ചരിത്രശേഷിപ്പുകളുമായി മിസ്രയീം ദേശം
മിസ്രയീം എന്ന് ഹിബ്രുവിലും മിസ്വ്ര്‍ എന്ന് അറബിയിലും അറിയപ്പെടുന്ന ഈജിപ്തിലേക്ക് കടക്കാനായി താബാ ബോര്‍ഡറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒട്ടും തിരക്കുണ്ടായിരുന്നില്ല. കാരണം, 1982-ല്‍ ഈ അതിര്‍ത്തി ചെക്‌പോസ്റ്റ് തുറക്കുമ്പോള്‍ ഈജിപ്തും ഇസ്രയേലും ഒപ്പുവെച്ച വ്യവസ്ഥ പ്രകാരം, ടൂറിസ്റ്റുകളെ പരസ്പരം കൈമാറ്റം ചെയ്യാന്‍ മാത്രമുള്ളതാണത്. നടപടിക്രമങ്ങളൊക്കെ അതിവേഗം പൂര്‍ത്തിയാക്കി ഞങ്ങള്‍ പുറത്തിറങ്ങി. ഞങ്ങളെ കാത്ത് ഈജിപ്തിലെ ടൂറിസ്റ്റ് കമ്പനിയുടെ ബസും ഗൈഡും അവിടെയുണ്ടായിരുന്നു. ഇസ്രയേല്‍ സമ്മാനിച്ച മാനസിക സമ്മര്‍ദങ്ങളില്‍നിന്നെല്ലാം മോചനം നേടി ഈജിപ്തില്‍ സ്വസ്ഥമായി സഞ്ചരിക്കാമെന്ന് വിചാരിച്ച ഞങ്ങളെ എതിരേറ്റത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഈജിപ്തായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അലക്‌സാണ്ട്രിയയിലെയും ത്വന്‍ത്വാലയിലെയും കോപ്റ്റിക് ക്രൈസ്തവരുടെ ചര്‍ച്ചുകളില്‍ ഉണ്ടായ അതിഭീകരമായ രണ്ടു ബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്നാണ് മൂന്നു മാസത്തേക്ക് ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഏതായാലും പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന സ്ഥിതിയിലായി ഞങ്ങള്‍. ടൂര്‍ ഷെഡ്യൂള്‍ പ്രകാരം, ഞങ്ങള്‍ക്ക് ആദ്യം സന്ദര്‍ശിക്കാനുള്ളത് മൂസാ നബി (അ) അല്ലാഹുവുമായി സംസാരിച്ച ത്വൂര്‍സിനാ പര്‍വതവും അതിന്റെ നിയന്ത്രണം ഇന്ന് ഏറ്റെടുത്തു നടത്തുന്ന സെന്റ് കാതറിന്‍ മൊണാസ്റ്ററിയുമായിരുന്നു. അവിടെ, മൂസാ നബി(അ) അല്ലാഹുവിന്റെ പ്രകാശം കണ്ട സ്ഥലത്തുള്ള ചെടി എന്നു പ്രചരിപ്പിക്കപ്പെടുന്ന ഒരു സസ്യം (Burning Bush) ഉണ്ട്. എന്നാല്‍, അതൊരു ചെടിയായിരുന്നില്ലെന്നും മറിച്ച് വലിയൊരു വൃക്ഷമായിരുന്നുവെന്നുമാണ് ഖുര്‍ആനിന്റെ വിവരണം. ക്രൈസ്തവരായ ധാരാളം പണ്ഡിതര്‍ തന്നെ ആ ചെടിയുടെ ആധികാരികതയില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാല്‍, അതുസംബന്ധമായ വിശകലനത്തിന് ഇവിടെ മുതിരുന്നില്ല.
ഈ യാത്രയില്‍നിന്ന് പൊതുവെ ലഭിച്ചിട്ടുള്ള ഒരു പാഠം, ഇസ്‌ലാമിക ചരിത്രഭൂമികളില്‍ പല സംഭവങ്ങളുടെയും ചരിത്രപുരുഷന്‍മാരുടെയും ശേഷിപ്പുകളായി പ്രചരിപ്പിക്കപ്പെടുന്ന പലതും ആധികാരികതയില്ലാത്തതോ അവിശ്വസനീയമോ ആണ് എന്നതാണ്. ജോര്‍ദാനില്‍ മൗണ്ട് നെബോ സന്ദര്‍ശിച്ചപ്പോള്‍, മൂസാ നബി ബനൂ ഇസ്രാഈല്യര്‍ക്ക് വാഗ്ദത്തഭൂമി ചൂണ്ടിക്കാണിച്ചുകൊടുത്ത ആ മലയില്‍തന്നെയാണ് മൂസാ നബിയുടെ ഖബര്‍ ഉള്ളതെന്ന് പറയുന്നതു കേട്ടു. എന്നാല്‍, ഇസ്രയേലില്‍നിന്ന് ഈജിപ്തിലേക്കുള്ള യാത്രാമധ്യേ, ചാവുകടല്‍ എത്തുന്നതിനു മുമ്പായി 'നബി മൂസാ' എന്ന പേരിലൊരു കുന്നില്‍ മൂസാ നബിയുടെ മഖാം കണ്ടു. അതേസമയം, ഇസ്രാഇന്റെ വേളയില്‍ മൂസാ നബിയുടെ ഖബ്ര്‍ കണ്ടതായും അത് ഒരു ചുവന്ന കുന്നിന്റെ ചാരത്താണെന്നും അവിടെനിന്ന് ബൈത്തുല്‍ മഖ്ദിസിലേക്ക് ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരമേയുള്ളൂവെന്നും വിശദീകരിച്ച ഒരു ഹദീസ് നിലവിലുണ്ടു താനും. ഇതെല്ലാംകൂടി സമ്മേളിപ്പിച്ച് സമവായം ഉണ്ടാക്കാന്‍ നമുക്കേതായാലും സാധ്യമല്ല. ഇവയില്‍ ഏതൊക്കെയോ അവിശ്വസനീയമാണ്. ഹദീസ് സ്വഹീഹാണെങ്കില്‍ അതുമാത്രമായിരിക്കും ശരി. ഏതായാലും ടൂറിസം പ്രൊമോഷന്‍ എന്ന ഏകലക്ഷ്യം മുന്നില്‍വന്നു നില്‍ക്കുമ്പോള്‍ ആധികാരികതയും വിശ്വസ്തതയുമൊക്കെ എവിടെയോ കൈമോശം വന്നുപോകും.
താബാ അതിര്‍ത്തിയില്‍നിന്ന് സെന്റ് കാതറീന്‍ മൊണാസ്റ്ററിയിലേക്ക് രണ്ടര മണിക്കൂര്‍ യാത്രയാണുള്ളത്. പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ നിമിത്തം, ഓരോ 15 കിലോമീറ്റര്‍ പിന്നിടുമ്പോഴും പട്ടാളത്തിന്റെ ചെക്കിംഗ് ഉണ്ട്. സാധാരണ ടൂറിസം പോലീസ് മാത്രം കൈകാര്യം ചെയ്യാറുള്ള പല ഡ്യൂട്ടികളും പട്ടാളം നേരിട്ടാണ് ചെയ്യുന്നത്. അങ്ങനെ, വഴിതിരിച്ചുവിടലും മുട്ടിനു മുട്ടിനുള്ള ചെക്‌പോസ്റ്റുകളും ഞങ്ങളുടെ വിലപ്പെട്ട ഒന്നര മണിക്കൂര്‍ അപഹരിച്ചു. തന്നിമിത്തം, അവിടെയെത്തിയപ്പോഴേക്ക് ഇരുട്ട് വീണിരുന്നതിനാല്‍ സീനാ പര്‍വതത്തിന്റെ നിഴല്‍ചിത്രങ്ങള്‍ കണ്ട് ഞങ്ങള്‍ക്ക് തൃപ്തിയടയേണ്ടിവന്നു. മടക്കയാത്രയിലുമുണ്ടായിരുന്നു പട്ടാളത്തിന്റെ നൂലാമാല പിടിച്ച നടപടിക്രമങ്ങള്‍. ഫലം, ശറമുശ്ശൈഖിലുള്ള ഹോട്ടലില്‍ ഞങ്ങള്‍ എത്തുമ്പോള്‍ രാത്രി പതിനൊന്നര കഴിഞ്ഞു. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ഒരുവിധമെല്ലാം തീര്‍ന്നുപോയിരുന്നു. ശറമുശ്ശൈഖ് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സുഖവാസ കേന്ദ്രമാണ്. അറബ്‌വസന്തവിപ്ലവം ഈജിപ്തില്‍ വിജയതീരമണഞ്ഞപ്പോള്‍, അധികാരത്തില്‍നിന്ന് നിഷ്‌കാസിതനായ ഹുസ്‌നി മുബാറക് തടങ്കലിലായത് ഇവിടെയുള്ള റിസോര്‍ട്ടുകളിലൊന്നിലായിരുന്നു. ഞങ്ങള്‍ക്ക് താമസമൊരുക്കിയ സോനസ്റ്റ ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകത്തില്‍ അത് ഉദ്ഘാടനം ചെയ്തത് ഹുസ്‌നി മുബാറക്കാണെന്ന് എഴുതിവെച്ചതു കണ്ടു. ഏതായാലും, ശറമുശ്ശൈഖിലെ താമസം ഞങ്ങള്‍ക്ക് സുഖവാസമായിരുന്നില്ല. ഫലസ്ത്വീനിലെ റാമല്ലയില്‍നിന്ന് ഈജിപ്തിലെ ശറമുശ്ശൈഖുവരെ എണ്ണൂറിലധികം കിലോമീറ്റര്‍ നീണ്ട സുദീര്‍ഘമായ യാത്രക്കു ശേഷം വിശന്നുവലഞ്ഞ് കഴിച്ചുകൂട്ടിയ ഒരു രാത്രി.
ചെങ്കടലിന് ആ പേര് ലഭിച്ചത്, ചില സീസണുകളില്‍ അതില്‍ വളരുന്ന ഒരിനം ബാക്ടീരിയ മരമില്ലുകളിലെ അറക്കപ്പൊടി പോലെ ജലോപരിതലത്തില്‍ പാറിക്കിടന്ന് കടലിലെ ചിലയിടങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നതിനാലാണ്. എന്നാല്‍, ഞങ്ങള്‍ കാണുമ്പോള്‍ ചെങ്കടല്‍ അതിമനോഹരമായ നീലനിറത്തിലായിരുന്നു. നീല വെള്ളവും വെള്ളി മണലും വലയം ചെയ്തുനില്‍ക്കുന്ന അത്യാകര്‍ഷകമായ ഒരു മനോഹരതീരമാണ് ശറമുശ്ശൈഖ്. എന്നാല്‍ ആ പ്രകൃതിഭംഗി ആസ്വദിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് നേരമുണ്ടായിരുന്നില്ല. മുമ്പിലുള്ളത് സുദീര്‍ഘമായ യാത്രയുടെ ദിനമാണ്. ശറമുശ്ശൈഖില്‍നിന്ന് ഈജിപ്തിന്റെ തലസ്ഥാനനഗരിയായ കെയ്‌റോയിലേക്ക്. ഈജിപ്ത് ഏഷ്യയിലും ആഫ്രിക്കയിലുമായി സ്ഥിതിചെയ്യുന്ന വലിയൊരു രാഷ്ട്രമാണ്. സൂയസ് ഉള്‍ക്കടലിന്റെയും സൂയസ് കനാലിന്റെയും കിഴക്കുഭാഗത്തുള്ള സീനാ മരുഭൂമി ഏഷ്യയിലും, അവയുടെ പടിഞ്ഞാറുഭാഗത്തുള്ള കെയ്‌റോയും നൈല്‍ നദിയും സഹാറാ മരുഭൂമിയുമെല്ലാം ആഫ്രിക്കയിലും സ്ഥിതി ചെയ്യുന്നു. സൂയസ് ഉള്‍ക്കടലിന്റെ തീരത്തുകൂടിയാണ് ഞങ്ങളുടെ യാത്ര. സൂയസ് ഉള്‍ക്കടലിന്റെ വടക്കേ അറ്റത്തായി ഉയൂനു മൂസാ (മൂസായുടെ ഉറവകള്‍) ഉണ്ട്. ഫറോവയില്‍നിന്ന് ഇസ്രാഈല്യരെ കടല്‍ കടത്തി രക്ഷപ്പെടുത്തിയ ശേഷം, അവര്‍ക്ക് കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി ശുദ്ധജലം ലഭ്യമല്ലാതെ വന്നപ്പോള്‍ അവര്‍ മൂസാ നബിയോട് പരാതിപ്പെട്ടു. അന്നേരം മൂസാ നബി സ്ഥാനം നിര്‍ണയിച്ചതുപ്രകാരം ഇസ്രാഈല്യര്‍ കുഴിച്ച കിണറുകളില്‍ അഞ്ചെണ്ണം ഇന്നും അവിടെ കാണാം. അവയില്‍ ഒന്നു രണ്ടെണ്ണത്തില്‍ ഇപ്പോഴും വെള്ളമുണ്ട്. ഒരു ക്രിസ്ത്യന്‍ പാതിരിയോടൊപ്പം വന്ന മംഗോളിയന്‍ വംശജരായ കുറേ പേര്‍ വെള്ളമുള്ള കിണറിനരികത്തുനിന്ന് ദീര്‍ഘമായി പ്രാര്‍ഥിക്കുന്നതു കണ്ടു.
ചെങ്കടല്‍ പിളര്‍ന്നതെവിടെ?
മൂസാ നബി(അ) ഇസ്രാഈല്യരെ ഫറോവയില്‍നിന്ന് രക്ഷപ്പെടുത്തി കടല്‍ കടത്തിയത് ഏതു ഭാഗത്തുകൂടിയായിരുന്നു എന്നത് ചരിത്രകാരന്‍മാര്‍ക്കിടയിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും ഭിന്നാഭിപ്രായമുള്ള കാര്യമാണ്. കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്ന ഡോ. റുശ്ദി ബദ്‌റാവിയുടെ പ്രസിദ്ധമായ ഖിസ്വസ്വുല്‍ അമ്പിയാഇ വത്താരീഖ് എന്ന ഏഴു വാള്യങ്ങളുള്ള ബൃഹദ് ഗ്രന്ഥത്തില്‍ അവ്വിഷയകമായ വിശദമായ പഠനമുണ്ട്. ഖുര്‍ആനിലും മറ്റു പൂര്‍വവേദങ്ങളിലും പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍മാരുടെ ജീവിതകഥകള്‍ ലോകചരിത്രവുമായി ബന്ധിപ്പിക്കാനും ഭൂപടത്തില്‍ അടയാളപ്പെടുത്താനുമുള്ള പ്രശംസനീയമായ ശ്രമമാണ് ആ കൃതി. ഏറ്റവും യുക്തിഭദ്രവും ഖുര്‍ആനിക പ്രമാണങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമാകയാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളെ അങ്ങനെത്തന്നെ വിശ്വാസത്തിലെടുക്കാമെന്നു തോന്നുന്നു. എന്നാല്‍, കടല്‍ പിളര്‍ന്ന സ്ഥലം അടയാളപ്പെടുത്തുന്നതിനുമുമ്പ് മൂസാ നബിയുമായി സംവാദത്തിലേര്‍പ്പെട്ട ഫറോവ ആരായിരുന്നുവെന്ന തര്‍ക്കത്തില്‍ ഒരു തീരുമാനത്തില്‍ നാം എത്തേണ്ടതുണ്ട്. കാരണം, ഇസ്രാഈല്യരിലെ ആണ്‍കുഞ്ഞുങ്ങളെ അറുകൊല ചെയ്യാന്‍ കല്‍പ്പന കൊടുത്ത ഫറോവയും ഇസ്രാഈല്യരെ പിടിക്കാന്‍ പുറപ്പെട്ട് കടലില്‍ മുങ്ങിമരിച്ച ഫറോവയും ഒരാളായിരുന്നില്ലെന്ന് നിരീക്ഷിക്കുന്ന ഒരു വിഭാഗം ചരിത്രകാരന്‍മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമുണ്ട്. ഈ തര്‍ക്കത്തിലും വിധി പറയാന്‍ ഡോ. റുശ്ദി ബദ്‌റാവിയെ തന്നെയാണ് ഇവിടെ അവലംബിക്കുന്നത്.
ബി.സി 1279-1213 കാലയളവില്‍ ഈജിപ്തില്‍ അധികാരം വാണ റംസേസ് രണ്ടാമനാണോ ബി.സി 1213-03 കാലയളവില്‍ അധികാരത്തിലിരുന്ന മെറെന്‍പിതാഹ് ആണോ കടലില്‍ മുങ്ങി മരിച്ചത് എന്ന വിഷയത്തിലാണ് തര്‍ക്കമുള്ളത്. ഇസ്രാഈല്യരൂടെ പീഡനപര്‍വം തുടങ്ങുന്നത് റംസേസ് രണ്ടാമന്റെ കാലത്താണെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. എന്നാല്‍, പ്രവാചകത്വദൗത്യവുമായി മൂസാ നബി മദ്‌യനില്‍നിന്ന് തിരിച്ചുവരുന്നതിനുമുമ്പുതന്നെ റംസേസ് രണ്ടാമന്‍ മരണപ്പെട്ടിരുന്നുവെന്നും പതിമൂന്നാമത്തെ പുത്രനായ മെറെന്‍പിതാഹ് സ്ഥാനാരോഹണം ചെയ്തിരുന്നുവെന്നുമാണ് വാദം. ബൈബിള്‍ പുറപ്പാട് പുസ്തകത്തില്‍ 4:19-ല്‍ യഹോവ, മദ്‌യനിലായിരുന്ന മോശെയോട് ഈജിപ്തിലേക്ക് തിരിച്ചുപോകാന്‍ പറയുന്നിടത്ത്, ഈജിപ്തില്‍ നിന്നോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നവരൊക്കെ മരണപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നുണ്ട്. അതിനെ, റംസേസ് രണ്ടാമന്‍ മരണപ്പെട്ടിരിക്കുന്നുവെന്ന് വ്യാഖ്യാനിച്ചേടത്തെ പിഴവാണ് ഈ വാദത്തിന് അടിത്തറയായത്. മൂസായോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നവര്‍ എന്നതിന്റെ വിവക്ഷ, വധിക്കപ്പെട്ട ഖിബ്ത്വിയുടെ അടുത്ത ബന്ധുക്കള്‍ എന്നാണെന്ന് റുശ്ദി ബദ്‌റാവി നിരീക്ഷിക്കുന്നു.
മാത്രവുമല്ല, ഫറോവ മരണപ്പെട്ടിരിക്കുന്നുവെന്ന് ആ വചനത്തില്‍ നേര്‍ക്കുനേരെയുള്ള പരാമര്‍ശമൊട്ടില്ല താനും. റംസേസ് രണ്ടാമന്‍ തന്നെയാണ് കടലില്‍ മുങ്ങിമരിച്ചതെന്ന നിരീക്ഷണത്തിന് ദൃഢത നല്‍കുന്ന മറ്റൊരു തെളിവ്, മെറെന്‍പിതാഹിന്റെ കാലത്ത് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു ശിലാഫലകമാണ്. അത് മെറെന്‍പിതാഹ് ഫലകം(ലൗഹു മെറെന്‍പിതാഹ്), ഇസ്രാഈല്‍ ഫലകം (ലൗഹു ഇസ്രാഈല്‍) എന്നീ പേരുകളില്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ക്കിടയില്‍ അറിയപ്പെടുന്നു. താന്‍ ഫലസ്ത്വീനില്‍ സൈന്യവുമായി ചെന്ന് ഇസ്രാഈല്യരെ മുഴുവന്‍ വകവരുത്തിയെന്നാണ് മെറെന്‍പിതാഹ് ആ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവ് റംസേസ് കടലില്‍ മുങ്ങിമരിച്ച ശേഷം, ഇസ്രാഈല്യരോട് പ്രതികാരം ചെയ്യാന്‍ മെറെന്‍പിതാഹ് ഫലസ്ത്വീനിലേക്ക് നടത്തിയ പടയോട്ടമാണ് ഇവിടെ ഉദ്ദേശ്യം. മൂസാ നബി പ്രവാചകനായി ആഗതനാകുന്നതിനു മുമ്പുതന്നെ ഈജിപ്തില്‍നിന്ന് കുറേ ഇസ്രാഈല്യര്‍(ഹീബ്രുകള്‍) ഫലസ്ത്വീനിലേക്ക് തിരിച്ചുപോയിരുന്നു. ഫലസ്ത്വീനിലെത്തിയ മെറെന്‍പിതാഹ് അവരെയായിരിക്കാം കൊന്നൊടുക്കിയത്. കാരണം, ഈജിപ്തില്‍നിന്ന് ഫലസ്ത്വീനിലേക്കുള്ള എളുപ്പവഴി സീനാ മരുഭൂമിയുടെ വടക്കേ അറ്റത്ത് മധ്യധരണ്യാഴിയുടെ തീരത്തു കൂടിയാണ്. മെറെന്‍പിതാഹ് പോയത് ആ വഴിയായിരിക്കാം. എന്നാല്‍, മൂസാ നബി ഇസ്രാഈല്യരെയും കൊണ്ട് നേരെ പോയതാകട്ടെ സീനാ മരുഭൂമിയുടെ മധ്യഭാഗത്തുകൂടിയായിരുന്നു. അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രമായതിനു ശേഷം നാല്‍പ്പതുവര്‍ഷം അവര്‍ അലഞ്ഞുതിരിഞ്ഞതും ആ പ്രദേശങ്ങളില്‍തന്നെ. അതിനാല്‍, മെറെന്‍പിതാഹ് അവരെത്തേടി ഫലസ്ത്വീനിലെത്തിയ വേളയില്‍ അവര്‍ വാഗ്ദത്തഭൂമിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ചുരുക്കത്തില്‍, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്ത്വീനില്‍ കണ്ട ഹീബ്രുകളെ വകവരുത്തി ഈജിപ്തില്‍ തിരിച്ചുവന്ന് താന്‍ ഇസ്രാഈല്യരെ മുഴുവന്‍ വകവരുത്തിയെന്ന് വിളംബരം ചെയ്യുകയായിരുന്നു മെറെന്‍പിതാഹ്. ഏതായാലും റംസേസ് രണ്ടാമന്‍ തന്നെയായിരുന്നു കടലില്‍ മുങ്ങിമരിച്ചതെന്ന നിരീക്ഷണത്തിന് മെറെന്‍പിതാഹിന്റെ ഫലകം ബലമേറ്റുന്നു.
സര്‍വോപരി, 'ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ അനുഗ്രഹിക്കാനും അവരെ നേതാക്കളും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും ഫറോവക്കും ഹാമാനും അവരുടെ സൈന്യങ്ങള്‍ക്കും അവരെന്താണോ ഭയപ്പെട്ടത് അത് കാണിച്ചുകൊടുക്കാനും നാം ഉദ്ദേശിക്കുന്നു' എന്ന ഖുര്‍ആന്‍ സൂക്ത(അല്‍ഖസ്വസ്വ് 5,6)വും ഈ വസ്തുതക്ക് അടിവരയിടുന്നു. അതായത്, ഇസ്രാഈല്യര്‍ക്കിടയില്‍ ജനിക്കാന്‍ പോകുന്ന ഒരു കുഞ്ഞ് തന്റെ ആധിപത്യത്തിന് ഭീഷണിയാകുമെന്ന ഭയപ്പാടാണല്ലോ, അവരിലെ എല്ലാ ആണ്‍കുഞ്ഞുങ്ങളെയും അറുകൊല ചെയ്യുന്നതിന് കല്‍പ്പന കൊടുക്കാന്‍ ഫറോവക്ക് പ്രേരണയായത്. ആ പശ്ചാത്തലത്തിലാണ്, ഫറോവയുടെ ആശങ്ക യാഥാര്‍ഥ്യമാകുന്നത് ഞാനവന് കാണിച്ചുകൊടുക്കുമെന്ന് അല്ലാഹു പറയുന്നത്. മൂസാ നബി മദ്‌യനിലായിരിക്കെത്തന്നെ - അതും അദ്ദേഹത്തിന് പ്രവാചകത്വം പോലും നല്‍കപ്പെടുന്നതിനുമുമ്പ് - ആ ഫറോവ സ്വാഭാവികമരണം പുല്‍കിയെന്നു പറയുന്നത്, അല്ലാഹുവിന്റെ ആ മുന്നറിയിപ്പ് പാഴായി എന്ന് വിശ്വസിക്കുന്നതിന് സമമാണ്. അതിനാല്‍, മൂസാ നബി ജനിക്കുന്ന കാലത്തുള്ള ഫറോവയായ റംസേസ് രണ്ടാമന്‍ തന്നെയാണ് കടലില്‍ മുങ്ങിമരിച്ചതെന്ന് വിശ്വസിക്കുന്നതാണ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നത്.
മെറെന്‍പിതാഹ്, റംസേസ് രണ്ടാമന്റെ പതിമൂന്നാമത്തെ പുത്രനായിരുന്നുവെന്ന വസ്തുതയും ഒരു ചെറുവിശകലനം അര്‍ഹിക്കുന്നു. റംസേസ് രണ്ടാമന് സന്താനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് നദിയില്‍നിന്ന് ലഭിച്ച കുട്ടിയെ പുത്രനായി സ്വീകരിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്നാല്‍, റംസേസ് രണ്ടാമന് വന്ധ്യതയുണ്ടായിരുന്നുവെന്ന് ഖുര്‍ആനില്‍ പരാമര്‍ശമില്ല. റംസേസ് രണ്ടാമന്‍ അധികാരമേല്‍ക്കുമ്പോള്‍ ഫറോവമാരുടെ ആസ്ഥാനം അപ്പര്‍ ഈജിപ്തിന്റെ ഭാഗമായ അല്‍അഖ്‌സുറാ(Luxor)യിരുന്നു. റംസേസിന് അക്കാലത്ത് ജനിച്ച മക്കളെല്ലാം ശൈശവത്തിലേ മരണപ്പെട്ടുപോയി. അതിനെത്തുടര്‍ന്നാണ്, ഉഷ്ണമേറിയ അല്‍അഖ്‌സുറില്‍നിന്ന് ആസ്ഥാനം ലോവര്‍ ഈജിപ്തിലേക്ക് മാറ്റാനും റംസേസിന്റെ ഭവനം(Pi Ramesses) എന്ന പേരിലുള്ള പുതിയ പട്ടണം സ്ഥാപിക്കാനും തീരുമാനമായത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള സൈനികനീക്കങ്ങള്‍ക്കും മറ്റു നയതന്ത്രസഞ്ചാരങ്ങള്‍ക്കും സൗകര്യപ്രദമാവുക രാജ്യത്തിന്റെ വടക്കേ അറ്റത്ത് തലസ്ഥാനം സ്ഥിതി ചെയ്യുന്നതായിരുന്നു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്വൂമില്‍ വെള്ള നൈലും നീല നൈലും സംഗമിച്ച് ഒറ്റ നദിയായി വടക്കോട്ടൊഴുകി ജീസ പിന്നിടുന്നതോടെ പ്രധാനമായും അഞ്ചു ചെറുനദികളായി പിരിഞ്ഞാണ് മധ്യധരണ്യാഴിയില്‍ ചെന്നുചേരുന്നത്. ആ ചെറുനദികളില്‍ ഏറ്റവും കിഴക്കുള്ള കൈവഴിയുടെ കിഴക്കേ തീരത്താണ് പി-റംസേസ് കൊട്ടാരം പണികഴിക്കപ്പെട്ടത്. അതിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന ജാസാന്‍ (Goshen) എന്ന പ്രദേശത്തായിരുന്നു യൂസുഫ് നബിയുടെ കാലത്ത് ഈജിപ്തിലെത്തിയ ഇസ്രാഈല്‍ വംശം താമസമാക്കിയത്. മൂസാ നബിയെ പ്രസവിച്ച ഉടനെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ആ മാതാവ് തന്റെ പൊന്നോമനയെ നൈലില്‍ ഒഴുക്കിയപ്പോള്‍, ഏറ്റവും കിഴക്കുള്ള ആ കൈവഴിയിലൂടെ വടക്കോട്ട് ഒഴുകിയാണ് ആ കുഞ്ഞ് പി-റംസേസ് കൊട്ടാരത്തിലെ ഫറോവയുടെ കുടുംബത്തിന്റെ കൈയിലെത്തുന്നത്. മൂസായെ മകനായി വളര്‍ത്താന്‍ ഏറ്റെടുത്ത ശേഷം റംസേസ് രണ്ടാമന് ധാരാളം മക്കള്‍ ജനിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു. അങ്ങനെ, സ്ത്രീകളും പുരുഷ•ാരുമായി നൂറിലധികം മക്കള്‍ റംസേസിന് ജനിക്കുകയുണ്ടായി. അവരില്‍ പതിമൂന്നാമനായിരുന്ന മെറെന്‍പിതാഹ്, റംസേസ് രണ്ടാമന്‍ കടലില്‍ മുങ്ങിമരിച്ചതിനു ശേഷമാണ് അധികാരത്തിലെത്തിയത്.
ചെങ്കടല്‍ പിളര്‍ന്ന ഇടം സംബന്ധിച്ച് വ്യത്യസ്തമായ പല നിഗമനങ്ങളും മുസ്‌ലിം-ക്രൈസ്തവ ചരിത്രകാരന്‍മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വെച്ചുപുലര്‍ത്തുന്നുണ്ട്. അവയില്‍ ചിലത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഇസ്രാഈല്യരുടെ ചരിത്രവുമായി ഒട്ടും ഒത്തുപോകാത്തവയാണ്. ചെങ്കടല്‍ കടന്ന് മൂസാ നബിയും കൂട്ടരും ഇന്ന് സുഊദി അറേബ്യയുടെ അധീനതയിലുള്ള കരയിലാണ് എത്തിച്ചേര്‍ന്നതെന്ന ധാരണ അത്തരത്തിലൊന്നാണ്. മൂസാ നബിയുടെ കൂടെ ഈജിപ്തില്‍നിന്ന് പുറപ്പെട്ടുപോയ ഇസ്രാഈല്യരുടെ എണ്ണം ആറ് ലക്ഷത്തിലധികമായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഏകോപിച്ച് അഭിപ്രായപ്പെടുന്നു. സ്ത്രീകളും കുട്ടികളും വയോജനങ്ങളും കന്നുകാലികളും വന്‍ചുമടുകളും എല്ലാം അടങ്ങുന്ന ആ മഹാസംഘം ഒരു ദിവസം താണ്ടിയിരുന്നത് 20 കിലോമീറ്ററായിരുന്നു. ഈജിപ്തിന്റെയും സുഊദി അറേബ്യയുടെയും ഇടയില്‍ ചെങ്കടലിന്റെ വീതി 350 കിലോമീറ്ററില്‍ അധികമാണ്. അതിന്റെ ആഴമാകട്ടെ 450 അടി മുതല്‍ 2100 അടിവരെയും. നിരപ്പായ പ്രദേശങ്ങളില്‍പോലും ദിവസം 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന, ആറു ലക്ഷത്തിലധികം വരുന്ന ആ വന്‍സംഘത്തിന് കടലില്‍ ഇറങ്ങി മുന്നൂറ്റി അമ്പത് കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ എത്ര ദിവസം കടല്‍ പിളര്‍ന്നുതന്നെ നില്‍ക്കേണ്ടിവരുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. ചുരുങ്ങിയത് പതിനേഴ് ദിവസം. അതും വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ വേണ്ട ഇടവേളകളൊന്നും ഇല്ലാതെ സഞ്ചരിച്ചാല്‍ മാത്രം. ആഹാര-നീഹാരാദികളും മറ്റു പ്രാഥമികകര്‍മങ്ങളുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരും മൃഗങ്ങളുമടങ്ങുന്ന ആ വന്‍സംഘം തുടര്‍ച്ചയായ പതിനേഴ് ദിവസം സഞ്ചരിച്ചുവെന്ന് ചരിത്രത്തിലെവിടെയും കാണുന്നില്ലല്ലോ. അതുമാത്രവുമല്ല, ഇസ്രാഈല്യര്‍ സുഊദി അറേബ്യയിലാണ് കര പിടിച്ചതെങ്കില്‍ പിന്നെ ഫലസ്ത്വീനില്‍ പ്രവേശിക്കുന്നതിനു മുമ്പ് സീനാ മരുഭൂമിയില്‍ പോകേണ്ട കാര്യമെന്തിരിക്കുന്നു? സുഊദി അറേബ്യയില്‍നിന്ന് ഫലസ്ത്വീനിലെത്താന്‍ ജോര്‍ദാന്‍ മാത്രം കടന്നാല്‍ മതിയല്ലോ. അതിനാല്‍ മൂസാ നബിയും സംഘവും ചെങ്കടല്‍ കടന്ന് ഇന്ന് സുഊദി അറേബ്യയിലുള്ള ഭൂപ്രദേശത്ത് വന്നുകേറിയെന്നത് അബദ്ധജടിലമായ ചരിത്രകഥനമാണ്.
മറ്റൊരു വിഭാഗം ചരിത്രപണ്ഡിതന്‍മാരുടെ അഭിപ്രായപ്രകാരം, ചെങ്കടലില്‍നിന്ന് വടക്കോട്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും സീനാ മരുഭൂമിക്കും ഇടയിലൂടെ നീണ്ടുകിടക്കുന്ന സൂയസ് ഉള്‍ക്കടലിന്റെ വടക്കുഭാഗത്താണ്(ഉയൂനു മൂസാക്ക് സമീപം) കടല്‍ പിളര്‍ന്നത്. ഈ നിരീക്ഷണത്തില്‍ ചരിത്രസംഭവങ്ങളുടെ ക്രമീകരണത്തില്‍ പിഴവില്ലെങ്കിലും കടലിന്റെ വീതിയും ആഴവും വിലങ്ങുതടിയാകുന്നു. 50 മീറ്റര്‍ ആഴവും 19 മുതല്‍ 43 കിലോമീറ്റര്‍ വീതിയും ഉണ്ട് സൂയസ് ഉള്‍ക്കടലിന്. സൂയസ് ഉള്‍ക്കടലിന്റെ ഏതു ഭാഗത്തുകൂടി ഇസ്രാഈല്യരെ മറുകരയിലെത്തിക്കുകയാണെങ്കിലും, ഫറോവയില്‍നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള അല്ലാഹുവിന്റെ ആ നടപടി ഇസ്രാഈല്യര്‍ക്കുള്ള മറ്റൊരു ശിക്ഷയായിരുന്നുവെന്ന് നാം ധരിക്കേണ്ടിവരും. കാരണം, അമ്പതുമീറ്റര്‍ ആഴമുള്ള കടലിലൂടെ 19 കിലോമീറ്ററിലധികം ആ വന്‍സംഘം സഞ്ചരിച്ചെത്തണമെങ്കില്‍ ചുരുങ്ങിയത് ഒരു ദിവസം വേണ്ടിവരും. കടല്‍ പിളര്‍ത്തി അല്ലാഹു അവരെ അതുവഴി സഞ്ചരിപ്പിച്ചത്, ഈജിപ്തില്‍നിന്ന് ഫലസ്ത്വീനിലേക്ക് കരമാര്‍ഗം വഴിയില്ലാത്തതുകൊണ്ടായിരുന്നില്ലല്ലോ. ആ മഹാത്ഭുതം സംഭവിച്ചതിനു പിന്നില്‍, ഫറോവയെ മുക്കിനശിപ്പിക്കുകയെന്ന ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിനുവേണ്ടി, ഇസ്രാഈല്യരെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് യുക്തിജ്ഞനായ അല്ലാഹുവിന് അറിയുമല്ലോ.
ചെങ്കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങള്‍ അറിയുമായിരുന്ന മൂസാ നബിയും സംഘവും വടി കുത്തിപ്പിടിച്ചു മറുകരയിലെത്തിയെന്നും ആഴം കുറഞ്ഞ ഭാഗങ്ങള്‍ അജ്ഞാതമായിരുന്നതിനാല്‍ ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങിമരിച്ചുവെന്നും വ്യാഖ്യാനങ്ങളെഴുതിയ സി.എന്‍.അഹ്മദ് മൗലവി ഉയര്‍ത്തിയ വാദങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മുഹമ്മദ് അമാനി മൗലവി തന്റെ തഫ്‌സീറില്‍ ഖണ്ഡിച്ചിട്ടുണ്ട്. അതിനാല്‍, ആ ചര്‍ച്ചയിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
(തുടരും)
Comments