Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

അവരും പ്രബോധനത്തെ അറിയട്ടെ

ടി. ആരിഫലി, അമീര്‍ ജമാഅത്തെ ഇസ്‌ലാമി കേരള

പ്രിയപ്പെട്ടവരേ,
ചരിത്രപരമായി വലിയ വൈജ്ഞാനിക മൂലധനമുള്ള ഒരു സമൂഹമാണ് കേരളത്തിലെ മുസ്‌ലിംകള്‍. അതത് കാലഘട്ടത്തിലെ ജീവിതാവസ്ഥകളോട് ഉയര്‍ന്ന വൈജ്ഞാനിക നിലവാരത്തില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു. ആ പരമ്പരയിലാണ് ആറു പതിറ്റാണ്ട് മുമ്പ് പ്രബോധനവും പിറന്നുവീഴുന്നത്. ഇസ്‌ലാമിന്റെ കരുത്തും സൗന്ദര്യവുമാണ് പ്രബോധനം പലരീതിയില്‍ ഇക്കാലയളവില്‍ നിരന്തരം സമൂഹത്തിലേക്ക് പ്രസരിപ്പിക്കാന്‍ ശ്രമിച്ചത്. അപ്പോള്‍ പൊതുസമൂഹത്തില്‍ നിന്നു മാത്രമല്ല, മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെ ഈ ആശയങ്ങള്‍ക്കു നേരെ വലിയ ബഹളങ്ങള്‍ ഉയരുകയുണ്ടായി. എന്നാല്‍, ക്രമേണ ക്രമേണ പ്രബോധനം മുന്നോട്ടു വെച്ച ആശയലോകത്തിലേക്ക് കേരളത്തിലെ മുസ്‌ലിം സമൂഹം വലിയൊരളവില്‍ നടന്നടുക്കുന്നതാണ് നാം കണ്ടത്.
ഇന്നിപ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ദശാസന്ധിയിലാണ് നാം. അറബ് ലോകത്ത് ഉയിര്‍ക്കൊണ്ട പ്രക്ഷോഭങ്ങളും മാറ്റങ്ങളും ലോകസമൂഹത്തില്‍ തന്നെ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ  മനുഷ്യപ്പറ്റും ജനാധിപത്യബോധവും സഹിഷ്ണുതയും സാമൂഹിക പ്രസക്തിയും രാഷ്ട്രീയമായ ഉള്‍ക്കരുത്തും ലോകമിപ്പോള്‍ അനുഭവിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ സവിശേഷത. നിങ്ങള്‍ പ്രബോധനത്തിന്റെ കഴിഞ്ഞകാല താളുകള്‍ മറിച്ചുനോക്കൂ. ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് പ്രബോധനം നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ആശയങ്ങളാണ് അറബ് വസന്തങ്ങളില്‍ ഇതള്‍ വിരിയുന്നത് എന്ന് ബോധ്യപ്പെടും. അഥവാ അത് പ്രബോധനത്തിന്റെ മാത്രം കരുത്തല്ല. പ്രബോധനം പ്രതിനിധാനം ചെയ്യുന്ന ലോകവീക്ഷണത്തിന്റെ കരുത്താണ്.
ഒട്ടനവധി ദീനീ ചലനങ്ങള്‍ നടക്കുമ്പോഴും ആഭ്യന്തരമായ വലിയ ശൈഥില്യവും കേരളത്തിലെ മുസ്‌ലിം സമൂഹം നേരിടുന്നുണ്ട്. കര്‍മശാസ്ത്രപരവും സംഘടനകളുടെ നിലപാടുപരവുമായ അഭിപ്രായ ഭിന്നതകളെ അതര്‍ഹിക്കുന്ന അര്‍ഥത്തില്‍ നോക്കിക്കാണാന്‍ സമുദായ നേതൃത്വങ്ങള്‍ക്ക് കഴിയാതെ പോകുന്നതാണ് ഈ ശൈഥില്യങ്ങളുടെ അടിസ്ഥാന കാരണം. ഇത്തരം ശൈഥില്യങ്ങള്‍ക്ക് ആഴം കൂട്ടുന്നതില്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നതാണ് സത്യം. ഇതില്‍ പരമാവധി സംയമനം പാലിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രബോധനം ശ്രമിച്ചിട്ടുണ്ട്- വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും. ഈ വിഷയത്തില്‍ വ്യതിരിക്തമായൊരു ശൈലിയും ഭാഷയും രൂപപ്പെടുത്താനും അതിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമതായി മുസ്‌ലിം സമൂഹത്തിന്റെ ഒരു പൊതു ശബ്ദമായി ഉയരണമെന്നാണ് പ്രബോധനത്തിന്റെ ആഗ്രഹം. അപ്പോള്‍ സമുദായത്തിനകത്തെ എല്ലാ നല്ല ചലനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും - അതാരുടെ മുന്‍കൈയിലാണെങ്കിലും- പ്രബോധനത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും.
പ്രബോധനം മത പ്രസിദ്ധീകരണത്തിന്റെ ചിട്ടവട്ടങ്ങള്‍ തെറ്റിച്ച പ്രസിദ്ധീകരണം കൂടിയാണ്. കേവല വിശ്വാസ, കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ മാത്രമല്ല പ്രബോധനത്തിന്റെ ഇതിവൃത്തം. വിശ്വാസം, ആരാധന, കര്‍മശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, സ്ത്രീ, കുടുംബം, പരിസ്ഥിതി... തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പ്രബോധനത്തിന്റെയും ഉള്ളടക്കമാണ്. അതുതന്നെയാണ് പ്രബോധനത്തിന്റെ സൗന്ദര്യവും. ഇപ്പോള്‍ കെട്ടിലും മട്ടിലും പ്രബോധനം മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ണ്ണ പേജുകള്‍ ഉള്‍പ്പെടുത്താന്‍ നാം തുടങ്ങിയിരിക്കുന്നു.
വായനക്കാരില്‍ പലര്‍ക്കും പ്രബോധനം കേവലം ഒരു പ്രസിദ്ധീകരണമല്ല. മറിച്ച് അവരുടെ ഗുരുവും വഴികാട്ടിയുമാണ്. കാരണം അവരുടെ ജീവിതത്തിന്റെ രൂപരേഖ മാറ്റിവരച്ചത് പ്രബോധനമാണ്. അവര്‍ക്ക് വഴിയും വെളിച്ചവും നല്‍കുന്നതും പ്രബോധനം തന്നെ.
വിമര്‍ശിക്കാനായി പ്രബോധനം വായിച്ച് അതിന്റെ വക്താക്കളായവര്‍ അക്കൂട്ടത്തിലുണ്ട്. ജീവിതത്തെക്കുറിച്ച മിഥ്യാസ്വപ്നങ്ങളില്‍ നിന്ന് പ്രബോധനം പറഞ്ഞുകൊടുത്ത യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിയവരും അവരിലുണ്ട്. മത ജീര്‍ണതകളോടുള്ള മനംമടുപ്പില്‍ മതവിരോധികളായിത്തീര്‍ന്ന് ഒടുവില്‍ പ്രബോധനം പ്രസരിപ്പിച്ച ഇസ്‌ലാമിന്റെ സൗന്ദര്യത്തിലേക്കാകൃഷ്ടരായി വന്നവരും അക്കൂട്ടത്തിലുണ്ട്. അധാര്‍മികതയുടെ കെട്ട ചളിക്കുണ്ടില്‍ നിന്നും പ്രബോധനം കാണിച്ച ജീവിത വിശുദ്ധിയിലേക്ക് ഉയര്‍ന്നുവന്നവരുമുണ്ട് ഒത്തിരി പേര്‍.
ഇങ്ങനെയെത്രയോ പേര്‍ ഇനിയും നമുക്ക് ചുറ്റിലുമുണ്ട്. അതില്‍ ചിലര്‍ പ്രബോധനത്തിന്റെ ശത്രുക്കളാണ്. ചിലര്‍ക്ക് കേട്ടറിവുണ്ട്, ചിലരാകട്ടെ കണ്ടിട്ടേ ഇല്ല... നാം അവരിലേക്ക് ഈ സൗഭാഗ്യം എത്തിക്കണം. നമ്മെപ്പോലെ അവരും പ്രബോധനത്തിന്റെ കുളിരും ചൂടും ആസ്വദിക്കട്ടെ.
പ്രാര്‍ഥനയോടെ...

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം