Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

ഖുര്‍ആന്‍ ഞങ്ങളെപ്പറ്റിയും പറയുന്നുണ്ടോ?

നസീം അഹ്മദ് ഗാസി

ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ മീററ്റില്‍ പോയപ്പോള്‍ ദീര്‍ഘകാലമായി പക്ഷാഘാതം ബാധിച്ച് രോഗശയ്യയിലായിരുന്ന എന്റെ പഴയകാല സുഹൃത്ത് ഗുപ്താജിയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. മുന്‍കൂട്ടി വിവരമൊന്നുമറിയിക്കാതെയാണ് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അവിചാരിതമായ സന്ദര്‍ശനം അദ്ദേഹത്തിലുളവാക്കിയ സന്തോഷം വിവരണാതീതം. എന്നെ അകത്തേക്ക് സ്വീകരിച്ചാനയിച്ച അദ്ദേഹം കുട്ടികളോട് ചായ കൊണ്ടുവരാന്‍ പറഞ്ഞു. പക്ഷാഘാതം നാവിനെ തളര്‍ത്തിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സംസാരം വ്യക്തമായിരുന്നില്ല. അതിനാല്‍ കുട്ടികള്‍ക്കത് മനസ്സിലായില്ല. ദേഷ്യവും നൈരാശ്യവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം വാക്കുകള്‍ ആവര്‍ത്തിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷം. എന്റെ സാന്നിധ്യം കൊണ്ടാകാം കുട്ടികള്‍ എല്ലാം ക്ഷമയോടെ കേട്ടുനിന്നു. എന്നെ സല്‍ക്കരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് അവര്‍ക്ക് ഒരുവിധം മനസ്സിലായി.
പക്ഷാഘാതം ബാധിച്ച രോഗികളുടെ സംസാരത്തിലുണ്ടാവുന്ന അവ്യക്തത പലപ്പോഴും അന്തരീക്ഷം വഷളാക്കാറുണ്ട്. അതാണ് ഇവിടെ സംഭവിച്ചത്. വിഭവ സമൃദ്ധമായ പ്രാതല്‍ എന്റെ  മുന്നില്‍ നിരത്തി അത് കഴിക്കാന്‍ വിനയപുരസ്സരം ഗുപ്താജിയും ഭാര്യയും എന്നോട് അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെ ഞാനാലോചിച്ചു, ഗുപ്താജിയെ ബാധിച്ച ഈ രോഗം കാരണം ദിനേന അവരുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികം. പലപ്പോഴും അദ്ദേഹത്തോട് വീട്ടുകാര്‍ കയര്‍ത്ത് സംസാരിക്കുന്നുണ്ടാവും. ഇന്ന് അവര്‍ ക്ഷമിക്കാന്‍ നിര്‍ബന്ധിതരായത് എന്റെ സാന്നിധ്യം കൊണ്ടായിരിക്കും.
പ്രാതലിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു: എനിക്ക് നമസ്കരിക്കണം. അതിന് വൃത്തിയുള്ള ഒരു പായ എനിക്ക് നല്‍കിയാലും. നമസ്കാരത്തിനു ശേഷം വീട്ടിലുള്ള എല്ലാവരെയും നിങ്ങളിവിടെ ഒരുമിച്ചു കൂട്ടിയാല്‍ നന്നായിരുന്നു. എനിക്കവരോട് അത്യാവശ്യം ചില കാര്യങ്ങള്‍ പറയാനുണ്ട്.
നമസ്കാരം നിര്‍വഹിച്ച ശേഷം ഞാന്‍ ഗുപ്താജിയുടെ മുറിയിലേക്ക് വന്നു. അപ്പോഴേക്കും എല്ലാവരും അവിടെ സമ്മേളിച്ചിരുന്നു.
ആദ്യമായി ഗുപ്താജിയുടെ രോഗശമനത്തിനായി പ്രാര്‍ഥിക്കുകയാണ് ചെയ്തത്. പിന്നെ ഇങ്ങനെ പറഞ്ഞു: നമ്മുടെയൊക്കെ സ്രഷ്ടാവും ഉടമസ്ഥനും സംരക്ഷകനുമായ ദൈവം മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച വേദഗ്രന്ഥത്തില്‍ ഗുപ്താജിയെക്കുറിച്ചും നിങ്ങളെക്കുറിച്ചുമൊക്കെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് ഏതാനും ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു.
എന്റെ വര്‍ത്തമാനം അവരെ അത്ഭുതസ്തബ്ധരാക്കി. ആശ്ചര്യത്തോടെ അവര്‍ ചോദിച്ചു: ഖുര്‍ആനില്‍ ഞങ്ങളെക്കുറിച്ചും പറയുന്നുണ്ടോ?
അതെ, തീര്‍ച്ചയായും. മുഴുവന്‍ മനുഷ്യരുടെയും നാഥനില്‍ നിന്ന് മാനവരാശിക്കാകമാനം മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നിരിക്കെ അതില്‍ നിങ്ങളെക്കുറിച്ച് പരാമര്‍ശം ഇല്ലാതിരിക്കുമോ? അനന്തരം വിശുദ്ധ വേദത്തിലെ 17-ാം അധ്യായത്തില്‍ നിന്ന് 23,24,25 സൂക്തങ്ങള്‍ പാരായണം ചെയ്ത് വിശദീകരണമായി ഞാന്‍ പറഞ്ഞു: നമ്മുടെ സ്രഷ്ടാവും പരിപാലകനും സംരക്ഷകനുമായ ദൈവം നമ്മോടാവശ്യപ്പെടുന്നത് നാം അവന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ ആരെയും പങ്കുചേര്‍ക്കരുതെന്നും അവന് മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നുമാണ്. ഈ വസ്തുത വിശുദ്ധഖുര്‍ആന്‍ വിവിധ ശൈലികളില്‍ വിശദീകരിച്ചിട്ടുണ്ട്.അതിന് വ്യക്തമായ ന്യായങ്ങളും സമര്‍പ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ ഈ കല്‍പന ശിരസാ വഹിക്കുന്നവര്‍ക്ക് ധാരാളം അനുഗ്രഹങ്ങളും സമ്മാനങ്ങളും അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ കല്‍പന ധിക്കരിക്കുന്നവര്‍ക്ക് പരലോകത്ത് കഠിന ശിക്ഷ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.
ഈ നിര്‍ദേശത്തിന് ശേഷം മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കാനും അവര്‍ക്ക് സേവനം ചെയ്യാനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വാര്‍ധക്യം ബാധിച്ചതുകൊണ്ട്, അല്ലെങ്കില്‍ ഗുപ്താജിയെപ്പോലെ രോഗം ബാധിച്ചതുകൊണ്ട് അവരുടെ സംസാരങ്ങളിലോ പെരുമാറ്റങ്ങളിലോ വല്ല വ്യത്യാസങ്ങളും കണ്ടുപോയാല്‍ അവരോട് 'ഛെ' എന്ന് പോലും പറയരുത്. കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്കായി താഴ്ത്തിക്കൊടുക്കണം. ഒരു പിടക്കോഴി അതിന്റെ കുഞ്ഞുങ്ങളെ തന്റെ ചിറകുകളിലൊളിപ്പിക്കുന്നതുപോലെ വാര്‍ധക്യാവസ്ഥയിലും രോഗാവസ്ഥയിലും അവരെ സംരക്ഷിക്കുകയും അവര്‍ക്കാശ്വാസമേകുകയും ചെയ്യണം. പ്രപഞ്ചനാഥനോട് സദാ അവര്‍ക്കായി കേഴണം. നാഥാ! ചെറുപ്പത്തില്‍ അവര്‍ എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഈ വാര്‍ധക്യാവസ്ഥയില്‍ അവരുടെ മേല്‍ കാരുണ്യം ചൊരിയേണമേ! അവരോട് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് നാമവരോട് ഔദാര്യം ചെയ്യുകയാണെന്ന് ഒരിക്കലും ധരിച്ച് വശാകരുത്. ചെറുപ്പത്തില്‍ അവര്‍ നമ്മെ പോറ്റി വളര്‍ത്തിയതിന് പ്രത്യുപകാരം ചെയ്യാന്‍ നമുക്കൊരിക്കലുമാവില്ല. ഞാനും നിങ്ങളും നമ്മുടെ നാഥന്റെ കല്‍പനകള്‍ക്കനുസൃതമായി ജീവിച്ചാല്‍ അര്‍ഹമായ പ്രതിഫലം നല്‍കി അവന്‍ നമ്മെ അനുഗ്രഹിക്കും. ധിക്കരിച്ചാലോ കടുത്ത ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വരും.
ഏകദൈവത്വം, പരലോകം, മാതാപിതാക്കളോടുള്ള ബാധ്യതകള്‍ എന്നിവ ചുരുക്കി വിവരിച്ചു. ഗുപ്താജിയും കുടുംബവും താല്‍പര്യപൂര്‍വം എന്റെ സംസാരം ശ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു: ഗുപ്താജിയെ നന്നായി പരിചരിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ നമ്മുടെ നാഥന്‍ നിങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സംസാരമോ പെരുമാറ്റമോ നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ അതില്‍ സഹനമവലംബിക്കുകയും അദ്ദേഹത്തോട് കാരുണ്യത്തില്‍ വര്‍ത്തിക്കുകയും ചെയ്യുക.
ഗുപ്താജിയുടെ കുടുബം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. ഇതിലേക്ക് സൂചന നല്‍കി കൊണ്ട് ഞാന്‍ തുടര്‍ന്നു: ലോകത്ത് മനുഷ്യന്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ മുജ്ജന്മ കര്‍മങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാരകമായ രോഗങ്ങള്‍, പട്ടിണി, ദാരിദ്യ്രം എന്നിവയൊക്കെ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ശിക്ഷയാണ്. ഈ വിശ്വാസം ശരിയാണെന്ന് അംഗീകരിച്ചാല്‍ ഈ ലോകത്ത് രോഗികളായി പ്രയാസവും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുപ്താജിയെ പോലുളളവരെ ശുശ്രൂഷിക്കാനും സേവിക്കാനും ആരാണ് സന്നദ്ധരാവുക? ആരെങ്കിലും സന്നദ്ധരായാല്‍ തന്നെ അവര്‍ കുറ്റവാളികളായിത്തീരുകയാണ് ചെയ്യുന്നത്. ഗുപ്താജി കഴിഞ്ഞ ജന്മത്തില്‍ ഒരു പാപവും ചെയ്തിട്ടില്ല. ഇത് അദ്ദേഹത്തിന്റെ ഒന്നാം ജന്മമാണ്. അതിനാല്‍ പുനര്‍ജന്മ വിശ്വാസം ഒരിക്കലും നിങ്ങളംഗീകരിക്കരുത്. ഗുപ്താജിയെ കുറ്റവാളിയായി കാണുകയുമരുത്. തങ്ങളുടെ നാഥന്റെ കല്‍പന പാലിച്ചുകൊണ്ട് അദ്ദേഹത്തെ സേവിച്ചുകൊണ്ടിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുക.
ഗുപ്താജിയുടെ കുടുംബത്തിന് എന്റെ വാദത്തെ നിഷേധിക്കാനാവുമായിരുന്നില്ല. ഞാന്‍ തുടര്‍ന്നു: ഈ ലോകത്തിലെ സുഖദുഃഖങ്ങള്‍ മുജ്ജന്മ കര്‍മങ്ങളുടെ ഫലമല്ലെങ്കില്‍ എന്താണതിന്റെ രഹസ്യമെന്ന ചോദ്യം സ്വാഭാവികമായും നിങ്ങളെ അലട്ടുന്നുണ്ടാവും. ഇതിന്റെയുത്തരം ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട്. മനുഷ്യനെ പരീക്ഷണാര്‍ഥമാണ് ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്. സുഖവും സന്തോഷവും ദുഃഖവും പ്രയാസവുമൊക്കെ നല്‍കി അവനെ പരീക്ഷിക്കും. തന്റെ സ്രഷ്ടാവും ഉടമസ്ഥനും സംരക്ഷകനും പരിപാലകനുമായ ദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് ജീവിക്കുകയും സുഖത്തിലും ദുഃഖത്തിലും ദൈവിക കല്‍പനകള്‍ക്കനുസൃതമായി ക്ഷമയും സഹനവും അവലംബിച്ചുകൊണ്ട് ജീവിക്കുകയും ചെയ്താല്‍ മരണാനന്തരം വരാനിരിക്കുന്ന ശാശ്വതമായ ലോകത്ത് ദൈവാനുഗ്രഹത്തിന് അര്‍ഹനായിത്തീരും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ദൈവിക ശിക്ഷക്ക് അര്‍ഹരായിത്തീരുകയും ചെയ്യും.
ഗുപ്താജിയെ ഇവിടെ രോഗം നല്‍കി പരീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹം ദൈവത്തില്‍ മറ്റാരെയും പങ്കു ചേര്‍ക്കാതെയും ദൈവത്തോട് മാത്രം സഹായമര്‍ഥിച്ചും രോഗത്തില്‍ ക്ഷമയവലംബിച്ചും അവന് മാത്രം വഴിപ്പെട്ട് ജീവിക്കുകയുമാണെങ്കില്‍ ദൈവം അദ്ദേഹത്തെ തൃപ്തിപ്പെടുകയും അവന്റെ അനുഗ്രഹങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യും. നിങ്ങളും ദൈവത്തിന് വഴിപ്പെട്ട് ജീവിക്കുകയും മനഃസംതൃപ്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്താല്‍ പരമകാരുണികനും ദയാപരനുമായ ദൈവം നിങ്ങളുടെ പ്രവൃത്തിയില്‍ സന്തുഷ്ടനാവുകയും പരലോകത്ത് അനുഗ്രഹങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യും. ഇത്തരം ആള്‍ക്കാരെ അവരുടെ ഭാര്യാ സന്തതികളോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നവന്‍ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നു.
പരലോകവിശ്വാസത്തെക്കുറിച്ച് തെളിവുകളും ന്യായങ്ങളും നിരത്തി സംക്ഷിപ്തമായ ഒരു വിശദീകരണം നല്‍കിക്കൊണ്ട് ഞാനെന്റെ സംഭാഷണത്തിന് വിരാമമിട്ടു. ഗുപ്താജിയും കുടുംബവും എന്റെ സംഭാഷണം വളരെ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവസാനമായി വിശുദ്ധ ഖുര്‍ആന്റെ ഹിന്ദി പരിഭാഷയും ഇസ്ലാമിക സാഹിത്യങ്ങളും നിങ്ങള്‍ വായിക്കണമെന്ന് ഞാനവരോട് അഭ്യര്‍ഥിച്ചു. നിങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് അതിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. മാത്രമല്ല അതിലൂടെ നിങ്ങളുടെ ഇഹപര ജീവിതം പ്രകാശപൂരിതമായിത്തീരുകയും ചെയ്യും. ഖുര്‍ആനും സാഹിത്യങ്ങളും അവര്‍ക്കെത്തിച്ച് കൊടുക്കാന്‍ അവര്‍ എന്നോടഭ്യര്‍ഥിച്ചു. തീര്‍ച്ചയായും ഞങ്ങളത് വായിക്കുമെന്ന ഉറപ്പും അവര്‍ എനിക്ക് നല്‍കി.


വിവ: പി.കെ മുഹമ്മദലി അന്തമാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം