Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

മൃഗങ്ങള്‍ക്കും ചെകുത്താന്മാര്‍ക്കും ഇടയില്‍ ചില മനുഷ്യര്‍

ജമീല്‍ അഹ്മദ്

ആദിവാസികള്‍ പ്രശ്‌നക്കാരാണ്, നാഗരികതയും പരിഷ്‌കാരവും പുരോഗതിയും കൊണ്ട് ഭൂമിയെ ഭരിച്ചു കീഴ്‌പ്പെടുത്താന്‍ ഒരുമ്പെട്ടിറങ്ങിയ നാട്ടുകാര്‍ക്ക്. കാടന്മാരെന്നും വനവാസികളെന്നും പറഞ്ഞ് നാമവരെ ആട്ടിയോടിച്ച് മലയകയറ്റി. അവരുടെ മണ്ണും വിഭവങ്ങളും അറിവും നമ്മുടേതാക്കി. വകവെച്ചു നല്‍കിയ നക്കാപ്പിച്ചകള്‍ ഏറ്റുവാങ്ങാന്‍പോലുമാകാതെ ഒരു മനുഷ്യവര്‍ഗം ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്. അതോടൊപ്പം അവരുടെ ഭാഷയും നാട്ടറിവും സംസ്‌കാരവും കൂടി മാഞ്ഞുപോവുകയാണ്. അവരെ എന്തുചെയ്യണം എന്ന കാര്യത്തില്‍ പല വീക്ഷണക്കാരുമുണ്ട്. എല്ലാ വീക്ഷണഗതികളും താന്താങ്ങളുടെ സൗകര്യങ്ങളെ പരിഗണിച്ചുമാത്രമാണ് രൂപപ്പെടുന്നത്. അതത്രയും ഉള്‍ക്കൊള്ളാന്‍ അതിന്യൂനപക്ഷവും ദുര്‍ബലരുമായ ഈ പാവങ്ങള്‍ക്ക് കഴിയുന്നില്ല. അതിനാല്‍ അവര്‍ അടഞ്ഞടഞ്ഞുപോകുന്ന രക്ഷാമാര്‍ഗങ്ങള്‍ക്കു മുന്നില്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഈ ഭൂമിയുടെ യഥാര്‍ഥ അവകാശികളാണ് ആദിവാസികള്‍. എതിര്‍ത്തുനില്‍ക്കാന്‍ കരുത്തും കഴിവുമില്ലാത്തതുകൊണ്ടുമാത്രമാണ് അവര്‍ക്ക് നാഗരന്മാരോട് തോറ്റുപോകേണ്ടിവന്നത്. കേരളത്തില്‍ ഇന്ന് 36 ആദിവാസിവിഭാഗമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മൊത്തം മലയാളികളുടെ ഒരു ശതമാനംപോലും വരില്ല അവരുടെ ജനസംഖ്യ. കണക്ക് എപ്പോഴും കൃത്യമാകണമല്ലോ, അതിനാല്‍ ഇവയെല്ലാം വെറും ധാരണമാത്രമാണ്. സര്‍ക്കാറിന് ആദിവാസികളുടേതായ ഒരു സംഗതികളിലും കൃത്യമായ  കണക്കില്ല. അവര്‍ക്കു വേണ്ടി ചെലവഴിച്ച കോടികളെക്കുറിച്ചുപോലും. സ്വാതന്ത്ര്യം കിട്ടി ഇന്നോളം ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിച്ച കോടികള്‍ ഒരുമിച്ചെടുത്താല്‍ ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഓരോ ആദിവാസിക്കും രണ്ടുകോടിയോളം രൂപ ലഭിക്കുമെന്ന് ഈയിടെ വായിച്ചതോര്‍ക്കുന്നു. എന്നാല്‍ പട്ടിണിമൂലം മരിക്കുന്ന ആദിവാസി കുഞ്ഞുങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നുകഴിഞ്ഞു. ഈ പാവങ്ങളുടെ പേരില്‍ ചെലവാക്കിയ തുകയത്രയും എവിടെപ്പോയി? ആര് സ്വന്തമാക്കി?
എല്ലാ അധിനിവേശങ്ങളും ആദ്യം കുതിരകയറുന്നത് ആദിവാസികള്‍ക്കു മേലെയാണ്. അമേരിക്കപോലും വെള്ളക്കാരുടേതാകുന്നതിനുമുമ്പ് ചുവന്ന ഇന്ത്യക്കാര്‍ എന്ന് പേരിടപ്പെട്ട ആദിവാസികളുടേതായിരുന്നു. മായന്‍ - ഇന്‍കാ തുടങ്ങിയ പുരാതന സാംസ്‌കാരിക മുദ്രകളെയും അതിനെ നൂറ്റാണ്ടുകളോളം പോറ്റിയെടുത്ത ആദിവാസികളെയും കൊന്നൊടുക്കിയാണ് അമേരിക്ക സ്ഥാപിച്ചെടുത്തത്. ആസ്‌ത്രേലിയക്കും ആഫ്രിക്കക്കും എല്ലാം ഇത്തരം ഇരുട്ടുനിറഞ്ഞ ചരിത്രത്തിന്റെ പിന്നാമ്പുറമുണ്ട്. നമ്മള്‍ ഇന്ത്യക്കാര്‍ മാത്രം പിന്നിലാവരുതല്ലോ. ആര്യാധിനിവേശത്തിന്റെ മഴുമുനകള്‍ വീണ്ടെടുത്ത് ബ്രാഹ്മണന് ദാനം നല്‍കിയ ഭൂമിയെല്ലാം അസുരന്റേതായിരുന്നു. അസുരന്‍ പാപിയും കറുത്തവനും കാട്ടാളനും അപരിഷ്‌കൃതനും മനുഷ്യഭോജിയുമായി പുരാണകഥകളില്‍ നിറഞ്ഞു. അവരെ കൊന്നൊടുക്കിയും കാട് ചുട്ടെരിച്ചുമാണ് ആര്യാവര്‍ത്തം പണിതുയര്‍ത്തിയത്. അതിന്റെ അവസാനത്തെ വിളവെടുപ്പായിരുന്നു പരശുരാമന്‍ മഴുകൊണ്ട് കേരളതീരത്ത് കൊയ്‌തെടുത്ത മണ്ണ്. അതേ വംശഹത്യയുടെ പ്രതിപ്പട്ടികയില്‍  നൂറ്റാണ്ടുകളുടെ ഇങ്ങേയറ്റത്ത് കൂട്ടുപ്രതികളായി നമ്മളൊക്കെയുമുണ്ട് എന്ന സത്യമാണ് ഇന്നത്തെ ഈ ആദിവാസിക്കണക്കുകളില്‍ നമ്മുടെ ഭാഗധേയം.
കാട്ടില്‍ പാര്‍പ്പ് ശീലിച്ച, സ്വന്തമായ ജൈവഘടനകളുള്ള ഇവരുടെ ആവാസ വ്യവസ്ഥയും ജീവിതവ്യവസ്ഥയും നാടന്മാര്‍ തകിടം മറിച്ചു. നാടിനെക്കാള്‍ ഭദ്രമായ കാടിന്റെ നടപടിക്രമങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞപ്പോള്‍ ആദിവാസിക്ക് കാടും നാടും ഇല്ലാതായി. പുകയിലയും ചാരായവും കൊടുത്ത് നഗരവാസികള്‍ അവന്റെ മണ്ണിനെയും പെണ്ണിനെയും നശിപ്പിച്ച് മുന്നേറിയപ്പോള്‍ കാടിനകത്തേക്കും നാടിനടുത്തേക്കും മാറാനാവാതെ ആദിവാസി കുഴങ്ങി. വനവാസികളുടെ ഈ സ്വത്വപ്രതിസന്ധി സര്‍ക്കാറിന്റെ എല്ലാ ആദിവാസി പുനരുദ്ധാരണ പദ്ധതികളും നേരിടുന്നുണ്ട്. കാടിനു നടുവില്‍ പാര്‍ത്തു ശീലിച്ച അവര്‍ക്ക് നാട്ടില്‍ കോണ്‍ക്രീറ്റ് കൂരകള്‍ നിര്‍മിച്ചു നല്‍കി സര്‍ക്കാര്‍. അനേക കോടികള്‍ അതിനുവേണ്ടി മുടക്കി. എല്ലാം പാഴായി. മിക്ക ആദിവാസികള്‍ക്കും അതില്‍ പാര്‍ക്കാന്‍ കഴിഞ്ഞില്ല. നാട്ടിലെ ചെകുത്താന്മാര്‍ക്കിടയില്‍ പെണ്‍മക്കളെക്കൂട്ടി അന്തിയുറങ്ങുന്നതിനെക്കാള്‍ സമാധാനം കാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ കഴിയുന്നതാണെന്ന് പാര്‍പ്പുറപ്പിച്ച പാവങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. 
ഇന്ത്യന്‍ ഭരണഘടനപ്രകാരം സെക്ഷന്‍ 431-ല്‍ വരുന്ന ജനവിഭാഗമാണ് പട്ടിക വര്‍ഗക്കാര്‍ (ഷെട്യൂള്‍ഡ് ട്രൈബ്‌സ്). അവര്‍ക്കുവേണ്ട എല്ലാ ജീവിതവിഭവങ്ങളും നല്‍കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. കേന്ദ്രത്തിനു കീഴിലും സംസ്ഥാന സര്‍ക്കാറുകള്‍ക്കുകീഴിലും പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളുമുണ്ട്. പ്രത്യേക പൗരാവകാശങ്ങളും നിയമസംരക്ഷണവും അധികാരിവര്‍ഗം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒട്ടേറെ കോടികള്‍ വര്‍ഷം തോറും ഇവര്‍ക്കുവേണ്ടി നീക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും ധനാര്‍ത്തിയും അലസതയും കൊണ്ട് നക്കാപ്പിച്ചയുടെ ഉപകാരം പോലും ആദിവാസികളിലെത്തുന്നില്ല.
പായയും പ്ലാസ്റ്റിക് ബക്കറ്റും ഇരുന്നൂറുരൂപയും ലഭിക്കുമെന്ന് കേട്ടപ്പോള്‍ മുന്നും പിന്നും ആലോചിക്കാതെ ഒട്ടേറെ ആദിവാസി പുരുഷന്മാര്‍ സര്‍ക്കാര്‍ ചെലവില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായി. അതിന്റെ കണക്കുപറഞ്ഞ് ഉദ്യോഗസ്ഥര്‍ അലവന്‍സും സ്ഥാനക്കയറ്റവും നേടി. എന്നാല്‍, അറനാടര്‍, കുറിച്യര്‍ തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ സന്തതിപരമ്പരകളില്ലാതെ കുറ്റിയറ്റു പോവുകയാണിന്ന്. അങ്ങനെ മറ്റൊരുവിധത്തില്‍ യൂറോപ്പിലെ വെള്ളക്കാര്‍ പയറ്റിയ അതേ തന്ത്രം പുറത്തെടുത്ത് കേരളീയരും ആദിവാസികളെ തുലച്ചു. കേരളത്തിലെ മലപ്രദേശങ്ങളിലും കാടുകളിലുമുണ്ടായ കുടിയേറ്റം ആദിവാസികളുടെ വംശഹത്യക്ക് കാരണമായിട്ടുണ്ട്. അന്നുതൊട്ടിന്നോളം കുടിയേറ്റക്കാരുടെ ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നു. അവിവാഹിതരായ ആദിവാസി അമ്മമാരുടെ ഗര്‍ഭപാത്രങ്ങളിലേക്ക് നഗരവാസികളുടെ കാമാര്‍ത്തിയുടെ ബീജം പകര്‍ന്നതിന് ഏത് ചരിത്രമാണ് കേരളീയ പൊതുസമൂഹത്തിന് മാപ്പുനല്‍കുക. ആദിവാസി ഊരുകളില്‍ എയ്ഡ്‌സ് രോഗം പകര്‍ന്നു മരിക്കുന്നവരുടെ 'പുതിയ സര്‍ക്കാര്‍ കണക്ക്' പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്ന നമ്മെ ഭീകര കുറ്റവാളികളാക്കിയും മാറ്റുന്നു.
എങ്ങനെയാണ് ഇത്തരം ഒരു ജനവിഭാഗത്തെ സമീപിക്കേണ്ടത് എന്ന നൈതികമായ ചിന്ത പ്രസക്തമാണിവിടെ. ആദിവാസികളുടെ ജീവിതവും സംസ്‌കാരവും അതുപോലെ സംരക്ഷിച്ച്, കാടും കാട്ടറിവുകളും അവരെ തിരികെയേല്‍പ്പിച്ച് പരിഷ്‌കാരത്തിലേക്കും പുരോഗതിയിലേക്കും അവരെ വലിച്ചിഴക്കാതെ നാം മുന്നോട്ടുപോകാമോ എന്നാണ് ഒരു ചോദ്യം. അവരെ കാട്ടില്‍നിന്ന് നാട്ടിലേക്ക് വലിച്ചിഴച്ച് കുപ്പായവും ജീന്‍സും അണിയിച്ച് കോണ്‍ക്രീറ്റ് വീടുകളില്‍ പാര്‍പ്പിക്കാമോ എന്നാണ് മറ്റൊരു വാദം. രണ്ടിനും ഇടക്ക് മറ്റൊരു മാര്‍ഗമുണ്ടോ എന്നാണ് ചിലര്‍ അന്വേഷിക്കുന്നത്. എല്ലാ സമീപനങ്ങളുടെയും കേന്ദ്രം 'നമ്മളാ'ണ് എന്നതാണ് പ്രധാന പ്രശ്‌നം. മാതൃക നഗരമാണ്. അതിലേക്ക് അടുപ്പിക്കുകയോ അകറ്റുകയോ വേണ്ടത് എന്ന സംശയം മാത്രമാണ് ബാക്കി. ഈ അടുത്ത കാലം വരെ, നഗ്നരായി നടന്ന് പാറമടകളില്‍ അന്തിയുറങ്ങി മൃഗങ്ങളെപ്പോലെ പുലര്‍ന്ന ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ മുതലായ ആദിവാസി വിഭാഗങ്ങള്‍ വരെയുണ്ട് വനപ്രദേശങ്ങളില്‍. സ്വത്വസംരക്ഷണത്തിന്റെ ഭാഗം വാദിക്കുന്നവര്‍ അവരെ അങ്ങനെയങ്ങ് വിട്ടുകളയണമെന്നും അഭിപ്രായപ്പെട്ടേക്കും.
ആദിവാസികളെ പരിഷ്‌കാരത്തിലേക്ക് ചേര്‍ക്കാനും നാഗരികനാക്കാനും ഉണ്ടായ ശ്രമങ്ങളും പലതാണ്. ആയിരക്കണക്കിന് നാട്ടുപച്ചമരുന്നുകളെക്കുറിച്ചും പലവിധ രോഗങ്ങള്‍ക്കുള്ള ഔഷധികളെക്കുറിച്ചും ജ്ഞാനമുണ്ടായിരുന്ന ആദിവാസികള്‍ക്ക് ഇപ്പോള്‍ കോളനികളില്‍ ആരോഗ്യവകുപ്പ് പകര്‍ച്ചപ്പനി തടയാന്‍ 'പാരസെറ്റമോള്‍' വിതരണം ചെയ്യുകയാണ്. അതേ ദുരന്തം തന്നെയാണ് അവര്‍ക്ക് ക്രിസ്തുദേവന്റെ ചിത്രവും കുരിശും നല്‍കുന്നതിലുമുള്ളത്. വനവാസി വിഭാഗത്തെ ഹിന്ദുവായി പരിവര്‍ത്തിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും മറ്റൊരു തരത്തിലുള്ള അധിനിവേശംതന്നെ. സര്‍ക്കാര്‍ ജോലിയും പഠനസൗകര്യങ്ങളും വേണ്ടുവോളം കൊടുത്ത് ആദിവാസിയെ മനുഷ്യനാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പെടാപാട്, ജാതിചിന്തകള്‍ ഇന്നും അട്ടിയട്ടിയായിക്കിടക്കുന്ന പൊതുമനസ്സിലേക്കിറങ്ങുകയില്ല. ഹരിജനായ ഉദ്യോഗസ്ഥന്‍ അടുത്തൂണ്‍ പറ്റിയാല്‍ കസേര പുണ്യാഹം തളിച്ചുപയോഗിക്കുന്ന കാടന്‍മാരാണല്ലോ 'സംസ്‌കാരമ്പന്നനാ'യ കേരളീയന്‍.
പിന്‍വാതില്‍ - ഉണ്ണികൃഷ്ണന്‍ ആവള എന്ന യുവ സംവിധായകന്‍ മൂന്നുവര്‍ഷം നീണ്ട അധ്വാനത്തിലൂടെ തയാറാക്കിയ 'അവസാനത്തെ താള്‍' എന്ന ഡോക്യുമെന്ററി നിലമ്പൂര്‍ മേഖലയിലെ ഏതാനും ആദിവാസി വിഭാഗങ്ങളുടെ ഞെട്ടിക്കുന്ന വര്‍ത്തമാനം പകര്‍ന്നു തരുന്നു. ചാരായവും പുകയിലയും നല്‍കി ഒരു സംസ്‌കാരത്തെ എങ്ങിനെയാണ് നാം ചവുട്ടിത്താഴ്ത്തിക്കളയുന്നത് എന്ന സത്യം ആ ഡോക്യുമെന്റെറി പകര്‍ത്തിവെച്ചിരിക്കുന്നു. എയ്ഡ്‌സ് ബാധിച്ചു മരിച്ച ഒരു ആദിവാസിയുടെ ജഡം ശവസംസ്‌കാരത്തിന് കൊണ്ടുപോകുന്നവരുടെ കൈയില്‍ നിന്ന് താഴെ വീണുപോകുന്ന, ഞെട്ടിപ്പിക്കുന്ന രംഗത്തോടെയാണ് 'ദ ലാസ്റ്റ് പേജ്' അവസാനിക്കുന്നത്.
കൃത്യമായ സന്ദര്‍ഭങ്ങളില്‍ അത്യാവശ്യത്തിന് ഞെട്ടി സമാധാനിച്ച് തീരുന്നതാണല്ലോ നമ്മുടെ പ്രതികരണശേഷി.
9895437056 [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം