Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

മ്യാന്മറിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍

ഷക്കീര്‍ പുളിക്കല്‍

റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില പിന്നാമ്പുറ ചരടുവലികളും മുതലെടുപ്പുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ലോക പോലീസ് ചമയുന്ന അമേരിക്ക വിഷയത്തില്‍ എവിടെയും തൊടാതെയുള്ള നിലപാടിലാണ് പ്രത്യക്ഷത്തിലുള്ളത്. ഇതിനു വ്യക്തമായ കാരണങ്ങളുണ്ട്. അമേരിക്കന്‍-ചൈനീസ് താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയായി റോഹിങ്ക്യന്‍ പ്രശ്‌നം മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുതിയ നൂറ്റാണ്ടില്‍ ലോകത്തിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളില്‍ ഭദ്രമാക്കുന്നതിനു വേണ്ടി രൂപം കൊടുത്ത 'പ്രൊജക്റ്റ് ഫോര്‍ ദ ന്യൂ അമേരിക്കന്‍ സെഞ്ച്വറി'യില്‍ തെക്കു-കിഴക്കനേഷ്യയില്‍ സ്ഥാപിക്കേണ്ട അമേരിക്കന്‍ സൈനിക താവളത്തെക്കുറിച്ച് പറയുന്നുണ്ട്. 1992-ല്‍ ഫിലിപ്പീന്‍സില്‍നിന്ന് പിന്മാറിയ ശേഷം മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം നിലവിലില്ല. മാത്രമല്ല 'ചൈനീസ് ഭീഷണി' വര്‍ധിച്ചുവരികയും ചെയ്യുന്നു. മലേഷ്യ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി മേഖലയിലെ രാജ്യങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാന്‍ അമേരിക്ക കുറച്ചു വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് യുദ്ധം ചെയ്ത് തോറ്റോടിയ വിയറ്റ്‌നാമിനോട് അമേരിക്ക കൂട്ടുകൂടിയതും ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയതും ഈ അടുത്ത കാലത്താണ്. മറുഭാഗത്ത് ചൈനക്ക് അയല്‍രാജ്യമായ മ്യാന്മറില്‍ ആദ്യമേ കണ്ണുണ്ട്. മ്യാന്മറിനെ തങ്ങളുടെ വരുതിയിലാക്കാന്‍ എല്ലാ വിധ അടവുകളും അവര്‍ പുറത്തെടുക്കുന്നുണ്ട്. മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നതും ചൈനയാണ്. 2013-ല്‍ ചൈന പുറത്തുവിട്ട പഴയ സില്‍ക്ക് റൂട്ട് പുനരുജ്ജീവന പദ്ധതി ആയ BRI (Belt and Road Initiative)ല്‍ മ്യാന്മര്‍ സുപ്രധാന ഇടമാണ്. ചൈന കേന്ദ്രമായി യുറേഷ്യന്‍ വന്‍കരയിലെ 60 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 8 ട്രില്യന്‍ ഡോളറിന്റെ റോഡ്-റെയില്‍- കടല്‍ പാതകളടങ്ങുന്ന, അമേരിക്കന്‍ ആധിപത്യം അവസാനിപ്പിക്കുന്ന  ബൃഹദ്  പദ്ധതി തകര്‍ക്കാന്‍ അമേരിക്ക ആവതു ശ്രമിക്കുക സ്വാഭാവികം.  പദ്ധതിയിലെ 6  സാമ്പത്തിക ഇടനാഴികളില്‍ പ്രധാനമായ ബംഗ്ലാദേശ്-ഇന്ത്യ-ചൈന-മ്യാന്മാര്‍ ഇടനാഴി പദ്ധതിയുടെ കേന്ദ്രം, രാഖൈന്‍ സ്റ്റേറ്റിലെ ക്യോക്പയു തുറമുഖ പട്ടണത്തില്‍ സ്ഥാപിക്കുന്ന ചൈനീസ്-മ്യാന്മാര്‍ സംയുക്ത സംരംഭമായ  Kyaukphyu Special Economic Zone (KSEZ)  ആണ്. ഈ തുറമുഖം മുതല്‍ ചൈനയിലെ യുനാന്‍ വരെ നീണ്ടു കിടക്കുന്ന ഊര്‍ജ പൈപ്പ്ലൈന്‍ പദ്ധതി ചൈനയുടെ ഊര്‍ജ സുരക്ഷിതത്വത്തില്‍ സുപ്രധാനമാണ്. പദ്ധതിയുടെ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ചു വിതരണം ആരംഭിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ മേഖലയിലെ അരക്ഷിതത്വം അമേരിക്കയുടെ ആവശ്യമാണ്. സമാധാനം ചൈനയുടെ  ആവശ്യവും. അവസരങ്ങളെ പരമാവധി മുതലെടുക്കാനാണ് അമേരിക്കയുടെ ശ്രമം. ആത്യന്തികമായി സ്ഥിരമായ സൈനിക സാന്നിധ്യം മേഖലയില്‍ അവര്‍ ആഗ്രഹിക്കുന്നു

ഓങ് സാന്‍ സൂചിയെയും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെയും പഠന വിധേയമാക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. സൂചിയും അവരുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡിയും സ്വീകരിച്ച വമ്പിച്ച പാശ്ചാത്യ സഹായങ്ങള്‍ പലപ്പോഴായി പുറത്തു വന്നിട്ടുണ്ട്. 2006-ല്‍ ബ്രിട്ടന്‍ പുറത്തുവിട്ട 'Failing the People of Burma?' എന്ന 36 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ കൂട്ടാളികളായ അമേരിക്കയും മറ്റു രാജ്യങ്ങളും ചേര്‍ന്ന് സൂചിയെ രൂപപ്പെടുത്തിയതിനെക്കുറിച്ചും മീഡിയ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ  മില്യന്‍ കണക്കിന് വരുന്ന ഫണ്ടിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വിക്കിലീക്‌സ് പുറത്തുവിട്ട 2007 കേബിള്‍  An Overview of Northern Thailand-Based Burmese Media Organizations-ല്‍ തായ്ലന്‍ഡ് ആസ്ഥാനമാക്കി അമേരിക്ക  മ്യാന്മാര്‍ മീഡിയയില്‍ നടത്തിയ ഇടപെടലുകള്‍ പുറത്തായിരുന്നു. മ്യാന്മാറിന്റെ നിലവിലെ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഇത്തരത്തില്‍ അമേരിക്കന്‍ ട്രെയ്‌നിംഗ് കഴിഞ്ഞ ആളാണെന്നത് പരസ്യമായ രഹസ്യമാണ്. ഒരുവേള 'സൂചി'യെന്ന ബിംബത്തെ സൃഷ്ടിച്ചെടുത്തതുപോലും ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന പാശ്ചാത്യ അച്ചുതണ്ടാണെന്നു പറയാം. യജമാനന്മാര്‍ പറയാതെ അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. ഒരു ഘട്ടത്തില്‍ റോഹിങ്ക്യകള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യം പോലും പഴയ പട്ടാള ഭരണകൂടം പരിഗണിച്ചിരുന്നു. എന്നാല്‍ സൂചിയും അവരുടെ പാര്‍ട്ടിയും അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

മുസ്‌ലിംകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ബുദ്ധ സന്യാസിമാരും അവരുടെ നേതാവ് ആഷിന്‍ വിരാതുവും സൂചിയുടെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൂടെനിന്നവരായിരുന്നു. സൂചി വീട്ടുതടങ്കലിലായിരിക്കെ 2007-ല്‍ നടന്ന 'കുങ്കുമ വിപ്ലവം' ബുദ്ധ സന്യാസിമാര്‍ മുന്നില്‍ നിന്ന് നയിച്ചതായിരുന്നു. സൂചി ഇവരെ തള്ളിപ്പറയുമെന്നു വിചാരിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയതയെപ്പോലെ തീവ്ര ബുദ്ധിസ്റ്റ് ദേശീയതയാണ് ഇവരുടെ തത്ത്വശാസ്ത്രം. റോഹിങ്ക്യകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രൂക്ഷമാകുന്നത് 30 വര്‍ഷങ്ങള്‍ക്കിപ്പുറം പല രാജ്യങ്ങളില്‍നിന്ന് തിരിച്ചുവന്ന അഭ്യസ്തവിദ്യരായ, ബര്‍മീസ് വംശജരായ ബുദ്ധ സന്യാസിമാര്‍ നേതൃസ്ഥാനങ്ങളില്‍ എത്തുന്നതോടെയാണ്. പട്ടാളഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരാന്‍ പാശ്ചാത്യ ശക്തികള്‍ ആസൂത്രിതമായി ഇവരെ രംഗത്തിറക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. മേഖലയില്‍ അശാന്തിയും അക്രമവും തുടരാനും തങ്ങളുടെ താല്‍പര്യസംരക്ഷണാര്‍ഥവും അമേരിക്ക ഇവരെ ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികം മാത്രം.

അടുത്ത കാലത്ത് സജീവമായ റോഹിങ്ക്യന്‍ സായുധ സംഘങ്ങളാണ് മറ്റൊരു പ്രശ്‌നം. പണ്ട് മുതല്‍ക്കേ ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക സംഘടനകളെ തീവ്രവാദികളായാണ് പലരും ചിത്രീകരിച്ചിരുന്നത്. എന്നാല്‍ 2012-ല്‍ സ്ഥാപിതമായ ഹറകത്തുല്‍ യകീന്‍ എന്ന സായുധ സംഘടന പട്ടാളത്തിന്റെ അക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ രൂപപ്പെട്ടതാണ്.  അതാണ് പിന്നീട് അരാകാന്‍ റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി എന്നു പേര് മാറ്റി പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്. തുല്യതയില്ലാത്ത ക്രൂരതകളാണ് പട്ടാളവും പോലീസും റോഹിങ്ക്യകളോട് അനുവര്‍ത്തിച്ചുപോന്നിരുന്നത്. ആഗസ്റ്റ് 25-നു ഈ സംഘം പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചതോടെയാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്കും തുടര്‍ന്നുള്ള പലായനങ്ങള്‍ക്കും തുടക്കമാവുന്നത്. സെപ്റ്റംബര്‍ 10-നു അവര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനില്‍ ജനിച്ച, സുഊദിയില്‍ വളര്‍ന്ന അതാഉല്ല എന്ന മ്യാന്മാര്‍ അഭയാര്‍ഥിയാണ് സംഘത്തലവനായി അറിയപ്പെടുന്നത്. 2012-ല്‍ മ്യാന്മറിലെത്തിയ അതാഉല്ലയാണ് സംഘടനയെ ശക്തമാക്കിയത്. 2016-ല്‍ ബംഗ്ലാദേശ്- മ്യാന്മര്‍ അതിര്‍ത്തിയില്‍ 100-ലധികം വരുന്ന ഗറില്ലകള്‍ പോലീസ് സ്റ്റേഷനുകള്‍  ആക്രമിച്ചിരുന്നു. ഇദ്ദേഹത്തിനും സംഘങ്ങള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനും മറ്റു ചില രാജ്യങ്ങളും സഹായം ചെയ്യുന്നതായി ആരോപണമുണ്ട്.  പുറത്തുനിന്നുള്ള സഹായമില്ലാതെ ഇത്രയും ശക്തിയായി ഒരു സായുധ ഗ്രൂപ്പിനും നിലനില്‍ക്കാന്‍ കഴിയില്ലെന്നത് ഉറപ്പാണ്. പക്ഷേ ആത്യന്തികമായി ഇത് ഗുണം ചെയ്യുന്നത് ശത്രുക്കള്‍ക്കാണെന്നത് യാഥാര്‍ഥ്യം. എന്തായാലും റോഹിങ്ക്യ ഒരു സങ്കീര്‍ണ സമസ്യയായി ലോകത്തിനു മുന്നില്‍ തുടരുമെന്നര്‍ഥം.

 

 

ഇന്ത്യയും ഇസ്‌ലാമും

കെ.ടി ഹുസൈന്റെ 'ഇന്ത്യന്‍ സാമൂഹിക രൂപീകരണവും ഇസ്‌ലാമും'പഠനം നന്നായി. ഇന്തോ-കൊളോണിയല്‍ ചരിത്രകാരന്മാരാല്‍ ഭീകരരാക്കപ്പെട്ട മഹ്മൂദ് ഗസ്‌നി, ബാബര്‍, ഔറംഗസീബ്, ഹൈദരലി, ടിപ്പു തുടങ്ങിയ പേരുകള്‍ ചേര്‍ത്തുവെച്ചുകൂടിയാണ് ഇന്ത്യന്‍ ഫാഷിസം ഭീകരരൂപം പൂണ്ടത്. പലപ്പോഴും മുസ്‌ലിം ഭരണാധികാരികളുടെ പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷ ബോധത്തോടെ നില്‍ക്കേണ്ടിവരുന്ന സാഹചര്യം നമ്മുടെതന്നെ ചരിത്ര രചയിതാക്കള്‍ നിര്‍മിച്ചെടുത്തിട്ടുണ്ട്. ചരിത്രവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ വായനക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും, പ്രത്യേകിച്ച് ഈ സത്യാനന്തര കാലത്ത്. 2017 ഫെബ്രുവരി 'യുവധാര' മാസികയുടെയും 2017 ഏപ്രില്‍ 28-ലെ പ്രബോധനം വാരികയുടെയും മുഖചിത്രം ഒന്നുതന്നെയായതില്‍ കൗതുകം തോന്നുന്നു.

സറീന ബാപ്പു കൂട്ടിലങ്ങാടി

 

 

'ബുദ്ധിസ്റ്റ് ഭീകരര്‍!'

സെപ്റ്റംബര്‍ 15-ന്റെ മുഖക്കുറിപ്പ് കാലിക പ്രസക്തം. ബുദ്ധ ഭിക്ഷുക്കളെന്നു പറയപ്പെടുന്നവര്‍ അഹിംസയുടെ അപ്പോസ്തലരായാണ് അറിയപ്പെടുന്നത്. എന്നാല്‍ മ്യാന്മറിലെ ബുദ്ധ ഭിക്ഷുക്കള്‍ ബുദ്ധ ഭീകരരായി മാറി മുസ്‌ലിംകളുടെ ചോര കുടിച്ചുകൊണ്ടിരിക്കുകയാണ്. 'സമാധാന നോബലിസ്റ്റാ'യ സൂചി അധികാരത്തിലിരിക്കുമ്പോഴാണിത്! അധികാരമെന്ന അപ്പക്കഷ്ണം ലഭിച്ചുകഴിഞ്ഞാല്‍ ഏതു നോബലിസ്റ്റായാലും 90 ശതമാനവും 'സൂചി രാക്ഷസീയത'യിലെത്തും. തുപ്പാക്കി ചൂണ്ടി ഓടിച്ച് പിന്നില്‍നിന്ന് വെടിവെച്ചു കൊല്ലുക, അഭയാര്‍ഥി ക്യാമ്പുകളില്‍ കയറി കൊല നടത്തുക, കുട്ടികളെയും യുവാക്കളെയും തെരഞ്ഞുപിടിച്ച് കൊല്ലുക, പച്ച മനുഷ്യനെ അടിച്ചടിച്ചു കൊന്ന് രസിക്കുക എന്ന ജൂത, സയണിസ്റ്റ്, ഫാഷിസ്റ്റ് ടച്ച് സൂചിയുടെ 'സമാധാന'ത്തിലും കാണുന്നു. ഇരകള്‍ മുസ്‌ലിംകളാകുമ്പോള്‍ എന്തൊരു ഐക്യം. അതെ, വിശന്നു വലഞ്ഞവന്റെ മുന്നിലെത്തിയ വിഭവ സമൃദ്ധമായ ഭക്ഷണത്തളിക, പട്ടിണിക്കിട്ട് കൂടു തുറന്നു വിട്ട സിംഹങ്ങള്‍ക്ക് മുന്നില്‍പെട്ട ആട്ടിന്‍കൂട്ടങ്ങള്‍! മര്‍ദിതന്റെ പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ലെന്ന ഒരേയൊരു സമാധാനം.

അലവി വീരമംഗലം

 

 

ഗൗരി പകരുന്ന ആവേശം

യാസര്‍ ഖുത്വുബിന്റെ ഗൗരി ലങ്കേഷ് സ്മരണയിലൂടെ ചില അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. ഗൗരി നമ്മോട് പറയുമായിരുന്നതുപോലെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സങ്കല്‍പിക്കാന്‍ കഴിയാത്തത്ര അധഃപതിച്ചുപോയ ഒരു കാലഘട്ടം. സത്യം തുറന്നുപറഞ്ഞതിനാണ് അസഹിഷ്ണുക്കള്‍ ഗൗരിയെ കൊന്നത്. ഈ രക്തസാക്ഷിത്വം ഫാഷിസത്തിനെതിരായ വജ്രായുധമായി എങ്ങനെ ഉപയോഗിക്കാനാവുമെന്നാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ജനാധിപത്യത്തിനും തുറന്ന ചിന്തകള്‍ക്കുമെതിരെയുള്ള വെല്ലുവിളിയാണ് ഫാഷിസം. എല്ലാവരും ഈ സ്ഥിതിവിശേഷം മനസ്സിലാക്കി ഐക്യപ്പെടേണ്ടതുണ്ട്. മൗനം അവസാനിപ്പിക്കേണ്ടതുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കേവലമൊരു കൊലപാതകമല്ല ഇത്. ജീവിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഗൗരിയുടെ തിരോധനം നമുക്ക് കനത്ത നഷ്ടമാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന്, കന്നട സമൂഹ മനസ്സിന് പ്രത്യേകിച്ചും തീരാ നഷ്ടമാണ്. ഗൗരിയുടെ വേര്‍പാട് എളുപ്പത്തില്‍ നികത്താനാവുമെന്ന് കരുതിക്കൂടാ.

ഒരു മാധ്യമ പ്രവര്‍ത്തകക്ക് എങ്ങനെ ഒരു ആക്ടിവിസ്റ്റ് ആവാമെന്നതിന് മികച്ച തെളിവാണ് ഗൗരി ലങ്കേഷ്. മാധ്യമ- ആക്ടിവിസ്റ്റുകള്‍ക്ക് ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം ആവേശം പകരട്ടെ.

അബ്ദുര്‍റഹ്മാന്‍ വീരാജ്‌പേട്ട

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍