Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

മുല്ലപ്പെരിയാര്‍ ഒഴിയാത്ത ഭീതിയും ആവര്‍ത്തിക്കുന്ന ചര്‍ച്ചകളും

കെ.എസ് സുബൈര്‍ തൊടുപുഴ

1979-ല്‍ തുടങ്ങിയ ചര്‍ച്ചയും നിയമയുദ്ധവുമാണ് ഈ വിഷയത്തില്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. 1886 ഒക്‌ടോബര്‍ 29-നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത്. നദിയും 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കര്‍ സ്ഥലവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടത്തിനായി നല്‍കിയത്. 999 വര്‍ഷത്തേക്കാണ് കരാര്‍. വര്‍ഷത്തില്‍ ഹെക്ടറിന് 5 രൂപയാണ് പാട്ടത്തുക. 1896-ല്‍ ഡാമിന്റെ പണി പൂര്‍ത്തിയായി. അന്നത്തെ കോണ്‍ക്രീറ്റ് മിശ്രിതമായ സുര്‍ക്കി കൊണ്ടാണ് ഡാം നിര്‍മിച്ചത്. 80 വര്‍ഷം പിന്നിട്ടപ്പോഴേക്കും മുല്ലപ്പെരിയാറില്‍ ചോര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചോര്‍ച്ച വര്‍ധിച്ചപ്പോള്‍ 1928-ല്‍ തന്നെ ചീഫ് എഞ്ചിനീയര്‍ സി.എച്ച് ഗ്രഗ് അണക്കെട്ട് പരിശോധിച്ച് പരിഹാരമായി ഗ്രൗട്ടിംഗ് നിര്‍ദേശിച്ചു. മുംബൈയിലെ ജോണ്‍ ഫ്‌ളമിംഗ് കമ്പനിയാണ് ഗ്രൗട്ടിംഗ് നടത്തിയത്. 1950 ആയപ്പോഴേക്കും വീണ്ടും ചോര്‍ച്ച വര്‍ധിച്ചു. '61 - 65 കാലയളവില്‍ തമിഴ്‌നാട് ഡാം ബലപ്പെടുത്തി. 1979-ല്‍ ചോര്‍ച്ച പിന്നെയും കൂടി. പത്രങ്ങളില്‍ മുല്ലപ്പെരിയാര്‍ സജീവ വാര്‍ത്തയായി. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയും തുടങ്ങി.
1979 നവംബറില്‍ ജലകമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി തോമസ് അണക്കെട്ട് പരിശോധിച്ചു. ഉടന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങളും പുതിയ ഡാമും അദ്ദേഹം നിര്‍ദേശിച്ചു. ജലകമീഷന്റെ നിര്‍ദേശത്തിനനുസരിച്ചുള്ള പണികള്‍ 1994 വരെ നീണ്ടു. നിര്‍ദേശങ്ങളെല്ലാം നടപ്പായാല്‍ ഡാം 100 വര്‍ഷം നിലനില്‍ക്കുന്ന പുതിയ അണക്കെട്ടുപോലെയാകുമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. അതില്‍ ഇന്നും അവര്‍ ഉറച്ചുനില്‍ക്കുന്നു. '79-ലെ കെ.സി തോമസ് ചെയര്‍മാനായ ജലകമീഷന്റെ പുതിയ ഡാം എന്ന നിര്‍ദേശം ഒഴികെ ബാക്കിയുള്ളവ തമിഴ്‌നാട് പൂര്‍ത്തിയാക്കി. പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് പല ആശങ്കകളും തമിഴ്‌നാടിന് ഉണ്ട് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇനിയും ഡാം നിര്‍മാണം പ്രാരംഭദിശയില്‍ത്തന്നെ. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുമ്പോള്‍ മാത്രമാണ് കേരള രാഷ്ട്രീയത്തില്‍ ഈ വിഷയം ചര്‍ച്ചയാവുന്നത്.
ഒക്‌ടോബര്‍-നവംബര്‍ ആകുമ്പോഴേക്കും ഇടുക്കിയിലെ മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞിട്ടുണ്ടാകും. ഇത്രയും അധികം ഡാമുകളുള്ള ഒരു ജില്ല ലോകത്ത് തന്നെ അപൂര്‍വമായിരിക്കും. ഭൗമശാസ്ത്രജ്ഞന്റെ നിരീക്ഷണപ്രകാരം ഇടുക്കിയിലെ ഭൂചലനങ്ങളുടെ കാരണങ്ങളിലൊന്ന് നിറഞ്ഞു നില്‍ക്കുന്ന ഡാമുകളുടെ ഭാരം കൂടിയാണ്. ചെറിയ ചെറിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള ഭൂപ്രദേശമാണ് ഇടുക്കി. 2000-ത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചലനവും മുല്ലപ്പെരിയാര്‍ ഭ്രംശ മേഖലയെ ബാധിക്കുന്നതായിരുന്നു. 2001-ല്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനവും ഇവിടെ ഉണ്ടായിട്ടുണ്ട്.
ഡാമിലെ ജലം 130-ന് മുകളില്‍ ഉയരുമ്പോഴും ഇടക്ക് അനുഭവപ്പെടുന്ന ഭൂചലനങ്ങളും മാത്രമാണ് നമ്മുടെ ഭരണകൂടങ്ങളെ ഈ വിഷയത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 1979-ല്‍ എടുത്ത പുതിയ ഡാം എന്ന തീരുമാനം എന്തുകൊണ്ടാണ് 32 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് നടപ്പിലാക്കാന്‍ കഴിയാത്തത്? ഡാമില്‍ വെള്ളം ഉയരുമ്പോള്‍ കാണിക്കുന്ന ഈ വെപ്രാളം ജനുവരി-ഫെബ്രുവരി മാസത്തോടെ തണുക്കുന്ന പതിവു കാഴ്ച ഇനിയെങ്കിലും അവസാനിപ്പിക്കണം. 2006-ല്‍ വളരെയധികം പ്രതിഷേധങ്ങളും ജില്ലയില്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ വരെയും ഉണ്ടായിട്ടും വഞ്ചി അക്കരെത്തന്നെ. '79-ല്‍ കേരളത്തിന്റെ സജീവമായ ഇടപെടല്‍ കൊണ്ട്  ജലം 142 അടിയില്‍ നിന്ന് 136 അടിയിലേക്ക് താഴ്ത്താന്‍ സാധിച്ചു. പിന്നീട് ഇതുവരെയും ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാന്‍ മാറി മാറി വരുന്ന നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഡാമില്‍ ജലം ഉയരുമ്പോള്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യമല്ല പുതിയ ഡാം എന്നത്. അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട തീരുമാനമായി '79-ലെ ജലകമീഷന്‍ നിര്‍ദേശിച്ചതാണ്. ഇപ്പോള്‍ ഡാമിലെ ജലനിരപ്പ് 115 അടിയിലേക്ക് താഴ്ത്താനുള്ള നടപടികളാണ് നാം സ്വീകരിക്കേണ്ടത്. അതിന് ഏത് കോടതിയെയും സമീപിക്കാം. കാലപ്പഴക്കം ഏറും തോറും ഡാമിന്റെ ജലനിരപ്പാണ് ആദ്യം താഴ്‌ത്തേണ്ടത്.
പുതിയ ഡാം എന്നു പറയുമ്പോള്‍ തന്നെ തമിഴ്‌നാട് ശക്തമായി പ്രതികരിക്കും. അതോടുകൂടി ചര്‍ച്ച കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവന്റെ പ്രശ്‌നത്തില്‍ നിന്ന് വഴിമാറി, മുല്ലപ്പെരിയാര്‍ കരാറും ജലതര്‍ക്കവുമായി മാറുന്നു. ഡല്‍ഹിയിലുള്ളവര്‍ മലയാള പത്രങ്ങളല്ലല്ലോ വായിക്കുന്നത്. പിന്നീട് ചര്‍ച്ച പഴയ അവസ്ഥയില്‍ തന്നെ.
പുതിയ ഡാം എന്ന വിഷയത്തേക്കാള്‍ ജലനിരപ്പ് 115 അടിയിലേക്ക് താഴ്ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തേണ്ടത്. മുല്ലപ്പെരിയാറില്‍ നിന്ന് തേക്കടി ഷട്ടര്‍ വഴിയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. ആഫ്രിക്കന്‍ പോളകള്‍ നീക്കം ചെയ്യുന്നതിനും അറ്റകുറ്റ പണികള്‍ക്കുമായി തേക്കടി ഷട്ടര്‍ അടച്ചതുമൂലവുമാണ് ഈ വര്‍ഷം ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ ജലനിരപ്പ് താഴ്ത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല. തേക്കടി ഷട്ടറിലൂടെ മാത്രമേ വെള്ളം പുറത്തേക്ക് പോവുകയുള്ളൂ. തേക്കടി ഷട്ടറിന്റെയും വെള്ളം പോകുന്ന ടണലിന്റെയും വ്യാപ്തി വര്‍ധിപ്പിക്കണം. കൂടാതെ ബേബി ഡാമില്‍ ഷട്ടറുകള്‍ പണിത് വെള്ളം ഒഴുക്കാനുള്ള സാഹചര്യവും ഒരുക്കണം.
തമിഴ്‌നാടിന്റെ ആവശ്യം ജലമാണ്. വെള്ളം ഉയര്‍ത്താതെ തന്നെ നമുക്ക് അത് നല്‍കാന്‍ കഴിയും. 1979-ല്‍ ജല സുരക്ഷാ കമീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയപ്പോള്‍ 136-ന് മുകളില്‍ ഉയരുന്ന ജലമത്രയും തമിഴ്‌നാട്ടിലെ വൈക അണക്കെട്ടില്‍ സംഭരിക്കുകയാണ് ചെയ്തത്. 2000-ല്‍ കേരള ജനത മുല്ലപ്പെരിയാറില്‍ വെള്ളം ഉയരുന്നതിനെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ഇരച്ചില്‍ പാലം വഴി വെള്ളം അതിവേഗം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി. പിന്നീട് 130-ന് മേല്‍ ഉയരുന്ന അവസ്ഥ വളരെ കുറവായിരുന്നു. അതേസമയം വൈക നദിയുടെ പരിസരപ്രദേശങ്ങളില്‍ 100 കണക്കിന് കിണറുകള്‍ നിര്‍മിച്ച് ജലമത്രയും സംഭരിക്കാനുള്ള നടപടിയും തമിഴ്‌നാട് നടത്തുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്. അതിനുള്ള ഭൂപ്രദേശവും മറ്റും വൈക ഡാമിന്റെ സമീപത്തുണ്ട്. മാത്രമല്ല ലോവര്‍ പെരിയാര്‍ ഡാമിന്റെ സംഭരണശേഷി വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനവും നടത്തേണ്ടതാണ്. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്നത് തമിഴ്‌നാടാണ്. അതുകൊണ്ടുതന്നെ ആ വെള്ളം അവിടെതന്നെ സംഭരിക്കുകയാണ് വേണ്ടത്. ഒരു വിധത്തിലും മുല്ലപ്പെരിയാറില്‍ 115-ന് മുകളില്‍ ജലം ഉയര്‍ത്താതിരിക്കുന്നതിനുള്ള നടപടിയാണ് നാം സ്വീകരിക്കേണ്ടത്.

പുതിയ ഡാം നിര്‍മാണവും
വെല്ലുവിളികളും
കേരളാ നിയമസഭയിലോ സര്‍വകക്ഷി യോഗത്തിലോ ഐകകണ്‌ഠ്യേന തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ സാധിക്കുന്നതല്ല പുതിയ ഡാം. തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുള്ള അതിശക്തമായ എതിര്‍പ്പുകള്‍ നാം നേരിടേണ്ടിവരും. അവരെ സംബന്ധിച്ചേടത്തോളം രണ്ട് മൂന്ന് ജില്ലയിലെ നിലനില്‍പ്പ് തന്നെ മുല്ലപ്പെരിയാറിലെ ജലത്തെ ആശ്രയിച്ചാണ്. ഓരോ തുള്ളി ജലവും സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നവരാണ് തമിഴ് ജനത. പുതിയ ഡാം പണിയുന്നത് കേരളത്തിന്റെ ഭൂമിയിലാണ്. അതുകൊണ്ട് അതിന്റെ നിയന്ത്രണവും കരാറുമെല്ലാം തമിഴ്‌നാടിനെ ആശങ്കയിലാക്കുന്നു. പ്രശ്‌നം സജീവമാവുമ്പോള്‍ തമിഴ് ജനത കക്ഷി രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടായി ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇതിനു മുമ്പും നാം കണ്ടത്. 2000-ല്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയം സുപ്രീം കോടതിയില്‍ ചര്‍ച്ചയായപ്പോള്‍ തന്നെ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജലനിരപ്പ് 142 അടിയാക്കണമെന്ന് പ്രമേയം പാസ്സാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കരുണാനിധി യു.പി.എ അധ്യക്ഷക്കും ഈ വിഷയത്തെക്കുറിച്ച് കത്തയക്കുകയും സംയുക്തമായ സമരപരിപാടികള്‍ക്ക് രൂപം കാണുകയും ചെയ്തു. എന്നാല്‍ ഈ സമയങ്ങളിലൊന്നും തന്നെ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുല്ലപ്പെരിയാര്‍ ഒരു വിഷയമേ ആയില്ല.
പുതിയ ഡാം എന്നു പറയാന്‍ ഏറെ എളുപ്പമാണെങ്കിലും നിര്‍മാണം വളരം സങ്കീര്‍ണമാണ്. വനം വകുപ്പിന്റെ പൂര്‍ണമായ സഹകരണം അതിനാവശ്യമാണ്. കൂടാതെ പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഈ വിഷയങ്ങളെല്ലാം തമിഴ്‌നാട് വേണ്ടവിധം ഉപയോഗപ്പെടുത്തും. പുതിയ ഡാം പണിയുമ്പോള്‍ ജലനിരപ്പ് ചുരുങ്ങിയത് 150 അടി വരെ ഉയരും. 1979-ല്‍ ജലനിരപ്പ് 136 അടിയാക്കി താഴ്ത്തിയത് മൂലം പല സ്ഥലങ്ങളും ഇവിടെ കരപ്രദേശമായി മാറിയിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികള്‍ അടക്കമുള്ളവരുടെ ജനവാസകേന്ദ്രമാണ്. കുളത്തൂപ്പാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, റോസാപ്പൂക്കണ്ടം, ആനച്ചാല്‍ എന്നിങ്ങനെ 7 തുരുത്തുകളിലായി 1000-ല്‍ അധികം വീടുകള്‍ ഉണ്ട്. 4000-ത്തോളം പേര്‍ ഇവിടെ താമസിക്കുന്നു. ഇതുകൂടാതെ പേരറിയാത്ത പല തുരുത്തുകളിലും ആദിവാസികള്‍ താമസിക്കുന്നുണ്ട്. ഇവരുടെ പ്രശ്‌നം പരിഹരിക്കേണ്ടിവരും.
777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ച. കിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവവൈവിധ്യ ഉഷ്ണ വനതലമാണ്. വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ സസ്യങ്ങളും ജന്തുക്കളും ഉള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉളളതില്‍ ഒന്നാണിത്. ജലനിരപ്പ് 150-ന് മുകളില്‍ ഉയരുമ്പോള്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ 11.21 ച.കി മീറ്റര്‍ പ്രദേശം മുങ്ങും. ജലനിരപ്പ് ഉയരുമ്പോള്‍ ഇല്ലാതാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും പീച്ചിയിലെ കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. ജലനിരപ്പ് ഉയരുമ്പോള്‍ പെരിയാര്‍ ഇക്കോ വ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം അനുവദിക്കില്ല. കടുവ, ആന, പുള്ളിപ്പുലി, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരി ലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് വന്യജീവികള്‍ പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രക്ക് പിന്നീട് അര്‍ഥമില്ലാതാകും. വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമാണ് പുതിയ ഡാം. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് വൈദ്യുതി ഇല്ല. വനത്തിലൂടെയുള്ള 11 കെ.വി ലൈനില്‍ തട്ടി ആനയും മറ്റു കാട്ടുമൃഗങ്ങളും ചാകുന്നതുകൊണ്ട് 1996-ല്‍ വനംവകുപ്പാണ് വൈദ്യുതി വിഛേദിച്ചത്. പല വട്ടം ശ്രമിച്ചിട്ടും കേരള വൈദ്യുതി ബോര്‍ഡിന് 11 കെ.വി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും കാലപ്പഴക്കം ചെന്ന ഡാമിന്റെ സുരക്ഷക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ പോലും നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല. നാളിതുവരെയും മുല്ലപ്പെരിയാറിലെ ജലം തമിഴ്‌നാട് സുലഭമായി ഉപയോഗിച്ചിരുന്നു. വെള്ളം നല്‍കുന്നതിന് കേരളത്തില്‍ ആരും എതിരല്ല. എന്നാല്‍ കേരളത്തിലെ 4 ജില്ലകളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാര്‍ ഡാം. 1979-ല്‍ തുടങ്ങിയതാണ് പുതിയ ഡാം നിര്‍മാണ പദ്ധതി. ഓരോ വര്‍ഷവും ജലം ഉയരുമ്പോള്‍ ഡാം നിര്‍മാണ ചര്‍ച്ചയുമായി മുന്നോട്ടു പോകുന്നതിനുമപ്പുറം ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴെയായി നിര്‍ത്തുന്നതിന് വേണ്ടിയുള്ള ശക്തമായ സമരപരിപാടികളും നിയമപോരാട്ടങ്ങളും വീഴ്ച കൂടാതെ നടത്തുകയാണ് വേണ്ടത്. 30 ലക്ഷത്തോളം ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായിട്ട് വേണം മുല്ലപ്പെരിയാര്‍  വിഷയം ഉന്നതബോഡികളില്‍ ചര്‍ച്ചചെയ്യാന്‍. അത്തരത്തിലുള്ള നീക്കമാണ് ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും പക്ഷത്ത് നിന്ന് ഉണ്ടാകേണ്ടത്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ജാഗ്രവത്താകുന്ന മനസ്സാണ് കേരളീയ പൊതുബോധത്തിനുള്ളത്. അതുകൊണ്ടാണ് തമിഴ്‌നാട് വേനല്‍ക്കാലത്തും ശക്തമായി ഇടപെടുമ്പോള്‍ നാം നിസ്സംഗരായി നോക്കിനില്‍ക്കേണ്ടിവരുന്നത്. പുതിയ ഡാമും മറ്റു ചര്‍ച്ചകളുമായി കാലം കഴിക്കുമ്പോള്‍ ഏതു സമയവും ഉണ്ടാകാവുന്ന ഒരു ദുരന്തത്തിന്റെ മുഖാമുഖമാണ് നാം ഉള്ളത് എന്ന് വിസ്മരിക്കരുത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം