Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

നിറം മങ്ങിയ രണ്ടു കവിതകള്‍

സൂപ്പി കുറ്റിയാടി

കവിത 

നിറംകെട്ടൊരുടല്‍

 

ചുവപ്പിനോട് ഭ്രമമായിരുന്നു

പക്ഷേ, ഇപ്പോള്‍ ഭയമാണ്.

പച്ചയെന്നും ഹരമായിരുന്നു

ഇപ്പോള്‍ അതൊരു സമുദായാത്രെ.

 

മഞ്ഞയെന്നാല്‍ കൊന്നയായിരുന്നു

എന്നാലിന്നൊരു ജാതിയാണ്.

കറുപ്പിനഴക് ഏഴായിരുന്നു

പുതിയ പരിഭാഷ വെറുപ്പെന്നാണ്.

 

കുങ്കുമത്തോട് മോഹമായിരുന്നു

ഇപ്പോഴോ കൊമ്പും തേറ്റയുമാണ്.

വെള്ളയെന്നും വെണ്മയായിരുന്നു

ശവം പുതപ്പിക്കും പുതപ്പാണിപ്പോള്‍

 

നീലയെന്നുമാകാശമായിരുന്നു

നീലച്ചിത്രത്തോടതശ്ലീലമായ് വന്നു.

എല്ലാ നിറങ്ങളുമന്യംനിന്ന

നിറമില്ലാത്തൊരുടലാണ് ഞാന്‍.

 

*********

 

ഓര്‍മ

 

ക്ലാവു പിടിച്ചൊരോര്‍മയിലെന്നും

തിരിമുറിയാത്തൊരു മഴയുണ്ട്

തിരി തെളിയാത്ത വിളക്കുണ്ട്

തീ പുകയാത്തൊരടുപ്പുണ്ട്.

 

കരിചുട്ടമ്മ, മെഴുകി മിനുക്കിയ

തറയുണ്ടൊരു ചെറുകുടിലുണ്ട്

കരിയില പോലെയുണങ്ങി ദ്രവിച്ചൊരു

മേല്‍പുരയാകെ തുളയുണ്ട്.

 

തുള്ളികളുറ്റി കഞ്ഞി നനഞ്ഞൊരു

രാപ്പകലുകളുടെ നോവുണ്ട്

കണ്ണീരമ്മിക്കല്ലിലരച്ചി-

ട്ടമ്മയൊരുക്കിയ കറിയുണ്ട്.

 

സ്വപ്‌നം തലയണ മേലൊരു -നെടു

വീര്‍പ്പാക്കി തേങ്ങിയൊരേട്ടത്തി

മിഠായിപ്പൊതിയാകാശത്തില്‍

സ്വപ്‌നം കണ്ടൊരു കുഞ്ഞനിയന്‍.

 

പാതിരനേരം ലഹരിയിലാടിയൊ-

രഛന്‍ പാടിയ പാട്ടുണ്ട്

വേച്ചുവരുന്നോരഛനെയിടറിയ

വാക്കാല്‍ പ്രാകിയ മുത്തശ്ശി.

 

കുഞ്ഞിക്കാലിലെ വെള്ളിക്കൊലുസും

തെക്കേപാടത്തമ്മിണിയും

ക്ലാവു പിടിച്ചൊരോര്‍മയിലിനിയു

മൊരായിരമായിരമടരുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌