ബാല്‍ഫറിനും ട്രംപിനുമിടയില്‍ ജൂതവത്കരണത്തിന്റെ നൂറ് വര്‍ഷം
ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്നും യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മണ്ടന്‍ പ്രഖ്യാപനം കേട്ട് ആളുകള്‍ ഇത്രയധികം ഞെട്ടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. കേട്ടാല്‍ തോന്നും, ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടു മുമ്പ് വരെ ജറൂസലം അറബ് മുസ്‌ലിംകളുടെയും ഫലസ്ത്വീനികളുടെയുമൊക്കെ നിയന്ത്രണത്തിലായിരുന്നുവെന്ന്. പക്ഷേ, കഴിഞ്ഞ അര നൂറ്റാണ്ടുകാലമായി ജറൂസലം സയണിസ്റ്റ് അധിനിവേശത്തില്‍ തന്നെയായിരുന്നു എന്നതല്ലേ വസ്തുത? 1917-ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിനു ശേഷം 30 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ജൂതന്മാരുടെ വാഗ്ദത്ത ഭൂമി എന്ന സ്വപ്‌നം സഫലമായിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പുതിയതായി എന്താണ് സംഭവിച്ചിട്ടുള്ളത്?
1948-ലെ യു.എന്‍ പ്രമേയമനുസരിച്ച്, 1947-ലെ വളരെ ദുരിതങ്ങള്‍ വിതച്ച വിഭജന പദ്ധതി പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രയേലിന് പതിച്ചുനല്‍കിയിട്ടുണ്ട്. 1967-ലെ ആറ് ദിവസ യുദ്ധത്തില്‍ അറബ് സേന ദയനീയമായി പരാജയപ്പെട്ടതോടെ കിഴക്കന്‍ ജറൂസലമും സയണിസ്റ്റ് അധിനിവേശത്തിലായി. പിന്നീടങ്ങോട്ട് ഈ മേഖലയില്‍ തകൃതിയായി ജൂതവല്‍ക്കരണവും അറബ്-മുസ്‌ലിം സ്വത്വത്തിന്റെയും ചിഹ്നങ്ങളുടെയും മായ്ച്ചുകളയലുമാണ് നടന്നുകൊണ്ടിരുന്നത്. ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ അവര്‍ നിരന്തരം സ്ഥാപിച്ചുകൊണ്ടുമിരുന്നു. ചുരുക്കത്തില്‍ ബാല്‍ഫറിനും ട്രംപിനുമിടയില്‍ ജറൂസലമിന് നൂറ് വര്‍ഷത്തെ ജൂതവല്‍ക്കരണത്തിന്റെ കഥ പറയാനുണ്ട്.
1995-ല്‍ അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ യു.എസ് കോണ്‍ഗ്രസ് തീരുമാനിച്ചതിന് ശേഷം സയണിസ്റ്റുകള്‍ നടത്തിയ നിരന്തര നീക്കങ്ങളുടെ ഒടുവിലത്തെ അധ്യായമാണ് നാമിപ്പോള്‍ കണ്ടത്. കഴിഞ്ഞ മൂന്ന് പ്രസിഡന്റുമാരും ആറാറു മാസം കൂടുമ്പോള്‍ ഈ തീരുമാനം വൈകിപ്പിക്കുന്നതിനായി ഒപ്പിടുകയായിരുന്നു പതിവ്. ഈ വര്‍ഷം ജൂണില്‍ അമേരിക്കന്‍ സെനറ്റ്, യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റണമെന്നും ദ്വിരാഷ്ട്ര പദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു ബില്‍ കൊണ്ടുവന്നിരുന്നു. ഇതേ സമയത്ത് തന്നെയാണ് 1967 ജൂണിലെ ആറ് ദിവസ യുദ്ധമെന്ന 'നക്‌സ' (തിരിച്ചടി)ക്ക് അമ്പതാണ്ട് പൂര്‍ത്തിയായതും. യാതൊരു വകതിരിവും വീണ്ടുവിചാരവുമില്ലാത്ത ട്രംപ് ലോകത്തുടനീളമുള്ള മുസ്‌ലിംകളെ പ്രകോപിപ്പിച്ചു എന്നത് മാത്രമാണ് പുതുതായി സംഭവിച്ചിട്ടുള്ളത്.
അടുത്ത കാലത്ത് വന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി വ്യംഗ്യമായി അംഗീകരിച്ചിരുന്നു. പ്രത്യക്ഷ പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല എന്നു മാത്രം. മക്കക്കും മദീനക്കും ശേഷം അല്‍അഖ്‌സ്വാ പള്ളി സ്ഥിതി ചെയ്യുന്ന ജറൂസലമാണ് മുസ്‌ലിംകളുടെ ഏറ്റവും പവിത്രമായ ഭൂമി- അവരുടെ ആദ്യ ഖിബ്‌ലയും അതാണ്- എന്നതിനാല്‍, നഗരത്തിന്റെ നിലവിലെ അവസ്ഥയില്‍ വരുത്തുന്ന ഏതു മാറ്റവും അവരെ പ്രകോപിപ്പിക്കുമെന്ന് മുന്‍ യു.എസ് പ്രസിഡന്റുമാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ പ്രകോപനങ്ങളുണ്ടാക്കുന്നതിനല്ല, മേഖലയില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കിയത്. പക്ഷേ, ട്രംപ് അങ്ങനെയല്ല. തെരഞ്ഞെടുപ്പു കാലത്ത് ഇസ്രയേല്‍ ലോബിക്ക് നല്‍കിയ വാഗ്ദാനമാണ് ട്രംപ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മറുവശത്താകട്ടെ, യാതൊരു സ്ഥിരതയുമില്ലാത്ത അപക്വമായ നയനിലപാടുകള്‍ അമേരിക്കന്‍ ജനതക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ആ ഭരണകൂടത്തിന്റെ തന്നെ നിയമാനുസൃതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയുമാണ്. ഈ ആഭ്യന്തര പ്രതിസന്ധി മറച്ചുവെക്കാന്‍, വളരെ ചൂടേറിയ ഒരു അന്താരാഷ്ട്ര പ്രശ്‌നത്തിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടതാകാനും സാധ്യതയുണ്ട്.
അതിനാല്‍ ട്രംപിന്റെ പ്രസ്താവന കേട്ട് ഞെട്ടിത്തരിക്കേണ്ട കാര്യമില്ല. ഇതിനകം 78 ശതമാനം ഫലസ്ത്വീന്‍ ഭൂമിയും ഇസ്രയേല്‍ അധിനിവേശപ്പെടുത്തിക്കഴിഞ്ഞു എന്ന് നാം മനസ്സിലാക്കണം. ബാക്കി കുറച്ച് ഭാഗങ്ങളാകട്ടെ ഫലസ്ത്വീനികളുടെ പൂര്‍ണ അധികാരത്തിലോ നിയന്ത്രണത്തിലോ അല്ലതാനും. ഫലസ്ത്വീന്‍ മണ്ണിന്റെ യഥാര്‍ഥ അവകാശികളെ തങ്ങളുടേതായ ഒരു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. സര്‍വ അന്താരാഷ്ട്ര പിന്തുണയും ലഭിക്കുന്നത് ഇസ്രയേലിന് മാത്രമാണ്. എന്നല്ല, ഒരു കാലത്ത് ഇസ്രയേലിന്റെ കഠിന ശത്രുക്കളായി കരുതപ്പെട്ടിരുന്ന മേഖലയിലെ ഭരണകൂടങ്ങളുടെ വരെ അംഗീകാരം ഇന്ന് ഇസ്രയേലിനുണ്ട്. ട്രംപ് ഭരണകൂടം ഈ സുവര്‍ണാവസരം മുതലെടുക്കുകയായിരുന്നു. അങ്ങനെ മുസ്‌ലിംകളുടെയും അറബികളുടെയും അഭിമാനത്തെ ചവിട്ടിയരക്കാനുള്ള ഒരവസരവും കൂടി അവര്‍ക്ക് ലഭ്യമായി. എല്ലാ നിര്‍ണായക വിഷയങ്ങളിലും ഇസ്രയേലിന്റെ ആഖ്യാനത്തിനൊത്ത് ചുവടു വെക്കുന്ന അമേരിക്കക്ക് പൂര്‍ണമായി വിധേയപ്പെട്ടുകഴിഞ്ഞ മുസ്‌ലിം ഭരണകൂടങ്ങള്‍ക്കു കീഴില്‍ കഴിഞ്ഞുകൂടാനാണല്ലോ മുസ്‌ലിംകളുടെയും അറബികളുടെയും വിധി.
Comments