ദീര്‍ഘ വീക്ഷണത്തിന്റെ അഭാവം
ഹ്രസ്വദൃഷ്ടിയും ദീര്‍ഘവീക്ഷണമില്ലായ്മയും ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വിപത്താണ്. താന്‍ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും അതിരുകള്‍ കടക്കാത്ത കണ്ണുകള്‍ തന്റെ കാല്‍ചുവട്ടിലുള്ള മണ്ണിനപ്പുറമുള്ള ഒരു ലോകം കാണാന്‍ കൂട്ടാക്കുകയില്ല. വരുംവരായ്കളെ കുറിച്ചോ ഭവിഷ്യത്തുകളെക്കുറിച്ചോ ആലോചനകളില്ലാതെ നടത്തുന്ന എടുത്തുചാട്ടങ്ങള്‍ വീക്ഷണവൈകല്യത്തിന്റെ ഫലമാണ്. ചരിത്രത്തിലൂടെ സഞ്ചരിക്കണം, പാഠമുള്‍ക്കൊള്ളണം. അങ്ങനെയാണ് ഉള്‍ക്കാഴ്ച ലഭിക്കുന്നത്. അല്ലാഹു ചോദിക്കുന്നു: ''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാന്‍ ഉതകുന്ന കാതുകളോ അവര്‍ക്ക് ഉണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പ്രത്യുത നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്'' (അല്‍ഹജ്ജ് 46).
പിറന്നു വീഴുന്ന ചുറ്റുപാടിന്റെ ഫലമായി ഹ്രസ്വദൃഷ്ടി ഉണ്ടാവാം. ഇടപഴകുന്ന കൂട്ടുകാരും ജീവിക്കുന്ന സമൂഹവും ഇതിന് നിമിത്തമായി ഭവിക്കാം. അന്തര്‍മുഖനായി ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കുന്ന വ്യക്തി തന്നിലേക്ക് ചുരുണ്ടുകൂടുകയും സാമൂഹികബോധം നഷ്ടപ്പെട്ട് ഒറ്റയാനായിത്തീരുകയും ചെയ്യും. സമൂഹവുമായുള്ള ഇടപെടലില്‍നിന്ന് ഉത്ഭൂതമാവേണ്ട അനുഭവ പരിജ്ഞാനത്തിന്റെ അഭാവത്തില്‍ ആദ്യമായി നഷ്ടപ്പെടുന്നത് വീക്ഷണവിശാലതയും ദീര്‍ഘദൃഷ്ടിയുമാണ്.
തന്റെ ജീവിത ദൗത്യത്തെക്കുറിച്ച മനുഷ്യന്റെ അറിവില്ലായ്മ ദീര്‍ഘ വീക്ഷണക്കുറവിന് കാരണമാവുന്നുണ്ട്. താന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫയാണെന്നും ദാസനാണെന്നും മനസ്സിലാക്കുന്ന മനുഷ്യന്‍ പഠനത്തിനും പരിചിന്തനത്തിനും തയാറാവും. രാപ്പകല്‍ഭേദമില്ലാതെ നിരന്തര കര്‍മത്തില്‍ ഏര്‍പ്പെടും. ജീവിത ദൗത്യത്തെക്കുറിച്ച ബോധമില്ലായ്മയാണ് പലപ്പോഴും ഹ്രസ്വദൃഷ്ടിക്ക് ഹേതുവാകുന്നത്.
ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച ധാരണയില്ലായ്മയും സങ്കുചിത വീക്ഷണത്തിന് നിമിത്തമാവാം. ദീര്‍ഘദൃഷ്ടിയും വിശാല മനസ്‌കതയും തേടുന്നതാണ് ഇസ്‌ലാമിക പ്രബോധനം. ''നബിയേ പറയുക. ഇതാണ് എന്റെ സരണി. ഞാനും എന്നെ പിന്‍പറ്റിയവരും വ്യക്തമായ ഉള്‍ക്കാഴ്ചയോടെയാണ് അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്'' (യൂസുഫ് 108). ''യുക്തിദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക'' (അന്നഹ്ല്‍ 125).
നാനാ മേഖലകളില്‍ സര്‍വായുധസജ്ജരായ പ്രതിയോഗികളുടെ കഴിവിനെക്കുറിച്ച അജ്ഞതയും വീക്ഷണവിശാലതയെ പ്രതികൂലമായി ബാധിക്കും. മറ്റുള്ളവരുടെ വിവരവും വൈദഗ്ധ്യവും അംഗീകരിച്ചുകൊടുക്കാനും അറിവുള്ളവരില്‍നിന്ന് വിജ്ഞാനമാര്‍ജിക്കാനും സഹായിക്കുന്ന വിനയം നഷ്ടപ്പെട്ടവരും, ആത്മരതിയിലും അഹന്തയിലും അഭിരമിക്കുന്നവരും തങ്ങളുടെ ലോകത്തിനപ്പുറം വസ്തുതകളെ കാണുന്നവരല്ല. തന്റെ വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടങ്ങള്‍ ഉണ്ടാക്കുന്ന ദുഷ്പരിണതികളെക്കുറിച്ച ബോധശൂന്യതയില്‍ കഴിയുന്നവരും ഹ്രസ്വദൃഷ്ടിയുടെ തടവുകാരായിരിക്കും. വിശാലവീക്ഷണവും ദീര്‍ഘദൃഷ്ടിയും ഇല്ലാത്തവര്‍ക്ക് ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കഴിയില്ല. അല്ലാഹുവുമായുള്ള ബന്ധം ക്ഷയിക്കുന്നതും ഹ്രസ്വ ദൃഷ്ടിക്ക് ഹേതുവാകും. ബന്ധം ദുര്‍ബലമാകുന്നത് ചെറുതും വലുതുമായ തെറ്റുകളിലേക്ക് വഴിവെക്കും. ആരാധനാ കര്‍മങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള ശ്രദ്ധയും നിഷ്ഠയും ഇല്ലാതാക്കും. വീക്ഷണവിശാലത പ്രദാനം ചെയ്യുന്ന ഉള്‍ക്കാഴ്ചയും കാര്യഗ്രഹണ ശേഷിയും അല്ലാഹു ശിക്ഷാ നടപടിയെന്നോണം എടുത്തുമാറ്റുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ''വിശ്വസിച്ചവരേ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ (സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള) വിവേചനശേഷി അവന്‍ നിങ്ങള്‍ക്ക് കൈവരുത്തും'' (അല്‍അന്‍ഫാല്‍ 29).
പ്രത്യാഘാതം ഗുരുതരം
ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ പലതുണ്ട്. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പ്രസ്ഥാനം രൂപപ്പെടുത്തിയ നയനിലപാടുകളെ പഴഞ്ചനും പിന്തിരിപ്പനും എന്ന് മുദ്രകുത്തുകയും തന്റെ നിലപാടാണ് ശരിയെന്ന ശാഠ്യത്തില്‍ നിലകൊള്ളുകയും ചെയ്യും ഇക്കൂട്ടര്‍. പ്രസ്ഥാനത്തിന്റെ രാജപാതയില്‍നിന്നകന്ന് വേറിട്ട പ്രവര്‍ത്തനങ്ങളില്‍ സമയവും അധ്വാനവും ചെലവിടും. സുന്നത്തുകളില്‍ ആരെങ്കിലും വീഴ്ചവരുത്തുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് ഇമപൂട്ടാതെ നിരീക്ഷിച്ചുകൊണ്ടിരിക്കും. നിര്‍ബന്ധ കര്‍മങ്ങളും ബാധ്യതകളും ഉപേക്ഷിക്കപ്പെടുന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേ ആവുകയുമില്ല. ഞെരിയാണിക്കു താഴെ വസ്ത്രം താഴല്‍, നമസ്‌കാരത്തില്‍ മിസ്‌വാക്ക് ഉപേക്ഷിക്കല്‍, വലതു കൈയില്‍ വാച്ചുകെട്ടാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളെ ചൊല്ലി മനുഷ്യരുടെ സൈ്വരം കെടുത്തുന്ന ഇവര്‍ക്ക് അല്ലാഹുവിന്റെ ഭൂമിയില്‍ ദൈവിക നിയമവും നീതിയും പുലരാത്തതോ, ദീനില്‍നിന്ന് ജനങ്ങള്‍ തടയപ്പെടുന്നതോ, മുസ്‌ലിം സമൂഹം കിരാതമായ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നതോ ചെറുവിരല്‍ അനക്കാന്‍ പോലും അര്‍ഹമായ കാര്യമായി തോന്നുകയില്ല. മൂല്യങ്ങളുടെ കുഴമറിച്ചിലാണ് സംഭവിച്ചിരിക്കുന്നത്. മുന്‍ഗണനാക്രമങ്ങളിലെ അട്ടിമറി ഇതല്ലാതെ മറ്റെന്താണ്? പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്താനും മോഹഭംഗം ഉളവാക്കാനും മാത്രമേ ദീര്‍ഘവീക്ഷണില്ലാത്ത എടുത്തുചാട്ടങ്ങള്‍ ഉപകരിക്കൂ. ഇസ്‌ലാമിനെ ജനമധ്യത്തില്‍ വികൃതമാക്കും ഇത്തരം സമീപനങ്ങള്‍. അനുകൂലികളെയും അഭ്യുദയകാംക്ഷികളെയും നഷ്ടപ്പെടുത്തും, പുതിയ ശത്രുക്കളെ സൃഷ്ടിക്കും.
ചെറുപ്പം മുതലേ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് അനുഭവസമ്പത്തുണ്ടാക്കും, കഴിവുകള്‍ വളര്‍ത്തും, വീക്ഷണ ചക്രവാളം വികസിപ്പിക്കും. പ്രവാചകന്മാര്‍ ആ രീതിയിലാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം യഥാവിധി നിറവേറ്റാന്‍ പരിശീലനം ആവശ്യമായിരുന്നു. ശിക്ഷണ രീതിയിലെ ഈ സവിശേഷ ഭാവം നബി(സ) വിശദീകരിച്ചതിങ്ങനെ: ''ആടിനെ മേച്ചിട്ടില്ലാത്ത ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല.'' സ്വഹാബിമാര്‍: ''അങ്ങും അങ്ങനെയാണോ റസൂലേ?'' റസൂല്‍: ''അതേ, ഞാനും. മക്കക്കാര്‍ക്കു വേണ്ടി നാണയത്തുട്ടുകള്‍ക്ക് ഞാനും ആടുകളെ മേച്ചിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം). ദീര്‍ഘവീക്ഷണമില്ലാത്തവരുമായുള്ള ചങ്ങാത്തം ഒഴിവാക്കി അനുഭവസമ്പത്തും വിശാല വീക്ഷണവുമുള്ളവരുമായി കൂട്ടുകൂടണം. മനുഷ്യ ജീവിത ദൗത്യത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഇസ്‌ലാമിന്റെ പൊരുള്‍, ഭൂമിയില്‍ ദീനിന് ആധിപത്യവും അധീശത്വവും ഉണ്ടാവുന്ന വഴികളും രീതികളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച തികഞ്ഞ അവബോധം വീക്ഷണ വിശാലതക്കാവശ്യമാണ്.
നബി(സ)യുടെ ചരിത്രത്തോടൊപ്പമുള്ള അനുയാത്ര പ്രവര്‍ത്തകന് അനിവാര്യമാണ്. ദീര്‍ഘ വീക്ഷണത്തിന്റെയും വിശാല മനസ്‌കതയുടെയും നിരവധി ഉദാഹരണങ്ങള്‍ ആ ചരിത്രത്തില്‍ ദര്‍ശിക്കാം. കഅ്ബയിലെ വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ ഹിജ്‌റ എട്ടാം ആണ്ടില്‍ മക്കാ വിജയവേളയില്‍ മാത്രമാണ് നബി തയാറായത്. മനസ്സിലുള്ള വിഗ്രഹങ്ങളാണ് ആദ്യം നീക്കേണ്ടതെന്ന് നബി(സ) ഉറച്ചു വിശ്വസിച്ചു. ഉള്ളിലുള്ള വിഗ്രഹങ്ങള്‍ തകരാതിരുന്നാല്‍ പുതിയ സ്വര്‍ണ നിര്‍മിത വിഗ്രഹങ്ങളാവും തല്‍സ്ഥാനത്ത് ഇടം പിടിക്കുക എന്ന് ദീര്‍ഘ വീക്ഷണമുള്ള പ്രവാചകന് ബോധ്യമുണ്ടായിരുന്നു. ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭത്തില്‍ എതിരാളികള്‍ നിര്‍ദേശിച്ച പല നിബന്ധനകളും, ഉമറിനെപ്പോലുള്ള സ്വഹാബിമാര്‍ക്ക് അരോചകമായി തോന്നിയിട്ടു പോലും നബി(സ) കരാറുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രത്യക്ഷത്തില്‍ മുസ്‌ലിം സമൂഹത്തിന് അഹിതകരമായ നിബന്ധനകള്‍ ഭാവിയില്‍ ഇസ്‌ലാമിന് ഗുണം ചെയ്യുമെന്ന് പ്രവാചകത്വത്തിന്റെ അകക്കണ്ണ് കൊണ്ട് നബി(സ) കണ്ടു. അനുയായികളുടെ എണ്ണം വിസ്മയാവഹമായ വിധത്തില്‍ വര്‍ധിച്ച കാഴ്ചക്ക് സ്വഹാബിമാര്‍ സാക്ഷികളായി. ഹിജ്‌റ അഞ്ചാം വര്‍ഷമുണ്ടായ ഖന്ദഖ് യുദ്ധത്തില്‍ മുസ്‌ലിം സൈനികര്‍ മൂവായിരം ആയിരുന്നു. മക്കാ വിജയവേളയില്‍ സംഖ്യ പതിനായിരമായി. ഹുദൈബിയാ സന്ധിയെത്തുടര്‍ന്ന് ഇരു വിഭാഗത്തിനുമിടയില്‍ ഉണ്ടായ ആദാനപ്രദാനങ്ങളും കൊള്ളക്കൊടുക്കകളും പരസ്പരം മനസ്സിലാക്കാനുള്ള സന്ദര്‍ഭമാണൊരുക്കിയത്. മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവ സവിശേഷതകളും ഉദാത്ത സംസ്‌കാരവും തൊട്ടറിയാനും അനുഭവിച്ച് ബോധ്യപ്പെടാനും മറുപക്ഷത്തിന് സാധിച്ചു. പത്തു വര്‍ഷത്തേക്കുള്ള യുദ്ധമില്ലാ സമാധാന കരാര്‍ പ്രബോധന പ്രവര്‍ത്തനത്തിനനുയോജ്യമായ മണ്ണൊരുക്കി.
കണ്‍മുന്നില്‍ കാണുന്ന ക്ഷണികമായ നേട്ടങ്ങളേക്കാള്‍ നബി(സ) ഊന്നിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്‌ലാമിനും സമൂഹത്തിനും കൈവരുന്ന മഹത്തായ നേട്ടങ്ങളിലാണ്. ഹ്രസ്വദൃക്കുകള്‍ക്ക് ഈ സമീപനം ഭീരുത്വമായേ കാണാനൊക്കൂ. വീണ്ടുവിചാരമില്ലാത്ത, വിവേകശൂന്യമായ എടുത്തുചാട്ടങ്ങളുടെ ദുഃഖപര്യവസായിയായ ദുരന്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുസ്‌ലിം ലോകം. ദീര്‍ഘ വീക്ഷണത്തോടെ, കുറ്റമറ്റ കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തുന്ന നയങ്ങളും നിലപാടുകളും പരാജയമടയില്ല.
ആശയസംഗ്രഹം: പി.കെ.ജെ
Comments