പ്രതിസന്ധികള്‍ നിറഞ്ഞതാണ് പ്രബോധകരുടെ വിജയവീഥി
അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ആദര്‍ശ സമൂഹമാണ് മുസ്‌ലിംകള്‍. ശക്തമായ ആദര്‍ശവും യുക്തമായ കര്‍മപരിപാടികളും വ്യക്തമായ ലക്ഷ്യവും അതിനുണ്ട്. അല്ലാഹുവാണ് ഈ സമാജത്തിന്റെ രക്ഷകന്‍. ലാ ഇലാഹ ഇല്ലല്ലാഹ് ആണ് ആദര്‍ശം. ദഅ്‌വത്താണ് കര്‍മപാത. ഇഖാമത്തുദ്ദീനാണ് ലക്ഷ്യം. അതുവഴിയുള്ള സ്വര്‍ഗം അന്ത്യാഭിലാഷവും. മുഹമ്മദ് നബി(സ)യാണ് സമ്പൂര്‍ണ മാതൃകാ നായകന്‍. ഖുര്‍ആന്‍ ഒന്നു മാത്രമാണ് ഈ സമാജത്തിന്റെ നിയമവും നിലപാടും. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകന്‍(സ) വരെയുള്ള ദൈവദൂതന്മാരാണ് അവരുടെ പൂര്‍വ പിതാക്കള്‍. പട്ടുപരവതാനികളില്‍ പാദമൂന്നിയവരല്ല അവര്‍. അനുമോദനത്തിന്റെ പുഷ്പഹാരങ്ങള്‍ കഴുത്തിലണിഞ്ഞവരുമല്ല. അധികാരികളുടെ ആശീര്‍വാദങ്ങളാല്‍ അകം പുളകം കൊണ്ടവരുമല്ല. പ്രതിസന്ധികളുടെ കനല്‍പഥങ്ങളെ ശുഭപ്രതീക്ഷയോടെ താണ്ടിക്കടന്നവര്‍. പ്രലോഭനങ്ങളുടെ ഭംഗിവാക്കുകളെ പുഛിച്ചുതള്ളിയവര്‍. നാടുവിട്ട പറവയെ പോലെ ആദര്‍ശത്തിനു കൂടൊരുക്കാനിറങ്ങിയവര്‍. തടവറകള്‍ അവര്‍ക്ക് മണിയറകളായിരുന്നു. തൂക്കുകയര്‍ സ്വര്‍ഗത്തിലേക്കുള്ള ആദര്‍ശത്തിന്റെ പിടിവള്ളിയും. രക്തസാക്ഷ്യത്തെ അവര്‍ മധുരമനോഹര സ്വപ്‌നമാക്കി. ഉറക്കിലെ ദിവാ സ്വപ്‌നങ്ങളല്ല, നറുനിലാവഴകുള്ള ഉണര്‍വിലെ പ്രതീക്ഷാ സ്വപ്‌നങ്ങള്‍.
അഗ്നിനാളങ്ങളെ കണ്ട് ഇബ്‌റാഹീം(അ) പതറിയില്ല. ഫറോവയുടെ മുന്നില്‍ മൂസ ഭയവിഹ്വലനായില്ല. പ്രമാണിമാരുടെ ഭീഷണിയില്‍ നൂഹ് നബി(അ) നിഷ്പ്രഭവനായില്ല. അപവാദങ്ങളുടെ ശരവര്‍ഷത്തില്‍ ഈസാ(അ) അടിയറവു പറഞ്ഞില്ല. ഖുറൈശികളുടെ ബഹിഷ്‌കരണത്തില്‍ മുഹമ്മദ് നബി(സ) ആദര്‍ശത്തെ തിരസ്‌കരിച്ചില്ല. പഞ്ച പ്രവാചകന്മാര്‍ (ഉലൂല്‍ അസ്മ്) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സഹന സമരത്തിന്റെ ആള്‍രൂപങ്ങള്‍. ക്ഷമയുടെ നെല്ലിപ്പലകയില്‍ ആദര്‍ശത്തെ വിജയിപ്പിച്ചെടുത്തവര്‍. അവരുടെ ദൗത്യമല്ലാതെ ഈ സമാജത്തിന് ഒരു രക്ഷാമാര്‍ഗവുമില്ല. ശരീഅത്ത് സംരക്ഷണത്തിന് മുറവിളി കൂട്ടുന്നവര്‍ക്ക് ഇതല്ലാതൊരു സംരക്ഷണ ദൗത്യവുമില്ല.
''നൂഹിനോട് കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് ശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്ക് നിയമമായി നിശ്ചയിച്ചുതന്നിരിക്കുന്നു. നീ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക. നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരുന്ന ഈ സന്ദേശം ബഹുദൈവ വിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായി തോന്നുന്നു. അല്ലാഹു താനിഛിക്കുന്നവരെ തനിക്കു വേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു'' (അശ്ശൂറ 13).
പ്രതിസന്ധികളുടെ ആഴക്കടലില്‍ ആ പ്രവാചകന്മാര്‍ വലിച്ചെറിയപ്പെട്ടു. പ്രബോധകന്മാര്‍ ആ പാതയില്‍ സഹനത്തോടെ അണിനിരന്നു. ഒട്ടനവധി ഭക്തന്മാര്‍ അതിനെ പിന്തുണച്ചു. ആ അഗ്നി പരീക്ഷകളില്‍ പ്രവാചകന്മാരും പ്രബോധകന്മാരും ദുര്‍ബലരാവുകയോ ഭീരുക്കളാവുകയോ ചെയ്തില്ല. സഹനസമരം കൊണ്ട് അവര്‍ വിജയഭേരി മുഴക്കി.
പ്രതിസന്ധികള്‍ ഭിന്നമാകാം. പരീക്ഷണ പാതകള്‍ വ്യത്യസ്തമാകാം. മര്‍ദകരുടെ നാമവും ദേശവും മാറിയിരിക്കാം. പക്ഷേ, ലോകത്തെവിടെയും ഇസ്‌ലാമിക സമാജത്തിന്റെ അകക്കാമ്പില്‍ അടിയുറച്ച വചനം ഒന്നു മാത്രമായിരിക്കും. 'ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്.'
സ്വഫാ മലയില്‍ നബി(സ) കയറി. 'വാ സ്വബാഹാ' കാഹളമുയര്‍ന്നു. പരസ്യ പ്രബോധനത്തിന് സമാരാംഭം കുറിച്ചു. പ്രതിഷേധം, പ്രലോഭനം, പീഡനം, ബഹിഷ്‌കരണം. വറചട്ടിയില്‍നിന്ന് എരിതീയിലേക്കുള്ള വലിച്ചെറിയലുകള്‍. കുടുംബത്തിന്റെ അവലംബം നഷ്ടപ്പെട്ടു. അബൂത്വാലിബെന്ന താങ്ങും ഖദീജയെന്ന തണലും ഇല്ലാതായി. ഇരു ചിറകുമറ്റതിന്റെ ദുഃഖവേദന. ഇനി പ്രതീക്ഷ ത്വാഇഫില്‍. മാതൃവാത്സല്യത്തിന്റെ ഓര്‍മകളില്‍ അറ്റുപോകാത്ത ബന്ധത്തിന്റെ നൂല്‍പാലത്തില്‍ ഒരു ശുഭപ്രതീക്ഷ. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. ആശീര്‍വാദങ്ങളല്ല, കൂക്കുവിളികള്‍, പരിഹാസങ്ങള്‍. ത്വാഇഫുകാര്‍ കുട്ടികളെ ഇളക്കിവിട്ടു; അടിമകളെയും. നിലക്കാത്ത ആക്ഷേപങ്ങള്‍, തുടരെത്തുടരെയുള്ള കല്ലെറിയല്‍. നബിയുടെ ദേഹം പൊട്ടി രക്തം പ്രവഹിച്ചു. ത്വാഇഫിന്റെ മണ്ണില്‍ നബിയുടെ രക്തം ചെഞ്ചായമണിഞ്ഞു. മുന്തിരിത്തോട്ടത്തിലെ വള്ളിക്കു താഴെ തളര്‍ന്നിരുന്നു പ്രവാചകന്‍. ഉടനെ പറന്നിറങ്ങിയ മാലാഖ ജിബ്‌രീല്‍ മൊഴിഞ്ഞു: 'പ്രവാചകരേ, അങ്ങ് അനുമതി തന്നാലും. ഈ ധിക്കാരികളായ സമൂഹത്തെ നശിപ്പിക്കാന്‍ അനുമതി തന്നാലും.' ഇല്ല, നശിപ്പിക്കരുത്. അവര്‍ അജ്ഞരാണ്. നാഥാ നീ അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുക. അവരില്‍ എനിക്ക് പ്രതീക്ഷയുണ്ട്. അടുത്ത തലമുറയെങ്കിലും എന്നെ പിന്തുണക്കും, ആ ശുഭപ്രതീക്ഷക്ക് എന്തൊരു താരത്തിളക്കം!
ത്വാഇഫിന്റെ മലഞ്ചെരുവിലൂടെ പ്രവാചകനിറങ്ങി. കണ്ണും കൈകളും ആകാശത്തേക്കുയര്‍ന്നു. അധരങ്ങളില്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ മുത്തുമണികള്‍ പോലെ ഉതിര്‍ന്നുവീണു. ''നാഥാ, എന്റെ ആവലാതികളൊക്കെയും നിന്നില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എന്റെ ശക്തിയൊക്കെയും ദുര്‍ബലമാകുന്നു. തന്ത്രങ്ങള്‍ ദുര്‍ബലമാകുന്നു. ജനങ്ങളെന്നെ അവഹേളിക്കുന്നു. കരുണക്കടലേ നീയല്ലയോ മര്‍ദിതന്റെ രക്ഷകന്‍. നീയൊന്ന് മാത്രമാണ് എന്റെ നാഥന്‍. ഇനി നീ എന്നെ ആരുടെ കൈകളിലേക്കാണ് ഏല്‍പിച്ചുകൊടുക്കുന്നത്. എന്നെ അതിജയിക്കുന്ന ശത്രുവിന്റെ കരങ്ങളിലേക്കോ? എന്നാല്‍ നിനക്കെന്നോട് കോപമില്ലെങ്കില്‍ എനിക്കൊട്ടും പരിഭവവുമില്ല. നിന്റെ അനുഗ്രഹമാണ് എന്റെ എല്ലാമെല്ലാം. ഇരുളുകളെപ്പോലും പ്രകാശമാനമാക്കുന്ന, ഇഹപര ലോകത്തെ സുഭദ്രമാക്കുന്ന നിന്റെ വദനപ്രകാശം മുന്‍നിര്‍ത്തി ഞാന്‍ അഭയം തേടുന്നു. നിന്റെ കോപം എന്നില്‍ ഇറങ്ങരുതേ. നിന്റെ വെറുപ്പ് എന്നില്‍ വര്‍ഷിക്കരുതേ. സ്തുതികളൊക്കെയും നിനക്കു മാത്രം. നിനക്കല്ലാതെ മറ്റാര്‍ക്കുമില്ല നാഥാ ഒരു കഴിവും ശക്തിയും'' (സീറത്തു ഇബ്‌നി ഹിശാം 365).
പ്രാര്‍ഥനയുടെ കരങ്ങള്‍ നാഥന്‍ തട്ടിമാറ്റിയില്ല. പ്രതീക്ഷകള്‍ വീണ്ടും മാനത്തോളമുയര്‍ന്നു. അല്ല അതിനുമപ്പുറം. ഇതാ ജിബ്‌രീല്‍ വന്നിറങ്ങി. ബുറാഖ് അണിഞ്ഞൊരുങ്ങി. ഉടനെ പറന്നുയര്‍ന്നു; ചുറ്റും അനുഗ്രഹം നിറഞ്ഞ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക്. ഇസ്രാഇന്റെ ഭൂമി വിട്ട് മിഅ്‌റാജിന്റെ ആകാശത്തേക്ക്. ആകാശകവാടങ്ങള്‍ തുറന്നുകൊണ്ടിരുന്നു. മുന്നണിപ്പോരാളികളുടെ മഹാ സംഗമം. അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. സ്വര്‍ഗം, നരകം... കണ്ട കാഴ്ചകളൊക്കെയും വിസ്മയം. ലഭിച്ചതോ പ്രതിസന്ധികളിലെ വജ്രായുധം; സ്വലാത്ത് എന്ന മിഅ്‌റാജ്... മനസ്സ് മന്ത്രിച്ചു: 'എനിക്ക് നിരാശയില്ല. ദുഃഖമില്ല. അല്ലാഹു എന്നോടൊപ്പമുണ്ട്'. ത്വാഇഫിന്റെ മലഞ്ചെരുവില്‍നിന്ന് മിഅ്‌റാജിന്റെ ലോകം തുറക്കുന്ന ശുഭപ്രതീക്ഷ. അല്ലാഹു കൂട്ടിനുണ്ട്.
ബുറാഖ് മണ്ണിലിറങ്ങി. നബി മനുഷ്യരിലേക്കും. ആദര്‍ശ പ്രബോധനത്തിന്റെ നിലക്കാത്ത ശബ്ദം ഇളം തെന്നല്‍ പോലെ മനുഷ്യമനസ്സിലേക്കിറങ്ങി. പോരാളികളുടെ പാദങ്ങള്‍ പിന്‍വാങ്ങുകയില്ല; ചുവടുമാറ്റുക മാത്രമേയുള്ളൂ. അതാണ് ഹിജ്‌റ. മദീന അതിന്റെ പൗര്‍ണമിയെ മനസ്സില്‍ താലോലിച്ചുകൊണ്ടിരുന്നു. പലായനത്തിന് ദൈവഭക്തിയുടെ പാഥേയമൊരുക്കി. സഹചാരി അബൂബക്‌റിനെ സഹയാത്രികനാക്കി. മുഹമ്മദ് നാടു വിട്ടു എന്ന അഭ്യൂഹം. സമ്മതിക്കില്ലെന്ന് പ്രതിയോഗികള്‍. മുഹമ്മദിന്റെ തലക്ക് ഇനാം പ്രഖ്യാപിച്ചു. ദീനാറുകള്‍, ദിര്‍ഹമുകള്‍, കനക കൂമ്പാരങ്ങള്‍. സുറാഖ സടകുടഞ്ഞെഴുന്നേറ്റു. പ്രവാചകന്റെ തലയെടുത്താല്‍ കിട്ടുന്ന സമ്മാനങ്ങള്‍ സ്വപ്നം കണ്ടു. കുതിരപ്പുറത്ത് ചാടിക്കയറി. കരിമ്പാറയില്‍ വാളുരസി തീ പാറുന്ന വേഗത. കിതച്ചും കുതിച്ചും സുറാഖ സൗര്‍ ഗുഹയുടെ ചാരത്തെത്തി. മൂര്‍ച്ചയുള്ള വാളുമേന്തി തപിക്കുന്ന മനസ്സുമായി സുറാഖ ഒരു കഴുകനെ പോലെ നോക്കിക്കൊണ്ടിരുന്നു. അബൂബക്ര്‍ ഞെട്ടി. പ്രവാചകന്‍ അപകടപ്പെടുമോ എന്ന് സങ്കടപ്പെട്ടു. ''അബൂബക്ര്‍, താങ്കള്‍ ദുഃഖിക്കരുത്. അല്ലാഹു നമ്മോടൊപ്പമുണ്ട്.'' പ്രബോധകന്റെ ധീര ശബ്ദം. 'ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്.'
''നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ദുഃഖിക്കാതിരിക്കുക. അല്ലാഹു നമ്മോടൊപ്പമുണ്ട്. അന്നേരം അല്ലാഹു തന്നില്‍നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റേ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.''
പ്രതിസന്ധികള്‍ നിറഞ്ഞ പരീക്ഷണ പാതകളാണ് പ്രബോധകരുടെ വിജയവീഥി. പ്രതിബന്ധങ്ങളെ വിശ്വാസത്തിന്റെ ഇഛാശക്തികൊണ്ട് മറികടക്കുന്നവരാണ് പ്രബോധകന്മാര്‍. ഫാഷിസം പിടിമുറുക്കുന്നു, ഭരണചക്രം സര്‍വതും കൈപ്പിടിയിലൊതുക്കുന്നു, ആള്‍ക്കൂട്ട അക്രമം കൊണ്ട് ഭീതി ജനിപ്പിക്കുന്നു. ഇനി ഭീതിയോടെ മാത്രമേ കഴിയാനാവൂ എന്ന് ചില കേന്ദ്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അപ്പോഴും ഹൃദയ പ്രതിജ്ഞ ഒന്നു മാത്രം- അല്ലാഹു നമ്മോടൊപ്പമുണ്ട്.
'നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം' എന്ന് ജനങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവനാണ്' (ആലുഇംറാന്‍ 173).
Comments