Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

മ്യാന്മര്‍ വംശീയതയുടെ ഭൗമരാഷ്ട്രീയം

എ. റശീദുദ്ദീന്‍

2016 ഏപ്രിലില്‍ മ്യാന്മറിലെ അമേരിക്കന്‍ എംബസിക്കു പുറത്ത് വിവിധ സംഘടനകളില്‍ പെട്ട 300 ഓളം യുവാക്കളും ബുദ്ധ ഭിക്ഷുക്കളും അസാധാരണമായ ഒരു പ്രതിഷേധവുമായെത്തി. എംബസി ആയിടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ റോഹിങ്ക്യ എന്ന വാക്ക് ഉപയോഗിച്ചതിനെ ചൊല്ലിയായിരുന്നു ബഹളം. അങ്ങനെയൊരു പ്രവിശ്യ മ്യാന്മറില്‍ ഇല്ലെന്നും രാഖൈന്‍ മേഖലയുടെ തുടര്‍ച്ച മാത്രമാണ് ഇതെന്നുമാണ് സമരക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്.  മ്യാന്മര്‍ ഭരണകൂടം അംഗീകരിച്ചിട്ടില്ലാത്ത പേരുപയോഗിച്ച് ഒരു മേഖലയിലെ ജനങ്ങളെ വിശേഷിപ്പിച്ചതിലൂടെ അമേരിക്ക അന്താരാഷ്ട്ര നയതന്ത്ര മര്യാദകള്‍ ലംഘിച്ചുവെന്നും ഈ നിലപാട് തുടരുകയാണെങ്കില്‍ റോഹിങ്ക്യകളെ അമേരിക്ക ഏറ്റെടുക്കണമെന്നുമാണ് 'മാ ബാ ത്ത' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വംശീയവാദ സംഘടനയുടെ നേതൃത്വത്തിലെത്തിയ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടത്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 9 കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചപ്പോള്‍ സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുക മാത്രമാണ് അമേരിക്കന്‍ എംബസി ചെയ്തത്; അല്ലാതെ റോഹിങ്ക്യന്‍ വംശഹത്യയുടെ പ്രശ്‌നത്തില്‍ ഇടപെടലുകയായിരുന്നില്ല. എന്നിട്ടും ആ ഒറ്റ വാക്കിനെ ചൊല്ലി ബുദ്ധന്മാര്‍ക്ക് ഹാലിളകി. സ്വന്തം പ്രദേശത്ത് റോഡു വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം വിലക്കപ്പെട്ട റോഹിങ്ക്യകള്‍ അവരുടെ ക്യാമ്പുകളിലൊന്നായ സിന്‍തെറ്റ് മാവെയില്‍നിന്ന് സിത്വെ ടൗണിലേക്ക് ഭക്ഷണം വാങ്ങാനായി പുറപ്പെട്ട ബോട്ട് മുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഈ ദുരന്തം. 

റോഹിങ്ക്യകള്‍ എന്നൊരു ജനവിഭാഗം മ്യാന്മറില്‍ ഉണ്ടെന്നു പോലും അംഗീകരിക്കാന്‍ തയാറല്ലാത്ത ഈ മുരടന്‍ ദേശീയവാദത്തോടാണ് അന്താരാഷ്ട്ര സമൂഹം മനുഷ്യാവകാശം പ്രസംഗിക്കുന്നത്! കൊളോണിയല്‍ കാലഘട്ടം മേഖലയിലുടനീളം ബാക്കിയിട്ട തമ്മിലടിപ്പിക്കല്‍ നയങ്ങളുടെ തുടര്‍ച്ച മാത്രമായി ഇതിനെ വിലയിരുത്തുന്നിടത്ത് നമുക്ക് തെറ്റുപറ്റുന്നുണ്ട്. ഒരേസമയം മതപരവും ഒപ്പം സാമ്പത്തികവും രാഷ്ട്രീയവും അന്താരാഷ്ട്ര താല്‍പര്യങ്ങളുമൊക്കെ കൂടിക്കലര്‍ന്നതാണ് റോഹിങ്ക്യയുടെ പ്രശ്നം. പക്ഷേ മതവിദ്വേഷം തന്നെയാണ് ഇതിലെ പ്രധാന ഘടകമായി മാറുന്നത്. അന്നാട്ടിലെ ബുദ്ധന്മാര്‍ ആസന്നഭാവിയില്‍ മത ന്യൂനപക്ഷമായി മാറുമെന്നും ബംഗ്ലാദേശും മലേഷ്യയും ഇന്തോനേഷ്യയും ചേര്‍ന്ന് ഭാവിയില്‍ മ്യാന്മറിനെ വിഴുങ്ങുമെന്നുമൊക്കെയാണ് മാ ബാ ത്തയെ പോലുള്ള സംഘടനകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാം ബര്‍മയില്‍ വ്യാപിച്ചാല്‍ എന്തുണ്ടാവുമെന്ന അസംബന്ധ ജടിലമായ ലഘുലേഖകള്‍ ബര്‍മയില്‍ ഉടനീളം സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. എന്നിട്ടും പേടി മാറാതെ, മതംമാറ്റം കുറ്റകൃത്യമായി പ്രഖ്യാപിച്ച് മ്യാന്മര്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു. മദ്‌റസകള്‍ അല്ലാത്ത മറ്റൊരു വിദ്യാഭ്യാസ സ്ഥാപനവും നടത്താന്‍ ഭണഘടനാപരമായി അവകാശമില്ലാത്ത റോഹിങ്ക്യകളുടെ കാര്യത്തിലാണ് ഇതെന്നോര്‍ക്കുക. ഈ ഇസ്ലാമോഫോബിയക്കൊപ്പമാണ്, റോഹിങ്ക്യകള്‍ സ്വന്തം രാജ്യത്തിനകത്തെ എണ്ണം പെരുകുന്ന വംശീയതയാണെന്നും അവര്‍ ഭാവിയില്‍ ബുദ്ധന്മാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുമെന്നുമുള്ള ജനസംഖ്യാ സിദ്ധാന്തം കൊടുമ്പിരി കൊള്ളുന്നത്. മുസ്ലിംകളുടെ എണ്ണം ഇന്ത്യയില്‍ സമീപഭാവിയില്‍ ഹിന്ദുക്കളെ മറികടക്കുമെന്നും ബംഗ്ലാദേശും പാകിസ്താനും ഇന്ത്യയെ തകര്‍ക്കുകയാണെന്നും  ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള ശുദ്ധ അസംബന്ധമാണിത്. അകത്തെയും പുറത്തെയും മുസ്ലിംകളെ കാര്യകാരണങ്ങള്‍ക്കും ചരിത്ര വസ്തുതകള്‍ക്കും അതീതമായി അപരവല്‍ക്കരിക്കുന്ന അതേ ഇന്ത്യന്‍ മാതൃകയാണ് മ്യാന്മറിലെ ബുദ്ധ വംശീയവാദികളുടേതെന്നും കാണാനാവും. 

 

ബ്രിട്ടീഷ് കാലവും അതിനു മുമ്പും 

ബര്‍മയുടെ എണ്ണ-പ്രകൃതി വാതക സമൃദ്ധമായ പടിഞ്ഞാറെ സമുദ്രാതിര്‍ത്തിയിലാണ്, രാഖൈന്‍ ഉപദേശീയതയുടെ ഭാഗമാണെന്ന് ബര്‍മീസ് ദേശീയവാദികള്‍ അവകാശപ്പെടുന്ന റോഹിങ്ക്യയുടെ സ്ഥാനം. ഭൂമിശാസ്ത്രപരമായി ഈ മേഖല ബംഗ്ലാദേശിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതുകൊണ്ട് ചിറ്റഗോംഗ് മേഖലയിലെ പ്രാദേശിക ചുവയുള്ള ബംഗാളി ഭാഷയാണ് പൊതുവെ റോഹിങ്ക്യയില്‍ സംസാരിക്കുന്നത്. അതേസമയം ശുദ്ധ ബര്‍മീസ് സംസാരിക്കുന്നവരും റോഹിങ്ക്യയുടെ തെക്കന്‍ മേഖലകളിലുണ്ട്. ശരീര ഘടനയിലും റോഹിങ്ക്യന്‍ സമൂഹത്തിന് ബംഗാളികളോടാണ് സാമ്യം. ഈ സാജാത്യമാണ് ബുദ്ധ സംഘടനകള്‍ ഇവര്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രധാന ആയുധം. 1430-ല്‍ ഇന്നത്തെ മ്യാന്മറിനകത്ത് സ്ഥാപിക്കപ്പെട്ട മറോക്കു രാജവംശത്തിലെ പ്രജകളാണ് ഇവരെന്നതാണ് ചരിത്ര വസ്തുതയെങ്കിലും ബ്രിട്ടീഷ് കാലത്തിന്റെ തുടര്‍ച്ച മാത്രമാണ് ബര്‍മയിലെ മുസ്ലിംകളെന്നാണ് ബുദ്ധസംഘടനകളുടെ നിലപാട്. മറുവശത്ത് 1430-ല്‍ മറോക്കു രാജവംശം സ്ഥാപിച്ച മിന്‍സോ മൂണ്‍ എന്ന സുലൈമാന്‍ ഷാക്കും അനുയായികള്‍ക്കും മുമ്പെ എട്ടാം നൂറ്റാണ്ടില്‍ തന്നെ അറബ്-പേര്‍ഷ്യന്‍ വ്യാപാരികളിലൂടെ മേഖലയില്‍  ഇസ്ലാം എത്തിയിരുന്നുവെന്നാണ് മറ്റു ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ചിറ്റഗോംഗുമായി ബന്ധപ്പെട്ട് വികാസം പൂണ്ട ഒരു ഭരണകൂടവും സംസ്‌കാരവുമായിരുന്നു ഇത്. ഇവരില്‍ പലരും അക്കാലത്ത് രാജവംശം ഒപ്പം കൊണ്ടുവന്ന അടിമകളുടെ പിന്തുടര്‍ച്ചക്കാരായിരുന്നുവെന്നതും വസ്തുതയാണ്. പക്ഷേ നാലോ അതിലേറെയോ നൂറ്റാണ്ടുകളായി റോഹിങ്ക്യയില്‍ ഇപ്പോഴത്തെ മുസ്ലിം സമൂഹം ജീവിക്കുന്നുണ്ട്. 17-ാം നൂറ്റാണ്ടുവരെയും ശക്തമായി നിലകൊണ്ട മറോക്കു രാജവംശം പിന്നീട് അറാക്കന്‍ ആക്രമണത്തില്‍ നിലംപൊത്തിയതോടെയാണ് മേഖലയില്‍നിന്നും മുസ്ലിംകള്‍ ഇടക്കാലത്ത് പലായനം ചെയ്തത്. മുസ്ലിംകളെ മാത്രമല്ല മേഖലയിലെ ഹിന്ദുക്കളെയും ബുദ്ധന്മാരുടെ പിന്തുണയുള്ള അറാക്കന്‍ സൈന്യം തുരത്തിയിരുന്നു. ബുദ്ധമതസസ്ഥരുടേതല്ലാത്ത എല്ലാ ആരാധനാലങ്ങളും പുതിയ അറാക്കന്‍ ഭരണകൂടം തകര്‍ത്തു. 1824-ല്‍ നടന്ന ബ്രിട്ടീഷ് അധിനിവേശത്തിനു ശേഷം കഥ വീണ്ടും മാറുകയും മേഖലയിലേക്ക് മുസ്ലിംകള്‍ തിരിച്ചെത്തുകയും ചെയ്തു. മേഖലയിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ പുനരധിവസിപ്പിക്കുകയായിരുന്നു. രണ്ടു തലമുറ മുമ്പെ നാടുവിട്ടവര്‍ക്കൊപ്പം പുതിയ മുസ്ലിം കുടിയേറ്റക്കാരും ഇന്നത്തെ ബംഗ്ലാദേശില്‍നിന്നും റോഹിങ്ക്യയിലെത്തി. അതിനു ശേഷമുള്ള ചരിത്രം മാത്രമാണ് നിലവില്‍ ബര്‍മയിലെ ദേശീയവാദി ബുദ്ധസംഘടനകള്‍ ചര്‍ച്ചക്കെടുക്കുന്നത്. 

18-19 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ബംഗാളി കര്‍ഷകര്‍ക്ക് 99 വര്‍ഷത്തേക്ക് പട്ടയം നല്‍കിയ നിലങ്ങള്‍ അറാക്കന്‍ ഭരണകാലത്ത് ബര്‍മയിലെ ബുദ്ധന്മാര്‍ പിടിച്ചെടുത്ത പ്രദേശങ്ങളായിരുന്നു. ഒരു കണക്കിന് ചരിത്രത്തിന്റെ തനിയാവര്‍ത്തനം. ഇവിടം തൊട്ടാണ് മുസ്ലിംകളും ബുദ്ധന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വംശീയതയുടെ മുഖം കൈവന്നതെന്നാണ് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാംലോകയുദ്ധ കാലത്ത് റങ്കൂണിലെ ബ്രിട്ടീഷ് ഭരണകൂടം നിലം പൊത്തുകയും ജപ്പാന്‍ സൈന്യം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പേ തന്നെ അറാക്കന്‍ നാഷ്‌നല്‍ ആര്‍മിയും ബര്‍മീസ് ഇന്റിപ്പെന്റന്‍സ് ആര്‍മിയും ചേര്‍ന്ന് ചിറ്റഗോംഗിനോടു ചേര്‍ന്ന അഖ്യാബ് താഴ്വരയിലൂടെ പടയോട്ടം ആരംഭിച്ചിരുന്നു. ബ്രിട്ടീഷുകാരെ ഇതുവഴിയാണ് അവര്‍ ബംഗ്ലാദേശിലേക്കു തുരത്തിയത്. ചിറ്റഗോംഗ് കേന്ദ്രീകരിച്ച് തമ്പടിച്ച ബ്രിട്ടീഷുകാര്‍ ജപ്പാന്‍ സൈന്യത്തെ എതിരിടാനായി തദ്ദേശീയരെ ഗറില്ലാ മുറകള്‍ അഭ്യസിപ്പിച്ച് ഒരു പുതിയ സൈന്യത്തിന് രൂപം നല്‍കി. ഇതോടെ പോരാട്ടം ജപ്പാന്‍ പക്ഷത്തോടൊപ്പം നിന്ന ബര്‍മീസ് ബുദ്ധന്മാരും ബ്രിട്ടീഷ് പക്ഷത്തെ മുസ്ലിംകളും തമ്മിലായി മാറി. ആയിരക്കണക്കിനാളുകള്‍ ഈ കാലയളവില്‍ ഇരുപക്ഷത്തും കൊല്ലപ്പെട്ടതായാണ് രേഖകള്‍. ജപ്പാനെ പിന്തുണച്ച ബുദ്ധന്മാര്‍ റോഹിങ്ക്യയുടെ കിഴക്കന്‍ മേഖലയിലേക്കും മുസ്ലിംകള്‍ പടിഞ്ഞാറു ഭാഗത്തേക്കുമായി രാഖൈന്‍ പ്രവിശ്യക്കകത്ത് വേര്‍പിരിഞ്ഞു.  

1948-ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായെങ്കിലും ഉപദേശീയതകള്‍ മ്യാന്മറിനകത്ത് കേന്ദ്രസര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടി കൊണ്ടിരുന്നു. ബുദ്ധന്മാര്‍ക്കു മേധാവിത്വമുള്ള ബര്‍മീസ് ഭരണകൂടം റോഹിങ്ക്യന്‍ മുസ്ലിംകളെ പൗരന്മാരായി അംഗീകരിക്കാന്‍ ഒരുകാലത്തും കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ അറാക്കന്‍ റിപ്പബ്ലിക്കിനു വേണ്ടി കമ്യൂണിസ്റ്റുകളും മറുഭാഗത്ത് റോഹിങ്ക്യ കേന്ദ്രീകരിച്ച് രൂപംകൊണ്ട മുജാഹിദുകളും മറ്റനേകം ഉപദേശീയ സംഘടനകളും ബുദ്ധിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. ഇക്കൂട്ടത്തില്‍ മുസ്ലിം പ്രക്ഷോഭത്തെയാണ് സര്‍ക്കാര്‍ ഏറ്റവുമാദ്യം സൈന്യത്തെ ഉപയോഗിച്ച് നേരിട്ടത്. റോഹിങ്ക്യന്‍ മുജാഹിദുകളുമായി 1990 വരെ പലപ്പോഴായി 18 തവണ ബര്‍മീസ് സൈന്യം ഏറ്റുമുട്ടിയതായാണ് കണക്കുകള്‍. പക്ഷേ 1950-കള്‍ക്കു ശേഷം മാത്രം മേഖലയില്‍ രൂപപ്പെട്ട താരതമ്യേന ദുര്‍ബലരായിരുന്ന ഈ മുജാഹിദ്  സംഘങ്ങളെ എതിരിടുന്നതിന്റെ ഭാഗമായി നിരപരാധികളായ ജനങ്ങളെയായിരുന്നു സൈന്യം കൊന്നൊടുക്കിയത്. ഈ മേഖലയിലേക്ക് പൊതുഖജനാവില്‍ നിന്ന് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ പോലുള്ള മേഖലകളിലേക്ക് ബുദ്ധന്മാരെ പേടിച്ച് കാര്യമായ ഒരു വിഹിതവും സര്‍ക്കാറുകള്‍ അനുവദിക്കാറുണ്ടായിരുന്നില്ല. 

 

ചൈന, അമേരിക്ക, മ്യാന്മര്‍ 

ബര്‍മീസ്, കാരെന്‍, കാച്ചിന്‍, മോണ്‍,  അറാക്കന്‍, കാരെന്ന, ചിന്‍, ഷാന്‍ എന്നീ എട്ടു വംശീയതകളെയാണ് ഭരണകൂടം അംഗീകരിച്ചതെങ്കിലും 135 ഉപദേശീയതകളും 52 സായുധ ദേശീയവാദി സംഘങ്ങളുമുള്ള രാജ്യമായിരുന്നു പഴയ ബര്‍മ. അറാക്കന്‍ ഉപദേശീയതുടെ ഭൂമിശാസ്ത്രപരമായ ഭാഗമാണ് റോഹിങ്ക്യ എന്നു ഒരു ഭാഗത്ത് വാദിക്കുമ്പോഴും മുസ്ലിംകളെ ഈ എട്ടിലോ 135-ല്‍ പോലുമോ പെടുത്താന്‍ ബുദ്ധന്മാര്‍ തയാറായിരുന്നില്ല. എട്ടു വംശീയതകള്‍ തമ്മില്‍ അനുരഞ്ജനം ഉണ്ടാക്കാന്‍ പരിശ്രമിച്ചു എന്നത് ആംഗ് സാങ് സൂചിയുടെ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോഴും അതില്‍ മുസ്ലിംകളെ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തിയിരുന്നു. മ്യാന്മറിലെ ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ ഇപ്പോഴും സൂചിക്ക് കഴിഞ്ഞിട്ടില്ല. 

2012-ല്‍ തൈന്‍ സെയ്ന്‍ പട്ടാള ജനറലിന്റെ വേഷം ഉപേക്ഷിച്ച് പ്രസിഡന്റായി രംഗത്തെത്തിയതിനു ശേഷം അമേരിക്കയും മ്യാന്മറും തമ്മില്‍ മികച്ച ബന്ധം രൂപപ്പെടുന്നതാണ് കാണാനുണ്ടായിരുന്നത്. 2012-നു ശേഷം രണ്ടു തവണയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മ്യാന്മര്‍ സന്ദര്‍ശിച്ചത്. ഈ കാലയളവില്‍ ചൈന വളരെ തന്ത്രപരമായി മുന്നോട്ടു പോയി. ഒരേസമയം മ്യാന്മറിലെ വന്‍കിട പ്രൊജക്ടുകളില്‍ കൂടുതല്‍ പണമിറക്കിയും ഒപ്പം വിമത സംഘങ്ങളുടെ മേല്‍ പിടി മുറുക്കിയും അവര്‍ അമേരിക്കന്‍ നീക്കങ്ങളുടെ മുനയൊടിച്ചു. മ്യാന്മറില്‍ ചൈനയുടെ അധീശത്വത്തിന് മുമ്പില്‍ അമേരിക്ക അടിയറവ് പറയുന്നതിന്റെ പ്രകടമായ സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം മ്യാന്മര്‍ പോളിസിയില്‍ വരുത്തിയ മാറ്റങ്ങള്‍. മേഖലയിലും ചൈന കൂടുതല്‍ കരുത്താര്‍ജിക്കുന്ന ചിത്രമുണ്ട്. അമേരിക്കന്‍ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന ഇന്ത്യ പോലും ചൈനയുമായി കൊമ്പുകോര്‍ക്കാതെ ഏറ്റവുമൊടുവില്‍ സഹകരണത്തിന്റെ വഴിയിലേക്കു തിരിഞ്ഞു തുടങ്ങി. അമേരിക്കയുടെ സൈനിക മുന്നണിയില്‍ സഖ്യകക്ഷികളായ തായ്ലന്റും ഫിലിപ്പീന്‍സും മേഖലയിലെ മറ്റൊരു കരുത്തനായ മലേഷ്യയും ട്രംപിന്റെ കാലത്ത് ചൈനയുമായുള്ള രാഷ്ട്രീയ-സൈനിക ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതാണ് കാണാനുള്ളത്. സൂചി പോലും രണ്ടു തവണ ചൈനയിലെത്തി. അതിലൊരു കൂടിക്കാഴ്ചക്കു വേണ്ടി അമേരിക്ക വിളിച്ചു ചേര്‍ത്ത ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പോലും അവര്‍ ഉപേക്ഷിച്ചിരുന്നു. 

നയതന്ത്ര മേഖലയിലെ ഈ ചൈനീസ് തിരിച്ചുവരവിന്റെയും അമേരിക്കന്‍ പിന്‍വാങ്ങലിന്റെയും തുടര്‍ച്ചയായാണ് പൊടുന്നനെ മ്യാന്മറിനകത്ത് വീണ്ടും വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. അമേരിക്കയുടെ പിന്‍വാങ്ങലിനു ശേഷം പൊട്ടിപ്പുറപ്പെടുന്ന ഇത്തരമൊരു കലഹം സ്വാഭാവികമായും ചൈനയുടെ നേര്‍ക്കാണ് വിരല്‍ ചൂണ്ടേണ്ടത്. പക്ഷേ താല്‍പര്യങ്ങള്‍ ആരുടേതുമാവാം എന്നതാണ് ഇപ്പോഴത്തെ ചിത്രം. ചൈനയുടെ ക്യോക്ഫ്യു റോഡു നിര്‍മാണമായിരുന്നു 2012 മുതല്‍ അമേരിക്ക മേഖലയുടെ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാനുണ്ടായ കാരണം തന്നെ. മ്യാന്മര്‍ അതിര്‍ത്തിയിലെ സംഘര്‍ഷഭരിത മേഖലയായ കാച്ചിന്‍ പ്രവിശ്യയിലൂടെ കടന്ന് റോഹിങ്ക്യയില്‍ അവസാനിക്കുന്ന ക്യോക്ഫ്യു റോഡ് നിലവില്‍ വന്നാല്‍ ഇന്ന് ലഭ്യമാകുന്നതില്‍ ഏറ്റവും കുറഞ്ഞ സമയമെടുത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിച്ചേരുമായിരുന്നു. മ്യാന്മറിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കി പാട്ടിലാക്കാനാണ് ഈ കാലയളവില്‍ ഒബാമ ശ്രമിച്ചത്. ഭൂമിശാസ്ത്രപരമായ അകലം കാരണം ഇക്കാര്യത്തില്‍ ചൈനയോളം ആളും അര്‍ഥവും വാരിയെറിഞ്ഞ് മത്സരിക്കാനാവില്ല എന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ അമേരിക്കന്‍ ഭരണകൂടം. ക്യോക്ഫ്യു റോഡിനൊപ്പം പ്രകൃതി വാതക സമ്പന്നമായ റോഹിങ്ക്യയില്‍ കടന്നുകയറാനുള്ള അവസരവും ചൈന ലക്ഷ്യം വെക്കുന്നുണ്ടായിരുന്നു. ഈ പൈപ്പ് ലൈന്‍-റോഡ് നിര്‍മാണ നീക്കം ശക്തിപ്പെട്ടതോടെയാണ് 2011-ല്‍ ആദ്യത്തെ റോഹിങ്ക്യന്‍ കലാപമുണ്ടാകുന്നതും ദീര്‍ഘമായ കാലഘട്ടം തള്ളിപ്പറഞ്ഞ മ്യാന്മറിലെ സൈനിക സര്‍ക്കാറിനെ (മിലിട്ടറി ജണ്ട) വൈറ്റ് ഹൗസ് ധൃതി പിടിച്ച് അംഗീകരിച്ചതും സൂചിയും തൈന്‍ സെയ്നും അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തുന്നതുമൊക്കെ.  

നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ക്യോക്ഫ്യൂ റോഡിന്റെ ജോലികള്‍ സജീവമാക്കുന്നതിന് മ്യാന്മറും ചൈനയും കരാറില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനകം പണി പൂര്‍ത്തിയായ പൈപ്പ്ലൈന്‍ വഴി ചൈനയുടെ യുനാന്‍ പ്രവിശ്യയിലേക്ക് പ്രതിദിനം 2,60,000 ബാരല്‍ എണ്ണ കൈമാറുന്നത് ഏത് ദിവസവും ആരംഭിച്ചേക്കും. അമേരിക്ക മ്യാന്മറില്‍ സജീവമായി ഇടപെട്ട കഴിഞ്ഞ ആറു വര്‍ഷക്കാലവും ഈ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. അവര്‍ രംഗത്തു വരുന്നതിന് തൊട്ടു മുമ്പെ, അതായത് 2010-ല്‍ പതിറ്റാണ്ടുകളുടെ ഇടവേളക്കു ശേഷം പട്ടാളഭരണകൂടം മുസ്ലിംകളുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു എന്നതാണ് വസ്തുത. റോഡും പൈപ്പ്ലൈനുമൊക്കെ സുഗമമായി നിലവില്‍ വരാന്‍ പ്രദേശത്തെ ജനങ്ങളെ കൈയിലെടുക്കുക അനിവാര്യമാണെന്ന തോന്നലാവാം പ്രസ്തുത നീക്കങ്ങളുടെ കാരണം. അതേതുടര്‍ന്ന് പൗരത്വവും വോട്ടവകാശവുമൊക്കെ അനുവദിക്കുന്നതിന് തുടക്കമെന്ന നിലയില്‍ ഭരണകൂടം റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് 'വൈറ്റ് കോര്‍ഡ്' എന്നൊരു തിരിച്ചറിയാല്‍ രേഖയും കൈമാറിയിരുന്നു. എന്നാല്‍ അത്രയും കാലം താന്‍ തന്നെ ആയുധവും പിന്തുണയും നല്‍കി പോറ്റി വളര്‍ത്തിയ മ്യാന്മറിലെ ദേശീയവാദി സംഘങ്ങളെ ഒപ്പം നിര്‍ത്താന്‍ ജനറല്‍ തൈന്‍ സെയ്നിന് കഴിഞ്ഞില്ല. ഇവിടം തൊട്ടാണ് 'മാ ബാ ത്ത' പോലുള്ള ബുദ്ധ തീവ്രവാദ സംഘങ്ങള്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ ആയുധവുമായി തെരുവിലിറങ്ങുന്നത്. റോഹിങ്ക്യന്‍ സമൂഹത്തെ അംഗീകരിക്കുക എന്നതിനേക്കാള്‍ ഇവരെ ഭയപ്പെടുത്തി ഓടിച്ച് മേഖലയെ ഒഴിപ്പിച്ചെടുക്കലായിരുന്നു ബുദ്ധ ദേശീയവാദികള്‍ക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നിയ മാര്‍ഗം. മുസ്ലിംകളോടുള്ള പരമ്പരാഗത വംശീയ വിദ്വേഷത്തെ അവസരോചിതമായി ആരോ മുതലെടുത്തിട്ടുണ്ടാവാം, ഇപ്പോഴും മുതലെടുക്കുന്നുമുണ്ടാവാം. ചൈന കാച്ചിനിലും ഷാനിലും ചെയ്യുന്ന പണി ഇപ്പോള്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്കെതിരെ റോഹിങ്ക്യയില്‍ നടക്കുന്നതാവാം. മേഖലയെ അസ്വസ്ഥതയിലേക്ക് തള്ളിവിടുക എന്നതു തന്നെയാണല്ലോ തിബത്തിലും ഉയിഗുരിലും മുസഫറാബാദിലുമൊക്കെ ചൈനക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ചാരഭാഷയില്‍ ഡിസ്റൈബിലൈസേഷന്‍ എന്നാണ്  ഇത്തരം നീക്കങ്ങള്‍ക്ക് പൊതുവെയുള്ള പേര്. അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിന്റെ ഭാഗമായല്ല ഇപ്പോഴത്തെ റോഹിങ്ക്യന്‍ സംഘര്‍ഷം ഉടലെടുത്തതെന്ന് ആരു കണ്ടു!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌