പ്രഭാതത്തെ തിരിച്ചു പിടിക്കുക
ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ നമ്മുടെ ആയുസ്സിന്റെ വിവിധ ഘട്ടങ്ങളെ പോലെ ഒരു ദിവസത്തിന്റെ സമയങ്ങളെയും പ്രഭാതം, പൂര്‍വാഹ്നം, മധ്യാഹ്നം, സായാഹ്നം, യാമങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ടല്ലോ. അതില്‍ നമ്മെ കര്‍മോത്സുകരാക്കുന്ന ഏറ്റവും സുപ്രധാന സമയം ഏതാണെന്ന് ചോദിച്ചാല്‍ അത് പ്രഭാതവേളയാണെന്ന് നിസ്സംശയം പറയാം. ഇന്ന് നമ്മില്‍ പലരും ദീര്‍ഘനേരം ഉറങ്ങി ആലസ്യത്തില്‍ കഴിഞ്ഞ് ആ മനോഹര പ്രഭാതം നഷ്ടപ്പെടുത്തുകയാണ്.
നമ്മുടെ പൂര്‍വികര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവല്ലോ. അന്ന് പൂര്‍വ ദിക്കില്‍ സൂര്യന്റെ അരുണകിരണങ്ങള്‍ പ്രഭ ചൊരിയും മുമ്പേ മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. കൃഷിയെ നാം കൈവെടിഞ്ഞതോടെ പ്രഭാത സമയം ഉപയോഗപ്പെടുത്താതെയായി. ചിലര്‍ പ്രഭാതത്തില്‍ ഉഷാറാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് രാത്രി വൈകി ജോലി ചെയ്യുന്നതിലാണ് നിര്‍വൃതി. പ്രഭാത സമയം ഉപയോഗപ്പെടുത്തുന്നവര്‍ സദ്ഗുണസമ്പന്നരും നൈര്‍മല്യമുള്ളവരുമായിട്ടാണ് പൊതുവെ കാണപ്പെടുന്നത്.
ഇന്ന് നമ്മെ എല്ലാവരെയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഒന്നിനും സമയമില്ല എന്ന പരാതിയാണ്. അതിന്റെ ഫലമായി നമുക്ക് അവശ്യം ഉണ്ടാവേണ്ട ഏകാഗ്രത നഷ്ടപ്പെട്ടു. വായന എന്നോ ഇല്ലാതായിക്കഴിഞ്ഞു. ചിന്തയും ക്രിയാത്മകതയും നഷ്ടപ്പെട്ടു. കുടുംബ സന്ദര്‍ശനം ചടങ്ങുകളില്‍ ചുരുങ്ങി. ഉറക്കില്‍നിന്ന് ഉണരുന്നതും ഉറക്കിലേക്ക് പോവുന്നതുമെല്ലാം വാട്ട്‌സ്ആപ് വഴി. അകാല മരണം, മാരക രോഗങ്ങള്‍, ശിഥില ബന്ധങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ ഇതെല്ലാമാണ് അതിന്റെ തിക്ത ഫലങ്ങള്‍. ഈ ആസുര വൃത്തത്തില്‍നിന്ന് നമുക്ക് രക്ഷപ്പെടാന്‍ മാര്‍ഗമില്ലേ?
പ്രഭാത സമയം വീണ്ടെടുക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല ചികിത്സ. അതിനുള്ള മാര്‍ഗങ്ങളാകട്ടെ വളരെ ലളിതം. നമ്മുടെ ഇഛാശക്തിയെ നിയന്ത്രണവിധേയമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിത വിജയത്തിന്റെ ബാലപാഠം ഇവിടെനിന്ന് ആരംഭിക്കുന്നു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍, അടുത്ത പ്രഭാതം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് മനസ്സില്‍ കാണുക. കിടപ്പറയില്‍നിന്ന് ഊര്‍ജസ്വലനായി എഴുന്നേല്‍ക്കുന്ന ഒരാളായി നിങ്ങളെ തന്നെ സങ്കല്‍പിച്ചുനോക്കൂ. ശരീരത്തെ അതിന് പാകപ്പെടുത്താന്‍ രാത്രി ലഘുവായ ഭക്ഷണം കഴിക്കുക.
നമ്മുടെ ശരീരത്തിന് ആവശ്യമായ ഏറ്റവും ശുദ്ധമായ ഓക്‌സിജന്‍ ലഭിക്കുന്ന സമയമാണ് പ്രഭാതം. പ്രഭാതത്തെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നഷ്ടപ്പെട്ട വായന മുതല്‍ കൃഷി വരെയുള്ള പല സംസ്‌കാരങ്ങളും അനായാസേന തിരിച്ചുപിടിക്കാം. നല്ലൊരു ഭാവി തലമുറയെയും നമുക്ക് അതിലൂടെ വളര്‍ത്തിയെടുക്കാം. 'എന്റെ സമൂദായം അതിന്റെ പ്രഭാതത്തിലാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്' എന്ന് പഠിപ്പിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ നാം അഗണ്യകോടിയിലേക്ക് ചവിട്ടിത്തള്ളുന്നത് എന്തുമാത്രം വേദനാജനകമാണ്! ജനങ്ങളിലധികവും രണ്ട് കാര്യങ്ങള്‍ അവഗണിക്കുകയാണെന്നും അത് ആരോഗ്യവും ഒഴിവുസമയവുമാണെന്നും അവിടുന്ന് നമ്മെ ഓര്‍മിപ്പിച്ചിട്ടില്ലേ? സ്ട്രാറ്റജിയില്‍ ഒരു മാറ്റം വരുത്തി പ്രഭാതത്തെ ഉപയോഗപ്പെടുത്തുന്ന പുതിയ ജീവിതശൈലി നമുക്ക് സ്വായത്തമാക്കാം. ജീവിതം ആസ്വാദ്യകരമായിത്തീരും.
Comments