Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

അക് പാര്‍ട്ടിയുടെ പതിനാറു വര്‍ഷം

ഡോ. സഈദ് അല്‍ഹാജ്

തുര്‍ക്കിയില്‍ ഭരണത്തിലിരിക്കുന്ന അക് പാര്‍ട്ടിക്ക് കഴിഞ്ഞ ആഗസ്റ്റ് 14-ന് പതിനാറ് വയസ്സ് പൂര്‍ത്തിയായി. സ്ഥാപിതമായതു മുതല്‍ ആധുനിക തുര്‍ക്കിയുടെ രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടി സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി രൂപവത്കരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്താനും അതിന് സാധിച്ചു. മുന്നണിയില്ലാതെ ഒറ്റക്ക് ഭൂരിപക്ഷം നേടി ഇന്നും അധികാരത്തില്‍ തുടരുന്നു. ഇക്കാലയളവില്‍ അക് പാര്‍ട്ടി തുര്‍ക്കി രാഷ്ട്രീയത്തില്‍ സാധ്യമാക്കിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. സാമ്പത്തിക രംഗത്തെ അത്ഭുതകരമായ വളര്‍ച്ച മുതല്‍ കഴിഞ്ഞ വേനല്‍ കാലത്ത് നടന്ന പട്ടാള അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തിയതടക്കമുള്ള സംഭവബഹുലമായ 16 വര്‍ഷം തീര്‍ച്ചയായും വിശകലനം അര്‍ഹിക്കുന്നു.

ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി എന്ന അക് പാര്‍ട്ടിയെ നിരൂപണവിധേയമാക്കിയവര്‍ നിരവധിയാണ്. ചിലര്‍ വസ്തുനിഷ്ഠമായാണെങ്കില്‍ മറ്റു ചിലര്‍ അതിശയോക്തിയോടെ. വേറെ ചിലര്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍. എന്നാല്‍ തുര്‍ക്കി റിപ്പബ്ലികിന്റെ ചരിത്രത്തില്‍ പാര്‍ട്ടി വേറിട്ട പാത വെട്ടിത്തുറന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അധികാരത്തിലേറി ഇത്രയേറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുര്‍ക്കി ജനതയിലെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസവും അംഗീകാരവും ഇന്നും പാര്‍ട്ടിക്കൊപ്പമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയവും പരാജയവും ഉയര്‍ച്ചയും താഴ്ചയുമൊക്കെ ഉണ്ടാകാറുണ്ട്. ഈ സ്വാഭാവിക പ്രതിഭാസം അക് പാര്‍ട്ടിയില്‍ കാണാന്‍ കഴിയുന്നില്ല. ഉര്‍ദുഗാന്റെ രാഷ്ട്രീയ ഗുരു അര്‍ബകാന്‍ സ്ഥാപിച്ച എല്ലാ പാര്‍ട്ടികളില്‍നിന്നും അക് പാര്‍ട്ടിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകവും പരാജയമറിയാത്ത ഈ വിജയത്തുടര്‍ച്ചയാണ്. അര്‍ബകാന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ ഒരു വിഭാഗം തന്നെയാണ് അക് പാര്‍ട്ടി സ്ഥാപിച്ചത്.

ഈ വിജയത്തിന്റെയും ഭരണത്തുടര്‍ച്ചയുടെയും കാരണങ്ങള്‍ പരിശോധിക്കുന്നത്, നീതിയുടെ രാഷ്ട്രീയത്തിന് ദിശ കാണിക്കാന്‍ ഉപകരിച്ചേക്കും. 

ഒന്ന്, പ്രതിയോഗികളെ നിര്‍വീര്യമാക്കല്‍. മുമ്പുള്ള പാര്‍ട്ടികള്‍ നിരോധനവും സൈനിക അട്ടിമറിയും നേരിടേണ്ടിവന്നിരുന്നു. അതിനുള്ള സാഹചര്യം ഇല്ലാതാക്കി പ്രതിയോഗികളെ നിര്‍വീര്യമാക്കുകയാണ് അക് പാര്‍ട്ടി ചെയ്തത്. ഒരു ആദര്‍ശ പ്രസ്ഥാനം എന്ന നിലക്കല്ല പാര്‍ട്ടി സ്വയം പരിചയപ്പെടുത്തിയത്, ഒരു സേവന സംഘമായി അത് കടന്നുവരികയായിരുന്നു. ആഭ്യന്തരമായി, സൈന്യമടക്കമുള്ള സെക്യുലര്‍ സ്ഥാപനങ്ങളുമായി ഏറ്റുമുട്ടലില്ലാതെ രഞ്ജിപ്പില്‍ കഴിയാന്‍ പാര്‍ട്ടിക്ക് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയടക്കമുള്ള വന്‍ ശക്തികളുമായും സമാന സമീപനം തന്നെയാണ് പാര്‍ട്ടി സ്വീകരിച്ചത്.

രണ്ട്, സിദ്ധാന്തങ്ങളിലല്ല, കര്‍മങ്ങളിലാണ് അവര്‍ വ്യാപൃതരായത്. രാഷ്ട്രീയ സ്തംഭനവും സാമ്പത്തിക പ്രതിസന്ധിയും മൂര്‍ഛിച്ച ഘട്ടത്തിലാണ് പാര്‍ട്ടി അധികാരത്തിലേറിയത്. എന്നിട്ടും ദൈനംദിന ജീവിതത്തില്‍ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാനും കാലതാമസമില്ലാതെ പരിഹാരങ്ങളിലെത്താനും അക് ഭരണത്തിന് സാധിച്ചു.

മൂന്ന്, നയ-നടപടികളിലെ അവധാനതയും ക്രമപ്രവൃദ്ധതയും. ഭരണത്തിലേറിയെങ്കിലും ഹിജാബ്, കുര്‍ദ് പ്രശ്‌നം, സൈന്യത്തിന്റെ അധികാരം തുടങ്ങിയ ഫയലുകള്‍ തുറക്കാന്‍ പാര്‍ട്ടി ധൃതി കാണിച്ചില്ല. സാമ്പത്തിക പ്രതിസന്ധികള്‍ മറികടന്ന് വികസനം സാധ്യമാക്കാനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത്. പൊതുജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ ഈ സമീപനം വലിയ പങ്കുവഹിച്ചു. അതുവഴി പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ചു. ഈ  ജനപ്രിയമുഖം പാര്‍ട്ടിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയും നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ തുണക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന പട്ടാള അട്ടിമറിശ്രമം പൊതുജനം തെരുവില്‍ ചെറുത്തുതോല്‍പിച്ചത് ഉദാഹരണം. പൗരന്മാര്‍ അനുഭവിക്കുന്ന നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ തുറന്ന ശേഷം മാത്രമാണ് ഹിജാബ്, കുര്‍ദ്, സൈന്യത്തിന്റെ അധികാര പരിധി തുടങ്ങിയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നിലപാടെടുത്തത്.

നാല്, ആഴത്തിലുള്ള പൊതുജന സമ്പര്‍ക്കം. ജനങ്ങളില്‍നിന്ന് അകലം പാലിച്ച മുന്‍ ജനപ്രതിനിധികളില്‍നിന്നും അധികാരികളില്‍നിന്നും വ്യത്യസ്തമായി താഴേ തട്ടിലേക്കിറങ്ങിവന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പുതിയ നേതൃത്വങ്ങളെ പാര്‍ട്ടി തുര്‍ക്കി ജനതക്ക് സമ്മാനിച്ചു. ഇത് ജനകീയാടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തി. ഉര്‍ദുഗാന്‍ എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും അതിന് മുതല്‍ക്കൂട്ടായി. 

അഞ്ച്, ടീം സ്പിരിറ്റ്, യോഗ്യതയുള്ളവര്‍ അനുയോജ്യമായ ഇടങ്ങളില്‍. ശൂന്യതയില്‍നിന്ന് പൊട്ടിമുളച്ചതല്ല അക് പാര്‍ട്ടി. അര്‍ബകാന്‍ രൂപം നല്‍കിയ പാര്‍ട്ടിയുടെ രാഷ്ട്രീയാനുഭവങ്ങള്‍ കൈമുതലാക്കി വളര്‍ന്നുവന്നതാണ് പാര്‍ട്ടി നേതൃത്വത്തിലെ ഒന്നാം നിര. പാര്‍ലമെന്റിലും മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ളവരാണവര്‍. ഉര്‍ദുഗാന്‍ എന്ന നേതാവിനെ രൂപപ്പെടുത്തിയതും നീണ്ട കാലത്തെ രാഷ്ട്രീയാനുഭവങ്ങളാണ്. ഉര്‍ദുഗാന്‍ മാത്രമല്ല, യോഗ്യരായ നേതാക്കളുടെ ഒരു നിരതന്നെ ഉയര്‍ന്നുവന്നു. അബ്ദുല്ല ഗുല്‍, ബുലന്ദ് അറന്‍തീശ്, ഹാഖാന്‍ ഫിദാന്‍, അഹ്മദ് ദാവൂദ് ഒഗ്‌ലു, അലി ബാജാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

 

പ്രധാന നേട്ടങ്ങള്‍

കടംകേറി മുടിഞ്ഞ, അഴിമതി കൊടികുത്തി വാണിരുന്ന മൂന്നാം ലോക ദരിദ്ര രാജ്യങ്ങളിലൊന്നായ തുര്‍ക്കിയെ 15 വര്‍ഷം കൊണ്ട് മേഖലയിലെ കരുത്തുറ്റ രാഷ്ട്രമാക്കി ഉയര്‍ത്താന്‍ അക് പാര്‍ട്ടിക്ക് കഴിഞ്ഞു. ഈ ചുരുങ്ങിയ കാലയളവില്‍ പാര്‍ട്ടി കൈവരിച്ച നിരവധി നേട്ടങ്ങളില്‍ ചിലത് മാത്രം പറയാം.

* സാമ്പത്തിക സുസ്ഥിതി. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ വ്യക്തിമുദ്ര പതിപ്പിച്ച മേഖലയാണിത്. പാര്‍ട്ടി കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചതും സാമ്പത്തിക രംഗത്തായിരുന്നു. വികസനത്തിന്റെ ഗ്രാഫ് കണക്കുകള്‍ പറഞ്ഞുതരും. ദേശീയ വരുമാനവും ആളോഹരി വരുമാനവും വലിയ തോതില്‍ വര്‍ധിച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ കടക്കെണിയില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിച്ചു. 'തുര്‍ക്കി 2023' വിഷന്റെ മുഖ്യ ഊന്നലും സാമ്പത്തിക സുസ്ഥിതിയിലാണ്. തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിതമായി നൂറ് വര്‍ഷം തികയുന്ന വേളയില്‍ (2023) ലോകത്തിലെ ഏറ്റവും വലിയ പത്ത് സാമ്പത്തിക ശക്തികളിലൊന്നാക്കി തുര്‍ക്കിയെ വളര്‍ത്തുകയാണ് 'തുര്‍ക്കി വിഷന്‍ 2023' ലക്ഷ്യമിടുന്നത്.

* സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ തലങ്ങളിലും നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. പുതിയൊരു ഭരണഘടന നിര്‍മിക്കാന്‍ സാധ്യമല്ലെന്നിരിക്കെ, പല വിധത്തില്‍ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിച്ചു. ഇക്കാലയളവില്‍ പത്ത് ഭേദഗതികളാണ് കൊണ്ടുവന്നത്. 1982- മുതലുള്ള എല്ലാ ഭരണകൂടങ്ങളും കൂടി ഒമ്പത് ഭരണഘടനാ ഭേദഗതികളേ കൊണ്ടുവന്നിട്ടുള്ളൂ എന്ന് ഓര്‍ക്കണം. അതില്‍ പ്രധാനം കുര്‍ദ് പ്രശ്‌നമായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കുര്‍ദുകള്‍ അനീതിക്കിരയാവുന്നുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടത്. കുര്‍ദുകളുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന ജനാധിപത്യപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. കുര്‍ദ് ഭാഷയില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് അതിന്റെ ഭാഗമായാണ്. കുര്‍ദ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അനുനയ ശ്രമങ്ങള്‍ക്ക് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) 2015-ല്‍ തുരങ്കം വെക്കുകയുണ്ടായെങ്കിലും, പരിഹാര ഫോര്‍മുല ഉരുത്തിരിച്ചെടുക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ഭരണകൂടം.

ഭരണഘടനാ ഭേദഗതിയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു രാജ്യത്തെ രാഷ്ട്രീയ ഘടന പാര്‍ലമെന്റ് സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ജനഹിത പരിശോധനയിലൂടെയാണ് ഈ മാറ്റം സാധ്യമായത്. രാഷ്ട്രീയ ഘടന കൂടുതല്‍ ശക്തവും സുസ്ഥിരവുമാകാനും തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും വേഗത കൈവരാനുമാണ് ഈ സുപ്രധാന ചുവടുവെപ്പെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

* സിവില്‍ -മിലിറ്ററി ബന്ധങ്ങളില്‍ വരുത്തിയ പരിഷ്‌കരണം നിര്‍ണായകമായിരുന്നു. പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനു മുമ്പ് രാഷ്ട്രീയ ജീവിതത്തില്‍ സൈന്യം പിടിമുറുക്കിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാക്കി സൈനിക സ്ഥാപനത്തെ മാറ്റാനും അതിന്റെ അധികാര പരിധി വെട്ടിച്ചുരുക്കാനുമായിരുന്നു ഈ പരിഷ്‌കരണം. ഭരണഘടനയിലെ ഖണ്ഡിക 35 ഭേദഗതി ചെയ്ത്, സൈനിക സ്ഥാപനത്തിന്റെ ഉത്തരവാദിത്തം വൈദേശിക ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതില്‍ പരിമിതമാക്കി. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഘടനയും പൊളിച്ചെഴുതി. സൈനികര്‍ക്ക് പകരം സിവിലിയന്മാര്‍ ഭൂരിപക്ഷമുള്ള ഏജന്‍സിയാക്കി അതിനെ ഉടച്ചുവാര്‍ത്തു. ഉന്നത സൈനിക കൂടിയാലോചനാ സമിതിയുടെ ഘടനയിലും മാറ്റങ്ങളുണ്ടായി. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തുന്നതില്‍ ഈ നടപടികള്‍ വഹിച്ച പങ്ക് ചെറുതല്ല.

* തുര്‍ക്കിയുടെ അന്താരാഷ്ട്ര ഇടപെടലുകളും വിദേശ നയ സമീപനങ്ങളും ശ്രദ്ധേയമായിരുന്നു. മേഖലയിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രമാണ് ഇന്ന് തുര്‍ക്കി. രാജ്യാതിര്‍ത്തിക്ക് പുറത്തുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ നയതന്ത്രത്തിന്റെ മൃദുശക്തി (Soft Power) പ്രയോഗത്തില്‍ ഒതുക്കാതെ സമാന്തരമായി സൈനിക ശക്തി കൂടി പ്രയോഗിക്കാന്‍ തുടങ്ങിയതിന്റെ സൂചനകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഖത്തറിലും ഇറാഖിലും സോമാലിയയിലുമുള്ള തുര്‍ക്കിയുടെ സൈനിക കേന്ദ്രങ്ങള്‍ അതിന് ഉദാഹരണമാണ്. പതിവിനു വിപരീതമായി രാജ്യാതിര്‍ത്തിക്കപ്പുറത്ത് സൈനിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ആയുധ നിര്‍മാണത്തിലും വലിയ ശ്രദ്ധ നല്‍കുന്നുണ്ട്.

 

ഭാവി വെല്ലുവിളികള്‍

പാര്‍ട്ടിയുടെ മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. 

ഒന്ന്, ഉര്‍ദുഗാനു ശേഷം ആര് എന്ന ചോദ്യം പ്രസക്തമാണ്. 2019-ല്‍ രാജ്യം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാര്‍ട്ടിയുടെ പ്രയാണത്തിന് ശക്തവും വിജയകരവുമായ തുടര്‍ച്ചയുണ്ടാകാനും പ്രസ്തുത ലക്ഷ്യത്തില്‍ പാര്‍ട്ടിയെ ഏകീകരിച്ചു നിര്‍ത്താനും കരുത്തറ്റ നേതൃത്വം ആവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളെയും ആദര്‍ശ പ്രസ്ഥാനങ്ങളെയും സംബന്ധിച്ചേടത്തോളം അവയുടെ പ്രയാണത്തിന് ചുക്കാന്‍ പിടിച്ച ആദ്യകാല നേതൃത്വം പിന്‍വാങ്ങുമ്പോള്‍ ഇനിയാര് എന്ന ഗൗരവപ്പെട്ട ചോദ്യം ഉയര്‍ന്നുവരും. അക് പാര്‍ട്ടിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. പ്രസ്തുത വെല്ലുവിളിയെ അതിജീവിക്കാന്‍ വേണ്ട ആസൂത്രണങ്ങള്‍ ഇപ്പോഴേ രൂപപ്പെടുത്തേണ്ടതുണ്ട്.

രണ്ട്, കുര്‍ദ് പ്രശ്‌നമാണ് മറ്റൊന്ന്. പ്രശ്‌നപരിഹാരത്തിന് വലിയ കടമ്പകള്‍ സര്‍ക്കാര്‍ താണ്ടിക്കടന്നിട്ടുണ്ട്. എന്നാല്‍ ഉര്‍ദുഗാന്‍ പറഞ്ഞതുപോലെ, 2015 മുതല്‍ ആ പരിഹാര ശ്രമങ്ങളെല്ലാം ഫ്രീസറിലാണ്. അഥവാ സ്തംഭനാവസ്ഥയിലാണ്. തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം കുര്‍ദ് പ്രശ്‌നം പരിഹരിക്കല്‍ ഒരു രാഷ്ട്രീയ അനിവാര്യതയുമാണ്. എങ്കിലേ ആഭ്യന്തര ഭദ്രത നിലനിര്‍ത്താനും സാമൂഹിക ജീവിതത്തില്‍ സമാധാനം ഉറപ്പുവരുത്താനും സാധ്യമാവൂ.

മൂന്ന്, അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, നാറ്റോ സഖ്യം (ഇവ പരമ്പരാഗത സഖ്യ കക്ഷികളാണ്) എന്നിവയുമായുള്ള ബന്ധങ്ങള്‍ അടുത്ത കാലത്തായി സംഘര്‍ഷഭരിതമാണ്. അതില്‍ വിള്ളല്‍ വീണിരിക്കുന്നു. എന്നാല്‍, ശക്തമായ മറ്റു സഖ്യങ്ങള്‍ രൂപപ്പെടുത്താന്‍ തുര്‍ക്കിക്ക് സാധ്യമായിട്ടുമില്ല. ഇത് വലിയ സമ്മര്‍ദങ്ങളുണ്ടാക്കുന്നുണ്ട്. വിവിധ പ്രശ്‌നങ്ങളില്‍ നിലപാടെടുക്കുന്നതിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. മാറിയ ആഗോള സാഹചര്യത്തില്‍ വിദേശനയങ്ങളില്‍ പുതിയൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വ്യക്തത വരുത്തുകയും വേണം.

നാല്, പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയുടെയും 'ഡീപ് സ്റ്റേറ്റ്' എന്ന സമാന്തര ഭരണകൂടത്തിന്റെയും പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു ലക്ഷത്തിലധികം പേരെയാണ് സര്‍ക്കാര്‍ തസ്തികകളില്‍നിന്ന് ഒഴിവാക്കിയത്. അട്ടിമറി ശ്രമത്തില്‍ പങ്കാളികളായി എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആരോപണ വിധേയരായ അനേകം ആളുകളെ വേറെയും പുറത്താക്കിയിട്ടുണ്ട്. അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് നടപടി എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഇത് വലിയ വെല്ലുവിളിയാണ്. എത്രയും വേഗം അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രതിസന്ധി അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്.

പ്രതിസന്ധികളും വെല്ലുവിളികളും നിരവധിയാണെങ്കിലും അക് പാര്‍ട്ടി ശുഭപ്രതീക്ഷയോടെയാണ് പ്രയാണം തുടരുന്നത്. കഴിഞ്ഞ പതിനാറ് വര്‍ഷം പാര്‍ട്ടിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

വിവ: സി.എസ് ഷാഹിന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍