മതംമാറ്റം ചീത്ത കാര്യമല്ല; കേരള നവോത്ഥാനത്തിന്റെ ഭാഗമാണ്
കേരളത്തിലെ ശക്തമായ സംവാദ വിവാദ വിഷയങ്ങളിലൊന്നായി മതംമാറ്റം മാറിയിരിക്കുന്നു. വൈക്കത്തെ അഖില, ഹാദിയ ആയി. കാഞ്ഞങ്ങാട്ടെ ആതിര ആഇശയാവുകയും ആഇശ വീണ്ടും ആതിരയാവുകയും ചെയ്തിരിക്കുന്നു. മതംമാറ്റം ഒരു ചീത്ത കാര്യമാണ് എന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന പൊതുബോധം. ഏതു മതത്തില്‍നിന്ന് ഏതു മതത്തിലേക്ക് മാറുന്നതും മോശമായ കാര്യമായാണ് സമൂഹം പൊതുവില്‍ കണക്കാക്കുന്നത്. സച്ചിദാനന്ദന്‍ ചൂണ്ടിക്കാണിച്ച പോലെ മാറ്റം ഇസ്‌ലാമിലേക്കാണെങ്കില്‍ എതിര്‍പ്പ് രൂക്ഷവും അക്രമാസക്തവും കൂടിയാവുന്നു.
ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ അടിത്തറ ജാതിയാണ്. നമ്മുടെ പൊതുബോധത്തെ നിര്‍മിച്ച പ്രധാന മൂലകവും ജാതി തന്നെയാണ്. വംശങ്ങളുടെ ശ്രേണീബദ്ധവും മര്‍ദകവുമായ രൂപമാണ് ജാതി. അതിന്റെ വലിയ സവിശേഷത സ്വയം തീരുമാനിച്ച് മാറാന്‍ കഴിയില്ല എന്നതാണ്. ഭ്രഷ്ടിന്റെ പേരില്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ താഴ്ന്ന ജാതിയിലേക്ക് തരംതാഴ്ത്തപ്പെട്ടേക്കാം. ജാതിഭ്രഷ്ടിന്റെ വലിയ ഇരകളായിത്തീര്‍ന്നത് ഉയര്‍ന്ന ജാതിയിലെ സ്ത്രീകളാണ്. പുലയപ്പേടിയും മണ്ണാന്‍ പേടിയുമൊക്കെ സവര്‍ണ സ്ത്രീകള്‍ ജാതിഭ്രഷ്ടകളായിത്തീരുന്ന ആചാര നിയമവ്യവസ്ഥകളായിരുന്നു. ഏതു മതംമാറ്റവും വംശീയ സംസ്‌കാരത്തിന്റെ മാറാന്‍ കഴിയില്ല എന്ന സ്വഭാവത്തെയാണ് ഉലച്ചുകളയുന്നത്. വംശശുദ്ധിയാണ് വംശീയ സമൂഹങ്ങളുടെ അടിത്തറ. മതംമാറ്റങ്ങള്‍ വംശങ്ങള്‍ക്കിടയില്‍ കലര്‍പ്പുകള്‍ സൃഷ്ടിക്കുന്നു. സവര്‍ണ രക്തവും അവര്‍ണ രക്തവും കലര്‍ന്നൊഴുകുന്നതിന് മതംമാറ്റം കാരണമാവുന്നു.
വംശീയത എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ നിശ്ചലതയെ, ആശയരഹിതമായ പോരിന്റെ കാരണത്തെ മറികടക്കാനുള്ള വമ്പിച്ച ആന്തരിക ശേഷിയുള്ള ചലനാത്മകതയാണ് മതംമാറ്റം. നമ്മുടെ മതേതര സമൂഹത്തിന്, പ്രത്യേകിച്ച് സാമ്പ്രദായിക ഇടതുപക്ഷത്തിന് മതംമാറ്റ വിവാദങ്ങളില്‍ ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന്റെ ഈ സാധ്യത തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇടതുപക്ഷം അധ്യക്ഷത വഹിക്കുന്ന നമ്മുടെ പൊതുബോധം എന്നും ഒറ്റശ്വാസത്തില്‍ പറയാറുള്ളത് 'ജാതിമത ശക്തികള്‍' എന്നാണല്ലോ? ജാതിയെയും മതത്തെയും ഒരേപോലെ കണക്കാക്കുന്നവര്‍ക്ക് മതംമാറ്റത്തിന്റെ സാധ്യതയെയും മതംമാറ്റത്തോടുള്ള എതിര്‍പ്പിനെയും ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല.
നമ്മുടെ നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ച ചലനാത്മകതയാണ് മതംമാറ്റം. നമ്മുടെ ചരിത്രമെഴുത്ത് വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ലാത്ത സോഷ്യല്‍ ഡൈനാമിസമാണത്. മതങ്ങളെ മനസ്സിലാക്കുന്നതില്‍ പൊതുവിലും ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍ പ്രത്യേകിച്ചും പരാജയപ്പെട്ട നമ്മുടെ ജ്ഞാനരീതിശാസ്ത്രം ചരിത്രമെഴുത്തില്‍ സംഭവങ്ങളുടെ സ്വഭാവം നിര്‍ണയിക്കുമ്പോള്‍ മതംമാറ്റങ്ങളെ അപ്രധാനം എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിപ്പോന്നത്. മതംമാറ്റങ്ങള്‍ക്ക് എന്തെങ്കിലും പുരോഗമനപരമായ മൂല്യമുള്ളതായി അത് കണക്കാക്കുന്നില്ല. സര്‍വമത സത്യവാദ മതരഹിത മുദ്രാവാക്യങ്ങള്‍ മാത്രമല്ല മതമുദ്രാവാക്യങ്ങളും മതംമാറ്റങ്ങളും മതംമാറും എന്ന ഭീഷണിയുമൊക്കെ നമ്മുടെ നവോത്ഥാനത്തെ സാധ്യമാക്കുകയും ത്വരിപ്പിക്കുകയും ചെയ്ത ഘടകങ്ങളാണ്.
വൈക്കം ക്ഷേത്രത്തിന് മുമ്പിലുള്ള വഴിയിലൂടെ വഴിനടക്കാന്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിത ജാതിക്കാരുടെ അവകാശത്തിനു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി ഇടപെടാനുണ്ടായ കാരണം അലി സഹോദരന്മാരുടെ ഒരു പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. 'നിങ്ങള്‍ വഴികൊടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ആ പാവങ്ങളെ ഇസ്‌ലാമില്‍ ചേര്‍ത്തുകൊള്ളാം.' ക്ഷേത്രപ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ മതംമാറുമെന്ന തിരുവിതാംകൂറിലെ ഈഴവ സമൂഹത്തിന്റെ ഭീഷണിയാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായത്. ആ കാലത്ത് തിരുവിതാംകൂറിലെ തിയ്യ യൂത്ത് ലീഗ് എന്ന സംഘടന മതംമാറ്റത്തെക്കുറിച്ച ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ഏതു മതത്തിലേക്കാണ് ഈഴവര്‍ മാറേണ്ടത് എന്നതായിരുന്നു ചര്‍ച്ചകളുടെ ഇതിവൃത്തം. സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരായ പ്രമുഖര്‍ ഇസ്‌ലാമിലേക്ക് മാറുകയാണ് വേണ്ടത് എന്ന് ശക്തമായി വാദിച്ചവരായിരുന്നു. ഇസ്‌ലാമിലേക്കാണ് മാറേണ്ടത് എന്നു വാദിച്ച ഈഴവ ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പ്രഭാഷണങ്ങള്‍ സമാഹരിച്ചുകൊണ്ട് തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്നത്. നമ്മുടെ നവോത്ഥാനത്തില്‍ മതംമാറ്റത്തെ അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും രണ്ടു ധാരകള്‍ നേരത്തേ തന്നെ കാണാന്‍ കഴിയും. വൈക്കം സത്യാഗ്രഹത്തിനു വന്ന ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മില്‍ മതംമാറ്റ വിഷയത്തില്‍ സംവാദം നടക്കുന്നുണ്ട്. ഗാന്ധി മതംമാറ്റ വിരുദ്ധ പക്ഷത്തും ഗുരു മതംമാറ്റ പക്ഷത്തുമാണ് നിലയുറപ്പിച്ചത്. അംബേദ്കര്‍ മതംമാറ്റത്തെ അനുകൂലിക്കുകയും അത് പ്രയോഗിക്കുകയും ചെയ്തപ്പോള്‍ അയ്യങ്കാളി മതംമാറ്റത്തെ എതിര്‍ത്ത അധഃസ്ഥിത നവോത്ഥാന നായകനാണ്. എതിര്‍ത്തവരും അനുകൂലിച്ചവരുമുണ്ടെങ്കിലും മതംമാറ്റത്തിന്റെ നവോത്ഥാനപരവും വിമോചനപരവുമായ സാധ്യതയെ ചരിത്രപരമായി ആര്‍ക്കും തള്ളിക്കളയാനാവില്ല. മതംമാറ്റ സാധ്യതകളില്ലാതാവുക എന്നതിന്റെ ഫലം ഇസ്‌ലാമിലേക്കും ക്രിസ്തുമതത്തിലേക്കും ബുദ്ധമതത്തിലേക്കുമുള്ള മാറ്റത്തിനുള്ള സാധ്യതയെ തടയുന്നു എന്നത് മാത്രമല്ല, മതം കാരണമായി പീഡിപ്പിക്കപ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ ഹിന്ദു മതത്തോടും ഹിന്ദു മതത്തിനകത്തും വിലപേശാനുള്ള സാധ്യതയെക്കൂടി ഇല്ലാതാക്കുന്നു എന്നതുകൂടിയാണ്. ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതില്‍ മതംമാറ്റ സമ്മര്‍ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതംമാറ്റ വിരുദ്ധത ആ സാധ്യതയെക്കൂടിയാണ് ഇല്ലാതാക്കുന്നത്. വൈക്കത്തുകാരിയായ അഖിലയുടെ പ്രപിതാക്കള്‍ മതംമാറ്റത്തിന്റെ വിലപേശല്‍ ശേഷി ഉപയോഗിച്ചുകൂടിയാണ് വൈക്കം ക്ഷേത്രത്തിനു മുന്നിലുള്ള വഴിയിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തത്. അഖിലയുടെ കാര്യത്തില്‍ ഇപ്പോള്‍ പുതുതായി എന്തോ സംഭവിച്ചതുമല്ല. നമ്മുടെ തന്നെ ചരിത്രത്തിലെ / അവരുടെ തന്നെ ചരിത്രത്തിലെ ഒരു സാധ്യതയെ പ്രയോജനപ്പെടുത്തുകയാണവര്‍ ചെയ്തത്. ദൈവശാസ്ത്ര മാനങ്ങളുള്ള ആദര്‍ശ പരിവര്‍ത്തനങ്ങളെ സാമൂഹിക ശാസ്ത്രത്തിലേക്ക് വെട്ടിച്ചുരുക്കുകയല്ല, സാമൂഹികമായി മതംമാറ്റം ഒരു പുതിയ കാര്യമോ ഒരു ചീത്ത കാര്യമോ പിന്തിരിപ്പന്‍ ആശയമോ അല്ല എന്നു പറയുക മാത്രമാണ്. ഇന്ന് ഇവിടെ കാണുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധരും ജൈനരുമൊക്കെ ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ മതംമാറി ഉണ്ടായവരാണ് എന്ന വസ്തുത നാം വിസ്മരിക്കരുത്. ചരിത്രത്തെ റഫറി വിസിലടിച്ച് കളി നിര്‍ത്തുന്നതുപോലെ ആര്‍ക്കും വിസിലടിച്ചു നിര്‍ത്താനാവില്ല. ഇതുവരെ മാറിയവരൊക്കെ മാറി, ഇനി അവിടെയുള്ളവരൊക്കെ അവിടെയും ഇവിടെയുള്ളവരൊക്കെ ഇവിടെയും എന്നു പറയാനാവില്ല. മതം ചരിത്രത്തില്‍ പണ്ട് വിമോചനപരമായ പല പങ്കും വഹിച്ചിരുന്നു, പക്ഷേ, ഇപ്പോള്‍ അത് മൊത്തമായി പിന്തിരിപ്പിനാണ് എന്ന തീര്‍പ്പിലുമെത്താനാവില്ല.
ലിബറല്‍ വ്യക്തിവാദത്തിന്റെ കണ്ണിലൂടെ മാത്രമാണ് മതംമാറ്റം ഇവിടെ സാധൂകരിക്കപ്പെടുന്നത്. മതം സ്വകാര്യമായ കാര്യമാണ്. ഒരു വ്യക്തിക്ക് വേണമെങ്കില്‍ മതം സ്വീകരിക്കാം. പക്ഷേ, മതങ്ങള്‍ മതംമാറ്റത്തിന് ശ്രമിക്കരുത്, അത് തെറ്റാണ് എന്നതാണ് ലിബറല്‍ കാഴ്ചയുടെ വാദമുഖം. ഇവിടെ വ്യക്തി എന്ന ഏജന്‍സി മാത്രമല്ല പ്രബോധനം നടത്തുകയും മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന മതം എന്ന ഏജന്‍സി കൂടിയുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. മതത്തിന്റെ ഏജന്‍സി തിരിച്ചറിയാനാവാത്തവര്‍ക്ക് ഈ വിഷയത്തെ ശരിയായി മനസ്സിലാക്കാനാവില്ല.
Comments