ഓങ് സാന്‍ സൂചി ഒരു വിഗ്രഹം വീണുടയുമ്പോള്‍
'ജനാധിപത്യ മൂല്യങ്ങളുടെ മൂര്‍ത്തരൂപം' എന്ന് വിശേഷിപ്പിക്കപ്പെട്ട വനിതയാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവും മ്യാന്മര്‍ നാഷ്‌നല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവുമായ ഓങ് സാന്‍ സൂചി. സ്വന്തം ദേശമായ മ്യാന്മര്‍ വിട്ട് കുടുംബത്തോടൊപ്പം വിദേശരാജ്യത്ത് പോയി ജീവിക്കാന്‍ പട്ടാള ഭരണത്തിന്റെ അനുമതി ലഭിച്ചിട്ടും തന്റെ ജനതയോടൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ച് ജീവിതത്തിലെ പതിനഞ്ചോളം വര്‍ഷങ്ങള്‍ വീട്ടുതടങ്കലില്‍ കഴിച്ചുകൂട്ടേണ്ടിവന്ന സൂചിയുടെ കഥ ലോകമെമ്പാടും സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി പോരാടുന്നവര്‍ക്ക് ആവേശം പകര്‍ന്നിരുന്നു. ഇന്ത്യയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളിലടക്കം സൂചി സ്ഥാനം പിടിക്കുകയുായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച സ്വാതന്ത്ര്യസമര പോരാളികളിലൊരാളായാണ് പലരും അവരെ കണ്ടത്.
അഹിംസയെയും ഐക്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് അവര്‍ നിരന്തരം സംസാരിച്ചു. മ്യാന്മര്‍ രാഷ്ട്രപിതാവിന്റെ പുത്രി എന്ന നിലയിലും ചെറുപ്പക്കാരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിനകത്ത് അവര്‍ നേടിയെടുത്ത ജനസമ്മിതി നോബല്‍ സമ്മാനനേട്ടത്തിലൂടെ ലോകം മുഴുവന്‍ അംഗീകരിച്ചു.
2010-ല്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയത്തിലേക്കും പാര്‍ലമെന്റിലേക്കുമുള്ള സൂചിയുടെ തിരിച്ചുവരവ് മ്യാന്മറില്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നാളുകള്‍ക്ക് വഴിവെക്കുമെന്ന് പലരും പ്രതീക്ഷിച്ചു. 2015-ല്‍ വന്‍ ഭൂരിപക്ഷത്തോടെ സൂചിയുടെ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സാധിച്ചില്ലെങ്കിലും സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പ്രത്യേകമായി സൃഷ്ടിക്കപ്പെട്ട പദവിയിലൂടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ സൂചിയുടെ കൈകളില്‍ തന്നെ വന്നുചേര്‍ന്നു.
എന്നാല്‍, റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മ്യാന്മറിലെ തീവ്ര ബുദ്ധമത വിഭാഗക്കാരില്‍നിന്നും സൈന്യത്തില്‍നിന്നും നേരിടുന്ന കൊടിയ പീഡനങ്ങളുടെ കഥകള്‍ ലോക ശ്രദ്ധയാര്‍ജിക്കാന്‍ തുടങ്ങിയതോടെ സൂചിയുടെ ഈ പ്രതിഛായക്ക് വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. മനുഷ്യാവകാശ മൂല്യങ്ങളുടെ പരിരക്ഷകയായി കണ്ട് അവരെ പിന്തുണച്ചിരുന്നവരുടെ മനസ്സില്‍ ഇന്ന് സന്ദേഹവും അവിശ്വാസവുമാണ് നിറയുന്നത്. അതിക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതിലൂടെ ലോകമാദരിക്കുന്ന ഈ രാഷ്ട്രനേതാവ് തന്റെ അധികാരത്തെയും സ്വാധീനത്തെയും വേ രീതിയില്‍ പ്രയോഗിക്കുന്നില്ല എന്ന് ചിലര്‍ വിലയിരുത്തുമ്പോള്‍, വസ്തുതകളെ വളച്ചൊടിക്കുകയും പ്രശ്‌നത്തിന്റെ ഗൗരവം കുറച്ചുകാണുകയും ചെയ്യുന്നതിലൂടെ സൂചി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന കൂടുതല്‍ ഗൗരവതരമായ വിമര്‍ശനങ്ങളാണ് മറ്റു ചില കോണുകളില്‍നിന്ന് ഉയരുന്നത്.
റോഹിങ്ക്യന്‍ വിഷയത്തില്‍ ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ക്ക് സൂചി നല്‍കുന്ന മറുപടികള്‍ തൃപ്തികരമല്ല എന്നതാണ് സത്യം. വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ രാജ്യത്ത് വംശഹത്യ നടക്കുന്നില്ലെന്ന് വാദിക്കുന്ന സൂചി അവിടെ 'മുസ്‌ലിംകള്‍ മുസ്‌ലിംകളെയും കൊല്ലുന്നുണ്ടെ'ന്നും താന്‍ മനുഷ്യാവകാശങ്ങളുടെ ഭാഗത്ത് നിന്നാല്‍ 'കൂടുതല്‍ രക്തമൊഴുകു'മെന്നും മറ്റും പറഞ്ഞ് ഉത്തരവാദിത്തമൊഴിയുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അനവധി ക്രൂരതകള്‍ മ്യാന്മറില്‍നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുമ്പോഴും ഏതൊക്കെയോ കാരണങ്ങള്‍ കൊണ്ട് രാജ്യം വിടേണ്ടിവന്ന ബുദ്ധമത വിശ്വാസികളെക്കുറിച്ചും റോഹിങ്ക്യന്‍ സായുധ സേനകള്‍ സൈനിക താവളങ്ങളുടെ മേല്‍ നടത്തിയ 'തികച്ചും അകാരണമായ' അക്രമങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ട് വിഷയത്തെ ലഘൂകരിക്കാനും യഥാര്‍ഥ ചോദ്യങ്ങളെ അവഗണിക്കാനുമാണ് സൂചി ശ്രമിക്കുന്നത്.
2015-ല്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന സര്‍ക്കാരിനാണെന്നായിരുന്നു സൂചിയുടെ പക്ഷം. ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും അധികാരം കൈയില്‍ വന്നതിനു ശേഷം മാറ്റങ്ങള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുമെന്നും അവരുടെ അനുയായികള്‍ അക്കാലത്ത് വാദിച്ചു. മാത്രമല്ല, ഭൂരിഭാഗം വരുന്ന ബുദ്ധമത വിഭാഗക്കാരെ പിണക്കി റോഹിങ്ക്യകളുടെ കൂടെ നിന്നാല്‍ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വളരെയേറെ മങ്ങുകയും ചെയ്യുമായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ സൂചി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തോളമായിട്ടും റോഹിങ്ക്യകളുടെ സാഹചര്യം ഒരു രീതിയിലും മെച്ചപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കെതിരെ അടിക്കടിയായി അഴിച്ചുവിടപ്പെടുന്ന ആക്രമണങ്ങളും സാമൂഹികമായും രാഷ്ട്രീയമായും അവര്‍ നേരിടുന്ന പക്ഷപാതപരമായ സമീപനങ്ങളും അതേ അളവില്‍ തുടര്‍ന്നുപോകുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുന്നില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കാതിരിക്കാന്‍ സൂചി ശ്രദ്ധിക്കാറുണ്ടെങ്കിലും, അവരും അവരുടെ സര്‍ക്കാറും വെച്ചുപുലര്‍ത്തുന്ന വംശവെറിയും മുസ്‌ലിം വിരുദ്ധതയും പല അവസരങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. 'റോഹിങ്ക്യകള്‍' എന്ന പദം ഈ സര്‍ക്കാര്‍ ഉപയോഗിക്കില്ലെന്നും പകരം 'ബംഗാളി' എന്ന പേരിലാണ് ഈ വിഭാഗക്കാരെ അഭിസംബോധന ചെയ്യുകയെന്നും സൂചിയുടെ വക്താവ് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കടന്നുകൂടിയവരായി ചിത്രീകരിച്ച് തീവ്ര വിഭാഗക്കാര്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപകരമായി പ്രയോഗിക്കുന്ന പദമാണ് 'ബംഗാളി.' അതു പോലെ റോഹിങ്ക്യന്‍ 'കലാപകാരികള്‍' എന്നതിനു പകരം 'തീവ്രവാദികള്‍' എന്നുപയോഗിക്കണമെന്നും അവരുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഹിങ്ക്യന്‍ സ്ത്രീകള്‍ വിവരിക്കുന്ന ബലാത്സംഗ കഥകള്‍ 'വ്യാജ'മാണെന്ന് വലിയ അക്ഷരങ്ങളില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് സൂചിയുടെ സ്വന്തം ഓഫീസാണ്. അന്താരാഷ്ട്ര സമൂഹം പ്രശ്‌നത്തെ വലുതാക്കി കാട്ടുകയാണെന്ന് സൂചി റങ്കൂണ്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോവിനോട് നേരിട്ട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതു കൂടാതെ യു.എന്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്ക് അറാക്കാന്‍ പ്രവിശ്യയുടെ പല ഭാഗങ്ങളിലേക്കും സഹായമെത്തിക്കാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സഹായങ്ങള്‍ മുടക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തിനും മറ്റു അത്യാവശ്യ വസ്തുക്കള്‍ക്കും ഇവരെ ആശ്രയിച്ചു കഴിയുന്ന മുസ്‌ലിംകളും മറ്റു മതസ്ഥരുമടങ്ങുന്ന അവിടത്തെ രണ്ടു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ദുരിതത്തിന് ഇതോടെ ദൈന്യതയേറി. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ള നടപടികള്‍ സൂചി സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നു മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തകര്‍ 'തീവ്രവാദികളെ' സഹായിക്കുന്നുവെന്ന് അവരുടെ ഓഫീസ് ആരോപിക്കുകയും ചെയ്യുന്നു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് സംഘടനകള്‍ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
റോഹിങ്ക്യന്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രധാന നടപടിയായി സൂചി ചൂണ്ടിക്കാണിക്കുന്നത് 2016 മുതല്‍ നടന്നുവരുന്ന പൗരത്വ നിര്‍ണയ പദ്ധതിയാണ്. എന്നാല്‍ റോഹിങ്ക്യകളെ രാജ്യത്തെ അംഗീകരിക്കപ്പെട്ട വംശമായി കാണാത്ത 1982-ലെ പൗരത്വ നിയമമനുസരിച്ച് നടക്കുന്ന ഈ പ്രക്രിയ എത്രത്തോളം ഫലപ്രദമാകുമെന്ന് വ്യക്തമല്ല. മാത്രമല്ല, ആയിരങ്ങള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ നാടുവിടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കുറേക്കൂടി ദ്രുതവേഗത്തിലുള്ള നടപടികളാണ് ആവശ്യം.
റോഹിങ്ക്യന്‍ വിഷയത്തില്‍ മാത്രമല്ല സൂചിയുടെ പ്രതിഛായക്ക് മങ്ങലേറ്റിട്ടുള്ളത്. 2012-ല്‍ എം.പി ആയ കാലത്ത് റങ്കൂണിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ചെമ്പുഖനിക്കെതിരെ പ്രദേശവാസികള്‍ സമരം ചെയ്തപ്പോള്‍ സൂചിയുടെ അധ്യക്ഷതയില്‍ ഒരു അന്വേഷണ കമീഷന്‍ നിയോഗിക്കപ്പെട്ടു. ഖനിക്ക് പാരിസ്ഥിതിക അനുമതിയില്ലെന്നും തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമായിട്ടും പ്രവര്‍ത്തനം തുടര്‍ന്നുപോകാന്‍ കമീഷന്‍ അനുമതി നല്‍കി. സൂചിയുടെ സ്തുതിപാഠകരെ സംബന്ധിച്ചേടത്തോളം ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അധികാരത്തില്‍ വന്നതിനു ശേഷം അവര്‍ പത്രസമ്മേളനങ്ങള്‍ വിളിക്കുന്നതും പത്രക്കുറിപ്പുകള്‍ ഇറക്കുന്നതും വിരളമാണ്.
ഒരു മൂര്‍ത്തി എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ കാണപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് 2011-ല്‍ ഓങ് സാന്‍ സൂചി അന്നത്തെ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റനോട് പറഞ്ഞിട്ടുണ്ട്. മിനുക്കിയ സംസാരശൈലിക്കും ശരീരഭാഷക്കുമടിയില്‍ പൊള്ളയായ ഒരു രാഷ്ട്രീയക്കാരി മാത്രമാണ് ഓങ് സാന്‍ സൂചി എന്ന് നമ്മള്‍ നിരാശയോടെ മനസ്സിലാക്കേണ്ടിവരുന്നു. രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിയേക്കാള്‍ തീവ്ര വിഭാഗക്കാരെ പ്രീണിപ്പിക്കലാണ് അവരെ സംബന്ധിച്ചേടത്തോളം പ്രധാനം എന്നാണ് വ്യക്തമാകുന്നത്.
2013-ല്‍ ബി.ബി.സിയുടെ മിശാല്‍ ഹുസൈന് നല്‍കിയ അഭിമുഖത്തിനു ശേഷം 'ഒരു മുസ്‌ലിമാണ് അഭിമുഖം നടത്തുകയെന്ന് ആരും പറഞ്ഞില്ല' എന്ന് സൂചി പിറുപിറുത്തതായി പീറ്റര്‍ പോഫാം ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിയുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡി 2015-ലെ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ തന്റെ നാട്ടുകാരില്‍ ഒരുപാട് പേരുടെ മനസ്സിലുള്ള മുസ്‌ലിം വിരുദ്ധത സൂചി വ്യക്തിപരമായിതന്നെ വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന് സംശയിച്ചുപോകും.
സൂചിയുടെ നോബല്‍ സമ്മാനം തിരിച്ചെടുക്കണമെന്ന ശക്തമായ മുറവിളി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുയരുന്നുണ്ട്. ഇതേ അഭ്യര്‍ഥനയുമായി നോബല്‍ സമിതിക്കയച്ച നിവേദനത്തില്‍ മൂന്നു ലക്ഷത്തിലേറെ പേരാണ് ഒപ്പിട്ടത്. സമ്മാനം തിരിച്ചെടുക്കാന്‍ വ്യവസ്ഥയില്ലെന്ന് സമിതി അറിയിച്ചിട്ടുണ്ടെങ്കിലും പൊതുവികാരം സൂചിക്കെതിരെ തിരിയാന്‍ ഈ ഒപ്പുശേഖരണം നിമിത്തമായി. സഹനസമരത്തിന്റെ വക്താക്കളായ ഗാന്ധിയുടെയും മദര്‍ തെരേസയുടെയും മണ്ടേലയുടെയും കൂടെ ഓങ് സാന്‍ സൂചിയെ പ്രതിഷ്ഠിച്ച അതേ ലോകം ഇന്ന് അവരെ ഭീരുവെന്നും കൂട്ടക്കൊലപാതകിയെന്നുമാണ് വിളിക്കുന്നത്.
Comments