Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 22

3018

1439 മുഹര്‍റം 01

ഇസ്‌ലാമിന്റെ സ്വാധീനം യൂറോപ്യന്‍ ചിന്തയില്‍

എ.കെ അബ്ദുല്‍ മജീദ്

ഇസ്‌ലാമിക നാഗരികതയുടെ ഈടുവെപ്പുകളാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ആധാരശില. മാനവികത, ശാസ്ത്രബോധം, തത്ത്വചിന്ത, ആധ്യാത്മികത, വൈദ്യം, സാഹിത്യം എന്നിവക്കെല്ലാം യൂറോപ്പ് മുസ്‌ലിം നാഗരികതയോട് കടപ്പെട്ടിരിക്കുന്നു. ഗ്രീക്ക്, ഭാരതീയ ശാസ്ത്ര സമ്പത്ത് യൂറോപ്യര്‍ക്ക് ലഭിച്ചത് മുസ്‌ലിംകള്‍ മുഖേനയാണ്. തങ്ങളുടേതായ രീതിയില്‍ മെച്ചപ്പെടുത്തിയതിനു ശേഷമാണ് ഇതര സംസ്‌കാരങ്ങളില്‍നിന്ന് തങ്ങള്‍ക്കു ലഭിച്ച വിജ്ഞാനം മുസ്‌ലിംകള്‍ യൂറോപ്പിനു കൈമാറിയത്. അരിസ്റ്റോട്ടില്‍, പ്ലാറ്റോ, ഹിപ്പോക്രാറ്റ്‌സ്, ഗാലന്‍, യൂക്ലിഡ്, ടോളമി, ആര്യഭടന്‍, ശുശ്രുതന്‍, ചരകന്‍ മുതലായ പൗരാണിക മനീഷികളുടെ വൈജ്ഞാനിക സംഭാവനകള്‍ക്ക് വാഹനമായത് അറബി ഭാഷയാണ്. അറബി ശാസ്ത്ര ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ മൊഴിമാറ്റങ്ങളാണ് യൂറോപ്പിന് ശാസ്ത്ര വിജ്ഞാനീയങ്ങളുടെ കവാടം തുറന്നുകൊടുത്തത്. അല്‍കിന്ദി, ഫാറാബി, ഇബ്‌നു സീന, ഗസാലി, ഇബ്‌നു റുശ്ദ്, റാസി, ജാബിര്‍, ഇബ്‌നു ഹൈസം, ഖുവാറസ്മി തുടങ്ങി മുസ്‌ലിം ലോകത്തെ ദാര്‍ശനിക, ശാസ്ത്ര പ്രതിഭകളുടെയെല്ലാം ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അതുവരെ ഇരുട്ട് പുതച്ചു കിടക്കുകയായിരുന്ന യൂറോപ്പില്‍ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പരന്നത് ഈ ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളെ തുടര്‍ന്നത്രെ. മുസ്‌ലിംകളുമായുള്ള സമ്പര്‍ക്കം സ്‌പെയ്‌നിലെയും സിസിലിയിലെയും യൂറോപ്യന്മാരെ മാനവികത എന്തെന്നു പഠിപ്പിച്ചു. സിറിയയിലും ഏഷ്യാ മൈനറിലും എത്തിപ്പെട്ട കുരിശു പടയാളികള്‍ തങ്ങള്‍ക്കപരിചിതമായിരുന്ന മാനുഷിക മൂല്യങ്ങള്‍ സ്വായത്തമാക്കിയാണ് യൂറോപ്പിലേക്ക് മടങ്ങിപ്പോയത്.

ഇസ്‌ലാമിനെ മതപരിത്യാഗവും മുഹമ്മദ് നബിയെ അന്തിക്രിസ്തുവുമായി കണ്ട് അഭിശംസിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതരും അവരുടെ പ്രേരണയില്‍ മുസ്‌ലിംകളോട് പടപൊരുതാന്‍ ഇറങ്ങിത്തിരിച്ച കുരിശു പോരാളികളും തങ്ങളുടെ ഹിതത്തിനെതിരായോ അല്ലാതെയോ ഇസ്‌ലാമിനാല്‍ സ്വാധീനിക്കപ്പെടുകയായിരുന്നു. ബോധപൂര്‍വം വികലമാക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകളും പ്രവാചക ജീവചരിത്രവുമാണ് ആദ്യകാലങ്ങളില്‍ യൂറോപ്യന്‍ ഭാഷകളില്‍ ഉണ്ടായത്. കാലക്രമേണ ഇതില്‍ മാറ്റങ്ങളുണ്ടാവുകയും ഖുര്‍ആനെയും പ്രവാചകനെയും മുസ്‌ലിം ധൈഷണിക, സാംസ്‌കാരിക ജീവിതത്തെയും അനുഭാവപൂര്‍ണമായി പഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. പ്രശസ്ത ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ് (1724-1804) ഇസ്‌ലാമിനെ വിലയിരുത്തിയത് ജനങ്ങളെ വിഗ്രഹാരാധനയില്‍നിന്ന് മഹത്തായ ഏക ദൈവവിഭാവനയിലേക്ക് വഴി നടത്തിയ വിമോചന ശക്തിയായാണ്. ജര്‍മന്‍ കവി ഗോയ്‌ഥെ (1749-1832) പ്രവാചകനെ പ്രകീര്‍ത്തിച്ച് കവിതയെഴുതുകയും ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ക്ക് ഭാഷ്യം രചിക്കുകയും ചെയ്തു. ജര്‍മന്‍ ഭാഷയില്‍ അക്കാലത്ത് ഖുര്‍ആന്‍ പരിഭാഷകളും പ്രവാചക ജീവചരിത്രങ്ങളും സുലഭമായിരുന്നു.

പ്രഥമ ശാസ്ത്ര ദാര്‍ശനികന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ചിന്തകന്‍ അഗസ്‌തെ കോംതെ (1789-1857) 'സാമൂഹിക വികാസത്തിന്റെ മൂന്നു ഘട്ടങ്ങളെ സംബന്ധിക്കുന്ന നിയമം' എന്ന തന്റെ പുസ്തകത്തില്‍ ഇസ്‌ലാമിനെ ദൈവശാസ്ത്ര ഘട്ടത്തിന്റെ  ഏറ്റവും പുരോഗമനോന്മുഖമായ ഘട്ടമായി വിവരിക്കുന്നു. ഓസ് വാള്‍ഡ് സ്‌പെംഗഌ (1880-1936) ഇസ്‌ലാമിനെ യൂറോപ്പിലെ മത നവീകരണ പ്രസ്ഥാനങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. ഇസ്‌ലാമിനെ അദ്ദേഹം ജ്ഞാനോദയത്തിന്റെയും ബൗദ്ധികതയുടെയും മതമായി കാണുന്നു. നീത്‌ഷെ ഇസ്‌ലാമിനെ പ്രശംസിക്കുന്നുണ്ട്. തോമസ് കാര്‍ലൈല്‍ മുഹമ്മദ് നബിയെ പ്രവാചക നായകനായി വിലയിരുത്തി. പ്രവാചകനെതിരെ മധ്യകാല ക്രൈസ്തവ പുരോഹിതന്മാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ അദ്ദേഹം നിരാകരിച്ചു.

അസംഖ്യം യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള പഠന ഗവേഷണങ്ങളെല്ലാം ലാറ്റിന്‍, ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ മിക്കവാറും എല്ലാ അറബി-പേര്‍ഷ്യന്‍ ഇസ്‌ലാമിക ആധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കും ഇംഗ്ലീഷ് മൊഴിമാറ്റങ്ങളുണ്ടായി.

 

സ്വാധീനം ദൈവശാസ്ത്രത്തില്‍

പാശ്ചാത്യ ലോകത്തെ ക്രൈസ്തവ ദൈവശാസ്ത്രകാരന്മാരെ ഏറ്റവുമധികം സ്വാധീനിച്ച മുസ്‌ലിം പണ്ഡിതന്‍ ഇമാം ഗസാലിയാണ്. തത്ത്വചിന്തക്കെതിരായ ഇമാം ഗസാലിയുടെ മതപക്ഷ വിമര്‍ശനങ്ങള്‍ ദൈവശാസ്ത്രത്തിനു ബലം നല്‍കുന്നതായിരുന്നു. ക്രിസ്ത്യന്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ ദൈവശാസ്ത്ര നിലപാടുകളെ സാധൂകരിക്കുന്നതിനും സ്ഥാപിക്കുന്നതിനും ഗസാലിയുടെ വിശകലനങ്ങളെ വലിയ തോതില്‍ ആശ്രയിച്ചു. ഗസാലിയുടെ 'തഹാഫതുല്‍ ഫലാസിഫ' ക്രി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ ലാറ്റിനിലേക്ക് തര്‍ജമ ചെയ്തിരുന്നു. ഗസാലിയുടെ 'മഖാസ്വിദുല്‍ ഫലാസിഫ'യും 'നഫ്‌സുല്‍ ഇന്‍സാനി'യും ലാറ്റിന്‍ പരിഭാഷകള്‍ വഴി യൂറോപ്യന്‍ പണ്ഡിതന്മാരുടെ പഠനത്തിനു വിധേയമായി. ഡൊമിനിക്കന്‍ സന്യാസി റെയ്മണ്ട് മാര്‍ട്ടീനിയാണ് ഗസാലിയെ ഉപജീവിച്ച പ്രഥമ യൂറോപ്യന്‍ ക്രൈസ്തവ മതപണ്ഡിതന്‍. സിറിയന്‍ ജാകോബൈറ്റ് ചര്‍ച്ചിലെ പാതിരിയായിരുന്ന ബാര്‍ ഹെബ്രായൂസ് പതിമൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ചരിത്രകാരനും തത്ത്വചിന്തകനുമായിരുന്നു. ഗസാലിയുടെ 'ഇഹ്‌യാ ഉലൂമിദ്ദീനി'ല്‍ നിന്നുള്ള ധാരാളം ഭാഗങ്ങള്‍ അദ്ദേഹം തന്റെ ദൈവശാസ്ത്ര കൃതികളില്‍ ചേര്‍ക്കുകയുണ്ടായി. മത വിശ്വാസത്തെ യുക്തിഭദ്രമായി സ്ഥാപിക്കുന്നതിന് ഗസാലിയുടെ ചിന്തകള്‍ പ്രയോജനപ്പെടുമെന്ന് കണ്ടതിനാലാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്രകാരന്മാര്‍ അദ്ദേഹത്തെ നിരന്തരം ആശ്രയിച്ചത്. 

ഗസാലിയെ നേരിട്ടും റെയ്മണ്ട് മാര്‍ട്ടീനി മുഖേനയും ആശ്രയിച്ച പുകള്‍പെറ്റ ക്രൈസ്തവ ദൈവശാസ്ത്രകാരനാണ് സെന്റ് തോമസ് അക്വിനാസ്.

ഡൊമിനിക്കന്‍ സന്യാസിയായിരുന്ന ഇദ്ദേഹം നേപ്പള്‍സിലെ സര്‍വകലാശാലയില്‍വെച്ചാണ് ഗസാലി ചിന്തകളുമായി പരിചയം സ്ഥാപിച്ചത്. തന്റെ കോണ്‍ട്രാ ജെന്റെയ്ല്‍സ്, സമ്മതിയോളജിയ എന്നീ ഗ്രന്ഥങ്ങള്‍ ഗസാലിയുടെ ആശയങ്ങളോട് കടപ്പെട്ടിരിക്കുന്നു. ദൈവം എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി അറിയുന്നു, ശൂന്യതയില്‍നിന്നാണ് ദൈവം എല്ലാം സൃഷ്ടിച്ചത്, മരണാനന്തരം ദൈവം സര്‍വ ജീവജാലങ്ങളെയും പുനരെഴുന്നേല്‍പിക്കും തുടങ്ങിയ മതദര്‍ശനങ്ങള്‍ സമര്‍ഥിക്കുന്നതിന് അക്വിനാസ് അവലംബമാക്കിയത് ഗസാലിയുടെ സമര്‍ഥനങ്ങളെയാണ്. ദൈവാസ്തിക്യം തെളിയിക്കുന്നതിന് അക്വിനാസ് ഉന്നയിച്ച ന്യായങ്ങളും ഗസാലിയില്‍നിന്ന് കടം കൊണ്ടവയായിരുന്നു. 'ദ ലെഗസി ഓഫ് ഇസ്‌ലാം' എന്ന പുസ്തകത്തില്‍ എ. ഗിലോം ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഗസാലിയുടെ മാധ്യസ്ഥത്തില്‍ അശ്അരീ ദൈവശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട മധ്യകാലത്തെ മറ്റു മൂന്ന് പ്രമുഖ ക്രിസ്ത്യന്‍ ദൈവശാസ്ത്രകാരന്മാരാണ് എയ്‌ലിയിലെ പീറ്റര്‍, ഓട്രെകോര്‍ട്ടിലെ നിക്കോളസ്, ഒക്കാമിലെ ഗിലോം എന്നിവര്‍. ക്രിസ്ത്യന്‍, മുസ്‌ലിം തത്ത്വചിന്തകര്‍ തമ്മിലുള്ള ബന്ധം ദൃഢമാവുന്നത് ഗുണ്ടിസാല്‍വസ് (Gundisalvus) നടത്തിയ ഗസാലി മൊഴിമാറ്റങ്ങളോടെയാണ്. സി. ബാംകര്‍ (C. Baumkaer)  ആണ് ഈ പരിഭാഷകളിലേക്ക് ആദ്യമായി പൊതുജന ശ്രദ്ധ ആകര്‍ഷിച്ചത്. ഗസാലി കൃതികളുടെ ഗുണ്ടിസാല്‍വസിന്റെ പരിഭാഷകള്‍ ഇബ്‌നു സീനയിലേക്ക് ക്രൈസ്തവ പണ്ഡിത ലോകത്തെ എത്തിച്ചു. ഗസാലി ഇബ്‌നു സീനയെ ശക്തമായി വിമര്‍ശിച്ചിരുന്നു. അതോടൊപ്പം ഇബ്‌നു സീനയുടെ പല ആശയങ്ങളും ഗസാലി സ്വീകരിക്കുകയും ചെയ്തിരുന്നു. ആത്മാവിനെ സസ്യാത്മാവ് (അന്നഫ്‌സുന്നബാതിയ്യ), മൃഗാത്മാവ് (അന്നഫ്‌സുല്‍ ഹയവാനിയ്യ), മനുഷ്യാത്മാവ് (അന്നഫ്‌സുല്‍ ഇന്‍സാനിയ്യ) എന്നിങ്ങനെ വിഭജിച്ചത് ഇബ്‌നു സീനയാണ്. ഗസാലി ഇതംഗീകരിച്ചു. ഗുണ്ടിസാല്‍വസ് ചെറിയ മാറ്റങ്ങളോടെ വെജിറ്റബ് ലിസ്, സെന്‍സിബിലിസ്, റേഷനാലിസ് എന്നിങ്ങനെ ആത്മാക്കളെ വിഭജിച്ചു. 

ഫ്രഞ്ച് ഗണിതജ്ഞനും കത്തോലിക്കാ ദൈവശാസ്ത്രകാരനുമായിരുന്ന പാസ്‌ക്കലി(1623-1662)ന്റെ ദൈവശാസ്ത്രപരമായ ആശയങ്ങളില്‍ ഗസാലിയുടെ സ്വാധീനം ശക്തമായുണ്ടെന്ന് പാലാസിയോസ് (Palacios) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാരത്രിക ജീവിതത്തിന്റെ സാധ്യത സ്ഥാപിക്കുന്നതിനാണ് പാസ്‌ക്കല്‍ പ്രധാനമായും ഗസാലിയെ ആശ്രയിച്ചത്. ഗസാലി തന്റെ പ്രസിദ്ധമായ 'അല്‍മുന്‍ഖിദു മിനളലാലില്‍' മനുഷ്യരുടെ ഐഹിക ജീവിതത്തെ സ്വപ്‌നത്തോടുപമിക്കുന്ന ഭാഗം പ്രസിദ്ധമാണ്. ജീവിതം സ്വപ്‌നമാണെങ്കില്‍ അതില്‍നിന്നുള്ള ഉണരലാണ് മരണം എന്നാണ് ഗസാലിയുടെ പക്ഷം. പാസ്‌ക്കല്‍ തന്റെ ദൈവശാസ്ത്ര പ്രബന്ധങ്ങളില്‍ ഇതേ ആശയം ഉള്‍പ്പെടുത്തിയതായി കാണാം. അതേപോലെ ആത്മജ്ഞാനത്തെക്കുറിച്ചുള്ള ഗസാലിയുടെ സിദ്ധാന്തങ്ങളും പാസ്‌ക്കല്‍ സ്വാംശീകരിച്ചു. 'ഹൃദയനേത്രം' എന്ന ഗസാലിയുടെ തത്ത്വമാണ് പാസ്‌ക്കല്‍ 'ഹൃദയയുക്തി' എന്ന് പരിഷ്‌കരിച്ചത്. 'ദൈവാനുഭവം ബുദ്ധിയിലല്ല ഹൃദയത്തിലാണുണ്ടാവുക' എന്ന ഗസാലിയുടെ പ്രസ്താവം പാസ്‌ക്കല്‍ അതേപടി പകര്‍ത്തുന്നു. ഗസാലിയുടെ 'ഫൈസലുത്തഫ്‌രീഖ', 'മീസാനുല്‍ അമല്‍', 'ഇഹ്‌യ', 'അര്‍ബഈന്‍' എന്നീ കൃതികള്‍ പാസ്‌ക്കലിനെ സ്വാധീനിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിസ്സാരമായ മാറ്റങ്ങളോടെയാണ് ഈ കൃതികളില്‍നിന്നുള്ള ഭാഗങ്ങള്‍ പാസ്‌ക്കലും സില്‍ഹോനും തങ്ങളുടെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പാലാസിയോസ് വ്യക്തമാക്കുന്നു. പരലോക വിശ്വാസത്തിന്റെ ലാഭ, നഷ്ട സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ലാഭമാണ് നഷ്ടത്തേക്കാള്‍ മെച്ചം എന്ന് വേട്ട, വ്യാപാരം, സമുദ്ര യാത്ര തുടങ്ങിയവയെ ഉദാഹരിച്ച് ഗസാലി സമര്‍ഥിക്കുന്നുണ്ട്. പാസ്‌ക്കല്‍ ഉള്‍പ്പെടെയുള്ള മധ്യകാല ക്രൈസ്തവ ദൈവശാസ്ത്രകാരന്മാരും ഗസാലിയുടെ ഈ ആശയം ആവര്‍ത്തിക്കുന്നു.

ക്രിസ്ത്യന്‍ മിസ്റ്റിസിസത്തില്‍ അസീസിലെ സെന്റ് ഫ്രാന്‍സിസ് പ്രതിനിധാനം ചെയ്യുന്ന ധാരയിലും ഗസാലിയുടെ സ്പഷ്ടമായ സ്വാധീനമുള്ളതായി കാണാം. ഏതു മതവിശ്വാസം പിന്തുടര്‍ന്നവര്‍ക്കും മതത്തിന്റെ ആന്തരികസത്ത കണ്ടെത്താന്‍ സഹായിക്കുന്ന വിശകലന രീതിയാണ് ഗസാലി സ്വീകരിച്ചത് എന്നതാണീ സ്വാധീനത്തിന്റെ കാരണമായി ഇദ്‌രീസ് ഷാ നിരീക്ഷിക്കുന്നത്. ഗസാലിയുടെ രചനകള്‍ ക്രിസ്ത്യാനികള്‍ക്കും സ്വീകാര്യമാണെന്ന് ക്രിസ്ത്യന്‍ ദൈവശാസ്ത്രകാരനായ ഡോ. അഗസ്റ്റ് തൊലുക് (Dr. August Tholuck) പ്രസ്താവിച്ചത് ഇതിനു തെളിവാണ്. പല ക്രൈസ്തവ പണ്ഡിതന്മാരും ഗസാലി ഒരു ക്രൈസ്തവ ദാര്‍ശനികനാണെന്നായിരുന്നു ധരിച്ചത്.

 

സ്വാധീനം തത്ത്വചിന്തയില്‍

ക്രി. പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് മുസ്‌ലിം തത്ത്വചിന്തയില്‍ യൂറോപ്പിനു താല്‍പര്യം ജനിച്ചത്. ഇസ്‌ലാമിക ലോകവുമായി സമ്പര്‍ക്കം സ്ഥാപിക്കേണ്ട ചരിത്ര സാഹചര്യങ്ങളാണ് മുസ്‌ലിം തത്ത്വചിന്തയിലേക്ക് യൂറോപ്പിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. ടോളിഡോയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും തൊട്ടടുത്താണ് താമസിച്ചിരുന്നത്. ആര്‍ച്ച് ബിഷപ്പ് റെയ്മണ്ട് ഒന്നാമന്‍ അറബി കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനു ടോൡഡോയില്‍ ഒരു കേന്ദ്രം സ്ഥാപിച്ചു. ഫ്രാന്‍സിലെ നോര്‍മണ്ടിയിലെ ക്രൈസ്തവ സന്യാസിമാരും മുസ്‌ലിം വൈജ്ഞാനിക സമ്പത്തില്‍ ആകൃഷ്ടരായി. ഫ്രാന്‍സിലെ രാജാവ് റോബര്‍ട്ട് മുസ്‌ലിം ശാസ്ത്ര പൈതൃകത്തോട് സൗഹൃദപൂര്‍ണമായ അനുഭാവം പ്രകടിപ്പിച്ചു. ഇറ്റലി, സിസിലി, കലാബ്രിയ, നേപ്പള്‍സ് എന്നിവിടങ്ങളിലെ സെമിനാരികള്‍ മുസ്‌ലിംകളില്‍നിന്ന് ധാരാളം സംഗതികള്‍ കടം കൊണ്ടിരുന്നു. സിസിലിയിലെയും നേപ്പള്‍സിലെയും സെമിനാരികളാണ് മുസ്‌ലിംലോകത്തിനും പടിഞ്ഞാറിനുമിടയിലെ വൈജ്ഞാനിക വിനിമയ കേന്ദ്രമായി വര്‍ത്തിച്ചത്.

ആദ്യഘട്ടത്തില്‍ ഒരു സംഘം പാശ്ചാത്യ പണ്ഡിതന്മാര്‍ മുസ്‌ലിം ലോകത്തു ചെന്ന് വ്യക്തിഗതമായ പഠനങ്ങളില്‍ ഏര്‍പ്പെട്ടു. ഈ ആദ്യ സംഘത്തിലെ പ്രധാനികളാണ് കോണ്‍സ്റ്റന്റൈന്‍, അഡ്ല്‍ ഹാര്‍ഡ് എന്നിവര്‍. കാര്‍തേജ് സ്വദേശിയായ കോണ്‍സ്റ്റന്റൈന്‍ പൗരസ്ത്യ ദേശത്ത് വ്യാപകമായ യാത്ര ചെയ്ത് അറബി ഭാഷയില്‍ വ്യുല്‍പത്തി സമ്പാദിച്ചു. അറബി ശാസ്ത്ര ഗ്രന്ഥങ്ങള്‍ ആദ്യമായി ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമാണ്. പിന്നീട് ഇറ്റലി, സ്‌പെയ്ന്‍, ദക്ഷിണ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള ധാരാളം വിദ്യാര്‍ഥികള്‍ മുസ്‌ലിം നാടുകളിലെ വിദ്യാലയങ്ങളില്‍ വന്നുചേര്‍ന്ന് വൈദ്യം, ഗണിതം, ഗോളശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടി. പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ പിന്നീട് ഈ വിഷയങ്ങള്‍ പഠിപ്പിച്ചത് ഇവരാണ്.

പാശ്ചാത്യ ലോകത്തെ സെമിനാരികളും സര്‍വകലാശാലകളും മാതൃകയാക്കിയത് സ്‌പെയ്‌നിലെയും ബഗ്ദാദിലെയും സിറിയയിലെയും ഈജിപ്തിലെയും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. കെട്ടിടങ്ങളുടെ രൂപകല്‍പന മുതല്‍ പാഠ്യപദ്ധതി വരെ സകല കാര്യങ്ങളിലുമുണ്ടായിരുന്നു മുസ്‌ലിം സ്വാധീനം. മുസ്‌ലിം ശാസ്ത്രജ്ഞരുടെയും തത്ത്വചിന്തകരുടെയും ഗ്രന്ഥങ്ങള്‍ സാലര്‍നോ സെമിനാരിയിലെ പാഠപുസ്തകങ്ങളായിരുന്നു. സിസിലിയിലെ ഫ്രെഡറിക് ചക്രവര്‍ത്തി നേപ്പള്‍സില്‍ സ്ഥാപിച്ച സെമിനാരിയിലും അറബി ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. ഫ്രെഡറിക് ചക്രവര്‍ത്തി തത്ത്വചിന്തകനായ ഇബ്‌നു സബ്ഈനുമായി തത്ത്വചിന്താപരമായ വിഷയങ്ങളില്‍ കത്ത് മുഖേനെ ആശയവിനിമയം നടത്തിയിരുന്നു. പാദുവ, ടൊലൂസെ, ലിയോണ്‍ എന്നിവിടങ്ങളിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ ഫ്രാന്‍സിലെ ബൊലൊഗോണയിലും മോണ്ട് പെലിയറിലും സമാന മാതൃകയിലുള്ള സെമിനാരികള്‍ ഉണ്ടായി. പിന്നീട് ഇംഗ്ലണ്ടിലും ജര്‍മനിയിലും ഉണ്ടായി. ഓക്‌സഫഡ് വിദ്യാലയം അറബി ഗ്രന്ഥങ്ങളുടെ വിവര്‍ത്തനത്തിന് പ്രത്യേക പരിഗണന നല്‍കി. ഇബ്‌നു സീന, ഇബ്‌നു റുശ്ദ്, അല്‍ ബിത്‌റൂജി തുടങ്ങിയവരുടെ ബൃഹദ് ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്. ഓക്‌സഫഡ് സംഘത്തിലെ പ്രശസ്ത അംഗമായിരുന്നു റോജര്‍ ബേക്കണ്‍ (1214-1292). ഇബ്‌നു സീനയാല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട പാശ്ചാത്യ പണ്ഡിതനാണിദ്ദേഹം. എംപിരിസിസത്തി(അനുഭവജ്ഞാനവാദം)ന്റെ സ്ഥാപകരിലൊരാളായാണ് റോജര്‍ ബേക്കണ്‍ അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ അനുഭവജ്ഞാനവാദികളെ സ്വാധീനിച്ചത് ഇബ്‌നുസീന, ഇബ്‌നു റുശ്ദ്, റാസി, ഇബ്‌നു ഹൈഥം എന്നിവരുടെ ആശയങ്ങളായിരുന്നു.

പോളണ്ടില്‍നിന്ന് ഇറ്റലിയില്‍ പോയി മുസ്‌ലിം തത്ത്വചിന്തയില്‍ അവഗാഹം നേടിയ പണ്ഡിതനാണ് വിറ്റലൂ. മുസ്‌ലിം ശാസ്ത്രകാരന്മാരെക്കുറിച്ച് ഇദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഇബ്‌നു ഹൈഥമിന്റെ 'കിതാബുല്‍ മനാളിര്‍' ഇദ്ദേഹം പരിഭാഷപ്പെടുത്തുകയും ചെയ്തു.

1215-ലാണ് പാരീസ് സര്‍വകലാശാല നിലവില്‍വന്നത്. അന്നു മുതലേ അവിടെ അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങളും അവയുടെ അറബി വ്യാഖ്യാനങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അറബി ഗ്രന്ഥങ്ങളും മുസ്‌ലിം തത്ത്വചിന്തയും പഠിക്കുന്നതിനെതിരെ യാഥാസ്ഥിതിക ക്രൈസ്തവര്‍ പല ഘട്ടങ്ങളിലും രംഗത്തു വരികയുണ്ടായി. 1231-ല്‍ മാര്‍പ്പാപ്പ ഗ്രിഗറി ഒമ്പതാമന്‍ അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ പഠിപ്പിക്കുന്നതിനെതിരെയുള്ള വിലക്ക് പുതുക്കുകയും പല സര്‍വകലാശാലകള്‍ക്കുമെതിരെ നടപടി ശക്തമാക്കുകയും ചെയ്തു. ബേക്കണ്‍, ഡുന്‍സ് സ്‌കോട്ടസ്, നിക്കൊളസ് എന്നീ പണ്ഡിതന്മാരെ കുറ്റവാളികളായി പ്രഖ്യാപിച്ചു. ഇബ്‌നു റുശ്ദിന്റെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാക്കി. ഗ്രന്ഥങ്ങള്‍ നിരോധിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ സ്ഥിതി തുടര്‍ന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും സ്ഥിതിഗതികളില്‍ മാറ്റം വന്നു. അറബി ഗ്രന്ഥങ്ങളുടെ പരിഭാഷകള്‍ വ്യാപകമായി പ്രചാരം നേടി. സ്വതന്ത്ര ചിന്തകര്‍ അവയില്‍ ആകൃഷ്ടരാവുകയും അവക്ക് വന്‍ പ്രചാരം നല്‍കുകയും ചെയ്തു.

അബൂബക്കര്‍ അല്‍റാസിയുടെ കിതാബുല്‍ ഇലല്‍, സിര്‍റുല്‍ അസ്‌റാര്‍, കിതാബുല്‍ ഹാവി എന്നിവയുടെ ലാറ്റിന്‍ പരിഭാഷകള്‍ പാശ്ചാത്യ ചിന്തയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. നേപ്പള്‍സിലെ രാജാവിന്റെ കല്‍പന പ്രകാരം, സലര്‍നോയിലെ സെമിനാരിയില്‍ വിദ്യ അഭ്യസിച്ച ഒരു യഹൂദ പണ്ഡിതനാണ് പ്രസ്തുത ഗ്രന്ഥങ്ങളുടെ പരിഭാഷ തയാറാക്കിയത്. മറ്റു മുസ്‌ലിം തത്ത്വചിന്താ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഇത് കാരണമായിത്തീര്‍ന്നു. രസതന്ത്രജ്ഞനായ ജാബിറിന്റെ കൃതികള്‍ അവയില്‍ പെടുന്നു. അറബ് ലോകത്തുള്ളതിനേക്കാള്‍ പ്രശസ്തി ജാബിറിന് ലഭിച്ചത് പാശ്ചാത്യ ലോകത്താണ്. അല്‍കിന്ദിയുടെയും ഫാറാബിയുടെയും ഗ്രന്ഥങ്ങള്‍ക്കും ധാരാളം മൊഴിമാറ്റങ്ങളുണ്ടായി. സെവില്ലയിലെ ജോണ്‍, ഗുണ്ടിസാല്‍വസ് എന്നിവരായിരുന്നു വിവര്‍ത്തകരില്‍ പ്രധാനികള്‍. ഈ വിവര്‍ത്തനങ്ങള്‍ മെയ്‌മോനിഡ്‌സ് സ്പിനോസ, ലീബ്‌നിസ്, കാന്റ് തുടങ്ങിയവരുടെ ചിന്തകളെ സ്വാധീനിച്ചു.

പാശ്ചാത്യ ചിന്തയില്‍ ഇബ്‌നു സീന ചെലുത്തിയ സ്വാധീനം പ്രധാനമാണ്. സോളമന്‍ ബി. ഗബ്രിയേല്‍ എന്ന യഹൂദ പണ്ഡിതനാണ് ഇബ്‌നു സീനയുടെ 'കിതാബുശ്ശിഫ'  പതിനൊന്നാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്തത്. ലാറ്റിന്‍ ചിന്തകര്‍ ഇബ്‌നു സീനയുടെ ആശയങ്ങളെ പല രീതികളില്‍ പുനരാവിഷ്‌കരിച്ചു. പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളില്‍ ഇബ്‌നു സീനയെക്കുറിച്ചുള്ള പഠനങ്ങള്‍ സജീവമായി തുടര്‍ന്നു. ഇബ്‌നു സീനയുടെ പ്രശസ്ത വൈദ്യശാസ്ത്ര ഗ്രന്ഥമായ 'കിതാബുല്‍ ഖാനൂനു ഫിത്ത്വിബ്ബ്' വ്യാപകമായി പഠിപ്പിക്കപ്പെട്ടു. സെന്റ് അഗസ്റ്റിനും അദ്ദേഹത്തിന്റെ അനുയായികളും തങ്ങളുടെ ചിന്തകള്‍ക്ക് ആധാരമാക്കിയിരുന്നത് ഫാറാബിയുടെയും ഇബ്‌നു സീനയുടെയും ഗ്രന്ഥങ്ങളായിരുന്നു. 'അഗസ്റ്റീനിയന്‍ അവിസെന്നിസം' എന്ന പേരില്‍ ഒരു പ്രസ്ഥാനം തന്നെ രൂപപ്പെടുന്നേടത്തോളം ശക്തമായിരുന്നു ഇബ്‌നു സീനയുടെ സ്വാധീനം. ഓവര്‍ഗ് നെയിലെ വില്യം എന്ന ലാറ്റിന്‍ ചിന്തകന്‍ തന്റെ കൃതികളില്‍ നാല്‍പതു തവണ ഇബ്‌നു സീനയുടെ പേര് എടുത്തു പറയുന്നുണ്ട്. വ്യത്യസ്ത വിഷയങ്ങളിലുള്ള ഇബ്‌നു സീനയുടെ നിര്‍വചനങ്ങളും വര്‍ഗീകരണങ്ങളും വിശദീകരണങ്ങളും വില്യം സ്വീകരിക്കുകയുണ്ടായി. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള വില്യമിന്റെ ആശയം ഇബ്‌നു സീനയില്‍നിന്ന് കടമെടുത്തതായിരുന്നു. എന്നാല്‍ പ്രപഞ്ചത്തിന്റെ അനാദിത്വം, സൃഷ്ടിയുടെ അനിവാര്യത തുടങ്ങിയ ഇബ്‌നു സീനയുടെ ആശയങ്ങളെ വില്യം എതിര്‍ത്തു. മതവിരുദ്ധമായ ആശയങ്ങളുടെ പേരില്‍ ഇബ്‌നു സീനയുടെ കൃതികള്‍ക്ക് ചര്‍ച്ച് വിലക്കേര്‍പ്പെടുത്തുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. മുഴുവന്‍ വിഷയങ്ങളിലും ഇബ്‌നുസീനയെ പിന്തുടര്‍ന്ന അവിസെന്നിസ്റ്റുകളും പാശ്ചാത്യ ചിന്തകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. റോജര്‍ ബേക്കണ്‍ ആണ് അവരിലെ പ്രധാനി.

ഇബ്‌നു റുശ്ദിന്റെ അരിസ്റ്റോട്ടില്‍ വ്യാഖ്യാനങ്ങള്‍ വിശദമായി പഠിച്ചാണ് സെന്റ് തോമസ് തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തിയത്. പതിമൂന്നാം നൂറ്റാണ്ടോടെ ഇബ്‌നു റുശ്ദിന്റെ മിക്കവാറും എല്ലാ കൃതികളും ലാറ്റിന്‍, ഹീബ്രു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ അരിസ്റ്റോട്ടില്‍ വ്യാഖ്യാതാവായാണ് ഇബ്‌നു റുശ്ദിനെ പാശ്ചാത്യര്‍ മനസ്സിലാക്കിയത്. അരിസ്റ്റോട്ടില്‍ വ്യാഖ്യാനങ്ങള്‍ക്കു പുറമെ സ്വന്തമായ തത്ത്വങ്ങളും ഇബ്‌നു റുശ്ദ് ആവിഷ്‌കരിച്ചിരുന്നു. അവറോയിസം (Averroism) എന്ന പേരിലാണ് പാശ്ചാത്യര്‍ക്കിടയില്‍ ഇത് പ്രചരിച്ചത്. മധ്യകാല യൂറോപ്പിനെ ഇബ്‌നു റുശ്ദിനോളം സ്വാധീനിച്ച മറ്റൊരു മുസ്‌ലിം ചിന്തകനില്ല. 'കാട്ടുതീ പോലെ' പടര്‍ന്നു പിടിച്ച ഇബ്‌നു റുശ്ദിന്റെ ആശയങ്ങളാണ് യൂറോപ്യന്‍ നവോത്ഥാനത്തിന് പ്രചോദനം നല്‍കിയതെന്ന് തത്ത്വചിന്താ ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. യാഥാസ്ഥിതിക ചര്‍ച്ചിന്റെയും ഭരണകൂടത്തിന്റെയും കൂച്ചുവിലങ്ങുകളെ ഭേദിക്കുന്നതിനുള്ള ഊര്‍ജം പ്രദാനം ചെയ്തു എന്നതാണ് ഇബ്‌നു റുശ്ദിന്റെ പ്രസക്തി.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലുടനീളം ഇബ്‌നു റുശ്ദിന്റെ കൃതികള്‍ പ്രചുര പ്രചാരം നേടി. ജൂതന്മാരായ പണ്ഡിതന്മാരാണ് ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത്. യാഥാസ്ഥിതികരായ ക്രിസ്ത്യാനികള്‍ ഇതൊരു ഭീഷണിയായി കാണുകയും അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയും അതിനു ഇബ്‌നു റുശ്ദ് നല്‍കിയ വ്യാഖ്യാനങ്ങളും മതവിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തു. 1210-ല്‍ കൗണ്‍സില്‍ ഓഫ് പാരീസ് ഇബ്‌നു റുശ്ദിന്റെ ഗ്രന്ഥങ്ങള്‍ നിരോധിച്ചു. മറ്റു ക്രിസ്തീയ സഭകളും ഈ നിരോധനത്തെ അംഗീകരിച്ചു. ബിഷപ്പുമാരും മാര്‍പ്പാപ്പമാരും നിരോധനം ശക്തിപ്പെടുത്തി. എന്നാല്‍ നിരോധനങ്ങള്‍ അതിജീവിച്ച് ഇബ്‌നു റുശ്ദിന്റെ ചിന്തകള്‍ മുന്നേറുകയാണുണ്ടായത്. 1215-ല്‍ റോമിന്റെ ചക്രവര്‍ത്തി പദം ഏറ്റ ഫ്രെഡറിക് രണ്ടാമന്‍ മുസ്‌ലിം തത്ത്വചിന്തയുടെ ആരാധകനായിരുന്നു. 1224-ല്‍ അദ്ദേഹം നേപ്പള്‍സില്‍ സ്ഥാപിച്ച സര്‍വകലാശാല മുസ്‌ലിം തത്ത്വചിന്ത പ്രധാന പാഠ്യവിഷയമായി അംഗീകരിച്ചു. പാരീസിലെ സര്‍വകലാശാലകളും അതേ വഴി പിന്തുടര്‍ന്നു. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (224 - 226)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മങ്ങള്‍ എന്തിനു വേണ്ടി?
ഷാഹിന്‍ സി.എസ്‌