Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

നിര്‍ത്താതെ പറയുന്നതാണോ നല്ല പ്രഭാഷണം

കെ.ഇ.എന്‍/ ജുമൈല്‍ കൊടിഞ്ഞി

പ്രഭാഷണം വൈകാരിക അപസ്മാരമാകരുത്-2

 

ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയില്‍ എഴുത്തുകാരെ പുഛിക്കുകയും പ്രസംഗകരെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തെ നയിക്കുന്നത് പ്രഭാഷകരാണ്, എഴുത്തുകാരല്ല എന്നാണ് ഹിറ്റ്‌ലറുടെ അഭിപ്രായം. സത്യത്തില്‍ കൃത്രിമമായൊരു വിഭജനമാണിത്. ഏതൊരു മികച്ച പ്രഭാഷകനും ഒരെഴുത്തുകാരനാണ്. പുസ്തകത്തിലെഴുതിവെക്കണമെന്ന് നിര്‍ബന്ധമില്ല, പ്രബന്ധമെഴുതണമെന്ന് നിര്‍ബന്ധമില്ല. അയാള്‍ മനസ്സിലെഴുതുന്നതാണ് പുറത്ത് മികച്ച രീതിയില്‍ പറയാനാവുക. അല്ലാതെ അത് സാധിക്കില്ല. മികച്ചൊരു പ്രഭാഷണത്തിന് മുമ്പോ, മികച്ചൊരു പ്രഭാഷണം നടക്കുമ്പോഴോ മനസ്സിലൊരു എഴുത്ത് നടക്കുന്നുണ്ട്. അതുകൊണ്ട് രണ്ട് വിരുദ്ധ ലോകത്താണ് എഴുത്തുകാരും പ്രഭാഷകരും എന്ന കാഴ്ചപ്പാട് ശരിയല്ല. 

പ്രബന്ധം, കഥ, കവിത പോലുള്ളവ എഴുതുന്ന ചിലര്‍ക്ക് നിരന്തര പ്രഭാഷണം അവരുടെ എഴുത്തുകള്‍ കുറക്കാന്‍ കാരണമാകും. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പ്രഭാഷണം എഴുത്തിന് പ്രചോദനമാവുകയും ചെയ്യാറുണ്ട്. അപ്പോള്‍ എന്റെ അഭിപ്രായത്തില്‍ നല്ലൊരു പ്രഭാഷകന്‍ ചുരുങ്ങിയത് മനസ്സിലെങ്കിലും എഴുതിയിരിക്കണം. ഫാഷിസ്റ്റ് പ്രഭാഷണമെന്നത് മനസ്സെഴുത്തില്ലാത്ത പ്രഭാഷണമാണ്. അതുകൊണ്ടാണ് അത് വൈകാരികത മാത്രമായി ചുരുങ്ങുന്നത്. 

പ്രസംഗം പ്രേരണയുടെ കലയാണെന്നതിന് വലിയ പ്രസക്തിയുണ്ട്. അതൊരു കലയായി മാറുമ്പോള്‍ അത് പറച്ചിലിലൊതുങ്ങാതെ ഒരു പറക്കലായി മാറും. അപ്പോള്‍ പ്രഭാഷണം സൃഷ്ടിപരം കൂടിയാണ്. പ്രഭാഷകന്‍ നയിക്കുന്ന ഒരു ആശയത്തിലേക്ക്, മൂല്യത്തിലേക്ക് കേള്‍ക്കുന്നവര്‍ ആകര്‍ഷിക്കപ്പെടുമെന്ന നിലയിലാണ് അതൊരു പ്രേരണകലയാകുന്നത്. എന്നാല്‍ പ്രസംഗം പറക്കലാകുമ്പോള്‍ അതൊരു സര്‍ഗാത്മകത സൃഷ്ടിക്കുന്നുണ്ട്. കേള്‍ക്കുന്നവരെ കൂടി പ്രഭാഷണം നടത്താന്‍ അത് പ്രചോദിപ്പിക്കും. പ്രേരണകൊണ്ട് ഒരാള്‍ക്ക് പ്രഭാഷണം തുടങ്ങാം. പക്ഷേ അത് അവസാനിക്കുന്നത് പ്രചോദനത്തിലാകണം. അപ്പോഴാണ് പ്രഭാഷണം അര്‍ഥവത്താകുന്നത്. 

കേരളത്തിലെ രണ്ട് വ്യത്യസ്ത പ്രഭാഷക കലകളുടെ ഉദാഹരണങ്ങളാണ് എം.എന്‍ വിജയന്‍ മാഷും സുകുമാര്‍ അഴീക്കോട് മാഷും. രണ്ട് പ്രസംഗത്തിനും അതിന്റേതായ പ്രസക്തിയും പ്രാധാന്യവും സൗന്ദര്യവും ഔന്നത്യവും തീര്‍ച്ചയായും ഉണ്ട്. രണ്ടും രണ്ട് വഴികളാണ്. അതുകൊണ്ട് ഓരോ പ്രഭാഷകനും തങ്ങളുടെ സ്വന്തം വഴി കണ്ടെത്തണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് അഴീക്കോടിന്റെയോ വിജയന്‍ മാഷിന്റെയോ ഫോട്ടോ കോപ്പികള്‍ ആവശ്യമില്ല. പക്ഷേ ശ്രദ്ധേയരായ രണ്ട് പ്രസംഗകരെന്ന നിലയില്‍, ചിന്തകരെന്ന നിലയില്‍ അവരുടെ സ്വാധീനം പുതിയ തലമുറയിലുണ്ടാവുകയെന്നത് നല്ലതാണ്. വെറും അനുകരണങ്ങള്‍ അരോചകമാവുകയും ചെയ്യും. വൈവിധ്യങ്ങള്‍ വര്‍ധിക്കാനും നല്ലത് അനുകരണങ്ങളില്ലാതിരിക്കുന്നതാണ്. ചിലരെ കുറിച്ച് കുട്ടികളുടെ അഴീക്കോട്, മുതിര്‍ന്നവരുടെ അഴീക്കോട് എന്നൊക്കെ ചിലര്‍ തമാശകളുണ്ടാക്കിയിട്ടുണ്ട്. അത് തുടക്കത്തില്‍ ഒരഭിനന്ദനം തന്നെയായിരിക്കും. എന്നാല്‍ ജീവിതാവസാനം വരെ അയാള്‍ അതേ നിലയില്‍ തുടരുന്നത് വലിയൊരു ആക്ഷേപവുമാണ്. 

പ്രഭാഷകര്‍ അവര്‍ക്ക് പറയാനുള്ളത് മാത്രം പറയുന്നതും നല്ലതല്ല. അതിന്റെ കൂടെ കഥകള്‍, കവിതകള്‍, തത്ത്വചിന്തകള്‍ എന്നിവയെല്ലാം ആവശ്യാനുസരണം ഉപയോഗിക്കാന്‍ അവര്‍ക്കാകണം. അപ്പോള്‍ ഒരു വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്താന്‍ ആ വിഷയത്തിലുള്ള വായനകളും ഗവേഷണങ്ങളും മാത്രം മതിയാവില്ല. അത് വളരെ യാന്ത്രികമായി മാറും. അത്തരമൊരു പ്രഭാഷണത്തിന് അതിന്റെ സമഗ്രത കൈവരിക്കാനാവില്ല. ആ പറയുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ മൂല്യവും ആശയവും ഉണ്ടാകും. എന്നാല്‍ ആ പ്രഭാഷണം കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ യാന്ത്രികമായി അനുഭവപ്പെടും. പ്രഭാഷണത്തില്‍ വന്നുചേരാവുന്ന ഏറ്റവും വലിയ പരിമിതി യാന്ത്രികതയാണ്. ജീവിതത്തിലും അങ്ങനെത്തന്നെയാണ്. കാരണം യന്ത്രത്തിനുള്ള യോഗ്യതയാണ് യാന്ത്രികത. അതൊരിക്കലും മനുഷ്യന് പറ്റില്ല. മനുഷ്യന്റെ യോഗ്യത സൃഷ്ടിപരതയാണ്. യന്ത്രത്തിന് ഒരിക്കലും അത് സാധിക്കില്ല. യന്ത്രം ഉല്‍പാദിപ്പിക്കും. ആ ഉല്‍പാദനങ്ങളെല്ലാം ഒരുപോലിരിക്കും. അതേസമയം ഒരു പ്രഭാഷകന്റെ രണ്ട് പ്രഭാഷണങ്ങള്‍ക്ക് ഒരുപോലെയാകാനാവില്ല. ഒരു പുഴയില്‍ മാത്രമല്ല, ഒരു പ്രഭാഷണത്തിലും ഒരാള്‍ക്ക് രണ്ടു തവണ മുങ്ങാനും പൊങ്ങാനും കഴിയില്ല. പുഴയെന്ന പോലെ പ്രഭാഷണവും അപ്പോഴേക്കും ഒഴികിക്കഴിഞ്ഞിരിക്കും. കാരണം രണ്ട് സന്ദര്‍ഭം, രണ്ട് സദസ്സ്, രണ്ട് വിഷയം ഇതെല്ലാം വ്യത്യാസങ്ങളാണല്ലോ. ഒരേ സമയം നിരവധി അവസ്ഥകളുള്ള കലയാണ് പ്രഭാഷണം. പലരും തെറ്റിദ്ധരിക്കുന്നതുപോലെ അതിന് ഒറ്റ ഫോര്‍മാറ്റല്ല ഉണ്ടാവുക. 

എഴുത്തുകാരനെ അപേക്ഷിച്ച് പ്രസംഗകന് മറ്റൊരു പ്രത്യേകതയുണ്ട്. സജീവമായൊരു സദസ്സ്  മുന്നിലുണ്ടെന്നതാണത്. എഴുത്തൊരു ഏകാന്ത പ്രവര്‍ത്തനമാണെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് പറയുന്നുണ്ട്. ആര്‍ക്കും മറ്റൊരാളെ എഴുതി സഹായിക്കാനാവില്ല. പക്ഷേ പ്രഭാഷകനെ ലോകത്തിന് മുഴുവന്‍ സഹായിക്കാനാകും. ഒരു സദസ്സിന് പ്രഭാഷകനെ സഹായിക്കാനും താല്‍ക്കാലികമായി തകര്‍ക്കാനും സാധിക്കും. അതായത് പ്രഭാഷകന്റെ പൊതുപശ്ചാത്തലം സദസ്സിന്റെ അനുകൂലാവസ്ഥയാണ്. അത് പ്രഭാഷകന് കൂടുതല്‍ ഊര്‍ജം പകരും. ഞാന്‍ ഒരുപക്ഷേ രണ്ട് പ്രഭാഷണങ്ങള്‍ നടത്തി ക്ഷീണിച്ചാകും വരുന്നത്. രണ്ട് മിനിറ്റ് സംസാരിച്ച് നിര്‍ത്താനായിരിക്കും ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സദസ്സിന്റെ അനുകൂലാവസ്ഥ ആ ക്ഷീണത്തിലും എന്നെ മണിക്കൂറുകള്‍ സംസാരിപ്പിക്കും. നേരെ തിരിച്ചുമുണ്ടാവാം. സദസ്സ് പ്രതികൂലമാകും. അപ്പോള്‍ സാധാരണ ഗതിയില്‍ പ്രഭാഷകന്‍ തന്റെ സംസാരം ചുരുക്കാന്‍ നിര്‍ബന്ധിതനാകും. പ്രഭാഷണത്തെ ഒരു സമരമായി കാണുന്നയാള്‍ ഈ പ്രതികൂലാവസ്ഥയോട് ഏറ്റുമുട്ടി കൂടുതല്‍ സമയം സംസാരിച്ചെന്നും വരും. അപ്പോള്‍ സദസ്സിന് പ്രഭാഷകനെ സഹായിക്കാനും നിരാശപ്പെടുത്താനും സാധിക്കും. 

നിര്‍ത്താതെ പറയുന്ന ആളുകളാണ് നല്ല പ്രഭാഷകര്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. അനര്‍ഗള പ്രവാഹം എന്നെല്ലാം അതിനെ വിശേഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ എല്ലായ്‌പ്പോഴും അതിന്റെ ആവശ്യമില്ല. ഒരാള്‍ സംസാരിക്കുന്നത് സര്‍ഗാത്മകമായാണെങ്കില്‍, ഒരു വാക്ക് പറഞ്ഞ് പത്ത് സെക്കന്റ് നിര്‍ത്തിയാല്‍ ആ നിശ്ശബ്ദത ഒരു കവിതയായി മാറും. അപ്പോള്‍ അടുത്ത വാക്കിന് ആളുകള്‍ കാത്തിരിക്കും. അപ്പോള്‍ ഇടക്ക് വാക്കുകള്‍ വിട്ടുപോയി അല്ലെങ്കില്‍ നിന്നുപോയി എന്നതൊന്നും പ്രഭാഷണത്തില്‍ പ്രശ്‌നമല്ല. പ്രഭാഷണത്തിന് അതിന്റേതായൊരു മൂല്യബോധവും സര്‍ഗാത്മതകയുമുണ്ടെങ്കില്‍ അനര്‍ഗള പ്രവാഹമൊന്നും ആവശ്യമില്ല. എന്നാല്‍ ഒരു പ്രഭാഷണം ഇടക്കിടക്ക് നിന്നുപോകുന്നത് അഭികാമ്യമല്ല. കഴിയുന്നതും ഒരു സൂക്ഷ്മത ഇക്കാര്യത്തില്‍ നല്ലതാണ്. 

പ്രഭാഷണത്തെ കുറിച്ച് ആലോചിക്കേണ്ടത് പ്രഭാഷണം തുടങ്ങുന്നതിനു മുമ്പാണ്. അത് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പ്രഭാഷണം മാത്രമാണുണ്ടാകേണ്ടത്. ആലോചനയും ചിന്തയുമല്ല. 

ഒരു സാംസ്‌കാരിക പ്രഭാഷകനെന്ന നിലയില്‍ ഏതോ തരത്തിലുള്ള ഒരു ഏകാന്തതയില്‍നിന്നുള്ള പുറത്തുകടക്കലായാകാം എന്റെ പ്രഭാഷണങ്ങള്‍ രൂപപ്പെട്ടുവന്നത്. പ്രഭാഷകരെ മാത്രമല്ല, എല്ലാവരെയും അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങളായിരിക്കുമല്ലോ കൂടുതല്‍ സ്വാധീനിക്കുക. കുട്ടിക്കാലത്തുണ്ടായ വിവിധ അനുഭവങ്ങളോട് അയാള്‍ നടത്തുന്ന ഇടപാടുകളിലൂടെയാണ്, ഇടപെടലുകളിലൂടെയുമാണ് അവരുടെ വ്യക്തിത്വം, ക്രിയാത്മകമായതും അല്ലാത്തതായും വളര്‍ന്നുവരുന്നത്. 'ചൈല്‍ഡ് ഈസ് ദി ഫാദര്‍ ഓഫ് മാന്‍' എന്ന് വേഡ്‌സ് വര്‍ത്ത്.

 

എന്റെ പ്രഭാഷണങ്ങള്‍

എന്റെ ആദ്യത്തെ പ്രഭാഷണം ഞാന്‍ ഓര്‍ക്കുന്നുണ്ട്. പെരുമണ്ണയിലെ 'ചെങ്കതിര്‍'കലവേദിയുടെ സെക്രട്ടറിയായിരുന്ന കാലത്ത്, അതിന്റെയൊരു സമ്മേളനം പെരുമണ്ണ അങ്ങാടിയില്‍ നടക്കുകയാണ്. സ്വാഭാവികമായും സെക്രട്ടറിയാണ് സ്വാഗതം പറയേണ്ടത്. അതൊരു അനിവാര്യതയാണ്. പി. വല്‍സലയാണ് കലാവേദി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നത്. അപ്പോള്‍ സെക്രട്ടറിയെന്ന നിലയില്‍ ഞാനൊരു പ്രസംഗം നടത്തി. അതില്‍നിന്ന് ആദ്യം ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. കാരണം, പ്രഭാഷണമെന്നാല്‍ സദസ്സിനെ അഭിമുഖീകരിക്കലാണ്. ധാരാളം കണ്ണുകളാണ് നമ്മെ നോക്കുന്നത്. നമ്മുടെ രണ്ട് കണ്ണുകളിലേക്ക് നൂറുകണക്കിന് കണ്ണുകള്‍ വരികയാണ്. എന്നാല്‍ അവസാനം ഞാന്‍ സ്വാഗത പ്രസംഗം നടത്താന്‍ നിര്‍ബന്ധിതനായി. ഈ പ്രസംഗത്തിനായാണ് ഞാന്‍ പി. വല്‍സലയുടെ കൃതികള്‍ ആദ്യമായി വായിക്കാന്‍ തുടങ്ങുന്നത്. അന്ന് പ്രഭാഷകനായി പരിപാടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ സിദ്ധാര്‍ഥന്‍ പരുത്തിക്കാടാണ്. അപ്പോള്‍ സിദ്ധാര്‍ഥന്‍ പരുത്തിക്കാടിന്റെ കഥകളും ഞാന്‍ വായിച്ചു. ഈ നോവലുകളും കഥകളുമെല്ലാം വായിച്ചിട്ടാണ് ഞാന്‍ മൈക്കിന് മുമ്പില്‍ വന്നത്. മൈക്കിന് മുമ്പിലെത്തിയപ്പോള്‍ ആദ്യമൊരു അപരിചിതത്വം തോന്നിയെങ്കിലും പിന്നീട് പലതിനെക്കുറിച്ചും സംസാരിച്ചു. സാമാന്യം തെറ്റില്ലാത്തൊരു പ്രസംഗമായിരുന്നു അത്. അത് സദസ്സിന് അത്ഭുതമുണ്ടാക്കിയൊരു കാര്യമായിരുന്നു. എനിക്ക് അങ്ങനെ പ്രസംഗിക്കാനും സാധിച്ചതിനു പിന്നില്‍ പല കാരണങ്ങളുണ്ടാവാം. അതിലൊരു കാരണം കുട്ടിക്കാലത്തെ എന്റെ ഏകാന്തതയാണ്. സ്വയംസംഭാഷണങ്ങള്‍കൊണ്ടാണ് ഞാന്‍ ആ ഏകാന്തതകളെ മറികടക്കാന്‍ ശ്രമിച്ചത്. ഞാന്‍ നടത്തിയ സ്വയം സംഭാഷണങ്ങളും മറ്റാരും കേള്‍ക്കാനില്ലാത്തപ്പോള്‍ ഞാന്‍ നടത്തിയ സംസാരങ്ങളും എന്റെ തയാറെടുപ്പുകളുടെ സഹായത്തോടെ പുറത്തുവന്നതാകും എന്റെ ആ ആദ്യ പ്രഭാഷണം. ആ സമയത്ത് ഞാന്‍ ദേവഗിരി കോളേജിലെ വിദ്യാര്‍ഥിയാണ്. ഈ പ്രഭാഷണം സദസ്സിനെ അഭിമുഖീകരിക്കാനുള്ള ഉള്‍ക്കരുത്ത് പകര്‍ന്നു. പക്ഷേ സഭാകമ്പം മുഴുവനായി മാറിയിരുന്നില്ല. 

സഭാകമ്പം മുഴുവനായും കുടഞ്ഞുകളയരുതെന്നാണ് എന്റെ അഭിപ്രായം. നമുക്കെപ്പോഴും ഒരു തരം സഭാകമ്പം വേണം. സര്‍ഗാത്മക സഭാകമ്പം! സഭാകമ്പം രണ്ടു തരമുണ്ട്. ഒന്ന്, സദസ്സിനെ കണ്ട് വിറച്ച് വാക്കുകളൊക്കെ ഇടറി പ്രസംഗം തന്നെ ഇല്ലാതാകുന്ന അവസ്ഥ. ഈ സഭാകമ്പത്തെ നാം അതിജീവിക്കണം. അതേസമയം ഒരു സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍, ഒരാളോട് സംസാരിക്കുമ്പോള്‍ നമുക്ക് നമ്മെ കുറിച്ചു തന്നെ ഒരു പുനരാലോചനയും അതിലൂടെ ഒരു സഭാകമ്പവും ഉണ്ടാവാം. അത് നല്ലതാണ്. തന്റെ പ്രസംഗം കൂടുതല്‍ മെച്ചപ്പെടുത്താനും മികച്ചതാക്കാനും അത് സഹായിക്കും. ജനങ്ങള്‍ കഴുതകളാണെന്ന് കരുതി എന്തും തട്ടിവിടാമെന്ന് ചില പ്രഭാഷകര്‍ കരുതുന്നുണ്ട്. അത് വളരെ ജനാധിപത്യവിരുദ്ധമായ ഒരു രീതിയാണ്. അതേ സമയം ഈ നില്‍ക്കുന്നവരെല്ലാം മഹാപണ്ഡിത•ാരാണ്, ഞാനെന്തു പറയുമെന്ന് വിചാരിച്ച് ചുരുങ്ങേണ്ട ആവശ്യവുമില്ല. ഈ ഇരിക്കുന്നവരില്‍ എന്നെപോലെ തന്നെ അറിവുള്ളവരുണ്ട്. എന്നേക്കാള്‍ അറിവുള്ളവരുണ്ട്. അത്രതന്നെ അറിയാത്തവരുണ്ട്. അറിവുകള്‍ തമ്മിലുള്ള ഒരു മത്സരമല്ല പ്രഭാഷണം. ഒരാളുടെ നിലപാട്, കാഴ്ചപ്പാട്, ആവിഷ്‌കാരം, അനുഭൂതി അതിന്റെ കൂടെ അറിവ് ഇതെല്ലാം ചേര്‍ന്നതാണ് പ്രഭാഷണം. അതുകൊണ്ട് പാണ്ഡിത്യത്തിന്റെ ഗോദയിലെ ഗുസ്തിപിടിത്തമാണിതെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. എല്ലാവര്‍ക്കും എല്ലാം അറിയില്ല, എല്ലാവര്‍ക്കും എന്തെങ്കിലും അറിയും. ഈയൊരു ജനാധിപത്യ കാഴ്ചപ്പാടാണ് നാം പുലര്‍ത്തേണ്ടത്. അതേസമയം സവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാ•ാരായ പണ്ഡിതരുണ്ടാകും. അവരെ നാം ആ അര്‍ഥത്തില്‍ തന്നെ ആദരിക്കണം. മറ്റുള്ളവരോടുള്ള ആദരവ്, ആത്മനിന്ദയായി മാറാനും പാടില്ല. മറ്റുള്ളവരെ ആദരിക്കാന്‍ നമുക്ക് സാധിക്കുന്നത് അവരെ ആദരിക്കത്തക്ക ഒരു മൂല്യം നമ്മിലുമുള്ളതിനാലാണ്. അപ്പോള്‍ അത് സ്വയം ആദരിക്കുന്നതിന് തുല്യമാണ്. 

പ്രസംഗകനെ സ്വാധീനിക്കുന്ന വേറെയും പശ്ചാത്തല സാഹചര്യങ്ങളുണ്ട്. സദസ്സില്‍ ചിലര്‍ പ്രസംഗം തുടങ്ങുമ്പോള്‍ തന്നെ വാച്ചില്‍ നോക്കും. മറ്റു ചിലര്‍ പരസ്പരം സംസാരിക്കും. സ്റ്റേജിലുള്ള സഹപ്രഭാഷകരില്‍ ചിലരും പരസ്പരം സംസാരിക്കുന്നുണ്ടാകും. ഇതെല്ലാം ഒരു പ്രസംഗകനെ പല രീതിയില്‍ ബാധിക്കും. അവരത് ചെയ്യാന്‍ പാടില്ല. അപ്പോള്‍ പ്രസംഗകന്‍ അവരെ അവഗണിച്ച്, തന്നെ ശ്രദ്ധിക്കുന്നവരെ ശ്രദ്ധിച്ച് പ്രഭാഷണം മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്യേണ്ടത്. ഇത് പ്രായോഗികമായി പ്രഭാഷകന് പിന്തുടരാവുന്ന രീതിയാണ്. എതിരിട്ടും മുന്നേറാവുന്നതാണ്. ഔചിത്യം എരിഞ്ഞടങ്ങാനുള്ള ചിതയല്ല.

 

അധ്യാപനവും പ്രഭാഷണവും

ക്ലാസ് റൂമുകള്‍ ഒരു പ്രഭാഷണ വേദിയല്ല. അത് കുട്ടികള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള സ്ഥലമാണ്. എന്നാല്‍ അധ്യാപകനില്‍ ഒരു പ്രഭാഷകനും അനിവാര്യമായും ഉണ്ടാകണം. മാത്രമല്ല, ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് സമൂഹത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഒരുക്കമായും വരാം. പക്ഷേ അധ്യാപകരെല്ലാം പ്രഭാഷകരല്ല. എന്നാല്‍ മറ്റു തൊഴിലുകളെ അപേക്ഷിച്ച് പ്രഭാഷണത്തെ പിന്തുണക്കുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം അധ്യാപകര്‍ക്ക് ക്ലാസ് റൂമുകളില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിലെ പ്രമുഖ പ്രഭാഷകരെല്ലാം അധ്യാപകരായിരുന്നവരോ, അധ്യാപനം തുടരുന്നവരോ ആണ്. അധ്യാപനം പ്രഭാഷണത്തെ സഹായിക്കുന്ന ഒരു പ്രവര്‍ത്തനമാണ്. അധ്യാപകനായ പ്രഭാഷകന് തന്റെ മുന്നിലുള്ള സദസ്സ് ഒന്നുമറിയാത്ത കുട്ടികളാണെന്ന മനോഭാവം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ക്ലാസ് റൂമിനെ പോലും വലിയൊരു സമൂഹമായി കണ്ട് അവരോട് സംവദിക്കുകയെന്നതാണ് ശരിയായ നിലപാട്. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍