Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

വിശ്വാസം വരുത്തുന്ന വിസ്മയകരമായ മാറ്റം

ശൈഖ് മുഹമ്മദ് കാരകുന്ന്

ഫറവോന്റെ കല്‍പന പാലിച്ചാണ് മാരണക്കാര്‍ മത്സര രംഗത്തെത്തിയത്. ചക്രവര്‍ത്തിയുടെ പ്രീതിയും പ്രതിഫലവും കൊട്ടാരത്തിലെ സമുന്നത സ്ഥാനവും പ്രതീക്ഷിച്ചാണ് അവര്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അതിനാല്‍ കൊട്ടാരത്തിലെത്തിയ മാരണക്കാര്‍ ഫറവോനോട് ചോദിച്ചു: ''ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ?''
ഫറവോന്‍ പറഞ്ഞു: ''അതെ, ഉറപ്പായും നിങ്ങളപ്പോള്‍ നമ്മുടെ അടുത്ത ആളുകളായിരിക്കും.''
അങ്ങനെ മൂസാനബിയും മാരണക്കാരും തമ്മില്‍ മത്സരം നടന്നു. അതില്‍ മൂസാനബി വിജയിച്ചു. മാരണക്കാര്‍ പരാജിതരായി. അതോടെ അവര്‍ക്ക് സത്യം ബോധ്യമായി. തങ്ങളുടേത് വെറും ജാലവിദ്യയാണ്. മൂസാനബിയുടേത് ദൈവിക ദൃഷ്ടാന്തവും. ആ നിമിഷാര്‍ധത്തില്‍ അവരുടെ മനസ്സ് മാറി. ഭൗതികാസക്തിയും അതിന്റെ താല്‍പര്യങ്ങളും അവിടെ നിന്ന് പടിയിറങ്ങി. പകരം പ്രപഞ്ചനാഥനും അവന്റെ പ്രവാചകനും പരലോകവിജയവും സ്ഥാനം പിടിച്ചു. അതിനാലവര്‍ പ്രഖ്യാപിച്ചു: ''ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു. മൂസായുടെയും ഹാറൂന്റെയും നാഥനില്‍.''
ഈ നിമിഷാര്‍ധത്തിലെ മാറ്റം അവരുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ചു. അടിമുടി വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. സമ്മാനം സ്വീകരിക്കാന്‍ സന്നദ്ധമായി വന്ന കൈകള്‍ കൊത്തി നുറുക്കപ്പെടുന്നതും കുരിശില്‍ തറക്കപ്പെടുന്നതും നിസ്സാരവും അവഗണിക്കാവുന്നതുമായി അനുഭവപ്പെട്ടു. പുതിയ വിശ്വാസത്തിന്റെ പേരില്‍ എന്തു കഷ്ട നഷ്ടവും സന്തോഷത്തോടെ സ്വാഗതം ചെയ്യാനവര്‍ സന്നദ്ധരായി. അതിനു വീട്ടുകാരുടെയോ മറ്റോ അനുവാദം ആരായണമെന്നുപോലും അവര്‍ക്ക് തോന്നിയില്ല.
ഫറവോന്‍ അവരോടു പറഞ്ഞു: ''ഞാന്‍ അനുവാദം തരും മുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍ തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു മാറ്റും, തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും.''
മാരണക്കാര്‍ പറഞ്ഞു: ''വിരോധമില്ല; ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകുന്നവരാണ്. ഫറവോന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.''
''ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തു തന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റം നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.''
ആര്‍ജിതജ്ഞാനവും ആചരിച്ചു വരുന്ന ചര്യകളും പരിചയിച്ചു പോന്ന പാരമ്പര്യങ്ങളും ശീലിച്ചു വന്ന ജീവിത ശൈലികളും ജീവിക്കുന്ന ചുറ്റുപാടുകളും സുഹൃദ് ബന്ധങ്ങളും അനുഭവങ്ങളുമെല്ലാം മനസ്സിനെ സ്വാധീനിക്കുകയും അതിന്റെ തീരുമാനത്തില്‍ പങ്കുവഹിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വിശ്വാസത്തെപ്പോലെ മനുഷ്യമനസ്സുകളെ അഗാധമായും വ്യാപകമായും ശക്തമായും സ്വാധീനിക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന മറ്റൊന്നുമില്ല.
ഉമറുബ്‌നുല്‍ ഖത്വാബ് വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടത് ഇസ്‌ലാമിനോടുള്ള അടക്കാനാവാത്ത വെറുപ്പും ശത്രുതയുമായാണ്. പ്രവാചകന്റെ കഥ കഴിക്കാന്‍ ഊരിപ്പിടിച്ച വാളുമായി. വഴിയില്‍ വെച്ച് സഹോദരിയില്‍ നിന്ന് വിശുദ്ധ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ കേള്‍ക്കാനിടയായി. അത് അദ്ദേഹത്തിന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അതോടെ അവിടം വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. ഇസ്‌ലാമിനോടുള്ള ശത്രുത സ്‌നേഹവും, പ്രവാചകനോടുള്ള വെറുപ്പ് അടുപ്പവും സൗഹൃദവുമായി മാറി. അങ്ങനെ കൊലയാളിയാകാന്‍ വന്ന ഉമറുബ്‌നുല്‍ ഖത്വാബ് നിമിഷ നേരം കൊണ്ട് കാവല്‍ക്കാരനായി മാറി.
ഖന്‍സാഅ് വിഖ്യാത സാഹിത്യകാരിയാണ്. അവര്‍ യുവതിയായിരിക്കെ പ്രിയ സഹോദരന്മാരായ മുആവിയയും സഖ്‌റും യുദ്ധത്തില്‍ വധിക്കപ്പെട്ടു. സഖ്‌റിന്റെ വേര്‍പാട് സഹിക്കാനാവാതെ ഖന്‍സാഅ് മാറത്തടിക്കുകയും തല തല്ലിക്കീറുകയും ചെയ്തിരുന്നു. ദീര്‍ഘകാലം കണ്ണീരുമായി കഴിഞ്ഞു. സഹോദരന്മാരെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം അവര്‍ മാറത്തും തലയിലും തല്ലുമായിരുന്നു. വസ്ത്രം വലിച്ചു കീറി വിലാപം പ്രകടിപ്പിക്കലും പതിവാക്കിയിരുന്നു. ദിവസവും ഖന്‍സാഅ് സഹോദരന്മാരുടെ അന്ത്യവിശ്രമ സ്ഥാനത്ത്  ചെന്ന് ഇങ്ങനെ പാടുമായിരുന്നു.

സ്മരിക്കുന്നു ഞാന്‍ സഖ്‌റിനെ
സൂര്യനുദിക്കും സമയമെല്ലാം
ഇല്ലായിരുന്നുവെങ്കിലെനിക്കുചുറ്റും
സ്വന്തം സഹോദരന്മാര്‍ക്കായി വിലപിക്കുന്നോര്‍
അഭയം തേടുമായിരുന്നു ഞാനെന്നോ
മ്യത്യുതന്‍ കരവലയത്തില്‍
പിന്നീട് ഖന്‍സാഅ് സന്മാര്‍ഗം സ്വീകരിച്ചു. ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് പ്രായാധിക്യത്തില്‍ പരവശയായിരിക്കെ നാലു പുത്രന്മാരെയും പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിനെതിരെ പൊരുതാന്‍ പറഞ്ഞയച്ചു. സഅദ്ബ്‌നു അബീവഖാസ്വിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ യാത്രയയച്ചപ്പോള്‍ അവര്‍ മക്കളോടു പറഞ്ഞു: ''പ്രിയമുള്ള ഓമന മക്കളേ, നിങ്ങള്‍ സന്മാര്‍ഗം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. സ്വദേശത്തുനിന്ന് പലായനം ചെയ്തത് തികഞ്ഞ സംതൃപ്തിയോടെയും. സത്യമാര്‍ഗത്തില്‍ പൊരുതുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത മഹത്തായ പ്രതിഫലത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. ശാശ്വത സൗഭാഗ്യം സിദ്ധമാകുന്ന പരലോക വിജയത്തെ അപേക്ഷിച്ച് ഐഹിക ജീവിതത്തിലെ ക്ഷണിക സുഖങ്ങള്‍ നന്നെ നിസ്സാരമാണ്. ഓമനമക്കളേ, നാളെ യുദ്ധം ശക്തിപ്രാപിക്കുകയും അടര്‍ക്കളം ആളിക്കത്തുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ശത്രുനിരകളെ മുറിച്ചു മുന്നേറുക. അധര്‍മത്തിനെതിരെ ധീരമായി പൊരുതുക. സഹായത്തിനും വിജയത്തിനുമായി പ്രപഞ്ച നാഥനോടു പ്രാര്‍ഥിക്കുക. അല്ലാഹു ഇഛിച്ചെങ്കില്‍ മരണാനന്തരം മറുലോകത്ത് മഹിത സ്ഥാനങ്ങള്‍ പ്രാപിക്കാം. യുദ്ധത്തില്‍ വിജയിക്കാം.''
ഖാദ്‌സിയാ യുദ്ധത്തില്‍ ഖന്‍സാഇന്റെ നാലു മക്കളും രക്തസാക്ഷികളായി. യുവതിയായിരിക്കെ സഹോദരന്മാരുടെ വേര്‍പാടു വരുത്തിയ ദുഃഖം താങ്ങാനാവാതെ വിഷമിച്ച അവര്‍ വാര്‍ധക്യത്തില്‍ താങ്ങും തുണയുമായ നാലു പുത്രന്മാരും നഷ്ടപ്പെട്ട വിവരമറിഞ്ഞപ്പോള്‍ ഒട്ടും പതറിയില്ല. തീരേ അധീരയായില്ല. എന്നല്ല; അഭിമാനത്തോടെയും ആഹ്ലാദത്തോടെയും അവര്‍ പറഞ്ഞു: അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവന്‍ എന്റെ മക്കളെ രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. നാളെ ദിവ്യകാരുണ്യത്തിന്റെ തണലില്‍ എന്റെ സന്തതികളുമായി സന്ധിക്കാന്‍ സാധിക്കുമാറാകട്ടെ.''
വിശ്വാസത്തിന് കീഴ്‌പ്പെട്ട മനസ്സുകള്‍ വിസ്മയകരമാംവിധം വിശുദ്ധ ജീവിതം നയിക്കാന്‍ ശക്തി നേടുന്നു. യഅ്ഖൂബ് നബിയുടെ പന്ത്രണ്ട് പുത്രന്മാരില്‍ ഇളയവനാണ് യൂസുഫ്. ഫലസ്ത്വീനിലെ ഹെബ്രോണ്‍ താഴ്‌വരയിലാണ് അവര്‍ താമസിച്ചിരുന്നത്. അതിസുന്ദരനായ യൂസുഫ് ചെറുപ്പത്തില്‍ തന്നെ സമര്‍ഥനും സല്‍സ്വഭാവിയുമായിരുന്നു. എന്നിട്ടും ചിറ്റമ്മയിലെ സഹോദരന്മാര്‍ അദ്ദേഹത്തോട് കടുത്ത അസൂയയും വിദ്വേഷവും പുലര്‍ത്തി. അവര്‍ യൂസുഫിനെ കിണറ്റിലിട്ടു. കിഴക്കന്‍ ജോര്‍ദാനില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന കച്ചവട സംഘം അദ്ദേഹത്തെ കിണറ്റില്‍ നിന്ന് കരക്കെടുത്തു. അവര്‍ അദ്ദേഹത്തെ ഈജിപ്തിലെ ഒരു പ്രഭുവിനു വിറ്റു. അന്ന് യൂസുഫിന്റെ പ്രായം പതിനെട്ടു വയസ്സായിരുന്നു.
പ്രഭുവിന്റെ യൂസുഫ് വീട്ടില്‍ മൂന്നു കൊല്ലക്കാലം സുഖമായും സൈ്വര്യമായും ജീവിച്ചു. അതിനിടെ അദ്ദേഹത്തില്‍ ആകൃഷ്ടയായ പ്രഭുവിന്റെ സുന്ദരിയായ ഭാര്യ അദ്ദേഹത്തെ അവിഹിത വൃത്തിക്ക് പ്രേരിപ്പിച്ചു. സമ്മര്‍ദം ചെലുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു.  ഏതൊരു ചെറുപ്പക്കാരനും പാപത്തിന്റെ പടുകുഴിയിലേക്ക് പതിച്ചേക്കാവുന്ന ഈ സാഹചര്യത്തിലും യൂസുഫ് നബി തികഞ്ഞ വിശുദ്ധിയും സദാചാരനിഷ്ഠയും പുലര്‍ത്തി. മാത്രമല്ല; ആ തെറ്റില്‍ നിന്ന്  രക്ഷപ്പെടാന്‍ സ്വയം കാരാഗൃഹ ജീവിതം ആവശ്യപ്പെടുകയും തെരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ''എന്റെ നാഥാ; ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനെക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീ എന്നില്‍ നിന്ന് തട്ടിമാറ്റിക്കളയുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍ പെട്ടവനായേക്കാം.''
മനസ്സംസ്‌കരണത്തില്‍ ഇവ്വിധം വിസ്മയകരമായ പങ്കുവഹിക്കാന്‍ ദൈവസ്മരണക്കും പരലോകബോധത്തിനുമല്ലാതെ സാധ്യമല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം