Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

ശംഭുലാല്‍ ഓര്‍മപ്പെടുത്തുന്നത് മോദികാലത്തെ മുസ്‌ലിം ജീവിതത്തിന്റെ വില

എ. റശീദുദ്ദീന്‍

രാജസ്ഥാനിലെ ആ ദുരന്തത്തെ കുറിച്ച് ഒന്നും എഴുതരുത് എന്നാണു അതു കണ്ട നിമിഷം വിവേകമുള്ള ആര്‍ക്കും തോന്നിയിട്ടുണ്ടാവുക. മോദി രാജ്യത്ത് കിട്ടാവുന്ന ഏറ്റവും വലിയ പ്രശസ്തിയും ഒരുവേള രാഷ്ട്രീയ പുനരധിവാസവുമൊക്കെയാണ് ശംഭുലാല്‍ എന്ന കൊലയാളി ആഗ്രഹിച്ചതെന്ന് അയാളുടെ പ്രവൃത്തി വിളിച്ചുപറയുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ ഇപ്പോഴത്തെ ഇന്ത്യയില്‍ തനിക്ക് ഇത് വലിയ സല്‍പ്പേരുണ്ടാക്കുമെന്ന് അയാള്‍ വിശ്വസിക്കുകയെങ്കിലും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ ഒരു ജിഹാദിയില്‍നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിച്ചു എന്ന് തന്റെ ഹീന കൃത്യത്തിനു ശേഷം ഫേസ്ബുക്കില്‍ കുറിച്ചിട്ടതും. ബി.ജെ.പിയുടെ പതിവ് വിഡ്ഢിവേഷമായിരുന്നുവെങ്കില്‍ പോലും മുഖ്താര്‍ അബ്ബാസ് നഖ്വി ഒരു കണക്കിന് ആശ്വാസമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. സംഭവത്തിനു രാഷ്ട്രീയമായോ വര്‍ഗീയമായോ ഉള്ള മാനങ്ങള്‍ തള്ളിക്കളഞ്ഞ് വെറുമൊരു തെമ്മാടിയുടെ മൃഗയാവിനോദമായി ചിത്രീകരിക്കലാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലത് എന്നത് സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം ആശയപരമായി കീഴടങ്ങല്‍ ആണെങ്കില്‍ പോലും  അതിനകത്ത് ഭരണകൂടം ഇത്രയും നാളും പാലൂട്ടി വളര്‍ത്തിയ ഹിന്ദുത്വ വിഷ പ്രചാരണങ്ങളുടെ ഒരുതരം തള്ളിപ്പറയലുമുണ്ട്. അതിലപ്പുറം മോദി രാജ്യത്ത് മുഹമ്മദ് അഫ്റാസുലിന് മറ്റെന്തു കിട്ടണം, എന്ത് കിട്ടുമെന്ന ചോദ്യം ബാക്കിയാവുന്നുമുണ്ട്. 

ശംഭു ലാലിനെ ഇങ്ങനെ ആക്കി മാറ്റിയെടുത്ത സനാതന വൈതാളിക ഗ്രൂപ്പുകളില്‍ സംഘ് പ്രത്യയശാസ്ത്ര അനുയായികള്‍ക്ക് ഈ കൊലപാതകത്തിന്റെ വീഡിയോ പങ്കുവെച്ച് ആത്മസായൂജ്യം അടയാമെങ്കിലും  ഹിന്ദു മതഭ്രാന്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമായാണ് ഇന്ത്യക്കു പുറത്ത് സംഭവം ചിത്രീകരിക്കപ്പെട്ടത്. ന്യൂയോര്‍ക് ടൈംസിലും മറ്റും വന്ന വാര്‍ത്തകളുടെ തലക്കെട്ട് തന്നെ ഈ അര്‍ഥത്തിലായിരുന്നു. ഒരു ഹിന്ദു മുസ്‌ലിമിനെ കൊന്നു വീഡിയോ ഫേസ്ബുക്കില്‍ ഇട്ടു എന്നതായിരുന്നു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും നല്‍കിയ വാര്‍ത്ത. ഇന്ത്യയില്‍ പശുവിന്റെ പേരില്‍ നടന്നുവരുന്ന കൊലപാതക പരമ്പരയുടെ മറ്റൊരു രൂപമായും വിദേശ മാധ്യമങ്ങള്‍ ഈ സംഭവത്തെ വിലയിരുത്തി. ഹിന്ദുക്കളെ രക്ഷിക്കാനായി താന്‍ ഒരു ജിഹാദിയെ കൊന്നു എന്ന ഇയാളുടെ വാക്കുകള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രത്യേകം എടുത്തു പറയുകയും ചെയ്തിരുന്നു.  

മറ്റൊരു കണ്ണിലൂടെ നോക്കിയാല്‍ കൊല്ലുന്നത് എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെയല്ലേ? വര്‍ഗീയ കലാപങ്ങളിലും രാഷ്ട്രീയ പകപോക്കലുകളിലും വെട്ടിയും കുത്തിയും കത്തിച്ചും ഒരു കാരണവുമില്ലാതെ കൊന്നുമുടിച്ചതിനു ശേഷം മുദ്രാവാക്യം വിളിച്ചും വിഷം തുപ്പിയും ഇറങ്ങിപ്പോകുന്നവര്‍ തമ്മില്‍ രാജസ്ഥാനിലാണെങ്കിലും മറ്റെവിടെയാണെങ്കിലും എന്ത് വ്യത്യാസം? വിശ്വാസവും രാഷ്ട്രീയവുമൊക്കെ വേറെ ആണെങ്കിലും മരണം മുന്നിലെത്തിയ നിമിഷം കൊലയാളികളോട് അഫ്റാസുലിനെ പോലെ 'ബാബൂ മുജ്ഹേ ചോഡ് ദോ' എന്ന് ആരും ജീവനു വേണ്ടി കെഞ്ചിയിട്ടുണ്ടാവില്ലേ? അതിന്റെ ഭാഷ ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും മലയാളം ആയാലും?  രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു മാത്രം സൈദ്ധാന്തിക പുണ്യം കല്‍പ്പിക്കുന്ന മലയാളിക്ക് മതത്തിന്റെ ചേരുവകള്‍ ചേര്‍ന്ന കൊലപാതകങ്ങളോടേ  ചൊരുക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടു പോലും ഇത്തരമൊരു പൈശാചിക കൃത്യം നടന്നിട്ടും ഇടതു പൊതുബോധം പോലും അപകടകരമായ രീതിയില്‍ മൗനം പാലിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.  

ചര്‍ച്ച ചെയ്യപ്പെടേണ്ട മറുവശവും ഇതു തന്നെയാണ്. പ്രത്യേകിച്ചും തന്റെ ക്രൂരത മറ്റുള്ളവര്‍ കാണട്ടെയെന്ന കൊലയാളിയുടെ നിലപാടും കണ്ടവര്‍ക്ക് അതിനോടുള്ള സമീപനവും. ഇത്തരം ബീഭത്സ ദൃശ്യങ്ങള്‍ കണ്ടിട്ടും മതിവരാത്തവരുടേതായ പുതിയ ഒരു ഇന്ത്യ വളര്‍ന്നു മുറ്റിയിരിക്കുന്നു. അവര്‍ക്കു വേണ്ടി ദേശീയ ടെലിവിഷനുകള്‍ അത് ലൗവ് ജിഹാദിന്റെ കണക്കില്‍ വരവു വെച്ച് കാണിച്ചുകൊണ്ടിരിക്കുന്നു. ഇനിയും 'ഉണരാത്ത'വര്‍ക്കും കെട്ട് ഇറങ്ങാത്തവര്‍ക്കുമായി താരോപദേശങ്ങള്‍ തൊട്ട് ഫോണിന്റെ പ്രോസസ്സര്‍ പോലും അടിച്ചുപോകുന്ന വര്‍ഗീയ 'വൈറസുകള്‍' വരെ നിത്യേനയെന്നോണം അത്താഴത്തിനും പ്രാതലിനും വാട്‌സ് ആപ്പില്‍ മുടങ്ങാതെ അയച്ചുകിട്ടുന്നു. ഈ പാഷാണ സന്ദേശങ്ങള്‍ വായിച്ചും ഇത്തരം ദൃശ്യങ്ങള്‍ പേര്‍ത്തും പേര്‍ത്തും കണ്ടാസ്വദിച്ചും വിജൃംഭിതരായി, കണ്‍മുന്നിലെത്തുന്ന ഏതു താടിക്കാരനും ഭീകരനും ജിഹാദിയും ആണെന്ന് ഉറച്ചു വിശ്വസിച്ചു ജീവിക്കുന്ന പാഴ്ജന്മങ്ങളിലൊന്നു  മാത്രമായിരുന്നു ഈ ശംഭുലാല്‍ എന്ന സ്വയം പ്രഖ്യാപിത 'രാജ്യസ്നേഹി.'   

ഒരു രാഷ്ട്രീയ സമൂഹത്തിനു മറ്റുള്ളവരെ കുറിച്ചോ ഒരു മതസമൂഹത്തിനു അവരല്ലാത്തവരെ കുറിച്ചോ തോന്നുന്ന പലതരം വിധിന്യായങ്ങളുടെ ഭാഗമായി അങ്ങാടിയില്‍ കുത്തേറ്റു വീഴാന്‍ ഇടയാകുന്നവരെ കുറിച്ച് എന്താണ് ഇന്ത്യയുടെ നിലപാട് എന്ന ചര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ ഒരുതരം നിസ്സംഗതയാണ് പൊതുസമൂഹത്തിന്റേതെന്നാണ് മൊത്തത്തില്‍ തോന്നുക. പക്ഷേ അതല്ല ഇപ്പോഴത്തെ ചിത്രം. ഇന്ത്യാ ചരിത്രത്തിലെ പ്രമാദമായ ഒരു കൂട്ട കൊലപാതകത്തെ ന്യായീകരിച്ചും അതേ കുറിച്ച അന്വേഷണങ്ങളെ വളച്ചൊടിച്ചും കുറ്റബോധത്തിന്റേതായ കണിക പോലും ജീവിതത്തില്‍ പ്രദര്‍ശിപ്പിക്കാതെയും പ്രധാനമന്ത്രി ആയ ഒരാള്‍ കാണിക്കുന്ന മാതൃക, ഇത്തരം കൊലപാതകങ്ങള്‍ക്ക് അദ്ദേഹം നല്‍കിപ്പോരുന്ന മൗനാനുവാദം, മാധ്യമങ്ങളില്‍ ഇത്തരം വംശീയ കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ഇരട്ടത്താപ്പോളം മുറ്റിയ പ്രചാരം, കേസിലെ ഇരകള്‍ക്കു ഭരണകൂടം നല്‍കാറുള്ള ഇരുട്ടടി, പ്രതികള്‍ക്ക് കിട്ടുന്ന രാഷ്ട്രീയ പിന്‍ബലവും നിയമ പരിരക്ഷയും, അത്തരം കൊലയാളികള്‍ക്ക് അദ്ദേഹത്തിന്റെ മന്ത്രിസഭയിലും പാര്‍ട്ടിയിലും ലഭിക്കുന്ന സ്ഥാനമാനങ്ങള്‍, അഥവാ സര്‍ക്കാര്‍ തുറന്നുവിടും മുമ്പേ ജയിലില്‍ കിടന്നു മരിച്ചാല്‍ കുടുംബത്തിന് ലഭിക്കുന്ന പാരിതോഷികങ്ങള്‍... ഇവയെല്ലാം ഒന്നിച്ചെടുക്കുമ്പോള്‍ മുസ്‌ലിം ജീവിതത്തിനു ലഭിക്കുന്ന വിലയെ കുറിച്ച ഒരു പൊതുബോധം പുതിയ കാലത്ത് രൂപപ്പെടുന്നുണ്ട്.  

ഈ കാഴ്ചയെ കുറിച്ച് എഴുതാതിരിക്കലാണ് നല്ലതെന്നു തോന്നിയതിനു വേറെയും കാരണങ്ങളുണ്ട്. കൊന്നവന്റെ കാരണം മതമാണെങ്കില്‍ പരസ്പരം ബന്ധിപ്പിക്കുന്ന വിശ്വാസങ്ങളുടെ കാണാച്ചരടുകളില്‍ ശംഭു ലാലുമാര്‍ മാത്രമല്ല ഉള്ളത്. കാണാനും കേള്‍ക്കാനും സംസ്‌കാരം നമുക്ക് കല്‍പ്പിച്ച ചില അതിര്‍വരമ്പുകളുണ്ടല്ലോ. അത് ലംഘിക്കപ്പെടുമ്പോഴെങ്കിലും പ്രതികരിക്കുന്നവര്‍ ഇപ്പോഴും കുറ്റിയറ്റു പോയിട്ടില്ല.. പത്മാവതിയുടെയോ എസ് ദുര്‍ഗയുടെയോ ദൃശ്യങ്ങള്‍ പ്രകോപിക്കുമെന്നു ഭരണകൂടം കരുതുന്ന നാട്ടിലാണ്, കൊലപാതക ദൃശ്യം ഒരു ടി.വിയും പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ നിയമങ്ങളുള്ളപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ കൈയിലുള്ള ഏതാണ്ടെല്ലാ 'രാജ്യസ്‌നേഹികളും' ഈയൊരു വീഡിയോ പ്രചരിപ്പിക്കുന്നത്. വേണമെങ്കില്‍ ഭരണകൂടത്തിന് വിലക്കാമായിരുന്ന കാഴ്ചയുടെ തന്നെ അറപ്പിന്റെ ചില തലങ്ങള്‍ അതിനുണ്ടായിരുന്നല്ലോ.    

കൊല്ലപ്പെട്ടയാളെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ചിത്രം പൂര്‍ണമായും മറ്റൊന്നായി. ഹിന്ദു പെണ്‍കുട്ടിയെ പ്രേമിച്ച ഒരു മുസ്‌ലിം യുവാവിനെ ലൗ ജിഹാദിന്റെ പേരില്‍ വെട്ടിക്കൊന്നു എന്ന ആ  വാര്‍ത്ത തന്നെ ശരിയായിരുന്നില്ല. ലൗ ജിഹാദ് നടത്തുന്നവര്‍ക്ക് പാഠം ആവാന്‍ വേണ്ടി ഒരു മുസ്‌ലിമിനെ പരസ്യമായി കൊന്നു ഫേസ് ബുക്കില്‍ ഇടുകയാണത്രെ ഉണ്ടായത്. ഗോവര്‍ധന്റെ കഴുത്തിനായിരുന്നു കുരുക്കു പാകം എന്നതുകൊണ്ട് കുറ്റവാളിക്കു പകരം അയാളെ തൂക്കിലേറ്റാന്‍ വിധിച്ച കാട്ടുനീതിയുടെ തനിയാവര്‍ത്തനം. പേരക്കുട്ടികള്‍  പോലുമുള്ള കൂലിത്തൊഴിലാളിയായ ഒരു മധ്യവയസ്‌കന് അല്ലെങ്കിലും രാജസ്ഥാനിലെ രാജസമുന്ദില്‍ എന്ത് ലൗ ജിഹാദ്!  ഒരു നേരത്തെ അപ്പം ഉണ്ടാക്കല്‍ തന്നെ ഒരുതരം ജിഹാദ്, അതായത് ഇസ്ലാമിന്റെ ഭാഷയനുസരിച്ചു കഠിന പരിശ്രമം, ആയിരുന്നല്ലോ അയാള്‍ക്ക്.  അത്ര ഉറപ്പുള്ള ചുവടുകളുമായിട്ടായിരുന്നില്ല അയാളുടെ നടത്തം പോലും. ജീവിതഭാരം കൊണ്ടു മുതുകു കുനിഞ്ഞിരുന്നില്ലേ എന്നൊരു  സംശയം. ഒരുപാട് ദിവസമായി പുളിക്കാന്‍ വെച്ച കപട ദേശീയതയുടെ കെട്ട കള്ളു  കുടിച്ച ഒരു മൃഗം സ്‌കൂട്ടറില്‍നിന്നും മഴു എടുത്തു പാഞ്ഞുവരുമ്പോഴും ജീവിതത്തിന്റെ മനക്കണക്കുകള്‍ പെരുക്കിക്കൂട്ടി അയാള്‍ മുന്നോട്ടു നടക്കുക തന്നെ ആയിരുന്നു. അഫ്റാസുലിന്റെ ഭാര്യ ഗുല്‍ബഹാര്‍ ബീവി പറയുന്നത് മകളുടെ വിവാഹം നടത്താനുള്ള ഓട്ടപ്പാച്ചിലില്‍ ആയിരുന്നു അയാള്‍ എന്നാണ്. അന്ന് കാലത്തു അക്കൗണ്ടിലിട്ട  പണം ബാങ്കുകാര്‍ തന്നെ വിഴുങ്ങിയോ അതോ ഭാര്യക്കു ലഭിച്ചോ എന്ന ആശങ്കയായിരിക്കാം അത്. ചായക്കടയില്‍ തീര്‍ക്കാന്‍ ബാക്കിയുള്ള  പറ്റുപടി  കണക്കിനെ കുറിച്ചോ തലേന്ന് ജോലി ഏല്‍പ്പിക്കുന്ന കാര്യം സംസാരിച്ചിട്ടും ഫോണൊന്നും വിളിക്കാത്ത ആ മാര്‍വാഡിയെ ഇനി എങ്ങനെ ബന്ധപ്പെടും എന്നോ മറ്റോ ആയിരിക്കണം അയാള്‍ ആലോചിച്ചുകൊണ്ടിരുന്നത്. 

ഇത്തരം കേസുകളില്‍ ഒരിക്കല്‍ പോലും പ്രതികളെ നിയമത്തിനു മുമ്പില്‍ കുടുക്കാന്‍ സഹായിക്കുന്ന ഒരു എഫ്. ഐ.ആര്‍ പോലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാവാറില്ല.  ശംഭുലാല്‍ ഒരു ലൗ ജിഹാദ് വിരുദ്ധ പോരാളി ആയിരുന്നു എന്നും മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ഇയാള്‍ ബംഗാളില്‍നിന്നും മോചിപ്പിച്ചുകൊണ്ടുവന്നിരുന്നു എന്നും ഒരു കഥ ആദ്യദിവസം തന്നെ മീഡിയ മെനഞ്ഞുണ്ടാക്കി. ബാബരി മസ്ജിദ് തകര്‍ച്ചയുടെ 25 വര്‍ഷം പൂര്‍ത്തിയായ വാര്‍ത്തകളില്‍നിന്നും വലിയൊരു ശ്രദ്ധതിരിക്കലും ഒപ്പം ഹിന്ദു ഹൃദയ സാമ്രാട്ട് ആയ മോദിയദ്ദേഹത്തിന്റെ നാട്ടിലെ തെരഞ്ഞെടുപ്പില്‍ 'കാര്യങ്ങള്‍ മുറ പോലെ' നടക്കുന്നുണ്ടെന്ന് അണികളെ ബോധ്യപ്പെടുത്തലുമൊക്കെ ഈ കൊലപാതകത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കാമെന്ന സംശയങ്ങളും തള്ളിക്കളയാനാവില്ല.  എന്നാല്‍ അങ്ങനെ ഒരു ഇര ഇല്ലെന്നു പിന്നീട് വ്യക്തമായി. ഈ കള്ളക്കഥ പോലീസ് സ്റ്റേഷനില്‍ വെച്ച് മെനഞ്ഞതാണെന്നും അത് മീഡിയയോട് പറയാന്‍ ശംഭു ലാലിന് പോലീസ് സൗകര്യം ചെയ്തുകൊടുത്തത് കേസ് അട്ടിമറിക്കാന്‍ ആയിരുന്നുവെന്നും തെളിഞ്ഞത് പറയപ്പെട്ട പെണ്‍കുട്ടി പ്രസ്തുത ആരോപണം നിഷേധിച്ചതോടെയാണ്. ഇനി ആ പെണ്‍കുട്ടിയെ ബംഗാളിലേക്ക് ആരെങ്കിലും തട്ടിക്കൊണ്ടുപോയിരുന്നുവെങ്കില്‍ പോലും അത് അഫ്റാസുല്‍ ആയിരുന്നില്ല. ശംഭുവിന്റെ ഏതോ പ്രണയനൈരാശ്യവുമായി ഈ കഥയെ കൂട്ടിക്കെട്ടാനും ചില മാധ്യമങ്ങള്‍ ശ്രമിച്ചു. പക്ഷേ കൊലയാളി സ്വയം വിശദീകരിച്ച ഫേസ്ബുക് പോസ്റ്റില്‍ നിലപാട് പകല്‍ പോലെ വ്യക്തമാക്കിയിരുന്നു. ജിഹാദികളില്‍നിന്നും ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനായിരുന്നു ഒരു പാവം തൊഴിലാളിയെ അയാള്‍ വെട്ടിയും ചുട്ടും കൊന്നത്.  

മോദി കാലത്തെ മുസ്ലിം ജീവിതത്തിന്റെ വില എന്തെന്ന് മാത്രമല്ല ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്. ബി.ജെ.പിയുടെ മതരാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരുന്ന നെറികെട്ട ആരോപണങ്ങള്‍ ജനസമൂഹങ്ങള്‍ തമ്മില്‍ അങ്ങാടിയില്‍ കത്തിയെടുത്തു തീര്‍ക്കാനുള്ളതാണെന്ന പൊതുബോധം ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാവിലേക്ക് പടര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്ന് കൂടിയാണ്. സോഷ്യല്‍ മീഡിയയുടെ ഉള്ളറകളില്‍ രഹസ്യ ഗ്രൂപ്പുകളുണ്ടാക്കിയാണ് നാട് ഭരിക്കുന്നവര്‍ ഒരു രാജ്യത്തെ മുഴുവന്‍ വിഷം തീണ്ടിക്കുന്നത്. നീലച്ചിത്രങ്ങളുടെ അടിമകളെ പോലെ വംശീയ വിദ്വേഷം പരത്തുന്ന വീഡിയോകള്‍ക്കുമുണ്ട് ഇന്ന് ശംഭു ലാലിനെ പോലെ കോടിക്കണക്കിനു ആസ്വാദകര്‍. കേരളത്തില്‍ ആര്‍.എസ്.എസ്സുകാരനെ കൊല്ലുന്നു എന്നതിന് തെളിവായി ബംഗ്ലാദേശിലെയോ അങ്ങ് ഉഗാണ്ടയിലെയോ ചിത്രങ്ങള്‍ യു.പിയിലോ ബിഹാറിലോ പ്രചരിപ്പിച്ചാല്‍ പോലും അത് കണ്ണടച്ച് വിശ്വസിക്കുന്ന ഗര്‍ദഭങ്ങളുടെ കാനാന്‍ ദേശമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. 13 ശതമാനത്തിന്റെയല്ല, 87 ശതമാനത്തിന്റെ വോട്ടാണ് പ്രധാനമെന്ന് ബി.ജെ.പിയെ എതിരിടാന്‍ പോകുന്നവര്‍, ഇടതുപക്ഷം പോലും വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. ഈ നടപ്പുശീലങ്ങളെയാണ് ഇനിയങ്ങോട്ട് 'മതേതര ഇന്ത്യ' എന്ന് വിശേഷിപ്പിക്കേണ്ടിവരിക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം