Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

കേരള മുസ്‌ലിം പെണ്‍ചരിത്ര രചന ആധുനികതയെന്ന കുരുക്കഴിക്കുമ്പോള്‍

മര്‍വ എം. ഖാദര്‍

കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സവിശേഷ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് അതിന്റെ സൂക്ഷ്മാംശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രരചന സാധ്യമാണോ എന്ന അന്വേഷണമാണ് ഈ പഠനം. കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരണം എന്നതിനപ്പുറം, ചരിത്രരചനക്ക് വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വ്യവഹാരങ്ങളുടെ ഉള്ളടക്കവും ദിശയും നിര്‍ണയിക്കാന്‍ കഴിവുണ്ടെന്നിരിക്കെ, കേവലം 'ചരിത്ര' രചന എന്നതിനേക്കാള്‍, സമയബന്ധിതമല്ലാത്ത ആഖ്യാനങ്ങള്‍ (Narratives) എന്ന അര്‍ഥത്തില്‍ കൂടിയാണ് ഇവിടെ ചരിത്രരചന (Historiography)  എന്ന പദം ഉപയോഗിക്കുന്നത്.

കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സവിശേഷ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? ആരാണീ കേരളത്തിലെ മുസ്‌ലിം സ്ത്രീ? എന്താണ് എവിടെയാണ് ഈ കേരളം? കേരളം എന്നത് 1956-ല്‍ ഭാഷാടിസ്ഥാനത്തില്‍  ഭരണസൗകര്യത്തിനു വേണ്ടി രൂപവത്കരിക്കപ്പെട്ട സംസ്ഥാനമാണ്. പക്ഷേ സാംസ്‌കാരികമായി, സാമൂഹികപരമായി ഈ പഠനത്തിന്റെ വിഷയമായ മുസ്‌ലിം സ്ത്രീകള്‍, ഭരണകൂടനിര്‍മിതമായ 'കേരളം' എന്ന ഭൂപ്രദേശ സൂചികയുമായി ബന്ധപ്പെട്ടതല്ല. ഇവിടെ ചര്‍ച്ചചെയ്യുന്ന മുസ്‌ലിം സ്ത്രീകള്‍ ഭരണപരമായി കേരളത്തില്‍ ഉള്‍പ്പെടാത്ത ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍, അതുപോലെ കേരളീയരല്ലാത്ത/ഇതര സംസ്ഥാനക്കാരായ എന്നാല്‍ കേരള സാമൂഹികവ്യവസ്ഥയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന കുടിയേറ്റക്കാരായ മുസ്‌ലിം സ്ത്രീകള്‍ തുടങ്ങിയവരുടെ സാഹചര്യങ്ങളെ കൂടി പ്രതിധ്വനിപ്പിക്കുന്നതായിരിക്കും. അതിനാല്‍തന്നെ മേല്‍പറഞ്ഞിടങ്ങളിലെ മുസ്‌ലിം സ്ത്രീകളെല്ലാം ഇവിടെ ഉദ്ദേശിക്കപ്പെടുന്നു്. ഭരണകൂടനിര്‍മിതിയായ 'കേരളം' എന്ന ഭൂസൂചിക ഇവിടെ അപ്രസക്തമായതുകൊണ്ട് ഇനിയങ്ങോട്ട് 'മുസ്‌ലിം സ്ത്രീകള്‍' എന്നു മാത്രമാണ് ഉപയോഗിക്കുന്നത്. 

ഇനി ഈ മുസ്‌ലിം സ്ത്രീകളുടെ സവിശേഷ സാഹചര്യം എന്താണെന്ന് നോക്കാം. മുസ്‌ലിം സ്ത്രീകള്‍ എന്ന കര്‍തൃത്വ നിലയില്‍ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്; മുസ്‌ലിം/ഇസ്‌ലാം മതാനുയായി (Muslimness)  എന്ന നിലക്ക് അവരുടെ മതപരവും, സ്ത്രീ(Womanness) എന്ന നിലക്ക് അവരുടെ ലിംഗഭേദ(gender)പരവുമായ ഘടകങ്ങള്‍. പിന്നെ പ്രധാനമായും ഇന്ത്യ എന്ന ദേശത്തില്‍ മുസ്‌ലിംകളുടെ ജനസംഖ്യാപരവും ഭരണനിര്‍വഹണത്തിലെ രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ട ന്യൂനപക്ഷതയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പാര്‍ശ്വവത്കരണവുമാണ് മറ്റു മുഖ്യ ഘടകങ്ങള്‍. ഇങ്ങനെ മൂന്ന് കാര്യങ്ങളാണ് ഇവിടങ്ങളിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുവായി ഉള്ളത്. പക്ഷേ, മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഇവയൊക്കെ പരസ്പരം വ്യത്യസ്ത രീതികളില്‍ സ്വാധീനിക്കുന്ന, വിഭിന്നതയുാക്കുന്ന, വ്യതിരിക്തതയുണ്ടാക്കുന്ന വളരെ പ്രധാനപ്പെട്ട ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ജാതി. ഒരു ഉയര്‍ന്ന ജാതിയില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്ന മുസ്‌ലിം സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും താഴ്ന്ന ജാതിയില്‍നിന്നും ഇസ്‌ലാമിലേക്ക് വന്ന ഒരു മുസ്‌ലിം സ്ത്രീയുടെ ചരിത്രവും ജീവിതവും; ആദ്യത്തെ കൂട്ടര്‍ 'അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്' വരവ് പുരോഗമനവും വിപ്ലവവുമായി കാണുന്നവരാണെങ്കില്‍ രണ്ടാമത്തെ കൂട്ടര്‍ക്ക് അടുക്കളയും അരങ്ങും അനീതിയുടെയും അടിച്ചമര്‍ത്തലുകളുടെയും ഇടങ്ങളായിരുന്നു. സാമ്പത്തികം, ഭാഷ, പ്രാദേശികമായ സാംസ്‌കാരിക വ്യത്യസ്തതകള്‍, രാഷ്ട്രീയ വീക്ഷണങ്ങള്‍, ഇടപെടലുകള്‍, മതഭേദങ്ങള്‍ തുടങ്ങിയവയും മുസ്‌ലിം സ്ത്രീയുടെ സാഹചര്യങ്ങളെയും, അവര്‍ ഈ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെയും നിര്‍ണയിക്കും. അപ്പോള്‍ ഈ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, ഭാഷാ ശൃംഖലകളുടെ നിരന്തരമായ വ്യവഹാരങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയിലാണ്, മുസ്‌ലിം സ്ത്രീ എന്ന കര്‍ത്താവ് (Subject) നിലകൊള്ളുന്നത്.

ഈ വൈവിധ്യങ്ങളുടെ ശൃംഖലകള്‍ക്കിടയിലാകുമ്പോഴും അവയുടെ അപ്പുറത്തേക്ക് മുസ്‌ലിം സ്ത്രീകളെ ഏകോപിപ്പിക്കുന്ന കാര്യങ്ങള്‍ മൂന്നെണ്ണമാണെന്ന് സൂചിപ്പിച്ചുവല്ലോ. 1) അവരുടെ മതവിശ്വാസം. മതാനുഷ്ഠാനങ്ങള്‍ പല രീതിയില്‍ ആയാല്‍ തന്നെയും, മതത്തെ മനസ്സിലാക്കുന്നത് വ്യത്യസ്ത രീതിയിലായിരുന്നാലും, അവര്‍ മുസ്‌ലിംകള്‍ എന്ന് പൊതുവായി അടയാളപ്പെടുത്തപ്പെടുന്നവര്‍ ആയിരിക്കും. അല്ലാഹുവിലുള്ള വിശ്വാസം അവര്‍ക്കിടയില്‍ പൊതുവായിരിക്കും. 2) അവരുടെ ലിംഗഭേദം (ജെന്‍ഡര്‍), അവര്‍ സ്ത്രീകളാണെന്നുള്ളതാണ്. 3) രാഷ്ട്രീയപരമായ ന്യൂനപക്ഷതയില്‍നിന്ന് ഉണ്ടാവുന്ന അരികുവത്കരണം. പക്ഷേ ഇവ മൂന്നിനെയും വേര്‍തിരിച്ചുകാണാന്‍ നമുക്ക് ഒരിക്കലും കഴിയില്ല. ഇവ പരസ്പരം ഇഴപിരിഞ്ഞ് (entangled) ചേര്‍ന്നു കിടക്കുന്നതാണ്. മതമാണ് ഇവിടെ രാഷ്ട്രീയ ന്യൂനപക്ഷമാവുന്നതിന്റെയും, രാഷ്ട്രീയമായും മറ്റും അരികുവത്കരിക്കപ്പെടുന്നതിന്റെയും അടിസ്ഥാനം. അത് കോളനിവത്കരണവുമായും മേല്‍ജാതി വ്യവസ്ഥിതിയുമായും ഓറിയന്റലിസം തൊട്ട് ഇസ്‌ലാമോഫോബിയ വരെയുള്ള പ്രവണതകളുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. ഇവിടെ കര്‍ത്താവിന്റെ മതമാണ് പ്രധാനം. ഇസ്‌ലാമിനെ ജീവിതദര്‍ശനമായി കാണുന്നവരാണ് ഇവിടെ മുസ്‌ലിം. ഇനി ജെന്‍ഡറിലേക്ക് വരാം. വിശ്വാസികളെ സംബന്ധിച്ചേടത്തോളം അവരുടെ ലിംഗഭേദപരമായ നിര്‍ണയങ്ങളും കാഴ്ചപ്പാടുകളും ജീവിതത്തിന്റെ മറ്റു കാര്യങ്ങളെന്ന പോലെ തീരുമാനിക്കപ്പെടുന്നത് ഇസ്‌ലാമിക ദര്‍ശനം അടിസ്ഥാനപ്പെടുത്തിയിട്ടാണ്. അവര്‍ക്ക്  ശരീരം തൊട്ട് സമൂഹം വരെ, പടച്ചവന്റെ ഉടമസ്ഥതയിലുള്ളതാണ്. ആ വിശ്വാസത്തിന്റെ ആണിക്കല്ലിലും ചട്ടക്കൂടിലുമാണ് ആശയങ്ങളും വീക്ഷണങ്ങളും ജീവിതവും കെട്ടിപ്പടുക്കുന്നത്. അതുകൊണ്ട് അല്ലാഹുവിലുള്ള വിശ്വാസം മുസ്‌ലിം ജീവിതത്തില്‍ ചെലുത്തുന്ന പ്രാധാന്യത്തെ കേന്ദ്രീകരിക്കാത്ത, അതിനെ ആഴത്തില്‍ പഠിക്കാത്ത, അത് മനസ്സിലാക്കാത്ത ഒരു ചരിത്രരചനക്കും മുസ്‌ലിം ജീവിതത്തിന്റെ ലിംഗഭേദങ്ങളെയോ മറ്റു വൈവിധ്യങ്ങളെയോ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാം അടിസ്ഥാനപ്പെടുത്തിയുള്ള, മതവീക്ഷണത്തെ കേന്ദ്രീകരിച്ചുള്ള പല അടരുകളുള്ള ഒരു ചരിത്ര രചന(Entangled Historiography)ക്കു മാത്രമേ മുസ്‌ലിം സ്ത്രീകളുടെ സവിശേഷ സാഹചര്യത്തില്‍ അവരുടെ ചരിത്രത്തെ രചിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ, മുസ്‌ലിം എന്ന അസ്തിത്വ(Muslim Being)ത്തെ മനസ്സിലാക്കാത്ത ചരിത്ര രചനക്കോ ഫെമിനിസത്തിനോ മുസ്‌ലിം സ്ത്രീയുടെ ജെന്‍ഡര്‍ അല്ലെങ്കില്‍ ലിംഗഭേദ പ്രശ്‌നങ്ങള്‍ പഠിക്കാനോ മനസ്സിലാക്കാനോ സാധിക്കുകയില്ല. ഇവിടെ ചരിത്രരചനക്കൊപ്പം ഫെമിനിസത്തെയും ചേര്‍ത്തു പറയാനുള്ള കാരണം, ലിംഗഭേദം വിശകലനം ചെയ്യുന്ന ഏതൊരു പഠനവും സൈദ്ധാന്തികമായി ഫെമിനിസ്റ്റ്/സ്ത്രീവാദപരമായിരിക്കും എന്നാണ് ഇന്നത്തെ പൊതുവെയുള്ള ധാരണ. ആയതിനാലാണ് മുസ്‌ലിം പെണ്‍ചരിത്രരചന എന്നു പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ, അത് ഒരു മുസ്‌ലിം ഫെമിനിസ്റ്റ് ചരിത്ര രചനയല്ല എന്നും, എന്തുകൊണ്ട് അങ്ങനെ ആവരുത് എന്നും ഊന്നിപ്പറയുന്നത്.

മുസ്‌ലിം സ്ത്രീയുടെ ജീവിതത്തില്‍ മുസ്‌ലിം ബീയിംഗിന്റെ പ്രാധാന്യം ഗ്രഹിക്കാത്തിടത്തോളം ഫെമിനിസം, അതിന്റെ ഭാഷ(കള്‍), ആശയങ്ങള്‍ തുടങ്ങിയവുമായി നമ്മള്‍ക്ക് കലഹിക്കേണ്ടിവരും. മുഖ്യധാരാ അക്കാദമിക വൃത്തങ്ങളില്‍ ഫെമിനിസ്റ്റ് ആകാതിരിക്കുക ഒരു വന്‍ പാപമായിത്തീര്‍ന്ന ഇക്കാലത്ത്, പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയില്‍ ഇരയാക്കപ്പെടുന്ന സ്ത്രീ എന്നു മാത്രം 'ലിംഗഭേദം' വിശകലനം ചെയ്യപ്പെടുമ്പോള്‍, മതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം, മുസ്‌ലിം സ്ത്രീകള്‍ തങ്ങളെ പറ്റിയുള്ള പഠനങ്ങളില്‍ ഫെമിനിസവുമായി ബോധപൂര്‍വം വേര്‍പ്പെട്ടുനില്‍ക്കേതു്. കാരണം, ഇന്നത്തെ രീതിയില്‍ ഒരു ഫെമിനിസ്റ്റ് തിയറിക്കും മതബോധം, ഭക്തി, ഇസ്‌ലാമികദര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തിയ മുസ്‌ലിം പെണ്‍ജീവിതം എന്നീ കാര്യങ്ങള്‍ ഒരു രീതിയിലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു ചോദ്യം, ഇന്റര്‍ സെക്ഷാണലിറ്റി പോലുള്ള ഫെമിനിസ്റ്റ് തിയറികള്‍ക്ക് ഈ പ്രശ്‌നം മറികടക്കാന്‍ കഴിയില്ലേ എന്നാണ്. ഇന്റര്‍സെക്ഷണാലിറ്റി, ബ്ലാക്ക് ഫെമിനിസവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. അതായത് മുഖ്യധാരാ വൈറ്റ് ഫെമിനിസം, 'വംശം', 'വംശീയത' പോലുള്ളതൊന്നും വിശകലനവിധേയമാക്കാത്തതിനെയും ബ്ലാക്ക് മൂവ്‌മെന്റുകള്‍ കറുത്ത വര്‍ഗക്കാരായ പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ മാത്രം പരിഗണിക്കുന്നതിനെയും  ചോദ്യം ചെയ്താണ് അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനായി ഇന്റര്‍സെക്ഷണാലിറ്റി എന്ന രീതി രൂപപ്പെടുന്നത്. ലിംഗഭേദവും വംശവും ഒരുപോലെ കേന്ദ്ര സ്ഥാനത്ത് വരുന്ന ഒരു സൈദ്ധാന്തിക സമീപനമാണ് മുഖ്യമായും ഇന്റര്‍സെക്ഷണാലിറ്റി. അങ്ങനെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങളെ, ചരിത്രപരമായ അധികാരശ്രേണികളെ, അവ കാലങ്ങളായി ഉണ്ടാക്കിയ സാമൂഹിക വിടവുകളെ, താളപ്പിഴയുള്ള അധികാര വ്യവസ്ഥിതികളെ, മേല്‍ക്കോയ്മകളെ, കീഴ്‌പ്പെടുത്തലുകളെ, ഇവയുടെയെല്ലാം രാഷ്ട്രീയത്തെ അപഗ്രഥനം ചെയ്യാന്‍ ഇന്റര്‍സെക്ഷണാലിറ്റി മതിയാകും എന്നാണ് ഇന്ന് ഫെമിനിസം പറയുന്നത്. പക്ഷേ മുസ്‌ലിം മതവിശ്വാസികളായ സ്ത്രീകളെ പഠിക്കാന്‍ ഇന്റര്‍സെക്ഷണാലിറ്റി പര്യാപ്തമാണോ? ഡികൊളോണിയല്‍ ചിന്തകനായ സയ്യിദ് മുസ്ത്വഫാ അലിയുമായി ഇസ്‌ലാം ഇന്ററാക്റ്റീവില്‍ കെ.എസ് ശമീര്‍ നടത്തിയ അഭിമുഖത്തില്‍ ഇന്റര്‍സെക്ഷണാലിറ്റിയുടെ അപര്യാപ്തതകളും പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറഞ്ഞത് മൂന്ന് കാരണങ്ങള്‍ കൊണ്ടെങ്കിലുമാണ് ഇന്റര്‍സെക്ഷണാലിറ്റിക്ക് വേണ്ടിയുള്ള സമകാലിക നീക്കങ്ങളെ  അദ്ദേഹം പ്രശ്‌നകരമായി കാണുന്നത്. ഒന്ന്, പുരുഷകേന്ദ്രീകൃത വ്യവസ്ഥ(പാട്രിയാര്‍ക്കി) പോലുള്ള മര്‍ദകവ്യവസ്ഥിതികള്‍ പ്രാദേശികമായ, അല്ലെങ്കില്‍ സവിശേഷമായ സാഹചര്യങ്ങളില്‍ 'റിവേഴ്‌സ്' (അട്ടിമറിഞ്ഞ്) ചെയ്തായിരിക്കും പ്രവര്‍ത്തിക്കുന്നത് എന്ന് കാണാന്‍ ഇന്റര്‍സെക്ഷണാലിറ്റിക്ക് കഴിയുന്നില്ല. ര്, മര്‍ദകവ്യവസ്ഥകളെ വിശകലനം ചെയ്യുമ്പോള്‍, 'ഇവയെല്ലാം അടിച്ചമര്‍ത്തലിന്റെ പല രൂപങ്ങളാണ്' എന്ന് അമൂര്‍ത്തീകരിച്ച്, അവക്കിടയിലെ വ്യത്യാസങ്ങളെ മൂടിവെക്കാനും മായ്ക്കാനും അല്ലെങ്കില്‍ നിരപ്പാക്കാനുമുള്ള പ്രവണത ഇന്റര്‍സെക്ഷണാലിറ്റിക്ക് ഉണ്ട്. മൂന്നാമതായി, ഇന്റര്‍സെക്ഷണാലിറ്റി വംശ(race)ത്തിന്റെ പ്രാധാന്യം മറച്ചുവെക്കുന്നു. ഡികൊളോണിയല്‍ ചിന്തകനായ രാമോണ്‍ ഗ്രോസ്‌ഫൊഗ്യൂല്‍  പറയുന്നത്, ആധുനിക/കൊളോണിയല്‍ ലോകം എന്നത് വളരെ സങ്കീര്‍ണമായി പ്രവര്‍ത്തിക്കുന്ന കുഴഞ്ഞുമറിഞ്ഞ ഒരു അധികാര ഘടന (Entangled Heterarchy) ആണെന്നാണ്. അങ്ങനെ വരുമ്പോള്‍ വംശം/വംശീയത/വംശീയവത്കരണം തുടങ്ങിയവ പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതി പോലുള്ളവയുമായി 'ഇന്റര്‍സെക്ട്' ചെയ്യുന്നു എന്നതിലപ്പുറം മറ്റൊന്നുമില്ല. വംശമാണ് ഈ മൊത്തം വ്യവസ്ഥിതികളെയും ലഘൂകരിപ്പിക്കാതെ തന്നെ സംഘടിപ്പിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വക്രീകരിക്കുന്നതും.

ഇനി ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍, ഇവിടെ കൊളോണിയല്‍-ആധുനിക/ഹിന്ദുത്വ മര്‍ദക വ്യവസ്ഥിതിയാണ്, പവര്‍ മാട്രിക്‌സിന്റെ കേന്ദ്രം. ഇതുതന്നെ പല സാഹചര്യങ്ങളില്‍ പല പല രീതികളില്‍ അതീവ സങ്കീര്‍ണമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ വ്യവസ്ഥിതിയുടെ എക്കാലത്തെയും ടാര്‍ജറ്റ് 'മുസ്‌ലിം' ആകുന്നത് മതപരമായ കാരണങ്ങള്‍ കൊണ്ടാണ്. അത് ഈ വ്യവസ്ഥിതികളെ തകര്‍ക്കാനുള്ള കഴിവ്, നീതിയിലധിഷ്ഠിതമായ സന്തുലിത സാമൂഹിക ജീവിത വ്യവസ്ഥയായ ഇസ്‌ലാമിന് ഉള്ളതുകൊണ്ടാണ്. കോളനിവത്കരണത്തിന്റെ സംഭാവനയായ ഓറിയന്റലിസവും, ഇപ്പോള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയും അതിലേറെ പഴക്കമുള്ള മേല്‍ജാതികളുടെ മതപരിവര്‍ത്തനഭീതിയും, ന്യൂനപക്ഷം ഭൂരിപക്ഷമാകുമോ എന്ന ആശങ്കയും അതില്‍നിന്ന് ഉടലെടുക്കുന്ന ഹിംസയും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയ-സാമൂഹിക ഭരണകൂട അജണ്ടയുമൊക്കെ സ്വയം അപകോളനിവത്കരണത്തിന്(Decolonialize)  വിധേയമാകാത്തിടത്തോളം, ഒരു ഫെമിനിസത്തിനും ഒരു ചരിത്രരചനക്കും മുസ്‌ലിം സ്ത്രീകളെ വേരീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇവിടെ ഇന്റര്‍സെക്ഷണാലിറ്റി പരാജയപ്പെടുന്നത്, മതത്തെ കുറിച്ചും ഇസ്‌ലാമിനെകുറിച്ചും മനസ്സിലാക്കുമ്പോള്‍ അത് ആധുനികതയുടെ സെക്യുലര്‍ കാഴ്ചപ്പാട് തന്നെയാണ് പേറുന്നത് എന്നതുകൊണ്ടാണ്. ഇസ്‌ലാമിനെ ഇസ്‌ലാമിന്റേതായ രീതിയില്‍ മനസ്സിലാക്കാതെ സെക്യുലര്‍ കണ്ണട വെച്ച് വിശകലനം ചെയ്യുന്ന കാലത്തോളം ഫെമിനിസത്തിന് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. തന്റെ ജെന്‍ഡറിനെയും ജീവിതത്തെ തന്നെയും ഇസ്‌ലാമിലൂടെ നിര്‍ണയിക്കുന്ന ഒരു മുസ്‌ലിം സബ്ജക്ടിന് ഒരിക്കലും ഫെമിനിസ്റ്റ് ആവേണ്ട ആവശ്യവും വരുന്നില്ല; കാരണം അവിടെ ലിംഗഭേദം മുസ്‌ലിം ആകലിന്റെ ഭാഗമാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചരിത്രരചനയാണ് മുസ്‌ലിം പെണ്ണുങ്ങളെ സംബന്ധിച്ച് ഉണ്ടാവേണ്ടത്. എങ്ങനെയാണ് ഫെമിനിസ്റ്റ് ചരിത്രരചനക്ക് ശഹീദ് ഫൈസലിന്റെ അമ്മ ഉമ്മയാകുന്നത്, മീനാക്ഷി ജമീലയാകുന്നത് മനസ്സിലാക്കാന്‍ കഴിയുക? തന്റെ മകന്റെ ഇസ്‌ലാമിലേക്കുള്ള മാറ്റം, സ്വന്തം മരുമകനെ വരെ അവന്റെ ജീവനെടുക്കുന്നതിലേക്ക് എത്തിച്ചു എന്നതിനാല്‍ മകന്റെ മതം സ്വീകരിക്കാന്‍ അവര്‍ സ്വമധേയാ പ്രേരിതയായതാണ് എന്ന് വിശദീകരിക്കാന്‍ സാധിക്കുമോ? അവിടെ മതവും വിശ്വാസവും മാതൃത്വവും കെട്ടുപിണഞ്ഞ് കിടക്കുന്നത് വിവരിക്കാന്‍ ഇന്റര്‍സെക്ഷണല്‍ ഫെമിനിസ്റ്റ് ചരിത്രരചനക്ക് സാധിക്കില്ല. അവിടെയാണ്, ആധുനികതയുടെയും സെക്യുലറിസത്തിന്റെയും കുരുക്കുകള്‍ അഴിച്ച, ഡിബ്രാഹ്മണൈസ് ചെയ്ത, ഡികോളോണിയലൈസ് ചെയ്ത ഒരു ചരിത്രരചന സാധ്യമാക്കേണ്ടത്. 

 

റഫറന്‍സ്

1. Social, Economic and Educational Survey of the Muslim Community of India : A Report by the Prime Minister's High level Committee, Cabinet Secretariat, Government of India. November, 2006. http://minorityaffairs.gov.in/sites/default/files/sachar_comm.pdf

2. Kimberle Crenshaw. Demarginalizing the Intersection of Race and Sex: A Black Feminist Critique of Antidiscrimination Doctrine, Feminist Theory and Antiracist Politics. 1989, The University of Chicago Legal Forum, 140:139-167.

3. അഭിമുഖം: സയ്യിദ് മുസ്ത്വഫ അലി/ കെ.എസ് ശമീര്‍ 'Mystical is Hardly a Retreat from Political', ഇസ്‌ലാം ഇന്ററാക്റ്റീവ്, April 25, 2016. http://interactive.net.in/towards-an-islamic-decoloniality-ii/

4. Ramón Grosfoguel, A Decolonial Approach to Political-Economy: Transmodernity, Border Thinking and Global Coloniality. 2009. Kult 6 - Special Issue Epistemologies of Transformation: The Latin American Decolonial Option and its Ramifications. Department of Culture and Identity. Roskilde University. http://www.postkolonial.dk/artikler/kult_6/GROSFOGUEL.pdf

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍