Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ആശങ്കയും പ്രതീക്ഷയും

സലീം നൂര്‍ ഒരുമനയൂര്‍

1960-കളുടെ ആദ്യ പകുതിയില്‍ തുടങ്ങിയ  ജീവിതോപാധികള്‍  തേടിയുള്ള  മലയാളികളുടെ  ഗള്‍ഫിലേക്കുള്ള പ്രവാഹം കേരളത്തിന്റെ  സമ്പദ്ഘടനയെ അടിമുടി മാറ്റിപ്പണിതു.  സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ കേരളം തുല്യതയില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഇത് അവസരം നല്‍കി. തങ്ങളുടെ ഉറ്റവര്‍ക്ക്  മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കുന്നതിനായിരുന്നു ഈ മനുഷ്യരത്രയും മലയാളക്കരയില്‍നിന്ന് അറേബ്യന്‍ മരുഭൂമി ലക്ഷ്യമാക്കി യാത്രയായത്. പുറപ്പെട്ടവരില്‍ മുക്കാല്‍ പങ്കും ഒരു പരിധിവരെ  ലക്ഷ്യം നിറവേറ്റിയവരാണ്. പ്രവാസികള്‍ നാട്ടിലേക്കയച്ച വിദേശനാണ്യം മലയാളക്കരയുടെ ജീവിത നിലവാരത്തെ ആകെ മാറ്റിമറിച്ചുവെന്ന് പറയാം. യൂറോപ്യന്‍ നാടുകളിലെയോ മറ്റു വികസിത രാജ്യങ്ങളിലെയോ ജനങ്ങളുടെ ജീവിത നിലവാരത്തിലേക്ക് മലയാളിയെ കൊണ്ടുപോകുന്നതിന് അറേബ്യന്‍ പണം ഹേതുവായി. അമ്പതു ഡിഗ്രി വരെ വരുന്ന ചൂടില്‍ ചോര നീരാക്കിയാണ് പ്രവാസികള്‍ ഈ വിദേശനാണ്യം നാട്ടിലേക്ക് അയച്ചിരുന്നത്. പ്രവാസികള്‍ ഭൂരിഭാഗവും ചുരുണ്ടുകൂടിയ ജീവിതം നയിച്ചിട്ട് അയച്ച ഈ വിദേശനാണ്യം കൊണ്ടാണ്  മലയാളിയും കേരളവും മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയെടുത്തത്. പ്രവാസിയുടെ മുഖ്യ പ്രശ്‌നങ്ങളോട്  സര്‍ക്കാരും നാട്ടുകാരും സ്വീകരിച്ച  നിലപാട് കാണുമ്പോള്‍ ഗള്‍ഫുകാരന്റെ ഈ വിയര്‍പ്പിനെ ഇവരാരും വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്ന് പറയാതെ വയ്യ.

മാറുന്ന ലോക സാഹചര്യങ്ങള്‍ ഗള്‍ഫ് പ്രതീക്ഷകള്‍ക്ക് ഇന്ന് തിരിച്ചടികളാവുകയാണ്. ഈ തിരിച്ചടികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍  ബാധിക്കും. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണവും പണം വരവും കുറയുന്നു എന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഏറ്റവും പുതിയ കണക്ക്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനത്തോളം കുറഞ്ഞു. അതുപോലെ കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ 2014-ല്‍ ഇരുപത്തിനാലു ലക്ഷമായിരുന്നെങ്കില്‍ ഇന്നത് ഇരുപത്തിരണ്ടു ലക്ഷത്തിലേക്ക് താഴ്ന്നിരിക്കുന്നു. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വിദേശനാണ്യത്തിന്റെ നിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് പത്ത് കോടിയോളം കുറഞ്ഞിരിക്കുന്നു. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പ്രവാസികളുടെ വരുമാനത്തില്‍ 40% വര്‍ധനവ് ഉണ്ടായിരുന്നിടത്താണ് ഇപ്പോള്‍ തകര്‍ച്ച നേരിടുന്നത്. പെട്രോളിയം വിലത്തകര്‍ച്ച മൂലം നേരിട്ട പ്രതിസന്ധി ഗള്‍ഫ് നാടുകളില്‍ തൊഴിലവസരങ്ങള്‍ കുറയാന്‍ വളരെയേറെ കാരണമായിട്ടുണ്ട്.  ഈ നിരക്കുകുറവ് ഇനിയും താഴോട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഗള്‍ഫ് മേഖലയില്‍ അന്തരീക്ഷം ഇരുണ്ടുകൂടുന്നത്. വരുംവര്‍ഷങ്ങളില്‍ പ്രവാസി വരുമാനത്തിന്റെ തോത് ഗണ്യമായി കുറയുമെന്നാണ് കണക്കുകള്‍ പറയുന്നത്.

2011-ല്‍ സുഊദി അറേബ്യ നടപ്പിലാക്കിയ  'നിതാഖാത്' എന്ന സ്വദേശിവല്‍ക്കരണം വഴിയും അവസാനം നടപ്പിലാക്കിയ പൊതുമാപ്പ്  വഴിയും   പതിനായിരങ്ങളാണ് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് മൊബൈല്‍ ഷോപ്പുകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിച്ചത് മലയാളികളെ സംബന്ധിച്ച് കൂനിന്മേല്‍ കുരുവായി. ചെറുകിട വ്യാപാര മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള ശ്രമം ശക്തമാണ്. കുടുംബത്തോടൊപ്പം കഴിയുന്ന ഒരാള്‍ക്ക് 100 രിയാല്‍ എന്ന തോതില്‍ 2017 ജൂലൈ ഒന്ന് മുതല്‍ ലെവി ചുമത്താന്‍ തുടങ്ങിയിരിക്കുന്നു. ഈ ലെവി തുടര്‍വര്‍ഷങ്ങളില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും എന്ന അറിയിപ്പ് സുഊദിയിലെ പ്രവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കുട്ടികളോടൊപ്പം താമസിക്കുന്നവര്‍ വരുമാനത്തില്‍ കാര്യമായ വര്‍ധനവ് ലഭിക്കാത്ത സാഹചര്യത്തില്‍  വര്‍ധിച്ചുവരുന്ന ജീവിത ചെലവിനോടൊപ്പം ഉയര്‍ന്ന സ്‌കൂള്‍ ഫീസ് വഹിക്കാനാകാതെ നട്ടം തിരിയുമ്പോഴാണ് ലെവി ഇരുട്ടടിയായി വരുന്നത്. സുഊദി അറേബ്യയിലെ ഇത്തരം നീക്കങ്ങളില്‍നിന്നും രക്ഷതേടി മറ്റു ജി.സി.സി രാജ്യങ്ങള്‍ ലക്ഷ്യമാക്കിയവരെ ഖത്തര്‍ പ്രശ്‌നം തെല്ലൊന്നുമല്ല നിരാശരാക്കിയത്.

ഗള്‍ഫ് മേഖലയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ പ്രവാസികളുടെ വലിയ ഒരു തിരിച്ചുവരവിന് കളമൊരുക്കിയേക്കാം. ഒമാനില്‍ സ്വദേശിവത്കരണം പണ്ടേ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ  സ്വദേശിവല്‍ക്കരണത്തിന്  ഒരു പ്രത്യേക വകുപ്പ് തന്നെ  രൂപീകരിച്ചു കഴിഞ്ഞു. യു.എ.ഇയില്‍ സ്ത്രീകളുടെ  ശാക്തീകരണത്തിനും സംരംഭകത്വത്തിനും വേണ്ടി സര്‍ക്കാര്‍ ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി കൂട്ടായ്മകള്‍ എന്നിവയോട് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടത്തെ  ഏറ്റവും പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ബാങ്കിംഗ് മേഖലയില്‍ 37.5 ശതമാനം സ്ത്രീകള്‍ ജോലി നേടി. സ്ത്രീകളടക്കമുള്ള സ്വദേശികളുടെ കടന്നുവരവ് തൊഴില്‍ മേഖലയില്‍  വിദേശി തൊഴിലാളികളുടെ സാധ്യതകള്‍ക്ക് വലിയ തരത്തില്‍ മങ്ങലേല്‍പ്പിക്കും. ബഹ്‌റൈന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലും സാധാരണക്കാരായ പ്രവാസികളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. എണ്ണ വിലയിടിവ് മറ്റൊരു പ്രതിസന്ധിയാണ്. 2008-ല്‍ ബാരലിന് 140 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡ് ഓയില്‍ 2017-ല്‍ 48 ഡോളര്‍ വരെ താണു. എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്ന ഗള്‍ഫ് സമ്പദ് വ്യവസ്ഥയെ ഇത് സാരമായി ബാധിച്ചു.

കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ  31 ശതമാനം പ്രവാസികള്‍ അയക്കുന്ന പണമാണ്. വര്‍ഷംതോറും വന്‍തുക വിദേശനാണ്യം നാട്ടിലെത്തിച്ചിരുന്ന പ്രവാസികള്‍ക്ക് സ്വന്തം സര്‍ക്കാരുകള്‍ ഒരുക്കിവെച്ചിരിക്കുന്നത് ഓട്ടക്കാലണ മാത്രമാണ്. ഈ മാറിയ സാഹചര്യം കേരളത്തിന്റെ സാമ്പത്തിക അടിത്തറ നഷ്ടപ്പെടുത്തുന്നതിനു വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും ഭരണാധികാരികള്‍ പ്രവാസികളുടെ കാര്യത്തില്‍ ഇപ്പോഴും നിസ്സംഗത തുടരുകയാണ്. മലയാളി പ്രവാസികളുടെ ക്ഷേമത്തിനെന്നു പറഞ്ഞ് പ്രവാസി ക്ഷേമനിധിയും നോര്‍ക്കയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ല. ഗള്‍ഫിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം കുറയുമ്പോഴും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ നിരക്കില്‍ ഈ കാലയളവില്‍  വര്‍ധനവ് ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. മേല്‍പറഞ്ഞ പ്രതിസന്ധികള്‍ ഗള്‍ഫ് പ്രവാസികളെ അലട്ടുമ്പോഴും ഇനിയും മലയാളികള്‍ക്ക് തേടിപ്പിടിക്കാനാകുന്ന സാധ്യതകള്‍ ഈ മേഖലകളില്‍ ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. മാറിയ സാഹചര്യത്തില്‍ മലയാളികളുടെ മികവിനെ പരമാവധി ഉപയോഗപ്പെടുത്താനായി വ്യത്യസ്ത മേഖലകള്‍ കണ്ടെത്തി സംസ്ഥാനത്തേക്ക് വിദേശനാണ്യം ലഭ്യമാക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ അമാന്തിച്ചു നിന്നാല്‍ കേരളത്തിന്റെ ഭാവി ശോഭനമായിരിക്കില്ലെന്ന് തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌