മുസ്‌ലിംകള്‍ ബര്‍മയില്‍
ബുദ്ധമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള, സെക്യുലര്‍ സ്വഭാവമില്ലാത്ത രാഷ്ട്രമാണ് മ്യാന്മര്‍. തേര്‍വാദാ ബൗദ്ധരും ക്രൈസ്തവരുമാണ് രണ്ട് പ്രധാന മതവിഭാഗങ്ങള്‍. മൂന്നാം സ്ഥാനത്ത് മുസ്‌ലിംകള്‍. ബര്‍മീസ് ജനസംഖ്യാ കണക്കനുസരിച്ച് ബുദ്ധര്‍ 89.8 ശതമാനവും ക്രൈസ്തവര്‍ 6.3 ശതമാനവുമാണ്. മുസ്‌ലിംകള്‍ 2.3 ശതമാനം.
സാമ്പത്തിക സുസ്ഥിതിയുള്ള വര്‍ത്തകരും മതപണ്ഡിതരും അടങ്ങുന്നതാണ് പ്രധാനമായും ബര്‍മീസ് മുസ്‌ലിം സമൂഹം. എന്നാല്‍ വിദ്യാഭ്യാസം, ശാസ്ത്രം, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മെഡിസിന്‍, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ പ്രഫഷണല്‍ മേഖലകളിലെ മാനവ വിഭവശേഷി വികസന സൂചികകളില്‍ അവരുടെ നില ഏറെ താഴെയാണ്. അതേസമയം നിയമ മേഖലയില്‍ പ്രാഗത്ഭ്യമുള്ള ധാരാളം പേരെ ബര്‍മീസ് മുസ്‌ലിംകളില്‍ കാണാം.
ദേശീയോദ്ഗ്രഥനത്തിനും രാഷ്ട്രസ്വാതന്ത്ര്യത്തിനും നായകത്വം നല്‍കിയ ജന. ഓങ് സാനിന്റെ (ഓങ് സാന്‍ സൂചിയുടെ പിതാവ്) വധത്തിന്റെ ചാരത്തില്‍നിന്നാണ് മ്യാന്മര്‍ എന്ന തീക്ഷ്ണവും പ്രയാസകരവുമായ അനുഭവങ്ങളുള്ള രാഷ്ട്രം പിറവിയെടുക്കുന്നത്. 1948 ജനുവരി 4-നാണ് ബര്‍മയുടെ സ്വാതന്ത്ര്യം. അതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് 1947 ജൂലൈ 19-നാണ് ജന. ഓങ് സാന്‍ കൊല്ലപ്പെടുന്നത്. ദേശീയോദ്ഗ്രഥനത്തിനു വേണ്ടിയുള്ള ജന. ഓങ് സാനിന്റെ പരിശ്രമങ്ങളുടെയും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായി അരങ്ങേറിയ കലാപങ്ങളുടെയും ശേഷിപ്പുകള്‍ മ്യാന്മറിനെ ഇന്നും പിന്തുടരുകയാണ്.
സ്വതന്ത്ര മ്യാന്മറിന്റെ ഏഴു പതിറ്റാണ്ടും രാജ്യത്ത് രാഷ്ട്രീയമേധാവിത്വം പുലര്‍ത്തുന്നത് ബാമര്‍ വംശജരായ ബുദ്ധിസ്റ്റ് ഭൂരിപക്ഷമാണ്. ബുദ്ധിസത്തിന്റെ ഒരു ബാമര്‍ വംശീയ ഭാഷ്യമാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. ഈ ബാമര്‍ വംശജരും 135 ഇതര ഭിന്ന വംശീയ ഗ്രൂപ്പുകളും രാജ്യത്തെ 8 പ്രമുഖ വംശീയതകളായി ഔദ്യോഗികമായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ബാമര്‍, ചിന്‍, കാച്ചിന്‍, കായ്ന്‍, കായാഹ്, മോണ്‍, രാഖൈന്‍, ഷാന്‍ എന്നിവ. ആദിമ മ്യാന്മര്‍ നിവാസികളെന്ന അംഗീകാരം ഇവര്‍ക്കാണ്. റോഹിങ്ക്യന്‍ മുസ്‌ലിംകളെപ്പോലെയുള്ള ഇതര വിഭാഗക്കാര്‍ വിദേശികളോ, നിയമവിരുദ്ധ കുടിയേറ്റക്കാരോ ആയി മുദ്രകുത്തപ്പെടുന്നു.
മ്യാന്മര്‍ മുസ്‌ലിംകളെ നാല് വിഭാഗങ്ങളായി തിരിക്കാം:
1. ചുലിയ, കാക്ക, പത്താന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍. തങ്ങളുടെ ഭരണ നടത്തിപ്പിനുവേണ്ടി ബ്രിട്ടീഷ് കോളനി ശക്തികളാണ് ഇവരെ ബര്‍മയിലേക്ക് കൊണ്ടുവന്നത്. കോളനി ഭരണത്തിന്റെ തലസ്ഥാന നഗരിയായിരുന്ന യംഗൂണിലാണ് ഇവര്‍ മുഖ്യമായും താമസിച്ചിരുന്നത്. ഒരുകാലത്ത് യംഗൂണിലെ ജനസംഖ്യയില്‍ 56 ശതമാനം വരെ ഇന്ത്യക്കാരായിരുന്നു. ഫാക്ടറി-തുറമുഖ തൊഴിലാളികള്‍, രത്‌നവ്യാപാരികള്‍, ബിസിനസ്സുകാര്‍ തുടങ്ങി മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ളവരായിരുന്നു ഇവരില്‍ മിക്കവരും. ഉര്‍ദു സംസാരിച്ച ഇവിടത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ബറേല്‍വി, ദയൂബന്ദി, തബ്‌ലീഗ് ജമാഅത്ത് മതധാരകള്‍ പിന്തുടര്‍ന്നു. മൗലവിമാര്‍ക്കായിരുന്നു അവരുടെ നേതൃത്വം. തങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ മാതൃകയിലുള്ള മദ്‌റസാ വിദ്യാഭ്യാസം ഇവര്‍ നല്‍കി.
കോളനി ഭരണകാലത്ത് 1930-ലും 38-ലും ഇന്ത്യാ വിരുദ്ധ കലാപങ്ങള്‍ ബര്‍മയില്‍ അരങ്ങേറി. 1962-ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ച ജന. നെവിന്‍, 'ദേശസാത്കരണ പ്രക്രിയ'യുടെ ഭാഗമായി മൂന്നു ലക്ഷം ഇന്ത്യക്കാരെയാണ് ബര്‍മയില്‍നിന്ന് പുറത്താക്കിയത്.
ബര്‍മീസ് മുസ്‌ലിംകളിലെ ഏതാനും പ്രമുഖ വ്യക്തികളെയും വിഭാഗങ്ങളെയും പരിചയപ്പെടാം:
1.1) അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്‍ യംഗൂണിലേക്ക് നാടുകടത്തിയതാണ് ഇദ്ദേഹത്തെ. യംഗൂണിലെ നമ്പര്‍ 6 തിയേറ്റര്‍ റോഡില്‍ ബഹദൂര്‍ ഷായുടെ ഖബ്ര്‍ സ്ഥിതിചെയ്യുന്നു.
1.2) യു. റസാഖ് (1898-1947). ബര്‍മയെ അങ്ങേയറ്റം സ്‌നേഹിക്കുകയും മുസ്‌ലിംകള്‍ക്കും ബുദ്ധര്‍ക്കുമിടയില്‍ ഐക്യത്തിനു ആഹ്വാനം നല്‍കുകയും ചെയ്ത പ്രമുഖ സെക്യുലര്‍ രാഷ്ട്രീയ നേതാവായിരുന്നു ഇദ്ദേഹം. തമിഴ് വംശീയ വേരുകളുള്ള യു. റസാഖ് ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പാലി ഭാഷയിലും തേര്‍വാദാ ബുദ്ധിസത്തിലും പഠനം നടത്തിയ ഇദ്ദേഹമാണ് മന്ദലായി കോളേജ് സ്ഥാപിച്ചത്. ഇന്ന് ഇതൊരു യൂനിവേഴ്‌സിറ്റിയാണ്. ബര്‍മീസ് മുസ്‌ലിം കോണ്‍ഗ്രസിന്റെ ചെയര്‍മാനായിരുന്ന യു. റസാഖ് ജന. ഓങ് സാനിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യപൂര്‍വ ഇടക്കാല സര്‍ക്കാറില്‍ വിദ്യാഭ്യാസ-ആസൂത്രണ മന്ത്രിയുടെ ചുമതല വഹിച്ചു. 1947 ജൂലൈ 19-ന് ഓങ് സാനിനോടൊപ്പം യു. റസാഖും കൊല്ലപ്പെടുകയായിരുന്നു.
2. പാഥി/സെര്‍ബാദി: പേര്‍ഷ്യന്‍-ഇന്ത്യന്‍ വംശജരായ മുസ്‌ലിം പുരുഷന്മാരും ബര്‍മീസ് സ്ത്രീകളും തമ്മിലെ വിവാഹങ്ങളിലൂടെ നിലവില്‍വന്ന ബര്‍മീസ് മുസ്‌ലിം വംശജരാണിവര്‍. വംശീയമായും സാംസ്‌കാരികമായും ഇതര മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് ഇവര്‍ തങ്ങളെ സ്വയം വ്യത്യസ്തരായി കാണുന്നു. സാംസ്‌കാരികമായും വംശപരമായും ബര്‍മീസ് ബുദ്ധമതക്കാരുമായാണ് തങ്ങള്‍ക്ക് കൂടുതലടുപ്പം എന്നും ഇവര്‍ കരുതുന്നുണ്ട്. ബറേല്‍വി, ദയൂബന്ദി വീക്ഷണങ്ങള്‍ക്കനുസരിച്ച് മതജീവിതം നയിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍നിന്ന് അകലം പാലിക്കുന്നു ഇവര്‍.
3. ചൈനീസ് പശ്ചാത്തലമുള്ള പാന്ഥായി/ഹുയി മുസ്‌ലിംകള്‍: വ്യാ
പാര-വാണിജ്യ വൃത്തികളില്‍ സജീവമായ, ചൈനീസ് സാംസ്‌കാരിക വേരുകളുള്ള ഇവരില്‍ മിക്കവരും തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ യുനാനില്‍നിന്ന് 13-ാം നൂറ്റാണ്ടില്‍ കുടിയേറിയവരാണ്. 1949-ലെ ചൈനീസ് കമ്യൂണിസ്റ്റ് വേട്ടയില്‍നിന്ന് ഓടി രക്ഷപ്പെട്ടവരുമുണ്ട്. വടക്കന്‍ നഗരമായ മന്ദലായിക്ക് ചുറ്റുമാണ് ഇവര്‍ അധിവാസമുറപ്പിച്ചിരിക്കുന്നത്.
4. മുമ്പത്തെ അറാക്കന്‍ സാമ്രാജ്യമായ, ഇപ്പോഴത്തെ രാഖൈന്‍ സംസ്ഥാനത്തെ നിവാസികളായ റോഹിങ്ക്യകള്‍. പത്തു ലക്ഷത്തോളം വരും ഇവര്‍. നിയമവിരുദ്ധമായി ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ബംഗാളികള്‍ എന്ന് മുദ്രകുത്തപ്പെട്ട റോഹിങ്ക്യകള്‍ 'കല്ല'(കറുത്ത തൊലിയുള്ളവര്‍) എന്ന പേരില്‍ വംശവിവേചനത്തിനിരയായി അധിക്ഷേപിക്കപ്പെടുന്നു. അറാക്കന്‍ ബുദ്ധിസ്റ്റുകളെപ്പോലെത്തന്നെ പൗരാണിക അറാക്കന്‍ സാമ്രാജ്യകാലം മുതലുള്ള ദീര്‍ഘകാല ചരിത്രപാരമ്പര്യം പേറുന്ന ജനവിഭാഗമാണ് 'അറാക്കന്‍ മുസ്‌ലിംകള്‍' എന്നും അറിയപ്പെടുന്ന റോഹിങ്ക്യകള്‍. എന്നാല്‍, മ്യാന്മര്‍ പൗരത്വത്തിനായുള്ള റോഹിങ്ക്യകളുടെ നിയമസാധുതയുളള അവകാശവാദത്തെ ദുര്‍ബലപ്പെടുത്തുന്നതിന് അവരുടെ ചരിത്രപരമായ സാന്നിധ്യത്തെ മറയ്ക്കുകയും നിഷേധിക്കുകയുമാണിപ്പോള്‍.
ഇപ്പോഴത്തെ മ്യാന്മര്‍ രാഷ്ട്രത്തിലെ അറാക്കന്‍ മുസ്‌ലിം സാന്നിധ്യത്തിന്റെ ചരിത്രപരമായ വേരുകള്‍ നിലകൊള്ളുന്നത്; രാഷ്ട്രാതിര്‍ത്തികളില്ലാത്ത, സ്വതന്ത്ര സഞ്ചാരം അനുവദിക്കപ്പെട്ട ഒരു കാലത്താണ്. ഇപ്പോഴത്തെ ബംഗ്ലാദേശിന്റെയും ബര്‍മയുടെയും മിക്ക ഭാഗങ്ങളുമുള്‍ക്കൊള്ളുന്ന, 1430 മുതല്‍ 1785 വരെ നിലനിന്ന മറോക്കു സാമ്രാജ്യവുമായാണ് ഇതിന് രാഷ്ട്രീയ ബന്ധം. ഈ സാമ്രാജ്യത്തിന്റെ ബുദ്ധമതവിശ്വാസിയായ സ്ഥാപകന്‍ മിന്‍സോ മൂണ്‍, സുലൈമാന്‍ ഷാ എന്നും അറിയപ്പെട്ടു. 1404-ല്‍ ഭരണത്തിലേറിയ ഇദ്ദേഹം 1406-ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. 24 വര്‍ഷം ബംഗാളില്‍ വിപ്രവാസ ജീവിതം നയിച്ച മൂണ്‍ 1430-ല്‍ ബംഗാള്‍ സുല്‍ത്താനായ ജലാലുദ്ദീന്‍ മുഹമ്മദ് ഷായുടെ സൈനിക പിന്തുണയോടെ അധികാരം തിരിച്ചുപിടിച്ചു. 1430 മുതല്‍ 1531 വരെ ബംഗാള്‍ സല്‍ത്തനത്തിന്റെ സംരക്ഷിത രാജ്യമായി നിലനിന്നു. ഒരു സാമന്ത രാജ്യമെന്ന നിലയില്‍ അറാക്കനിലെ ബുദ്ധ രാജാക്കന്മാരും കൊട്ടാര ഉദ്യോഗസ്ഥരും സേനാ നായകരും ഇസ്‌ലാമിക നേതൃപദാവലികള്‍ ഉപയോഗിച്ചു. ബംഗാള്‍ സല്‍ത്തനത്തിലെ സ്വര്‍ണ നാണയങ്ങള്‍ക്കായിരുന്നു ഇവിടെ നിയമപ്രാബല്യം. ഒരു വശത്ത് ബര്‍മീസ് അക്ഷരമാലയും മറുപുറത്ത് പേര്‍ഷ്യന്‍ അക്ഷരമാലയും കൊത്തിവെച്ച നാണയങ്ങള്‍ മിന്‍സോ മൂണ്‍ രാജാവ് അടിച്ചിറക്കി. ബംഗാള്‍ ഉള്‍ക്കടലില്‍, വലിയ വാണിജ്യ കപ്പലുകള്‍ക്ക് അടുക്കാവുന്ന രീതിയിലുള്ള വന്‍കിട തുറമുഖമായിരുന്നു മറോക്കു തുറമുഖം 16-ഉം 17-ഉം നൂറ്റാണ്ടുകളില്‍. ബാമര്‍ രാജാവായ ബോധവ്പായ 1784-ല്‍ അറാക്കന്‍ ആക്രമിച്ച് കീഴടക്കുകയും അത് തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഒന്നാം ആംഗ്ലോ-ബര്‍മീസ് യുദ്ധത്തിനു (1824-26) ശേഷം 1826-ല്‍ ബ്രിട്ടീഷുകാര്‍ അറാക്കന്‍ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഭരണനടത്തിപ്പിന് സഹായകമായും ബിസിനസ്-തൊഴില്‍ മേഖലകളിലേക്കുമായി വന്‍തോതില്‍ ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ ഇക്കാലത്ത് ബര്‍മയിലെത്തിച്ചു. ഇവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്ന് മ്യാന്മറിലെ ധനാഢ്യരിലുള്‍പ്പെടുന്നു.
രാഖൈന്‍ സംസ്ഥാനത്തെ മുപ്പതു ലക്ഷം വരുന്ന ജനസംഖ്യയില്‍ ഏകദേശം 13 ലക്ഷം വരും റോഹിങ്ക്യകള്‍. ഇവരില്‍ പത്തു ലക്ഷം മ്യാന്മറിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2012-ല്‍ മതവംശീയ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇവരില്‍ ഒരുലക്ഷത്തി നാല്‍പതിനായിരം പേര്‍ രാഖൈനില്‍ ആഭ്യന്തര അഭയാര്‍ഥികളായി (IDPs- Internally Displaced People) ക്യാമ്പുകളില്‍ കഴിയുകയാണ്. ബംഗ്ലാദേശ്, പാകിസ്താന്‍, സുഊദി അറേബ്യ, യു.എ.ഇ, ഇന്ത്യ, മലേഷ്യ, തായ്‌ലന്റ്, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലായി 15 ലക്ഷത്തോളം റോഹിങ്ക്യകള്‍ കഴിയുന്നുണ്ട്.
1940-കളില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമര-വിഭജന കാലത്ത് മുജാഹിദുകള്‍ എന്നറിയപ്പെട്ട ഒരു സായുധ പോരാളി ഗ്രൂപ്പ് ബര്‍മക്കാരില്‍നിന്നും അറാക്കന്‍ ബുദ്ധിസ്റ്റുകളില്‍നിന്നും വേറിട്ട് കിഴക്കന്‍ പാകിസ്താനില്‍ ചേരാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ സഹായം അവര്‍ തേടി. ജനറല്‍ ഓങ് സാനുമായി ജിന്ന ഈ വിഷയം സംസാരിക്കുകയും ചെയ്തു. ജിന്നയുമായുള്ള ചര്‍ച്ചയില്‍ ജനറല്‍ ഓങ് സാന്‍ പുതിയ ബര്‍മയില്‍ ഇവര്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കി. വേറിട്ടുപോക്കിന് ജിന്ന അനുകൂലമായിരുന്നില്ല.
1989 ജൂണിലെ Adaptation of Expression Law (Law 15/89) പ്രകാരം അറാക്കന്‍ സംസ്ഥാനത്തിന്റെ പേര് രാഖൈന്‍ എന്ന് മാറ്റുകയും ബുദ്ധിസ്റ്റുകള്‍ക്ക് മേധാവിത്വമുള്ള സംസ്ഥാനമായി രാഖൈനെ വര്‍ഗീകരിക്കുകയും ചെയ്തു. 1982-ലെ പൗരത്വ നിയമമനുസരിച്ച് 3 ഇനം പൗരന്മാരാണ് മ്യാന്മറില്‍: പൂര്‍ണ പൗരന്‍ (Full Citizen). സഹ പൗരന്‍ (Associate Citizen). സ്വാഭാവിക പൗരന്‍ (Naturalized Citizen). ഇതില്‍ രണ്ടും മൂന്നും വിഭാഗക്കാരുടെ പൗരത്വം റദ്ദ് ചെയ്യപ്പെടാവുന്ന സ്വഭാവത്തിലുള്ളതാണ്. എന്നാല്‍, ഈ മൂന്ന് ഇനം പൗരത്വവും നിഷേധിക്കപ്പട്ട വിഭാഗമാണ് റോഹിങ്ക്യകള്‍. 1970-കളില്‍ ജനറല്‍ നെവിന്റെ പട്ടാള വാഴ്ചക്കാലത്താണ് റോഹിങ്ക്യകളുടെ നിയമപരമായ പദവി റദ്ദ് ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത്. 1974-ലെ മ്യാന്മര്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഭരണഘടനാ പ്രഖ്യാപനവും അതേവര്‍ഷത്തെ 'അടിയന്തര കുടിയേറ്റ നിയമ'വുമാണ് വംശീയ പൗരത്വത്തിന് അടിത്തറ പാകിയത്. റോഹിങ്ക്യകള്‍ കൈവശം വെച്ചിരുന്ന, 1947-ലെ നിയമനിര്‍മാണ പ്രകാരം ഇഷ്യു ചെയ്ത നാഷ്‌നല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഈ നിയമങ്ങള്‍ അസാധുവാക്കി. പുതിയ നിയമങ്ങള്‍ റോഹിങ്ക്യകളുടെ പൗരത്വ പദവി റദ്ദാക്കുന്ന പ്രക്രിയക്ക് തുടക്കമിട്ടു. 1982-ല്‍ നാലിനം പൗരത്വം അനുശാസിക്കുന്ന 'ബര്‍മീസ് പൗരത്വ നിയമം' കൊണ്ടുവന്നതോടെ ഈ പ്രക്രിയ ഉച്ചസ്ഥായിയിലായി; പൗരന്‍, സഹപൗരന്‍, സ്വാഭാവിക പൗരന്‍, വിദേശി. ഈ നിയമമനുസരിച്ച് റോഹിങ്ക്യകള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടു. റോഹിങ്ക്യകളെ പൂര്‍ണമായി രാഷ്ട്രരഹിതരാക്കുന്ന പ്രക്രിയയുടെ അന്തിമ പ്രഹരം ഉണ്ടാകുന്നത് 2015-ലാണ്. ഇത് 2012-'13 കാലത്തെ കലാപങ്ങളുടെയും ബര്‍മീസ് ബുദ്ധിസ്റ്റ് ദേശീയവാദികളുടെ 969 സംഘത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെയും ഫലമായിരുന്നു. റോഹിങ്ക്യകള്‍ കൈവശം വെച്ച 'വൈറ്റ് കാര്‍ഡ്' തിരിച്ചറിയല്‍ രേഖക്ക് നിയമസാധുതയില്ലെന്ന് തൈന്‍ സെയ്ന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു, 'വരത്തരായ' ബംഗാളികളായി റോഹിങ്ക്യകള്‍ മുദ്രയടിക്കപ്പെട്ടു. ഇന്ന് ദക്ഷിണ പൂര്‍വേഷ്യയിലെ ഒരേയൊരു രാഷ്ട്രരഹിത ജനതയാണ് റോഹിങ്ക്യകള്‍.
ബര്‍മീസ് പട്ടാളവും റോഹിങ്ക്യകളും തമ്മില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സായുധ സംഘര്‍ഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പശ്ചാത്തലത്തില്‍, ജനാധിപത്യപരമായി അധികാരത്തില്‍ വന്ന കൗണ്‍സലര്‍ ഓങ് സാന്‍ സൂചിയുടെ സര്‍ക്കാര്‍ 2016-ല്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ ഒരു അഡ്‌വൈസറി കമീഷന് രൂപം നല്‍കി. റോഹിങ്ക്യന്‍ പ്രശ്‌നം പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമീഷന്‍ നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍, മനുഷ്യാവകാശ ലംഘനകേസുകള്‍ കമീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2017 ആഗസ്റ്റ് 24-ന് കമീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, പീഡിതരായ റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പൗരത്വത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ശിപാര്‍ശ ചെയ്തു. സംഘര്‍ഷം ഇരുവിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദവത്കരണം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കെത്തുന്നത് ഒഴിവാക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.
1998-ല്‍ റോഹിങ്ക്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷനും (RSO) അറാക്കന്‍ ഇസ്‌ലാമിക് ഫ്രന്റും (ARIF) സംയുക്തമായി അറാക്കന്‍-റോഹിങ്ക്യ നാഷ്‌നല്‍ ഓര്‍ഗനൈസേഷന്നും (ARNO) അതിന്റെ പോരാളി വിഭാഗമായ റോഹിങ്ക്യ നാഷ്‌നല്‍ ആര്‍മിക്കും (RNA) രൂപം നല്‍കി. ഇപ്പോള്‍ ബര്‍മീസ് പട്ടാളവുമായി ചെറുത്തുനില്‍പ് പോരാട്ടങ്ങളിലേര്‍പ്പെടുന്നത് അറാക്കന്‍-റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ARSA)യാണ്.
മ്യാന്മര്‍ സായുധ സേനയെ കൂടാതെ രാഖൈന്‍ സംസ്ഥാനത്തെ നിരവധി അറാക്കന്‍ ബുദ്ധിസ്റ്റ് ദേശീയ ഗ്രൂപ്പുകളും റോഹിങ്ക്യകളെ ബംഗാളി മുസ്‌ലിംകളായും, അവരുടെ ഇസ്‌ലാമിക വിശ്വാസത്തെ തങ്ങളുടെ രാഷ്ട്രത്തിനു നേരെയുള്ള വെല്ലുവിളിയായും കാണുന്നുണ്ട്. അറാക്കന്‍ നാഷ്‌നല്‍ പാര്‍ട്ടി (ANP), അറാക്കന്‍ ലിബറേഷന്‍ പാര്‍ട്ടി(ARP), അറാക്കന്‍ ലിബറേഷന്‍ ആര്‍മി(ALA), യുനൈറ്റഡ് ലീഗ് ഓഫ് അറാക്കന്‍(ULA), അറാക്കന്‍ ആര്‍മി(AA) എന്നിവ ഈ ഗ്രൂപ്പുകളില്‍ പെടുന്നു.
969 മൂവ്‌മെന്റ്/ മാ ബാ ത്ത എന്നറിയപ്പെടുന്ന കടുത്ത ദേശീയവാദികളായ ബുദ്ധഭിക്ഷുക്കളുടെ തീവ്രവാദ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും മ്യാന്മര്‍ സമീപകാലത്ത് സാക്ഷ്യംവഹിച്ചു. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവെച്ച് ഒരു 'വംശ-മത സംരക്ഷണ നിയമം' കൊണ്ടുവരാന്‍ 2015-ല്‍ ഈ സംഘടന പ്രസിഡന്റ് തൈന്‍ സെയ്‌ന്റെ നേതൃത്വത്തിലുള്ള അന്നത്തെ പട്ടാള ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. നിര്‍ബന്ധിത പ്രസവ ഇടവേള, ഏക പത്‌നിത്വം, ബുദ്ധമതവിശ്വാസികളല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്യുന്ന ബുദ്ധിസ്റ്റ് സ്ത്രീകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക, മതപരിവര്‍ത്തന നിയന്ത്രണം തുടങ്ങിയവ ഈ നിയമം അനുശാസിക്കുന്നു.
969 മൂവ്‌മെന്റ്/മാ ബാ ത്ത നേതാവായ അഷിന്‍ വിരാതു മുസ്‌ലിംകളുടെ ബിസിനസ് സംരംഭങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് രംഗപ്രവേശം ചെയ്യുന്നത്. വിദ്വേഷ പ്രചാരണത്തിനായി വിചിത്രമായ പല കണ്ടുപിടിത്തങ്ങളും നടത്തുന്നുണ്ട് വിരാതുവും കൂട്ടരും. ബര്‍മീസ് സംഖ്യാശാസ്ത്രത്തിലെ 969 എന്ന അക്കം ബുദ്ധ, ധര്‍മ, സംഘ എന്നതിനെ പ്രതീകവത്കരിക്കുന്നുവെന്നും ഇത് പുറത്തുവിടുന്ന ജ്യോതിഷശക്തി, ഇന്ത്യന്‍ ബര്‍മീസ് മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ സൂക്തം 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീ'മിനെ പ്രതിനിധീകരിക്കുന്ന അറബിക് അക്കം 786-നെ ചെറുക്കുമെന്നുമാണ് വിരാതുവിന്റെ ഒരു കണ്ടെത്തല്‍! അഷിന്‍ വിരാതുവും സംഘവും പറയുന്നത് മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന 786-ന്റെ സങ്കലനമായ 21 (7+8+6=21), 21-ാം നൂറ്റാണ്ടില്‍ ഇസ്‌ലാം മ്യാന്മറിനെ കീഴടക്കുന്നതിന്റെയും ഇസ്‌ലാമിലേക്ക് മ്യാന്മറിനെ പരിവര്‍ത്തനം ചെയ്യാനുള്ള മുസ്‌ലിം ഗൂഢാലോചനയുടെയും പ്രതീകമാണ് എന്നത്രെ! മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ സമീപ കാലത്ത് മ്യാന്മറില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2016-ലെ മ്യാന്മര്‍ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി 2015 നവംബറില്‍ മാ ബാ ത്ത ദേശീയവാദികള്‍ ഒരു 12 ഇന നയപ്രഖ്യാപനം നടത്തുകയുായി. വെല്ലുവിളി നേരിടുന്നതായി ഇവര്‍ ആരോപിക്കുന്ന മതവംശ അസ്തിത്വത്തിന്റെ സംരക്ഷണത്തിനു സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ഇസ്‌ലാമിക ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനും ഈദുല്‍ അദ്ഹായോടനുബന്ധിച്ചുള്ള മൃഗബലി നിരോധിക്കുന്നതിനും സംഘടന മുറവിളി കൂട്ടി.
1948-ലെ സ്വാതന്ത്ര്യലബ്ധിക്കുശേഷം, മുഴുവന്‍ മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തുകയും വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ നിര്‍മിതിയില്‍ വിജയിക്കാന്‍ ഇതുവരെ മ്യാന്മറിനായിട്ടില്ല. മ്യാന്മറിലെ മാ ബാ ത്ത, ശ്രീലങ്കയിലെ ബോധു ബാലാ സേന(ബി.ബി.എസ്), നിലവിലെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ചാലകശക്തിയായ ഹിന്ദുത്വ ദേശീയവാദ സംഘടന ആര്‍.എസ്.എസ് എന്നിവ ഉള്‍പ്പെട്ട ഒരു മുസ്‌ലിം വിരുദ്ധ ബുദ്ധിസ്റ്റ്-ഹിന്ദു രാഷ്ട്രാന്തര സഖ്യം മേഖലാ തലത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട് എന്ന മാധ്യമ റിപ്പോര്‍ട്ടുകളും അവഗണിക്കാവുന്നതല്ല.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം, ദക്ഷിണ പൂര്‍വേഷ്യയിലെ മുസ്‌ലിം-ബുദ്ധിസ്റ്റ് സംഘര്‍ഷങ്ങള്‍, മതദേശീയതയുടെ ആഗോള തലത്തിലുള്ള വളര്‍ച്ച എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരു ഏഷ്യന്‍ ഇസ്‌ലാമോഫോബിയ ആസന്നമാണെന്ന് ഞാന്‍ കരുതുന്നു.
(തായ്‌ലന്റിലെ മഹിദോള്‍ സര്‍വകലാശാലയിലെ ബുദ്ധിസ്റ്റ്-മുസ്‌ലിം പഠന കേന്ദ്രത്തില്‍ അസി. പ്രഫസറാണ് ലേഖകന്‍).
Comments