഴ്ചകളും അപര്യാപ്തതകളും ചൂണ്ടിക്കാണിക്കുകയും വേണം. സ്ത്രീ അവകാശങ്ങളുടെ ലംഘനം, സമത്വവും വികസനവും കൈവരിക്കന്‍ ലക്ഷ്യമിട്ട നിയമങ്ങള്‍ നടപ്പാക്കാതിരിക്കല്‍, കഠിനാധ്വാനം കുറക്കുന്നതിനും ആശ്വാസം നല്‍കാനും ഉദ്ദേശിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കല്‍ തുടങ്ങിയവ ഉണ്ടായാല്‍ കമീഷന്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം. നിയമലംഘനം നടത്തുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് അവരെ നീക്കം ചെയ്യാന്‍ ശിപാര്‍ശ ചെയ്യണം. സമസ്ത മേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള വഴികള്‍ നിര്‍ദേശിക്കണം. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സേവനങ്ങളുടെ അഭാവം, ജോലിയിലെ കഠിനാധ്വാനം, അത് സംബന്ധമായ ആരോഗ്യപരമായ അപകടങ്ങള്‍, ഉല്‍പാദന ക്ഷമതയുടെ വര്‍ധനവ്, സാങ്കേതിക വിദ്യകളുടെ അഭാവം പോലെ സ്ത്രീ മുന്നേറ്റത്തിന് തടസ്സമാകുന്ന ഘടകങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങി കമീഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. സര്‍ക്കാറിന്റെ വികസന നടപടിക്രമങ്ങള്‍ വിലയിരുത്തുക, ജയില്‍, റിമാന്റ് ഹോം, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ജയില്‍ പുള്ളിയായോ മറ്റേതെങ്കിലും തരത്തിലോ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കുക, ആവശ്യമെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുക, കേസുകള്‍ക്ക് ധനസഹായം ഉറപ്പാക്കുക തുടങ്ങിയവയും കമീഷന്റെ പരിധിയില്‍ വരുന്നതാണ്.
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ കമീഷന്‍ സര്‍ക്കാറിന് കാലാനുസൃതമായി റിപ്പോര്‍ട്ടുകള്‍ നല്‍കണം. സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച്, ഉപവകുപ്പ് ഒന്ന് പ്രകാരം കൈക്കൊണ്ട നടപടി അല്ലെങ്കില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുന്ന മെമ്മോറാണ്ടം പാര്‍ലമെന്റിന്റെ ഇരു സഭകളിലും സമര്‍പ്പിക്കണം. പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയങ്ങള്‍ ഉപവകുപ്പ് പ്രകാരം അന്വേഷിക്കുന്ന വേളയില്‍ കമീഷന് ഹരജി സമര്‍പ്പിക്കാന്‍ സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിലെ ഏതു ഭാഗത്തുനിന്നും ഏത് വ്യക്തിയെയും സമന്‍സ് ചെയ്യാനും നിമയപാലകരുടെ സഹായത്തോടെ കോടതിയില്‍ ഹാജരാക്കാനും രേഖകള്‍ കണ്ടെത്തി സമര്‍പ്പിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും കമീഷന് സാധിക്കും. സത്യവാങ്മൂലത്തിലൂടെ തെളിവുകള്‍ ശേഖരിക്കല്‍, കോടതിയില്‍നിന്നോ ഓഫീസില്‍നിന്നോ പൊതു രേഖകളും പകര്‍പ്പുകളും സംഘടിപ്പിക്കല്‍ തുടങ്ങി വളരെ വിപുലമാണ് കമീഷന്റെ അധികാരാവകാശങ്ങള്‍. എങ്കിലും ഇവയെല്ലാം പലപ്പോഴും കടലാസില്‍ പരിമിതപ്പെട്ടുപോകുന്നതായാണ് അനുഭവം. വനിതാ കമീഷനെ അധികാരമില്ലാത്ത, വെറുതെ ഒച്ചവെക്കുന്ന, ശിപാര്‍ശകള്‍ മാത്രം സമര്‍പ്പിക്കുന്ന ഒരു കമ്മിറ്റിയായാണ് പലപ്പോഴും കാണാറുള്ളത്. ചില വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയതും വിസ്മരിക്കുന്നില്ല.
സംസ്ഥാന കമീഷന്‍
1990-ല്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ക്ക് ശേഷം 1995-ലാണ് പ്രസിദ്ധ കവയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി അധ്യക്ഷയായി ആദ്യ വനിതാ കമീഷന്‍ കേരളത്തില്‍ നിലവില്‍ വന്നത്. ദേശീയ വനിതാ കമീഷന്റെ പ്രവര്‍ത്തന ഘടന തന്നെയാണ് സംസ്ഥാന കമീഷന്റെയും. അന്നത്തെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ മേല്‍നോട്ടത്തില്‍ ദേശീയ കമീഷനനുസൃതമായി സംസ്ഥാന വനിതാ കമീഷന്‍ ബില്ലിന്റെ കരട് രൂപം ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെയും ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയുടെയും വിവിധ സംഘടനകളുടെയും നിയമോപദേശങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് തയാറാക്കിയത്. മാസം തോറും മീറ്റിംഗുകള്‍ നടത്തിയും തീരുമാനങ്ങളെടുത്തുമാണ് മുന്നോട്ടുപോകുന്നത്. കമീഷനു ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ അദാലത്തുകളും മേഖലാ അദാലത്തുകളും ഇതിനകം സംഘടിപ്പിക്കുകയുണ്ടായി. അടിയന്തര ഘട്ടങ്ങളില്‍ കമീഷന് പരാതി നല്‍കാനും കമീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എസ്.എം.എസ് വഴി വിവരങ്ങള്‍ അറിയിക്കുന്നതിനും ഇപ്പോള്‍ സംവിധാനമുണ്ട്.
വനിതാ കമീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജാഗ്രതാ സമിതികള്‍. സ്ത്രീ പ്രശ്‌നങ്ങളില്‍ ജനകീയമായ ബോധവത്കരണത്തിനുള്ള പ്രധാന വഴിയാണിത്. ജില്ലാ - ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ ജാഗ്രതാ സമിതികള്‍ കമീഷന്‍ പുനഃ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ കമീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ അതത് പഞ്ചായത്ത് ഭരണ സമിതികള്‍ മാതൃകാ ജാഗ്രതാ സമിതികള്‍ നടത്തുകയുണ്ടായി.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണതലം എന്ന നിലയില്‍ ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ജനകീയ പങ്കാളിത്തം, പ്രാദേശിക സംഘടനകളുടെ പങ്കാളിത്തം, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം, ജനകീയ കൂട്ടായ്മ എന്നിവ ഉറപ്പുവരുത്താന്‍ ഉതകുന്ന തരത്തിലാകണം ഇത് സംഘടിപ്പിക്കേണ്ടതെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു.
വനിതാ കമീഷന്റെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനം അദാലത്തുകളാണ്. കമീഷന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സംഘടിപ്പിച്ച അദാലത്തുകളില്‍ ധാരാളം കേസുകള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ നാം കാണാറുണ്ട്. ഒരിക്കല്‍ കമീഷനും എന്‍.എസ്.എസ് കരയോഗവും സംയുക്തമായി സംഘടിപ്പിച്ച ഒരു അദാലത്തില്‍ സമര്‍പ്പിക്കപ്പെട്ട 46 കേസുകളില്‍ 25 എണ്ണത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞ അനുഭവം അംഗങ്ങള്‍ പങ്കുവെക്കുകയുണ്ടായി. തൊഴില്‍ സ്ഥലങ്ങളിലെ ചൂഷണം, ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്‌നങ്ങള്‍, കുടുംബ വഴക്കുകള്‍, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കേസുകള്‍ ഇത്തരം അദാലത്തുകളില്‍ ഉയര്‍ന്നുവരാറുണ്ട്. പ്രമാദമായ അത്തരം പല കേസുകളിലും നല്ല ഇടപെടലുകള്‍ നടത്താന്‍ കമീഷന് കഴിയുകയുണ്ടായി. പല പ്രശ്‌നങ്ങളിലും ആരുമില്ലാത്ത സ്ത്രീകളുടെ അത്താണിയായി കമീഷന്‍ മാറിയിട്ടുണ്ട്. ഇത് വിഷയത്തിന്റെ ഒരു വശം മാത്രമാണ്.
അദാലത്തിലെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ചായിരുന്നു. പ്രശ്‌നപരിഹാരത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന് കമീഷന്‍ അംഗം ലിസി ജോസ് പറയുന്നു. കൂടാതെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പത്തില്‍ താഴെ സ്ത്രീകളും ജീവനക്കാരുമുള്ള സ്ഥാപനങ്ങളില്‍ അഞ്ചംഗ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു പ്രതിനിധി, രണ്ട് എന്‍.ജി.ഒ അംഗങ്ങള്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരിക്കേണ്ടത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളായിരിക്കണം. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്ന് പേര്‍ സ്ത്രീകളായുള്ള അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. നിശ്ചിത സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ, രണ്ട് എന്‍.ജി.ഒ അംഗങ്ങള്‍, ഒരു വെല്‍ഫെയര്‍ ഓഫീസര്‍, ഒരു നിയമ വിദഗ്ധന്‍ എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി നിയമിക്കേണ്ടത്.
കമീഷന്‍ മുമ്പാകെ വന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏത് വ്യക്തിയെയും വിളിച്ചുവരുത്താന്‍ കമീഷന് അധികാരം ലഭിക്കാന്‍ പോവുകയാണ്. ഇതിനായുള്ള നിയമഭേദഗതിയുടെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലുള്ള 'കേരള വനിതാ കമീഷന്‍ നിയമപ്രകാരം' സ്ത്രീയെ വിളിച്ചുവരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുള്ള അധികാരം മാത്രമേ കമീഷനുള്ളൂ. ഈ വിഷയത്തില്‍ വനിതാ കമീഷന് ആവശ്യമായ തീരുമാനങ്ങള്‍ മന്ത്രിസഭ കൈക്കൊള്ളുമെന്നാണ് അറിയുന്നത് (7-12-2017 മാതൃഭൂമി).
ദൗര്‍ബല്യങ്ങളും പരിമിതികളും
ഇത്രയും നല്ല ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തന രൂപരേഖയുമുള്ള വനിതാ കമീഷന്റെ ആനുകാലിക പ്രസക്തി ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ വനിതാ കമീഷന്‍ പലപ്പോഴും കടലാസ് പുലിയായിത്തീരുന്ന അനുഭവമാണുള്ളത്. കുറേ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ക്ക് ആശ്വാസമാകാന്‍ കമീഷന് കഴിയുമ്പോഴും സാമൂഹിക, രാഷ്ട്രീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും കൃത്യവും നട്ടെല്ലുറപ്പുള്ളതുമായ നിലപാടുകള്‍ സ്വീകരിക്കാനോ പ്രായോഗിക നടപടികളിലേക്ക് കടക്കാനോ കമീഷന് സാധ്യമാകാറില്ല. നിയമപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് കമീഷന്റെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നത്. ഇതില്‍ ഒന്നാമത്തേത് രാഷ്ട്രീയപരം തന്നെ. കമീഷന്‍ ചെയര്‍പേഴ്‌സനെയും അംഗങ്ങളെയും നിയമിക്കുന്നത് ഓരോ കാലത്തും ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയാണ്. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവരെ മാത്രമേ അവര്‍ നിയമിക്കൂ. ഓരോ ടേമിലും കമീഷന്‍ അധ്യക്ഷയായും അംഗങ്ങളായും വന്നിട്ടുള്ളവരില്‍ ഭൂരിപക്ഷവും ഭരണകക്ഷിയോട് ആഭിമുഖ്യമുള്ളവരായിരിക്കും. രാഷ്ട്രീയ താല്‍പര്യത്തിനപ്പുറം പോകാന്‍ ഇവര്‍ക്ക് കഴിയില്ല. എന്നു മാത്രമല്ല, രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കപ്പെടുംവിധമായിരിക്കും ഇവരുടെ ഇടപെടലുകള്‍.
ഇതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ കേന്ദ്ര വനിതാ കമീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. കൃത്യമായ സംഘ്പരിവാര്‍ രാഷ്ട്രീയമുള്ള അവരുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഹാദിയ വിഷയത്തിലെ അവരുടെ സന്ദര്‍ശനവും പ്രസ്താവനയും വനിതാ കമീഷന്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇരയാകുന്നതിന്റെ മികച്ച തെളിവാണ്. പീഡനം അനുഭവിച്ച സ്ത്രീക്ക് അനുകൂലമായല്ല, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ വര്‍ഗീയ താല്‍പര്യത്തിന് അനുഗുണമായാണ് അവര്‍ പ്രസ്താവന ഇറക്കിയത്. രാഷ്ട്രീയ ഉപകരണമാകുന്നതില്‍നിന്ന് മോചിതമായാല്‍ മാത്രമേ വനിതാ കമീഷന്‍ യഥാര്‍ഥ വനിതാ കമീഷനാകൂ. സംസ്ഥാന വനിതാ കമീഷന്റെ വക്കീല്‍ സുപ്രീം കോടതിയില്‍ ഹാദിയക്ക് അനുകൂലമായി നിന്നതും നാം കണ്ടു. ഇത് രണ്ടും രണ്ട് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു.
സ്ത്രീ സുരക്ഷാ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന രാഷ്ട്രീയക്കാരില്‍ ചിലരെങ്കിലും പലതരത്തില്‍ സ്ത്രീവിരുദ്ധരോ, പീഡന കേസുകളില്‍ പ്രതികളോ ആണ് എന്നതാണ് ഇതിന്റെ രണ്ടാമത്തെ വശം. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ സ്ത്രീവിരുദ്ധത രാജ്യത്തെ സ്ത്രീകള്‍ക്കു നേരെയുള്ള പീഡനങ്ങളുടെ ഞെട്ടിക്കുന്ന മുഖമാണ് അനാവരണം ചെയ്യുന്നത്. നീതി തേടി സ്ത്രീ ആരുടെ അടുക്കലേക്കാണ് പോകേണ്ടത്? ഭാര്യയെ നിരന്തരം തല്ലിക്കൊണ്ടിരിക്കുന്ന ഒരാള്‍, പരസ്ത്രീ പീഡനം തൊഴിലാക്കിയ മറ്റൊരാള്‍, വാക്കു കൊണ്ടും നോക്കു കൊണ്ടും സ്ത്രീയെ അപമാനിക്കുന്ന മറ്റു ചിലര്‍.... ഇവരൊക്കെ ചേരുന്ന ജനപ്രതിധിസഭകള്‍, സ്ത്രീ സുരക്ഷാ നിയമത്തിന് രൂപം നല്‍കുന്നത് നടപ്പിലാക്കാനാണോ? ഇത്തരക്കാര്‍ നിയന്ത്രിക്കുന്ന കമീഷന് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കും?
കമീഷന്റെ നിയമപരമായ പരിമിതികളാണ് അതിനെ ദുര്‍ബലപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം. വനിതാ കമീഷന് ജുഡീഷ്യല്‍ അധികാരം നല്‍കപ്പെട്ടിട്ടില്ല എന്നത് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാരണത്താല്‍ പല കേസുകളും തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യം കമീഷന്‍ അഭിമുഖീകരിക്കുന്നു. ഇത്തരം പരിമിതികള്‍ മറികടക്കുന്നതിന് കമീഷന് ഡി.ഐ.ജി.പിയെ ഏര്‍പ്പെടുത്താനും അവരില്‍നിന്നുള്ള തീരുമാനപ്രകാരം കേസുകള്‍ കോടതിയിലേക്ക് മാറ്റാനും തീര്‍പ്പാക്കാനുമാണ് അധികാരമുള്ളത്.
കമീഷന്‍ നല്‍കുന്ന കേസുകളും പരാതികളും പോലീസും കോടതിയും സാഹചര്യത്തെളിവുകളായിട്ടാണ് പരിഗണിക്കുന്നത്. അതായത് കമീഷന്‍ തെളിവുകള്‍ നല്‍കിയാലും അതിന് ശേഷം വീണ്ടും തെളിവെടുപ്പുകള്‍ നടത്തുന്നു. ഇതോടെ കമീഷന്റെ സ്ത്രീപക്ഷ ഇടപെടലുകള്‍ പോലീസ് ഇടപെടലുകളിലൂടെ മാറ്റിമറിക്കപ്പെടാം എന്ന് വരുന്നു.
കമീഷന്റെ നിര്‍ദേശങ്ങള്‍ ജുഡീഷ്യറിയുടെ തൊട്ടുതാഴെയുള്ള അധികാര സ്ഥാപനം എന്ന നിലക്ക് സ്വീകരിക്കാന്‍ പോലീസിനും മറ്റും ബാധ്യതയുാകണം. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ എന്തുകൊണ്ട് കമീഷന് ജുഡീഷ്യല്‍ അധികാരം നല്‍കുന്നില്ല? കമീഷന് ഇത്തരം അധികാരങ്ങള്‍ നല്‍കുന്നതോടു കൂടി യഥാര്‍ഥ അധികാരം സ്ത്രീകളില്‍ നിക്ഷിപ്തമാകും എന്ന ഭയം ഒരു കാരണമാകാം. അതോടൊപ്പം കോടതിയും കമീഷനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും അത് വഴിവെച്ചേക്കാം.
എന്നാല്‍, കോടതിക്ക് തൊട്ടു താഴെയുള്ള പദവി കമീഷന് നല്‍കി, കമീഷന്റെ ശിപാര്‍ശകള്‍ അനുസരിച്ച് ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷം,
പോലീസ് ഇടപെടല്‍ ഇല്ലാതെ തന്നെ കോടതികള്‍ വിധി കല്‍പിക്കുന്ന സാഹചര്യമുായാല്‍ ഈ പ്രശ്‌നത്തിന് കുറേയൊക്കെ പരിഹാരമാകും. അപ്പോഴും രാഷ്ട്രീയ ഇടപെടലുകള്‍ എന്ന ഭീഷണി നിലനില്‍ക്കും. പുരുഷ കേന്ദ്രിതമായ അധികാരി വര്‍ഗം സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ തയാറല്ല എന്നതാണ് വനിതാ കമീഷന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രായോഗിക സമീപനത്തില്‍ കാണുന്നത്.
ഹാദിയ കേസ് വനിതാ കമീഷന്റെ രാഷ്ട്രീയവും ദൗര്‍ബല്യങ്ങളുമൊക്കെ ശരിക്കും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പോലീസും രക്ഷിതാവും സംസ്ഥാന വനിതാ കമീഷന്റെ സന്ദര്‍ശനം തടഞ്ഞപ്പോള്‍ അതിനെതിരെ നിയമപരമായി നീങ്ങാന്‍ കമീഷന് കഴിയാതെ പോയത് അതിന്റെ നിയമപരമായ ദൗര്‍ബല്യം കാരണമായാണ്. പ്രായപൂര്‍ത്തിയെത്തിയ വിദ്യാ സമ്പന്നയായ ഒരു പെണ്‍കുട്ടിക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഹാദിയ എന്ന പെണ്‍കുട്ടിക്കുമുണ്ടല്ലോ. എന്നിട്ടും വനിതാ കമീഷന് ഇതില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിഞ്ഞില്ല. മാസങ്ങളായി വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്നത് ഹാദിയയുടെ ശരീരമല്ല, മറിച്ച് നീതിയാണ്. ഇവിടെയാണ് വനിതാ കമീഷന്റെ ഇടപെടല്‍ പ്രസക്തമായിരുന്നത്. പക്ഷേ, അത് നടക്കാതെ പോയി. കമീഷന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം, മൗലികാവകാശം, സുരക്ഷിതത്വം തുടങ്ങിയവ ഹാദിയ വിഷയത്തില്‍ കടലാസില്‍ ഒതുങ്ങി. സുപ്രീം കോടതിയില്‍ കമീഷന്‍ നിശ്ചയിച്ച വക്കീലിന്റെ ഇടപെടല്‍ മാത്രമാണ് കുറച്ചെങ്കിലും ആശ്വാസമായത്.
ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷനെതിരെ സംസ്ഥാന വനിതാ കമീഷന്റെ നിലപാടും ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കേന്ദ്ര വനിതാ കമീഷന്‍ ചെയര്‍പേഴ്‌സന്റെ പ്രസ്താവന രാഷ്ട്രീയ താല്‍പര്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് സംസ്ഥാന കമീഷന്‍ തുറന്നു പറഞ്ഞതും നാം കണ്ടു.
Comments