ജര്‍മനിയില്‍ നവനാസികളുടെ മുന്നേറ്റം
അംഗലാ മെര്‍ക്കല്‍ നാലാം തവണയും ചാന്‍സലറായി ജര്‍മനിയെ നയിക്കുമെങ്കിലും അവരുടെ കക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റിരിക്കുന്നത്. ജര്‍മനിയിലെ അമ്പത് മില്യന്‍ വോട്ടര്‍മാര്‍ എല്ലാ പരമ്പരാഗത പാര്‍ട്ടികളെയും കണക്കിന് ശിക്ഷിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്താല്‍ ബോധ്യമാവുക. 2013-നെ അപേക്ഷിച്ച്, ഭരണകക്ഷിക്ക് മാത്രം ഒമ്പത് ശതമാനം വോട്ട് കുറഞ്ഞിട്ടുണ്ട്. ഏകദേശം നാലിലൊന്ന് വോട്ടര്‍മാര്‍ അവരെ കൈവിട്ടു എന്നര്‍ഥം. ഭരണകക്ഷിക്കേറ്റ തിരിച്ചടി മുഖ്യപ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുതലാക്കാനായില്ല എന്നു മാത്രമല്ല, അവരുടെയും വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. ഭരണ കക്ഷിയുടെയും മുഖ്യപ്രതിപക്ഷത്തിന്റെയും ഈ വോട്ടുകള്‍ ചോര്‍ന്നുപോയതാകട്ടെ, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി എന്ന നവനാസി പാര്‍ട്ടിയിലേക്കും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പോള്‍ചെയ്ത വോട്ടിന്റെ അഞ്ച് ശതമാനം നേടാനാവാത്തതിനാല്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം കിട്ടാതെ പോയ ഈ പാര്‍ട്ടിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 13.1 ശതമാനം വോട്ടാണ്. ജര്‍മന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായി അവര്‍ മാറിയിരിക്കുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ നവനാസികള്‍ പാര്‍ലമെന്റില്‍ കയറിപ്പറ്റുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും ഇത്ര വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നവനാസികള്‍ തല്‍ക്കാലം പ്രതിപക്ഷത്തിരിക്കുമെങ്കിലും ഭരണകക്ഷിയുടെ നയങ്ങളെ അവര്‍ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. 32.9 ശതമാനം വോട്ട് നേടിയ ഭരണ കക്ഷിക്ക് കേവല ഭൂരിപക്ഷം നേടാനാവാത്തതിനാല്‍ ഇടത് പാര്‍ട്ടിയെയും സമ്പന്നരുടെ കക്ഷിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന ഗ്രീന്‍ പാര്‍ട്ടിയെയുമൊക്കെ കൂട്ടുപിടിച്ചേ മന്ത്രിസഭയുണ്ടാക്കാനാവൂ. ഭിന്നവിരുദ്ധ നിലപാടുകളുള്ള ഈ പാര്‍ട്ടികളുടെ ഒത്തുചേരല്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും മെര്‍ക്കലിന്. നവനാസികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയും.
യൂറോ കറന്‍സിയെയും ഗ്രീസ് പോലുള്ള പാപ്പരായ രാജ്യങ്ങളെ രക്ഷപ്പെടുത്തുന്നതിന് ജര്‍മനി നികുതിപ്പണം ഉപയോഗിക്കുന്നതിനെയും എതിര്‍ത്ത് 2013-ല്‍ രംഗത്തു വന്ന ഈ നവനാസി പാര്‍ട്ടി വളരെ പെട്ടെന്ന് ഒരു മുസ്‌ലിം വിരുദ്ധ, കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായി നിറം മാറുകയായിരുന്നു. ഇസ്‌ലാംഭീതി ജനിപ്പിച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ സ്വാധീനിച്ചത്. സിറിയന്‍ അഭയാര്‍ഥികളോട് മെര്‍ക്കല്‍ ഉദാര നയം സ്വീകരിച്ചതും അവര്‍ നന്നായി മുതലെടുത്തു. ഫ്രാന്‍സിലും നെതര്‍ലന്റ്‌സിലും തിരിച്ചടി നേരിട്ട നവനാസികള്‍ക്ക് ജര്‍മനിയിലെ മുന്നേറ്റം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. യൂറോപ്പില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെയും ജര്‍മനിയുടെ കുടിയേറ്റ നയങ്ങളെയും അത് സ്വാധീനിക്കുമെന്നുതന്നെയാണ് കരുതേണ്ടത്.
Comments