ഇസ്‌ലാമിക നവോത്ഥാനത്തിലെ ജനകീയ പങ്കാളിത്തം
ഇസ്‌ലാമിക നവോത്ഥാന-പരിഷ്‌കരണ രംഗങ്ങളില്‍ പല കാലങ്ങളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്. പല ചിന്തകളും വീക്ഷണങ്ങളും സിദ്ധാന്തങ്ങളും പങ്കുവെക്കപ്പെട്ടു. പ്രായോഗിക തലങ്ങളില്‍ പല പരീക്ഷണങ്ങളും നടന്നു. പഴയതും പുതിയതുമായ നവോത്ഥാന സംരംഭങ്ങള്‍ ഇസ്‌ലാമിക സമൂഹ ചരിത്രത്തില്‍ രചനാത്മകമായ ധാരാളം സംഭാവനകള്‍ നല്‍കി. എങ്കിലും മുന്നോട്ടുള്ള പോക്കിന് കൂടുതല്‍ ചിന്തകളും ആവിഷ്‌കാരങ്ങളും മാധ്യമങ്ങളും ആവശ്യമാണ്. വര്‍ത്തമാന കാലത്ത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍നിന്ന് പുറത്തുകടക്കാനും ഇതാവശ്യമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ മൗലിക ലക്ഷ്യങ്ങള്‍ നേടാന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിട്ടില്ല. നാഗരിക മേഖലയില്‍ നമുക്ക് ഐക്യം സാധ്യമായിട്ടില്ല. നവോത്ഥാന വഴിയിലൂടെ യാത്ര തുടരാന്‍ നമുക്ക് കഴിയുന്നില്ല. നവോത്ഥാനത്തിന്റെ ഇസ്‌ലാമികമോ ഇസ്‌ലാമേതരമോ ആയ ഉയര്‍ന്ന തലങ്ങളിലേക്ക് എത്താന്‍ നമുക്ക് കഴിയുന്നില്ല.
സത്യം സ്ഥാപിക്കുക, നീതി നടപ്പിലാക്കുക, മനുഷ്യരെ ആദരിക്കുക, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം ഏറ്റെടുക്കുക, നാഗരിക നിര്‍മിതിയില്‍ പങ്കാളിയാവുക മുതലായ മൂല്യങ്ങളെല്ലാം ഇന്നും അപ്രാപ്യമായിത്തന്നെ തുടരുന്നു. ലോകജനതകളെ ഇരുളുകളില്‍നിന്ന് പ്രകാശത്തിലേക്കും, ഇതര ജീവിത വ്യവസ്ഥകളുടെ അതിക്രമത്തില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും, ഇഹലോകത്തിന്റെ ഇടുക്കത്തില്‍നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതകളിലേക്കും, മനുഷ്യര്‍ക്ക് അടിമപ്പെടുന്നതിനു പകരം അല്ലാഹുവിന് മാത്രം അടിമപ്പെടുന്നതിലേക്കും ക്ഷണിക്കേണ്ട ആധുനിക മുസ്‌ലിം ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് നടുവിലാണിന്ന്. അതിനുപുറമെ, ചിന്താപരമായ പ്രതിസന്ധികളും കര്‍മരംഗത്തെ ബലഹീനതകളും വീക്ഷണരംഗത്തെ തെളിമയില്ലായ്മയും സമീപനങ്ങളിലെ ചാഞ്ചല്യവും തടസ്സങ്ങള്‍ തീര്‍ക്കുന്നു.
ഈ പ്രതിസന്ധി മറികടക്കാന്‍ ഒന്നേയുള്ളു വഴി. ആധുനിക മുസ്‌ലിമിന്റെ ബുദ്ധിയെ രൂപപ്പെടുത്താനും, വീക്ഷണം നിര്‍മിക്കാനും വ്യക്തിത്വം തിരിച്ചുപിടിക്കാനും തന്റേതായ റോള്‍ നിര്‍വഹിക്കാനും പാകത്തില്‍ അവന് ധൈഷണികമായ പോഷണം നല്‍കുക. നബിയുടെ വിയോഗശേഷം മുതല്‍ ഇതുവരെയായി നടന്ന നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനവും വിശകലനവും നടക്കണം. ഓരോന്നിന്റെയും സവിശേഷ സാഹചര്യങ്ങളും നിര്‍വഹണ രീതിയും പഠിക്കണം. നവോത്ഥാനത്തെ ത്വരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഘടകങ്ങള്‍ മനസ്സിലാക്കണം. ഭൂതകാല അനുഭവങ്ങളില്‍നിന്ന് വേണമല്ലോ ഭാവി രൂപവല്‍ക്കരിക്കാന്‍. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തുടര്‍ച്ചയില്‍ വേണമല്ലോ വര്‍ത്തമാന-ഭാവികാല സാധ്യതകളെ ഭാവനയില്‍ കാണാന്‍. തന്റെയും വിദൂര ഭൂതത്തിന്റെയും മധ്യേ രചനാത്മകമായ ബന്ധം സ്ഥാപിക്കാന്‍ ഇതാവശ്യമാണ്.
എല്ലാ നബിമാരുടെയും പ്രഥമവും മൗലികവുമായ ലക്ഷ്യം നവോത്ഥാനമായിരുന്നു. അതതു കാലങ്ങളില്‍ ജനങ്ങള്‍ കേടുവരുത്തിയതിനെ നന്നാക്കാനാണല്ലോ അവര്‍ ആഗതരായത്. ജനങ്ങള്‍ ദുഷിക്കുന്നത് ബഹുവിധ കാരണങ്ങളാലാണ്. ദീര്‍ഘകാലത്തെ നബിമാരുടെ അഭാവം, തജ്ജന്യമായ ഹൃദയകാഠിന്യം, ആശയങ്ങളുടെ കുഴമറിച്ചില്‍, ചിന്താ വ്യതിയാനം, വിശ്വാസ ജീര്‍ണത എന്നിവയാണ് അവയില്‍ മുഖ്യം. ഈ ഘട്ടത്തില്‍ പരിഷ്‌കര്‍ത്താക്കള്‍ ആവശ്യമായിവരുന്നു. അവര്‍ ആശയധാരണകളെ ശരിയാക്കുന്നു, ചിന്താ വൈകല്യങ്ങളെ ശരിപ്പെടുത്തുന്നു, വിശ്വാസങ്ങളെ ശുദ്ധീകരിക്കുന്നു, മിഥ്യാ സങ്കല്‍പങ്ങളെ നീക്കം ചെയ്യുന്നു, വഴി ശരിപ്പെടുത്തുന്നു, നേര്‍മാര്‍ഗം കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുന്നു. നവോത്ഥാനത്തിന്റെ പ്രഥമ ഉത്തരവാദിത്തം നബിമാരിലാണ് അര്‍പ്പിതമെങ്കിലും അവര്‍ക്കുശേഷം അത് നിര്‍വഹിക്കേണ്ടത് മുസ്‌ലിംകളാണ്. പ്രവാചക പരമ്പര അവസാനിച്ചിരിക്കെ ഇത് മുസ്‌ലിംകളുടെ സ്ഥായിയായ ബാധ്യതയായി മാറിയിരിക്കുകയാണ്.
ഇതര സമൂഹങ്ങളില്‍ വിമോചനവും പരിഷ്‌കരണവും അദൃശ്യമായ ദൈവിക നടപടിയായാണ് മനസ്സിലാക്കപ്പെടുന്നത്. 'ദൈവത്തിനാണ് ഉത്തരവാദിത്തം. മനുഷ്യര്‍ വിധേയര്‍ മാത്രം. പരിഷ്‌കരണത്തില്‍ മനുഷ്യര്‍ക്ക് നേരിട്ട് പങ്കാളിത്തമൊന്നുമില്ല. ജനങ്ങള്‍ ദുഷിക്കുമ്പോള്‍ അദൃശ്യനായ വിമോചകന്‍ കടന്നുവരും.' ക്രൈസ്തവര്‍ യേശുവിനെ ഈവിധമാണ് കാണുന്നത്. പാരത്രികപ്രധാനമായ കാര്യങ്ങളായിരിക്കും അദ്ദേഹത്തിന്റെ വിമോചന മേഖല എന്നും വിശ്വസിക്കപ്പെടുന്നു. ഈ ചിന്ത എങ്ങനെയാണെന്നറിയില്ല, മുസ്‌ലിംകളിലേക്കും കടന്നുകൂടിയിരിക്കുന്നു. അല്ലാഹു ഏതോ ഒരു വിമോചകനെ തങ്ങളുടെ എല്ലാ കാര്യങ്ങളും ഏല്‍പിച്ചിരിക്കുന്നു എന്ന തരത്തിലാണ് പൊതു മുസ്‌ലിം നിലപാട്. മഹ്ദിയെക്കുറിച്ച പ്രതീക്ഷ ഇതിന്റെ ഭാഗമാണ്. ഇതുവരെയായി അമ്പതു പേര്‍ തങ്ങള്‍ മഹ്ദിയാണെന്നു വാദിച്ച് രംഗത്തുവന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക വീക്ഷണ പ്രകാരം, നവോത്ഥാനം ഏതെങ്കിലും വ്യക്തികളെ മാത്രം ആശ്രയിച്ചു നടക്കേണ്ടതല്ല. ഇസ്‌ലാമിക സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിന് ബാധ്യതയുണ്ട്. 'നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്‌തോളൂ. ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം.' (അല്‍മാഇദ 24) എന്ന നിലപാട് ഇസ്‌ലാം അംഗീകരിക്കുന്നില്ല. 'നിങ്ങളെല്ലാവരും നായകരാണ്, നിങ്ങളെല്ലാവരും തങ്ങളുടെ നീതരെ പറ്റി ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും' എന്ന് നബി പറഞ്ഞിട്ടുണ്ട്. വ്യക്തി സമൂഹത്തില്‍ വഹിക്കുന്ന സ്ഥാനം എന്തുമാവട്ടെ, മേല്‍ വിഷയകമായി രചനാത്മകമായി പ്രതികരിക്കാന്‍ അയാള്‍ കടപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതോടെ, 'ഇവരും നശിച്ചു, അവരും നശിച്ചു, എല്ലാവരും നശിച്ചു' എന്ന് നബി(സ) പറഞ്ഞതു പോലെയാവും സംഭവിക്കുക. എല്ലാവരും ഭരണാധികാരികളാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ഭരണീയരെ പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്. മറ്റൊരുവിധം പറഞ്ഞാല്‍, എല്ലാവരും പരിഷ്‌കര്‍ത്താക്കളാവണം, എല്ലാവര്‍ക്കും അതിനുള്ള ഉത്തരവാദിത്തമുണ്ട്. സ്വയം പരിഷ്‌കരണ ബാധ്യത സമുദായം ഏല്‍ക്കണം.
ഏതൊരു സമൂഹത്തിന്റെയും ഉയര്‍ന്ന പങ്കാളിത്തബോധം അതിലെ ഓരോ അംഗത്തെയും ഒരേ നിലവാരത്തില്‍ ഉത്തരവാദബോധമുള്ളവരാക്കും. നവോത്ഥാനത്തിനും പരിഷ്‌കരണത്തിനും പ്രാപ്തരാക്കും. പുനര്‍നിര്‍മാണത്തിന്റെ സാമഗ്രികള്‍ സ്വായത്തമാക്കാന്‍ പ്രേരിപ്പിക്കും. നാശഹേതുകങ്ങളായ പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമാവും. ജീര്‍ണതയുടെ ബീജങ്ങള്‍ നിലനില്‍ക്കുവോളം വ്യക്തി എന്ന നിലയില്‍ തനിക്കുപോലും രക്ഷപ്പെടാന്‍ വഴിയില്ലെന്ന ബോധമുറയ്ക്കും. ഈവിധം ഇസ്‌ലാം നവോത്ഥാനത്തെ വ്യക്തിബാധ്യതയാക്കി മാറ്റുന്നു. എല്ലാവരെയും കര്‍മനിരതരാക്കുന്ന വിധം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഈവിധമായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്.
ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇസ്‌ലാമിക സമൂഹത്തെ രക്ഷിക്കാന്‍ വീരപരിവേഷമുള്ള നവോത്ഥാന നായകന്മാര്‍ അവതരിച്ചുകൊള്ളും, വ്യക്തികള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല എന്നത് തെറ്റായ സങ്കല്‍പമാണ്. ഇതര സമൂഹങ്ങളില്‍ അത്തരം ചിന്തകള്‍ ഉണ്ടാവാം. പക്ഷേ, അത്തരം ചിന്തകള്‍ ഇസ്‌ലാമിക സമൂഹത്തിന് അന്യമാണ്. രക്ഷകനായ വീരനായകന്മാരെ കാത്തുനില്‍ക്കാതെ വ്യക്തികള്‍ സാമൂഹികമായി ഉണരുകയാണ് വേണ്ടത്. എന്തെല്ലാം പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമാണ്! സമൂഹത്തിലെ ഓരോ അംഗവും താന്‍ ഇടപെടേണ്ട രംഗം കണ്ടെത്തി അവിടെ ഇടപെടാന്‍ സ്വയം തയാറാവുന്ന പ്രാസ്ഥാനിക സംസ്‌കാരം ഉണ്ടായിവരണം. ഇല്ലെങ്കില്‍ വീരനായകന്മാരെ സ്വപ്‌നം കണ്ടുള്ള മയക്കം തുടര്‍ന്നുകൊണ്ടേയിരിക്കും.
ഇസ്‌ലാമിക ചരിത്രത്തിലെ അനുപമ വ്യക്തിത്വങ്ങളിലൊരാളാണ് സ്വലാഹുദ്ദീന്‍ അയ്യൂബി. കുരിശു സേനയില്‍നിന്ന് ബൈത്തുല്‍ മുഖദ്ദസ് മോചിപ്പിച്ചത് അദ്ദേഹമായിരുന്നു. സൈനികമായി മാത്രമല്ല, ചിന്താപരമായും ധാര്‍മികമായും അദ്ദേഹം നവോത്ഥാന ദൗത്യങ്ങള്‍ ഏറ്റെടുത്തു. ഇസ്‌ലാമിക മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചു. തടവുകാരോടുള്ള പെരുമാറ്റം, വധശിക്ഷയിലെ ഇളവ്, അവകാശങ്ങള്‍ വകവെച്ചുകൊടുത്തത് മുതലായവ ഉദാഹരണം. പക്ഷേ, രണ്ടു നൂറ്റാണ്ടു കാലത്തോളം നീണ്ടുനിന്ന കുരിശുവാഴ്ചയെ പിടിച്ചുകെട്ടിയത് കേവലം വീരപൗരുഷമോ, അമാനുഷിക സംഭവമോ ആയി കാണരുത്. ദീര്‍ഘകാലം തുടര്‍ന്ന നവോത്ഥാനത്തിന്റെ സ്വാഭാവികവും അന്തിമവുമായ ഫലമായി വേണം അതിനെ കാണാന്‍. നൂറുവര്‍ഷം നീണ്ടുനിന്ന നിരന്തരമായ ത്യാഗങ്ങളാണ് ഖുദ്‌സിന്റെ മോചനം പൂവണിയിച്ചത്. ഇസ്‌ലാമിക സമൂഹം ഒന്നാകെ അതില്‍ ഭാഗഭാക്കായി. സ്വലാഹുദ്ദീന്‍ അയ്യൂബി സമൂഹത്തിന്റെ മൊത്തം നവോത്ഥാന യത്‌നങ്ങളെ സമാഹരിച്ച് ഫലം കൊയ്യുകയായിരുന്നു. ഇതിനായി മുഴുവന്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ഉപയോഗപ്പെടുത്തി. ഖുദ്‌സിന്റെ മോചനത്തിനു മുമ്പ് വിദ്യാഭ്യാസപരവും രാഷ്ട്രീയവും ഭരണപരവുമായ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ നടക്കുകയുണ്ടായി. ഉദാഹരണമായി, നൂറുദ്ദീന്‍ സന്‍കി(ഹി. 511-569/ ക്രി. 1118-1174)യും പിന്‍ഗാമികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് പിന്‍ബലമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ഭരണനിര്‍വഹണ, ചിന്താ വൈജ്ഞാനിക, വിദ്യാഭ്യാസ മേഖലകളിലെ പലതരം പരിഷ്‌കരണങ്ങള്‍ നവോത്ഥാനത്തെ ത്വരിപ്പിച്ചു. സമൂഹത്തിന്റെ ശേഷികളത്രയും ഇതിനായി വിനിയോഗിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായാണ് ഇസ്‌ലാമിക സമൂഹം അതിന്റെ വ്യക്തിത്വവും പ്രതാപവും തിരിച്ചുപിടിച്ചത്. നായക വ്യക്തിത്വങ്ങള്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണെന്നതിന് ചരിത്രം സാക്ഷിയാണ്.
വ്യക്തിപരമായ ആത്മീയത, വ്യക്തിപരമായ രക്ഷാബോധം എന്നിവക്കുപകരം സാമൂഹികവും ക്രിയാത്മകവും രചനാത്മകവുമായ തുറസ്സുകളിലേക്ക് ഇസ്‌ലാമിക സമൂഹത്തെ വികസിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിരുന്നു ഖുദ്‌സിന്റെ മോചനം. ചുരുക്കത്തില്‍, ഇസ്‌ലാമിക സമൂഹത്തിലെ ഓരോ അംഗത്തെയും സക്രിയനും പങ്കാളിയുമാക്കുമ്പോഴാണ് ഇസ്‌ലാമിക നവോത്ഥാനം അര്‍ഥപൂര്‍ണമാകുന്നത്.
വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി
Comments