Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

മലയാളികളുടെ കാഴ്ചാവസന്തത്തിന് വിളംബരം കുറിച്ചു

കാല്‍നൂറ്റാണ്ടുകാലത്തെ അച്ചടി മാധ്യമരംഗത്തെ അനുഭവ പാഠങ്ങളില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് മലയാളികളുടെ കാഴ്ചാവസന്തത്തിന്റെ അരങ്ങുണര്‍ന്നു. ജനങ്ങള്‍ കാണേണ്ട കാഴ്ചകളെ കലര്‍പ്പില്ലാതെ എത്തിക്കുക എന്ന ദൌത്യത്തിന്റെ വിളംബരമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വെള്ളിപ്പറമ്പ് നടന്ന മീഡിയ വണ്‍ ടിവിയുടെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങ്. മലയാളി കണ്ടുമടുത്ത കാഴ്ചകളുടെ സ്ഥിരം ചട്ടക്കൂടുകള്‍ക്കപ്പുറത്ത് വാര്‍ത്തകളുടെയും വിനോദവിജ്ഞാനങ്ങളുടെയും ഇടമൊരുക്കുമെന്ന് ചടങ്ങ് പ്രഖ്യാപിച്ചു.
മാധ്യമം ബ്രോഡ്കാസ്റിംഗ് ലിമിറ്റഡിന് കീഴില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മീഡിയ വണ്‍ ടിവിയുടെ ആസ്ഥാനമന്ദിര-സ്റുഡിയോ കോംപ്ളക്സിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്ത മുഖ്യമന്ത്രി സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്കുള്ള സ്ഥാനം വലുതാണെന്ന് അഭിപ്രായപ്പെട്ടു. ആ രംഗത്ത് മീഡിയവണ്‍ ഒരു മുതല്‍കൂട്ടാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നിരവധി ദൃശ്യമാധ്യമങ്ങളുള്ള കാലത്ത് അതില്‍നിന്ന് വ്യത്യസ്തമാകുമെന്ന മീഡിയ വണ്ണിന്റെ പ്രഖ്യാപനം സത്യമാകും. കാരണം, മാധ്യമം കഴിഞ്ഞകാലങ്ങളില്‍ പുലര്‍ത്തിയ സമീപനം അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ മാധ്യമം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെയാണ് മീഡിയവണ്‍ ടി.വിയും പ്രവര്‍ത്തിക്കുകയെന്ന് അധ്യക്ഷത വഹിച്ച മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി പ്രഖ്യാപിച്ചു. മീഡിയവണ്‍ കേരളീയ കുടുംബങ്ങള്‍ക്കൊരുമിച്ചിരുന്നു കാണാന്‍ കഴിയുന്ന ദൃശ്യങ്ങളാണ് ഒരുക്കാന്‍ ശ്രമിക്കുക. പലരും മറച്ചുപിടിച്ചിരുന്ന പല വാര്‍ത്തകളും ദൃശ്യങ്ങളും ജനങ്ങളുടെ പക്ഷത്തുനിന്ന് കാണിക്കാന്‍ ശ്രമിക്കും. മാധ്യമം ഉയര്‍ത്തിപ്പിടിച്ച തത്വങ്ങളുടെയും മൂല്യങ്ങളുടെയും ചട്ടക്കൂടിനെ അതേപോലെ നിലനിര്‍ത്തി ഏവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകാന്‍ ചാനല്‍ ശ്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മീഡിയ വണ്ണിന് മലയാളികള്‍ക്കിടയില്‍ പുതിയ സാംസ്കാരിക ഇടം വെട്ടിത്തുറക്കാന്‍ കഴിയുമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു. വാര്‍ത്തകള്‍ ഒഴിവാക്കുമ്പോള്‍ അതില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പെട്ടുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം.
എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം.ഡി നാലപ്പാട്ട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡി. വി.കെ ഹംസ അബ്ബാസ്, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അഷ്റഫ്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, സംഘാടക സമിതി ചെയര്‍മാന്‍ ഖാലിദ് മൂസ നദ്വി എന്നിവര്‍ സംസാരിച്ചു. മീഡിയ വണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദി പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തംഗം മാധവദാസ്, ഗ്രാമപഞ്ചായത്തംഗം പി. അനിത, ചാനല്‍ ഡയറക്ടര്‍മാരായ വയലാര്‍ ഗോപകുമാര്‍, സലാം മേലാറ്റൂര്‍, അസി: സി.ഇ.ഒ എം. സാജിദ്, എഡിറ്റര്‍ പ്രോഗ്രാംസ് ബാബു ഭരദ്വാജ്, എഡിറ്റര്‍ ന്യൂസ് കെ. രാജഗോപാല്‍, സ്വാഗതസംഘം വൈ. ചെയര്‍മാന്‍ പി. സക്കീര്‍, കണ്‍വീനര്‍ എ.എം അബ്ദുല്‍ മജീദ്, ഡോ. അഹ്മദ്, വി.പി അബു, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
യു. ഷൈജു

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം