ഫ്ളാഷ് മോബ് മുതല്‍ പര്‍വാസ് വരെ മുസ്‌ലിം സ്ത്രീ: മതയാഥാസ്ഥിതികത്വത്തിനും മതേതര ലിബറലിസത്തിനും മധ്യേ
അങ്ങാടിയിലേക്കാണെങ്കില്‍ ഒരു ഹോണ്‍, മുക്കത്തേക്കാണെങ്കില്‍ രണ്ട്, കോയിക്കോട്ടേക്കാണെങ്കില്‍ മൂന്ന്. കേരളത്തിലെ യുവത ആഘോഷമാക്കിയ ഒരു സിനിമയിലെ സഖാവായ നായകന്‍ വീട്ടുകാരാല്‍ തടവിലാക്കപ്പെട്ട തന്റെ പ്രണയിനിക്ക് കൊടുത്ത സന്ദേശത്തിലെ വരികളാണിത്. പേരുകേട്ട മുസ്‌ലിം യാഥാസ്ഥിതിക തറവാട്ടില്‍ ജനിച്ച, മതേതര പുരോഗമന കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തുന്ന സഖാവിനെ ഏറെ കൈയടിയോടെയാണ് ജനം നെഞ്ചേറ്റിയത്. ഇതേ കേരളീയ ചുറ്റുപാടിലാണ് ഹാദിയ എന്ന പെണ്‍കുട്ടിയുടെ വിഷയം ചര്‍ച്ചയാക്കപ്പെട്ടത്. തന്റെ ഭര്‍ത്താവിന്റെ കൂടെ തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കണം എന്ന അവളുടെ ജനാധിപത്യപരമായ ആഗ്രഹത്തെ മതേതര സമൂഹം എങ്ങനെയാണ് സ്വീകരിച്ചത് എന്ന് നാം കണ്ടതാണ്. എന്നത്തെയുമെന്ന പോലെ മതത്തിന്റെ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന മുടന്തന്‍ ന്യായവാദങ്ങളില്‍ പിടിച്ചാണ് ഇടത് ലിബറല്‍ ബോധം പ്രതികരിച്ചത്. പക്ഷേ, സ്‌കൂള്‍ കലോത്സവ ഉദ്ഘാടനത്തിനായി വിളക്കുകാല്‍ നാട്ടിയും ഉദ്ഘാടന വേളകളില്‍ നിലവിളക്ക് കൊളുത്തിയും തങ്ങള്‍ സ്വീകരിക്കുന്ന 'മതേതര' നിലപാടുകള്‍ പക്ഷേ യാഥാര്‍ഥ്യ ബോധമുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ല എന്നതായിരുന്നു വാസ്തവം. ഈയിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വിവാഹ വീഡിയോ അത്തരത്തില്‍ ഒരു പൊറാട്ടുനാടകമായിരുന്നു. തട്ടമിട്ട മുസ്‌ലിം പെണ്‍കുട്ടിയും ഇതര സമുദായത്തില്‍പെട്ട യുവാവും തമ്മിലുള്ള വിവാഹം. അവര്‍ നില്‍ക്കുന്നത് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ബോര്‍ഡിനു താഴെ. പക്ഷേ, ഇത്തരം വിവാഹങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന ആചാരങ്ങളിലെ നടപടിക്രമങ്ങളാണ് അതിന്റെ ദിശ കൃത്യമായി നിര്‍ണയിക്കുന്നത്. വധുവിന്റെ കരം പിടിച്ച് ഏഴുപ്രാവശ്യം പ്രദക്ഷിണം വെക്കുമ്പോള്‍ മാത്രം തീരുന്ന ആചാരങ്ങള്‍ മതത്തിന്റെ പട്ടികയിലേക്കല്ലാതെ വേറെ ഏതിലേക്കാണ് ചേര്‍ക്കാനാവുക.
മത വിഷയത്തില്‍ ഇടപെടില്ല എന്ന് പറയുന്നവര്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍ പലപ്പോഴും പ്രഹസനങ്ങളായി മാറുന്നത് അവര്‍ ഉയര്‍ത്തുന്ന നിലപാടുകളുടെ കൃത്യമായ ഇസ്‌ലാമിക വിരുദ്ധതകൊ് തന്നെയാണ്. ഒരു മതവിശ്വാസിയുടെ പൗരാവകാശത്തിന് വേണ്ടി ഞങ്ങള്‍ അതില്‍ ഭാഗഭാക്കാകില്ല എന്ന് പറയുന്നവര്‍ പക്ഷേ, മതത്തിനെതിരെയുള്ള സമരങ്ങളില്‍ മുന്‍പന്തിയിലുള്ളതായി കാണാം. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിച്ച മലാല യൂസുഫ് സായിയെ കാമ്പസുകളിലും തെരുവുകളിലും ആഘോഷിച്ചവര്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുപ്പത്താറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്രനിരോധനത്തെക്കുറിച്ച് മൗനം പാലിച്ചത് എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളില്‍ വ്യാപകമായ ശൈശവവിവാഹങ്ങള്‍ നടക്കുന്നു എന്ന പേരില്‍ സമുദായത്തിലെ പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവര്‍ പക്ഷേ, ഭൂരിപക്ഷവും മുസ്‌ലിംകള്‍ താമസിക്കുന്ന മലപ്പുറം ജില്ലയില്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ മൗലികാവകാശലംഘനങ്ങള്‍ നടത്തുന്നു എന്നത് ശ്രദ്ധിച്ചില്ല. ഉന്നത ബിരുദകലാലയങ്ങളിലെ മഫ്ത ധരിച്ച മുസ്‌ലിം പെണ്‍കുട്ടികളുടെ സമകാലിക സാന്നിധ്യത്തേക്കാള്‍ ഇടത് പൊതുബോധത്തെ ആകര്‍ഷിച്ചതും ഇവര്‍ ചര്‍ച്ചയാക്കിയതും പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയെയാണ് എന്നത് മറ്റൊരു രസകരമായ വസ്തുത. വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരത്തെ റയാന എന്ന പെണ്‍കുട്ടിയെ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മഹല്ലില്‍ നിന്നും പുറത്താക്കിയതിനെ കേരളത്തിലെ പുരോഗമന പ്രത്യയശാസ്ത്ര വാദികള്‍ ഏറ്റെടുത്തത് മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്തിരുന്നു.
മുസ്‌ലിം ഐഡന്റിറ്റിയെ തീവ്രവാദ പട്ടികയിലേക്ക് എളുപ്പത്തില്‍ ചേര്‍ക്കാവുന്ന രാഷ്ട്രീയ പൊതുമണ്ഡലം രൂപപ്പെടുത്തുന്നതില്‍ സംഘ്പരിവാര്‍ ഫാഷിസം വിജയിച്ചപ്പോഴും ഇതിനെതിരെ ശക്തമായ നിലപാടുകള്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന മതേതരവാദികള്‍ പക്ഷേ, പലപ്പോഴും തങ്ങളുടെ നിലപാടിലെ ചോര്‍ച്ച മൂലം വര്‍ഗീയ അജണ്ടയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മാഹുതിയെ ഏറ്റെടുത്ത സെക്യുലറിസ്റ്റുകള്‍ പക്ഷേ, നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനത്തോട് ഏറക്കുറെ മൗനം പാലിച്ചു. രണ്ട് വിദ്യാര്‍ഥികളുടെയും സ്വത്വം ഫാഷിസത്തിന് ഏറക്കുറെ സമമായപ്പോഴും പക്ഷേ, നജീബ് എന്ന മുസ്‌ലിം വ്യക്തിത്വം മതേതര കക്ഷികള്‍ക്ക് മുന്നില്‍ അപ്രസക്തമായിപ്പോയി. ഭീതിയുടെയും സംശയത്തിന്റെയും നിഴലില്‍ ഒരു ജനതയെ നിര്‍ത്തിയാല്‍ പിന്നെ അവര്‍ക്കെതിരെ എന്തുമാവാമെന്ന വര്‍ഗീയ കുതന്ത്രങ്ങളെ വിജയിപ്പിച്ചെടുക്കുകയായിരുന്നു എസ്.എഫ്.ഐയെപ്പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ യഥാര്‍ഥത്തില്‍. കഴിഞ്ഞവര്‍ഷം മടപ്പള്ളി കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ എന്ന പെണ്‍കുട്ടി തങ്ങള്‍ക്കെതിരെ ഇലക്ഷനില്‍ മത്സരിച്ചതിന്റെ പേരില്‍ അസഭ്യവര്‍ഷങ്ങള്‍ നടത്തിയതിന് പുറമെ അവള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഏറ്റവും നല്ല ആയുധം തട്ടമിട്ട തീവ്രവാദി എന്ന പദം തന്നെയായിരുന്നു.
മുത്ത്വലാഖ് നിരോധത്തിന് മേല്‍നോട്ടം വഹിച്ച പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയെ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി അഭിവാദ്യങ്ങള്‍ കൊണ്ട് മൂടുന്നതും കേരളത്തിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ തട്ടമിടിപ്പിച്ച് നടത്തുന്ന ഫഌഷ് മോബും പരിഹാസ്യമായിത്തീരുന്നത് നിലവിലെ ഇന്ത്യയുടെ സംഘ്പരിവാര്‍ അജണ്ടയെ മുന്നില്‍ വെക്കുമ്പോള്‍ തന്നെയാണ്.
മലരേ എന്ന പാട്ടുപാടി കറുപ്പ് ഷര്‍ട്ടിട്ട് ഇടക്കിടെ മദ്യം അകത്താക്കി തന്റെ ചങ്കൂറ്റത്തെ ഇടക്കിടെ പ്രദര്‍ശിപ്പിക്കുന്ന സഖാവിനെ എങ്ങനെയാണ് കേരളത്തിലെ യുവത്വം ഏറ്റെടുത്തത് എന്നത് ആ സമയങ്ങളിലെ പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കേരളത്തിലെ സിനിമാ ടാക്കീസുകള്‍ക്ക് മുന്നിലുള്ള തിക്കും തിരക്കും ക്രമീകരിക്കാന്‍ കേരള പോലീസുകാര്‍ ഏറെ പ്രയാസപ്പെടേണ്ടിവന്ന സമയം. ആ സമയത്ത് നടന്ന ഒരു ടി.വി ഷോയില്‍ നിങ്ങളെന്തിനാണ് കറുപ്പ് ഷര്‍ട്ടിട്ട് വന്നതെന്ന് സഖാക്കളോട് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടിരുന്ന അവര്‍ പക്ഷേ, എങ്ങനെയാണ് ഒരു കാമ്പസിലെ ആഘോഷം ഒരു വിദ്യാര്‍ഥിനിയുടെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയത് എന്ന് അവതാരിക ചോദിച്ചപ്പോഴേക്കും തലകുനിച്ച് നിശ്ശബ്ദരായി.
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ഉദ്യമത്തെ പ്രായോഗികമായി തടയേണ്ടവരാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നതാണ് ഖേദകരം.
ഉത്തരേന്ത്യയിലും ഇപ്പോള്‍ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള ഭീകരമായ അടിച്ചമര്‍ത്തലുകളെയും വര്‍ഗീയ ധ്രുവീകരണങ്ങളെയും നിസ്സംഗരായി നോക്കിനില്‍ക്കുകയാണ് മതപൗരോഹിത്യം. സര്‍ഗാത്മക രചനയിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു യുവതയെ വാര്‍ത്തെടുക്കുന്നതിന് പകരം തങ്ങളുടെ അധീനതയിലില്ലാത്ത ഒരു കൂട്ടത്തിനെതിരെ ഫത്‌വകളിറക്കിക്കൊിരിക്കുകയാണ് അവര്‍. ജന്മസിദ്ധമായി ലഭിക്കുന്ന സര്‍ഗാത്മക വാസനകള്‍ നബിദിന വേദികളില്‍ ആവിഷ്‌കരിക്കാനുള്ള അവസരം ആണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അവിടെയും തഴയപ്പെടുകയാണ്. ഇസ്‌ലാമിന്റെ വിശാല ഭൂമികയുടെ പരിധികള്‍ പരിചയപ്പെടുത്തുന്നതില്‍ സമുദായ നേതൃത്വത്തിന് പറ്റിയ പരാജയത്തിന്റെ കൂടി ഫലമാണ് മലപ്പുറത്ത് അരങ്ങേറിയ ഫഌഷ് മോബ്. നബി(സ)യുടെ ജീവിതവും സ്വഭാവരീതികളും പെരുമാറ്റവും വേദികളില്‍ ഉസ്താദുമാരും കുഞ്ഞുമക്കളും രസകരമായി അവതരിപ്പിച്ചതിന്റെ അലയൊലികള്‍ തീരുന്നതിനുമുമ്പേയാണ് ഫഌഷ് മോബ് കാണിച്ചതിനേക്കാള്‍ പരിഹാസ്യവും മ്ലേഛവുമായ വാക്കുകള്‍ കൊണ്ട് സമുദായത്തിലെ ചെറുപ്പക്കാര്‍ ആ പെണ്‍കുട്ടികള്‍ക്കെതിരെ പ്രതികരിച്ചത്. സമുദായത്തിലെ യുവത്വത്തിന്റെ ഊര്‍ജം എങ്ങനെ ചെലവഴിക്കപ്പെടണം എന്ന ചോദ്യം വീണ്ടും സമുദായത്തില്‍ മുന്നില്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭം.
ഇസ്‌ലാമിക പ്രസ്ഥാനത്തിലെ യുവത്വത്തിന്റെ ചരിത്രത്തെയും നാള്‍വഴികളെയും കുറിച്ച ചര്‍ച്ച അനിവാര്യമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. കേരളത്തില്‍ ആദ്യമായി ലക്ഷക്കണക്കിന് മുസ്‌ലിം സ്ത്രീകളെ അണിനിരത്തി ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം കുറ്റിപ്പുറത്ത് നടത്തിയ വനിതാ സമ്മേളനം, ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തിനകത്തും പുറത്തുമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട തര്‍തീല്‍ ഖുര്‍ആന്‍ പാരായണ മത്സരം, ക്യാന്‍വാസ്‌കാര്‍ഫ് ചിത്രപ്രദര്‍ശനം, നേര്‍ക്കാഴ്ചകള്‍ നാടകമത്സരം, മുസ്‌ലിം വിമന്‍സ് കൊളോക്കിയം, 2010-ല്‍ കോഴിക്കോട് സരോവരത്ത് വിപുലമായി സംഘടിപ്പിക്കപ്പെട്ട എക്‌സ്‌പൊസീവ് എക്‌സിബിഷന്‍, ഏറ്റവുമൊടുവില്‍ 2017 ഡിസംബര്‍ ഒമ്പതിന് ഫറോക്ക് ഇര്‍ഷാദിയാ കോളേജില്‍ അറുനൂറോളം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സര്‍ഗാവിഷ്‌കാരത്തിന് സാക്ഷ്യംവഹിച്ച പര്‍വാസ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ്..... ഇവ അവസാനിക്കുന്നില്ല. മതയാഥാസ്ഥിതികര്‍ വിലങ്ങിടാന്‍ ശ്രമിക്കുന്നതും പുരോഗമന ലിബറലുകള്‍ കണ്ടില്ലെന്നു നടിക്കുന്നതും ഫഌഷ് മോബില്‍നിന്നും പര്‍വാസിലേക്കുള്ള സര്‍ഗാത്മക പ്രതിരോധത്തിന്റെ ഈ വിശാലമായ ഭൂമികയെയാണ്.
Comments