Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 22

3031

1439 റബീഉല്‍ ആഖിര്‍ 03

മുസ്‌ലിം സ്ത്രീ വിമോചനത്തിന്റെ വേരുകള്‍

വഹീദ ജാസ്മിന്‍

മതയാഥാസ്ഥിതികത്വത്തിന്റെ തടവറകള്‍ തകര്‍ത്തും മാപ്പിളപ്പെണ്ണിനെ മതത്തില്‍നിന്നേ മോചിപ്പിക്കാനെത്തുന്ന ലിബറലുകളെ നിഷ്പ്രഭമാക്കിയും ഇസ്‌ലാമിക സ്ത്രീത്വം നേടിയത് ചരിത്ര മുന്നേറ്റമാണ്. ഇസ്‌ലാമിക സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നിയമപരിധികള്‍ പാലിച്ചും മുസ്‌ലിം പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ നിഖില മേഖലകളും കീഴടക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് അവരനുഭവിക്കുന്നതും അനുഭവിക്കാത്തതുമായ പ്രശ്‌നങ്ങളെ കൂട്ടിക്കലര്‍ത്തിയും ഊതിപ്പെരുപ്പിച്ചും മുസ്‌ലിം സമുദായത്തെ പ്രതിരോധത്തിലാക്കുകയെന്നത് തന്ത്രപരമായൊരു നീക്കത്തിന്റെ ഭാഗമാണ്. ഇന്ന് സജീവമാകുന്ന മുസ്‌ലിം സ്ത്രീ വിവാദങ്ങളെ അതിന്റേതായ രാഷ്ട്രീയത്തില്‍നിന്നുകൊണ്ട് വായിക്കുമ്പോഴേ ഇത് മനസ്സിലാക്കാന്‍ സാധിക്കൂ.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. മതപൗരോഹിത്യത്തിന്റെ ഇരുണ്ട തടവറയിലേക്ക് സ്ത്രീയെ തള്ളിവിട്ട്, പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ മുഖവും കൈവിരലുകളുമടക്കം മറക്കണമെന്ന് നിര്‍ബന്ധിക്കുന്ന യാഥാസ്ഥിതികത്വം പിടിമുറുക്കിയത് പില്‍ക്കാലത്താണ്. മുസ്‌ലിം സ്വത്വം ഒഴിവാക്കി വസ്ത്രത്തിലും മറ്റും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അമിതമായ സ്ത്രീപുരുഷ സങ്കലനത്തിന് വേണ്ടി വാദിച്ച പുരോഗമന ലിബറല്‍ നാട്യവും പിന്നീട് കാണാനായി. ഇത് രണ്ടും ഇസ്‌ലാമിന്റെ പരിധിക്ക് പുറത്താണ്. ഇവ രണ്ടിനും മധ്യേയുള്ള വിമോചനവും സ്വാതന്ത്ര്യവുമാണ് ഇസ്‌ലാമിക നവോഥാന പ്രസ്ഥാനങ്ങള്‍ താത്ത്വികമായും പ്രായോഗികമായും മുന്നോട്ടു വെച്ചത്. അറബ് വസന്തം മുതല്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ത്രീ ഇടപെടലുകള്‍ വരെ ഇതിന്റെ ചേതോഹരമായ അനുഭവ സാക്ഷ്യങ്ങളാണ്. ഇസ്‌ലാമിക നവോഥാനത്തിന്റെ അനിവാര്യ ഭാഗമായ പുതിയകാല സ്ത്രീ ആവിഷ്‌കാരങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനില്‍നിന്നും മുഹമ്മദ് നബിയുടേതുള്‍പ്പെടെയുള്ള മുസ്‌ലിം ചരിത്രത്തില്‍നിന്നുമാണ് ഊര്‍ജം സ്വീകരിച്ചിട്ടുള്ളത്.

 

ചരിത്ര സാക്ഷ്യങ്ങള്‍

അന്തപ്പുരങ്ങളില്‍ മാത്രം ചടഞ്ഞുകൂടിയിരിക്കുന്ന, സാമൂഹിക ഇടങ്ങളില്‍ ഭാഗധേയമില്ലാത്ത സ്ത്രീകളായിരുന്നില്ല പ്രവാചക പത്‌നിമാരും സ്വഹാബി വനിതകളും. പല സന്ദര്‍ഭങ്ങളിലും സ്ത്രീകളും പുരുഷന്മാരും പരിധികള്‍ പാലിച്ചുകൊണ്ടുതന്നെ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. യുദ്ധങ്ങള്‍, പഠനകേന്ദ്രങ്ങള്‍, ജുമുഅ, ഹജ്ജ്, ഉംറ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍, മറ്റു സാമൂഹിക ഇടങ്ങള്‍ ഇവയിലൊക്കെയും ഇത് പ്രകടമായിരുന്നു. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിക നാഗരികത സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന അംഗീകാരവും ഇടവും നല്‍കുകയുണ്ടായി. സ്ത്രീയെ അടിമയാക്കുന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ എല്ലാ സമ്പ്രദായങ്ങളും പൊട്ടിച്ചെറിഞ്ഞ് 23 വര്‍ഷത്തെ പ്രയത്‌നത്തിലൂടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീയുടെ പദവി ഉയര്‍ത്താന്‍ പ്രവാചകന്‍ പരിശ്രമിച്ചു. സ്ത്രീകള്‍ ഏറെ ദ്രോഹവും അവഹേളനവും നേരിട്ടുകൊണ്ടിരുന്ന ആ ദശാസന്ധിയില്‍ പുരുഷന്മാര്‍ക്കുള്ള അതേ പദവിയും അന്തസ്സുമാണ് പ്രവാചകന്റെ തണലില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത്.

നബി(സ) ആദ്യമായി വിവാഹം കഴിച്ച ഖദീജ(റ), ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ(റ), സ്വര്‍ഗത്തില്‍ സ്ത്രീകളുടെ നേതാവെന്ന് വിളിക്കപ്പെട്ട നബിയുടെ പ്രിയപുത്രി ഫാത്വിമ(റ), നബിയുടെയും അബൂബക്‌റിന്റെയും പലായനത്തിലെ ആസൂത്രകയായ അസ്മ(റ), ചരിത്രത്തില്‍ എന്നുമെന്നും പ്രകാശിക്കുന്ന ഉമറുല്‍ ഫാറൂഖിനെപ്പോലെ മഹോന്നതനായ ഒരു വ്യക്തിയെ ഖുര്‍ആന്‍ പഠനത്തിന് പ്രേരിപ്പിച്ച സഹോദരി ഫാത്വിമ(റ), ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പിറവിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായി അഖബയില്‍ ഒരുമിച്ചുകൂടി കരാറില്‍ ഒപ്പുവെച്ച കഅ്ബിന്റെ മകള്‍ നസീബ, ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ വനിതാ നഴ്‌സായി അറിയപ്പെടുന്ന റുഫൈദ തുടങ്ങി ഖുര്‍ആന്റെ തണലില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത നബി പത്‌നിമാരും ദീനീ വിജ്ഞാനീയങ്ങളുടെ പാഠശാലകള്‍ ആയിരുന്ന അനേകം മഹതികളുമുണ്ട് ഇസ്‌ലാമിന്റെ സ്ത്രീവിമോചന ചരിത്രത്തില്‍.

 

കര്‍മങ്ങള്‍ക്ക് തുല്യ പ്രതിഫലം

അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പുരുഷന്‍ പുരുഷനായതിന്റെ പേരിലോ സ്ത്രീ സ്ത്രീ ആയതിന്റെ പേരിലോ വിവേചനത്തിന് വിധേയരാകില്ല. അവരുടെ കര്‍മങ്ങള്‍ക്ക് പ്രതിഫല സമത്വം ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നു. അല്ലാഹു ലോകത്തിനു നല്‍കിയ നിയമനിര്‍ദേശങ്ങളിലൊക്കെ സ്ത്രീയുടെ സ്ഥാനത്തെയും ആദരവിനെയും വര്‍ണിച്ചിട്ടുണ്ട്. കര്‍മങ്ങളുടെ രക്ഷാ ശിക്ഷകള്‍ അനുഭവിക്കുന്ന കാര്യത്തിലും ഈ ലിംഗവ്യത്യാസമില്ല. ''അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്ന് ബഹിഷകൃതരാവുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാന്‍ അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമാകുന്നു. ഉത്കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു''(ആലുഇംറാന്‍ 195). വിശ്വാസം, ആചാരം, അനുഷ്ഠാനം, ഭക്തി, സത്യസന്ധത പോലുള്ള മതപരവും ആത്മീയവുമായ കാര്യങ്ങളിലും സ്ത്രീ-പുരുഷ ഭേദമൊട്ടുമില്ല. ''സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീ-പുരുഷന്മാര്‍ക്ക് അവന്‍ മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്''(33:35). നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന കാര്യത്തില്‍ അവര്‍ പരസ്പരം സഹകാരികളാണെന്നും ചൂണ്ടിക്കാണിക്കുന്നു. ''സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല, അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച''(തൗബ 71). ഭൂമിയിലേക്ക് ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അവിടെ പുരുഷഭാവം മാത്രമല്ല സ്ത്രീഭാവം കൂടിയുണ്ട്. പ്രവാചക ആഗമനത്തോടെ മാതൃകാ സ്ത്രീത്വത്തിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നു. 

ഖുര്‍ആന്റെ തണലില്‍ നബി വളര്‍ത്തിയെടുത്ത അദ്ദേഹത്തിന്റെ പത്‌നിമാര്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പാഠശാലകള്‍ ആയിരുന്നു. വിജ്ഞാന സമ്പാദനം അവര്‍ക്ക് നിര്‍ബന്ധ ബാധ്യതയുമായിരുന്നു. ഉമ്മഹാതുല്‍ മുഅ്മിനീങ്ങളായ പ്രവാചക പത്‌നിമാരുടെ അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി ധാരാളം ആളുകള്‍ എത്താറുണ്ടായിരുന്നു. മുഹമ്മദ് നബി സത്യ ദീന്‍ പ്രബോധനം ചെയ്തപ്പോള്‍ ആദ്യം അത് സ്വീകരിച്ച വനിത ഖദീജ(റ)യായിരുന്നു. പ്രവാചകന് ആദ്യമായി വഹ്‌യ് ലഭിക്കുമ്പോള്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ഇത് ദൈവിക ദീനാണെന്ന് പറഞ്ഞ് കൊടുക്കുകയും വറഖതുബ്‌നു നൗഫലിന്റെ അടുത്ത് കൊണ്ടു പോയി ഉപദേശം തേടുകയും ചെയ്യുന്നു. മുഹമ്മദ് നബി(സ) നാട്ടില്‍നിന്ന് പുറത്താക്കപ്പെടുമെന്ന വറഖതുബ്‌നു നൗഫലിന്റെ ആ മുന്നറിയിപ്പൊന്നും വകവെക്കാതെ ഖദീജ(റ) ഇസ്‌ലാം സ്വീകരിക്കുകയാണ്. തന്റെ സമ്പത്ത് മുഴുവനും ദീനിനെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ചെലവഴിക്കുകയും മരണം വരെ പ്രവാചകന്റെ താങ്ങും തണലുമായി നില്‍ക്കുകയും ചെയ്തു അവര്‍. അവരെ കുറിച്ച് നബി(സ) പറഞ്ഞു: ''ജനങ്ങള്‍ എന്നെ നിഷേധിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ഖദീജ പറഞ്ഞു. ജനങ്ങള്‍ എന്നെ കൈവിട്ടപ്പോള്‍ അവര്‍ തന്റെ ധനം കൊണ്ട് തന്നെ ആശ്വസിപ്പിച്ചു.'' അവര്‍ മരണപ്പെടും വരെ നബി(സ) മറ്റൊരു വിവാഹവും കഴിച്ചിരുന്നില്ല. പ്രവാചകന് ഏറ്റവും പ്രിയപ്പെട്ട പത്‌നിയായിരുന്നു അവര്‍. ഖദീജ(റ) മരിച്ച വര്‍ഷം ദുഃഖ വര്‍ഷമായിരുന്നു മുസ്‌ലിംകള്‍ക്ക്. 

ഹസ്രത്ത് ആഇശയെ വായിച്ചാല്‍ അവര്‍ വിശ്വാസികള്‍ക്ക് മാതൃകാവനിതയായിരുന്നു എന്ന് മനസ്സിലാക്കാം. നൈസര്‍ഗികമായി ഒട്ടേറെ കഴിവുകളുണ്ടായിരുന്നു ആഇശ(റ)ക്ക്. പഠനവും മനനവും ജീവിതതപസ്യ ആക്കി അവര്‍. സരീദിന് മറ്റു ഭക്ഷ്യ പദാര്‍ഥങ്ങളേക്കാള്‍ എന്ന

പോലെ ആഇശക്ക് മറ്റു സ്ത്രീകളേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് പ്രവാചകന്‍ ഉണര്‍ത്തി. ഇസ്‌ലാമിന്റെ ആദ്യകാല വിശുദ്ധിയിലും നൈര്‍മല്യത്തിലും വളര്‍ന്നുവന്ന മാതൃകാ വനിതയാണവര്‍. പ്രവാചകന്റെ ശിക്ഷണമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. നബി(സ)യുടെ ജീവിതവും സന്ദേശവും നേര്‍ക്കുനേരെ ഒപ്പിയെടുക്കാനും ഒരു സമൂഹത്തിന് പകര്‍ന്നുകൊടുക്കാനും ആഇശ(റ)ക്ക് കഴിഞ്ഞു. മതനിയമങ്ങളില്‍നിന്ന് നാലില്‍ ഒന്ന് ആഇശ(റ)യില്‍നിന്നാണ് നാം പഠിച്ചിട്ടുള്ളത്. പ്രവാചക വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ സന്ദേശം അവര്‍ തലമുറകള്‍ക്ക് പകര്‍ന്നുകൊടുത്തു. ബഹുമുഖപ്രതിഭയായിരുന്നു അവര്‍. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വീടകങ്ങളിലും വൈജ്ഞാനിക അന്വേഷണങ്ങളിലും ആ വ്യക്തിത്വത്തിന്റെ തിളക്കം കാണാം. അന്വേഷണ തൃഷ്ണയും നിരൂപണവൈഭവവുമുള്ള ഒരു യുവതി, മികച്ച അധ്യാപികയും പണ്ഡിതയും നിയജ്ഞയുമായി പടര്‍ന്ന് പന്തലിക്കുന്ന പരിണാമമാണ് നാം ആഇശയില്‍ കാണുന്നത്. പ്രവാചകനൊത്തുള്ള ജീവിത കാലത്തു തന്നെ അവരുടെ ആത്മാഭിമാനവും ധൈര്യവും രാഷ്ട്രീയ നിലപാടും വിളിച്ചോതുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ആഇശ(റ)യെ പറ്റിയുള്ള അപവാദ പ്രചാരണത്തെ വിമര്‍ശിച്ചുകൊണ്ട് ആഇശക്ക് അനുകൂലമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. ആഇശ(റ)യുടെ നേതൃത്വം ലോകജനതക്ക് മാതൃകയാകണം എന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു. പ്രവാചക വിയോഗത്തിന് ശേഷം അരനൂറ്റാണ്ട് കാലത്തോളം ഇസ്‌ലാമിക സമൂഹത്തിന് സര്‍വവിജ്ഞാനകോശമായി ആഇശ(റ) നിലകൊണ്ടു. പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളും കൊച്ചുമക്കളും എല്ലാവരും പെട്ടെന്ന് മരണപ്പെട്ടപ്പോള്‍ ആഇശക്ക് അല്ലാഹു ആയുസ്സ് നീട്ടി നല്‍കി.

സംഘടനാ കെട്ടുറപ്പിനെ ഉലക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അത് പരിഹരിക്കാന്‍ പ്രവാചകന്‍ തന്റെ പത്‌നിയുടെ അഭിപ്രായം സ്വീകരിക്കുന്ന സന്ദര്‍ഭം ചരിത്രത്തില്‍ കാണാം. ഹുദൈബിയ സന്ധിയുമായി ബന്ധപ്പെട്ട് നേതാവും അണികളും തമ്മിലുള്ള ബന്ധം ഉലഞ്ഞ സന്ദര്‍ഭമുണ്ടായി. സന്ധി പ്രകാരം ഉംറ നിര്‍വഹിക്കാതെ മുസ്‌ലിംകള്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആ വ്യവസ്ഥ ഉള്‍ക്കൊള്ളാനാവാതിരുന്ന സ്വഹാബിമാര്‍ പെട്ടെന്ന് വഴങ്ങിയില്ല. പത്‌നി ഉമ്മുസലമയോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ പ്രവാചകനോട് പറഞ്ഞു, അങ്ങ് പോയി സ്വന്തം ബലിമൃഗത്തെ അറുക്കുക. അപ്പോള്‍ അവരും അറുത്തുകൊള്ളും. ഈ നിര്‍ദേശം പ്രവാചകന്‍ സ്വീകരിച്ചു. ഉമ്മുസലമ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. പ്രവാചകനുപോലും ഉചിതമായ നിര്‍ദേശം നല്‍കാനുള്ള സ്ത്രീയുടെ കഴിവിനെയാണിത് കുറിക്കുന്നത്.

 

ഖൗലയുടെ ആവലാതി

അറബികള്‍ക്കിടയില്‍ അന്ന് നിലനിന്നിരുന്ന വിവാഹമോചന രീതികളില്‍ ഒന്നായിരുന്നു ളിഹാര്‍. ഔസുബ്‌നു സാമിത്വ് മുന്‍കോപം മൂലം തന്റെ സഹധര്‍മിണി ഖൗല(റ)യെ ളിഹാര്‍ ചെയ്യുകയും ഖൗല(റ) നബി തിരുമേനിയുടെ അടുക്കല്‍ വന്ന് പരാതിപ്പെടുകയും ചെയ്തു. തന്റെയും മക്കളുടെയും ജീവിതം വഴിയാധാരമാവാതിരിക്കാന്‍ പോംവഴി ചോദിച്ചപ്പോള്‍, ഈ വിഷയത്തില്‍ ഖൗല തന്റെ ഭര്‍ത്താവിന് നിഷിദ്ധമായിരിക്കുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു പ്രവാചകന്റെ മറുപടി. ഈ വിഷയത്തില്‍ പുതിയ വിധികളൊന്നും വന്നുചേര്‍ന്നിട്ടില്ലാത്ത സന്ദര്‍ഭമായിരുന്നു അത്. ഖൗല(റ) വീണ്ടും വീണ്ടും പ്രവാചകനോട് തന്റെ ആവലാതികള്‍ ബോധിപ്പിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ പ്രവാചകന് സൂറഃ മുജാദലയിലെ ആദ്യ സൂക്തങ്ങള്‍ അവതീര്‍ണമായി. ''തന്റെ ഭര്‍ത്താവിനെക്കുറിച്ച് താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം കേള്‍ക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍, നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനുമാണ്'' (58:1,2). ളിഹാര്‍ എന്നത് വിവാഹമോചനരീതി അല്ലാതാക്കി മാറ്റിയതോടെ, അല്ലാഹുവിന്റെ ഇടപെടലിന് വിധേയമായ ആവലാതിക്കാരിയെന്ന നിലയില്‍ ഖൗല(റ)ക്ക് ശ്രേഷ്ഠ പദവി ലഭിച്ചു. സ്ത്രീ സമൂഹം അന്ന് അനുഭവിച്ചകൊണ്ടിരുന്ന, ളിഹാര്‍ എന്ന വലിയ പ്രശ്‌നത്തിന് ഖൗല(റ)യുടെ ഇടപെടല്‍ പരിഹാരമാവുകയായിരുന്നു.

ഭൗതിക ജീവിത സൗകര്യങ്ങളും താല്‍പര്യങ്ങളും ആദര്‍ശത്തിനും വിശ്വാസത്തിനും എതിരായി വരുമ്പോള്‍ ദുന്‍യാവിന്റെ സുഖസൗകര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ മുന്നേറുന്ന ധാരാളം മഹദ്‌വനിതകളെ പ്രവാചകന്റെ കാലഘട്ടം സംഭാവന ചെയ്തിട്ടുണ്ട്. പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടാന്‍ അവര്‍ തയാറായിരുന്നു. രക്തസാക്ഷിത്വം അഭിലാഷമാക്കി മാറ്റിയിരുന്നു അവര്‍. മുറിവേറ്റവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ പ്രവാചക കാലഘട്ടത്തിലെ സ്ത്രീകള്‍ യുദ്ധക്കളത്തില്‍ സേവനനിരതരായിരുന്നു. കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനും, ഇണയെ തീരുമാനിക്കാനും, വിവാഹ ജീവിതത്തില്‍നിന്ന് സ്വയം പിന്മാറാനും അവള്‍ക്ക് അനുവാദമുണ്ടായിരുന്നു. പള്ളിയും പള്ളിക്കൂടവും അവരുടെ മുന്നില്‍ ആരും തടഞ്ഞിരുന്നില്ല. സാമ്പത്തിക രംഗത്ത് അവള്‍ ഉടമയും സ്വതന്ത്രയുമായിരുന്നു. രാഷ്ട്രത്തിന്റെ ഭാവി ഭാവിധേയം നിര്‍ണയിക്കുന്നതില്‍ അവരുടെ കൂടി അഭിപ്രായവും ആരാഞ്ഞിരുന്നു. വിവാഹാലോചനയുമായി വരുന്ന പുരുഷന്റെ മുന്നില്‍ ഇസ്‌ലാം നിബന്ധനയായി സമര്‍പ്പിക്കാന്‍ മാത്രം ആദര്‍ശനിഷ്ഠയും ഉല്‍ക്കര്‍ഷബോധവും അവര്‍ ആര്‍ജിച്ചിരുന്നു. കുടുംബജീവിതത്തിലാകട്ടെ സുരക്ഷിതത്വവും അഭിമാനകരമായ പദവിയും സ്ത്രീകള്‍ക്ക് ലഭ്യമാവുകയും ചെയ്തു. ചരിത്രത്തിലെന്നപോലെ വര്‍ത്തമാനത്തിലും ഇത് ചിന്തിക്കുന്ന ലോകത്തെ ആകര്‍ഷിച്ചിട്ടുണ്ട്.

അരാജക ജീവിതം കൊണ്ടാടപ്പെടുന്ന പടിഞ്ഞാറന്‍ നാഗരികതയില്‍ സ്ത്രീകള്‍ വലിയ തോതില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് കാരണം സ്വസ്ഥവും സമാധാനപൂര്‍ണവുമായ കുടുംബ ജീവിതം ഇസ്‌ലാമില്‍ സാധ്യമാകും എന്നതിനാലാണ്. ബോംബെയിലെ തെരുവുകളില്‍ നിര്‍ഭയമായി നടക്കാന്‍ കരുത്ത് നല്‍കിയത് 'പര്‍ദ' എന്ന വസ്ത്രമായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി കമലാ സുറയ്യ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം ലോകത്തെ ആകര്‍ഷിക്കുന്നുവെന്നാണ് ഇതിനെല്ലാം അര്‍ഥം. ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടു ജീവിക്കുന്ന സ്ത്രീത്വം സമൂഹത്തിന് മുമ്പില്‍ വൈകല്യങ്ങളില്ലാതെ തങ്ങളുടെ  ആദര്‍ശത്തെ പ്രതിനിധീകരിക്കാന്‍ ശ്രമിച്ചാല്‍  ഇതിന്റെ ഫലം വലുതായിരിക്കും.  കേരളത്തിന്റെ പൊതുജീവിത മണ്ഡലങ്ങളില്‍ ഇസ്‌ലാമിക ആദര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ച് കഴിവുറ്റ, മികവുറ്റ, കരുത്തുറ്റ ഒരു അനുഗൃഹീത തലമുറ ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞിട്ടുണ്ടണ്ടണ്ട്.

ഇസ്‌ലാമിക മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുതന്നെ സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് അവര്‍ കര്‍മോത്സുകരാകുന്നത്. എന്നാല്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുതന്നെ സര്‍വമേഖലകളിലും മുന്നേറുന്നതിലുള്ള അസഹിഷ്ണുത പലരും പലരൂപത്തില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. മുമ്പ് കാലത്ത്, സ്ത്രീവിമോചനമെന്നാല്‍ ഇസ്‌ലാമിനെ കൈയൊഴിയലും തട്ടമഴിക്കലും പടിഞ്ഞാറിനെ അനുകരിക്കലുമായിരുന്നു. എന്നാല്‍ ഇന്ന്, മുസ്‌ലിം സ്ത്രീയുടെ വിമോചനം ഇസ്‌ലാമിക ആദര്‍ശവും അടയാളങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ്. ഈ മാറ്റം വളരെ പ്രധാനമാണ്. തങ്ങളിലൂടെയല്ലാതെ മുസ്‌ലിം സ്ത്രീ പുരോഗമിക്കുന്നതും പൊതുരംഗത്ത് വരുന്നതും സ്വന്തം ആവിഷ്‌കാരങ്ങളും പ്രതിനിധാനങ്ങളും മനോഹരമായി നിര്‍വഹിക്കുന്നതും ലിബറലുകളെ നന്നായി ചൊടിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് മുസ്‌ലിം സ്ത്രീവിഷയങ്ങളില്‍ ഇരട്ടത്താപ്പ്. ഈ ഇരട്ടത്താപ്പുകള്‍ സമൂഹത്തിന് മുമ്പില്‍ അവരെ പരിഹാസ്യരാക്കുന്നേയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (52-56)
എ.വൈ.ആര്‍

ഹദീസ്‌

അധ്വാനത്തിന്റെ മഹത്വം
സുബൈര്‍ കുന്ദമംഗലം