തരിക്കഞ്ഞി (കഥ)
ദേശം
ദേശത്തിന്റെ മുതുകിലൂടെ നീളുന്ന കറുത്ത പാതകള്‍ സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ മാത്രമായിരുന്നില്ല. വാഹനങ്ങളും പൗരന്മാരും അതിലൂടെ യഥേഷ്ടം കടന്നുപോകുന്നുണ്ടാകാം. ആ വഴികള്‍ പക്ഷേ ഉള്ളില്‍ പേറുന്നത് അതിര്‍ത്തികളുടെ ഭാവമാണ്. മന്ദിറും മസ്ജിദും അതിര്‍ത്തികള്‍ക്ക് അതിരിട്ടിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കനുസരിച്ച് കരിദിനവും വിജയാഘോഷവുമൊക്കെയായി ദേശത്തിനകത്ത് രണ്ടും അതില്‍ കൂടുതലും മനസ്സുകള്‍ സൃഷ്ടിച്ചെടുക്കുന്ന തല്‍പ്പരസംഘങ്ങളും സജീവമായിരുന്നു. അതിര്‍ത്തി റോഡുകളിലെ കച്ചവടക്കാര്‍ മാത്രം എല്ലാ ജനവിഭാഗങ്ങളേയും അതിയായി സ്‌നേഹിച്ചു.
മകള്‍
രാവിലെയാണ് ആ മകള്‍ പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. ഇന്നലെ രാത്രി അവളും അവളുടെ ഉമ്മയും ഒരു പോള കണ്ണടച്ചിട്ടില്ല. നോമ്പുതുറക്കുന്ന സമയത്താണ് ബാപ്പ ഈത്തപ്പഴം വാങ്ങാനായി പുറത്തിറങ്ങിയത്. ബാപ്പാക്ക് എന്നും നോമ്പുതുറക്കുമ്പോള്‍ ഈത്തപ്പഴം വേണമായിരുന്നു. വാങ്ങിവെച്ച ഈത്തപ്പഴം ഇന്നലെ തീര്‍ന്നിരുന്നു. വാങ്ങണമെന്ന് പറയാന്‍ ഉമ്മ മറന്നുപോവുകയും ചെയ്തു. അപ്പോള്‍ തന്നെ ബാങ്കും വിളിച്ചു. ബാപ്പ പള്ളിയില്‍ കയറി നോമ്പു തുറന്നിട്ടുണ്ടാകുമെന്ന് ഉമ്മ വിചാരിച്ചു. ഈത്തപ്പഴം ഇല്ലാതിരുന്നതിന്റെ ചെറിയ നീരസമുണ്ടാകാം പള്ളിയില്‍നിന്നും നോമ്പു തുറക്കാമെന്നു വിചാരിച്ചതിനു പിന്നില്‍. നോമ്പു തുറന്നുകഴിഞ്ഞ് ഉമ്മ വഴിക്കണ്ണുമായി പുറത്തുതന്നെ കാത്തിരുന്നു. പള്ളിയില്‍നിന്നും എല്ലാവരും പോയിക്കഴിയുന്ന സമയമായി. മഗ്‌രിബ് നമസ്‌കരിച്ചുവന്നാല്‍ ബാപ്പ തരിക്കഞ്ഞി കുടിക്കും. പിന്നെ നേരെ കടയിലേക്ക് പോകും. തറാവീഹ് നമസ്‌കാരത്തിനായി കട നേരത്തേയടക്കും. നമസ്‌കാരവും പള്ളി വരാന്തയിലുള്ള സംസാരങ്ങളുമൊക്കെ കഴിഞ്ഞേ തിരിച്ചുവരൂ. എന്നിട്ടാണ് പത്തിരിയും ഇറച്ചിയും കഴിക്കുക. ഇറച്ചി അങ്ങനെയൊന്നും കഴിക്കില്ലെങ്കിലും ഇറച്ചിയുടെ വെള്ളം കറിയായുണ്ടാകണം. കുറച്ചുനേരം സംസാരിച്ചിരിക്കും. പിന്നെ കിടന്നുറങ്ങും. പക്ഷേ ഇന്നലെ രാത്രി മേശപ്പുറത്ത് തരിക്കഞ്ഞിയും പത്തിരിയിറച്ചിയും അനാഥമായി കിടന്നു. ഉമ്മ മുറിക്കകത്ത് കരഞ്ഞു തളര്‍ന്ന് തലകറങ്ങി കിടക്കുകയുമാണ്. അങ്ങനെയാണ് രാവിലെ മകള്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്നത്. തെരുവ് ശൂന്യമായിരുന്നു. ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയായതിനാല്‍ രാത്രി ഉണര്‍ന്നിരുന്നവര്‍ ഇപ്പോള്‍ ഉറങ്ങുകയായിരിക്കും. പോലീസ് സ്റ്റേഷനിലെത്തിയതും പാറാവുകാരന്‍ കാര്യം തിരക്കി.
''സര്‍, എന്റെ ബാപ്പയെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല.''
ഉച്ചത്തിലുള്ള അവളുടെ കരച്ചിലില്‍ അയാള്‍ക്ക് അത്രയേ മനസ്സിലായുള്ളൂ.
കൗണ്‍സിലര്‍
സംഭവമറഞ്ഞയുടന്‍ തന്നെ കൗണ്‍സിലര്‍ റഹീം വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ഇരുപതുകൊല്ലമായി അയാള്‍ തന്നെയാണ് അവിടത്തെ കൗണ്‍സിലര്‍. ബാപ്പയുടെ സുഹൃത്ത്.
സ്ഥലം എസ്.ഐയുമായി അയാള്‍ ഫോണില്‍ ബന്ധപ്പെട്ടു. അടുത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മിസ്സിംഗ് സന്ദേശം കൈമാറി. അയാള്‍ക്ക് കലക്ടറുമായും പരിചയമുണ്ടായിരുന്നു. അദ്ദേഹത്തെയും വിളിച്ചു സംസാരിച്ചു. റവന്യൂ അധികാരികള്‍ക്കും ആവശ്യമായ നിര്‍ദേശം കലക്ടര്‍ നല്‍കിയതായി അയാള്‍ പറഞ്ഞു.
''കരയണ്ട... എല്ലാവരും അന്വേഷിക്കുന്നുണ്ട്. നമുക്ക് ഉടനെ കണ്ടെത്താം.''
ഉമ്മയെ ആശ്വസിപ്പിച്ച് അദ്ദേഹം കൗണ്‍സില്‍ യോഗത്തിലേക്ക് പോയി.
ബാപ്പ
ബാപ്പക്ക് അതിര്‍ത്തി റോഡിലുള്ള ഒരു മൂലയില്‍ ചെറുനാരങ്ങ കച്ചവടമായിരുന്നു. നഗരത്തില്‍നിന്നും ചെറുനാരങ്ങകള്‍ ചാക്കിലാക്കി കൊണ്ടുവരും. ഒരു കിലോയുടെയും അരയുടെയും കെട്ടുകളാക്കി വെക്കും. ഹിന്ദു സഹോദരങ്ങളാണ് കൂടുതലും കസ്റ്റമേഴ്‌സ്. തൊട്ടടുത്ത് തന്നെ നാരായണനും ചെറുനാരങ്ങയുമായി ഇരിപ്പുണ്ട്. അയാളുടെ സ്വഭാവം കൊണ്ടാകാം ആരും അയാളുടെ അടുത്തു പോകില്ല. വിലയും ഇത്തിരി കൂടുതലാണ്. രാത്രി ബാക്കിയാകുന്ന ചെറുനാരങ്ങകള്‍ അയാള്‍ ബാപ്പക്ക് തന്നെ ചെറിയ വിലക്ക് നല്‍കും. രണ്ടു പേരുടെയും ചെറുനാരങ്ങകള്‍ തീരും. ബാപ്പ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറും. ആരോടും പരിഭവമില്ല. ആയിടക്കാണ് എവിടെയോ രണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ അല്ലറചില്ലറ പ്രശ്‌നങ്ങളുണ്ടായത്. പൊ
ടുന്നനെ കാവിക്കൊടിയുമായി അത്യുച്ചത്തില്‍ ഒരു പ്രകടനം. നാരായണനുണ്ട് അതിന്റെ മുന്നില്‍. ബാപ്പയുടെ കൈവിറച്ചു. തലേന്ന് നാരായണന്‍ തന്ന ചെറുനാരങ്ങകള്‍ ഓരോന്നോരോന്നായി ഊര്‍ന്നിറങ്ങി റോഡില്‍ ചിതറിത്തെറിച്ചു. പോലീസ് ജീപ്പ് അതില്‍ കയറിയിറങ്ങുകയും നാരങ്ങയുടെ ഗന്ധം അവിടം പരക്കുകയും ചെയ്തു. അപ്പോഴേക്കും കടകളടക്കണമെന്ന ഉത്തരവുമായി ബാപ്പയുടെ കൂട്ടുകാര്‍ എത്തി. പെരുന്നാള്‍ തിരക്കുമായി റോഡില്‍ നിറഞ്ഞുകവിഞ്ഞിരുന്ന ജനം വീടുകളിലേക്ക് വലിഞ്ഞു. പ്രതിഷേധ പ്രകടനങ്ങളുടെ ഭയപ്പെടുത്തുന്ന ഇരമ്പല്‍ അവിടെയെവിടെയോ മുഴങ്ങുന്നുണ്ടായിരുന്നു.
ഷണ്‍മുഖം ബ്രദേഴ്‌സ്
ദേശത്തെ നൂറ്റാണ്ടുകള്‍ പിന്നിടുന്ന അറിയപ്പെടുന്ന പലചരക്കു കച്ചവടക്കാരാണ് ഷണ്‍മുഖം ബ്രദേഴ്‌സ്. ടശിരല 1870 എന്ന് കടയുടെ മുകളില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. ദില്ലിയില്‍നിന്ന് കുടിയേറിയവരാണ്. പൊരിഞ്ഞ കച്ചവടമാണ്. അരിയും പഞ്ചസാരയും പലവ്യജ്ഞനങ്ങളും ചാക്കു കണക്കിനാണ് വന്നിറങ്ങുന്നത്. ഈ കച്ചവടം കണ്ട ചിലര്‍ ഷണ്‍മുഖം ബ്രദേഴ്‌സിന്റെ അടുത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. ജനതാ സൂപ്പര്‍ മാര്‍ക്കറ്റ്. പക്ഷേ പേരില്‍ മാത്രമേ ജനതയുണ്ടായിരുന്നുള്ളൂ. പാര്‍ട്ണര്‍മാരുടെ കുടുംബാംഗങ്ങളല്ലാതെ ഒരാളും ആ കടയില്‍ കയറിനോക്കുക പോലും ചെയ്തില്ല. ജനങ്ങള്‍ ഷണ്‍മുഖം ബ്രദേഴ്‌സില്‍ ക്യൂ നിന്നാണ് സാധനങ്ങള്‍ വാങ്ങിയത്. ഷണ്‍മുഖം ബ്രദേഴ്‌സിലെ ഇപ്പോഴത്തെ കാര്യക്കാരന്‍ വാമനറാവു നല്ല മനുഷ്യപ്പറ്റുള്ള ആളാണ്. ഹര്‍ത്താലിന്റെ പിറ്റേദിവസം ബാപ്പ റാവുവിനെ കാണാന്‍ ചെന്നു. റാവുവിന്റെ മുന്നില്‍ ബാപ്പ തന്റെ ആശയം സമര്‍പ്പിച്ചു.
ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന ഒരു ഇഫ്ത്വാര്‍ മീറ്റിന് മുന്നിട്ടിറങ്ങണം. ചെറുനാരങ്ങാ വെള്ളവും ഈത്തപ്പഴവും ഉഴുന്നുവടയും തരിക്കഞ്ഞിയും അല്‍പ്പം പഴങ്ങളും നല്‍കാം. ചെറുനാരങ്ങാവെള്ളം ബാപ്പയുടെ വക. ഉഴുന്നുവട കൃഷ്ണാകേഫ് വക. തരിക്കഞ്ഞിക്കുള്ള റവയും പഞ്ചസാരയും അണ്ടിപ്പരിപ്പും ഷണ്‍മുഖം വക. ഈത്തപ്പഴം ഹൈദ്രോസ് ഹാജി വക. മന്ദിറിലെ ഹേമാനന്ദ സ്വാമികളും മസ്ജിദിലെ ചേലക്കാട്ട് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും ഒന്നിച്ചിരുന്ന് നോമ്പു തുറക്കും. അതുപോലെ ദേശത്തെ എല്ലാ ജനങ്ങളും. റാവുവിന് ആ ആശയം നന്നേ ബോധിച്ചു. ഒരുമ എന്ന പേരിലുള്ള ഇഫ്ത്വാര്‍ ദേശത്തിന്റെ ഉത്സവമായി. റോഡുകള്‍ അതിര്‍ത്തിവരകളാകുന്ന അനുഭവം പതുക്കെ ഇല്ലാതായി. ബാപ്പയുണ്ടാക്കിയ തരിക്കഞ്ഞിയുടെ മധുരം എല്ലാവരുടെയും ഉള്ളില്‍ സ്‌നേഹം ചാലിച്ചു.
ഉമ്മ
അന്നു രാത്രി ബാപ്പയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. കിരീടം വെച്ച രാജാവിന്റെ ഭാവമായിരുന്നു മുഖത്ത്. മെത്തയുടെ മറ്റൊരു ഭാഗത്ത് മാറികിടന്നിരുന്ന ഉമ്മയോടെ് ബാപ്പ പറഞ്ഞത്രെ;
'നോമ്പിന്റെ രാത്രികളില്‍ ഇണകളുമായുള്ള സംസര്‍ഗം അല്ലാഹു അനുവദിച്ചിരിക്കുന്നു. ദമ്പതികള്‍ പരസ്പരം വസ്ത്രങ്ങളാകുന്നു.'
പക്ഷേ അടുത്ത നിമിഷം തന്നെ അദ്ദേഹത്തിനു തുരുതുരാ ഫോണ്‍ വരികയും മുഖം പെട്ടെന്ന് വിവര്‍ണമാവുകയും വിയര്‍ക്കുകയും ചെയ്തു.
'നാരായണാ, നീ ഇങ്ങനെയൊന്നും ചെയ്യരുത്' എന്ന് അദ്ദേഹം പറയുന്നതു മാത്രമേ മനസ്സിലായുള്ളൂ.
അത്തര്‍ അബുട്ടിക്ക
അത്തര്‍ അബുട്ടിക്കയാണ് അക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മഗ്‌രിബ് വിളിക്കുന്ന സമയത്ത് ബാപ്പയെ കുറച്ചു പേര്‍ ചേര്‍ന്നു ജീപ്പിലേക്ക് വലിച്ചിഴിച്ചു കയറ്റിക്കൊണ്ടുപോകുന്നതു കണ്ടു. നാരങ്ങക്കാരന്‍ നാരായണന്‍ ജീപ്പിനകത്തിരുന്ന് ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടാണ് അവര്‍ ബാപ്പയെ പിടിച്ചുകയറ്റിയത്. കാഴ്ചയില്‍ പോലീസുകാരെ പോലെ തോന്നിപ്പിക്കും. പക്ഷേ അവര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. ജീപ്പ് വേഗത്തിലാണ് പാഞ്ഞുപോയത്.
ദേശീയ പത്രങ്ങള്‍
അടുത്ത ദിവസം വലിയ വെണ്ടക്കയായാണ് വാര്‍ത്തകള്‍ വന്നത്. രാജ്യാന്തര ബന്ധമുള്ള തീവ്രവാദി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. അടുത്ത ദിവസം അയാള്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ മീറ്റിന് വിദേശരാജ്യങ്ങളില്‍നിന്നുവരെ ഫണ്ട് ലഭിച്ചിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നും വിവരം ലഭിച്ചു. പ്രതിയെ പതിനഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments