പുരോഹിതിന്റെ ജാമ്യം ആഘോഷിക്കപ്പെടുമ്പോള്‍
ഭീകരാക്രമണ കേസുകളില്‍ ജയിലില്‍ പോകേണ്ടിവന്ന ഒരുത്തനും സ്വപ്‌നം കാണാന്‍ കഴിയാത്ത ശിഷ്ടകാല ജീവിതമാണ് സ്‌ഫോടനകേസ് പ്രതികളില്‍ ഒരാളായ കേണല്‍ ശ്രീകാന്ത് പുരോഹിതിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പാകിസ്താന്റെയോ മറ്റോ ജയിലില്‍നിന്നും മടങ്ങിയെത്തുന്ന ഇന്ത്യന്‍ ധീരദേശാഭിമാനിയെ അവതരിപ്പിക്കുന്നതു പോലെയാണ് ഈ കേണലിനെ റിപ്പബ്ലിക് ടി.വിയും ടൈംസ് നൗവും ആഘോഷിക്കുന്നത്. അങ്ങോരുടെ ഭാര്യ പോലും മാധ്യമങ്ങളില്‍ സൈനികന്റെ ധര്‍മവും രാജ്യത്തോടുള്ള കൂറുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒമ്പതു കൊല്ലമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാറിന്റെ 'കര്‍മകുശലത'യായിരുന്നല്ലോ പുരോഹിതിന് ജാമ്യം ലഭിക്കാനുള്ള വഴിതുറന്നത്. മക്കോക്ക അനുസരിച്ച് കുറ്റം ചുമത്തുന്നതിനെതിരെ 2008-ല്‍ പുരോഹിത് നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് 2015-വരെയും ബോംബെ ഹൈക്കോടതിയില്‍ വൈകിയതുകൊണ്ടുമാത്രമാണ് അന്തിമ കുറ്റപത്രം ഇപ്പോഴും സമര്‍പ്പിക്കാതെ പോയതെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിന് 'കഴിഞ്ഞില്ല'. ഈ കേസില്‍ വല്ലാതെ ബലം പിടിക്കരുതെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ എന്‍.ഐ.എ മഹാരാഷ്ട്രയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയനോട് ആവശ്യപ്പെട്ടതോര്‍ക്കുക. കേസില്‍ നേരത്തേ എ.ടി.എസ് രേഖപ്പെടുത്തിയ മുഴുവന്‍ മൊഴികളും എന്‍.ഐ.എ രംഗത്തെത്തിയതിനു ശേഷം 'കാണാനില്ലാ'തായി. എല്ലാ അര്‍ഥത്തിലും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പുരോഹിത് പുറത്തെത്തുന്നതെന്ന് വ്യക്തം. പുരോഹിതിന് ജാമ്യം ലഭിച്ചതിന് തൊട്ടു പിറകെ സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്നീ വേദം പഠിച്ച രണ്ട് ഭീകരര്‍ കൂടി ജാമ്യം നേടി പുറത്തിറങ്ങി. കേസിന്റെ വിചാരണ ഇനിയും ബഹുദൂരം മുന്നോട്ടുപോകാന്‍ ബാക്കിയിരിക്കെയാണ് കേന്ദ്രസര്‍ക്കാറും സൈന്യവും ഈ കുറ്റവാളിയെ രഹസ്യമായും പരസ്യമായും പിന്തുണക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയുമൊക്കെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 'അവരുടെ ഭീകരന്‍ ചീത്ത, നമ്മുടേത് നല്ലവന്‍' മുതലായ സിദ്ധാന്തങ്ങള്‍ ഇതിനകം ഉടലെടുത്ത് കഴിഞ്ഞതിനാല്‍ കേസ് ഇനി വല്ലാതെയൊന്നും മുന്നോട്ടു പോകുമെന്ന് കരുതുക വയ്യ.
രാജ്യത്തെ സേവിച്ചതിന് തന്റെ പ്രൊമോഷനും മാന്യതയും സര്‍ക്കാര്‍ അപകടപ്പെടുത്തിയെന്ന് കാണിച്ച് പുരോഹിത് നേരത്തേ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരികര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളുടെ ജാമ്യനടപടികള്‍ക്ക് ഗതിവേഗം കൂടിയത്. പക്ഷേ ഇനിയും നടക്കാനുള്ള വിചാരണക്കെതിരെ മുന്‍വിധി സൃഷ്ടിക്കുന്ന രീതിയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്. പുരോഹിതിന് നീതി, സൈന്യത്തിന്റെ ധീരപുത്രന് മോചനം, ആരു തിരികെ നല്‍കും ആ ഒമ്പത് വര്‍ഷങ്ങള്‍? കേണലിനെ ആരു കുടുക്കി? ഇതൊക്കെയായിരുന്നു മാധ്യമ ചര്‍ച്ചകള്‍. പുരോഹിതിനെ പോലുള്ളവര്‍ പലപ്പോഴായി നടത്തിയ സ്‌ഫോടനങ്ങളുടെ പേരില്‍ കള്ളക്കേസുകളില്‍ കുടുങ്ങി 23 വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞ് ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ട ഗുല്‍ബര്‍ഗയിലെ നസീറുദ്ദീന്‍ അഹ്മദും വിചാരണ തടവുകാരനായി ഇതിനകം 15 വര്‍ഷം ജയിലുകള്‍ക്ക് നല്‍കിയ അബ്ദുന്നാസിര്‍ മഅ്ദനിയുമൊന്നും ഒരു ചുക്കുമല്ല! അവരുടെ കുടുംബങ്ങളുടെ കണ്ണീരും ദുരന്തങ്ങളുമൊന്നും രാജ്യത്ത് ഒരു ചാനലിന്റെയും ചര്‍ച്ചയുമല്ല. ഭീകരാക്രമണ കേസുകളില്‍ മുസ്‌ലിംകള്‍ക്ക് ജാമ്യം കിട്ടുന്ന സാഹചര്യം മഅ്ദനിയുടേതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു തന്നെ വേണം പറയാന്‍. അവിടെയാണ് ഫോറന്‍സിക് തെളിവും ടെലിഫോണ്‍ രേഖകളും എല്ലാറ്റിനുമുപരി സഹകുറ്റവാളികളുടെ കൈയില്‍നിന്നും പിടികൂടിയ കുറ്റകരമായ ശബ്ദരേഖകളും സാക്ഷികളുമടക്കം ചെയ്ത കുറ്റത്തിന് സംശയാതീതമായ തെളിവുകളുള്ള പുരോഹിത് മാന്യനായി മാറുന്നത്, കേവലം ജാമ്യം കിട്ടിയ ഒരാളെ ഭരണകൂടത്തിന്റെ കാവലാളായ സൈന്യം കൊട്ടും കുരവയുമായി സ്വീകരിച്ചാനയിച്ചത്. ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ സ്വീകരണം ഏര്‍പ്പാടാക്കിയവര്‍ക്കെതിരെ എന്നിട്ടും ഒരു ചെറുവിരല്‍ പോലും ആരും അനക്കിയില്ല. 'രാജ്യത്തെ സ്‌നേഹിക്കുന്നതും സേവിക്കുന്നതും ഇനിയും തുടരുക' എന്ന തലക്കെട്ടിലാണ് റിപ്പബ്ലിക് ടി.വി പുരോഹിതിനെ കുറിച്ച വാര്‍ത്തകള്‍ കാണിച്ചുകൊണ്ടിരുന്നത് ശ്രദ്ധിക്കുക. ടൈംസ് ഓഫ് ഇന്ത്യ മുഖപ്പേജില്‍ തലക്കെട്ട് വാര്‍ത്തയാക്കിയതിനു പുറമെ പകുതിയിലേറെ പേജാണ് ഇയാളുടെ കുടുംബത്തിന്റെ 'അവമതിപ്പും' സാമൂഹിക ദുരന്തവുമൊക്കെ ചര്‍ച്ച ചെയ്യാന്‍ നീക്കിവെച്ചത്.
പുരോഹിതിന് ലഭിച്ച ജാമ്യം റിപ്പബ്ലിക് ടി.വിയെ പോലുള്ളവര്‍ ആഘോഷിക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ഇതേ ഹിന്ദുത്വ ഭീകരസംഘടനകളുടെ ഭാഗമായിരുന്ന ആര്‍.എസ്.എസിന്റെ രണ്ടു നേതാക്കളെ അജ്മീര്‍ സ്‌ഫോടന കേസില്‍ കോടതി ശിക്ഷിച്ചത്. ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നീ ആര്‍.എസ്.എസ് പ്രചാരകരാണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ട മറ്റൊരു പ്രചാരക് സുനില്‍ ജോഷിയെയും കുറ്റക്കാരനെന്ന് കണ്ടെത്തി. കേണല്‍ പുരോഹിത് നയിച്ച അഭിനവ് ഭാരത് ശൃംഖല അജ്മീരില്‍ നടത്തിയതു മാത്രം കുറ്റകൃത്യമെന്നും, മാലേഗാവില്‍ നടത്തിയത് രാജ്യതാല്‍പര്യത്തിനു വേണ്ടിയാണെന്നുമാണോ ഒടുവില്‍ ഈ മാധ്യമങ്ങള്‍ സ്ഥാപിക്കാന്‍ ഒരുമ്പെടുന്നത്? മുസ്‌ലിംകളുടെ പള്ളികളിലും ദര്‍ഗകളിലും സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണോ സൈനിക ഇന്റലിജന്‍സിന്റെ ജോലി? പുരോഹിതിന് ലഭിച്ച ഈ ആനുകൂല്യം ഈ കേസിലുള്‍പ്പെട്ട സകലര്‍ക്കും ഒരുപോലെ ബാധകമാണെന്ന് വരുന്നതോടെ ഇവരെയെല്ലാം സംഘടിപ്പിച്ചത് ആരാണെന്ന ചോദ്യം ബാക്കിയാകുന്നു.
Comments