Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ഗൗരി ലങ്കേഷ് പോരാളിയുടെ ജീവിതം

യാസര്‍ ഖുത്വുബ്

ബംഗളൂരു ടൗണ്‍ ഹാളിലെ ഒരു പ്രതിഷേധ സംഗമം.   വി.എച്ച്.പി ഉള്‍പ്പെടെ ഹിന്ദുത്വ ശക്തികള്‍ അന്നത് തടയുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.  സമരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍, സമരക്കാരെ കൈയേറ്റം ചെയ്യാന്‍ 50-ഓളം ബജ്റംഗ്ദള്‍-  വി.എച്ച്.പിക്കാര്‍ എത്തി. അവരെ പോലീസ് ബാരിക്കേഡ് തീര്‍ത്തു തടഞ്ഞു നിര്‍ത്തി. സമരക്കാര്‍ പിരിഞ്ഞുപോകണമെന്ന്   മൈക്കിലൂടെ പോലീസ് അറിയിപ്പും നല്‍കി. ഉടന്‍ സമരക്കാരുടെ രണ്ടാമത്തെ വരിയില്‍ ഇരുന്നിരുന്ന  ഒരു സ്ത്രീ ഇറങ്ങി വന്നു, 'ധിക്കാരാ, ധിക്കാരാ' എന്ന മുദ്രവാക്യം വിളിച്ചു കൊണ്ട്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് അവര്‍ സംവദിച്ചു. ദക്ഷിണ  കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ഉണ്ടായ സംഘ് ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രസ്തുത സമരത്തിന്റെ പ്രാധാന്യം ചുരുങ്ങിയ സമയത്തിനുള്ളില്‍  ശക്തമായ വാക്കുകളില്‍ വിവരിച്ചു. ഈ സമയം  സമരക്കാരെ മറ്റൊരു വഴിയിലേക്ക് പോലീസ് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആ സ്ത്രീ ഇതൊന്നും വകവെക്കാതെ വളരെ ശാന്തമായി, ആ വി.എച്ച്.പി കൂട്ടത്തില്‍ ചെന്ന്, അവര്‍ക്ക് കൂടി, കൈയില്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. അതായിരുന്നു ഗൗരി ലങ്കേഷ്!

എം.ജി റോഡ് ഗാന്ധി പ്രതിമക്ക് മുന്നില്‍ നടക്കുന്ന മറ്റൊരു പ്രതിധേഷം. സുരക്ഷാ കാരണങ്ങളാല്‍ ഇത് തടയാന്‍ കമീഷണറുടെ ഉത്തരവ് ഉണ്ടെന്നും പറഞ്ഞ് പോലീസ് സേന കുതിച്ചെത്തി. പോലീസ് അനുവാദം നല്‍കിയ പരിപാടിയാണിതെന്നും ഇതെന്തിന്  തടയുന്നു എന്നും മുന്നില്‍ നിന്നിരുന്ന ഗൗരി ലങ്കേഷ് ഉറക്കെ ചോദിച്ചു. എല്ലാവരും പിരിഞ്ഞുപോകണമെന്ന് പോലീസ് അഭ്യര്‍ഥന.  അറസ്റ്റു ചെയ്യാതെ വെറുതെ പിരിഞ്ഞു പോവുകയില്ല എന്ന് സമരക്കാര്‍. അതിനു പോലീസ് വഴങ്ങാതിരുന്നപ്പോള്‍ സമീപമുള്ള കബ്ബണ്‍ പാര്‍ക് പോലീസ്  സ്റ്റേഷനില്‍,  കമീഷണരുടെ ഓഫീിസില്‍ പോയി അവിടെ അറസ്റ്റും രേഖപ്പെടുത്തിയാണ് ഗൗരി ലങ്കേഷും കൂട്ടരും സ്ഥലം വിട്ടത്. അസാമാന്യ ധീരതയായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.

ഒരു മാധ്യമ പ്രവര്‍ത്തക മാത്രമായിരുന്നില്ല ഗൗരി ലങ്കേഷ്. മുഴുസമയ ആക്ടിവിസ്റ്റ് കൂടിയായിരുന്നു അവര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ സധൈര്യം അവര്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ആര്‍ജവത്തോടെ നിലപാടുകള്‍ എടുത്തു, സമരങ്ങളില്‍ പങ്കെടുത്തു.  അരികുവത്കരിക്കപ്പെട്ടവരുടെ സമ്മേളനങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ഓടിയെത്തി.  മുസ്‌ലിംകള്‍, ദലിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കു വേണ്ടി സ്വന്തം സാന്നിധ്യം കൊണ്ടും വാക്കുകള്‍ കൊണ്ടും വന്‍മതില്‍ പണിതു. അവരെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തി. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു കൂടി നഗരത്തിലെ  സ്ത്രീകളും കുട്ടികളും അവരെ തേടിയെത്തി. തന്നെ  കൊണ്ട് കഴിയുന്നതെല്ലാം അവര്‍ ചെയ്തു കൊടുത്തു, പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ ശ്രമിച്ചു, എല്ലാവരെയും പരിഗണിച്ചു.   തന്നെ ക്ഷണിക്കുന്നത് എത്ര ചെറിയ സമരങ്ങളിലേക്കും ചര്‍ച്ചാ വേദികളിലേക്കുമാണെങ്കിലും സന്തോഷപൂര്‍വം  പങ്കെടുത്ത് ആ പരിപാടി ധന്യമാക്കും ഗൗരി ലങ്കേഷ്. ജിഗ്‌നേഷ് മേവാനി, ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, ഷെഹ്ല റാഷിദ് എന്നിവരെ തന്റെ 'ദത്തു മക്കള്‍' എന്നാണ് ഗൗരി വിളിച്ചിരുന്നത്. അവര്‍ ബംഗളൂരുവില്‍ വന്നാല്‍ രാത്രി താമസം തന്റെ വീട്ടിലായിരിക്കണം എന്നും ഗൗരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ നേതാവ് അക്കമ്മ പറഞ്ഞത്, ഗൗരി മാത്രമായിരുന്നു അവരോടൊപ്പം ഓഫീസില്‍ വന്നു  ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്ന അപൂര്‍വം വനിതാ ആക്ടിവിസ്റ്റ് എന്നാണ്.  അതുകൊണ്ട് തന്നെയാവണം ഗൗരിയുടെ  ഭൗതിക ശരീരം  ടൗണ്‍ ഹാളിനു സമീപമുള്ള രവീന്ദ്ര കലാ ക്ഷേത്രത്തില്‍ കിടത്തിയപ്പോള്‍ ഭിന്ന ലിംഗക്കാരായ കുറച്ചു പേര്‍ എല്ലാ നിയന്ത്രണങ്ങളും വിട്ടു ആര്‍ത്തു കരഞ്ഞത്. സെപ്റ്റംബര്‍ 12-ന് 'ഐ ആം ഗൗരി' എന്ന പേരില്‍ നടത്തിയ ഐതിഹാസികമായ റാലിയിലും ഭിന്ന ലിംഗക്കാരുടെ വര്‍ധിച്ച സാന്നിധ്യമുണ്ടായിരുന്നു. സെപ്റ്റംബര്‍ 8-നു ടൗണ്‍ ഹാളില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും പ്രതിഷേധിക്കാനും എത്തിയ പലര്‍ക്കും വിശ്വസിക്കാനായില്ല, ഗൗരി നമ്മോടൊപ്പം ഇല്ല എന്ന സത്യം. കാരണം ഈ ടൗണ്‍ ഹാളില്‍ ഒരുപാട് സമരങ്ങള്‍ക്ക് മുന്നില്‍നിന്ന ആളാണ് 100 മീറ്റര്‍ അപ്പുറം കലാ ക്ഷേത്രത്തില്‍ വെള്ള പുതച്ചു കിടക്കുന്നത്.

സാധാരണ ടാബ്ലോയ്ഡുകള്‍ എന്നാല്‍, 'മസാല വാര്‍ത്ത', 'മഞ്ഞ പത്രം'' എന്നിവയുടെ മറുവാക്കായി നിലകൊള്ളുന്ന  വിപണിയിലേക്കാണ് ഗൗരവ വായനയുമായി 'ഗൗരി ലങ്കേഷ് പത്രിക' ഇറങ്ങുന്നത്. മാധ്യമ മാര്‍ക്കറ്റ് വിദഗ്ധര്‍ അല്‍പായുസ്സ് പ്രവചിച്ച ഈ പത്രിക എല്ലാവരെയും അത്ഭുതപ്പെടുത്തി. പിതാവിന്റെ കാലത്തേക്കാള്‍ അതിന്റെ വരിക്കാരുടെ എണ്ണം കൂടി.  പലരും കൈവെക്കാന്‍ ഭയന്ന വിഷയങ്ങള്‍ പത്രികയിലൂടെ വെളിച്ചം കണ്ടു.  നഗരത്തിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കുടിയേറ്റങ്ങള്‍ മുതല്‍ റെഡ്ഢിമാരുടെ ഖനി അഴിമതി വരെ പരമ്പരകളിലൂടെ വിശദ വാര്‍ത്തയാക്കി. ആര്‍.എസ്.എസ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സധൈര്യം നിലകൊണ്ടു. ബ്രഹ്മണിക്കല്‍ നിയമങ്ങളുടെ സാമൂഹിക അധീശത്വത്തെ ചോദ്യം ചെയ്തു. കഴിഞ്ഞ മാസം ഗൗരി എഴുതിയത് ലിംഗായത്ത് സമുദായം ഹിന്ദുക്കളല്ല എന്നായിരുന്നു. ഹിന്ദു എന്ന പേരില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും അവരെ കൂടെ കൂട്ടി അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് എന്ന് ഗൗരി തുറന്നടിച്ചു.

രാഷ്ട്രീയവും സാമൂഹികവുമായ എഴുത്തുകളായിരുന്നു പ്രധാനമെങ്കിലും കാല്‍പനികതയും സിനിമയും അവര്‍ ഉള്ളില്‍ കൊണ്ടുനടന്നു.  ഫിലിം ഫെസ്റ്റിവെലുകളിലും നാടക വേദികളിലും ഗസല്‍ അരങ്ങുകളിലും അവര്‍ ഓടി നടന്നു.  അതിനെല്ലാം തന്റെ പത്രികയില്‍ വലിയ ഇടം കൊടുത്തു.  അവ എങ്ങനെ തന്റെ ആക്ടിവിസത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ചിന്തിച്ചു. സിനിമകളെ ഗൗരവമായി നിരൂപണം ചെയ്തു. പുതിയ സ്ത്രീ സംവിധായകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി. രാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഗൗരി കന്നടയിലേക്ക്  വിവര്‍ത്തനം ചെയ്തു. സകറിയയുടെയും സച്ചിദാനന്ദന്റെയും എഴുത്തുകളുടെ വിവര്‍ത്തകയാണ്. കമലാ സുറയ്യ മുതല്‍  അബ്ദുന്നാസിര്‍ മഅ്ദനി വരെയുള്ളവരെ കന്നഡികര്‍ക്ക് പരിചയപ്പെടുത്തി. കമലാ സുറയ്യയുടെ ഇസ്‌ലാം ആശ്ലേഷത്തെ നിരീശ്വരവാദിയായ ഗൗരി മനസ്സ് നിറഞ്ഞു അഭിനന്ദിച്ചു. തന്റെ ഓഫീസില്‍,  കര്‍ണാടകയിലെ ക്ലാസ്സിക്കല്‍ എഴുത്തുകാരുടെയും സിനിമാ പ്രതിഭകളുടെയും ഫോട്ടോകളുടെ  ഇടയില്‍,  സുറയ്യയുടെ പര്‍ദയണിഞ്ഞ ഫോട്ടോ തൂക്കിയിട്ടു. പത്രികയുടെ ഒരു പ്രചാരണ പോസ്റ്ററില്‍ പര്‍ദയണിഞ്ഞ കമലാ സുറയ്യയെയായിരുന്നു മോഡലാക്കി പ്രദര്‍ശിപ്പിച്ചത്. 

പിതാവ് ലങ്കേഷിന്റെ മരണശേഷമാണ് ഗൗരിയും സിനിമാ പ്രവര്‍ത്തകനായ സഹോദരന്‍  ലങ്കേഷും കൂടി പത്രിക ഏറ്റെടുക്കുന്നത്. 2005-ല്‍ മാവോയിസ്റ്റ് അനുകൂല വാര്‍ത്ത കൊടുത്തു എന്ന് പറഞ്ഞാണ് സഹോദരന്‍ ഇന്ദ്രജിത്ത്,  ഗൗരിക്കെതിരെ കേസ് കൊടുക്കുന്നത്. ആ സമയത്തു തന്നെ ഇന്ദ്രജിത്ത് ലങ്കേഷ് ഹിന്ദുത്വ പക്ഷത്തേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. പത്രികയുടെ ബിസിനസ്സ് ഡെവലപ്പ്‌മെന്റ് ആന്റ് പി.ആര്‍ ചുമതല ഇന്ദ്രജിത്തിനായിരുന്നു. മാത്രമല്ല ആ കുടുംബ വഴക്കില്‍ സഹോദരന്‍ ഗൗരിക്കു നേരെ തോക്ക് ചൂണ്ടിയ ഘട്ടം എത്തിയപ്പോള്‍ വധശ്രമത്തിന് എതിരെ ഗൗരി കേസ് കൊടുത്തു. തുടര്‍ന്ന് നിയമ നടപടികളുമായി ലങ്കേഷ്  പത്രിക പൂട്ടും' എന്ന അവസരത്തിലാണ്, 'ധിക്കാരിയായ ആ അഛന്റെ തന്റേടിയായ മകള്‍' സ്വന്തമായി 'ഗൗരി ലങ്കേഷ് പത്രിക''ആരംഭിച്ചത്.  പിതാവ് ലങ്കേഷ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകളെ കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മകന്‍ ബംഗളൂരുവില്‍ തന്നെ ഉണ്ടായിട്ടുകൂടി ദല്‍ഹി നിവാസിയായിരുന്ന മകളെ പല അസൈന്റ്‌മെന്റുകളും ഏല്‍പിച്ചിരുന്നത്. പിതാവ് മരിക്കുമ്പോള്‍ പത്രിക 15 ലക്ഷത്തോളം കടത്തിലായിരുന്നു. പക്ഷം ചേരേണ്ടിവരും എന്ന് ഭയന്ന് ഏതെങ്കിലും പാര്‍ട്ടികളുടെയോ കോര്‍പ്പറേറ്റുകളുടെയോ പരസ്യം സ്വീകരിക്കാന്‍ അവര്‍ ഒരിക്കലും തയാറായില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ തന്റെ   ഇന്‍ഷുറന്‍സ് തുക വരെ തിരിച്ചുവാങ്ങിയ കഥ പത്രികക്ക് പറയാനുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കുള്ള ഭക്ഷണം സ്വയം പാകം ചെയ്തു കൊടുത്ത കഥയും ഗൗരി തന്നെ അനുസ്മരിച്ചിട്ടുണ്ട്.  

2003-ല്‍ ബാബ ബുധന്‍ഗിരിയിലെ സൂഫി ആശ്രമത്തില്‍ ഐസിസ് പരിശീലനം നടക്കുന്നു എന്ന വാര്‍ത്ത പൊളിക്കുകയും അതില്‍ സംഘ് പരിവാറിന്റെ പങ്ക് പുറത്തുകൊണ്ടുവരികയും ചെയ്തതോടെയാണ് ഗൗരി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ വലംകൈയും കോണ്‍ഗ്രസ്സിന്റെ ലോകബാങ്ക് എന്നും അറിയപ്പെടുന്ന ഡി.കെ ശിവകുമാറിന്റെ അവിഹിത സമ്പാദ്യത്തെ കുറിച്ച് തുടര്‍ വാര്‍ത്തകള്‍ കൊടുത്തത് പത്രികക്ക് പരസ്യ ഇനത്തിലുള്ള പല വരുമാനങ്ങളും നിലക്കാന്‍ കാരണമായി. എങ്കിലും അത് സര്‍ക്കുലേഷന്‍ വര്‍ധിപ്പിച്ചു. എല്ലാവരും പത്രികയുടെ ധൈര്യത്തെ അഭിനന്ദിച്ചു. കാരണം ഒരാള്‍ പോലും എതിര്‍ക്കാന്‍ ധൈര്യപ്പെടാത്ത നേതാവാണ് ഡി.കെ ശിവകുമാര്‍. ഈ അടുത്ത്  കോണ്‍ഗ്രസ്  എം.എല്‍.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ അവരുടെ ചെലവ് വഹിച്ചിരുന്നത് ഈ ഡി.കെയാണ് എന്ന ആരോപണത്തെ  തുടര്‍ന്ന് ബി.ജെ.പി ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ  റെയ്ഡ് പോലും പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബി.ജെ.പിയുടെ പ്രഹ്ലാദ് ജോഷിയെ കുറിച്ച ഒരു വഞ്ചനാ കുറ്റത്തിന്റെ വാര്‍ത്തയിലാണ് ഗൗരിക്ക് എതിരെ വിധി വന്നതും ജാമ്യം കിട്ടിയതും. ആള്‍ദൈവങ്ങളുടെ അരാജക ജീവിതത്തെയും ഗൗരി നിരന്തരം ചോദ്യം ചെയ്തു. കന്നഡ സാഹിത്യ സമ്മേളനത്തില്‍ ബ്രാഹ്മണിക്കല്‍ നീതിവ്യവസ്ഥയെയും  പെരുമാള്‍ മുരുകന്‍ വിഷയത്തില്‍ ഹിന്ദു സംഘടനകളുടെ ഇരട്ടത്താപ്പിനെയും അവര്‍ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന്  2015 ഫെബ്രുവരിയില്‍ ഹാസന്‍ ജില്ലയിലെ ബ്രാഹ്മണ സഭ ഗൗരിക്കെതിരെ റാലി നടത്തുകയും പൊതു താല്‍പര്യ ഹരജി നല്‍കുകയും ചെയ്തിരുന്നു.

35 വര്‍ഷം ഗൗരിയുടെ അടുത്ത സുഹൃത്തായിരുന്നു പ്രകാശ് ബേല്‍വാഡി.  2014 പൊതു തെരഞ്ഞെടുപ്പ് കാലത്ത് പ്രകാശ്, ബി.ജെ.പിയുടെ മാധ്യമ ഉപദേശകനായി ചുമതലയേറ്റപ്പോള്‍, ആ സുഹൃദ് ബന്ധം തന്നെ ഗൗരി വിഛേദിച്ചു.  ആദര്‍ശബന്ധത്തേക്കാള്‍ വലുതല്ല ഒരു സുഹൃദ് ബന്ധവും എന്ന് അവര്‍ വികാരഭരിതയായി എഴുതുകയും ചെയ്തു. കര്‍ണാടകയുടെ  തീരദേശ മേഖലകളില്‍ 2002-ല്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അസ്വസ്ഥതകള്‍ വിതച്ചപ്പോള്‍ ഗൗരി കൂടി നേതൃത്വം വഹിച്ച് തുടങ്ങിയ സാമുദായിക സൗഹൃദ കൂട്ടായ്മയാണ് 'കോമു സൗഹാര്‍ദ വേദികെ.' മരണം വരെ അവര്‍ ഇതില്‍ സജീവമായിരുന്നു. 2012-ല്‍ ഇതിന്റെ ഒരു യോഗത്തില്‍ വെച്ച് ബജ്‌റംഗ്ദള്‍ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഗൗരി പ്രസംഗിച്ചു. 'ഇവര്‍ ധര്‍മ എന്ന് പറയുന്നത് വെറും നാടകമാണ്. സംഘ് പരിവാര്‍ പറയുന്ന ധര്‍മം സംരക്ഷിക്കല്‍ ബാധ്യത അല്ല.  എന്റെ ധര്‍മം വര്‍ഗീയ ഹിന്ദുത്വം  അല്ല. എന്റെ ധര്‍മം ഇന്ത്യന്‍ ഭരണഘടനയാണ്.' ഈ പ്രസംഗം ഹിന്ദുമതത്തിന് മാനഹാനി വരുത്തി എന്ന് പറഞ്ഞു കേസായി. ഈ സെപ്റ്റംബര്‍ 15-നു അതിന്റെ താല്‍ക്കാലിക വിധിയും ഗൗരിയുടെ വാദങ്ങളും വരാനിരിക്കെയാണ്, ഗൗരി വാദങ്ങളും പ്രതിവാദങ്ങളും ഇല്ലാത്ത  ലോകത്തേക്ക് യാത്രയായത്.  ലങ്കേഷ് പത്രികയുടെ പുതിയ ലക്കങ്ങളില്‍ മംഗലാപുരത്തെ ആര്‍.എസ്.എസ് നേതാവ് പ്രഭാകര്‍ ഭട്ട് കല്ലടികയുടെ  ഭീകര കൃത്യങ്ങള്‍ അനാവരണം ചെയ്തിരുന്നു. ബി.ജെ.പി എം.എല്‍.എ ഡി.എന്‍ ദേവരാജ് ചിക്കമംഗളൂരുവില്‍ വെച്ച് ഗൗരി മരിച്ച അന്ന് പറഞ്ഞത്, തന്റെ പത്രത്തില്‍, 'ആര്‍.എസ്.എസിനു മൃത്യു ഹോം' എന്ന ആ ലേഖനം പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഗൗരി ഇന്നും ജീവനോടെ ഇരുന്നേനെ എന്നാണ്. ഇത് വിവാദമായപ്പോള്‍ അദ്ദേഹമത് തിരുത്തി.

ഈയടുത്ത് കര്‍ണാടകയില്‍ സംഘടിപ്പിച്ച ചലോ ഉഡുപ്പി, ചലോ  തുംകൂര്‍ റാലികളിലും സജീവമായി ഗൗരി ലങ്കേഷ് ഉണ്ടായിരുന്നു. ജാതീയ അത്യാചാരങ്ങള്‍ക്കും  പശുവിന്റെ പേരിലുള്ള കൊലകള്‍ക്കുമെതിരെയും ഉന മോഡലില്‍  പിന്നാക്ക കൂട്ടായ്മകളാണ് ഈ രണ്ടു പരിപാടികളും സംഘടിപ്പിച്ചത്.  സ്വാതന്ത്ര്യത്തിനും  മനുഷ്യാവകാശങ്ങള്‍ക്കുമായി പരിധികളില്ലാതെ തൂലിക കൊണ്ട് ഗൗരി ഒച്ച വെച്ചു. സ്വാസ്ഥ്യവും അഭിവൃദ്ധിയുമുള്ള ഇന്ത്യക്ക് തടസ്സം നില്‍ക്കുന്നത് ഹിന്ദുത്വ പരിവാറാണെന്ന് മറകളില്ലാതെ തുറന്നു പറഞ്ഞു. അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിരന്തരം  എഴുതി. കാവി ഭീകരതക്ക് എതിരെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന പുസ്തകങ്ങള്‍ അപ്പോള്‍ തന്നെ കര്‍ണാടകക്ക് പരിചയപ്പെടുത്തി.  റാണാ അയ്യൂബിന്റെ 'ഗുജറാത്ത് ഫയല്‍സ്'”കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തതും ഗൗരി ലങ്കേഷാണ്. പെഹ്ലു ഖാന്‍ വധിക്കപ്പെട്ടപ്പോള്‍, ഗോരക്ഷകര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശം എന്ന് ചോദിച്ച് ഗൗരി തെരുവില്‍ ഇറങ്ങി. മതേതര ഇന്ത്യക്ക് വേണ്ടി അവര്‍ ആത്മാര്‍ഥമായി നിലകൊണ്ടു.  #ചീകേിങ്യചമാല പരിപാടിയിലും അതിന്റെ തുടര്‍ച്ചയായി ആ ബാനറില്‍ തന്നെ  നടത്തിയ രണ്ടു സംഗമങ്ങളിലും  ഗൗരി നേതൃപരമായ പങ്കുവഹിച്ചിരുന്നു. സിദ്ധരാമയ്യ മാത്രമാണ്  ഗൗരിയോട് കുറച്ചെങ്കിലും അനുഭാവപൂര്‍വം പെരുമാറിയ രാഷ്ട്രീയക്കാരന്‍. മാവോയിസ്റ്റുകളെ  മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള കമ്മിറ്റിയില്‍ ഗൗരി ലങ്കേഷ് ഉണ്ടായിരുന്നു. പലരും ഇതിനെ എതിര്‍ത്തിരുന്നു എങ്കിലും സിദ്ധരാമയ്യ ഗൗരിയെ അതില്‍ നിലനിര്‍ത്തുകയാണുണ്ടായത്. കാരണം 4 മാവോയിസ്റ്റുകള്‍ ഗൗരിയുടെ നയതന്ത്രപരമായ ഇടപെടല്‍ മൂലം ആയുധം വെച്ച്, കാട് ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നിരുന്നു. ഗൗരിയെ വധിച്ചത് നക്സലൈറ്റുകളാണെന്ന്  പറഞ്ഞ് സഹോദരന്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍  ഇളയ സഹോദരി അത് നിഷേധിക്കുകയുായി. ഗൗരിയുടെ ഇടപെല്‍ മൂലം സാധാരണ ജീവിതത്തിലേക്ക് വന്ന മുന്‍ നക്‌സലുകള്‍  പറഞ്ഞത്, ഞങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളിനോട് എന്തിനാണ് ഞങ്ങള്‍ക്ക് വെറുപ്പ്, ഞങ്ങള്‍ ഒരിക്കലും അവരെ കൊല്ലില്ല  എന്നായിരുന്നു.  ഗവണ്‍മെന്റ്  ഈയിടെ നടത്തിയ, ജൂനിയര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത  അന്താരാഷ്ട്ര  അംബേദ്കര്‍ സമ്മേളനത്തില്‍ ഗൗരി ലങ്കേഷായിരുന്നു  അധ്യക്ഷ പദവി അലങ്കരിച്ചിരുന്നത്.

ബാനറുകളോ ഗ്രൂപ്പുകളോ ഒന്നും ഗൗരി ലങ്കേഷിന് വിഷയമല്ലായിരുന്നു. സങ്കുചിതത്വങ്ങളില്ലാതെ,  വര്‍ഗീയതക്കും മാനവിക വിരുദ്ധതക്കും എതിരെയുള്ള ഏതു പരിപാടിയിലും അവര്‍ ഓടിയെത്തിയിരുന്നു. ഓണം ആഘോഷിക്കാനും ബീഫ് കഴിക്കാനും കേരളത്തില്‍ വരുമെന്നായിരുന്നു അവസാനത്തെ ചില ട്വീറ്റുകള്‍. റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണത്തെ കുറിച്ചും ഗൗരി എഴുതിയിരുന്നു. ഇതുതന്നെയാണ് അവരുടെ  രാഷ്ട്രീയ നയപ്രഖ്യാപനവും. അതിനെ ഭയക്കുന്നവര്‍ തന്നെയാണ് ഗൗരിയെ ഇല്ലാതാക്കിയത്.  സെപ്റ്റംബര്‍ 12-ന് ബംഗളുരു നഗരത്തില്‍ നടത്തിയ 'ഐ ആം ഗൗരി' (#i am Gouri) പരിപാടിയില്‍ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും  അണിനിരന്നിരുന്നു; ബി.ജെ.പി സംഘ് പരിവാര്‍ ഒഴികെ. നൂറുകണക്കിന്  രാഷ്ട്രീയ ഇതര സംഘങ്ങളും ഉണ്ടായിരുന്നു. കോളേജുകളിലെ എന്‍.എസ്.എസ് യൂനിറ്റുകളും  കോളേജ്-സ്‌കൂള്‍ വിദ്യാര്‍ഥികളും അതില്‍ സജീവമായി നിലകൊണ്ടു.  ബംഗളൂരു നഗരത്തില്‍ ഇത്രയും സംഘങ്ങള്‍, ഇത്രയുമധികം ആളുകള്‍ സംഗമിച്ച ഒരു റാലി ഇതുവരെ ഉണ്ടായിട്ടില്ല. ഇതു തന്നെയാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയും.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌