Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

ഗോവിന്ദ് പന്‍സാര, നരേന്ദ്ര ദാഭോല്‍ക്കര്‍, എം.എസ് കല്‍ബുര്‍ഗി.... ഇപ്പോഴിതാ ഗൗരി ലങ്കേഷും. അസഹിഷ്ണുതയുടെ വെടിയുണ്ടകളാല്‍ തുടച്ചുമാറ്റപ്പെട്ട ധീരര്‍. പെരുമാള്‍ മുരുകന്റെ തൂലികയുടെ മൂര്‍ച്ചയെ ഷണ്ഡീകരിച്ചവര്‍, അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ചടുല നൃത്തമാടിയവര്‍, എം.എഫ് ഹുസൈനെ നാടുകടത്തിയവര്‍, കെ.പി.രാമനുണ്ണിയെയും കമലിനെയും വേട്ടയാടുന്നവര്‍, ഇഷ്ട മതം പുല്‍കിയതിന്റെ പേരില്‍ ഫൈസലിനെയും യാസിറിനെയും കുരുതി നടത്തിയവര്‍, പശുവിറച്ചിയുടെ പേരില്‍ നിരവധി പേരെ പരലോകത്തേക്കയച്ചവര്‍.... ഗാന്ധിജിയുടെ നെഞ്ചകം തുളച്ചവരുടെ 'രക്തയാത്ര' തുടരുകയാണ്.

എന്നിട്ടും നമ്മളെന്തേ ആലസ്യകിടക്ക വിട്ടൊഴിഞ്ഞ് ഒറ്റക്കെട്ടായി കര്‍മപഥത്തിലിറങ്ങാത്തത്? ആരെയാണ് നാം കാത്തുനില്‍ക്കുന്നത്? ഓരോ സംഭവത്തിനു ശേഷവും ഓരോരുത്തരും അവരവരുടെ തുരുത്തുകളില്‍ മുഷ്ടി ചുരുട്ടിയും കണ്ഠക്ഷോഭം നടത്തിയും അച്ചടി മാധ്യമങ്ങളില്‍ നെടും നീളന്‍ ലേഖനങ്ങള്‍ നിരത്തിയും ഞെട്ടുംവിധം പ്രസ്താവനകളിറക്കിയും പ്രേക്ഷകര്‍ അന്ധാളിക്കുംവിധം അന്തിനേരത്ത് ചാനല്‍ ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും നടത്തിയും സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ സൃഷ്ടിച്ചും പോസ്റ്റുകളിറക്കിയും ലൈക്കുകള്‍ വാരിക്കൂട്ടിയും മാത്രം ഇന്ത്യയുടെ സുരക്ഷിത നിലനില്‍പ്പിന്റെ നാരായവേരില്‍ കത്തിവെക്കുന്ന ഇത്തരത്തിലുള്ള പൈശാചിക തേരോട്ടത്തെ മുട്ടുകുത്തിക്കാന്‍ കഴിയുമെന്ന മിഥ്യാധാരണ നാം മാറ്റിയെടുക്കേണ്ടതുണ്ട്. ഫാഷിസം ഇന്നൊരു ദുഃസ്വപ്‌നമല്ല, ഒരു യാഥാര്‍ഥ്യമാണ്.

പ്രതിഷേധത്തിന്റെ നടപ്പു രീതികള്‍ മാറണം. ഒറ്റപ്പെട്ട നന്മ നിറഞ്ഞ പ്രതിഷേധ സ്വരങ്ങളും കൂട്ടായ്മകളും ഏകീകരിക്കപ്പെടണം. സാമൂഹിക-സംസ്‌കാരിക-രാഷ്ട്രീയ - മത- മാധ്യമ-നിയമ -വിദ്യാഭ്യാസ കൂട്ടായ്മകള്‍ താന്‍പോരിമകള്‍ മാറ്റിവെച്ച് പൊതുവേദി രൂപീകരിക്കട്ടെ. പ്രതിരോധത്തിന്റെ അലര്‍ച്ചകള്‍  അലകടലായിത്തീരട്ടെ.  ഭൗര്‍ഭാഗ്യകരമെന്നു പറയാം, പൂച്ചക്ക് മണി കെട്ടേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ കോണ്‍ഗ്രസ്സ് ബാന്ധവം ആകാമോ എന്ന കുലങ്കുഷ ചര്‍ച്ചയിലാണ് ഇപ്പോഴും! ധീര രക്തസാക്ഷികള്‍ ഒഴുക്കിയ ചുടുരക്തം വെറും ചെഞ്ചായമല്ലെന്ന് തെളിയിക്കാന്‍ നാം ഒരോരുത്തരുമടങ്ങിയ  പൊതു സമൂഹത്തിന് ബാധ്യതയുണ്ട്. ചിന്തിക്കുന്ന മസ്തിഷ്‌കങ്ങളെ ഉന്മൂലനം ചെയ്യുന്ന, ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നെഞ്ചിന്‍കൂട് നിറയൊഴിച്ച് തകര്‍ക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വിചാരധാരയെ തളച്ചിടുന്നതില്‍ നമ്മുടെ നിസ്സംഗത ഇനിയെങ്കിലും ഒരു തരത്തിലും കാരണമായിക്കൂടാ.

 

ഹൃദ്യമായ യാത്രാനുഭവ കുറിപ്പുകള്‍

ഡോ. കെ. ജാബിറിന്റെ ഫലസ്ത്വീന്‍ യാത്രാവിവരണം പതിവ് ട്രാവലോഗുകളില്‍നിന്ന് വ്യത്യസ്തമായി. ലേഖകന്റെ നിരീക്ഷണ പാടവവും ഗവേഷണ തൃഷ്ണയും അഭിനന്ദനാര്‍ഹമാണ്. ഇത്തരുണത്തില്‍ ഓര്‍മയിലുള്ള ഒരു വിവരം ഇവിടെ കുറിക്കുകയാണ്. ദശകങ്ങള്‍ക്കു മുമ്പ്   Alfred Guillaume എന്നയാള്‍ രചിച്ച Islam  എന്ന കൃതിയെപ്പറ്റി വി.സി അഹ്മദ് കുട്ടി റേഡിയന്‍സ് വാരികയില്‍ ഒരു നിരൂപണമെഴുതിയിരുന്നു. Prejedice in Disguise എന്നായിരുന്നു തലക്കെട്ട്. പ്രസ്തുത ലേഖനത്തില്‍ ഗ്രന്ഥകാരന്‍ ഇസ്‌റാഅ്-മിഅ്‌റാജ് അല്‍ജിറാനയിലെ പള്ളിയില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്കാണ് നടന്നതെന്ന വളരെ വിചിത്രമായ വാദം ഉന്നയിച്ചതായി പറയുന്നുണ്ട്. നബി(സ)ക്ക് മിഅ്‌റാജ് അനുഭവമുണ്ടായ പാവനഗേഹം എന്ന നിലയില്‍ മുസ്‌ലിം മനസ്സിലെ ആദരവ് ഇല്ലാതാക്കാനും മിഅ്‌റാജ് സംബന്ധമായി ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള ഓറിയന്റലിസ്റ്റ് കുയുക്തിയാണോ ആല്‍ഫ്രഡ് ഗില്ലോമെയുടേതെന്ന് സംശയിച്ചുപോകുന്നു.

അബൂഅഫീഫ മയ്യഴി

 

 

കുറേകൂടി വിശാലമാക്കണം

പ്രബോധനം വാരികയുടെ വായനക്കാരനാണ് ഞാന്‍. ഇസ്‌ലാമികമായ ആശയങ്ങളും ആദര്‍ശങ്ങളും നിറഞ്ഞുനില്‍ക്കുന്ന പ്രബോധനം ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ഇതര മതസ്ഥര്‍ക്കു കൂടി അവസരം നല്‍കുന്നുവെന്നത് നല്ല കാര്യം. ഇങ്ങനെയുള്ള വിഭവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആദര്‍ശങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്ത തരത്തിലുള്ള കഥകള്‍, കവിതകള്‍, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഇടം പ്രബോധനത്തില്‍ കൊടുത്താല്‍ മറ്റു ധാരാളം വായനക്കാരിലേക്ക് പ്രബോധനം ഇറങ്ങിച്ചെല്ലുമെന്ന അഭിപ്രായമുണ്ട്.

നസീം പുന്നയൂര്‍

 

 

സി.എച്ചിന്റെ  തൊപ്പിയൂരല്‍ കഥ!

കെ.ടി അന്ത്രു മൗലവിയുടെ 'ജീവിതം' രണ്ടാം ഭാഗത്തില്‍ (25-8-2017) സി.എച്ച് മുഹമ്മദ് കോയയെ സ്മരിക്കുമ്പോള്‍ ഇങ്ങനെ എഴുതുന്നു: ''ഇതിനും മുമ്പ് കോണ്‍ഗ്രസ്സുകാരുടെ കൂടെ ചേര്‍ന്നപ്പോള്‍ സി.എച്ച് മുഹമ്മദ് കോയക്ക് സ്പീക്കര്‍ സ്ഥാനം കൊടുക്കാന്‍ ധാരണയുണ്ടായിരുന്നു. പക്ഷേ അസംബ്ലിയില്‍ തൊപ്പി ഊരിവെക്കണം എന്നായപ്പോള്‍ ബാഫഖി തങ്ങളാണ് അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോരൂ എന്ന് പറഞ്ഞത്. സി.എച്ചിന് വലിയ പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷേ, പിന്നീട് സി.എച്ച് മുഖ്യമന്ത്രിയാകുന്നത് തൊപ്പി ഊരിവെച്ചാണ്.''

ഓര്‍മകള്‍ എഴുതുമ്പോള്‍ വസ്തുതാപരമായിരിക്കണം. മേലുദ്ധരിച്ച പരാമര്‍ശത്തില്‍ വിചിത്രമായ വൈരുധ്യമുണ്ട്. സ്പീക്കറാവാന്‍ സി.എച്ച് തൊപ്പിയൂരി എന്ന കഥ അര നൂറ്റാണ്ടിലേറെയായി പ്രചരിക്കുന്ന ഒന്നാണ്. എന്നാല്‍ കെ.ടി അന്ത്രു മൗലവി ഇതിന് സ്വകീയമായ ഒരു ആഖ്യാനം നല്‍കുന്നു.

1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ 1959-ല്‍ നടന്ന വിമോചന സമരത്തില്‍ അല്‍പം വൈകിയാണ് മുസ്‌ലിം ലീഗ് പങ്കെടുക്കുന്നത്. ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടു. 1960-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിമോചന സമരത്തിലെ കക്ഷികള്‍ ഒന്നിച്ചുനിന്നു. കോണ്‍ഗ്രസ്-പി.എസ്.പി-മുസ്‌ലിം ലീഗ് സഖ്യം ജയിച്ചു. പക്ഷേ, മുസ്‌ലിം ലീഗിന് മന്ത്രിസഭാ പ്രാതിനിധ്യം ലഭിച്ചില്ല. കെ.എം സീതി സാഹിബ് സ്പീക്കറായി. മുന്നണി തുടര്‍ന്നു. 1961 ഏപ്രിലില്‍ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയയെയാണ് നിര്‍ദേശിച്ചത്. സ്പീക്കര്‍ പദവി ഏറ്റെടുക്കുന്നതിനു മുമ്പ് സി.എച്ച് മുസ്‌ലിം ലീഗ് അംഗത്വം രാജിവെക്കണമെന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഗാപൂര്‍ പ്രമേയം വര്‍ഗീയ കക്ഷികളുമായി കൂട്ടുചേരരുതെന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും ആ നിലക്ക് ലീഗുകാരന് സ്പീക്കര്‍ പദവിയിലേക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിഷമമുണ്ടെന്നുമായിരുന്നു ഇതിനു കാരണം പറഞ്ഞത്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് സി.എച്ച് ലീഗ് അംഗത്വം രാജിവെച്ച് സ്പീക്കറായി. ഇതാണ് സി.എച്ച് 'തൊപ്പിയൂരിയ' ചരിത്രം. 

സി.എച്ച് സ്പീക്കര്‍ പദവിയിലിരിക്കെ കോണ്‍ഗ്രസ് -ലീഗ് ഭിന്നത കൂടി. സീതി സാഹിബിന്റെ നിര്യാണം മൂലം ഒഴിവു വന്ന കുറ്റിപ്പുറം നിയമസഭാ സീറ്റില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്വതന്ത്രനായി ലീഗിനെതിരെ മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ 1961 സെപ്റ്റംബര്‍ 21-ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനെ തുണച്ചെങ്കിലും ലീഗ് സ്ഥാനാര്‍ഥി ജയിച്ചു. കോണ്‍ഗ്രസ് -ലീഗ് ഭിന്നത തുടര്‍ന്നപ്പോള്‍ 1961 നവംബര്‍ 19-നു ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി, സി.എച്ച് സ്പീക്കര്‍ പദവി ഒഴിയാനും മുന്നണി വിടാനും തീരുമാനിച്ചു. ഉടനെ സി.എച്ച് രാജിവെച്ചു.

'പിന്നീട് സി.എച്ച് മുഖ്യമന്ത്രിയായത് തൊപ്പി ഊരിവെച്ചാണ്' എന്ന അന്ത്രു മൗലവിയുടെ പരാമര്‍ശം വിശദീകരിക്കപ്പെടേതുണ്ട്. 1979 ഒക്‌ടോബര്‍ 12-ന് സി.എച്ച് മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ചരിത്ര വസ്തുത അതാണ്.

പി.എ റഷീദ് നിറമരുതൂര്‍

 

മതസൗഹാര്‍ദത്തിന്റെ പച്ചത്തുരുത്തില്‍ അഗ്നിപടര്‍ത്തുന്നവര്‍

എ. റശീദുദ്ദീന്റെ വിശകലനം (വാള്യം 74 ലക്കം 12, ആഗസ്റ്റ് 18) കാലിക പ്രസക്തമാണ്. ഭരണകൂട ഭീകരത ഏതൊക്കെ രൂപത്തിലാണ് പൗരജീവിതത്തിലേക്ക് കയറുന്നത് എന്നതിന്റെ നിശിത വിമര്‍ശനമായിരുന്നു അത്. ഇന്ത്യാരാജ്യത്ത് മതസൗഹാര്‍ദത്തിന്റെ പച്ചത്തുരുത്തായി നിലകൊള്ളുന്ന കേരളത്തിലും വര്‍ഗീയതയുടെയും വെറുപ്പിന്റെയും സംഘര്‍ഷത്തിന്റെയും അഗ്നി പടര്‍ത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍ നീക്കം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ മരണപ്പെട്ടയാള്‍ക്കു വേണ്ടി പ്രത്യേക വിമാനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെ എത്തി സങ്കടത്തില്‍ പങ്കുചേരുന്നു, ദേശീയ മനുഷ്യാവകാശ കമീഷന്‍ കേരളത്തില്‍ പരിവാര സമേതം വന്ന് തെളിവെടുക്കുന്നു. കേരളത്തിലെ സംഘ്പരിവാര്‍ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തടവും പുറത്തെടുക്കുമെന്നതിന് തെളിവുകളാണിത്. കേരളത്തിലെ ജനങ്ങളെ ജനാധിപത്യബോധം പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേന്ദ്ര നേതാക്കള്‍ ഒരാത്മ പരിശോധന നടത്തുന്നത് നല്ലതാണ്.

കെ. കൃഷ്ണന്‍ കുട്ടി, കാര്യാവട്ടം, പട്ടിക്കാട്

 

 

 

വിവര്‍ത്തനത്തിലെ പിഴവ്

3008-ാം ലക്കത്തില്‍ കെ.പി ഇസ്മാഈല്‍ എഴുതിയ ലേഖനത്തിനൊടുവില്‍ ചേര്‍ത്ത നബി വചനത്തിന്റെ (ഇര്‍ഹമൂ മന്‍ഫില്‍ അര്‍ദ്, യര്‍ഹമുകും മന്‍ഫിസ്സമാഅ്) വിവര്‍ത്തനത്തില്‍ പലരും പലപ്പോഴായി കാണിക്കുന്ന അബദ്ധം ആവര്‍ത്തിച്ചിട്ടുണ്ട്. 'മന്‍ഫിസ്സമാഅ്' എന്നതിന് 'വിണ്ണിലുള്ളവന്‍' എന്നാണര്‍ഥം. സംഗതി ഏകവചനമാണ്. വാനലോകത്തുനിന്ന് അനുഗ്രഹം ചൊരിയുന്നത് ഏകനായ അല്ലാഹു മാത്രമാണ്. വേറെ ആരുമില്ല. ആകാശത്തുള്ളവന്‍(മന്‍ഫിസ്സമാഅ്) എന്ന് വിശുദ്ധ ഖുര്‍ആനില്‍ 67:16-ലും 67:17-ലും ഉപയോഗിച്ചത് അല്ലാഹു എന്ന വിവക്ഷയിലാണ്. വിവര്‍ത്തനത്തിലെ അശ്രദ്ധ ചിലപ്പോള്‍ ദുരര്‍ഥവും അനര്‍ഥവും വരുത്തിവെക്കും.

ലേഖകന്‍ തുളസീദാസിന്റേതായി ഉദ്ധരിച്ചത് യഥാര്‍ഥത്തില്‍ മുസ്‌ലിം പണ്ഡിതലോകത്ത് പ്രചുരപ്രചാരം നേടിയ ഒരു അറബിക്കവിതയുടെ സാരമാണ്. തുളസീദാസിന്റെ പേരില്‍ ഈ ആശയം അറിയുന്നത് ഇതാദ്യമാണ്.

അഹ്മദ് നുഅ്മാന്‍,  പെരിങ്ങാടി, ന്യൂമാഹി

 

 

അന്ത്രു മൗലവി ഇനിയും പറയേണ്ടിയിരുന്നു

അന്ത്രു മൗലവി ഒരു കാലത്തിന്റെ കഥ പറഞ്ഞിരിക്കുന്നു, ഒപ്പം സ്വന്തം ജീവിതത്തിന്റെ കിളിവാതിലും തുറന്നുവെച്ചിട്ടുണ്ട്. ഏതൊരു ചെറിയ വലിയ സദസ്സിനെയും നിമിഷ നേരത്തിനുള്ളില്‍ കൈയിലെടുക്കാനുള്ള സൂത്രങ്ങള്‍ പ്രഭാഷകനെന്ന നിലയില്‍ അദ്ദേഹത്തിന് വശമുണ്ട്. തോളിലൊരു സഞ്ചിയുമായി ഏകാന്ത പഥികനെപോലെ, സൂഫിയെ പോലെ നടക്കുന്ന അന്ത്രു മൗലവിയുടെ ജീവിതം വായിക്കാന്‍ ആകാംക്ഷയോടെ നിന്ന പലരെയും അനുഭവങ്ങള്‍ ഭാഗികമായി മാത്രം പറഞ്ഞുനിര്‍ത്തിയത് നിരാശപ്പെടുത്തി. ആ തോളിലെ സഞ്ചി തുറന്നാല്‍ തന്നെ ഒരുപാട് ലക്കത്തിനുള്ളത് കാണുമായിരുന്നു! അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരത്തുകൂടി മെല്ലെ ഒന്ന് നടന്നു നീങ്ങിയതാണ് മൂന്ന് ലക്കങ്ങളില്‍ വായിച്ചത്. ഇനിയുമൊരുപാട് അദ്ദേഹം പറയേണ്ടതുണ്ടായിരുന്നു. 

മമ്മൂട്ടി കവിയൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌