Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 06

3020

1439 മുഹര്‍റം 15

രാഷ്ട്രത്തിന്റെ ഭരണഘടന

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-28)

 

കഴിഞ്ഞ അധ്യായത്തില്‍ പരാമര്‍ശിച്ച മദീനാ ഭരണഘടനയുടെ പൂര്‍ണ ടെക്സ്റ്റ് താഴെ കൊടുക്കുന്നു:

കാരുണ്യവാനും കരുണാനിധിയുമായ സര്‍വലോക രക്ഷിതാവിന്റെ തിരുനാമത്തില്‍

1) ഇത് ദൈവപ്രവാചകനായ മുഹമ്മദ് നല്‍കുന്ന രേഖ (കിതാബ്). യസ്‌രിബുകാരില്‍നിന്നും ഖുറൈശികളില്‍നിന്നുമുള്ള വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും, അവരുടെ കീഴിലുള്ളവര്‍ക്കും അങ്ങനെ അവരോടൊപ്പം ചേര്‍ന്നവര്‍ക്കും, അവരോടൊപ്പം പോരാടിയവര്‍ക്കും വേണ്ടിയുള്ളതാണ്.

2) ലോകത്തെ മറ്റു ജനങ്ങളില്‍നിന്ന് വ്യത്യസ്തരായി, ഇവര്‍ ഒരൊറ്റ രാഷ്ട്രീയ സമൂഹം (ഉമ്മഃ) ആണ്.

3) ഖുറൈശികളില്‍നിന്നുള്ള അഭയാര്‍ഥികള്‍ അവരുടെ ആശ്രിതരുടെ (റബ്അഃ) കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരാണ്. പരസ്പര ധാരണയില്‍ അവര്‍ നഷ്ടപരിഹാരത്തുകകള്‍ നല്‍കി ബന്ദികളുടെ മോചനം ഉറപ്പു വരുത്തണം. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇപാടുകളൊക്കെ നന്മ (മഅ്‌റൂഫ്)യിലും നീതി(ഖിസ്ത്വ്)യിലും അധിഷ്ഠിതവുമാവണം.

4) ബനൂ ഔഫ് ഗോത്രക്കാര്‍ അവരുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരാണ്. മുമ്പുള്ളതു പോലെയുള്ള നഷ്ടപരിഹാരത്തുകകള്‍ അവര്‍ പരസ്പര ധാരണയോടെ നല്‍കണം. കൊലക്കുറ്റത്തിനും മറ്റുമുള്ള നഷ്ടപരിഹാരത്തുക നല്‍കിയാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിച്ചെടുക്കുന്നത്. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവണം.

5) (ഖസ്‌റജില്‍നിന്നുള്ള) ബനൂ ഹാരിസക്കാര്‍ക്ക് അവരുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. മുമ്പത്തെപ്പോലെത്തന്നെ പരസ്പരധാരണയോടെയാണ് അവര്‍ നഷ്ടപരിഹാരത്തുക കൈമാറേണ്ടത്. വിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

6) ബനൂ സാഇദക്ക് അവരുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. മുമ്പത്തെപ്പോലെ പരസ്പര ധാരണയോടെയാവണം നഷ്ടപരിഹാരത്തുക കൈമാറേണ്ടത്. വിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

7) ബനൂ ജുശമിന് അവരുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. മുമ്പത്തെപ്പോലെ പരസ്പര ധാരണയോടെയാവണം നഷ്ടപരിഹാരത്തുക കൈമാറേണ്ടത്. വിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

8) ബനുന്നജ്ജാറിന് തങ്ങളുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

9) ബനൂ അംറുബ്‌നു ഔഫിന് തങ്ങളുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

10. ബനുന്നബീതിന് തങ്ങളുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമു്. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധി

ഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

11) ബനുല്‍ ഔസിന് തങ്ങളുടെ ആശ്രിതരുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണഅട്. സത്യവിശ്വാസികള്‍ തമ്മിലുള്ള ഇടപാടുകള്‍ നന്മയിലും നീതിയിലും അധിഷ്ഠിതമാവേണ്ടതിന്, നഷ്ടപരിഹാരത്തുക നല്‍കിക്കൊണ്ടാവണം അവര്‍ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കേണ്ടത്.

12) മ. നഷ്ടപരിഹാരത്തിന്റെയോ കൊലക്കുറ്റത്തിനുള്ള പ്രായശ്ചിത്തത്തിന്റെയോ കാര്യം വരുമ്പോള്‍, ഞെരുക്കമുള്ളവന് എളുപ്പമാക്കിക്കൊടുക്കാന്‍ വിശ്വാസികള്‍ അമാന്തിക്കരുത്; അത് നന്മയുടെ തേട്ടമാണ്.

12) യ. ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി (അദ്ദേഹത്തിനെതിരെ) സഖ്യമോ ധാരണയോ ഉണ്ടാക്കരുത്.

13) അതിക്രമം കാണിക്കുകയോ ബലപ്രയോഗത്തിലൂടെ എന്തെങ്കിലും നേടാന്‍ ശ്രമിക്കുകയോ, അല്ലെങ്കില്‍ വിശ്വാസികള്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്ന ആര്‍ക്കെതിരെയും വിശ്വാസികള്‍ അവരുടെ കൈ ഉയര്‍ത്തേണ്ടതുണ്ട്; ആ അതിക്രമി സ്വന്തം മകനായിരുന്നാല്‍ പോലും.

14) അവിശ്വാസിക്കു വേണ്ടി വിശ്വാസി വിശ്വാസിയെ കൊല്ലുകയോ, വിശ്വാസിക്കെതിരെ അവിശ്വാസിയെ സഹായിക്കുകയോ അരുത്.

15) ദൈവത്തിന്റെ സംരക്ഷണം (ദിമ്മത്ത്) ഒന്നേയുള്ളൂ. വിശ്വാസികളില്‍ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കു വരെ ഈ സംരക്ഷണം നല്‍കാന്‍ കഴിയണം. വിശ്വാസികള്‍ പരസ്പര സഹകാരികളാവേണ്ടവരാണ്; അവരെ എതിര്‍ക്കുന്നവര്‍ക്കെതിരില്‍.

16) ജൂതന്മാരില്‍നിന്ന് നമ്മോടൊപ്പം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കും, തുല്യതയും. അവര്‍ പീഡിപ്പിക്കപ്പെടുകയില്ല; അവര്‍ക്കെതിരെ ആര്‍ക്കും സഹായവും നല്‍കില്ല.

17) മുസ്‌ലിംകള്‍ക്ക് സമാധാനത്തിന്റെ രീതി ഒറ്റയൊന്നാണ്; ദൈവമാര്‍ഗത്തില്‍ പോരാട്ടം ഉണ്ടാകുന്ന പക്ഷം, വിശ്വാസികളില്‍ ഒരു വിഭാഗം ശത്രുക്കളുമായി സമാധാന കരാര്‍ ഉണ്ടാക്കിക്കൂടാത്തതാണ്; സമാധനക്കാരാര്‍ വിശ്വാസികളില്‍ എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെങ്കിലല്ലാതെ.

18) നമ്മുടെ കൂടെ യുദ്ധം ചെയ്യുന്ന ഓരോ വിഭാഗത്തിനും ഊഴമനുസരിച്ച് വിടുതല്‍ നല്‍കുന്നതാണ്.

19) ദൈവമാര്‍ഗത്തില്‍ ചിന്തിയ രക്തത്തിന് പകരം ചോദിക്കേണ്ടത് വിശ്വാസികള്‍ ഒരൊറ്റ വിഭാഗം എന്ന നിലക്കാണ്.

20) മ. യഥാര്‍ഥ വിശ്വാസികള്‍ ഏറ്റവും മികച്ചതും ഋജുവുമായ സരണിയില്‍ സഞ്ചരിക്കുന്നവരാണ്.

20) യ. ഒരു ബഹുദൈവ വിശ്വാസിയും (ഇവിടെ 'മുശ്‌രിക് എന്നതുകൊണ്ട് ഉദ്ദേശിച്ചത്, മദീനയിലെ മുസ്‌ലിമല്ലാത്തവര്‍' എന്നാവാം) മക്കക്കാരായ ഖുറൈശികളുടെ ജീവന്നോ സ്വത്തിനോ സംരക്ഷണം നല്‍കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ സഹായം നല്‍കിക്കൂടാത്തതുമാണ്.

21) ഒരാള്‍ മനഃപൂര്‍വം വിശ്വാസിയെ വധിക്കുകയും എന്നിട്ടത് തെളിയിക്കപ്പെടുകയും ചെയ്താല്‍, കൊലയാളിയെ വധിക്കണം; കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് സമ്മതിച്ചാലല്ലാതെ. വിശ്വാസികള്‍ എല്ലാവരും ഇക്കാര്യത്തിനു വേണ്ടി നിലകൊള്ളണം; മറ്റൊരു രീതിയും നിയമാനുസൃതമായിരിക്കില്ല.

22) ഈ രേഖ (സ്വഹീഫഃ) അംഗീകരിക്കുന്ന, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരാളും ഒരു കൊലയാളി(മുഹ്ദിസ്)ക്ക് അഭയം നല്‍കിക്കൂടാത്തതാണ്. അങ്ങനെ നല്‍കുന്നവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഉണ്ടാകും. ഘാതകരുടെ സഹായിയില്‍നിന്ന് യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുന്നതുമല്ല.

23) ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുന്ന പക്ഷം, ഒരു തീര്‍പ്പിനായി അത് തിരിച്ചയക്കപ്പെടുക അല്ലാഹുവിലേക്കും മുഹമ്മദിലേക്കും ആയിരിക്കും.

24. ജൂതന്മാരും മുസ്‌ലിംകളും ഒന്നിച്ചാണ് പോരാടുന്നതെങ്കില്‍ ജൂതന്മാര്‍ക്കുണ്ടാവുന്ന ചെലവുകള്‍ അവര്‍ വഹിക്കണം.

25) ജൂതന്മാരിലെ ബനൂ ഔഫ് വിഭാഗം വിശ്വാസികള്‍ക്കൊപ്പമുള്ള സമൂഹം (ഉമ്മഃ) ആയി പരിഗണിക്കപ്പെടും. മുസ്‌ലിംകള്‍ക്ക് അവരുടെ മതം, ജൂതന്മാര്‍ക്ക് അവരുടെ മതം. ഗോത്രത്തിലെ അംഗത്തിനും ആശ്രിതനും ഇത് ബാധകമായിരിക്കും. കരാര്‍വ്യവസ്ഥ ആര് ലംഘിച്ചാലും അയാള്‍ അപകടപ്പെടുത്തുന്നത് സ്വന്തത്തെയും അയാളുടെ സ്വന്തം കുടുംബക്കാരെയും (അഹ്‌ലു ബൈത്തിഹി) ആയിരിക്കും.

26) ബനുന്നജ്ജാറിലെ ജൂതന്മാര്‍ക്കുള്ള അവകാശങ്ങള്‍ ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും.

27) ബനുല്‍ ഹാരിസയിലെ ജൂതന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും.

28) ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ ബനൂ സാഇദയിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും.

29) ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ ബനൂ ജുശമിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും.

30) ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ ബനുല്‍ ഔസിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും.

31) ബനുല്‍ ഔഫിലെ ജൂതന്മാര്‍ക്കുള്ള അവകാശങ്ങള്‍ ബനൂ സഅ്‌ലബയിലെ ജൂതന്മാര്‍ക്കും ഉണ്ടായിരിക്കും. കരാര്‍ വ്യവസ്ഥകള്‍ ആര് ലംഘിച്ചാലും അവര്‍ സ്വന്തത്തെയും സ്വന്തം കുടുംബാംഗങ്ങളെയുമായിരിക്കും അപകടപ്പെടുത്തുന്നത്.

32) സഅ്‌ലബയുടെ ഒരു ശാഖയാണ് ജഫ്‌ന. അവര്‍ക്കും അതേ അവകാശങ്ങള്‍ തന്നെയുണ്ടാവും.

33) ബനൂ ഔഫിലെ ജൂതന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ ബനൂ ശുതൈ്വബയിലെ ജൂതന്മാര്‍ക്കും ഉണ്ടാവും. ഈ കരാര്‍ പൂര്‍ത്തീകരിക്കപ്പെടും, ലംഘിക്കപ്പെടുകയില്ല.

34) സഅ്‌ലബ ഗോത്രക്കാര്‍ക്കുള്ള അതേ അവകാശങ്ങള്‍ അവരുടെ ആശ്രിതര്‍ക്കും ലഭിക്കും.

35) പ്രമുഖ ജൂത ഗോത്രങ്ങളിലെ അംഗങ്ങള്‍ക്കുള്ള അവകാശം അവരുടെ ഉപശാഖകളില്‍ (ബിത്വാനഃ) ഉള്ളവര്‍ക്കും ലഭിക്കും.

36) മ. അവര്‍ പുറത്തു പോകുന്നത് (സൈനിക നീക്കത്തിന്റെ ഭാഗമായി) മുഹമ്മദിന്റെ അനുവാദത്തോടെയാവണം.

36) യ. ആരെയെങ്കിലും മുറിപ്പെടുത്തിയാല്‍ പ്രതിക്രിയയുടെ കാര്യത്തില്‍ മാര്‍ഗതടസ്സങ്ങള്‍ ഉാവില്ല. ആരെങ്കിലും രക്തം ചിന്തിയാല്‍ അവന്‍ വ്യക്തിപരമായി ഉത്തരവാദിയായിരിക്കും; അവനുള്‍പ്പെട്ട കുടുംബത്തിനും ഉത്തരവാദിത്തമുണ്ടായിരിക്കും. അല്ലാത്ത പക്ഷം അത് അനീതിയായിരിക്കും. ഇതൊക്കെ സൂക്ഷ്മമായി പാലിക്കുന്നവരുടെ കൂടെയാണ് ദൈവം.

37) മ. ജൂതന്മാര്‍ അവരുടെ (യുദ്ധ)  ചെലവുകള്‍ വഹിക്കണം; മുസ്‌ലിംകള്‍ അവരുടേതും. ഈ രേഖ(സ്വഹീഫഃ)യില്‍ ഒപ്പുവെച്ചവര്‍ക്ക് എതിരെ ആര് യുദ്ധം ചെയ്താലും ഈ കക്ഷികള്‍ തമ്മില്‍ പരസ്പര സഹകരണം ഉണ്ടാകണം. ആത്മാര്‍ഥമായ സദുപദേശവും ഗുണകാംക്ഷയുമാണ് അവര്‍ തമ്മില്‍ ഉണ്ടാകേണ്ടത്. കരാര്‍ പൂര്‍ത്തീകരിക്കപ്പെടുകയാണ് വേണ്ടത്; ലംഘിക്കപ്പെടുകയല്ല.

37) യ. ഒരാളും സഖ്യകക്ഷി(ഹലീഫ്)യുമായി ചെയ്ത കരാര്‍ ലംഘിക്കരുത്. മര്‍ദിതര്‍ക്ക് സഹായം നല്‍കുകയും വേണം.

38) ഒന്നിച്ച് യുദ്ധം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ജൂതന്മാര്‍ തങ്ങളുടെ യുദ്ധച്ചെലവുകള്‍ വഹിക്കണം.

39) ഈ കരാറില്‍ സഖ്യകക്ഷികളായ എല്ലാവര്‍ക്കും യസ്‌രിബ് താഴ്‌വര (ജൗഫ്) അതിക്രമങ്ങളും ലംഘനങ്ങളും അനുവദിക്കപ്പെടാത്ത ഭൂപ്രദേശമാണ്.

40) സംരക്ഷിക്കപ്പെട്ട ആള്‍ (ജാര്‍), സംരക്ഷണം നല്‍കിയ തദ്ദേശീയ ഗോത്രക്കാരനെപ്പോലെ തന്നെയാണ്. സംരക്ഷണം നല്‍കിയവനെയോ നല്‍കപ്പെട്ടവനെയോ ഉപദ്രവിക്കാവതല്ല; ഇരുവരും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാവുന്നതുമല്ല.

41) തദ്ദേശീയരായ ആളുകളുടെ അനുവാദത്തോടെ മാത്രമേ ഏതൊരാള്‍ക്കും സംരക്ഷണം നല്‍കാവൂ.

42) ഈ 'സ്വഹീഫ'യില്‍ പങ്കാളികളായ രണ്ട് കക്ഷികള്‍ക്കിടയില്‍ കൊലയോ തര്‍ക്കമോ നടക്കുകയും അത് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയുമാണെങ്കില്‍ അല്ലാഹുവിലേക്കും മുഹമ്മദ് നബി(സ)യിലേക്കുമാണ് ആ പ്രശ്‌നം വിധിതീര്‍പ്പിനായി വിടേണ്ടത്. കരാര്‍ വ്യവസ്ഥകള്‍ സനിഷ്‌കര്‍ഷം പാലിക്കപ്പെടുന്നുവെന്ന് അല്ലാഹുവിനെ സാക്ഷിനിര്‍ത്തിയാണ് പറയാനാവുക.

43) ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കാ സംരക്ഷണം നല്‍കാവതല്ല.

44) യസ്‌രിബ് ആക്രമിക്കുന്നവര്‍ക്കെതിരെ അവര്‍ (ജൂതന്മാരും മുസ്‌ലിംകളും) പരസ്പരം സഹായിക്കേണ്ടവരാണ്.

45) മ. ഒരു സമാധാന സന്ധിയില്‍ പങ്കെടുക്കാനോ അത് അനുധാവനം ചെയ്യാനോ ജൂതന്മാര്‍ ക്ഷണിക്കപ്പെട്ടാല്‍, അവരതില്‍ പങ്കെടുക്കുകയും അുധാവനം ചെയ്യുകയും വേണം. ജൂതന്മാര്‍ വിശ്വാസികളെ അത്തരം സന്ധിയിലേക്ക് ക്ഷണിച്ചാല്‍ അവരും അതിന് ഉത്തരം നല്‍കണം; ദൈവമാര്‍ഗത്തിലുള്ള സമരം ഇതില്‍നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.

45) യ. ഓരോ വിഭാഗത്തിന്റെയും ചെലവുകള്‍ വഹിക്കേണ്ട ബാധ്യത അവരവര്‍ക്കു തന്നെയാണ്.

46) ഔസിലെ ജൂതന്മാര്‍ക്ക്, തദ്ദേശീയ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള അതേ അവകാശങ്ങള്‍ ഈ രേഖ പ്രകാരം നല്‍കപ്പെടുന്നതാണ്. കരാറില്‍ എല്ലാ കക്ഷികള്‍ക്കും പൂര്‍ണമായ രൂപത്തില്‍ അവകാശങ്ങള്‍ നല്‍കപ്പെടുന്നതാണ്. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കപ്പെടുകയാണ് ചെയ്യുക; ലംഘിക്കപ്പെടുകയല്ല. തിന്മയുടെ പിറകെ പോകുന്നവന്റെ പ്രവൃത്തി അവന് തന്നെ ദോഷമായിത്തീരും. കരാര്‍ വ്യവസ്ഥകള്‍ വളരെ കണിശമായും സത്യസന്ധമായും പാലിക്കപ്പെടുമെന്നതിന് ദൈവം സാക്ഷി.

47) ഈ രേഖ(കിതാബ്) ഒരിക്കലും ഏതെങ്കിലും മര്‍ദകനെയോ കരാര്‍ ലംഘകനെയോ സംരക്ഷിക്കുകയില്ല. പുറത്തു പോകുന്നവര്‍ക്കും (സൈനിക നീക്കത്തിനും മറ്റും) സംരക്ഷണമുണ്ടാകും; മദീനയില്‍ തങ്ങുന്നവര്‍ക്കും സംരക്ഷണമുണ്ടാകും. മര്‍ദകരും കരാര്‍ ലംഘകരും ഇതില്‍നിന്നൊഴിവാണ്. കരാറുകള്‍ പൂര്‍ത്തീകരിക്കുന്നവരുടെ സംരക്ഷകനാണല്ലോ അല്ലാഹു. ദൈവപ്രവാചകന്റെയും (അദ്ദേഹത്തിനു മേല്‍ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ) സംരക്ഷകനാണല്ലോ അവന്‍.

ഈ രേഖയുടെ അറബിപാഠം ഇനി പറയുന്ന കൃതികളിലൊക്കെ വന്നിട്ടുണ്ട്. ഇബ്‌നു ഹിശാം: സീറത്തു റസൂലില്ലാഹ്, ഇബ്‌നു ഇസ്ഹാഖ്- സീറ, അബൂ ഉബൈദ്- കിതാബുല്‍ അംവാല്‍, ഇബ്‌നു സഞ്ചൂയ- കിതാബുല്‍ അംവാല്‍, ഉമറുല്‍ മുസീലി- വസീലതുല്‍ മുതഅബ്ബിദീന്‍, ഇബ്‌നു സിയാദ് അന്നാസ്- ഉയൂനുല്‍ അസര്‍, ഇബ്‌നു കസീര്‍- അല്‍ബിദായ വന്നിഹായ. എന്റെ അല്‍വസാഇഖുസ്സിയാസിയ്യ എന്ന കൃതിയില്‍ ഇതു സംബന്ധമായ വിശദാംശങ്ങളുണ്ട്.

 

മദീനയിലെ മുസ്‌ലിം കോളനികള്‍

ഇസ്‌ലാമിനോടുള്ള ശത്രുതയും വിദ്വേഷവും കാരണം മക്കയിലെ ബഹുദൈവാരാധകര്‍ അവരുടെ മുസ്‌ലിം സഹോദരന്മാരെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കുകയായിരുന്നല്ലോ. തങ്ങളുടെ രാഷ്ട്രീയ ഘടനയില്‍ 'പ്രശ്‌നക്കാരായി' മാറുമെന്നു കണ്ട് മുസ്‌ലിം ജനവിഭാഗത്തെ മക്കയില്‍നിന്ന് ഒഴിപ്പിക്കുക മാത്രമല്ല, അവരുടെ സ്ഥാവരവും ജംഗമവുമായ എല്ലാ സ്വത്തുക്കളും അവര്‍ കണ്ടുകെട്ടുകയും ചെയ്തു. കാലം പിന്നിട്ടപ്പോള്‍ ഈ തിക്താനുഭവങ്ങള്‍ പ്രവാചകനും അനുയായികളും മറക്കുകയും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ, മദീനയിലും മുസ്‌ലിംകളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുകയില്ല എന്ന പ്രതിജ്ഞയെടുത്ത് നില്‍ക്കുകയായിരുന്നു മക്കയിലെ പ്രതിയോഗികള്‍. അവര്‍ മദീനയിലെ അറബികളെ ഭീഷണിപ്പെടുത്തി- ഒന്നുകില്‍ നിങ്ങള്‍ മുഹമ്മദിനെ വധിക്കണം; അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കുകയെങ്കിലും വേണം. അല്ലെങ്കില്‍ വേണ്ടത് ചെയ്യേണ്ടിവരും. അഥവാ, മദീന കൈയേറുമെന്ന്. മദീനയിലെ അന്‍സ്വാറുകള്‍ ഈ ആവശ്യം അപ്പടി തള്ളിക്കളഞ്ഞു. ജൂതന്മാരെ ഇളക്കിവിടാന്‍ പറ്റുമോ എന്ന ശ്രമത്തിലായി പിന്നെ മക്കക്കാര്‍. ജൂതന്മാര്‍ പലതായി ശിഥിലമായിട്ടുണ്ടെങ്കിലും മോശമല്ലാത്ത ജനസംഖ്യയുണ്ട് അവര്‍ക്ക് മദീനയില്‍. ഇത് മുസ്‌ലിംകള്‍ക്ക് ആഭ്യന്തരവും വൈദേശികവുമായ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അതിനെ നേരിടാന്‍ പ്രവാചകന്‍ ആദ്യം തന്റെയൊപ്പമുള്ള ചെറിയ വിശ്വാസി സമൂഹത്തിന്റെ നില ഭദ്രമാക്കിയ ശേഷം, തദ്ദേശീയരും എന്നാല്‍ മുസ്‌ലിംകളല്ലാത്തവരുമായ മറ്റു ജനവിഭാഗങ്ങളുമായി ധാരണകളുണ്ടാക്കി. എന്നല്ല, മുസ്‌ലിംകളെയും അല്ലാത്തവരെയുമൊക്കെ ഒരു ദേശരാഷ്ട്രത്തിന്റെ ഘടനയില്‍ തനിക്കു പിന്നില്‍ അണിനിരത്താന്‍ വരെ പ്രവാചകന് സാധിച്ചു. പൊതുസുരക്ഷ എന്ന കാര്യത്തിലായിരുന്നു മുഖ്യമായും ഈ ഐക്യം. എല്ലാ വിഭാഗങ്ങള്‍ക്കും സ്വയംനിര്‍ണയാവകാശം നല്‍കിക്കൊണ്ടുള്ള ഒരു കോണ്‍ഫെഡറേഷന്‍ ഘടനയായിരുന്നു അതിന്.

ഇതു മാത്രം മതിയാവുമായിരുന്നില്ല. കാരണം അപ്പോഴും മുസ്‌ലിംകള്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ്. ഇസ്‌ലാം വളരുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ, പെട്ടെന്നു തന്നെ മദീനയിലെ മുസ്‌ലിം ജനസംഖ്യ അധികരിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ എത്തിച്ചേരുന്നവര്‍ എണ്ണത്തില്‍ വളരെക്കുറവാണെങ്കിലും ശരി. അങ്ങനെയാണ് അവിടെയുമിവിടെയും ചിതറിക്കിടക്കുന്ന മുസ്‌ലിംകളെ മദീനയിലേക്കാകര്‍ഷിക്കാന്‍ പ്രവാചകന്‍ മുന്‍കൈയെടുക്കുന്നത്. നേരത്തേ മുഹാജിറുകള്‍ എന്ന പേരില്‍ ഒരു വിഭാഗം മക്കയില്‍നിന്ന് മദീനയിലെത്തി പാര്‍പ്പുറപ്പിച്ചിരുന്നുവല്ലോ. സകലതും ഉപേക്ഷിച്ചു വന്ന അവര്‍ വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. അത് വലിയൊരു ബഹുമതിയാണു താനും. ആ ബഹുമതി മക്കന്‍ മുഹാജിറുകള്‍ക്ക് മാത്രമല്ല, മറ്റിടങ്ങളില്‍നിന്ന് മദീനയിലേക്ക് വരുന്നവര്‍ക്കും ലഭിക്കുമെന്ന് പ്രവാചകന്‍ വിശദീകരിച്ചു. മറ്റിടങ്ങളില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ചവര്‍ തങ്ങളുടെ ജന്മനാട് വിട്ട് മദീനയില്‍ വരേണ്ടത്, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ, ഒരു അനിവാര്യതയാണ് എന്നാണ് മനസ്സിലാക്കപ്പെട്ടത് (മക്കാ വിജയം നടന്ന ഹിജ്‌റ എട്ടാം വര്‍ഷം വരെയായിരുന്നു ഇങ്ങനെയൊരു ബാധ്യത ഉണ്ടായിരുന്നത്). ആവേശപൂര്‍വം, എന്നാല്‍ വല്ലാതെ നിര്‍ബന്ധം പിടിക്കാതെയും നടപ്പാക്കപ്പെട്ട ഈ നയം സാമാന്യം നല്ല ഫലങ്ങളും ഉണ്ടാക്കി. പ്രവാചകന്‍ മദീനയിലെത്തി ഒമ്പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അതിന്റെ വ്യക്തമായ തെളിവുകളും കണ്ടുതുടങ്ങി.

ഒരു സംഭവം പറയാം. ഹിജ്‌റ രണ്ടാം വര്‍ഷം മുഹര്‍റം പത്തിന് അസ്മാഅബ്‌നു ഹാരിസ അല്‍ അസ്‌ലമി എന്നൊരാള്‍ പ്രവാചകനെ കാണാനായി വന്നു. പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു: ''താങ്കള്‍ ഇന്ന് നോമ്പെടുത്തിട്ടുണ്ടോ?'' അയാള്‍: ''ഇല്ല.'' നബി: ''എന്നാല്‍ നോമ്പെടുക്കൂ.'' അയാള്‍: ''ഞാന്‍ നേരത്തേ പ്രാതല്‍ കഴിച്ചുപോയല്ലോ.'' നബി: ''അത് പ്രശ്‌നമില്ല. പകലിന്റെ ബാക്കി ഭാഗം നോമ്പെടുത്തോളൂ. താങ്കളുടെ കുടുംബത്തോടും അങ്ങനെ ചെയ്യാന്‍ പറയൂ.'' ഒട്ടും സമയം കളയാതെ, ഊരിവെച്ച തന്റെ ചെരുപ്പുകള്‍ പോലും ഇടാതെ, ഈ അസ്‌ലമിക്കാരന്‍ ഓടി മദീനയുടെ പ്രാന്തത്തില്‍ തന്റെ കുടുംബക്കാര്‍ വസിക്കുന്ന യഈന്‍ കോളനിയിലെത്തി. എന്നിട്ട് എല്ലാവരോടും ആശൂറാഅ് നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു.1  ആശൂറാഅ് നോമ്പെടുക്കാന്‍ നിര്‍ബന്ധമാക്കിയത് ഹിജ്‌റ രണ്ടാം വര്‍ഷം തന്നെയായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് അതേ വര്‍ഷം തന്നെ അതിനു പകരം റമദാനില്‍ നോമ്പെടുക്കല്‍ നിര്‍ബന്ധമാക്കി. പറഞ്ഞുവന്ന കാര്യം, ഹിജ്‌റ രാം വര്‍ഷം തന്നെ അസ്‌ലമി ഗോത്രത്തിലെ പല കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ത്തിരുന്നു എന്നാണ്. ഇങ്ങനെ മദീനയില്‍ വന്ന് പാര്‍പ്പുറപ്പിക്കുന്ന മദീനക്കാരല്ലാത്ത മുസ്‌ലിം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ഗോത്ര-പിതൃ ബന്ധങ്ങളും മറ്റും നോക്കിയാണ് അവര്‍ വിവിധ ഭാഗങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചുകൊണ്ടിരുന്നത്.2 എല്ലാറ്റിലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ഓരോ കുടിയേറ്റ മേഖലയിലും സ്വന്തമായി പള്ളിയും മാര്‍ക്കറ്റും ചിലപ്പോള്‍ ശ്മശാനം പോലും ഉണ്ടായിരുന്നു.

ഓരോ ദിവസവും വിപുലമായിക്കൊിരുന്ന, ഇസ്‌ലാമികവത്കരിക്കപ്പെട്ടുകൊണ്ടിരുന്ന മദീന എന്ന രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനായി മദീനക്കു ചുറ്റുമുള്ള ഗോത്രങ്ങളുമായി പ്രവാചകന്‍ സൈനിക സഖ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. വടക്ക് ജുഹൈനയുമായും തെക്ക് ളമറ, ഗിഫാര്‍, മുദ്‌ലിജ് എന്നിവയുമായും അദ്ദേഹം ഉണ്ടാക്കിയ സഖ്യങ്ങള്‍ ഉദാഹരണം. തനിക്കു ചുറ്റും സുഹൃത്തുക്കളുടെ ഒരു വലയം സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം. മക്കയിലെ അതിശക്തനായ ശത്രു ഉയര്‍ത്തുന്ന അപകടത്തിന്റെ വീര്യം കുറച്ചുകൊണ്ടുവരാനാണിത്.3

ഇനി ഓരോരോ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നാം വെവ്വേറെ പഠിക്കാന്‍ പോവുകയാണ്. പഠനത്തിനിടെ നിരവധി പ്രശ്‌നങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും. മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ ഇസ്‌ലാമീകരിക്കപ്പെട്ടിരുന്നെങ്കിലും, പഴയ കുടിപ്പക അവര്‍ക്കിടയില്‍ ചിലപ്പോള്‍ തികട്ടിവരും. അപ്പോഴവര്‍ പണ്ടത്തെപ്പോലെ അക്രമാസക്തരാകും. ജൂതന്‍മാരാകട്ടെ ഇവരെ വീണ്ടും തമ്മിലടിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്തുകൊടുക്കുകയും ചെയ്യും.4 

 

(തുടരും)

കുറിപ്പുകള്‍

1. സംഹൂദി- വഫാഅ്, പേജ് 1335, ബുഖാരി 30/69/8, 95/4/2, ഇബ്‌നു ഹമ്പല്‍ IV, 78

2. അഹ്‌ദെ നബവി മേം നിസാമെ ഹുകുംറാനി (കറാച്ചി, 1981) എന്ന എന്റെ ഉര്‍ദു പുസ്തകത്തിലെ 'ഹിജ്‌റത് യാ നൗ ആബാദ്കാരി' എന്ന അധ്യായം കാണുക.

3. സംഹൂദി, പേജ് 268

4. അതേ പുസ്തകം, പേജ് 334

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (1-5)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയിലെ സമരം
കെ.സി ജലീല്‍ പുളിക്കല്‍