Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

വിശുദ്ധ ഖുര്‍ആനും നിരന്തരമായ അര്‍ഥോല്‍പാദനവും

നവീദ് കിര്‍മാനി

ഖുര്‍ആനും സൗന്ദര്യശാസ്ത്രവും-2

ഏതൊരു ഭാഷയും പൂര്‍ണമാകുന്നത് അത് വ്യക്തവും സംവേദനക്ഷമവുമാകുമ്പോഴാണ്. അതേസമയം ആ ഭാഷയില്‍ അടങ്ങിയിരിക്കുന്ന സന്ദേശം തുറന്നതും നിര്‍ണിതമായ നിര്‍വചനങ്ങള്‍ അസാധ്യമാക്കുന്നതുമായിരിക്കുക എന്നതാണ് അതിന്റെ സൗന്ദര്യശാസ്ത്രപരമായ ഉള്ളടക്കത്തെ നിര്‍ണയിക്കുന്നത്. അഥവാ, തുറന്ന വ്യാഖ്യാനസാധ്യതകളാണ് ഏതൊരു സാഹിത്യരൂപത്തെയും സൗന്ദര്യാത്മകമാക്കുന്നത്. ഖുര്‍ആന്റെ കാര്യവും അതുതന്നെയാണ്. വളരെ നിര്‍ണിതവും അടഞ്ഞതുമായ നിര്‍വചനങ്ങളില്‍ ഖുര്‍ആനെ അടക്കിനിര്‍ത്തുക ദൈവശാസ്ത്രപരമായിത്തന്നെ അസാധ്യമായതിനാലാണ് അതൊരു മികച്ച സൗന്ദര്യശാസ്ത്രദര്‍ശനമാകുന്നത്. ഉദാഹരണത്തിന് സൂറത്തുന്നൂറിലെ മുപ്പത്തഞ്ചാം സൂക്തം നമുക്കൊന്ന് പരിശോധിക്കാം: ''അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീകൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനു മേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.'' 

വിവര്‍ത്തനത്തിന്റെ ഭാഷയിലേക്ക് ഒരിക്കലും അതിന്റെ പൂര്‍ണതയില്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്തവിധം ഭാഷാശാസ്ത്രപരമായി മനോഹരമാണ് ഈ സൂക്തം. അതിനാല്‍തന്നെ അത്ര എളുപ്പത്തില്‍ ഇത് മനസ്സിലാക്കാന്‍ കഴിയില്ല. അറബിഭാഷയെ വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പരിമിതിയാണത്. ഈ സൂക്തം തന്നെ പരിശോധിച്ചാല്‍ വാക്കുകളെ സംഗ്രഹരൂപത്തിലാണ് രൂപീകരിച്ചിരിക്കുന്നതെന്നു കാണാം. ഉദാഹരണത്തിന് മഥലു നൂരിഹി ക മിശ്കാത്തിന്‍ ഫീഹാ മിസ്വ്ബാഹ് എന്ന വാക്യഘടന ഒന്ന് പരിശോധിച്ചുനോക്കൂ. വാക്കുകളെ വളരെ സംക്ഷിപ്തമായി അടുക്കിവെച്ചിരിക്കുന്നത് അതില്‍ കാണാം. അതുപോലെ ഈ സൂക്തത്തിലെ ഓരോ ഉപവാക്യവും കൈകാര്യം ചെയ്യുന്ന വിഷയം മനസ്സിലാക്കുക എന്നതും പ്രയാസകരം തന്നെയാണ്. ഉദാഹരണത്തിന് എന്താണ് അനുഗൃഹീതമായ ഒരു വൃക്ഷം കത്തിക്കുന്നത് (സൂക്തത്തിലെ ആറാം വരി കാണുക) എന്ന് മനസ്സിലാകാന്‍ ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. നക്ഷത്രമാണോ സ്ഫടികക്കൂടാണോ, അല്ലെങ്കില്‍ വിളക്കാണോ? എന്താണ് അനുഗൃഹീതമായ വൃക്ഷം കത്തിക്കുന്നത്? ഇത്തരം ചില ഇമേജുകള്‍ വളരെ പെട്ടെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. അതേസമയം സൂര്യനെയും നക്ഷത്രത്തെയും വിളക്കിനെയുമൊക്കെ ദൈവികപ്രകാശത്തിന്റെ രൂപകമായി ഒരാള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഒരു വിളക്കുമാടവുമായി ദൈവികപ്രകാശത്തെ തുലനം ചെയ്യുന്നത് (അതിലടങ്ങിയിരിക്കുന്ന വെളിച്ചത്തിനു പകരം) അപ്രതീക്ഷിതം തന്നെയാണ്. ചില ചോദ്യങ്ങള്‍ അതുയര്‍ത്തുന്നുണ്ട്. അതുപോലെ ഒരു മരത്തില്‍നിന്നും വിളക്കു കത്തുക എന്നതും അസാധാരാണം തന്നെയാണ്. മാത്രമല്ല, ഒരു ഒലീവ് മരം കൂടിയാണത്. അതിന്റെ എണ്ണയാണെങ്കില്‍ പ്രകാശിക്കുന്നുമുണ്ട്. എന്നുമുതലാണ് മരങ്ങള്‍ വിളക്കു കത്തിക്കാന്‍ തുടങ്ങിയത്? ഒലീവ് മരത്തിന്റെ തിളങ്ങുന്ന എണ്ണ എന്നതുകൊണ്ട് എന്താണര്‍ഥമാക്കുന്നത്? ആധുനിക കവിതയില്‍ ഇത്തരം ഇമേജുകള്‍ സര്‍റിയലിസത്തിന്റെ ആവിഷ്‌കാരങ്ങളായാണ് വായിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ അവ വ്യാഖ്യാനം അനിവാര്യമാക്കിത്തീര്‍ക്കുന്നുണ്ട്. നമ്മുടെ സൂക്തത്തിലേക്ക് വരുമ്പോള്‍ സംഗതി കുറച്ചുകൂടി രസമാണ്. കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവുമരം എന്നാണതില്‍ പറയുന്നത്. ഒലീവു മരത്തെക്കുറിച്ച് പറയുന്ന ഒരു വാക്യത്തില്‍ എന്തിനാണ് കിഴക്കും പടിഞ്ഞാറുമൊക്കെ കടന്നുവരുന്നത്? ഭാഷയുടെ മുഴുവന്‍ കീഴ്‌വഴക്കങ്ങളെയും ഘടനയെയും കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് ഇവിടെ ഒലീവുമരം യാഥാസ്ഥിതിക ഭാഷാസ്‌നേഹികളെ ഞെട്ടിക്കുന്നത്. ഭാഷയെ തകര്‍ത്തുകൊണ്ട് അര്‍ഥങ്ങളുടെ ബാഹുല്യത്തെയാണ് അത് സാധ്യമാക്കുന്നത്. അഥവാ, വിളക്കുമാടവും വിളക്കും സ്ഫടികക്കൂടും ഒലീവുമരവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അലഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവികപ്രകാശത്തിന്റെ ഇമേജാണ് അവ സൃഷ്ടിക്കുന്നത്. വൈവിധ്യമാര്‍ന്ന വ്യാഖ്യാനസാധ്യതകളാണ് അവ തുറന്നുതരുന്നത്. 

ഈ സൂക്തമിറങ്ങിയ കാലത്ത് ഒരുപക്ഷേ സ്വഹാബികള്‍ക്ക് (അതിന്റെ ആദ്യ കേള്‍വിക്കാര്‍) അതിലടങ്ങിയ താരതമ്യം മനസ്സിലായിട്ടുണ്ടാകണം. ഒലീവു മരം എന്താണെന്നും ലാ ശര്‍ഖിയ്യ വലാ ഗര്‍ബിയ്യ എന്ന് അതിനെക്കുറിച്ച് സൂചിപ്പിച്ചതിലൂടെ എന്താണ് ഖുര്‍ആന്‍ അര്‍ഥമാക്കുന്നതെന്നും അവര്‍ക്ക് ഒരുപക്ഷേ ബോധ്യമായിട്ടുണ്ടാകും. ഒരുപക്ഷേ നമ്മെപ്പോലെത്തന്നെ അവര്‍ക്കും ആ സൂക്തത്തെ  നേരിട്ട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അനന്തമായ വ്യാഖ്യാനസാധ്യതകള്‍ അവരും കണ്ടിട്ടുണ്ടാകണം. തീര്‍ച്ചയായും അവ്യക്തമായ ചെറുവാക്യങ്ങളും അദൃശ്യമായ ഇമേജുകളുമാണ് ആ സൂക്തത്തെ കാവ്യാത്മകമാക്കുന്നത്. ദൈവശാസ്ത്രകാരന്മാരായ സമഖ്ശരിയും ജുര്‍ജാനിയും ഖുര്‍ആന്റെ ഇത്തരത്തിലുള്ള അവ്യക്തതയെയും അദൃശ്യതയെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 

സമീപസ്ഥമായ മനസ്സിലാക്കലുകളെ തടഞ്ഞുകൊണ്ട് വാക്കുകളുടെയും ചിഹ്നങ്ങളുടെയും അനന്തമായ ആകാശങ്ങളിലേക്ക് കേള്‍വിക്കാരനെ കൊണ്ടുപോവുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ മാത്രമാണ് അര്‍ഥങ്ങളുടെ ബാഹുല്യം സൃഷ്ടിക്കപ്പെടുക. ഓരോ നോട്ടത്തിലും വികസിതമാവുന്ന സാഹിത്യത്തെക്കുറിച്ച് ഉംബെര്‍ട്ടോ എക്കോ സംസാരിക്കുന്നുണ്ട്. അനന്തമായ അര്‍ഥോല്‍പ്പാദനം ഖുര്‍ആന്‍ വായനയിലൂടെ ഒരാള്‍ക്ക് സാധ്യമായില്ലെങ്കില്‍ അയാള്‍ക്ക് അല്ലാഹുവെയും തൗഹീദിനെയും മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് സമഖ്ശരി പറയുന്നത്. തീര്‍ച്ചയായും സമഖ്ശരിയും എക്കോയും പറയുന്നത് ഒരേ കാര്യമല്ല. ഒരാള്‍ സാഹിത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ മറ്റെയാള്‍ ദൈവവചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം വാക്കുകളുടെ അര്‍ഥത്തെയും അതിന്റെ സ്വീകരണത്തെയും  കുറിച്ച രണ്ടു പേരുടെയും കാഴ്ചപ്പാടുകളില്‍ സാമ്യതയുണ്ട്. അഥവാ, സമഖ്ശരിയും എക്കോയും സംസാരിക്കുന്നത് സൗന്ദര്യശാസ്ത്ര പ്രക്രിയയെും സൗന്ദര്യശാസ്ത്ര സ്വീകരണത്തെയും കുറിച്ചാണ്. 

വളരെ ലളിതമായി വായിച്ചുപോകാന്‍ പറ്റിയ ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. വായനക്കാരനില്‍നിന്നും കേള്‍വിക്കാരനില്‍നിന്നും നിരന്തരമായ ചിന്തയും മനനവും വ്യാഖ്യാനവും അതാവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്,  പ്രവാചക കഥകളുടെ ഖുര്‍ആനിക ആഖ്യാനം പരിശോധിച്ചുനോക്കുക. വളരെ രസകരമായാണ് പ്രവാചകന്മാരെക്കുറിച്ചും അവരുടെ സമൂഹങ്ങളെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നത്. അഥവാ, പ്രവാചക കഥകളിലെ വളരെ പ്രധാനപ്പെട്ട വ്യക്തികളെയെല്ലാം പേരെടുത്ത് പരാമര്‍ശിക്കാതെ വിശേഷണങ്ങളിലൂടെയാണ് പരിചയപ്പെടുത്തുന്നത്. സൂറഃ യൂസുഫില്‍ യഅ്ഖൂബ് നബിയുടെയും സുലൈഖയുടെയും പേര് വെളിപ്പെടുത്തുന്നില്ല. അതുപോലെ സ്ഥലങ്ങളും കാലങ്ങളും വളരെ അപൂര്‍വമായാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഇദ് (then), ലമ്മാ (when) തുടങ്ങിയ പദങ്ങളിലൂടെയാണ് സ്ഥലകാലങ്ങളെ ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്. പൂര്‍ത്തീകരിക്കാത്ത വാക്യങ്ങളും ഇടക്കിടെയുള്ള വ്യാകരണത്തിലെ മാറ്റങ്ങളും നിഗൂഢമായ രൂപകങ്ങളും അവ്യക്തമായ സൂചനകളും ഒരു ഖുര്‍ആന്‍ വായനക്കാരനെ കൊണ്ടുപോകുന്നത് ഭാഷയുടെ വളരെ ഘടനാപരമായ ഇടുങ്ങിയ ലോകത്തിനുമപ്പുറത്തേക്കാണ്. അവിടെയും തീരുന്നില്ല പുതുമകള്‍. തുടര്‍ച്ചയായി വിഷയങ്ങളെ മാറ്റിക്കൊണ്ടേയിരിക്കുക എന്നത് ഖുര്‍ആനിന് ഒരു ഹരമാണ്. ഒരു വിഷയം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലായിരിക്കും അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊരു വിഷയത്തിലേക്ക് കടക്കുക. അതുപോലെ ആഖ്യാനഘടനയും രീതിയുമെല്ലാം നിമിഷങ്ങള്‍ക്കകം മാറിമറിഞ്ഞുകൊണ്ടിരിക്കും. രേഖീയമായി കാലത്തെയും സമയത്തെയും ഭാഷയെയും വ്യവഹാരത്തെയുമെല്ലാം മനസ്സിലാക്കുന്ന സാധാരണ മനുഷ്യരെ സ്തംഭിപ്പിച്ചുകൊണ്ട് അരേഖീയമായ (Nonlinear) സമയവും കാലവും ഭാഷയുമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ഓറിയന്റലിസ്റ്റുകള്‍ക്ക് ഈ കളി പിടിത്തം കിട്ടാത്തതുകൊണ്ടാണ് അവര്‍ക്ക് ഖുര്‍ആന്‍ വിവര്‍ത്തനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. അതിനാല്‍തന്നെ ഖുര്‍ആന്റെ വളരെ സവിശേഷമായ പദപ്രയോഗങ്ങളെയും സൂചനകളെയും ആഖ്യാനഘടനയെയും മനസ്സിലാക്കണമെങ്കില്‍ ചരിത്രത്തെയും ഭാഷയെയും വ്യവഹാരത്തെയും കുറിച്ചുള്ള രേഖീയമായ (Linear) ബോധങ്ങളില്‍നിന്നും നാം പുറത്തുകടക്കേണ്ടതുണ്ട്.

വ്യാകരണത്തിന്റെയും (Grammar) വാക്യഘടനയുടെയും (Syntax) വളരെ പരിചിതവും പരമ്പരാഗതവുമായ കീഴ്‌വഴക്കങ്ങളെ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നതെങ്ങനെയെന്ന് അല്ലാഹുവിന്റെ നൂറിനെക്കുറിച്ച ആയത്തിനെ മുന്‍നിര്‍ത്തി നാം ചര്‍ച്ച ചെയ്യുകയുണ്ടായി. ഇനി സൂറത്തുല്‍ ഖാരിഅയെ നമുക്കൊന്ന് പരിശോധിച്ചുനോക്കാം. ആ സൂറത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്: 'ആ ആ ഭയങ്കര സംഭവം (അല്‍ഖാരിഅ), എന്താണാ ഭയങ്കര സംഭവം? (മല്‍ഖാരിഅ), ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം? (വമാ അദ്‌റാക മല്‍ഖാരിഅ).'

ഇവിടെ ഖാരിഅ എന്ന പദത്തെ നിര്‍വചിക്കുക പ്രയാസകരമാണ്. ഒറ്റക്ക് നില്‍ക്കുന്ന പദമാണത്. സവിശേഷമായ എന്തെങ്കിലും ധര്‍മം അതിന് നിര്‍വഹിക്കാനില്ല. ഖാരിഅ എന്ന പദത്തിനു ശേഷം വരുന്നത് മല്‍ഖാരിഅ എന്ന ചോദ്യമാണ്. ഖാരിഅ എന്ന പദത്തിന്റെ ഭാഷാപരമായ എല്ലാ അവ്യക്തതകളും നിലനിര്‍ത്തിക്കൊണ്ടാണ് മല്‍ഖാരിഅ എന്ന ചോദ്യം ഖുര്‍ആന്‍ ഉന്നയിക്കുന്നത്. അതേസമയം എന്താണ് ഖാരിഅ എന്നതിനുത്തരം ഖുര്‍ആന്‍ തന്നെ നല്‍കുമെന്ന പ്രതീക്ഷയും ആ ചോദ്യത്തിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. വമാ അദ്‌റാക മാ എന്ന ചോദ്യം വായനക്കാരന് സമ്മാനിക്കുന്നത് ഒരു പ്രഹേളികയാണ്. അപ്പോള്‍ ഈ അധ്യായം വാക്യഘടനാപരമായ ഒരു നിഗൂഢതയെ (Syntactical Mystery) നിര്‍മിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ വിഷയത്തെ നീട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ആ നിഗൂഢത. അഥവാ, എന്താണാ ഭയങ്കര സംഭവം, ആ ഭയങ്കര സംഭവം എന്തെന്ന് നിനക്കെന്തറിയാം തുടങ്ങിയ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്നോണമാണ് നാലാമത്തെയും അഞ്ചാമത്തെയും സൂക്തങ്ങള്‍ നല്‍കിയിട്ടുള്ളത്: 'അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും, പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളിരോമം പോലെയും.'  എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി നല്‍കാതെ വളരെ അവ്യക്തവും നിഗൂഢവുമായി ഭാഷ കൊണ്ട് കളിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. റൊണാള്‍ഡ് ബാര്‍ത്തെസ് എഴുത്തിന്റെ ഈ കളിയെക്കുറിച്ച് പറയുന്നുണ്ട്: 'എഴുതുക എന്നാല്‍ ലോകത്തിന്റെ അര്‍ഥത്തെ അപായപ്പെടുത്തലാണ്. പരോക്ഷമായ ഒരു ചോദ്യത്തെ സമ്മാനിച്ചുകൊണ്ട് അതിനുത്തരം നല്‍കുന്നതില്‍നിന്നും വിട്ടുനില്‍ക്കുന്ന പ്രവര്‍ത്തനമാണ് എഴുത്ത്.' ഈ സൂറത്തില്‍ വാക്കുകളുടെയും വാക്യഘടനകളുടെയും അവ്യക്തതയല്ല നിഗൂഢത സൃഷ്ടിക്കുന്നത്. മറിച്ച്, ഓരോ പദവും കൊണ്ടുവരുന്ന ഇമേജാണ്. ചിന്നിച്ചിതറിയ പാറ്റയും കടഞ്ഞ കമ്പിളിരോമവുമെല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെയും പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളിരോമം പോലെയും ആകുന്നത് സങ്കല്‍പ്പിക്കാനാവുക? 

വളരെയധികം ഗൗരവതരവും എന്നാല്‍ നിര്‍വചനം അസാധ്യവുമായ ഒരു കാര്യം സംഭവിക്കാന്‍ പോവുകയാണ് എന്ന പ്രതീതി വായനക്കാരനില്‍ സൃഷ്ടിക്കുകയാണ് ഈ അധ്യായം ചെയ്യുന്നത്. വാക്കുകളുടെ വളരെ ഇമ്പമുള്ള വിന്യാസത്തിലൂടെയാണ് അത് സാധ്യമാകുന്നത്. ഇവിടെ ഖുര്‍ആന്‍ സംവദിക്കുന്നത് വ്യാവഹാരികമായ തലത്തില്‍ മാത്രമല്ല. വൈകാരികവും കാവ്യാത്മകവുമായ സംവേദനവും അത് സാധ്യമാക്കുന്നുണ്ട്. അനുഭവപരവും സൗന്ദര്യശാസ്ത്രപരവുമായ സംവേദനമാണത്. അഥവാ, ശബ്ദത്തിലൂടെയും താളത്തിലൂടെയും ഇമേജുകളിലൂടെയുമാണ് ഖുര്‍ആന്‍ ഇവിടെ സംസാരിക്കുന്നത്. അതിനാല്‍തന്നെ വളരെ നിര്‍ണിതമായ ഒരാശയത്തെ അതിലൂടെ രൂപപ്പെടുത്തുക എന്നത് തികച്ചും അസാധ്യമാണ്. അനന്തമായ വ്യാഖ്യാനസാധ്യതകള്‍ തുറന്നുവെക്കുകയാണ് അതിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. സാമുവെല്‍ ബെക്കെറ്റ് ഒരിക്കല്‍ പറഞ്ഞത്, തത്ത്വചിന്താപരമായ സംജ്ഞകളിലൂടെ താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പിന്നെ താന്‍ നോവലെഴുതുമായിരുന്നില്ല എന്നാണ്. കാവ്യാത്മകമായ സംവേദനത്തിന്റെ സവിശേഷതയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഖുര്‍ആന്റെ നിരന്തരമായ അര്‍ഥോല്‍പ്പാദനവും അതിന്റെ കവിതാത്മകതയിലൂടെയാണ് സാധ്യമാകുന്നത്. അര്‍ഥത്തെ കൊട്ടിയടക്കാതെ ഒരു പ്രഹേളിക എപ്പോഴും മുന്നോട്ടുവെക്കാന്‍ ഖുര്‍ആന് കഴിയുന്നതും അതുകൊണ്ടാണ്. ഏതൊരു സൗന്ദര്യശാസ്ത്ര ദര്‍ശനവും അടിസ്ഥാനപരമായി ഒരു പ്രഹേളികയാണല്ലോ. അതേസമയം പ്രഹേളികക്കു പകരം വളരെ നിര്‍ണിതമായ അര്‍ഥത്തെയാണ് ഒരു സൃഷ്ടി ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ ആ സൃഷ്ടിയുടെ കഥ അവിടെ തീര്‍ന്നു. 

മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്റെ അവ്യക്തത തന്നെയാണ് അതിന്റെ പൂര്‍ണതയും. മുഹമ്മദ്  നബി(സ)ക്കു പോലും ദൈവികവചനത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുാവില്ല. കാരണം മുഹമ്മദ് നബി ഖുര്‍ആന്റെ കര്‍ത്താവല്ലല്ലോ. പ്രവാചകന്റെ വാക്കുകള്‍ ഒരിക്കലും ഖുര്‍ആന്റെ വിവരണമല്ല. മറിച്ച് അതിന്റെ വ്യാഖ്യാനമാണ്. ഖുര്‍ആന്റെ ആദ്യത്തെ വ്യാഖ്യാനമാണ് പ്രവാചകന്റേത് എന്ന് പറയാവുന്നതാണ്. അപ്പോള്‍ ഖുര്‍ആന്റെ പ്രഹേളിക എന്നത് ദൈവശാസ്ത്രപരമായ പ്രതിസന്ധിയല്ല. മറിച്ച്, വളരെ അനിവാര്യമായ ദൈവികാവിഷ്‌കാരമാണ്. ഖുര്‍ആന്റെ ഓരോ അക്ഷരത്തെ കുറിച്ചും ആയിരം ഉള്‍ക്കാഴ്ചകള്‍ ഒരാള്‍ക്ക് നല്‍കിയാല്‍ പോലും ദൈവികവചനത്തിന്റെ സാരാംശത്തെ മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് സൂഫിയായിരുന്ന സഹ്ല്‍ അത്തുസ്താരി (മരണം ക്രി. 896) പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തോട് ചേര്‍ത്തുകൊണ്ട് മറ്റൊരു മിസ്റ്റിക്കായ അസ്സറാജ് (മരണം ക്രി. 988) എഴുതുന്നു: 'അല്ലാഹുവെപ്പോലെത്തന്നെ അവന്റെ ഗ്രന്ഥത്തിനും അന്ത്യമില്ല.' ഖുര്‍ആന്‍ എന്നത് ഭാഷയുടെയും ചരിത്രത്തിന്റെയുമെല്ലാം രേഖീയമായ ആഖ്യാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു സൗന്ദര്യദര്‍ശനം മുന്നോട്ടു വെക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. അനന്തമായ അര്‍ഥോല്‍പ്പാദനം ഖുര്‍ആന്‍ സാധ്യമാക്കുന്നത് ഈ സൗന്ദര്യദര്‍ശനം മൂലമാണ്.  (തുടരും)

വിവ: സഅദ് സല്‍മി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം