Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ലാഇലാഹ മുതല്‍ ഇല്ലല്ലാഹ് വരെ (ദൈവനിഷേധം മുതല്‍ ഏകദൈവത്വം വരെ)

കെ.പി പ്രസന്നന്‍

നിത്യ ചൈതന്യയതിയുടെ 'ദൈവം സത്യമോ മിഥ്യയോ' എന്ന പുസ്തകത്തില്‍ വിവരിക്കുന്ന ഒരു കൊച്ചു സംഭവമുണ്ട്. അദ്ദേഹം ആസ്‌ട്രേലിയയിലോ മറ്റോ ചെന്നപ്പോള്‍ ഒരു പത്രപ്രവര്‍ത്തക ചോദിച്ചു: 

'താങ്കള്‍ ഇന്ത്യയില്‍നിന്നല്ലേ, ഏതു ദൈവത്തിലാണ് താങ്കള്‍ വിശ്വസിക്കുന്നത്?'

'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല'

'താങ്കള്‍ ഒരു സന്യാസിയാണ്. ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നോ, പിന്നെന്തിലാണ് താങ്കള്‍ വിശ്വസിക്കുന്നത്?'

'ഞാന്‍ വിശ്വസിക്കുന്നത് ചുച്ചിയിലാണ്?'

'ചുച്ചിയോ, അതെന്താണ്?'

'താങ്കള്‍ ദൈവം എന്ന് പറയുമ്പോള്‍ എനിക്കറിയില്ല, താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. അതേപോലെ ചുച്ചി എന്ന് ഞാന്‍ പറയുമ്പോള്‍ താങ്കള്‍ക്കും മനസ്സിലാവുന്നില്ല  അതെന്താണെന്ന്.'

ഒരാള്‍ ദൈവ വിശ്വാസിയെന്നു പറഞ്ഞാല്‍ അതേതു വിശ്വാസമാണെന്നും  അതെന്താണെന്നും അയാള്‍ അവശ്യം വിശദീകരിക്കേണ്ടതാണെന്ന നിലപാട് ലളിതമായി പറയുകയായിരുന്നു യതി.

ലോകത്തെല്ലാവരും വിശ്വാസികളാണ്. വിശ്വസിക്കാന്‍ അവര്‍ക്കിഷ്ടമാണ് എന്നതു തന്നെ കാരണം. ആദ്യമായി,  വിശ്വാസികളെ  രണ്ടു വിഭാഗമായി തിരിക്കാം. ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട് എന്ന ഒരു വിശ്വാസം. ഇല്ല എന്ന മറ്റൊരു വിശ്വാസം. ആദ്യത്തെ കൂട്ടര്‍ പൊതുവെ ദൈവവിശ്വാസികളെന്നും (ആസ്തിക വാദം), മറ്റേ കൂട്ടര്‍ നാസ്തികര്‍ എന്നും അറിയപ്പെടുന്നു. രണ്ടു കൂട്ടര്‍ക്കും ഇത് കോടതിയില്‍ സ്ഥാപിക്കാന്‍ പറ്റുന്ന തെളിവൊന്നും ഇല്ലാത്തതിനാലാണ് ഞാന്‍ രണ്ടു കൂട്ടരെയും വിശ്വാസികളായെണ്ണിയത്. തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്തി അവതരിപ്പിക്കാന്‍ രണ്ടു കൂട്ടരും ശ്രമിക്കാറുണ്ട്. രണ്ടു കൂട്ടരും വെവ്വേറെ രീതിശാസ്ത്രങ്ങളാണ് അവലംബിക്കുന്നത് എന്ന് മാത്രം. നാസ്തികര്‍, യുക്തിവാദികള്‍ എന്നറിയപ്പെടുന്നതു പോലും, അവര്‍ യുക്തിയിലൂടെയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന് സ്വയം വിശ്വസിപ്പിക്കാനാണ്. എല്ലാറ്റിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള തെളിവുകളാണ് അവര്‍ക്കു വേണ്ടത്. തെളിവില്ലാത്തതിനാല്‍ ദൈവ വിശ്വാസികളെ അവര്‍ കണക്കറ്റ് കളിയാക്കാറുമുണ്ട്. ലോകത്തിലെ തിന്മയുടെ നാരായ വേര് ഈ വിശ്വാസമാണെന്നു വാദിച്ച് അത് നശിപ്പിക്കാന്‍ വേണ്ടി മതങ്ങളെയും അതിലെ ദൈവങ്ങളെയുമെല്ലാം കടന്നാക്രമിക്കുക ജീവിത ലക്ഷ്യമാക്കിയ നാസ്തിക തീവ്രവാദികളുമുണ്ട്. അവര്‍ക്കു വേണ്ടുന്ന തെളിവുകളൊന്നും കൈയിലില്ലാത്തതിനാല്‍, അവരെ ഈ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കുന്നു. മരണം വരെയുള്ള ജീവിതത്തില്‍ പരസ്പരം സഹകരിച്ചുകൂടേ എന്ന് സാഹോദര്യബുദ്ധി ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ദൈവവിശ്വാസമെന്ന ഉഡായിപ്പും കളഞ്ഞു വരൂ എന്ന മറുപടിയും അത്തരക്കാരില്‍നിന്ന് കിട്ടിയിട്ടുണ്ട്. അങ്ങനെയുള്ള ദൈവനിഷേധം/മതനിഷേധം എന്ന അജണ്ടയില്‍ കറങ്ങുന്ന അവര്‍ പോലും പല പല ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു എന്ന വര്‍ത്തമാന ചിത്രവുമുണ്ട്. മതവിശ്വാസികളിലെ തിന്മകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തലുകള്‍ക്ക് ഊര്‍ജം പകരാനും അവരുടെ സാന്നിധ്യം ചിലപ്പോള്‍ സഹായിച്ചേക്കുമല്ലോ. അതുകൊണ്ട് അവരും ഭൂമിയുടെ അവകാശികള്‍ തന്നെ. 

ഈ യുക്തിവാദികളോട് വല്ലാതെ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഇങ്ങനെയൊക്കെ പറയാം. പ്രപഞ്ചത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രപഞ്ചാതീത അസ്തിത്വത്തെ കുറിച്ചൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ ഭാവനക്ക് പോലും പരിമിതി ഉണ്ടാവും. വലം യകുല്ലഹു കുഫുവന്‍ അഹദ്. നിങ്ങളെന്താണോ നിരൂപിക്കുന്നത് അതല്ല ഞാന്‍ എന്നൊക്കെയാണ് ദൈവത്തിന്റെ നിര്‍വചനം തന്നെ. ഉറുമ്പുകളുടെ സ്‌കൂളില്‍ മനുഷ്യന്റെ സര്‍ഗാത്മകതയും കരുത്തുമൊക്കെ പഠിപ്പിക്കുന്ന ഒരു ബുദ്ധിമുട്ട്.

'ഏതു മതത്തിന്റെയും അടിസ്ഥാനം ജ്ഞാനം മാത്രമല്ല, ചില കാര്യങ്ങള്‍ ദൃഷ്ടിക്ക് അപ്രാപ്യമാണെങ്കിലും അവയുണ്ടെന്ന വിശ്വാസം കൂടിയാണ്. ഉണ്ടെന്നു മാത്രമല്ല, അവ ഏറെ കണിശതയോടും സൗന്ദര്യത്തോടും കൂടി പരിപാലിക്കപ്പെടുന്നുവെന്നും നമ്മുടെ ദുര്‍ബല ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ ഏറ്റവും ലളിതമായ രൂപമല്ലാതെ കാണാന്‍ കഴിയില്ലെന്ന് കൂടി വിശ്വസിക്കണം. അതുകൊണ്ടുതന്നെ ഞാന്‍ തികഞ്ഞ മതവിശ്വാസിയാണ്. ശാശ്വത ജീവിത രഹസ്യത്തിന്റെയും ഈ പ്രപഞ്ചമെന്ന അസാധാരണ സംവിധാനത്തിനു പിന്നിലുള്ള മഹാശക്തിയെയും അംഗീകരിക്കാന്‍ എന്റെ മനസ്സ് പാകമാണ്. പ്രകൃതിയില്‍ തെളിഞ്ഞുകാണുന്ന ആ ശക്തിയുടെ സാന്നിധ്യത്തെപ്പറ്റി ചെറിയ തോതിലെങ്കിലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, വളരെ വിനീതനായി' എന്നൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ ഇക്കൂട്ടര്‍ നമ്മളെ വെറുതെ വിട്ടേക്കും.

മേല്‍സൂചിപ്പിച്ച തീവ്ര യുക്തിവാദികളെപ്പോലെയല്ലാത്ത, സഹകരിക്കാന്‍ തയാറാവുന്ന നിഷ്‌കളങ്കരായ ദൈവനിഷേധികളും ഉണ്ട്. അവര്‍ തെളിവിനായി കാത്തിരിക്കുകയാണെന്നു മാത്രം.  ദൈവങ്ങളും വിശ്വാസങ്ങളും മനുഷ്യദൈവങ്ങളും  സമൂഹത്തില്‍ സൃഷ്ടിച്ച അന്ധവിശ്വാസങ്ങളും കലാപങ്ങളുമാണ് നാസ്തികരെ മുഴുവനും ഒരളവുവരെ അത്തരം കടുത്ത  നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു സത്യസന്ധമായി പറയാനും കഴിയും. സത്യസന്ധമായ മതബോധത്താല്‍ സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വിശ്വാസത്തെ നല്ല വിശ്വാസം എന്ന് അംഗീകരിക്കാന്‍ മടിയില്ലാത്ത യുക്തിവാദികളും ഉണ്ടെന്നു സാരം. പക്ഷേ വിശ്വാസം നല്ലതും അന്ധവും ഒക്കെ ആയി തരംതിരിക്കുന്ന മാനദണ്ഡങ്ങള്‍ കൗതുകകരം തന്നെയാവും. രാഷ്ട്രീയവുമായി  ബന്ധപ്പെട്ട് വോട്ടു ബാങ്ക് ഉള്ളതു കൊണ്ടുകൂടി യാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപോലുള്ള ഭൗതിക പ്രസ്ഥാനങ്ങള്‍ വിശ്വാസത്തെ ഭീകരമായി കൈകാര്യം ചെയ്യാത്തത്. എങ്കിലും വിശ്വാസികളും അവിശ്വാസികളും തമ്മില്‍ സഹകരണത്തിന്റേതായ ഒരന്തരീക്ഷം സാമൂഹികനീതിയെ അടിസ്ഥാനമാക്കി  ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. പക്ഷേ അതെല്ലാം പരസ്പരം ചൊറിഞ്ഞു കൊടുക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാവുകയും, മൂല്യങ്ങളും സാമൂഹിക നീതിയുമൊക്കെ അനാഥമാവുകയും ചെയ്യുമ്പോഴാണ് എന്താണ് മതവിശ്വാസം, എന്താണ്  രാഷ്ട്രീയം എന്നൊക്കെ ഒരാള്‍ ചിന്തിക്കാനിടയാവുന്നത്. ദൈവത്തെ കാണണമെങ്കില്‍ ദൈവത്തെ കാണാനുള്ള കണ്ണ് വേണം എന്ന് റൂമി പറഞ്ഞതിന്റെ മര്‍മം  ആലോചിക്കുക.

ദൈവം (പ്രപഞ്ച സ്രഷ്ടാവ്) ഉണ്ട് എന്നുള്ളതും, ഇല്ല എന്നുള്ളതുമായ രണ്ടു വിശ്വാസങ്ങള്‍. അതില്‍  ദൈവം ഉണ്ട് എന്നതിലേക്കെത്തിയാല്‍, അവിടെ ഏകദൈവ വിശ്വാസികളെ കാണാം, ബഹുദൈവ വിശ്വാസികളെ കാണാം, ത്രിത്വത്തെ ആരാധിക്കുന്നവര്‍, പിന്നെ അസംഖ്യം മനുഷ്യ ദൈവങ്ങള്‍. അതൊരു കൂത്തരങ്ങു തന്നെയാണ്. എങ്കിലും പ്രപഞ്ച സ്രഷ്ടാവായ പരംപൊരുള്‍, യഹോവ, അല്ലാഹു തുടങ്ങിയ ഏകദൈവ ശബ്ദങ്ങള്‍ വലിയ തര്‍ക്കമില്ലാതെ വിശ്വാസികള്‍ക്ക് അംഗീകരിക്കാം എന്ന് തോന്നുന്നു. നമ്മുടെയെല്ലാം  സ്രഷ്ടാവ് ഒന്നാണ് എന്നതു തന്നെ മനുഷ്യ സാഹോദര്യത്തിനു കലര്‍പ്പില്ലാത്ത കരുത്തേകും എന്നതുകൊണ്ടുതന്നെ ഈ ഒരു വിശ്വാസത്തില്‍ യുക്തി കണ്ടെത്തുന്നവരാണ് കൂടുതലും. എങ്കിലും കാക്കക്കു തന്‍ കുഞ്ഞു പൊന്‍ കുഞ്ഞെന്ന പോല്‍ വിഗ്രഹാരാധനയിലും പുണ്യപുരുഷാരാധനയിലും പ്രവാചക, ദൈവപുത്ര ആരാധനയിലും, അതൊന്നും പോരെങ്കില്‍ മനുഷ്യര്‍ സൃഷ്ടിച്ചെടുക്കുന്ന ചില വസ്തുക്കളുടെ ആരാധനയിലുമൊക്കെ സംതൃപ്തി കണ്ടെത്തി പോരുന്ന പതിവാണ്  മനുഷ്യനുള്ളത്. എന്തിനെയൊക്കെയെങ്കിലും ആരാധിക്കാത്ത മനുഷ്യരെ കണ്ടെത്തുക പ്രയാസം. പണം, പ്രസിദ്ധി, മദ്യം, സ്ത്രീസുഖം ഇതിനെയൊക്കെ ആരാധിച്ചു കഴിയുന്നവരെയും കണ്ടെത്താം. എല്ലാവരുടെയും ദൈവം ഒന്ന് തന്നെ എന്ന് സര്‍വമത സമ്മേളനങ്ങളിലും സൗഹൃദ സദസ്സിലും പറയുമെങ്കിലും ഓരോരുത്തരും അവരവരുടെ ദൈവങ്ങളെ രഹസ്യമായി താലോലിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ആവശ്യം വരുമ്പോള്‍ അവരുടെ ദൈവങ്ങള്‍ക്കായി പോരിനിറങ്ങുകയും ചെയ്യും.

ഏക ദൈവമെന്ന സങ്കല്‍പം ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാമിക വേദങ്ങള്‍ അംഗീകരിക്കുന്നതാണ്. മതവിശ്വാസങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊണ്ട് മാത്രമാണ് അവയെ അംഗീകരിക്കാന്‍  അതത് മതങ്ങളിലെ വിശ്വാസികള്‍  സമ്മതിക്കാത്തത് . ഉദാഹരണത്തിന് ഇസ്‌ലാം മുമ്പുള്ള എല്ലാ പ്രവാചകന്മാരെയും അംഗീകരിക്കാന്‍  തയാറാണ്. ആരാധനകളൊക്കെ അക്കാലത്ത് വീതിച്ചെടുത്തിരുന്ന എല്ലാ കുട്ടിദൈവങ്ങളില്‍നിന്നും പണ്ഡിത പ്രമാണിമാരില്‍നിന്നും തിരിച്ചുപിടിച്ച് ആരാണോ ആരാധന യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നത് അവനിലേക്ക് തിരിച്ചുവിടുക എന്ന വളരെ ലളിതമായ യുക്തിയാണ് മുഹമ്മദ് നബി അവതരിപ്പിച്ചത്. സ്വാഭാവികമായും ഭൂമിയിലെ ദൈവങ്ങളും, മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളും ഇത് സമ്മതിക്കില്ലല്ലോ. അക്കാലത്ത് യേശുവിനെയും യേശു മാതാവിനെയുമൊക്കെ ദൈവമാക്കി ആരാധിച്ചിരുന്ന മതം, യഹോവയെ മാത്രം ആരാധിക്കുക എന്നത് പോലും ഉള്‍ക്കൊണ്ടില്ല  എന്നതു തന്നെയാണ് സത്യം. ഹിന്ദുമതത്തിലാണെങ്കില്‍ പരസ്പരം പോരടിക്കുന്ന ദൈവങ്ങള്‍ പോലും ഉണ്ടായിരുന്നു. അതിന്റെ പേരില്‍ മനുഷ്യരും. ഇങ്ങനെയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും ജാതീയതക്കും കുല, ഗോത്ര, വര്‍ണ, വൈജാത്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഏകദൈവ വിശ്വാസം. ആരാധനക്കര്‍ഹന്‍ അവന്‍ മാത്രം. ഇത് വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളാത്തതു തന്നെയാണ് മുസ്‌ലിം സമൂഹത്തിനകത്തും പോരിന് കാരണം. അകത്തെയും പുറത്തെയും പോരിന് കാരണം തൗഹീദ് തിരിച്ചറിയാത്തതാണെങ്കില്‍ അത് പഠിക്കുകയും പഠിപ്പിക്കുകയുമല്ലേ വേണ്ടത്?

ദൈവം ഏകനാണെന്നും മനുഷ്യരൊക്കെ ചീര്‍പ്പിന്റെ പല്ലുപോലെ സമന്മാരാണെന്നും, ആരെങ്കിലും മികച്ചു നില്‍ക്കുന്നത് ശ്രദ്ധയോടുള്ള ജീവിതംകൊണ്ട് മാത്രമാണെന്നും, അതിന് വഴികാട്ടിയാവേണ്ടത് മുഹമ്മദ് നബിയുടെ അധ്യാപനങ്ങളാണെന്നും ഒരാള്‍ക്ക് വളരെ  സ്വാഭാവികമായി ഉള്‍ക്കൊള്ളാനാവേണ്ടതല്ലേ? പി. ഗോവിന്ദപിള്ളയെ പോലുള്ള നാസ്തികര്‍, ഒരു മതം സ്വീകരിക്കേണ്ടിവരുമെങ്കില്‍ ഇസ്‌ലാം ആവും തെരഞ്ഞെടുക്കുക എന്ന് പറഞ്ഞത് ഈ മൗലിക ആശയത്തെ പിന്തുണക്കുന്നതുകൊണ്ടാണ്. ഇങ്ങനെയൊരു സന്ദേശം ഒരാള്‍ ഉള്‍ക്കൊള്ളുന്നതില്‍ എന്താണിത്ര പ്രശ്‌നം!  

പക്ഷേ മതം ദൈവത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ലല്ലോ പറയുന്നത്. അതിന്റെ അനുരണനങ്ങള്‍ ജീവിതത്തിലും വേണം. മനുഷ്യന്‍ അവനു കിട്ടിയിട്ടുള്ള കഴിവുകള്‍ക്ക് അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്തം) ഉള്ളവനാണ്. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ കണക്കു ചോദിക്കലിനുശേഷം മാത്രമേ ശാശ്വതമായ രക്ഷശിക്ഷകളുള്ള മരണാനന്തര ജീവിതത്തിലേക്ക് അവനെ പ്രവേശിപ്പിക്കൂ. ഈ ആശയം ഏതാണ്ട് എല്ലാ  മതങ്ങളിലും കാണാം. അപ്പോള്‍ അല്ലാഹുവിനോ യഹോവക്കോ പരംപൊരുളിനോ  കണക്കു സമര്‍പ്പിക്കേണ്ടിവരുന്നതിന് പകരം യേശുവിനോ വിഷ്ണുവിനോ ശിവനോ, ഏതെല്ലാം ദൈവങ്ങളുണ്ടോ അതിനൊക്കെ മുന്നിലാണോ വേണ്ടിവരിക എന്ന മൗലികമായ ചോദ്യം ഒരാളെ അലട്ടാതെ വയ്യ. അതിലൊരു സൂക്ഷ്മത വേണം എന്ന് കരുതുന്നവര്‍ക്ക് ഒരു നിലപാട് എടുക്കാതെ വയ്യല്ലോ.

നമ്മുടെ രഹസ്യവും പരസ്യവും ആയ എല്ലാ ചലനങ്ങളും അറിയുന്ന, നമ്മുടെ ചിന്തകള്‍ പോലും വായിച്ചെടുക്കാനാവുന്ന, നീതിമാനായ ആ ഏകദൈവത്തിനു മുമ്പില്‍ ഒരു നാള്‍ വിചാരണക്ക് വിധേയനായി നില്‍ക്കേണ്ടിവരുമെന്ന ബോധം ഒരാളെ നന്മകള്‍ക്ക് പ്രേരിപ്പിക്കേണ്ടതാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അയാളുടെ വിശ്വാസത്തിനെന്തോ പിഴവുണ്ടെന്നും, അയാളുടെ യഥാര്‍ഥ ദൈവം അല്ലാഹുവല്ല, മറിച്ചെന്തോ ആണെന്നും നിസ്സംശയം പറയാം. സ്വന്തം ദൈവത്തെ കണ്ടെത്താനുള്ള ഒരെളുപ്പ മാര്‍ഗം ഇതുതന്നെ. ഒരാളുടെ ജീവിതം അയാള്‍ ആരുടെ നിര്‍ദേശം അനുസരിച്ചാണ് ആത്യന്തികമായി കെട്ടിപ്പടുക്കുന്നത് എന്ന് പരിശോധിച്ചാല്‍ മാത്രം മതി; അതു തന്നെ അയാളുടെ ദൈവം.

ഇവിടെയാണ് ഇസ്‌ലാമില്‍ വേദവും പ്രവാചകനും കടന്നുവരുന്നത്. രണ്ടിന്റെയും വായനയില്‍ അതിരുകവിയലുകള്‍ വേണ്ടതില്ല. ''ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍'' (2:21).

''സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക്  അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (2:62).

 ''നാം കല്‍പിച്ചു: എല്ലാവരും ഇവിടെനിന്നിറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഖഃമില്ലാത്തവരും'' (2:38).

എത്ര ലളിതമായി ഖുര്‍ആന്‍ കാര്യം വ്യക്തമാക്കുന്നു! നന്മകള്‍ എന്തെന്നറിയണമെങ്കില്‍ വേദം വായിച്ചു നോക്കണം.

''അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ പുറം തിരിഞ്ഞു; നിങ്ങളില്‍ അല്‍പം ചിലരൊഴികെ'' (2:83).

''അവര്‍ തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ പാലിക്കുന്നവരുമാണ്. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മകൊണ്ട് തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോക നേട്ടം'' (13:22).

''നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദഗ്രന്ഥം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?'' (2:44).

ഇങ്ങനെ പ്രത്യക്ഷ വായനയില്‍തന്നെ നേര്‍ക്കു നേരെ നിങ്ങളോട് സംസാരിക്കുന്ന ഒരുപാട് ഖുര്‍ആനിക സൂക്തങ്ങള്‍ കാണാം. ഇതൊക്കെ വായിക്കുന്ന ഒരാള്‍ക്ക് തന്റെ വിശ്വാസത്തെ വിലയിരുത്താന്‍ സാധിക്കും. അവിശ്വാസികള്‍ തന്നെയാണ് വിശ്വാസി സമൂഹത്തിലും ബഹുഭൂരിപക്ഷമെന്നു തോന്നിപ്പോവാന്‍ മാത്രം ആയത്തുകള്‍ നിങ്ങള്‍ ഖുര്‍ആന്‍ മറിച്ചുനോക്കിയാല്‍ കണ്ടെത്താതിരിക്കില്ല. അവരൊക്കെയും ഭൗതിക നേട്ടം ആഗ്രഹിച്ചുകൊണ്ടുതന്നെയാവും മതത്തോടൊട്ടിനില്‍ക്കുന്നത്. 

''അവരോ; നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും, അവരെല്ലാം അവനിലേക്ക് തിരിച്ചുചെല്ലുമെന്നും കരുതുന്നവരാണ്'' (2:46).                        

''ഒരാള്‍ക്കും മറ്റൊരാളുടെ ബാധ്യത ഏല്‍ക്കാനാവാത്ത, ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ സ്വീകരിക്കാത്ത, കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ലഭിക്കാത്ത ആ ദിനത്തെ കരുതിയിരിക്കുക'' (2:48).

വെറും ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് മാത്രം, എന്താണ് ജീവിതം, ഒരാളുടെ ജീവിത ലക്ഷ്യം എന്താവണം, അതിനു വേണ്ടി എന്തു ചെയ്യണം, എന്ത് ചെയ്തുകൂടാ എന്നൊക്കെ ഈ പ്രപഞ്ച സ്രഷ്ടാവ് നിങ്ങളോട് പറയുന്നുണ്ടെങ്കില്‍ അതൊക്കെ വായിക്കാനും മനനം ചെയ്യാനും തയാറാവണം എന്ന് പറയേണ്ടതില്ലല്ലോ.

വായന തുടങ്ങിയാല്‍,  തൗഹീദ് ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍ ഭൂമിയില്‍ നീതി സ്ഥാപിക്കാനുള്ള ഉത്തരവാദിത്തവും നിങ്ങളോട് അത് ആവശ്യപ്പെടും. അതിനേക്കാള്‍ വലിയ വിപ്ലവം വേറൊന്നില്ലല്ലോ. അതിനുള്ള രീതിശാസ്ത്രവും പറഞ്ഞുതരും. ദൈവവിശ്വാസത്തിന്റെ താല്‍പര്യം ഭൂമിയിലും ആകാശത്തും ഒരാള്‍ക്ക് നീതി അനുഭവിക്കാനാവുക എന്നതു കൂടിയാണ്. കഴിയുന്നേടത്തോളം നീതി സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനായി മനുഷ്യരിലെ സമാന മനസ്‌കരോട് ഐക്യപ്പെടുക. ദൈവം നീതിമാനാണ്, അവന്റെ ദീന്‍ ഭൂമിയില്‍ ഉണ്ടാവുക എന്ന് പറഞ്ഞാല്‍ കഴിയുന്നേടത്തോളം നീതിപൂര്‍വകമായ ഒരു സമൂഹം നിലവില്‍വരിക എന്നു കൂടിയാണ്. അതുകൊണ്ടുതന്നെ തൗഹീദ് ഒരേസമയം വിശ്വാസവും വിപ്ലവവും ആകുമ്പോഴാണ് ലാ ഇലാഹ ഇല്ലല്ലാഹിന്റെ അര്‍ഥം പൂര്‍ണമാവുക. ഭൗതിക പ്രസ്ഥാനങ്ങള്‍ക്കില്ലാത്ത ഒരു ഇന്ധനം പേറുന്നവര്‍ കൂടിയാണ് വിശ്വാസികള്‍ എന്നോര്‍ക്കുക. അവരുടെ വിയര്‍പ്പും പോരാട്ടവും ഒരിക്കലും വെറുതെയാവുന്നില്ല. ഒരുവേള അവരുടെ പോരാട്ടങ്ങള്‍ ഭൂമിയില്‍ വിഫലമായാലും നീതിയുള്ള ഒരു ലോകം തയാറാക്കി അവരെ കാത്തിരിക്കുന്ന ഒരു നാഥന്‍ അവര്‍ക്കുണ്ടെന്നതു തന്നെ.

ഈയടുത്ത കാലത്ത് മാവിന്‍തോട്ടത്തില്‍ കയറി മാങ്ങ പറിച്ചെന്ന കാരണത്താല്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ടിരുന്നല്ലോ. മാങ്ങ പറിച്ചതാണോ, മുസ്‌ലിമായി എന്നതാണോ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കാരണം? എന്തായാലും ആ കൊലയില്‍ അസ്വസ്ഥനായി  ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു; 'നീ പറയുന്ന പരലോകം വേണമെന്ന് ഇന്നെനിക്കു തോന്നി. നിറയെ പച്ച മാങ്ങകളുള്ള അതിരുകളില്ലാത്ത തോട്ടത്തില്‍ അവള്‍ പാറി നടക്കുക എന്നതു മാത്രമാണ് എനിക്ക് സങ്കല്‍പ്പിക്കാവുന്ന ഏക നീതി!'

ഒരാളുടെ വിശ്വാസം തികച്ചും വ്യക്തിപരമാവാമെങ്കിലും കുടുംബ, സാമൂഹിക പരിസരങ്ങളിലേക്ക് വികസിക്കുന്ന ഒരു രാഷ്ട്രീയ വികാസം കൂടിയായിട്ടാണ് ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തുന്നത്. അതിന്റെ ഒടുക്കമോ പരലോകവും. നീതിയുടെ അടിസ്ഥാനത്തിലല്ലാത്ത ഒരു മാനദണ്ഡവും അതിനില്ല താനും. മതരാഷ്ട്രവാദം എന്ന ഭീതി സൃഷ്ടിച്ച് അതിന്റെ മറവില്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക നീതിയെ മറികടക്കാനാണ് പലരും ശ്രമിക്കുന്നത്. തൗഹീദിന്റെ വെളിച്ചത്തില്‍ മഞ്ഞളിച്ചുപോവുന്ന എല്ലാ ഭൗതിക-സാമുദായിക രാഷ്ട്രീയവും, ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സാമൂഹിക നീതിയെ പല പേരിട്ടു വിളിച്ച് എതിര്‍ക്കുക തന്നെ ചെയ്യും. അതവരുടെ രാഷ്ട്രീയത്തിന്റെയും ദൈവങ്ങളുടെയും നിലനില്‍പിന്റെ വിഷയം കൂടിയാണല്ലോ. 

നന്മകളില്‍ മത്സരിക്കുക, അതിന് നേതൃത്വം കൊടുക്കുക എന്നിങ്ങനെയുള്ള ദൈവവിശ്വാസത്തിന്റെ താല്‍പര്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമായിരിക്കും അവിശ്വാസത്തിന്റെയും കപട ദൈവങ്ങളുടെയും വേഷങ്ങള്‍ അഴിഞ്ഞുവീഴുകയും, ജനങ്ങള്‍ക്ക് ദീന്‍ ആസ്വദിക്കാന്‍ അവസരം ലഭ്യമാവുകയും ചെയ്യുക. അതല്ലാതെ മതങ്ങളെയും ദൈവങ്ങളെയും കള്ളികളാക്കി പകുത്തെടുത്തുകൊണ്ട് കച്ചവട രാഷ്ട്രീയ താല്‍പര്യങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അനാഥമാവുന്നത് യഥാര്‍ഥ ദൈവിക ദീനും അതിന്റെ താല്‍പര്യങ്ങളും തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌