Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

ഗനൂശി അന്ന് പറഞ്ഞത്

ഗനൂശി അന്ന് പറഞ്ഞത്
പി.എം മുത്തുകോയ / എടരിക്കോട്

അറബ് വസന്തത്തിന്റെ ഇടിമുഴക്കങ്ങളും മുല്ലപ്പൂ വിപ്ലവത്തിന്റെ സുഗന്ധവും വഹിച്ചെത്തിയ 2011 നവംബര്‍ 5-ലെ പ്രബോധനം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. തുനീഷ്യന്‍ വിപ്ലവ നേതാവ് ശൈഖ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരിയില്‍ ശാന്തപുരം അല്‍ജാമിഅ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വരികയുണ്ടായി. അന്ന് പ്രബോധനത്തില്‍ (2008 ഏപ്രില്‍ 5) അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒരു പുനര്‍വായനക്ക് വിധേയമാക്കുന്നത് അവസരോചിതമായിരിക്കും. ആ പണ്ഡിത നായകന്റെ അന്നത്തെ പരാമര്‍ശങ്ങള്‍ പകല്‍വെളിച്ചം പോലെ പുലര്‍ന്നുവരുന്നത് ഒരു പുത്തന്‍ പുലരിക്കായി കാത്തിരിക്കുന്ന ആരിലും ആവേശവും ആത്മവിശ്വാസവും പകരാതിരിക്കില്ല.
ഇസ്‌ലാമിക ലോകത്തിന്റെ ഭാവിയെ സംബന്ധിച്ച് അദ്ദേഹം പറയുന്നത് കാണുക: '' നിലവിലുള്ള സ്വേഛാധിപത്യത്തിന് നിലനില്‍പില്ല. ജനങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇളകിവശാവും. അതോടെ അത്ഭുതങ്ങള്‍ സംഭവിക്കും.... ഇസ്‌ലാമിക ലോകത്ത് സമീപ ഭാവിയില്‍ മാറ്റങ്ങളുണ്ടാവും എന്നാണെന്റെ പ്രതീക്ഷ. ഈജിപ്ത് കേന്ദ്രീകരിച്ചായിരിക്കും ആ മാറ്റം എന്നെനിക്ക് തോന്നുന്നു (പക്ഷേ, അദ്ദേഹത്തിന്റെ സ്വന്തം തുനീഷ്യക്ക് തന്നെയാണ് ആ ഭാഗ്യം ലഭിച്ചത്). അവിടെയുള്ള അസംതൃപ്തരായ ജനങ്ങള്‍ മാറ്റത്തിന് നാന്ദി കുറിക്കും. ഈജിപ്ത് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് മാറേണ്ടിവരും.''
ഇസ്‌ലാമിന്റെ വിജയത്തെപ്പറ്റിയും പാശ്ചാത്യരുടെ സമീപനങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ''കഴിഞ്ഞ കുറേ ദശകങ്ങളായി അനുകൂലമായ വമ്പിച്ച മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഇസ്‌ലാമിന്റെ അന്തിമ വിജയത്തിലേക്കുള്ള ചുവടുവെപ്പുകള്‍ തന്നെയാണെന്നതില്‍ സംശയമില്ല.... ഇസ്‌ലാമിക ലോകവുമായി സമവായത്തിലെത്തുന്നതാണ് ബുദ്ധി എന്ന് പടിഞ്ഞാറിന് വൈകാതെ ബോധ്യപ്പെടും. അതോടെ അവര്‍ക്ക് ഇസ്രയേലിനെ കൈവിടേണ്ടിവരും. ഇസ്രയേല്‍ എന്ന ഒരു രാജ്യത്തിന് പിന്നെ നിലനില്‍പുണ്ടാവുകയില്ല.''
ഇന്ത്യന്‍ മുസ്‌ലിംകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നേരിടുന്ന ശാരീരിക ഉന്മൂലന ഭീഷണിയോട് തുല്യനാണയത്തില്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണവും ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: ''അത്തരം പ്രതിരോധം ദോഷമേ ചെയ്യൂ. മുസ്‌ലിംകളെ സംരക്ഷിക്കേണ്ടതുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ അത് രാഷ്ട്രത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി രാഷ്ട്രത്തെക്കൊണ്ടുതന്നെ ചെയ്യിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സ്വന്തം മിലീഷ്യ ഉണ്ടാക്കിക്കൊണ്ടല്ല.''
ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി കാണുക: ''രാഷ്ട്രീയപങ്കാളിത്തം പ്രസ്ഥാനം ഗൗരവമായെടുക്കണം. ഇക്കാലത്ത് ഇന്ത്യ പോലുള്ള രാജ്യത്ത് മതപരമായിത്തന്നെ നിര്‍ബന്ധമാണത്. രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാതെ മാറിനിന്നാല്‍ അത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വലിയ ദോഷം ചെയ്യും.''
''ജമാഅത്തെ ഇസ്‌ലാമി സമാന മനസ്‌കരെ കൂടി ഉള്‍പ്പെടുത്തി ഒരു പാര്‍ട്ടി ഉണ്ടാക്കുകയാണ് വേണ്ടത്. അതൊരു സ്വതന്ത്ര ജനകീയ പാര്‍ട്ടിയായിരിക്കണം. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും അതില്‍ പങ്കാളിത്തമുണ്ടായിരിക്കണം. നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ പോലുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് അത് മുന്നോട്ട് പോകണം.''

മാധ്യമങ്ങള്‍ക്കിഷ്ടം  സമുദായ വേട്ട തന്നെ
ഷഫീഖ് താനാളൂര്‍ /തിരൂര്‍

കോഴിക്കോട് ജില്ലയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയപ്പോഴും പെരുമ്പാവൂരിലും പാലക്കാട്ടും അതിന്റെ തനിയാവര്‍ത്തനം നടന്നപ്പോഴും ചാനലുകാരുടെ റിപ്പോര്‍ട്ടിംഗില്‍ വന്ന വൈരുധ്യം എണ്ണിയെണ്ണിപ്പറഞ്ഞ 'ഇങ്ങനെയോരോന്ന് ചിന്തിച്ച് ചിന്തിച്ച്' പ്രസക്തമായി. ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കിക്കൊണ്ടുള്ള ചാനല്‍ വിചാരണ അപഹാസ്യമാണ്. ദേശീയതലത്തില്‍ തന്നെ മുസ്‌ലിം ജനസമൂഹത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വേട്ട തന്നെയാണ് കൊടിയത്തൂര്‍ സംഭവത്തിലും റിപ്പോര്‍ട്ടര്‍മാര്‍ ആവര്‍ത്തിച്ചത്. കേരളത്തിലും ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ ഒളിയമ്പുകള്‍ ഒരുക്കിവെച്ചിരിക്കുകയാണ് ജേര്‍ണലിസ്റ്റുകള്‍ എന്ന് വ്യക്തം.
മാലേഗാവിലെ ഹാമിദിയ മസ്ജിദ് സ്‌ഫോടനക്കേസില്‍ അഞ്ചു വര്‍ഷം ജയിലില്‍ നിരപരാധികളായി കഴിഞ്ഞ ഏഴു പേരെ വെറുതെ വിട്ടതും ഗുജറാത്തില്‍ കള്ളക്കേസുകളില്‍ കുടുക്കി നിരപരാധികളെ ജയിലിലടച്ചതും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളിയായ ജാവേദും നമ്മുടെ ചാനലുകാര്‍ക്ക് എക്‌സ്‌ക്ലൂസീവ് വാര്‍ത്തയല്ലാതായി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം സസ്‌പെന്റ് ചെയ്തതും അന്യായ കേസുകള്‍ ചാര്‍ത്തി അവരെ വേട്ടയാടിയതുമൊക്കെ വേണ്ടത്ര വിശകലനങ്ങള്‍ക്ക് വിധേയമായില്ല.

ടി.കെയുടെ  പ്രസംഗങ്ങള്‍
മുഹമ്മദ് പാറക്കടവ്
ദോഹ-ഖത്തര്‍ [email protected]

തലശ്ശേരി ഗോപാല പേട്ടയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി ഉത്തര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയത്തിലെ വിഷയം ഇന്ത്യയുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളുമായിരുന്നു. വി.കെ അലി അവതാരകനും ടി.പി കുട്ട്യാമു സാഹിബ്, അരങ്ങില്‍ ശ്രീധരന്‍, ഫാദര്‍ ജോസഫ് മൈലാടിയില്‍, കരിമ്പുഴ രാമകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭര്‍ പ്രസംഗകരുമായിരുന്ന ചടങ്ങില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചത് പരേതനായ ചാത്തുണ്ണി മാസ്റ്റര്‍. 'ധര്‍മമല്ല അപ്പമാണ് പ്രധാന പ്രശ്‌നമെന്ന്' മാസ്റ്റര്‍ അല്‍പം പരിഹാസത്തോടെയാണ് വിശദീകരിച്ചത്. 'അപ്പവും വേണം, ധര്‍മവും വേണം. സിംബോസിയം നടത്താനുള്ള സ്വാതന്ത്ര്യവും വേണ'മെന്ന ടി.കെയുടെ മറുപടി നീണ്ട കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു.
ഡോ. അഹ്മദ് തൂത്തന്‍ജി മുഖ്യാതിഥിയായി പങ്കെടുത്ത ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗിന്റെ സംസ്ഥാന സമ്മേളനത്തില്‍ 'സുപ്രസിദ്ധമായ അല്ലെങ്കില്‍ കുപ്രസിദ്ധമായ മാനാഞ്ചിറ മൈതാനത്ത്' ആദ്യമായി തനിക്ക് പ്രസംഗിക്കാന്‍ അവസരം ഒരുക്കിയത് ഒരു വിദ്യാര്‍ഥി സംഘടനയാണ് എന്നതില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചുകൊണ്ടാരംഭിച്ച പ്രസംഗത്തിലെ ഓരോ വാചകം തീരുമ്പോഴും ഞങ്ങള്‍ കൈയടിച്ചു. 'നബിയുടെ കാലത്തെ മുസല്‍മാന്‍ കോഴിയെ അറുക്കുന്ന മുല്ലയായിരുന്നില്ല. മിസ്‌വാക്ക് മുറിക്കുന്ന മുസ്‌ലിയാരുമായിരുന്നില്ല', നാട്ടിലെ ഇന്‍സാന്‍ കാട്ടിലെ ഹയ്‌വാനേക്കാള്‍ മോശപ്പെട്ട ശൈത്താനായി മാറിയ കാലം തുടങ്ങിയ പ്രയോഗങ്ങള്‍ കേട്ട് അര്‍ഥമറിഞ്ഞില്ലെങ്കിലും 'തഅജ്ജബ്തു...' (ആശ്ചര്യപ്പെട്ടുപോയി) എന്നാണ് തൂതന്‍ജി പ്രതികരിച്ചത്.
അടിയന്തരാവസ്ഥ കഴിഞ്ഞ് ജമാഅത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുകയും പ്രബോധനം വാരിക പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതിനോടനുബന്ധിച്ച് മുതലക്കുളത്ത് 1977 ഏപ്രില്‍ 20-ന് ടി.കെ ചെയ്ത പ്രസംഗം വികാരോജ്വലമായിരുന്നു. പരേതനായ ശൈഖ് അബ്ദുല്ല അന്‍സാരി (ഖത്തര്‍), അലി ഹാഷിമി (അബൂദാബി), അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് എന്നിവരും പങ്കെടുത്തിരുന്നു. 'ഇതുവരെ നിലനിന്നിരുന്നത് ഭയാധിപത്യമായിരുന്നു', 'വടക്കുദിച്ചത് സൂര്യനോ ചന്ദ്രനോ ധൂമകേതുവോ എന്തായാലും' തുടങ്ങിയ വാചകങ്ങള്‍ ടേപ്പ് റെക്കോര്‍ഡ് വെച്ച് പലതവണ കേട്ടിരുന്നു. ജനസംഘം നേതാവായിരുന്ന ദത്താത്രേയ റാവുവിനെ പോലുള്ളവര്‍ ആ വാഗ്‌ധോരണയില്‍ ലയിച്ചിരുന്നു പോയിട്ടുണ്ട്.


അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മതവും രാഷ്ട്രീയവും
എ.വി ഫിര്‍ദൗസ്

വീരപുത്രന്‍ സിനിമയുമായി ബന്ധപ്പെടുത്തി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെക്കുറിച്ച് പ്രബോധനം നവംബര്‍ 19-ല്‍ വന്ന വിലയിരുത്തലുകള്‍ ശ്രദ്ധേയങ്ങളായിരുന്നു. കേരളീയ മുസ്‌ലിം സമൂഹത്തില്‍ യഥാര്‍ഥ നവോത്ഥാനത്തിന്റെ നാന്ദി അബ്ദുര്‍റഹ്മാന്‍ സാഹിബില്‍ നിന്നാണ്. പക്വമായ വിശ്വാസാദര്‍ശങ്ങളും സുസ്ഥിരമായ മൂല്യപ്രതിബദ്ധതയും കൊണ്ട് രാഷ്ട്രീയ ജീവിതത്തില്‍ ആദര്‍ശാത്മകതയുടെ യഥാര്‍ഥ പ്രതിരൂപമായി മാറിയ അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തുള്ള മുസ്‌ലിംകള്‍ക്ക് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്. സാമുദായിക രാഷ്ട്രീയത്തിന്റെ അപകട സാധ്യതകളും ഭാവി അപചയങ്ങളുമൊക്കെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ടാണ് സാഹിബ് അന്നത്തെ മുസ്‌ലിം ലീഗിനെ രൂക്ഷമായെതിര്‍ത്തത്.


ഇ.വി ആലിക്കുട്ടി മൗലവിയെപ്പറ്റി
കെ.പി ഉമ്മര്‍ /മാറഞ്ചേരി

ഇ.വി ആലിക്കുട്ടി മൗലവിയെക്കുറിച്ച് സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ അനുസ്മരണം വായിച്ചു (ലക്കം 24). ഒരു പണ്ഡിതന്‍ എന്ന നിലയില്‍ മാറഞ്ചേരിയിലെ മുജാഹിദുകള്‍ പണ്ടുമുതലേ അദ്ദേഹത്തെ പരിഗണിക്കാറുണ്ടായിരുന്നു. മുജാഹിദുകളുടെ തറവാട്ടുകാരന്‍ എന്ന നിലയില്‍ പ്രത്യേകം അംഗീകാരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. എഴുപതുകളില്‍ ഒരിക്കല്‍ മുജാഹിദുകള്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ അദ്ദേഹം ഖുത്വ്ബ നടത്താന്‍ വന്നത് കുട്ടിക്കാലത്തെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നു. അടിയന്തരാവസ്ഥക്കു ശേഷം മാറഞ്ചേരിയില്‍ ജമാഅത്ത് പ്രവര്‍ത്തനം വ്യവസ്ഥാപിതമായി. കുഞ്ഞഹമ്മദ് ഹാജി, പി.സി ബാപ്പു, ആലിക്കുട്ടി മൗലവി എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. ആലിക്കുട്ടി മൗലവി എടവനക്കാട് നിന്ന് അവധിക്ക് വരുമ്പോഴെല്ലാം പണ്ഡിതോചിതമായ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടായി. ചിലപ്പോള്‍ പൊതുയോഗങ്ങളും സംഘടിപ്പിക്കും. സുന്നി-മുജാഹിദ് വാദപ്രതിവാദങ്ങളുടെ ബഹളമയമായ മാറഞ്ചേരിയില്‍ ഒരിക്കല്‍ ആലിക്കുട്ടി മൗലവി പ്രസംഗിച്ചു. സമുദായ ഐക്യം തകരുന്നത് ശിര്‍ക്കിനേക്കാള്‍ മാരകമാണെന്ന് ഹാറൂന്‍ നബി മൂസാ നബിയോട് പറയുന്ന ഖുര്‍ആന്‍ ഭാഗം വിശദീകരിച്ച് പ്രസംഗിച്ചു. അത് നല്ല ഫലം ചെയ്തു. അനുസ്മരണത്തില്‍ സൂചിപ്പിച്ച പ്രസംഗം ഉമര്‍ മൗലവിക്കുള്ള മറുപടിയായിരുന്നു. അന്നുതന്നെ യാദൃഛികമായി മാറഞ്ചേരിയിലെത്തിയ എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പ്രസംഗിച്ചു. പിന്നീട് ഉമര്‍ മൗലവി ഇബാദത്ത് എന്ന വിഷയവുമായി മാറഞ്ചേരിയില്‍ വന്നിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം