Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

അഹാബീശ് ഗോത്രങ്ങള്‍

(മുഹമ്മദുന്‍ റസൂലുല്ലാഹ്-36)

കഴിഞ്ഞ അധ്യായങ്ങളില്‍ ഞാന്‍ പലതവണ 'അഹാബീശി'നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഖുറൈശികളുമായി സഖ്യമുണ്ടാക്കിയ ഒരു ഗോത്രസമുച്ചയമാണിത്. മക്കക്ക് ചുറ്റുമായിരുന്നു അവരുടെ താമസവും, കാര്യമായും വടക്കും തെക്കും ഭാഗങ്ങളില്‍. ഇവരുടെ പേരിന് 'ഹബ്ശ' (എത്യോപ്യ)യുമായി ബന്ധമില്ല. ചില ഭാഷാകാരന്മാര്‍, അഹാബീശ് എന്ന വാക്കിന് 'സഖ്യം ചേര്‍ന്നവര്‍' എന്ന് അര്‍ഥം നല്‍കിയിട്ടുണ്ട്. ഈ സഖ്യം നിലവില്‍ വന്നു എന്നു കരുതപ്പെടുന്ന മക്കക്ക് തെക്കുള്ള ഹുബ്ശി പര്‍വതവുമായി ബന്ധപ്പെടുത്തിയാണ് ഈ പേരെന്ന് അഭിപ്രായമുണ്ട്.1 അറബികളുടെ പൂര്‍വ പിതാക്കളില്‍ ഒരാളായ ഖുസയ്യിന്റെ കാലത്ത് തന്നെ ഈ സഖ്യം നിലവിലുണ്ടായിരുന്നു എന്ന് വാദിക്കുന്നു ഹമ്മാദു ബ്‌നു റാവിയ. മറ്റു ചിലര്‍, ഖുസയ്യിന്റെ മകനായ അബ്ദുമനാഫിന്റെ കാലത്താണെന്നും അഭിപ്രായപ്പെടുന്നു. ഒരു അട്ടിമറിയിലൂടെ ഖുസയ്യ് മക്കയുടെ അധികാരം പിടിച്ചെടുക്കുകയും ഖുസാഅ ഗോത്രക്കാര്‍ അവിടെനിന്നും പുറത്താക്കപ്പെടുകയും ചെയ്തതോടെ, പുതിയ അധികാരിവര്‍ഗം തങ്ങളുടെ നിലനില്‍പ് ഭദ്രമാക്കാന്‍ പരിസരത്തെ ഗോത്ര വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കുക തികച്ചും സ്വാഭാവികം.

ഖുസാഅയില്‍നിന്നുള്ള ഹയ, മുസ്തലിഖ് എന്നീ ഗോത്രങ്ങള്‍ - ഇവരുടെ വേരുകള്‍ യമനിലാണ്. ഇവര്‍ക്ക് മറ്റു സഖ്യഗോത്രങ്ങളുമായി വംശബന്ധങ്ങളൊന്നുമില്ല - ഒഴികെ സഖ്യത്തിലെ ബാക്കിയുള്ള ഗോത്രങ്ങളെല്ലാം അടുത്ത ബന്ധുക്കളാണ്. 

 

ലിഹ്‌യാന്‍ അഹാബീശ് സഖ്യത്തിലെ അംഗമായിരുന്നെന്ന് രേഖകള്‍ കൃത്യമായി പറയുന്നില്ല. മറ്റു വസ്തുതകള്‍ വെച്ചുള്ള ഒരു നിഗമനം മാത്രമാണത്. ചരിത്ര രേഖകളില്‍ വ്യക്തമായി പറയുന്ന ഒരു കാര്യം, ഈ സഖ്യം രൂപപ്പെട്ടത് ബനൂബക്ര്‍ ഗോത്രത്തിനെതിരെയായിരുന്നു എന്നതാണ്. പിന്നീട് പ്രവാചകനെതിരെയും ഈ ഗോത്രസഖ്യം ഖുറൈശികളുമായി കൂട്ടുകൂടുന്നുണ്ട്. ഹുദൈബിയ സന്ധിയില്‍ മാത്രമല്ല, മക്ക മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന സന്ദര്‍ഭത്തിലും അവര്‍ ഖുറൈശികള്‍ക്കൊപ്പമായിരുന്നു. ഖുറൈശികളുമായി സന്ധിചെയ്ത ബനൂബക്ര്‍ ശാഖയെ ബനൂ നുഫ്താനുബ്‌നു ബക്ര്‍ എന്നാണ് വിളിക്കുന്നത്. നമ്മെ അമ്പരപ്പിക്കുന്ന കാര്യം, ഖുറൈശികളുമായി ഇത്ര ആത്മാര്‍ഥ ബന്ധം തുടര്‍ന്നിട്ടും അഹാബീശ് സഖ്യം ഹുദൈബിയ സന്ധിയില്‍ പങ്കാളികളായിരുന്നില്ല എന്നതാണ്.

പ്രവാചകന്റെ പ്രപിതാക്കളില്‍ ഒരാളായ ഹാശിം ജനിക്കുന്നത് ഏതാണ്ട് ക്രി. 443-ല്‍ ആണ്. ഇതുവെച്ച് ഈ സഖ്യം രൂപപ്പെട്ട കാലം ഏതാണെന്ന് ഒരു ധാരണയില്‍ നമുക്ക് എത്താന്‍ പറ്റും. ഹാശിമിന്റെ പിതാവ് അബ്ദുമനാഫോ അല്ലെങ്കില്‍ വല്യുപ്പ ഖുസയ്യോ ആണല്ലോ ഈ സഖ്യം രൂപവത്കരിച്ചിരിക്കുന്നത്. അബ്ദുമനാഫിന്റെ പുത്രി റൈത്വയെ സഖ്യത്തില്‍ പ്രധാനികളിലൊരാളായ ഹാരിസു ബ്‌നു അബ്ദി മനാത് വിവാഹം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

നമുക്ക് അഹാബീശിന്റെ ചരിത്രം ഇസ്‌ലാമിക കാലത്തേക്ക് പരിമിതപ്പെടുത്താം. ഹിജ്‌റക്കു മുമ്പ് അബൂബക്ര്‍ സിദ്ദീഖ് മക്കയിലെ പീഡനങ്ങളില്‍നിന്ന് രക്ഷനേടാനായി നാടുവിടുന്ന ഒരു സംഭവമുണ്ടല്ലോ. പാതിവഴിയില്‍വെച്ച്, അഥവാ ഖാറഃ എന്ന പ്രദേശത്ത് എത്തിയപ്പോള്‍ അവിടത്തെ അഹാബീശ് തലവനായ ഇബ്‌നുദ്ദുഗ്‌നഃ അദ്ദേഹത്തെ മക്കയിലേക്കു തന്നെ തിരിച്ചുകൊണ്ടു വരികയാണ്. താന്‍ അദ്ദേഹത്തിന് അഭയം നല്‍കിയിരിക്കുന്നുവെന്ന് ഇബ്‌നുദ്ദുഗ്‌നഃ മക്കക്കാരോട് പ്രഖ്യാപിക്കുകയും ചെയ്തു. ഇനിമേലില്‍ ഇസ്‌ലാമിക അനുഷ്ഠാനങ്ങളൊന്നും പരസ്യമായി ചെയ്യരുതെന്ന് ഇബ്‌നുദ്ദുഗ്‌ന വിലക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭയവും സംരക്ഷണവും വേണ്ടെന്നുവെക്കുകയായിരുന്നു അബൂബക്ര്‍ സിദ്ദീഖ്. മാത്രവുമല്ല, പ്രവാചകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മക്കക്കാര്‍ ബഹിഷ്‌കരിച്ച സന്ദര്‍ഭത്തില്‍ ബഹിഷ്‌കരിച്ചവരോടൊപ്പം അഹാബീശും കൂടിയിരുന്നുവെന്നും ബുഖാരി2യും മറ്റും നമ്മോട് പറയുന്നുണ്ട്.

ബദ്ര്‍ യുദ്ധത്തിന് പുറപ്പെടാനുള്ള ധൃതിയില്‍ അഹാബീശ് വരുന്നതുവരെ കാത്തിരിക്കാതിരുന്നതില്‍ ഖുറൈശിസേന പിന്നീട് ഖേദിച്ചിട്ടുണ്ട്.

ഉഹുദ് യുദ്ധത്തില്‍ ഖുറൈശികളോടൊപ്പം വളരെ പ്രതിബദ്ധതയോടെ നിലയുറപ്പിച്ചിരുന്നു അഹാബീശ്. ആ സമയത്ത് ഹുലൈസു ബ്‌നു സിബ്ബാന്‍ ആയിരുന്നു അവരുടെ നേതാവ്. യുദ്ധം കഴിഞ്ഞ് ഖുറൈശികള്‍ മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ വികൃതമാക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു അദ്ദേഹം. ഉഹുദ് യുദ്ധത്തില്‍ ഖുറൈശികളിലെ ഒമ്പത് പതാകവാഹകര്‍ ഓരോന്നോരോന്നായി മരിച്ചുവീണപ്പോള്‍ അഹാബീശുകാരിയായ അംറ എന്ന സ്ത്രീയാണ് പിന്നെ പതാക കൈയിലേന്തിയത്. യുദ്ധം തീരുംവരെ അവരത് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.3

മദീന ആക്രമിക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിവിപുലമായ സഖ്യങ്ങള്‍ (ഖന്‍ദഖ് യുദ്ധവേളയില്‍) രൂപപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍, തന്റെ ശത്രുക്കളുടെ സഖ്യകക്ഷികളോരോന്നിനെയും പ്രത്യേകം പ്രത്യേകം നോട്ടമിട്ട് പ്രവാചകന്‍ തന്ത്രങ്ങള്‍ മെനയുകയുണ്ടായി. ലിഹ്‌യാനികളുടെ നേതാവ് സുഫ്‌യാനെ വധിക്കാനായി പ്രവാചകന്‍ ഒരാളെ പറഞ്ഞുവിട്ടിരുന്നുവെന്ന് ചില ചരിത്രകൃതികളിലുണ്ട്. ഈ ഏജന്റ് ചെന്നു നോക്കുമ്പോള്‍ സുഫ്‌യാന്റെ പിന്നില്‍ അയാളുടെ ആവാസപ്രദേശമായ ലിഹ്‌യാനില്‍ 'അഹാബീശില്‍നിന്നുള്ള ആളുകള്‍ നടക്കുന്നതായി' കണ്ടു. മഖ്‌രീസി4 ആണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍നിന്ന് നമുക്കെത്താവുന്ന നിഗമനം, ലിഹ്‌യാന്‍ ഗോത്രവും അഹാബീശിന്റെ ഭാഗമായിരുന്നു എന്നാണ്. അഹാബീശ് ഗോത്ര സഖ്യത്തില്‍പെട്ട ബനുല്‍ മുസ്ത്വലിഖിനെതിരെ നബി പ്രത്യേകം സൈനിക നീക്കങ്ങള്‍ നടത്തിയത് നാം നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. ഖന്‍ദഖ് യുദ്ധത്തില്‍ അഹാബീശിലെ മറ്റു ഗോത്രങ്ങളും സന്നിഹിതരായിരുന്നു.

ഹി. ആറാം വര്‍ഷം പ്രവാചകന്‍ ഹുദൈബിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ അഹാബീശ് പടനീക്കങ്ങള്‍ നടത്തുന്നതായി അറിയാനിടവന്നു. മക്കയിലേക്ക് പോകുന്നതിനു മുമ്പ് അഹാബീശിനെതിരെ പടനീക്കം വേണോ എന്ന് പ്രവാചകന്‍ തന്റെ യുദ്ധകാര്യസമിതി വിളിച്ചുകൂട്ടി ആലോചിച്ചു. തീര്‍ഥാടനത്തില്‍നിന്ന് ശ്രദ്ധതെറ്റിക്കുന്ന ഒന്നും ഈ ഘട്ടത്തില്‍ വേണ്ട എന്നായിരുന്നു അബൂബക്‌റിന്റെ അഭിപ്രായം. അതാണ് സ്വീകരിക്കപ്പെട്ടതും.5

ഹുദൈബിയ സന്ധി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, പ്രവാചകന്‍ ഖിറാശു ബ്‌നു ഉമയ്യ എന്നൊരാളെ തന്റെ പ്രതിനിധിയായി മക്കയിലേക്ക് അയച്ചിരുന്നു. ചില പ്രാഥമിക അന്വേഷണങ്ങള്‍ക്ക് വേണ്ടിയായിരുന്നു അത്. മക്കക്കാര്‍ അദ്ദേഹത്തിന്റെ ഒട്ടകത്തെ കൊലപ്പെടുത്തി. പിന്നെ അദ്ദേഹത്തെയും കൊലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അഹാബീശുകാര്‍ ഇടപെട്ടാണ് പ്രവാചകന്റെ ഈ പ്രതിനിധിയെ രക്ഷപ്പെടുത്തിയത്. അദ്ദേഹം മുസ്‌ലിം ക്യാമ്പില്‍ തിരിച്ചെത്തിയപ്പോള്‍, അതേ ദൗത്യവുമായി പ്രവാചകന്‍ ഉസ്മാനു ബ്‌നു അഫ്ഫാനെ മക്കയിലേക്ക് പറഞ്ഞയച്ചു.6

പിന്നീട് നിരവധി മക്കന്‍ പ്രമുഖര്‍ പ്രവാചകനെ കാണാനായി വന്നിരുന്നു. അവരില്‍ അഹാബീശ് മുഖ്യന്‍ ഹുലൈസും ഉണ്ടായിരുന്നു. പ്രവാചകന്റെ നിര്‍ദേശപ്രകാരം മുസ്‌ലിംകള്‍ അദ്ദേഹത്തിന് ബലിയറുക്കാനുളള ഒട്ടകങ്ങളെ കാണിച്ചുകൊടുത്തു. ഹുദൈബിയയില്‍ തമ്പടിച്ച മുസ്‌ലിംകള്‍ സമാധാനം മാത്രമേ കാംക്ഷിക്കുന്നുള്ളൂവെന്ന് ഹുലൈസിന് ബോധ്യമായി. അദ്ദേഹം മക്കയില്‍ ചെന്ന് മുസ്‌ലിംകളുമായി സമാധാനത്തിലാവാനും അവര്‍ക്ക് കഅ്ബാ സന്ദര്‍ശനം അനുവദിക്കാനും ഖുറൈശികളെ ഉപദേശിച്ചു. മക്കയില്‍ കടക്കാന്‍ മുസ്‌ലിംകളെ അനുവദിച്ചില്ലെങ്കില്‍ അഹാബീശിനെ മക്കക്കെതിരെ താന്‍ ഇളക്കിവിടുമെന്നുവരെ അദ്ദേഹം ഭീഷണിപ്പെടുത്തി.7 ഒടുവില്‍ ഹുദൈബിയ സമാധാന സന്ധി യാഥാര്‍ഥ്യമായി. സന്ധി വ്യവസ്ഥകള്‍ ഒപ്പുവെക്കുമ്പോള്‍ ഖുറൈശികള്‍ക്കൊപ്പം8 ബനൂബക്ര്‍, അഥവാ അഹാബീശ് ഉണ്ടായിരുന്നു. ഇതേ ബനൂബക്ര്‍ തന്നെയാണ് പിന്നീട് ഹുദൈബിയ സന്ധി വ്യവസ്ഥകള്‍ ലംഘിക്കാന്‍ ഇടവരുത്തിയതും. അതാണല്ലോ പിന്നീട് മുസ്‌ലിംകളുടെ മക്കാവിജയത്തില്‍ കലാശിച്ചത്. മുസ്‌ലിംകള്‍ക്ക് മക്കയില്‍ നേരിടേണ്ടിവന്ന ഏക ചെറുത്തുനില്‍പ്പ് അഹാബീശില്‍നിന്നായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.9

മക്കാവിജയം കഴിഞ്ഞയുടനെ ഉണ്ടായ പ്രശസ്തമായ ബനൂ ജദീമ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതും അഹാബീശാകാനാണ് സാധ്യത. നഫാതഃ ഗോത്രം അഹാബീശിന്റെ ഭാഗമാണെന്ന് എല്ലാവര്‍ക്കുമറിയാം. നഫാതയുടെ സഹോദരന്റെ പിന്മുറക്കാരാണ് ജദീമക്കാര്‍ എന്നതിനാല്‍ അവരും അഹാബീശിന്റെ ഭാഗം തന്നെയാവണം. സംഭവിച്ചത് ഇതാണ്: ദൈവത്തിന്റെ ഖഡ്ഗം എന്ന് അറിയപ്പെടുന്ന ഖാലിദു ബ്‌നു വലീദിനെ പ്രവാചകന്‍ ഗുമൈസയില്‍ താമസിക്കുന്ന ജദീമക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി പറഞ്ഞയച്ചു. ഒരു ലക്ഷണമൊത്ത പ്രബോധകന്‍ ആയിക്കഴിഞ്ഞിട്ടില്ലാത്ത ഈ സൈനിക കമാന്‍ഡര്‍ വളരെ പരുഷമായാണ് അവരോട് പെരുമാറിയത്. ജദീമക്കാര്‍ ഇസ്‌ലാമിന്റെ ശത്രുക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരായിരുന്നു എന്നതും ഈ പരുഷമായ ഇടപെടലിന് കാരണമായിട്ടുണ്ടാവും. ഇതിനെ പ്രവാചകന്‍ പരസ്യമായി തള്ളിപ്പറയുകയും ജദീമക്കാരില്‍നിന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അസാധാരണമായ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുകയും ചെയ്തു.10 മക്കയിലെ മുസ്‌ലിംകളല്ലാത്ത പണമിടപാടുകാരോട് കടം വാങ്ങിയാണ് പ്രവാചകന്‍ ഈ തുക കണ്ടെത്തിയതെന്ന് ബലാദുരി11 രേഖപ്പെടുത്തുന്നു.

 

അഹാബീശിന്റെ സ്ഥാനം

തങ്ങളുടെ യുദ്ധ കൂട്ടാളികളെന്ന നിലക്ക് ഖുറൈശികള്‍ അഹാബീശിന് ആനുകൂല്യങ്ങള്‍ അനുവദിക്കാറുണ്ടായിരുന്നെങ്കിലും അവര്‍ മക്കക്കാരുടെ കേവലം കൂലിപ്പടയായിരുന്നില്ല. മക്കക്കാര്‍ക്ക് തുല്യരായി പരിഗണിക്കപ്പെട്ടിരുന്ന, മുഴുവന്‍ അവകാശങ്ങളുമുള്ള സഖ്യകക്ഷികള്‍ തന്നെയായിരുന്നു അവര്‍. അബൂബക്ര്‍ സിദ്ദീഖിന് താന്‍ അഭയം നല്‍കിയതായി അഹാബീശ് തലവന്‍ ഇബ്‌നുദ്ദുഗ്‌ന മക്കക്കാരുടെ മുമ്പില്‍ വിളംബരപ്പെടുത്തുന്നത്, ഉഹുദില്‍ വെച്ച് മുസ് ലിംകളുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിനെതിരെ അബൂസുഫ്‌യാനെ മറ്റൊരു അഹാബീശ് പ്രമുഖന്‍ ഹുലൈസ് കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്, തീര്‍ഥാടനത്തിന് വേണ്ടി വരുകയും എന്നിട്ട് ഹുദൈബിയയില്‍ തമ്പടിക്കേണ്ടി വരികയും ചെയ്ത മുസ്‌ലിംകളുമായി സമാധാന സന്ധി ഉണ്ടാക്കിയില്ലെങ്കില്‍ മക്കക്കാരെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന അഹാബീശ് പ്രമുഖരുടെ മുന്നറിയിപ്പ് ഇതെല്ലാം കാണിക്കുന്നത് ഖുറൈശികളോളം സ്ഥാനവും സ്വാധീനവുമുള്ളവര്‍ തന്നെയായിരുന്നു അഹാബീശ് എന്നാണ്.

അഹാബീശ് ആരാധിച്ചിരുന്നത് ഇസാഫ, നാഇല എന്നീ വിഗ്രഹങ്ങളെയായിരുന്നുവെന്ന് ഇബ്‌നു ഹബീബ്12 രേഖപ്പെടുത്തിയിട്ടുണ്ട്. ഉക്കാള് വാര്‍ഷികച്ചന്തയില്‍ അവര്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. ഹി. 8-ാം വര്‍ഷം നടന്ന മക്കാ വിജയത്തിനു ശേഷം അഹാബീശ് ഗോത്രങ്ങള്‍ ഒന്നാകെ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടാവണം, അവരുടെ സഖ്യകക്ഷികളായ ഖുറൈശികളെപ്പോലെ. അഹാബീശ് എന്ന ഗോത്രസഖ്യം വഴക്കോ തെറ്റിപ്പിരിയലോ ഒന്നുമില്ലാതെ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം നിലനിന്നു, ഇസ്‌ലാം പൂര്‍വ അറബ് ചേതനയുടെ ഒരു അടയാളമായി.

 (തുടരും)

 

കുറിപ്പുകള്‍:

1. 'മക്കയിലെ അഹാബീശ്' എന്ന എന്റെ ഫ്രഞ്ച് ലേഖനത്തില്‍ കൂടുതല്‍ വിവരണമുണ്ട്. ഇബ്‌നുല്‍ കല്‍ബി - ജംഹറ, പേ: 48-9, ബലാദുരി - അന്‍സാബ് I, III, No. 122, 135, 182, 184, മുസ്അബ് - നസബു ഖുറൈശ്, പേ: 9, 15, യഅ്ഖൂബി I, 278-9, ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേ: 246, 267, 318, മുഹമ്മഖ് പേ: 275-9, യാകൂത്ത് - മുഅ്ജമുല്‍ ബുല്‍ദാന്‍, ഒപ്പം ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു സഅ്ദ് തുടങ്ങിയവര്‍ നല്‍കിയ ഇന്‍ഡക്‌സുകളും ശ്രദ്ധിക്കുക. കൂടാതെ വാറ്റ്(Watt) തന്റെ Muhammad at Mecca എന്ന കൃതിയില്‍ നല്‍കിയ അനുബന്ധവും. ത്വബരിയുടെ (അദ്ദേഹത്തിന്റെ തഫ്‌സീര്‍ കാണുക) വിവരണപ്രകാരം, അബ്‌റഹത്തിന്റെ മക്കാ അധിനിവേശക്കാലത്ത് അഹാബീശ് ഖുറൈശികള്‍ക്കൊപ്പം ഉറച്ചുനിന്നിരുന്നു.

2. ബുഖാരി 25:45, അബൂദാവൂദ് 11:86

3. ബലാദുരി II, 722

4. ഇംതാഅ് I, 255

5. ബുഖാരി 64:37 (No: 28)

6. ഇബ്‌നു ഹിശാം പേ: 745, ത്വബരി I, 1539

7. ഇബ്‌നു ഹിശാം, പേ: 743, ത്വബരി I, 1538-9, ഇബ്‌നു സഅ്ദ് II/I, പേ: 70

8. ഇബ്‌നു ഹിശാം പേ: 804, ഇബ്‌നു സഅ്ദ് I/II പേ: 97

9. മഖ്‌രീസി I, 378

10. ഇബ്‌നു ഹിശാം പേ: 833-9

11. ബലാദുരി I, 817

12. ഇബ്‌നു ഹബീബ്- മുഹബ്ബര്‍, പേ; 276,318

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം