Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

ശിഹാബ് അദ്ദില്‍

കാക്കക്കുഞ്ഞ് (കവിത)

കുനിഞ്ഞ മുഖത്തു നിന്ന്

വുദൂവിന്റെ തെളിനീര്

ഇറ്റിറ്റു വീഴുന്നത്

മുസ്വല്ലയില്‍.

വുദൂനീരില്‍ ലയിച്ചതാവാം

എന്റെ

തേങ്ങല്‍ നിശ്ശബ്ദമായത്.

പരമോന്നതന്റെ

തലോടലാണോ

ഇമാമിനെ കരയിച്ചത്?

തോളോടു തോള്‍

ചേര്‍ന്നു നില്‍ക്കുന്ന

നമസ്‌കാരികളുടെ

സ്വഫ്ഫിനിടയിലൂടെ

ഞാന്‍ കണ്ടു,

താഴെ നിലത്ത്

കഫന്‍ പുതപ്പിനിടയില്‍

പിഞ്ചു മൈലാഞ്ചി-

ക്കൈവിരലുകള്‍

ഇല്ല

ഇനിയൊരിക്കലും

അതില്ല.

ആകാശം കാണിക്കാതെ

ഒരു പിടി മണ്ണുകൊണ്ട്

ഞാനവളെ മൂടി.

അവളുടെ

കൊത്താംകല്ലെടുത്ത്

ഒരു കുഞ്ഞു

മീസാനും തീര്‍ത്തു.

ആളുകള്‍ പിരിഞ്ഞു

നടന്നകലും മുമ്പ്

ഞാന്‍

തിരിഞ്ഞു നോക്കി.

മീസാനു മുകളില്‍

ഒരു കാക്കക്കുഞ്ഞ്,

ചുവന്ന വായ കാട്ടി

കരയുന്നു.

വീട്ടിലൊരുക്കിയ

അവളുടെ

പിറന്നാള്‍ മധുരം

ഞാനതിന്‍

ചുവന്ന

വായിലൊഴിച്ചുകൊടുത്തു.

നിശ്ശബ്ദം, നിശ്ചലം.

അങ്ങനെ

ഞാനെന്ന ഞാന്‍

എങ്ങുനിന്നോ

ഒഴുകിവന്നൊരു കാറ്റില്‍

പൊടിഞ്ഞില്ലാതായി.

 

 

 

***************************************************

 

ദൂരം

 

-സി.കെ മുനവ്വിര്‍, ഇരിക്കൂര്‍-

 

 

ആദ്യം കുത്തനെ

പിന്നെ നീളത്തില്‍

തിരിച്ചും മറിച്ചും അവള്‍

വരകള്‍ വരച്ചുകൊണ്ടിരുന്നു

മേയ്ക്കാന്‍ കൊണ്ടുപോയ

ആട്ടിന്‍കൂട്ടങ്ങളുമായി

ആട്ടിടയനിനിയും വന്നില്ല

കുറുക്കന്മാര്‍ നിര്‍ത്താതെ

ഓരിയിടുന്നുണ്ട്

പാലു കാത്തിരുന്ന്

കരഞ്ഞു കരഞ്ഞ്

കുട്ടികളുറങ്ങിപ്പോയി

ഇന്ന്

നിലാവെളിച്ചത്തേക്കാള്‍

കൊട്ടാരത്തില്‍ വെളിച്ചമുണ്ട്

അങ്ങിങ്ങായി

കുശ്‌നിക്കാര്‍ കിസ്സ പറയുന്നു

മക്കള്‍ക്ക് കുടിക്കാന്‍ കിട്ടിയില്ലേലും കൂജയില്‍ പാല്‍ നിറഞ്ഞാല്‍ മതിയെന്ന്

ആട്ടിടയന്റെ ബീവി പ്രാര്‍ഥിക്കുന്നുണ്ട്

മിന്നല്‍പിണറുകള്‍

ഓടു പൊളിച്ച് അടുക്കളയില്‍ പ്രസവിച്ചു

കുട്ടികള്‍ ഞെട്ടിയുണര്‍ന്നു

അടഞ്ഞ വാതിലുകള്‍

മലര്‍ക്കെ തുറക്കപ്പെട്ടു

ചോര്‍ച്ചവെള്ളം ശേഖരിക്കാന്‍ വെച്ച

തോല്‍പാത്രം നിറഞ്ഞുകവിഞ്ഞു

കുട്ടികള്‍ക്കിതൊരു കാഴ്ച രസം

കടലാസു തോണികളിട്ടവര്‍

വീടകം തോടാക്കി

തോട് അധികം വൈകാതെ പുഴയായി

ഇപ്പോള്‍ കടലാസുതോണികള്‍ക്ക് പകരം

കുട്ടികള്‍ തന്നെയാണ്

കമിഴ്ന്നും മലര്‍ന്നുമൊഴുകുന്നത്

കൊട്ടാരത്തില്‍

നൃത്തച്ചുവടുകളും

ആക്രോശങ്ങളും കൊഴുത്തു തുടങ്ങി

ഉന്മാദലഹരിയില്‍ 

ആറാടുന്നതിന്റെ സ്വരപ്പകര്‍ച്ചകള്‍

ആട്ടിടയന്റെ അടുക്കളയില്‍നിന്നും

കേള്‍ക്കാനാവുന്നുണ്ട്

കവിള്‍ത്തടം കണ്ണീരില്‍ കുതിര്‍പ്പിക്കാന്‍

അവള്‍ക്കിന്നേറെ മോഹമുണ്ട്

അവള്‍ കാലപ്പഴക്കം ചെന്ന

തകരപ്പെട്ടി തുറന്ന്

മൂന്ന് കഷ്ണം വെള്ളത്തുണിയെടുത്ത്

ഒരു മൂലയില്‍ വിരിച്ചു

കുളിപ്പിക്കാന്‍ ഒരു ചെമ്പ് വെള്ളവും.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍