Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും

ഡോ. വി. ഹിക്മത്തുല്ല

'വീണ്ടും യുദ്ധം. രാമേശ്വരം എന്ന് തെറ്റിദ്ധരിച്ച് അലാവുദ്ദീന്‍ ഖില്‍ജി ഭാരതപ്പുഴക്കക്കരെ ലക്കിടിയാണ് എത്തിയത്. 

ഖില്‍ജി നായരോട് ചോദിച്ചു: 

പുഴക്കക്കരെ ഏതാണ് സ്ഥലം?

നായര്‍ പറഞ്ഞു: 

തിരുല്വാമലാന്ന് പറയും. 

അവിടെന്തുണ്ട് വിശേഷം? 

വി.കെ.എന്‍...

ഇന്റള്ളോ എന്ന് നിലവിളിച്ച് റെയില്‍വഴി കിഴക്കേക്കോടിയ ഖില്‍ജി ആര്‍ക്കോണം എത്തിയാണ് മരിച്ചത്. ദല്‍ഹിയില്‍ വിമാനം ഇറങ്ങുമ്പോഴേക്കും തീര്‍ത്തും ചത്തിരുന്നു' (ചിത്രകേരളം - വി.കെ.എന്‍).

 

മലയാള സാഹിത്യത്തിലെ ഇസ്‌ലാമോഫോബിയയെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോഴാണ് വലിയ സംഘര്‍ഷങ്ങളുടെ മേഖലയാണതെന്ന തിരിച്ചറിവില്‍ എത്തുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇസ്‌ലാമോഫോബിയ എന്ന വാക്കുതന്നെയാണ്. യൂറോപ്യന്‍ സാഹചര്യത്തില്‍ രൂപംകൊണ്ട ഒരു ആശയം, മലയാളത്തില്‍ പ്രവര്‍ത്തിക്കുന്നതായ ഒരു മുന്‍നിശ്ചയം ഈ തലക്കെട്ടിനെ ഭരിക്കുന്നുണ്ട്. അത് ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നം 'ജാതിമേധാവിത്വ'മാണെന്ന സാമൂഹിക ചിന്തകരുടെ ആശയത്തെ വഴിതിരിച്ചുവിട്ട്, കുരിശുയുദ്ധാനന്തര യൂറോപ്പിന്റെ വംശവെറിയുടെ എപ്പിസോഡിലേക്ക് മാറ്റിക്കളയുമോ എന്നതാണ് പ്രശ്‌നം. മാത്രമല്ല, ഇസ്‌ലാംഭീതി എന്ന വാക്കിനെ മുസ്‌ലിംഭീതി എന്ന് മാറ്റിയെഴുതുകയാവും ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ നല്ലതെന്നും വിചാരിക്കുന്നു. കാരണം, മുസ്‌ലിംവിരുദ്ധത പ്രകടിപ്പിക്കുന്ന പല എഴുത്തുകാരും ഇസ്‌ലാമിനെ മഹനീയമായി കാണുന്നവരാണ്. സാമൂഹിക, രാഷ്ട്രീയ മേഖലയില്‍ ഇടപെട്ട്, ദൃശ്യത കൈവരിച്ച്, നിലനില്‍ക്കുന്ന അധികാര ബന്ധങ്ങളില്‍ 'ഛിദ്രത'യുണ്ടാക്കുന്ന മുസ്‌ലിമിനെയാണ് പ്രശ്‌നക്കാരായി എല്ലാവരും ആഖ്യാനങ്ങളില്‍ കൊണ്ടുവരുന്നത് എന്നതാണ് കൗതുകകരമായ കാര്യം.  

ആദിവാസി മുതലുള്ള വിഭാഗങ്ങളെ രാക്ഷസരായി ശത്രുവല്‍ക്കരിച്ചും, സര്‍വ ബഹുമാനങ്ങള്‍ക്കും ജന്മനാ അര്‍ഹതപ്പെട്ടവര്‍ ബ്രാഹ്മണരാണെന്ന് സ്ഥാപിച്ചുമാണ് പുരാണേതിഹാസ സാഹിത്യങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിട്ടുള്ളത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കെതിരെ വംശവെറി ഉല്‍പാദിപ്പിച്ചുകൊണ്ട് തഴച്ചുവളര്‍ന്ന സവര്‍ണ മേല്‍ക്കോയ്മയുടെ പ്രവര്‍ത്തനത്തെ പുറത്തെടുത്തു കാണിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. എന്നാല്‍, ഈ പഠനം, തനിക്കെതിരെ ഒരു ശത്രു നിരന്തരം ഗൂഢനീക്കങ്ങള്‍ നടത്തുന്നതായി ഭയന്ന്, ഗൂഢാലോചനാ സിദ്ധാന്തത്തിലോ പരഭീതി(Paranoia)യിലോ പെട്ട് സ്വന്തം സാധ്യതകള്‍ നിര്‍വീര്യമായിപ്പോകുന്ന ഒരു സമുദായമായി മുസ്‌ലിംകളെ മാറ്റുന്നതിനാവരുതു താനും. അത് അവരെ കര്‍തൃത്വമില്ലാത്തവരായി ചിത്രീകരിച്ച്, കൂടുതല്‍ 'വസ്തു'വല്‍ക്കരിക്കാനും എന്നെന്നും 'ഇര'യാക്കാനും മാത്രമേ ഉപകരിക്കൂ. ഒരു മുഖ്യധാരയെ സങ്കല്‍പ്പിച്ച് അതില്‍ മുസ്‌ലിംകള്‍ക്ക് ഇടംനല്‍കിയില്ല എന്ന് വിലപിക്കുന്ന കീഴാള പഠനങ്ങളുടെ രീതിയും ഗുണപരമായിരിക്കില്ല. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവര്‍ മലയാള സാഹിത്യം 'അടക്കി ഭരിച്ച'തിനെ വിശദീകരിക്കാന്‍ ഈ പഠനരീതി അപര്യാപ്തവുമാണ്. 

ഇന്ത്യയുടെ സുല്‍ത്താന്‍ ഭരണത്തിന്റെ ഭൂതകാലത്തോടുള്ള, മലയാളത്തിന്റെ നായര്‍ ആധുനികതതയുടെ വീക്ഷണത്തെ വി.കെ.എന്‍ ആക്ഷേപഹാസ്യപരമായി നോക്കിക്കാണുന്നതിന്റെ ഒരു കഥ ഉദാഹരണമായി ചേര്‍ത്തുകൊണ്ട് തുടങ്ങാമെന്ന് നിശ്ചയിക്കാന്‍ ഇതാണ് കാരണം. ജാതിവെറിയുടെ അബോധം തന്നെയാണ് മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യത്തെ ഭയത്തോടെ സങ്കല്‍പ്പിക്കാന്‍ മലയാള ആധുനികതയെ സജ്ജമാക്കുന്നതെന്ന് വി.കെ.എന്‍ സമര്‍ഥമായി തൊട്ടുകാണിക്കുന്ന കഥയായി ഇതിനെ മനസ്സിലാക്കാം. പെണ്‍പട എന്ന വി.കെ.എന്‍ കഥയിലും ടിപ്പുവിനോടുള്ള സവര്‍ണ മുന്‍വിധിയെ തൊലിയുരിച്ചുകാണിക്കുന്നുണ്ട്. 

എ.ആര്‍ രാജരാജവര്‍മ, കുമാരനാശാന്‍, വള്ളത്തോള്‍, വയലാര്‍ രാമവര്‍മ തുടങ്ങിയവരിലെല്ലാം സാത്വികമായ ഒരു വംശവെറിയായി പ്രവര്‍ത്തിച്ച മുസ്‌ലിംവിരുദ്ധത സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി(2016)യിലെത്തുമ്പോള്‍ പുതിയ ദലിത്-പിന്നാക്ക-മുസ്‌ലിം രാഷ്ട്രീയ ഭാവനകളെ ഹിംസിക്കുന്നതെങ്ങനെയെന്നും ആലോചിക്കാന്‍ ഈ പ്രബന്ധം ശ്രമിക്കുന്നുണ്ട്. എങ്കിലും മലയാള സാഹിത്യത്തില്‍ ബോധപൂര്‍വം മുസ്‌ലിംപേടിയുണ്ടെന്നോ മുഖ്യധാരാ എഴുത്തുകാരെല്ലാം മുസ്‌ലിംവിരുദ്ധരാണെന്നോ ഈ പഠനം വാദിക്കുന്നില്ല. മാത്രമല്ല, ഇളക്കം തട്ടാത്ത ഒരു മുഖ്യധാര സങ്കല്‍പ്പിക്കുകയും ഏതുകാലത്തും മുസ്‌ലിംകളും ദലിതരും ഇരകളാണെന്ന് വിലപിക്കുകയും ചെയ്യുക എന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. ചന്തുമേനോന്‍, ആശാന്‍, വള്ളത്തോള്‍, വയലാര്‍ തുടങ്ങി ഏച്ചിക്കാനം വരെയുള്ള എഴുത്തുകാരെ മുസ്‌ലിം വിരുദ്ധരായി സ്ഥാപിക്കുന്നതിലൂടെ അവരുടെ രചനയുടെ സങ്കീര്‍ണതകളെയും സാംസ്‌കാരിക സന്ദര്‍ഭങ്ങളെയും മനസ്സിലാക്കാനാവാതെ ഈ പഠനത്തിന്റെ ഉദ്ദേശ്യം വഴിതെറ്റാനും സാധ്യതയുണ്ട്. ദേശരാഷ്ട്രത്തിന്റെ ഒഴിവാക്കലിന്റെ രാഷ്ട്രീയത്തിനാണ് അത് സഹായം ചെയ്യുക. 

സമാന്തരമായിത്തന്നെ മറ്റൊരാലോചനയും ഇവിടെ പ്രസക്തമാണ്. ചെറുകാടിന്റെ 'നമ്മളൊന്ന്' പോലുള്ള നാടകങ്ങളില്‍ ഏറ്റവും അന്തസ്സുള്ള കഥാപാത്രങ്ങള്‍ മുസ്‌ലിംകളാണ്. ഉറൂബിന്റെ മൗലവി കഥാപാത്രങ്ങളുടെയും സ്ഥിതി അതുതന്നെ. ആര്‍. ഉണ്ണിയുടെ 'ബാദുഷ എന്ന കാല്‍നടക്കാരന്‍', അന്‍വര്‍ അബ്ദുല്ലയുടെ 'അലീഗഢില്‍ ഒരു പശു', കെ. ജയചന്ദ്രന്റെ 'അന്‍വര്‍ റഷീദിന്റെ വീടിന്റെ അകം', കെ.പി രാമനുണ്ണിയുടെ 'ചില മതേതര സംസാരങ്ങള്‍', ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'മതഭ്രാന്തന്‍' തുടങ്ങിയ കഥകളും സച്ചിദാനന്ദന്റെ 'ഞാന്‍ മുസ്‌ലിം', വിജയലക്ഷ്മിയുടെ 'ഊഴം' തുടങ്ങിയ കവിതകളും ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിലെ മുസ്‌ലിം വിരുദ്ധതയെ തുറന്നുകാട്ടുന്ന മലയാള സാഹിത്യത്തിലെ അടയാളങ്ങളാണ്. ഇവയൊന്നും വേണ്ട രീതിയില്‍ ജനപ്രിയഭാവുകത്വത്തിന്റെ ഭാഗമായി മാറിയിട്ടില്ലെങ്കിലും മുഖ്യഭാവനയെ അഴിച്ചെടുക്കാനുള്ള ശ്രമമായിത്തന്നെയാണ് നിലകൊള്ളുന്നത്. ആയതിനാല്‍ ഇവയെയൊക്കെ പരിഗണിക്കുമ്പോഴും ജാതിവെറിയുടെ തുടര്‍ച്ചയായി വരുന്ന ഒരു പദ്ധതി എന്ന നിലയില്‍ മുസ്‌ലിം അപരവല്‍ക്കരണത്തെ വിശദീകരിക്കാന്‍ താല്‍ക്കാലികമായി മുസ്‌ലിം പേടി എന്ന വാക്ക് ഈ പഠനത്തില്‍ ഉപയോഗിക്കേണ്ടിവരികയാണ്. 

 

സാഹിത്യം എന്ന സ്ഥാപനം

കേരള സംസ്‌കാരത്തെയും പൊതു മലയാളിയെയും നിര്‍ണയിക്കുന്ന സ്ഥാപനമായാണ് മലയാള സാഹിത്യം നിലനില്‍ക്കുന്നത്. ദലിത്-മുസ്‌ലിം ബഹുജനങ്ങളെ സംബന്ധിച്ച് മലയാള സാഹിത്യം മിക്കവാറും ഒരു അധീശ വ്യവഹാരമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിനാല്‍തന്നെ തങ്ങളുടേതായ വീക്ഷണത്തിലൂടെ ഈ സാഹിത്യ മണ്ഡലത്തെ അഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദലിത്-മുസ്‌ലിം പക്ഷത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ഒരു പുതിയ സാഹിത്യ വിമര്‍ശന പദ്ധതി രൂപപ്പെടാന്‍ അത് ആവശ്യമാണ്. 

കേരളം ആധുനികമായത് സാഹിത്യത്തെക്കൂടി കൂട്ടുപിടിച്ചാണ്. സാഹിത്യമെന്നത് തീര്‍ത്തും ആധുനികമായ ഒരു സംവര്‍ഗമാണ്. പഴയ ആഖ്യാനങ്ങളെ ആധുനികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മലയാള സാഹിത്യം എന്ന പഠന സാമഗ്രിയായി നാം പുനരാനയിക്കുകയാണ് ചെയ്തത്. സാഹിത്യം പോലുള്ള വ്യവഹാരങ്ങളിലൂടെയാണ് ദേശരാഷ്ട്രവും ദേശീയതയുമെല്ലാം ഉണ്ടായിവരുന്നത്. ഒരു ദേശം ഭാവന ചെയ്യപ്പെടുന്നത് ദേശത്തെ ആധിപത്യ സമൂഹങ്ങളുടെ കാഴ്ചപ്പാടിലൂടെയായിരിക്കും. ദേശത്തെ അപകടപ്പെടുത്തുന്ന വ്യത്യസ്തതകളെ തുടച്ചുനീക്കിക്കൊണ്ടാണ് ആ ദേശം സുരക്ഷിതമാവുന്നത്. ഐക്യകേരളം പിറവിയെടുത്തത് അതിന്റെ ഒരു നൂറ്റാണ്ട് മുമ്പെങ്കിലും നിര്‍മിക്കപ്പെട്ടുതുടങ്ങിയ ആധുനികത, നവോത്ഥാനം, ദേശീയബോധം മുതലായ ഭാവനകളോടെയാണ്. ഇവക്ക് സഹായകമായ ആഖ്യാനങ്ങളില്‍ പെടുന്ന സാഹിത്യം എന്ന സ്ഥാപനവും ദേശഭാവനകള്‍ക്കനുസരിച്ചാണ് ക്രമീകരിക്കപ്പെടുക. സാഹിത്യത്തിലൂടെയാണ് ദേശം ഉണ്ടായിവന്നിട്ടുള്ളത് എന്നര്‍ഥം. 

ജര്‍മന്‍ സാഹിത്യ ഗവേഷകനായ ഹാന്‍സ് ഹാര്‍ഡര്‍ എഡിറ്റ് ചെയ്ത 'സാഹിത്യവും ദേശീയതാ പ്രത്യേയശാസ്ത്രവും' എന്ന കൃതിയില്‍ സ്റ്റുവര്‍ട്ട് ബ്ലാക്ക്‌ബേണ്‍ ദേശീയ ചരിത്രത്തിലെ സാഹിത്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ഇന്ത്യയില്‍ ഭൂതകാലത്തെ സങ്കല്‍പ്പിച്ചത് സാഹിത്യ ചരിത്രമായാണ്... പ്രമുഖരായ ദേശീയ നേതാക്കളെല്ലാം തന്നെ സാഹിത്യകാരന്മാരുമായിരുന്നു എന്നത് രവീന്ദ്രനാഥ ടാഗോര്‍, സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ ഉദാഹരണങ്ങളില്‍നിന്ന് വ്യക്തമാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ സാഹിത്യ ചരിത്രങ്ങളില്‍ കാണാതിരിക്കുക എന്നാല്‍ രാഷ്ട്രത്തിന്റെ മറ്റു ചരിത്രങ്ങളില്‍ കാണാതിരിക്കുക എന്നാണര്‍ഥം.''1  

ദേശീയതയും നോവലും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബെനഡിക് ആന്റേഴ്‌സണ്‍, ഫ്രെഡറിക് ജെയിംസണ്‍ തുടങ്ങിയ പലരും എഴുതിയിട്ടുണ്ടല്ലോ. വിഭജനത്തിനു മുമ്പുള്ള ഹിന്ദി, ഉര്‍ദു സാഹിത്യ സംസ്‌കാരത്തെപ്പറ്റി പഠനം നടത്തിയിട്ടുള്ള ഫ്രാന്‍സിസ്‌ക ഒര്‍സീനി എഴുതുന്നു: ''വിവിധ സമുദായങ്ങളുടെ ആവിഷ്‌കാരങ്ങള്‍ വളരെ സങ്കീര്‍ണമായ ഒന്നാണ്. അതിലേക്ക് പുറമെ നിന്നുള്ള കൂട്ടിച്ചേര്‍ക്കലുകളും മറ്റു സമുദായങ്ങളുമായുള്ള വിലപേശലുകളും മത്സരിക്കലും എല്ലാം ഉള്‍ച്ചേരുന്നുണ്ട്.''2 സമുദായങ്ങള്‍ തമ്മിലുള്ള ഇടപാടുകളിലൂടെയാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സംസ്‌കാരം രൂപപ്പെട്ടിട്ടുള്ളതെന്നാണ് ഇത് കാണിക്കുന്നത്.   

ദേശരാഷ്ട്രം എന്ന ആശയത്തിന് വേണ്ടിയാണ് സാഹിത്യചരിത്രം ഉണ്ടായത്. അപ്പോള്‍ സ്വാഭാവികമായും ദേശീയതക്കു മുമ്പുള്ള ഭൂതകാല ആഖ്യാനങ്ങളെ ദേശീയതയുടെ ഭാഷാ-സാഹിത്യ പരികല്‍പ്പനകളുപയോഗിച്ച്, വരമൊഴി-അച്ചടി സാഹിത്യത്തിന്റെ മാനകങ്ങളുപയോഗിച്ച് വിശദീകരിക്കാനാണ് ദേശത്തിന്റെ ആധികാരിക സാഹിത്യ ചരിത്രകാരന്മാര്‍ ശ്രമിച്ചത്. അങ്ങനെ സാഹിത്യത്തിലൂടെ നാം ഇന്നും ദേശത്തെ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. ചരിത്രമെഴുതാനുള്ള ഉപാദാനങ്ങളായി നാം തെരഞ്ഞെടുക്കുന്നവ അധികാരി വര്‍ഗത്തിന്റെ ഭാവനയിലൂടെ രൂപംകൊണ്ടതാണെന്ന് ഹൈഡന്‍ വൈറ്റിനെപ്പോലെയുള്ളവര്‍ പറയുന്നുണ്ട്. ദേശത്തിന്റെ സ്വസ്ഥമായ നിലനില്‍പ്പിനെ (സവര്‍ണ മേല്‍ക്കോയ്മയുടെ നിലനില്‍പ്പിനെ) അപകടപ്പെടുത്തുന്ന വ്യത്യസ്തകളെ തുടച്ചുനീക്കുക എന്നത് സാഹിത്യത്തിന്റെ കൂടി ജോലിയാകുന്നു. ഭീതിപ്പെടുത്തുന്നതും കാലദേശങ്ങളിലൊതുങ്ങാത്തതും അപൂര്‍ണവുമായ മുസ്‌ലിം വിഷയികളെ നിയന്ത്രിക്കുന്ന ജ്ഞാനവ്യവഹാരമായാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്നും സല്‍മാന്‍ സയ്യിദ് എഴുതിയിട്ടുണ്ട്.3 കുടിയേറ്റക്കാരും കറുത്തവരുമൊക്കെയായ മുസ്‌ലിംകളെക്കൊണ്ട് യൂറോപ്പ് പൊറുതിമുട്ടുന്ന കഥകള്‍ ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. 

 

മൂന്ന് അടയാളങ്ങള്‍

മലയാള സാഹിത്യത്തിലെ ഇന്നും തുടരുന്ന മുസ്‌ലിംപേടിയുടെ വംശാവലി അന്വേഷിക്കുമ്പോള്‍ പല ഘട്ടങ്ങളിലൂടെയാണ് അത് വികസിക്കുന്നത് എന്നു കാണാം. സവര്‍ണ പ്രത്യയശാസ്ത്രം ബോധപൂര്‍വമോ അബോധപൂര്‍വമോ സ്വാംശീകരിച്ചവരായിരുന്നു അതിന്റെ വക്താക്കള്‍. ആദിവാസി-ദലിത്-ബഹുജന്‍ വിഭാഗങ്ങളുടെ സഹകാരികളായി മുസ്‌ലിംകള്‍ നിലകൊള്ളുകയോ അവര്‍ സ്വതന്ത്രമായ രാഷ്ട്രീയ അസ്തിത്വം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ ഹിന്ദു എന്ന ഭാവന തകരും. അത് മേല്‍ക്കോയ്മാ ജാതികള്‍ക്കാണ് നഷ്ടം വരുത്തുക. തുടക്കം മുതലേ സവര്‍ണ മേല്‍ക്കോയ്മ മുസ്‌ലിംകളെ രാഷ്ട്രീയമായി നേരിടാന്‍ ഇതാണ് കാരണം. 

 

വടക്കന്‍ പാട്ടുകള്‍

മലയാള സാഹിത്യത്തിലെ അതിന്റെ അടയാളങ്ങളില്‍ ഒന്ന് വടക്കന്‍ പാട്ടുകളില്‍ കുഞ്ഞാലി നാലാമനെ ചിത്രീകരിച്ച വിധത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. പോര്‍ച്ചുഗീസ് കാലത്തെ രാഷ്ട്രീയ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിരുന്ന കുഞ്ഞാലി മരക്കാര്‍മാരിലെ നാലാമന്‍, സാമൂതിരിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത് സാമുദായിക സഹജീവനത്തില്‍ വിള്ളലുണ്ടാക്കിയ സംഭവമാണ്. ഈ സംഭവത്തെ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലും പുതിയ കാലത്തും രൂപപ്പെടുത്തപ്പെട്ട വടക്കന്‍ പാട്ടുകളില്‍ കുഞ്ഞാലിയുടെ 'പിഴവിനുള്ള ശിക്ഷ' എന്ന നിലക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1960-കളില്‍ മലയാളം ഉപപാഠപുസ്തകമായിരുന്ന തച്ചോളി ഒതേനന്‍ എന്ന കടത്തനാട്ടു മാധവിയമ്മയുടെ കൃതി തച്ചോളിപ്പാട്ടുകളെ അവലംബമാക്കിയാണ് രചിച്ചിട്ടുള്ളത്. 1599-ല്‍ സാമൂതിരി കുഞ്ഞാലി മരക്കാര്‍ നാലാമനെ പറങ്കികള്‍ക്ക് ഒറ്റുകൊടുത്ത ചരിത്രസംഭവത്തിന് ഈ കൃതിയില്‍ ചില ന്യായങ്ങള്‍ ചമച്ചിട്ടുണ്ട്. സാമൂതിരിയുടെ ആനവാല്‍ കുഞ്ഞാലി നാലാമന്‍ മുറിച്ചുവെന്നതാണത്. വടക്കന്‍ പാട്ടുകളെ അവംലംബിച്ച് സര്‍ദാര്‍ കെ.എം പണിക്കര്‍ എഴുതിയ 'കേരളത്തിലെ സ്വാതന്ത്ര സമരം' എന്ന കൃതിയിലും മേല്‍പറഞ്ഞ പരാമര്‍ശം ആവര്‍ത്തിക്കുന്നു. കൂടാതെ, ഒരു നായര്‍ പ്രഭുവിന്റെ ഭാര്യയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ച കേസും കുഞ്ഞാലിക്ക് ചാര്‍ത്തുന്നു. പ്രഫ. ഒ.കെ നമ്പ്യാരുടെ ഗവേഷണത്തിലും ക്രമേണ 'സര്‍വ വിജ്ഞാന കോശ'ത്തിലുമെല്ലാം ഈ പരാമര്‍ശങ്ങള്‍ സ്ഥാനം പിടിച്ചു. വടക്കന്‍ പാട്ടുകളില്‍ താരതമ്യേന ആധുനികമായത് 18-ാം നൂറ്റാണ്ടിലെ തച്ചോളിപ്പാട്ടുകളാണ്. വടക്കന്‍ പാട്ടുകളില്‍ അഞ്ചോളം സ്ത്രീ പീഡനകേസുകള്‍ കുഞ്ഞാലി മരക്കാരില്‍ ആരോപിക്കപ്പെട്ടു കിടക്കുന്നതായും ഇവയെല്ലാം ആധുനിക കാലത്തെ വരേണ്യ മനോനിലക്കനുസരിച്ച് കൂട്ടിച്ചേര്‍ക്കപ്പെട്ടതായിരിക്കാമെന്നും ഗവേഷണ പഠനങ്ങളെ ഉദ്ധരിച്ച് പി.വി മുഹമ്മദ് മരക്കാര്‍ എഴുതുന്നുണ്ട്.4

ഇതിനു ശേഷം   പ്രധാനമായും രണ്ട് സംഭവങ്ങളാണ് കേരളത്തിലെ സവര്‍ണാധീശത്വത്തെ പ്രകോപിപ്പിച്ചതായി കാണാവുന്നത്. ടിപ്പുവിന്റെ വരവും 1921-ലെ മാപ്പിള സമരവുമായിരുന്നു അവ. ഈ രണ്ട് സംഭവങ്ങളും ദലിതരും മുസ്‌ലിംകളും അടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഐക്യത്തെയും വിമോചനത്തെയും ഓര്‍മപ്പെടുത്തുന്നതും സവര്‍ണാധികാര മൂല്യബോധത്തെ എതിര്‍ക്കുന്നതുമായിരുന്നു. ദലിതരെക്കൂടി ഹിന്ദുവായി ഭാവന ചെയ്തുകൊണ്ടും മുസ്‌ലിമിനെ ശത്രുവായി അപരവല്‍ക്കരിച്ചുകൊണ്ടും മാത്രമേ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വേരുപിടിക്കാന്‍ സാധിക്കുകയുള്ളു. മേല്‍ സൂചിപ്പിച്ച പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളും പൈശാചിക ഭാവമുള്ളതായി ചിത്രീകരിക്കേണ്ടത് അതിനാല്‍ സവര്‍ണ ദേശീയതയുടെ ആവശ്യമായിത്തീര്‍ന്നു. പ്രദേശം എന്ന നിലക്ക് മലബാറിനെയും സമുദായമെന്ന നിലക്ക് മുസ്‌ലിംകളെയും അപരവല്‍ക്കരിക്കാന്‍ ഇത് കാരണമായി. മുന്‍വിധി കലര്‍ന്ന കൊളോണിയല്‍ രേഖകളെ ആധാരമാക്കിയാണ് മുസ്‌ലിംകളെക്കുറിച്ചുള്ള വീക്ഷണം ദേശീയ ചരിത്രകാരന്മാര്‍ പൊലിപ്പിച്ചെടുത്തത്. പിന്നീട് ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിമിനെ പരിഷ്‌കരിച്ചെടുക്കുന്ന പദ്ധതിയായി നവോത്ഥാന പരികല്‍പ്പനയില്‍ അത് സ്ഥാനം നേടുകയും ചെയ്തു. ഇസ്‌ലാമിനെക്കുറിച്ച് പരമ്പരാഗതമായി നിര്‍മിക്കപ്പെട്ടിട്ടുള്ള യുക്തിരഹിതമായ അഞ്ച് മിത്തുകളെക്കുറിച്ച് ദീപാകുമാറിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്: 1. ഏകശിലാരൂപം 2. സ്ത്രീ വിരുദ്ധം 3. യുക്തിയില്ലായ്മ 4. അക്രമാസക്തം 5. ജനാധിപത്യവിരുദ്ധം എന്നിവയാണവ.5 ഈ മിത്തുകള്‍ തന്നെയാണ് മലയാള സാഹിത്യത്തില്‍ മുസ്‌ലിം സാംസ്‌കാരികതയെ അരികുവല്‍ക്കരിക്കാനും അവരുടെ രാഷ്ട്രീയ ചോദ്യങ്ങളെ നിശ്ശബ്ദമാക്കാനും ഉപയോഗിക്കുന്നത്. 

പ്രത്യക്ഷത്തില്‍ തന്നെ മുസ്‌ലിംവിരുദ്ധത കാണാവുന്ന ധാരാളം കൃതികള്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ലക്ഷണമൊത്ത ആദ്യത്തെ നോവലായ ഇന്ദുലേഖ (1889), തകഴിയുടെ ചെമ്മീന്‍ (1956), എം.ടിയുടെ നാലുകെട്ട് (1958), എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ (1990) തുടങ്ങിയ കൃതികളെ ലിബറലുകളുടെ സവര്‍ണ അബോധം എന്ന മട്ടില്‍ വിശകലനം ചെയ്തുകൊണ്ട് എം.ടി അന്‍സാരി എഴുതുന്നുണ്ട്. പ്രദേശം എന്ന നിലക്ക് മലബാറിനെയും സമുദായം എന്ന നിലക്ക് മാപ്പിളമാരെയും, രൂപപ്പെട്ടുവരുന്ന ദേശീയ/പ്രാദേശീയ ആധുനികതയില്‍ അപരനായി തയാറാക്കുന്ന വിധം എം.ടിയുടെ ആദ്യനോവലായ നാലുകെട്ടിനെ(1958) മുന്‍നിര്‍ത്തിയാണ്  അന്‍സാരി ആലോചിക്കുന്നത്. ഇന്ദുലേഖയില്‍ ദേശമില്ലാത്ത, പേരില്ലാത്ത വില്ലനായാണ് മുസ്‌ലിം വരുന്നതെങ്കില്‍ ഹിഗ്വിറ്റയില്‍(1990) രൂപമാര്‍ജിച്ച വില്ലനായാണ് കാണപ്പെടുന്നത്. ആശാന്റെ ദുരവസ്ഥയിലും(1922) ചെമ്മീന്‍ എന്ന നോവലിലും(1956) അതിന്റെ സിനിമാ ഭാഷ്യത്തിലും(1965) ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും (1957) എന്ന നോവലിലും കീഴ്ജാതിയില്‍നിന്നുള്ള മതപരിവര്‍ത്തനത്തെ കൂടുതല്‍ സൂക്ഷ്മവ്യത്യാസത്തോടെ മുസ്‌ലിം പ്രതിനിധാനത്തിന്റെ തലത്തില്‍ വെളിപ്പെടുത്തുന്നു. നാലുകെട്ടിലാവട്ടെ, നോവലിന്റെ ഇതിവൃത്തത്തെയും ക്രിയാംശത്തെയും ആദിമധ്യാന്തം ചലനാത്മകമാക്കുന്ന സൈതാലിക്കുട്ടി മാപ്പിള എന്ന കഥാപാത്രം ഒരേസമയം നല്ലവനും കെട്ടവനുമായാണ് പ്രത്യക്ഷപ്പെടുന്നത്. കഥാപാത്ര നിര്‍മിതിയിലെ ബോധപൂര്‍വകവും സൂക്ഷ്മമായി വികസിപ്പിച്ചെടുത്തതുമായ ഈ കുഴമറിച്ചില്‍ സെയ്താലിക്കുട്ടിയെ അനിവാര്യമായും ഒരു വൃത്തികെട്ടവനായി മാറ്റിത്തീര്‍ക്കുന്നു. ഇത് ഔദ്യോഗികവും ദേശീയവാദപരവുമായ സൗന്ദര്യശാസ്ത്ര പരിഗണനകളുടെ ഫലമായി വന്നുചേര്‍ന്നതാവാമെന്ന് അന്‍സാരി പറഞ്ഞുവെക്കുന്നു6. ചന്തുമേനോന്‍ മുതല്‍ എന്‍.എസ് മാധവന്‍ വരെയുള്ളവരെപ്പറ്റി എഴുതിക്കൊണ്ട്, മലയാള സാഹിത്യത്തിലെ മുസ്‌ലിം അപരവല്‍ക്കരണം ചൂണ്ടിക്കാണിക്കുമ്പോള്‍, ഇടര്‍ച്ചകളില്ലാത്ത ഒരു രേഖീയ സാഹിത്യ ചരിത്രം സങ്കല്‍പ്പിക്കുകയല്ലേ അന്‍സാരി ചെയ്യുന്നതെന്ന് രതീഷ് രാധാകൃഷ്ണന്‍ ചോദിക്കുന്നുണ്ട്. ഇന്ദുലേഖ മുതല്‍ ഹിഗ്വിറ്റ വരെയുള്ള ഇക്കാലത്തിനിടക്ക് മലയാള സാഹിത്യത്തില്‍ മുസ്‌ലിം പ്രതിനിധാനത്തിന്റെ കാര്യത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകളും പില്‍ക്കാല മലയാള സാഹിത്യത്തില്‍ അതിന്റെ സ്വാധീനവും ഇതുമായി ബന്ധപ്പെടുത്തി ഇനിയും പഠിക്കപ്പെടേണ്ടതായിട്ടാണുള്ളത്. ബഷീറിനെ ഒരു പിതൃസ്വരൂപമായി തന്റെ എഴുത്തുകളിലൂടെ എം.ടി തന്നെ നിര്‍മിച്ചെടുത്തത് ഇവിടെ ഓര്‍ക്കേണ്ടതാണ്. എം.ടി അടക്കമുള്ള 'നായര്‍ ഭാവന'യ്ക്ക് ഗുരുവായ ബഷീറിനെപ്പോലെയൊരു പിതൃബിംബത്തെ എങ്ങനെ വിശദീകരിക്കുമെന്നും രതീഷ് ചോദിക്കുന്നു7.  കൊളോണിയല്‍ കാലവും ദേശീയവാദ കാലവും തുടര്‍ന്ന് എന്‍.എസ്. മാധവന്‍ വരെയുള്ള ഘട്ടങ്ങളിലെ മുസ്‌ലിം പ്രതിനിധാനങ്ങളെയും അതിലെ സങ്കീര്‍ണതകളെയും വിശദീകരിക്കാനാണ് എം.ടി. അന്‍സാരി ശ്രമിച്ചത്. ചില എഴുത്തുകാരില്‍ മുസ്‌ലിംവിരുദ്ധ മുദ്ര ചാര്‍ത്താനല്ല, സംസ്‌കാര പഠനത്തിന്റെ ചോദ്യമായ 'എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?' എന്ന അന്വേഷണമായി ഇതിനെ വികസിപ്പിക്കാവുന്നതാണ്. 

ബ്രാഹ്മണാധികാരത്തിന് വിധേയപ്പെട്ട് ക്ഷത്രിയ പദവിയാര്‍ജിച്ച ശൂദ്രരടങ്ങുന്ന സാമൂഹിക ഘടനയായിരുന്നു കേരളത്തിന്റേത്. ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയെ അടിമകളാക്കി നിലനിര്‍ത്താന്‍ മേല്‍ജാതി ഭക്തിയിലധിഷ്ഠിതമായ സാങ്കല്‍പ്പിക ഹിന്ദുമതം ആവശ്യമായി വന്നു.8 നിര്‍ബാധം ജാതി ഹിംസകള്‍ നടത്തി ഭൂമിയില്‍ അധികാരം വാണിരുന്ന സവര്‍ണര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയത് ടിപ്പുവും 1921-ലെ സമരവുമായിരുന്നു. ആധുനിക കേരളം ഭാവന ചെയ്യപ്പെട്ടതും മലയാള സാഹിത്യം പോലുള്ള സ്ഥാപനങ്ങള്‍ രൂപമാര്‍ജിച്ചതും സവര്‍ണരുടെ ഓര്‍മകളിലൂടെയാണ്. സ്വാഭാവികമായും ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായിവന്ന മലയാള ഭാഷാ മാനകീകരണം, തിരു-കൊച്ചി പാഠപുസ്തക ഭാഷാ പരിഷ്‌കരണ സമിതികള്‍, പത്രമാസികകള്‍, സാഹിത്യ ചരിത്ര നിര്‍മാണങ്ങള്‍ എന്നിവയെല്ലാം സവര്‍ണ മേല്‍ക്കോയ്മയെ 'പൊതു' എന്ന മട്ടില്‍ സ്ഥാപിക്കുന്നതും മുസ്‌ലിം-കീഴാള പാരമ്പര്യങ്ങളെ അപരമായി തള്ളുന്നവയുമായിരുന്നു. മലയാളത്തിലെ ആദ്യകാല നോവലുകളുടെ വിശകലനത്തില്‍ ഈ പ്രശ്‌നം പല സാഹിത്യ വിമര്‍ശകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതുന്നു: ''ജാതിവിരുദ്ധതയുടെ സാഹിത്യ വ്യവഹാരങ്ങള്‍ കവിതകളേക്കാള്‍ നോവലിലാണ് ആദ്യം രൂപംകൊണ്ടത്. മലയാളത്തിലെ ആദ്യനോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഘാതകവധം (1878), പുല്ലേലി കുഞ്ചു (1882), പരിഷ്‌കാര വിജയം (1906). സുകുമാരി (1897) തുടങ്ങിയവയെല്ലാം അധഃസ്ഥിത ജീവിതത്തെ മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നവയാണ്. ആധുനിക മനുഷ്യ പദവിയെക്കുറിച്ച ബോധം ആദ്യം മലയാളിയില്‍ സൃഷ്ടിക്കപ്പെടുന്നത് മതപരിവര്‍ത്തന ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ്. മതംമാറ്റത്തിലൂടെ ധാരാളം അധഃസ്ഥിതര്‍ വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്ന സാമൂഹിക പദവിയിലെത്തി.''9 അതിനാല്‍ തന്നെ മേല്‍പറഞ്ഞ നോവലുകള്‍ ലക്ഷണമൊക്കാത്തവയായി നമ്മുടെ സാഹിത്യ ചരിത്രത്തിന്റെതന്നെ പുറംപോക്കായാണ് ആദ്യകാലങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്നത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും സവര്‍ണ ഹിന്ദു ദേശീയത നിലനിര്‍ത്തിയ ശത്രുവല്‍ക്കരണം ദേശീയ ബോധത്തിന്റെ ഭാഗമായി സ്വാഭാവികമായി കടന്നുവരികയായിരുന്നു. പാംസുസ്‌നാനം, അല്ലാഹ് തുടങ്ങിയ കവിതകളിലൂടെ ഇസ്‌ലാമിക മൂല്യങ്ങളെ മഹനീയമായി കാണുന്ന വള്ളത്തോള്‍ നാരായണ മേനോന്‍ തന്നെ കാട്ടെലിയുടെ കത്ത്, ഭാരത സ്ത്രീകള്‍ തന്‍ഭാവ ശുദ്ധി, നായര്‍ സ്ത്രീയും മുഹമ്മദീയനും എന്നീ കവിതകളില്‍ ഇസ്‌ലാംവിരുദ്ധത പ്രകടിപ്പിക്കുന്നത് ദേശീയതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അവബോധമായിട്ടാണ് മനസ്സിലാക്കേണ്ടത്. ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും പ്രകീര്‍ത്തിക്കുന്ന ഉദാരത എഴുത്തില്‍ പ്രകടിപ്പിക്കുന്നവരും സമാന്തരമായി ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിക്കുന്നത് ഇങ്ങനെ മാത്രമേ വിശദീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ആശയം എന്ന നിലക്കുള്ള ഇസ്‌ലാമിനെയല്ല, സാമൂഹികാനുഭവം എന്ന നിലക്കുള്ള മുസ്‌ലിം ഇടപെടലുകളെയാണ് ഈ ഭാവന അപരമായി കണ്ടത്. അതിനാല്‍ ഇത് ഇസ്‌ലാംവിരുദ്ധം എന്നതിനേക്കാള്‍ മുസ്‌ലിംവിരുദ്ധം എന്നു പറയുന്നതാവും ശരി. 

(തുടരും)

 

കുറിപ്പുകള്‍:

1. Stuart Black Burnunscrited: The people of Arunachal Pradesh in Literary and other national hisotries, 2011, page: 312 Literature and Nationalist Ideology: Writing Histories of Modern Indian Languages. ed. Hans Harder Delhi 2011.

2. Page 75 Fransesca Orsini, Intruction in before Divide: Hindi and Urdu Literary Culture, 2011.

3. Salman Sayyid  Thinking through Islamophobia. 

4. പുറം 32, അറിയപ്പെടാത്ത കുഞ്ഞാലി മരക്കാര്‍, പി.വി. മുഹമ്മദ് മരക്കാര്‍, കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി, ഇരിങ്ങല്‍ 2015.

5. Islamophobia and the Politics of Empire Deepa kumar, Hay Market Books, Chicago Illinois 2012).

6. Page 347, More on the Good  Bad Ugly Muslim in Malayalam Literature: within and without Naalukettu  M.T  Ansari - 2012 Islamic Academic Conference Proceedings, SIO Kerala 2012.

7.  Ratheesh Radhakrishnan, Of mice and men: the futures of Nair musculinity in a Post Matrilineal Modernity  Tapasam 2,3 & 4 January & April 2007, PP. 455-489.

8. ('ഹിന്ദുയുവാവിന് ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാകില്ല', ജെ. രഘു, മാധ്യമം വാരിക 2016 മാര്‍ച്ച് 21, മലബാറിലെ ഹിന്ദു, പി. ആര്‍ ഷിത്തോര്‍, മാധ്യമം വാരിക - 2016 ജൂണ്‍ 13 എന്നീ ലേഖനങ്ങള്‍ കാണുക).

9. (പുറം: 1815, പ്രദീപന്‍ പാമ്പിരിക്കുന്ന്, ദലിത് വിമര്‍ശം: സൈദ്ധാന്തിക ഭൂമിക, മലയാളം റിസര്‍ച്ച് ജേര്‍ണല്‍, വാല്യം 6, ലക്കം 1, ജനുവരി - ഏപ്രില്‍ 2013). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍