Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

ലിംഗനീതിയുടെ പേരില്‍ അരങ്ങേറുന്ന അനീതികള്‍

ഡോ. സീനത്ത് കൗസര്‍

പാശ്ചാത്യ സ്ത്രീവിമോചന സാഹിത്യത്തിലും മനുഷ്യാവകാശ മുന്നേറ്റങ്ങളിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ലിംഗനീതി. പ്രായഭേദമന്യേ ലോകത്തുടനീളം അനവധി പേരെ ആകര്‍ഷിച്ച ഈ തത്ത്വം പല സ്ത്രീ വിമോചന കൃതികളിലെയും കേന്ദ്ര വിഷയമാണ്. 'സ്ത്രീശാക്തീകരണം' എന്ന വിശാലമായ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകള്‍ ലിംഗനീതിയും ലിംഗസമത്വവും സാക്ഷാത്കരിക്കാനുള്ള യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 'ലിംഗ വീക്ഷണം' എന്ന തത്ത്വമാണ് ഇതിനു അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അതായത്, പ്രഗത്ഭരായ സ്ത്രീസ്വാതന്ത്ര്യ വക്താക്കളുടെ നേതൃത്വത്തില്‍ താത്ത്വികമായും പ്രായോഗികമായും ലോകത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചപ്പാടാണ് ലിംഗനീതി.

ലിംഗവ്യത്യാസങ്ങള്‍, വിവാഹം, കുടുംബം മുതലായ സാമൂഹിക വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന 'ലിംഗം', ലോക രാഷ്ട്രീയത്തെ തന്നെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന 'ലൈംഗികതയും പ്രത്യുല്‍പാദന നീതിയും' എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് നമുക്ക് ഈ വിഷയത്തെ വിശകലനം ചെയ്യാന്‍ സാധിക്കും. ഇതില്‍ ആദ്യം പറഞ്ഞ 'ലിംഗം' എന്ന ആശയത്തെയാണ് ഈ ലേഖനം മുഖ്യമായും അവലോകനം ചെയ്യുന്നത്.

മുമ്പ് പരാമര്‍ശിച്ചതുപോലെ 'ലിംഗനീതി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിരവധി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 1989-ല്‍ പ്രസിദ്ധീകരിച്ച സൂസന്‍ മോലര്‍ ഒകിന്റെ പ്രസിദ്ധമായ 'നീതി, ലിംഗം, കുടുംബം' (Justice, Gender and the Family) എന്ന കൃതിയാണ് ഈ ലേഖനം അവലോകനത്തിനായി തെരഞ്ഞെടുക്കുന്നത്. ആധുനിക രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ഏറ്റവും മികച്ച സ്ത്രീപക്ഷ വായന എന്ന നിലയില്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്റെ 1990-ലെ വിക്‌ടോറിയ ഷുക്ക് പുരസ്‌കാരത്തിന് സൂസന്‍ ഒകിനെ അര്‍ഹയാക്കിയ വളരെ ശ്രദ്ധേയമായ പുസ്തകമാണ് 'നീതി, ലിംഗം, കുടുംബം'.

കുടുംബത്തില്‍ ലിംഗനീതി കൊണ്ടുവരാതെ സമൂഹത്തില്‍ നീതി സ്ഥാപിക്കാന്‍ സാധിക്കില്ല എന്നതാണ് സൂസന്‍ ഒകിന്‍ ഈ കൃതിയിലൂടെ മുന്നോട്ടു വെക്കുന്ന പ്രധാന ആശയം. കുടുംബത്തിലും സമൂഹത്തിലും നീതി ഉറപ്പാക്കുന്നതിലെ ഏറ്റവും വലിയ തടസ്സമായി വര്‍ത്തിക്കുന്നത് 'ലിംഗം' ആണെന്നാണ് അവരുടെ കാഴ്ചപ്പാട്.

വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ജീവശാസ്ത്രപരമായ ലിംഗഭേദ(Sex)ത്തെയും സാമൂഹിക സൃഷ്ടിയായ ലിംഗഭേദ(Gender)ത്തെയും വേര്‍തിരിച്ചു കാണുന്ന 'ജെന്‍ഡര്‍ ഫെമിനിസ്റ്റുകളി'ലൊരാളാണ് സൂസന്‍ ഒകിന്‍. വര്‍ത്തമാന കാലത്തെ സ്ത്രീപക്ഷ സംവാദങ്ങളിലും സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യധാരാ രേഖകളിലും 'ജെന്‍ഡര്‍' എന്ന പദത്തിന് നല്‍കുന്ന വ്യാഖ്യാനം ഇതാണ്.

സ്ത്രീ വിമോചന പ്രസ്ഥാനത്തിന് വിവിധ മുഖങ്ങളുണ്ട്. പുരോഗമനവാദം, സോഷ്യലിസം, മാര്‍ക്‌സിസം, സൈക്കോ അനാലിസിസ്, അസ്തിത്വവാദം, തീവ്രപുരോഗമന വാദം, അത്യാധുനികവാദം തുടങ്ങി നിരവധി ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട ഒരു രാഷ്ട്രീയ സിദ്ധാന്തം തന്നെയാണ് ഫെമിനിസം. ഇതിനപ്പുറം വേറെയും ചില വിഭാഗങ്ങളായി ഫെമിനിസ്റ്റുകള്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം സ്വാധീനമുള്ളതും തീവ്രപുരോഗമനവാദികളുമായ വിഭാഗമാണ് ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍.

ലിംഗനീതിയെക്കുറിച്ചുള്ള സമകാലിക സംവാദങ്ങള്‍ മുഖ്യമായും തുടങ്ങിവെക്കുന്നത് ഈ വിഭാഗക്കാരാണ്. അഡ്രിയന്‍ റിച്ച്, ജുഡിത് ബട്ട്‌ലര്‍, ഹൈദി ഹേര്‍ട്ട്മാന്‍, അലിസണ്‍ ജഗ്ഗാര്‍, ബെല്ലാ അബ്‌സഗ് തുടങ്ങിയവരാണ് ഇവരില്‍ പ്രധാനികള്‍. ഇവരുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്കെതിരെ സമൂഹം വെച്ചുപുലര്‍ത്തുന്ന വിവേചനപരമായ സമീപനത്തെ അടിസ്ഥാനമാക്കി സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചുകൊണ്ട് സമൂഹം ഇരുവിഭാഗങ്ങള്‍ക്കു മേലെയും കുടുംബത്തിലും സമൂഹത്തിലും വ്യത്യസ്തമായ കര്‍ത്തവ്യങ്ങള്‍ അടിച്ചേല്‍പിക്കുന്നു. ഇതിനെ ഇവര്‍ 'ജെന്‍ഡറി'ലധിഷ്ഠിതമായ 'സാമൂഹികമായി സൃഷ്ടിക്കപ്പെട്ട കടമകളും കര്‍ത്തവ്യങ്ങളും' എന്ന് വിശേഷിപ്പിക്കുന്നു. ഇതിന് 'സെക്‌സു'മായി ബന്ധമില്ല. അതായത് 'സെക്‌സ്' ജീവശാസ്ത്രപരവും 'ജെന്‍ഡര്‍' സാമൂഹികവുമാണ്. കുടുംബത്തെയും സമൂഹത്തെയും 'ജെന്‍ഡറില്‍'നിന്ന് മോചിപ്പിക്കുന്നതിലൂടെ നീതി സ്ഥാപിക്കുന്നതിനെയാണ് ഇവര്‍ 'ലിംഗനീതി' എന്ന് വിളിക്കുന്നത്.

സൂസന്‍ ഒകിനും ഇതു തന്നെയാണ് വാദിക്കുന്നത്. സ്ത്രീകളെ പുരുഷന്മാരുടെ അധീനതയില്‍ നിലനിര്‍ത്താന്‍ വേണ്ടി 'സമൂഹം സൃഷ്ടിച്ച വേഷങ്ങള്‍'ക്ക് ഒകിനും മറ്റ് ജെന്‍ഡര്‍ ഫെമിനിസ്റ്റുകളും പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന 'ലിംഗ'ത്തില്‍നിന്ന് മോചനം ലഭിച്ചാല്‍ മാത്രമേ സമൂഹത്തില്‍ നീതിയുണ്ടാവുകയുള്ളൂ. ലിംഗത്തെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകളെയാണ് 'ലിംഗ വീക്ഷണം' (Gender Perspective) എന്ന് വിളിക്കുന്നത്.

'വിവാഹം', 'കുടുംബം' തുടങ്ങിയ കാര്യങ്ങളെ സൂസന്‍ ഒകിന്‍ നോക്കിക്കാണുന്നതെങ്ങനെ എന്നത് ഇതോടൊപ്പം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 'സാമൂഹിക സൃഷ്ടിയായ' വിവാഹത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ദുര്‍ബലയാകുമെന്നാണ് ഒകിന്റെ കാഴ്ചപ്പാട്. സ്ത്രീകള്‍ക്ക് വീടിന്റെയും മക്കളുടെയും പരിപാലനവും പുരുഷന്മാര്‍ക്ക് വീടിനു പുറത്തുള്ള ജോലിയും നല്‍കുന്ന തൊഴില്‍ വിഭജനത്തിലൂടെ തങ്ങളുടെയും മക്കളുടെയും ജീവനു വേണ്ടി സ്ത്രീകള്‍ പുരുഷന്മാരെ അവലംബിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുകയും ഇതുമൂലം അവര്‍ ചൂഷണവും അനീതിയും നേരിടേണ്ടിവരികയും ചെയ്യുന്നു എന്ന് ഒകിന്‍ വാദിക്കുന്നു. അങ്ങനെയുള്ള കുടുംബ സമ്പ്രദായം 'ലിംഗാധിഷ്ഠിത വ്യവസ്ഥ'യുടെ ഏറ്റവും വലിയ ഉദാഹരണമായി മാറുന്നു.

'ഒരു തലമുറയില്‍നിന്ന് അടുത്തതിലേക്ക് ലിംഗഭേദ(Gender)ത്തെ കൈമാറ്റം ചെയ്യുന്ന പ്രധാന സമ്പ്രദായമാണ് കുടുംബം. നമ്മള്‍ കണ്ടതുപോലെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രൂപത്തിലുള്ള കുടുംബ വ്യവസ്ഥ സ്ത്രീകളോടോ കുട്ടികളോടോ നീതി കാണിക്കുന്നില്ല. തങ്ങള്‍ ഭാവിയില്‍ രക്ഷകര്‍ത്താക്കള്‍ ആവേണ്ടവരാണ് എന്ന ചിന്തയോടു കൂടിയാണ് സ്ത്രീകള്‍ വളരുന്നത്. അതോടു കൂടി തന്നെ ദുര്‍ബലയാവുന്ന സ്ത്രീ വിവാഹ ജീവിതത്തിലേക്ക് കടക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതോടെ കൂടുതല്‍ ബലഹീനയാകുന്നു...' (ജസ്റ്റിസ്,ജെന്റര്‍ ആന്റ് ദ ഫാമിലി, സൂസന്‍ ഒകിന്‍,p.170).

കുടുംബം, വിവാഹം തുടങ്ങിയ കാര്യങ്ങളെ ഒകിന്‍ അടക്കമുള്ള ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍ ഇത്രയും അവിശ്വാസത്തോടെ നോക്കിക്കാണാനുള്ള പ്രധാന കാരണം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തില്‍ പ്രാബല്യത്തിലുള്ള പല കാഴ്ചപ്പാടുകളും രീതികളും ആചാരങ്ങളും പ്രചാരത്തിലൂടെയും സാമൂഹിക സമ്പര്‍ക്കങ്ങളിലൂടെയും ആളുകള്‍ പിന്തുടരാന്‍ തുടങ്ങിയതാണ്. സമൂഹ നിര്‍മിതമായ ലിംഗഭേദവും ഇത്തരത്തില്‍ ആശയപ്രചാരണത്തിലൂടെ പ്രാബല്യത്തില്‍ വന്നതാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ചില വിശ്വാസപ്രമാണങ്ങളും സമൂഹത്തിലെ സ്ത്രീവിരുദ്ധമായ ചില കാഴ്ചപ്പാടുകളും വിവേചനപരമായ സമീപനങ്ങളും ഒത്തുചേര്‍ന്നു കൊണ്ടാണ് ലിംഗഭേദങ്ങള്‍ ഇങ്ങനെ സാമൂഹികമായി സൃഷ്ടിക്കപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, മുസ്‌ലിം രാജ്യങ്ങളടക്കമുള്ള പൗരസ്ത്യ സമൂഹങ്ങളിലും ഈ അനുഭവം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട് (മുസ്‌ലിം സമൂഹങ്ങളെ കുറിച്ച് ഈ ലേഖനം പിന്നീട് ചര്‍ച്ച ചെയ്യുന്നുണ്ട്).

ഇക്കാര്യങ്ങളൊക്കെ മനസ്സില്‍ വെച്ചു കൊണ്ട് സൂസന്‍ ഒകിനുമായി ഈ ലേഖനം ഒരു കാര്യത്തില്‍ യോജിക്കുന്നുണ്ടെങ്കിലും മറ്റെല്ലാ വാദങ്ങളുമായും, അവരുടെ നിഗമനങ്ങള്‍ ഉള്‍പ്പെടെ, വിയോജിക്കുന്നു. പുരുഷാധിപത്യവും സ്ത്രീകളുടെ അടിച്ചമര്‍ത്തപ്പെടലും കുടുംബങ്ങളില്‍ നിലനില്‍ക്കുന്നതിന്റെയും ഗാര്‍ഹിക പീഡനവും ലൈംഗിക ചൂഷണവും ലിംഗവിവേചനവും കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും കാണപ്പെടുന്നതിന്റെയും പ്രധാന കാരണം സ്ത്രീകളെ ഇകഴ്ത്തിക്കാണുന്ന സമൂഹ മനോഭാവവും അതിനെ അടിസ്ഥാനമാക്കി അവര്‍ സൃഷ്ടിക്കുന്ന ലിംഗഭേദങ്ങളുമാണെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ഒകിന്റെ വാദം ശരിയാണ്. സ്ത്രീകള്‍ എല്ലായിടത്തും പുരുഷന് കീഴ്‌പ്പെട്ടു കഴിയണമെന്നും കുടുംബത്തിലോ സമൂഹത്തിലോ പ്രധാനപ്പെട്ട വേഷങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതില്ലെന്നും വിശ്വസിക്കുന്ന ഈ മനോഭാവം പാശ്ചാത്യലോകത്ത് മാത്രമല്ല, എല്ലാ സമൂഹങ്ങളിലും പലയളവിലായി നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് കീഴ്‌പ്പെട്ടു കഴിയണം എന്ന രീതിയില്‍ ആണ്‍-പെണ്‍ ബന്ധങ്ങളെ നിര്‍വചിക്കുന്നത് മുസ്‌ലിം സമൂഹങ്ങളിലടക്കം ഒരിടത്തും അംഗീകരിക്കപ്പെടാന്‍ പാടില്ല.

എന്നാല്‍ ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെയും കുടുംബത്തിലും സമൂഹത്തിലും ഒരാള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റുന്ന കര്‍ത്തവ്യങ്ങള്‍ക്കു മേല്‍ അത് ചെലുത്തുന്ന സ്വാധീനത്തെയും പൂര്‍ണമായി നിരാകരിച്ചുകൊണ്ടുള്ള ഒകിന്റെ വാദങ്ങളുമായി യോജിക്കാനാകില്ല. ഉദാഹരണത്തിന്, സൂസന്‍ ഒകിന്റെ അഭിപ്രായത്തില്‍ പുരുഷന്മാര്‍ അന്നദാതാക്കളും സ്ത്രീകള്‍ പരിപാലകരുമായ കുടുംബങ്ങളില്‍ രണ്ടാമത്തെ വിഭാഗം ചൂഷണവും അനീതിയും നേരിടുന്നു. 'പുരുഷന്‍ നേടുന്ന ഓരോ ഡോളറിനും സ്ത്രീ നേടുന്നത് വെറും 79 സെന്റുകള്‍ മാത്രമാ'ണെന്നും ഈ വ്യത്യാസത്തിന് കാരണം കുട്ടികളുടെ പരിപാലനമടക്കം സ്ത്രീകള്‍ ചെയ്യുന്ന 'പ്രതിഫലമില്ലാത്ത' വീട്ടുജോലികളാണെന്നും അവര്‍ വാദിക്കുന്നു.

കുട്ടികളുടെ പരിപാലനത്തെയും വീട്ടുജോലികളെയും ഇങ്ങനെ തരംതാഴ്ത്തി കാണുന്നതിനു പിന്നിലെ യുക്തിയെന്താണ്? ഇവയെ പ്രതിഫലമില്ലാത്ത ജോലിയായും അനീതിയുടെ ചിഹ്നങ്ങളായും കാണുകയും പണമുണ്ടാക്കുന്ന ജോലിയെ ആദരവോടെ നോക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? രണ്ട് തരത്തിലുള്ള ജോലിയും കുടുംബത്തിന്റെ അഭിവൃദ്ധി എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടിയല്ലേ? വീട്ടിനകത്തെയും പുറത്തെയും ജോലികള്‍ക്ക് ജെന്‍ഡര്‍ ഫെമിനിസ്റ്റുകള്‍ കല്‍പിക്കുന്ന വ്യത്യസ്ത മൂല്യങ്ങളാണ് അവരുടെ ലിംഗനീതിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലെ പ്രധാന പ്രശ്‌നം.

യഥാര്‍ഥത്തില്‍ ലിംഗപരമായ അനീതിയുടെ പേരില്‍ വീട്ടുജോലികളെയും കുടുംബപരിപാലനത്തെയും വിലകുറച്ചു കാണിക്കുന്നതിലൂടെ തൊഴില്‍പരമായ അനീതി സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാമ്പത്തികമായി കുടുംബത്തെ പിന്തുണക്കുന്നതു പോലെത്തന്നെ അതിപ്രധാനമായ കര്‍ത്തവ്യങ്ങളാണ് വീട്ടുജോലികളും കുട്ടികളുടെ പരിപാലനവും. രണ്ടിന്റെയും പ്രാധാന്യം കുറച്ചുകാണാന്‍ സാധിക്കില്ല; രണ്ടും ഒരേ രീതിയില്‍ നടന്നാലേ കുടുംബം സുഗമമായും സമാധാനപരമായും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. സാമൂഹികമായി നല്‍കപ്പെട്ട വേഷങ്ങള്‍ അനീതി സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ഫെമിനിസ്റ്റുകള്‍ കൊണ്ടുനടക്കുന്ന ഇത്തരത്തിലുള്ള തൊഴില്‍പരമായ വിവേചനങ്ങളും അന്യായം തന്നെയാണ്.

വീടിനകത്തും പുറത്തുമുള്ള ജോലികള്‍ ഒരു പോലെ പ്രധാനമാണെങ്കില്‍, എന്തുകൊണ്ട് എപ്പോഴും സാമ്പത്തികമായ ഉത്തരവാദിത്ത്വങ്ങള്‍ പുരുഷന്മാരും വീടുമായി ബന്ധപ്പെട്ട ഉത്തരവാദിത്ത്വങ്ങള്‍ സ്ത്രീകളും ഏറ്റെടുക്കേണ്ടിവരുന്നു എന്ന് ഇവിടെ ഒരു മറുചോദ്യം ഉയര്‍ന്നേക്കാം. ഇവിടെയാണ് ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ നമ്മള്‍ കണക്കിലെടുക്കേണ്ടത്. സ്ത്രീയും പുരുഷനും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും സാമൂഹികമായി സൃഷ്ടിക്കപ്പെട്ടതാണോ? ദൈവികമായി സൃഷ്ടിക്കപ്പെട്ട ചില വ്യത്യാസങ്ങള്‍ അവരുടെ പ്രകൃതങ്ങളില്‍നിന്ന് തന്നെ വ്യക്തമല്ലേ? ഉദാഹരണത്തിന് സ്ത്രീയില്‍ അര്‍പ്പിക്കപ്പെട്ട പ്രധാനപ്പെട്ടതും മഹത്വപൂര്‍ണവുമായ കടമകളിലൊന്നാണ് മാതൃത്വം. പ്രത്യുല്‍പാദന പ്രക്രിയക്കിടെ സ്ത്രീക്ക് പുറത്തുനിന്നുള്ള സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാധിക്കാത്ത പല സമയങ്ങളും ഉണ്ടാവും. സാങ്കേതികമായ പല പുരോഗതികളും കൈവരിച്ചിട്ടും ഈയൊരു യാഥാര്‍ഥ്യത്തില്‍ മാറ്റമുണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ സ്ത്രീ എന്തു ചെയ്യണം? മാതൃത്വം തന്നെ വേണ്ടെന്നുവെക്കണോ? ഇതുകൊണ്ടുതന്നെ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം സ്ത്രീയുടെ മേല്‍ നിര്‍ബന്ധമാക്കാതിരിക്കല്‍ അത്യാവശ്യമാണ്. എന്നാല്‍ സാമ്പത്തിക ബാധ്യതകളില്‍ ഒരു വിധത്തിലും പങ്കുചേരാന്‍ പാടില്ലെന്നോ ഒരു സാഹചര്യത്തിലും വീടിനു പുറത്തു പോയി ജോലിയെടുക്കാന്‍ പാടില്ലെന്നോ അല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ അവരില്‍ നിര്‍ബന്ധമായ കടമയാക്കരുത് എന്നു മാത്രമാണ്. സാഹചര്യങ്ങളും താല്‍പര്യങ്ങളുമനുസരിച്ച് സ്ത്രീകള്‍ സ്വമേധയാ തൊഴില്‍ ചെയ്യാന്‍ തീരുമാനിക്കുന്നത് തികച്ചും വ്യത്യസ്തമാണ്; അത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതല്ല. എന്നാല്‍ പുരുഷന്മാരെ സംബന്ധിച്ചേടത്തോളം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുക എന്നത് ഒരു തെരഞ്ഞെടുപ്പ് അല്ല, അവരുടെ ശാരീരികഘടന കാരണം അവരില്‍ നിര്‍ബന്ധമാക്കപ്പെട്ട കടമയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെയും അതുമായി ബന്ധപ്പെട്ട് അവര്‍ നിര്‍വഹിക്കേണ്ട കടമകളെയും പൂര്‍ണമായി അവഗണിക്കാനാവില്ല എന്ന് പറയാനുള്ള കാരണം ഇതാണ്.

ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിവ സ്ത്രീക്ക് മാത്രം നിര്‍വഹിക്കാവുന്ന കാര്യങ്ങളാണ്. സ്ത്രീക്ക് എല്ലാ തരത്തിലുമുള്ള സഹകരണവും നല്‍കുക എന്നതിനപ്പുറം പുരുഷന് ഇതില്‍ പങ്കാളിയാവാന്‍ സാധിക്കില്ല. എന്നാല്‍ ജെന്‍ഡര്‍ ഫെമിനിസ്റ്റുകളുടെ കാഴ്ചപ്പാടില്‍ മാതൃത്വം ഉത്കൃഷ്ടമായതോ പ്രധാനപ്പെട്ടതോ ആയ ഒരു വിഷയമല്ല. ഇത് എത്രത്തോളം ന്യായീകരിക്കാം? മാതൃത്വത്തെ വില കുറച്ചുകാണുന്നത്, തന്റെ പ്രകൃതം കൊണ്ടു തന്നെ മാതൃത്വത്തെ ഇഷ്ടപ്പെടുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീയുടെ ഉള്ളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചെയ്യുക.

പ്രസവവുമായി ബന്ധപ്പെട്ട കടമകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാത്ത സ്ഥിതിക്ക് സ്ത്രീ ജീവിതം മുഴുവന്‍ വീട്ടിനകത്ത് ചെലവഴിക്കേണ്ട ആവശ്യമില്ല എന്ന് ഇവിടെ വാദമുയര്‍ന്നേക്കാം. ഈ വാദത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. സ്ത്രീ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടു കൊണ്ട് ജീവിതം ചെലവഴിക്കണം എന്നല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. പക്ഷേ സ്ത്രീകളും പുരുഷന്മാരും പലതരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ഉദാഹരണത്തിന് ചെറിയ കുട്ടികളുള്ള സ്ത്രീകളുണ്ടാവാം. അവരെ പരിപാലിക്കാന്‍ വീട്ടില്‍ വേറെയാരും ഇല്ലാത്തവരും അവരെ നല്ല ശിശുപരിപാലന കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ള സാഹചര്യമോ സാമ്പത്തികസ്ഥിതിയോ ഇല്ലാത്തവരുമുണ്ടാകാം. അതല്ലെങ്കില്‍ ശുശ്രൂഷ ആവശ്യമുള്ള വൃദ്ധ മാതാപിതാക്കള്‍ കൂടെ നില്‍ക്കുന്നവരുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീ എന്തുചെയ്യണം? ജോലിയെടുക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതിലൂടെ ലിംഗനീതി നേടുന്നതിനു വേണ്ടി മാത്രം, കിട്ടാവുന്ന ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് കുട്ടികളെയും വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെയും പറഞ്ഞയക്കണോ? ഇവിടെ അവരുടെ പിഞ്ചു കുഞ്ഞുങ്ങള്‍ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ലഭിക്കുന്നത് നീതിയാണോ? ഇവിടെ നീതി നടപ്പിലാക്കുകയല്ല, 'നീതി' എന്ന ആശയം വളച്ചൊടിക്കപ്പെടുകയാണ് ചെയ്യുന്നത്!

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമാനമായ അവസരങ്ങള്‍ ലഭിക്കണം എന്ന കാര്യത്തില്‍ ഈ ഫെമിനിസ്റ്റുകളുടെ വാദം ശരിയാണ്; അവര്‍ കുടുംബപരമായ കടമകള്‍ അവഗണിക്കാത്തേടത്തോളം കാലം. ഉന്നതവിദ്യാഭ്യാസം നേടാനും അവരുടേതായ രീതിയില്‍ സമൂഹത്തിന് സേവനങ്ങള്‍ ചെയ്യാനും സ്ത്രീക്ക് സാധിക്കണം. അതായത് 'നീതി'യുടെ പേരില്‍ സ്ത്രീയെ വീടിനകത്തു തന്നെ പിടിച്ചിരുത്തി അവരെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വളര്‍ച്ച നേടുന്നതില്‍നിന്ന് തടയുന്നതും അതേ 'നീതി'യുടെ പേരില്‍ അവരെ എല്ലാ സാഹചര്യത്തിലും വീടിനു പുറത്തു പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കുന്നതും ഇതുമൂലം ചെറിയ കുട്ടികളും വൃദ്ധരും അസുഖബാധിതരുമായ കുടുംബാംഗങ്ങളെ അവഗണിക്കേണ്ടിവരുന്നതും ഒരുപോലെ തെറ്റാണ്. രണ്ട് സാഹചര്യങ്ങളിലും സ്ത്രീയുടെ മേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നത് ന്യായീകരിക്കാനാകില്ല. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള സ്വാഭാവിക വ്യത്യാസങ്ങള്‍ ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല. പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ മാത്രം കുടുംബം പുലര്‍ത്തുന്ന സാഹചര്യങ്ങളുണ്ടാകാമെങ്കിലും അത് ചുരുക്കമാണ്. അതിനെ സാമാന്യവത്കരിക്കാന്‍ സാധിക്കില്ല.

ഇക്വിറ്റി ഫെമിനിസ്റ്റുകളെ പോലെ കുടുംബ വ്യവസ്ഥയെ അനുകൂലിക്കുന്ന ഫെമിനിസ്റ്റ് പക്ഷക്കാരുണ്ടെങ്കിലും ജെന്‍ഡര്‍ ഫെമിനിസ്റ്റുകളടക്കം അന്താരാഷ്ട്ര തലത്തില്‍ സ്വാധീനം ചെലുത്തുന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ ലിംഗവ്യത്യാസങ്ങളെ പൂര്‍ണമായി നിരാകരിക്കുകയും വിവാഹം, കുടുംബം, മാതൃത്വം തുടങ്ങിയ ഘട്ടങ്ങളെ തീരെ വിലകുറച്ചുകാണുകയോ അവ നിര്‍ത്തലാക്കപ്പെടണമെന്ന് വിശ്വസിക്കുകയോ ചെയ്യുന്നുവെന്നതാണ് അവയുടെ പ്രധാന വീഴ്ച. ലിംഗനീതിയെക്കുറിച്ചുള്ള ആശയക്കുഴപ്പം നിറഞ്ഞ ഈ വ്യാഖ്യാനം മനസ്സില്‍ വെച്ചുകൊണ്ട് സ്ത്രീയെ പുരുഷന്മാരോട് അടിമപ്പെട്ടും എല്ലാ നേരവും കുട്ടികളോട് ചേര്‍ത്തു കെട്ടിയും നിലനിര്‍ത്താനുള്ള അത്യന്തം അനീതി നിറഞ്ഞ ഉപാധിയായി വിവാഹത്തെ അവര്‍ വരച്ചുകാട്ടുന്നു. ഏതു സാഹചര്യത്തിലും സ്ത്രീ വീടിനു പുറത്തു പോയി ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടണം എന്ന് അവര്‍ വിശ്വസിക്കുന്നു. വിഖ്യാതയായ ഫെമിനിസ്റ്റ് ചിന്തക സൈമണ്‍ ഡി ബൂവര്‍ മറ്റൊരു ഫെമിനിസ്റ്റായ ബെറ്റി ഫ്രൈഡാനുമായി നടത്തിയ സംഭാഷണത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്:

'ഇല്ല, സ്ത്രീകള്‍ക്ക് അത് തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. വീട്ടില്‍ തന്നെ നിന്ന് കുട്ടികളെ വളര്‍ത്താന്‍ ഒരു സ്ത്രീയെയും അധികാരപ്പെടുത്തരുത്. സമൂഹം മുഴുവനായി മാറണം...' (ഇറ്റ് ചെയ്ഞ്ച്ഡ് മൈ ലൈഫ്: റൈറ്റിംഗ്‌സ് ഓണ്‍ വിമന്‍സ് മൂവ്‌മെന്റ്, ബെറ്റി ഫ്രൈഡാന്‍,pp. 311,312).

സ്ത്രീയെയും പുരുഷനെയും ഇത്തരത്തില്‍ രണ്ട് ചേരികളായി തിരിക്കുന്നതിലൂടെ അവര്‍ക്കിടയില്‍ പരസ്പര വിദ്വേഷം സൃഷ്ടിക്കുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്. മനുഷ്യരെന്ന നിലയിലും ദാമ്പത്യബന്ധത്തിലെ പങ്കാളികളെന്ന നിലയിലും അവര്‍ തമ്മിലെ തുല്യത അംഗീകരിക്കുന്നതിനോടൊപ്പം തന്നെ അവര്‍ തമ്മിലെ സ്വാഭാവിക വ്യത്യാസങ്ങളെ ബഹുമാനിക്കുക കൂടി ചെയ്യാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

വിവാഹമെന്ന വിഷയത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വാദം ഇതാണ്: 'വിവാഹമെന്ന അടിമത്ത സ്വഭാവമുള്ള ആചാരമാണ് സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ വിവേചനങ്ങളെയും സാധൂകരിക്കുന്നത്. വിവാഹ വ്യവസ്ഥയെ നശിപ്പിക്കാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസമാനതകളെ നശിപ്പിക്കാന്‍ സാധിക്കില്ല' (സിസ്റ്റര്‍ഹുഡ് ഈസ് പവര്‍ഫുള്‍, റോബിന്‍ മോര്‍ഗന്‍, 1970,p. 537).

വിവാഹബന്ധം അടിമത്ത സ്വഭാവം കൈവരിക്കുന്നുണ്ടെങ്കില്‍ നിരോധിക്കേണ്ടത് ഈ അടിച്ചമര്‍ത്തലും ചൂഷണവുമാണ്. തനതായ സ്വഭാവത്തില്‍ വിവാഹം അടിമത്തമല്ല, സ്‌നേഹം നിറഞ്ഞ പങ്കാളിത്തമാണ്. വിവാഹം ബഹിഷ്‌കരിക്കുന്നതിലൂടെ വിവാഹവും കുടുംബവുമൊന്നുമില്ലാത്ത ഒരു സംസ്‌കാരത്തിലേക്കാണോ നമ്മള്‍ നീങ്ങേണ്ടത്? അത് പൂര്‍ണമായ അര്‍ഥത്തില്‍ ഒരു സംസ്‌കാരം ആവുകയുമില്ല, അങ്ങനെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന 'നീതി' ഒരു തരത്തിലും നീതിയാവുകയുമില്ല.

ഇനി ലിംഗനീതിയെ സംബന്ധിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നോക്കാം. സൃഷ്ടികള്‍ക്കിടയില്‍ ഒരു തരത്തിലും അല്ലാഹു അനീതി കാണിക്കില്ലെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയില്‍ നീതിയും സമാധാനവും സ്ഥാപിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ ഭൂമിയിലേക്കയച്ചതെന്നും ഖുര്‍ആനില്‍ പറയുന്നുണ്ട്. 'നീതി' എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ പറയുന്നു:

''നിശ്ചയമായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍...'' (ഖുര്‍ആന്‍ 57:25).

ഇരു ലിംഗങ്ങളും തമ്മിലുള്ള സ്വാഭാവിക വ്യത്യാസങ്ങള്‍ ഇസ്‌ലാം വേര്‍തിരിച്ചു മനസ്സിലാക്കുന്നുണ്ട്. കാരണം ഭൂമിയിലും മനുഷ്യര്‍ക്കിടയിലും എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചത് അല്ലാഹുവാണ്. 

''ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍'' (36:36).

ലിംഗഭേദങ്ങള്‍ മനുഷ്യന്റെയോ സമൂഹത്തിന്റെയോ സൃഷ്ടി എന്നതിലപ്പുറം ദൈവികമായി വിഭാവന ചെയ്യപ്പെട്ട ഒരു പ്രതിഭാസം കൂടിയാണെന്ന് സൂചന ലഭിക്കുന്ന ഇങ്ങനെയുള്ള നിരവധി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കണ്ടെത്താന്‍ സാധിക്കും. അല്ലാഹുവിന്റെ പരമാധികാരത്തെയും സ്വന്തം അസ്തിത്വത്തെയും കുറിച്ച് മനുഷ്യന്‍ ചിന്തിക്കുന്നതിനും അതനുസരിച്ച് അവന്റെ നിയമങ്ങള്‍ പിന്‍പറ്റിക്കൊണ്ട് പരസ്പരം സന്തോഷത്തോടെയും സമാധാനത്തോടെയും സഹവര്‍ത്തിക്കുന്നതിനുമാണ് അവരെ ഇണകളായി സൃഷ്ടിച്ചതെന്നും പലയിടങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

''നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍'' (ഖുര്‍ആന്‍ 51:49).

''അല്ലാഹു നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്''(ഖുര്‍ആന്‍ 30:21).

ആണും പെണ്ണും തമ്മിലുള്ള ആത്യന്തികമായ അന്തരങ്ങള്‍ നിലനിര്‍ത്തുകയും അവരെ തുല്യരായി കാണുകയും ചെയ്യുമ്പോള്‍ തന്നെ അല്ലാഹു അവര്‍ തമ്മിലുള്ള ബന്ധം നിര്‍വചിക്കാന്‍ അനുപമമായ ഒരു രീതിയാണ് സ്വീകരിക്കുന്നത് (സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അവര്‍ക്ക് തുല്യമായ പരിഗണന നല്‍കുന്നതാണ് ഇസ്‌ലാമിലെ 'തുല്യത' എന്ന ആശയം. ഇരു വിഭാഗങ്ങളും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളെയും നിരാകരിച്ചുകൊണ്ട് തുല്യതക്ക് പകരം സമ്പൂര്‍ണ 'സമാനത' കൊണ്ടുവരുന്ന ഫെമിനിസ്റ്റുകളുടെ കാഴ്ചപ്പാടില്‍നിന്ന് ഭിന്നമാണിത്).

മാനവികതയുടെ രണ്ടു മുഖങ്ങള്‍ എന്ന രീതിയില്‍ സ്ത്രീക്കും പുരുഷനും അല്ലാഹു തുല്യമായ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളും ഒറ്റ സത്തയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരും ഒരേ ലക്ഷ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരും ഒരേ പോലെ വിദ്യ അഭ്യസിക്കാന്‍ അവകാശമുള്ളവരും കര്‍മങ്ങള്‍ക്ക് ഒരേ രീതിയിലുള്ള പ്രതിഫലവും ശിക്ഷയും ഏറ്റുവാങ്ങേണ്ടവരും പരസ്പരം സംരക്ഷകരായി വര്‍ത്തിക്കേണ്ടവരും ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധികളായി കഴിയേണ്ടവരുമാണ്. എന്നാല്‍ ഖുര്‍ആന്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്ത ധര്‍മങ്ങള്‍ നല്‍കിയിട്ടുണ്ട്:

''പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ കഴിവ് കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്'' (ഖുര്‍ആന്‍ 4:34).

മുകളിലെ സൂക്തത്തിന്റെ വിവിധ വ്യാഖ്യാനങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഭൂരിഭാഗം വരുന്ന പണ്ഡിതരുടെയും അഭിപ്രായത്തില്‍ പൊതുവില്‍ ശാരീരികമായി പുരുഷന് സ്ത്രീയേക്കാള്‍ ശക്തിയുള്ളതിനാലാണ് സാമ്പത്തികമായ ഉത്തരവാദിത്തങ്ങള്‍ പുരുഷനില്‍ നിക്ഷിപ്തമായത് എന്ന് മാത്രം പറഞ്ഞു നിര്‍ത്തുന്നു. പുരുഷന്റെ ശാരീരികമായ കെല്‍പ്, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താന്‍ അവനില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം- ഇങ്ങനെ രണ്ട് കാര്യങ്ങളാണ് ഇവിടെ അടിവരയിട്ടിരിക്കുന്നത്. അതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് സ്ത്രീകളുടെയും മക്കളുടെയും 'നാഥന്‍' എന്നര്‍ഥം വരുന്ന 'ഖവ്വാമൂന്‍' എന്ന സ്ഥാനം നല്‍കിയിരിക്കുന്നത്.

ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്ത്രീയുടെ മഹത്തായ ഉത്തരവാദിത്തങ്ങളാണെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്:

''മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചു തന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പത് മാസം'' (ഖുര്‍ആന്‍ 46:15).

ഇവിടെ മാതൃത്വത്തെയും പിതൃത്വത്തെയും കുറിച്ച് പറയുന്നുണ്ടെങ്കിലും ജന്മം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മാതാവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഗര്‍ഭകാലം, പ്രസവം, പരിപാലനം തുടങ്ങിയവ ചെയ്യേണ്ട നീണ്ട കാലയളവില്‍നിന്ന് പുരുഷന്‍ മുക്തനായതിനാലാണ് സാമ്പത്തികമായ കടമകള്‍ അവനെ ഏല്‍പിക്കുകയും സ്ത്രീകളെ അതില്‍നിന്ന് ഒഴിവാക്കുകയും ചെയ്തത്. ഒഴിവാക്കുക എന്നതുകൊണ്ട് നിരോധിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. സാമ്പത്തിക ബാധ്യതകളില്‍ പങ്കു ചേരാനും സ്വന്തം വരുമാനം കൈയില്‍ വെക്കാനും സ്ത്രീക്ക് അവകാശമുണ്ട്.

ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയുള്ള കുടുംബ വ്യവസ്ഥ എല്ലാ അര്‍ഥത്തിലും നീതി ഉറപ്പുവരുത്തുന്നു. സ്ത്രീക്ക് ഇവിടെ തൊഴില്‍ ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. 'സ്വാതന്ത്ര്യം' എന്ന വാക്കാണ് പരമപ്രധാനം. പ്രസവവുമായി ബന്ധപ്പെട്ട് നീണ്ട കാലം വിശ്രമത്തിലാവുകയും പിന്നീട് കുഞ്ഞിന്റെ പരിപാലനം ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നതിനാല്‍ സ്ത്രീയുടെ മേല്‍ സാമ്പത്തിക കര്‍ത്തവ്യങ്ങള്‍ അടിച്ചേല്‍പിക്കാതിരിക്കുക എന്നത് തന്നെയാണ് നീതി. ഇതേ സ്ഥാനത്ത് സ്ത്രീകള്‍ ഏതവസ്ഥയിലും പുറത്തു പോയി ജോലിയെടുക്കണം എന്ന് ഫെമിനിസ്റ്റ് ചിന്താധാരകള്‍ വാശി പിടിക്കുന്നത് തികച്ചും അന്യായവുമാണ്.

പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീ ചെയ്തില്ലെങ്കില്‍ അവര്‍ പുരുഷന് തുല്യരല്ലാതാവുകയും അതുവഴി അനീതിയനുഭവിക്കുകയും ചെയ്യും എന്ന ഫെമിനിസ്റ്റുകളുടെ വാദമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഓരോ വ്യക്തിക്കും ചേരുന്ന രീരിയിലുള്ള വേഷങ്ങള്‍ അവര്‍ക്ക് നല്‍കലാണ് ശരിയായ നീതി. ഒരു ഭാരിച്ച കല്ല് സ്ത്രീക്കും പുരുഷനും പൊക്കാന്‍ നല്‍കുന്നത് നീതിയോ സമത്വമോ അല്ല. അവര്‍ക്ക് യോജിക്കുന്ന അവസരങ്ങളും ന്യായമായ പരിഗണനയും നല്‍കുകയാണ് തുല്യത ഉറപ്പുവരുത്താന്‍ നാം ചെയ്യേണ്ടത്. ന്യായം അവഗണിക്കുന്നത് അനീതിയും, യോജിപ്പ് അവഗണിക്കുന്നത് ക്രൂരതയുമാവും. 

ഇസ്‌ലാമില്‍ വിവാഹം അടിമത്തമല്ല. എന്നാല്‍ അത് ലിംഗനീതിയുടെ പേരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ഒരു നിരന്തര യുദ്ധവുമല്ല. ഇസ്‌ലാമിലെ വിവാഹം ആണിനെയും പെണ്ണിനെയും ഒരു കുടുംബമായി യോജിപ്പിച്ച് അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പര വാത്സല്യവും വളര്‍ത്തുന്ന ഉദാത്തവും പരിപാവനവുമായ ബന്ധമാണ്. 

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് മുസ്‌ലിം സമൂഹങ്ങളില്‍ വ്യാഖ്യാനിക്കപ്പെടുന്നതെങ്ങനെ എന്ന് മനസ്സിലാക്കാതെ ഈ അവലോകനം പൂര്‍ണമാകില്ല. പല പണ്ഡിതന്മാരും ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്ക് വളരെ ഇടുങ്ങിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് സ്ത്രീ എല്ലായ്‌പ്പോഴും വീടിനുള്ളില്‍ തന്നെ കഴിയണം എന്ന് വിധി പറയുന്നത് നമ്മുടെ ശ്രദ്ധയില്‍ വരുന്നു. ഇത് ഒരിക്കലും ഇസ്‌ലാമിന്റെ അനുശാസനങ്ങള്‍ക്കനുസരിച്ചല്ല; മറിച്ച്, മുസ്‌ലിം സമൂഹങ്ങളില്‍ സ്വയം സൃഷ്ടിക്കപ്പെട്ടതും ന്യായീകരിക്കാനാവാത്തതുമായ ചില കാഴ്ചപ്പാടുകളാണ്.

ലിംഗവ്യത്യാസങ്ങളുടെയും വ്യത്യസ്ത ലിംഗധര്‍മങ്ങളുടെയും പേരു പറഞ്ഞ് ചില മുസ്‌ലിം കുടുംബങ്ങളില്‍ (സാമാന്യവത്കരിക്കാന്‍ കഴിയില്ല) പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസം നേടുന്നതില്‍നിന്നും ജോലിക്ക് പോകുന്നതില്‍നിന്നും തടയുന്നതായി കാണാം. വിദ്യാഭ്യാസം നേടുന്നതിലൂടെ ലിംഗവ്യത്യാസങ്ങള്‍ക്ക് എന്ത് ആപത്താണ് വന്നു ഭവിക്കുക? ഇസ്‌ലാമിന്റെ ചര്യകള്‍ അനുസരിച്ചുകൊണ്ടുതന്നെ പുറത്തുപോയി ജോലിയെടുക്കുന്നതിലൂടെ സ്ത്രീ ഏത് ലിംഗധര്‍മങ്ങളെയാണ് അവഗണിക്കുന്നത്? ലിംഗവ്യത്യാസങ്ങള്‍ക്ക് വില കല്‍പിക്കുന്നില്ല എന്നു പറഞ്ഞ് ഫെമിനിസ്റ്റുകളെ തള്ളുമ്പോഴും നമ്മള്‍ ചെയ്യുന്നതെന്താണ്? ഇവക്ക് അമിതമായി വില കല്‍പിച്ച് സ്ത്രീകളോട് അനീതി കാണിക്കുന്നു. 'ഇസ്‌ലാമികം' എന്ന പേരില്‍ നാം പെണ്‍കുട്ടികളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ചില വിപരീത ഫലങ്ങള്‍ ഇപ്പോള്‍ തന്നെ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും അവര്‍ക്ക് വാഗ്ദാനം ചെയ്ത അവകാശങ്ങള്‍ ലഭിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് മുഖ്യധാരാ ഫെമിനിസത്തെ കൂട്ടുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്യന്തം സങ്കടപ്പെടുത്തുന്ന ഒരു അവസ്ഥായാണിത്. പകരം ഇസ്‌ലാം തങ്ങള്‍ക്ക് എല്ലാ അവകാശങ്ങളും നല്‍കുന്നുണ്ട് എന്ന് പെണ്‍കുട്ടികള്‍ക്ക് അഭിമാനിക്കുന്ന അവസ്ഥയാണുണ്ടാകേണ്ടത്. ഇവിടെ ഈ പെണ്‍കുട്ടികള്‍ കാണിക്കുന്നത് ന്യായമല്ല. എന്നാല്‍ അവരുടെ കുടുംബങ്ങളും അവരോട് അന്യായം കാണിച്ചിട്ടുണ്ട്. ഇവരെ ന്യായീകരിക്കുകയല്ല, പകരം മുസ്‌ലിം സമൂഹങ്ങളിലെ പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസരിച്ചു തന്നെ പരിഹരിക്കാന്‍ സാധിക്കണം എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ഫെമിനിസത്തിന് പല വിഷയങ്ങളിലും ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനം ആവശ്യമുണ്ട്; മറിച്ചല്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വൈകിയാവരുത്.

എല്ലാ അര്‍ഥത്തിലുമുള്ള ലിംഗനീതി ഉറപ്പുവരുത്തുന്ന സിദ്ധാന്തം ഇസ്‌ലാമാണെന്ന് മനസ്സിലാക്കുന്ന നിരവധി സ്ത്രീകളുമുണ്ട്. വിദ്യാസമ്പന്നരും ഇസ്‌ലാമിനെക്കുറിച്ച് പൂര്‍ണ ധാരണയുള്ളവരുമായ ഇത്തരം സ്ത്രീകള്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെയും മനസ്സിലാക്കുന്നു. എന്നാല്‍ ആദര്‍ശവതിയായ മുസ്‌ലിം യുവതി വീടിനുള്ളില്‍ തന്നെയിരിക്കേവളാണെന്ന ചില മുസ്‌ലിം കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ഇടുങ്ങിയ കാഴ്ചപ്പാട് ഇവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നു വരില്ല. ഇങ്ങനെയുള്ളവര്‍ നീതി ലഭിക്കാന്‍ എവിടേക്കാണ് തിരിയേണ്ടത്? തീര്‍ച്ചയായും അവര്‍ക്ക് നീതി നല്‍കാന്‍ ഇസ്‌ലാമിനു മാത്രമേ സാധിക്കൂ. അവര്‍ക്കു വേണ്ടി തന്നെ ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തട്ടെ: നബിയുടെ പത്‌നിമാരും മഹതികളായ സ്ത്രീ സ്വഹാബികളും സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലേ? അങ്ങനെ ചെയ്തു എന്നതിനര്‍ഥം അവര്‍ സ്വന്തം കുടുംബങ്ങളിലെ ലിംഗവ്യത്യാസങ്ങളും ലിംഗധര്‍മങ്ങളും മറന്നു എന്നാണോ? ഒരിക്കലുമല്ല. നമ്മുടെ മുസ്‌ലിം സഹോദരന്മാര്‍ എന്തുകൊണ്ട് അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നില്ല? ഒരു ഭാഗത്ത് നബി(സ) സാധ്യമാകുന്ന സമയത്ത് സ്വയം ഭാര്യമാരെ വീട്ടുജോലിയില്‍ സഹായിക്കുമായിരുന്നപ്പോള്‍ മറുഭാഗത്ത് നമ്മുടെ മുസ്‌ലിം പുരുഷന്മാര്‍ തങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം പോലും സ്വയം പോയി എടുക്കുന്നില്ല. അതടക്കം കുടുംബത്തിന്റെ എല്ലാ ചെറുതും വലുതുമായ കാര്യങ്ങള്‍ നോക്കേണ്ടത് സ്ത്രീകളാണെന്ന് അവര്‍ ശഠിക്കുകയും എന്തെങ്കിലും വീഴ്ച വന്നാല്‍ അവരെ ക്രൂരമായി ശകാരിക്കുകയും പുഛിക്കുകയും ചെയ്യുന്നു. താന്‍ ചെയ്തുകൊടുക്കാന്‍ ബാധ്യസ്ഥയായ കാര്യങ്ങള്‍ക്കപ്പുറവും ചെയ്യുന്ന ഒരു സ്ത്രീയോടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഓര്‍ക്കണം. അവര്‍ ബൗദ്ധികമോ സാമൂഹികമോ ആയ വല്ല കാര്യങ്ങളും ചെയ്താലോ, ലഭിക്കുന്നത് വിമര്‍ശനം മാത്രം. ഇത് ഇസ്‌ലാമാണോ അതോ സമൂഹം ചില വേഷങ്ങള്‍ അവര്‍ക്ക് നെയ്തുകൊടുത്ത് അതിനെ ഇസ്‌ലാമികമെന്ന് വിളിക്കുന്നതാണോ? മുസ്‌ലിം സ്ത്രീയുടെ മുന്നിലെ വഴികള്‍ രണ്ട് വശങ്ങളിലേക്ക് നീങ്ങുന്നു; ഒന്ന് തീവ്ര സ്ത്രീപക്ഷ വിചാരത്തിലേക്കും മറ്റേത് അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലിലേക്കും. ഒരു വഴി തെരഞ്ഞെടുക്കാനാകാതെ സ്ത്രീ എത്ര കാലം ആ നാല്‍ക്കവലയില്‍ നില്‍ക്കും! 

(മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ മുന്‍ അധ്യാപികയാണ് ഡോ. സീനത്ത് കൗസര്‍)

വിവ: സയാന്‍ ആസിഫ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍