Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

മദീനാ സമൂഹത്തിന്റെ സംഘാടനം

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-26)

മക്കയില്‍നിന്ന് വന്ന 186 കുടുംബങ്ങളെ നിയമാനുസൃതമായ രീതിയില്‍ മദീനയിലെ കുടുംബങ്ങളുമായി സമന്വയിപ്പിച്ചത് എങ്ങനെയെന്ന് നാം കണ്ടു. ഇതിന്റെ അര്‍ഥം, മക്കയില്‍നിന്നും മദീനയില്‍നിന്നുമായി 400 മുസ്‌ലിം കുടുംബനാഥന്മാരെങ്കിലും ഹിജ്‌റ ഒന്നാം വര്‍ഷം തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു എന്നാണ്. മൊത്തം മുസ്‌ലിംകളുടെ എണ്ണമെടുത്താല്‍ ഇതിനേക്കാള്‍ എത്രയോ കൂടുതലുണ്ടാവുകയും ചെയ്യും. അക്കാലത്തെക്കുറിച്ച് ബുഖാരി1 നല്‍കുന്ന കണക്ക് ഇപ്രകാരമാണ്: ''ഹുദൈഫ പറയുന്നു: പ്രവാചകന്‍ ഞങ്ങളോട് ആവശ്യപ്പെടുകയുണ്ടായി: ഇസ്‌ലാം അംഗീകരിച്ച എല്ലാവരുടെയും പേരുകള്‍ എനിക്ക് എഴുതിത്തരൂ. ആയിരത്തി അഞ്ഞൂറ് ആളുകളുടെ പേരുകള്‍ ഞങ്ങള്‍ എഴുതിക്കൊടുത്തു.'' ഇസ്‌ലാമിക ചരിത്രത്തിലെ ഈ ഒന്നാമത്തെ സെന്‍സസില്‍ ഉള്‍പ്പെടുത്തപ്പെട്ട ഈ 1500 പേര്‍ക്ക് പുറമെ, ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത അറബ് ഗോത്രങ്ങളും മദീനയില്‍ ഉണ്ടായിരുന്നു. പിന്നെ ജൂതന്മാര്‍. അവരും എണ്ണത്തില്‍ അറബികളോളം വരുമായിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുത്താല്‍ ഹിജ്‌റ ഒന്നാം വര്‍ഷം മദീനയില്‍ ഏകദേശം പതിനായിരം താമസക്കാര്‍ ഉണ്ടായിരുന്നതായി തിട്ടപ്പെടുത്താം.

 

ആഭ്യന്തര പ്രശ്‌നങ്ങള്‍

ഔസും ഖസ്‌റജും രണ്ട് സഹോദരന്മാരായിരുന്നു. ഇവരുടെ പിന്മുറക്കാരാണ് അതേ പേരില്‍ അറിയപ്പെടുന്ന മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങള്‍. അവര്‍ പരസ്പരം കൊടിയ ശത്രുക്കളുമായിരുന്നു. ബുആസ് യുദ്ധം നടക്കുന്നതിന് ആറോ ഏഴോ വര്‍ഷം മുമ്പ് ഈ സഹോദര ഗോത്രങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ഖസ്‌റജികളാണ് വിജയിച്ചത്. അവര്‍ നഗരത്തിലെ ഒരു വിഭാഗം ജൂതന്മാരുമായി സഖ്യമുണ്ടാക്കിയിരുന്നു.2 ഇങ്ങനെ ശാക്തിക സന്തുലനത്തില്‍ മാറ്റമുണ്ടായപ്പോഴാണ് ഔസികള്‍ സഖ്യത്തിനായി മക്കയിലെ ഖുറൈശികളെ സമീപിച്ചത്. അക്കാര്യം നാം നേരത്തേ വിവരിച്ചിട്ടുണ്ട്. അതേസമയം ഇരു ഗോത്രത്തിലെയും വിവേകമതികള്‍ക്ക് സഹോദരന്മാര്‍ തമ്മിലുള്ള ഈ പോര് എന്നേ മടുത്തിരുന്നു.3 സ്വാഭാവികമായും പുറത്തുനിന്ന് വന്ന പ്രവാചകന് ഇരു വിഭാഗങ്ങളുടെ പൊതു നേതാവാകാനുള്ള നല്ല സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഹിജ്‌റക്കു മുമ്പ് ഖസ്‌റജികള്‍ ഒരു രാജാവിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആള്‍ മറ്റാരുമല്ല; അബ്ദുല്ലാഹിബ്‌നു ഉബയ്യ്. അദ്ദേഹത്തിനു വേണ്ടി കിരീടമുണ്ടാക്കാന്‍ ഒരു തട്ടാനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.4 ഒരു ഖസ്‌റജി രാജാവിനെ ഔസികള്‍ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. മിക്കവാറും ജൂതന്മാര്‍ക്കും അങ്ങനെയൊരാള്‍ സ്വീകാര്യനാവുമായിരുന്നില്ല. ഇസ്‌ലാം മദീനയിലെത്തിയതോടെ ഖസ്‌റജികള്‍ക്കും ആ തീരുമാനത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. നിയുക്ത രാജാവിന് അത് ഉണ്ടാക്കിയേക്കാവുന്ന സങ്കടം ഊഹിക്കാനാവുമല്ലോ. അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കാപട്യത്തെയും അയാള്‍ പിന്നീട് മുസ്‌ലിം സമൂഹത്തിനുണ്ടാക്കിയ ഒട്ടനവധി ദ്രോഹങ്ങളെയും ഈ പശ്ചാത്തലം കൂടി വെച്ചു വേണം വിശദീകരിക്കാന്‍.

മദീനയിലെ ജൂതന്മാര്‍ മുഖ്യമായും മൂന്ന് ഗോത്രങ്ങളായിരുന്നു. ബനൂ

ഖൈനുഖാഅ്, ബനൂന്നളീര്‍, ബനൂ ഖുറൈള. ഇതില്‍ ആദ്യ ഗോത്രം ഖസ്‌റജികളുമായും മൂന്നാമത്തെ ഗോത്രം ഔസികളുമായും സഖ്യം ഉണ്ടാക്കിയിരുന്നു.5 ജൂതന്മാര്‍ തമ്മില്‍ തമ്മിലും ആഭ്യന്തര യുദ്ധങ്ങള്‍ നടന്നിട്ടുണ്ടാവണം. അതുകൊണ്ടാവുമല്ലോ പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് അറബ് ഗോത്രങ്ങളുമായി അവര്‍ സഖ്യമുണ്ടാക്കിയത്. ഭാഷാപരമായി പറഞ്ഞാല്‍, 'ഖൈനുഖാഅ്' എന്ന വാക്കിന്റെ അര്‍ഥം സ്വര്‍ണപ്പണിക്കാരന്‍ എന്നാണ്. 'നളീര്‍' എന്നാല്‍ ഇലകളുടെ പ്രസാദാത്മകത (ഇത് കൃഷിയെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ). 'ഖുറൈള' എന്നു പറഞ്ഞാല്‍ തോല് ഊറക്കിടുന്നവര്‍ ഉപയോഗിക്കുന്ന ഒരുതരം സസ്യമാണ്. ഈ പേരുകള്‍ ഈ ഗോത്രങ്ങളുടെ മുഖ്യ തൊഴിലുകളിലേക്ക് സൂചന നല്‍കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്; ഏറ്റവും ചുരുങ്ങിയത് മദീനാ പലായനം നടക്കുമ്പോഴെങ്കിലും ഇതായിരിക്കാം അവസ്ഥ. കച്ചവടക്കാരുമായിരുന്നതിനാല്‍ ഈ ജൂത ഗോത്രങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തിയിരുന്നു. ബാങ്കര്‍മാരായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു (ധാന്യങ്ങള്‍ കടമായി വാങ്ങിയതിന് നബി തന്റെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയം വെച്ചിരുന്നല്ലോ).6

ക്രിസ്ത്യാനികളാകട്ടെ വളരെക്കുറവേ ഉണ്ടായിരുന്നുള്ളൂ മദീനയില്‍. ഔസ് ഗോത്രക്കാരനായ അബൂ ആമിര്‍ എന്നൊരാള്‍ ക്രിസ്തുമതം സ്വീകരിച്ച് പുരോഹിതനായെന്ന്7 പറയപ്പെടുന്നുണ്ട് (അദ്ദേഹത്തിന്റെ മകന്‍ ഹന്‍ളലയാകട്ടെ അടിയുറച്ച മുസ്‌ലിമായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന് 'മാലാഖമാര്‍ കുളിപ്പിച്ചൊരുക്കിയവന്‍' -ഗസീലുല്‍ മലാഇകഃ -എന്നൊരു അപരാഭിധാനമുണ്ട്). ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിയ അബൂ ആമിര്‍ തന്റെ പതിനഞ്ചോളം അനുയായികളുമായി മദീന വിടുകയും ഉഹുദ് യുദ്ധത്തില്‍ മക്കക്കാരോടൊപ്പം ചേരുകയും ചെയ്തു. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് ഒരു ബൈസാന്റിയന്‍ പ്രദേശത്ത് താമസമാക്കി. ബൈസാന്തിയക്കാര്‍ക്കെതിരെ പ്രവാചകന്‍ തബൂക്കിലേക്ക് പടനയിക്കുന്ന അവസരം മുതലെടുത്ത്, ബൈസന്തിയന്‍ സൈന്യം മദീന ആക്രമിക്കുമെന്ന് അബൂ ആമിര്‍ മദീനയിലെ കപട വിശ്വാസികളെ വിശ്വസിപ്പിച്ചു.8 കപടന്മാര്‍ക്ക് ഒത്തുചേരാന്‍ മദീനയിലെ ഖുബാ പള്ളിക്ക് അടുത്തുതന്നെ ഒരു 'എതിരാളി പള്ളി' ഉണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.9 ഈ നീക്കം മണത്തറിഞ്ഞ പ്രവാചകന്‍ എതിരാളികളുടെ ആ സമാന്തരപ്പള്ളി  പൊളിച്ചുകളയാന്‍ ഉത്തരവിട്ടു. രണ്ടു വര്‍ഷത്തിനു ശേഷം 'ഹെറാക്ലിയസിന്റെ നാട്ടില്‍' വെച്ച് അദ്ദേഹം മരണപ്പെട്ടു. ഇത്രയും കാര്യങ്ങള്‍ മാത്രമേ മദീനയിലെ ക്രിസ്തു മതത്തെക്കുറിച്ച് രേഖപ്പെടുത്താനുള്ളൂ. മറ്റു മതാനുയായികള്‍ ഇസ്‌ലാം പൂര്‍വ മദീനയില്‍ തീര്‍ത്തും ഇല്ലായിരുന്നെന്ന് പറയാം.

മദീനയിലെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഗോത്രീയ ഘട്ടത്തെ മറികടക്കാന്‍ അതിന് കഴിഞ്ഞിരുന്നില്ല. ഒരു നഗര രാഷ്ട്രം എന്ന് പറയാവുന്നതുപോലും അവിടെ ഉണ്ടായിരുന്നില്ല. ഓരോ ഗോത്രവും അത് അറബിയാണെങ്കിലും യഹൂദിയാണെങ്കിലും സ്വതന്ത്ര യൂനിറ്റുകള്‍ ആയിരുന്നു. തങ്ങളുടെ ഗോത്രത്തലവനെയല്ലാതെ മറ്റാരെയും അവര്‍ അനുസരിച്ചിരുന്നില്ല. ഈ ഗോത്ര മുഖ്യന്മാര്‍ എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നും അറിഞ്ഞുകൂടാ. ഒത്തുകൂടാന്‍ ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം വേദികള്‍ ഉണ്ടാകും. ചിലപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രമുഖരാവും ഒത്തുകൂടുന്നത്. വേനല്‍ക്കാലമായാല്‍ ഉല്ലാസത്തിനും നേരമ്പോക്കിനും ഒത്തുചേരലുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. നളീര്‍ ജൂതന്മാരെ വെച്ച് പറയുകയാണെങ്കില്‍,10 ഓരോ ഗോത്രത്തിനും ഒരു പൊതു ട്രഷറി (കന്‍സ്) ഉണ്ടാകും. ഗോത്രാംഗങ്ങളെല്ലാം ഇതിലേക്ക് സംഭാവന നല്‍കണം. യുദ്ധം പോലുള്ള അപ്രതീക്ഷിത കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ ഇതില്‍നിന്നെടുക്കും. ഒരു തരത്തിലുള്ള സാമൂഹിക സുരക്ഷാ (ടീരശമഹ കിൗെൃമിരല) സംവിധാനവും അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഒരാള്‍ ഒരു കുറ്റകൃത്യം നടത്തുകയോ സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കേണ്ടിവരികയോ (വധിച്ചതിനും മറ്റും) ചെയ്താല്‍ തെറ്റ് ചെയ്ത വ്യക്തിക്കല്ല, അയാളുടെ ഗോത്രത്തിനാണ് നഷ്ടപരിഹാരത്തുക അടക്കാനുള്ള ബാധ്യത.11 എല്ലാ ഗോത്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രവും ഉണ്ടായിരുന്നില്ല. കുറ്റവാളിയും ഇരയും വ്യത്യസ്ത ഗോത്രങ്ങളില്‍നിന്നുള്ളവരായാല്‍ ചര്‍ച്ചയിലൂടെയാണ് തീരുമാനത്തിലെത്തുക. അപ്പോഴും ശക്തി ആര്‍ക്കാണോ അവര്‍ക്കനുകൂലമായിട്ടായിരിക്കും കാര്യങ്ങള്‍. തുല്യാവകാശം എന്ന വിഭാവന തന്നെയില്ല. വധിക്കപ്പെടുന്നത് ദുര്‍ബല ഗോത്രങ്ങളില്‍പെട്ട ഒരാളാണെങ്കില്‍ അയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക കൂടുതല്‍ ശക്തിയുള്ള ഗോത്രങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പകുതിയായിരിക്കും.12 ഇതിനൊന്നും ഒരു നിയമവും വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ചിലര്‍ ചേര്‍ന്ന് നിശ്ചയിക്കുന്ന ഒരാള്‍ അയാള്‍ക്ക് തോന്നുന്ന ഒരു വിധിപ്രസ്താവമങ്ങ് നടത്തുകയാണ് ചെയ്യുക. ഒരു കൃത്യതയുമില്ലാത്ത പാരമ്പര്യ കീഴ്‌വഴക്കങ്ങളായിരിക്കും അതിന്റെ അടിസ്ഥാനം. 

മദീനയുടെ അതിര്‍ത്തികളും കൃത്യമായി നിര്‍ണയിക്കപ്പെട്ടിരുന്നില്ല. അതിക്രമികളെ പ്രതിരോധിക്കാന്‍ ഓരോ ഗോത്രവും സ്വന്തമായി ചെറിയ കോട്ടകളും ടവറുകളും നിര്‍മിക്കുകയാണ് ചെയ്യുക. ഈ അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുക സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, ആട്ടിന്‍പറ്റങ്ങളും അവര്‍ക്കൊപ്പമുണ്ടാവും. പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാരാണ് യുദ്ധം ചെയ്യാനായി സമതലത്തിലേക്ക് ഇറങ്ങുക. ഉഹൈഹാഹുബ്‌നു ജുലാഹ്- ഇദ്ദേഹത്തിന്റെ വിധവയെയാണ് പിന്നീട് ഹാശിം വിവാഹം കഴിക്കുന്നതും അതില്‍ അബ്ദുല്‍ മുത്ത്വലിബ് പിറക്കുന്നതും- എന്നൊരാള്‍ നിര്‍മിച്ച ദിഹ്‌യാന്‍ കൊത്തളത്തിന്റെ അവശിഷ്ടങ്ങള്‍ അടുത്ത കാലം വരെ അവിടെ ഉണ്ടായിരുന്നു. കല്ലുകൊണ്ട് പല നിലകളിലായി നിര്‍മിച്ച ഈ കൊത്തളം 'വെള്ളിപോലെ വെളുത്തതാ'യിരുന്നു.13 തെക്കന്‍ മദീനയിലായിരുന്നു കാലത്തെ അതിജീവിച്ച ഈ നിര്‍മിതി ഉണ്ടായിരുന്നത്.14

മദീനയില്‍ എഴുതാനും വായിക്കാനും അറിയുന്നവര്‍ വളരെ കുറവായിരുന്നു. ജൂതന്മാര്‍ അറബിയാണ് സംസാരിച്ചിരുന്നതെങ്കിലും, അവരത് എഴുതിവെച്ചിരുന്നത് ഹിബ്രു ലിപിയിലാണ് എന്നാണ് മനസ്സിലാവുന്നത്. ജൂതന്മാര്‍ ബൈത്തുല്‍ മിദ്‌റാസ്15 എന്ന സ്ഥാപനം നടത്തിയിരുന്നതായും പരാമര്‍ശമുണ്ട്. വിദ്യാഭ്യാസപരവും നിയമപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഈ സ്ഥാപനം നിരക്ഷരരായ മറ്റു ജനവിഭാഗങ്ങള്‍ക്കു മേല്‍ ജൂതന്മാര്‍ക്ക് മനശ്ശാസ്ത്രപരമായ മേധാവിത്വം നല്‍കിയിരുന്നു. വേദഗ്രന്ഥം (തോറ) കൈവശമുള്ളവര്‍ എന്ന പ്രത്യേകതയും അവര്‍ക്ക് ഉണ്ടായിരുന്നു.

മദീന എന്നു പറഞ്ഞാല്‍ ഒരു വലിയ താഴ്‌വാരമാണ്. വടക്കു നിന്ന് തെക്കോട്ടും, ഏതാണ്ട് അത്രതന്നെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുമുള്ള ഒരു ദിവസത്തെ ഒട്ടക സഞ്ചാര ദൂരമാണ് അക്കാലത്തെ മദീനയുടെ വിസ്തീര്‍ണം. ചുറ്റും മലകളാണ്. പലേടങ്ങളിലും അഗ്നിപര്‍വത ലാവയുടെ അവശിഷ്ടങ്ങളുണ്ട്. കാലാവസ്ഥ മിതശീതോഷ്ണം. നല്ല വളക്കൂറുള്ള മണ്ണ്. കിണര്‍ വെള്ളം പ്രത്യേകിച്ച്, സര്‍ഖാഅ് കിണറില്‍നിന്നുള്ളത് വളരെ രുചികരമാണ്. ആ കിണറുകളില്‍ വെള്ളം സമൃദ്ധമാണ്. അതിനേക്കാള്‍ രുചികരമായ വെള്ളം ഞാന്‍ കുടിച്ചിട്ടില്ല. ഗുണത്തിലും അളവിലും വൈവിധ്യത്തിലുമെല്ലാം മദീനയിലെ കാരക്ക ഒന്ന് വേറെത്തന്നെ. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ നിന്ന് ഗോതമ്പ് സിറിയയിലേക്ക് കയറ്റിയയച്ചിരുന്നു. മക്കയിലേതിനേക്കാള്‍ കൂടുതല്‍ ഇവിടെ മഴയും ലഭിക്കും. മക്കയുടെ തെക്കു-കിഴക്കുള്ള ത്വാഇഫിലെ വജ്ജ് താഴ്‌വരയില്‍നിന്ന് പുറപ്പെടുന്ന അരുവി മദീനയിലൂടെ ഒഴുകിയാണ് ചെങ്കടലില്‍ പതിക്കുന്നത്. ഇതേ നീരൊഴുക്കുകള്‍ മദീനയിലെ വടക്കന്‍ പ്രാന്തങ്ങളില്‍ എത്തുന്നതിനു മുമ്പ് അഖൂല്‍ എന്ന തടാകമായും രൂപപ്പെടുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പോലും അത് വറ്റുകയില്ല. 1946-ല്‍ ഞാന്‍ ഈ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഏതാനും നാടോടികള്‍ അവിടെ താമസിക്കുന്നുണ്ട്. ഒന്നാം ലോക യുദ്ധത്തിനു മുമ്പ് തുര്‍ക്കി ഗവര്‍ണര്‍മാര്‍ ഈ തടാകത്തില്‍ ഉല്ലാസ നൗകകള്‍ കൊണ്ടുവന്നിരുന്നു എന്ന് ആരോ പറഞ്ഞു. ഐനുസര്‍ഖാക്കു പുറമെ ഈ തടാകത്തില്‍നിന്നും കുടിവെള്ളമെടുക്കുന്നുണ്ട്. ഐനുസര്‍ഖായിലെ വെള്ളത്തിന് മുമ്പത്തെ രുചി ഇപ്പോഴില്ല എന്നും പറഞ്ഞുകൊള്ളട്ടെ.

 

ആദ്യ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന

മദീനയുടെ ഭരണഘടനയെക്കുറിച്ച് പറയുന്നതിനു മുമ്പ്, ഇതുമായി ബന്ധമുള്ള ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. കടമ്പകളോ പ്രയാസങ്ങളോ ഇല്ലാതെയാണ് പ്രവാചകന്‍ മദീനയുടെ രാഷ്ട്ര നേതാവായി അംഗീകരിക്കപ്പെടുന്നത്. ഇതിന് കാരണം നേരത്തേ അവിടെ ഒരു ഭരണാധികാരി/രാജാവ് ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു രാഷ്ട്രീയ ശൂന്യത അവിടെ ഉണ്ടായിരുന്നു. ഒരു രാജാവ് ഉണ്ടായിരുന്നെങ്കില്‍, സ്വമേധയാ അദ്ദേഹം പ്രവാചകനു വേണ്ടി അധികാരമൊഴിഞ്ഞുകൊടുക്കാന്‍ കൂട്ടാക്കുമായിരുന്നില്ല (ക്രി. 323-ല്‍ കോണ്‍സ്റ്റന്റയ്ന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതും അതിനു ശേഷം പോപ്പുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളും ഇവിടെ ഓര്‍ക്കാവുന്നതാണ്). സൊറാസ്റ്റര്‍ക്കോ കണ്‍ഫ്യൂഷസിനോ കൃഷ്ണനോ എന്തിന് മോസസിനും ജീസസിനും പോലുമോ ഇങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല. ബുദ്ധനാകട്ടെ സ്വമേധയാ ഭരണാധികാരം കൈയൊഴിക്കുകയായിരുന്നു. ഈയൊരു ദൈവാനുഗ്രഹം ഇല്ലായിരുന്നെങ്കില്‍ എല്ലാ മേഖലകളിലും അനുധാവനം ചെയ്യപ്പെടുന്ന സമ്പൂര്‍ണ മാതൃകയായി മാറാന്‍ മുഹമ്മദ് നബിക്ക് സാധിക്കുമായിരുന്നില്ല. അധികാരം കൈവന്നതുകൊണ്ടാണ് താന്‍ പ്രബോധനം ചെയ്യുന്നത് പൂര്‍ണമായ വിധത്തില്‍ പ്രയോഗവത്കരിക്കാനും ആത്മീയ ജീവിതത്തിന് മാത്രമല്ല, ഭൗതിക ജീവിതത്തിനും ഒരുപോലെ മാര്‍ഗദര്‍ശനം നല്‍കാനും അദ്ദേഹത്തിന് സാധിച്ചത്. എന്തൊരു വലിയ അനുഗ്രഹമായിത്തീര്‍ന്നു അത് മനുഷ്യസമൂഹത്തിന്! പ്രവാചകനെപ്പോലെ വളരെ വിവേകപൂര്‍ണമായി, പക്ഷഭേദം തൊട്ടുതീണ്ടാതെ ഭരിക്കാന്‍ ഏതെങ്കിലും രാജാവിന് സാധിക്കുമോ?

നേരത്തേ തന്നെ മദീനയിലെ മുസ്‌ലിം സമൂഹത്തെ ഏകീകരിക്കാന്‍ ധാരാളം ശ്രമങ്ങള്‍ പ്രവാചകന്‍ നടത്തിയിരുന്നു (ഹിജ്‌റക്കു മുമ്പുള്ള അഖബാ ഉടമ്പടിയില്‍ ഓരോ വിഭാഗത്തിനും മുഖ്യനെ തെരഞ്ഞെടുത്തതും മുഖ്യന്മാരുടെ മുഖ്യനെ നിശ്ചയിച്ചതും ഉദാഹരണം). എന്നിട്ടും വേണ്ടത്ര ഏകീകരണം ആയിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. പ്രവാചകന്റെയും അനുയായികളുടെയും അവകാശബാധ്യതകള്‍ അപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. മുസ്‌ലിംകളല്ലാത്ത അറബികളുമായും ജൂതന്മാരുമായും ചില ധാരണകളില്‍ അവര്‍ക്ക് എത്തിച്ചേരേണ്ടതുണ്ടായിരുന്നു. എങ്കിലേ പൊതുജീവിതം ചിട്ടപ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂ. നിയമപരവും മതപരവും മറ്റുമായ സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനും അവസരം ലഭിക്കുമായിരുന്നുള്ളൂ. ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ആലോചിക്കേണ്ടതുണ്ടായിരുന്നു. അതാണല്ലോ പ്രവാചകനിയോഗത്തിന്റെ കാതല്‍ തന്നെ. തന്റെ നിയോഗത്തിന്റെ തുടക്കം മുതല്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിവരുന്നുണ്ട്. അഞ്ചു നേരത്തെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ചിട്ടയോടെ നടത്തണമെന്ന് അനുയായികളെ ഉപദേശിക്കുന്നുണ്ട്. സാമൂഹിക ജീവിതത്തില്‍ അത്തരം ആധ്യാത്മിക വശങ്ങള്‍ മാത്രം മതിയാവുകയില്ല. പുതിയൊരു സാമൂഹിക ജീവിതക്രമം എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് തന്റെ അനുയായികളുമായും മുസ്‌ലിംകളല്ലാത്ത തന്റെ അയല്‍ക്കാരുമായും അദ്ദേഹം ചര്‍ച്ച നടത്തിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായിത്തന്നെയാണ് അവര്‍ അനസിന്റെ16 വീട്ടില്‍ യോഗം ചേര്‍ന്നതും മദീനയെ ഒരു നഗര രാഷ്ട്രമാക്കാന്‍ തീരുമാനമെടുത്തതും. അങ്ങനെയാണ് മദീനയിലെ ആദ്യ ഇസ്‌ലാമിക രാഷ്ട്രത്തിന് ഒരു ഭരണഘടന ഉണ്ടാവുന്നത്; ലോക ചരിത്രത്തിലെ തന്നെ ആദ്യ ലിഖിത ഭരണഘടന. ഭാഗ്യവശാല്‍ അത് പൂര്‍ണമായിത്തന്നെ സംരക്ഷിക്കപ്പെട്ട നിലയില്‍ നമുക്ക് ലഭ്യമായിട്ടുണ്ട്.17

സ്വേഛാധിപതികളായ രാജാക്കന്മാരുടെ സവിശേഷാധികാരങ്ങള്‍ പ്രതിപാദിക്കുന്ന ബൈബിള്‍ വിവരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും (ക സാമുവല്‍, ഢകകക, കക18; ത, 25 ബി.സി പതിനൊന്നാം നൂറ്റാണ്ട്). സൊളോണിന്റെ കൃതിയാകട്ടെ (ബി.സി 640-558), ആതന്‍സിലെ നഗരരാഷ്ട്രത്തിന്റെ ഭരണനിര്‍വഹണ സമിതിക്ക്, നേരത്തേ നിലവിലുള്ള ഭരണഘടനയില്‍ ചില തിരുത്തല്‍ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. അവ പിന്നീട് അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയുമാണുണ്ടായത്. അവ രേഖപ്പെടുത്തപ്പെട്ടിരുന്നുവോ എന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്തായിരുന്നാലും, അവയൊന്നും ഒരു ഭരണഘടനയുടെ മുഴുവന്‍ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നവയായിരുന്നില്ല. കണ്‍ഫ്യൂഷ്യസിന്റെയും (ബി.സി 551-419) അരിസ്റ്റോട്ടിലിന്റെയും (ബി.സി 384-322) അവരുടെ ഇന്ത്യന്‍ സമകാലികന്‍ കൗടില്യന്റെയുമൊക്കെ പുസ്തകങ്ങള്‍ ഒരു പരമാധികാര കേന്ദ്രം വിഭാവനം ചെയ്യുന്ന ഭരണഘടനകളെ പ്രതിനിധാനം ചെയ്യുന്നില്ല. അവ ഒന്നുകില്‍ രാജകുമാരന്മാര്‍ക്കുള്ള പാഠപുസ്തകങ്ങളായിരുന്നു; അല്ലെങ്കില്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ മാത്രമായിരുന്നു. ഭരണാധികാരികള്‍ക്ക് ആ നിര്‍ദേശങ്ങള്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇനി അരിസ്റ്റോട്ടിലിന്റെ 'ആതന്‍സിന്റെ ഭരണഘടന'യെപ്പറ്റി. ആതന്‍സ് ഒരു നഗരരാഷ്ട്രം അല്ലാതായിക്കഴിഞ്ഞ ഘട്ടത്തില്‍ ഒരു ചരിത്രകാരന്‍ നടത്തിയ രചനയായേ അതിനെ കാണാന്‍ കഴിയൂ. അരിസ്റ്റോട്ടില്‍ അവിടെ ഭരണാധികാരിയുമായിരുന്നില്ല; കൂടിയാല്‍ ഒരു മന്ത്രിയായിട്ട് ഉണ്ടായിരുന്നിരിക്കണം.

മദീനയുടെ ഭരണഘടന ആദ്യമായി ഒരു യൂറോപ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം  ചെയ്യുന്നത് വെല്‍ഹോസന്‍ ആണ്. അതില്‍ 47 ഖണ്ഡികകളാണുള്ളത്. പിന്നെ വന്ന എല്ലാ വിവര്‍ത്തകരും നിര്‍ഭാഗ്യവശാല്‍ ഈ കണക്ക് ആവര്‍ത്തിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ മദീനാ ഭരണഘടനയില്‍ 52 ഖണ്ഡികകളുണ്ട്. ഈ ഭരണഘടന രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതുമാണ്. ഒന്നു മുതല്‍ 23 വരെയുള്ള ഖണ്ഡികകള്‍ (യഥാര്‍ഥത്തിലിത് 25 ഖണ്ഡികകള്‍ ഉണ്ട്) ആണ് ആദ്യ ഭാഗം. അത് മുസ്‌ലിംകളെ സംബന്ധിച്ചുള്ളതാണ്. 24 മുതല്‍ 47 വരെയുള്ള ഖണ്ഡികകള്‍ (ഇവ യഥാര്‍ഥത്തില്‍ 27 ഖണ്ഡികകള്‍ ഉണ്ട്) ചേര്‍ന്ന രണ്ടാം ഭാഗം ജൂതന്മാരെപ്പറ്റിയുമാണ്. ഈ രേഖയുടെ രണ്ട് ഭാഗവും പ്രവാചകന്‍ മദീനയിലെത്തിയ ആദ്യവര്‍ഷം തന്നെ എഴുതപ്പെട്ടിട്ടുണ്ട് എന്നാണ് സ്രോതസ്സുകള്‍18 പരിശോധിച്ചാല്‍ കാണാനാവുക. അവ വിവിധ കാലങ്ങളില്‍ എഴുതിയവയല്ല. സ്വാഭാവികമായും ഒരു ചോദ്യം ഉയരാം: ജൂതനല്ലാത്ത, അത്രയൊന്നും അറിയപ്പെടാത്ത, തങ്ങളേക്കാള്‍ ശക്തി കുറഞ്ഞ ഒരു വിദേശിക്ക് ജൂതന്മാര്‍ അവരുടെ സ്വാതന്ത്ര്യവും സ്വയംനിര്‍ണയാവകാശവും സ്വമേധയാ അടിയറ വെക്കേണ്ട കാര്യമെന്ത്? അതിന്റെ കാരണങ്ങള്‍ നാം പിന്നീട് വിശദീകരിക്കും. 

(തുടരും)

 

കുറിപ്പുകള്‍

1. ബുഖാരി 56:181 നമ്പര്‍ 1

2. ഇബ്‌നു ഹിശാം, പേജ് 286&387

3. അതേ കൃതി 287, ബുഖാരി 63:1, No: 2, 63:46 No: 7, ഇബ്‌നു സഅ്ദ് I/I  പേജ് 147

4. ഇബ്‌നു ഹിശാം, പേജ് 413, ത്വബരി- താരീഖ് I, 1511, ബുഖാരി 79:20

5. ഇബ്‌നു ഹിശാം, പേജ് 546, 554, 688

6. ബുഖാരി 34:14, 43:1

7. ഇബ്‌നു ഹിശാം, പേജ് 561-562. ഈ പുരോഹിതനെക്കുറിച്ച കൗതുകകരമായ വിവരങ്ങള്‍ സംഹൂദി (രണ്ടാം എഡിഷന്‍, പേജ് 814) രേഖപ്പെടുത്തിയിട്ടുണ്ട്

8. വാഹിദി- അസ്ബാബുന്നുസൂല്‍, പേജ് 195

9. മഖ്‌രീസി 1, 481

10. ശാമി-സീറ, അധ്യായം ഗസ്‌വാത്ത് സവിഖ്

11. എന്റെ പുസ്തകം, First Written Constitution in The World, പേജ് 4-11

12. ഇബ്‌നു ഹിശാം, പേജ് 802-803 (അറബ് ഗോത്രങ്ങളെപ്പറ്റി), ഇബ്‌നു ഹമ്പല്‍, No: 2212 (ജൂത ഗോത്രങ്ങളെപ്പറ്റി), 3434

13. അശാനി, XIII, 124

14. സംഹൂദി (2nd Ed.), പേജ് 194

15. ഇബ്‌നു ഹിശാം, പേജ് 383,388. ക്രിസ്ത്യാനികളെക്കുറിച്ച്, പേജ് 401

16. ബുഖാരി 96:16, No: 18

17. ഭരണഘടനയുടെ അറബി മൂലവും ഇംഗ്ലീഷ് പരിഭാഷയും എന്റെ എശൃേെ ണൃശേേലി First Written Constitution in the World  എന്ന പുസ്തകത്തില്‍

18. അബൂ ഉബൈദ്, പാരഗ്രാഫ് 518


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌