Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 10

അറബ് വസന്തത്തില്‍ നിന്ന് മുതലെടുക്കുന്നു?

മുജീബ്

അറബ് വസന്തത്തില്‍ നിന്ന് മുതലെടുക്കുന്നു?
 "ചില അറബ് രാഷ്ട്രങ്ങളില്‍ നടന്ന വിപ്ളവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലും സമാന വിപ്ളവത്തിന് യുവജനങ്ങളെ സജ്ജമാക്കാന്‍ സാധിക്കുമോ എന്ന ജമാഅത്തെ ഇസ്ലാമിയുടെ  പരീക്ഷണം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ റഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സദ്ദാം ഹുസൈനെ ഒരു ഘട്ടത്തില്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കിയ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് കടം കൊണ്ടതാവണം ഈ ശൈലി. തഹ്രീര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ലക്ഷങ്ങള്‍ കാണിച്ച ധര്‍മബോധവും സമാധാന സംരക്ഷണ ശീലവും പ്രചരിപ്പിക്കാതെ ഭരണകൂടങ്ങള്‍ക്കെതിരില്‍ യുവസമൂഹത്തെ തിരിച്ചുവിടാനാണ് ജമാഅത്തെ ഇസ്ലാമി പരീക്ഷണം നടത്തുന്നത്. ഇതിലൂടെ യുവാക്കളെ സ്വാധീനിച്ചു രാഷ്ട്രീയ ഇടം നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം കേരളത്തില്‍ വിലപ്പോവില്ലെന്നും നവസമൂഹം വഞ്ചിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു.''
പ്രതികരണം?
വി.പി അബ്ദുല്‍ ഹമീദ് / മുന്നിയൂര്‍
വിചിത്രമായ മാനസികാവസ്ഥയിലാണ് അറബ് വസന്തം കേരളത്തിലെ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയില്‍ ചിലരെയും ചില മതസംഘടനകളുടെ വക്താക്കളെയും എത്തിച്ചിരിക്കുന്നത്. ദുന്‍യാവിലെ എല്ലാ രാഷ്ട്രീയ, മത ചലനങ്ങളെയും ജമാഅത്തെ ഇസ്ലാമി എങ്ങനെ വീക്ഷിക്കുന്നു എന്ന് നിരീക്ഷിച്ച് സാധ്യമാണെങ്കില്‍ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുക, അല്ലെങ്കില്‍ അതില്‍ നിന്ന് ജമാഅത്ത് മുതലെടുക്കുന്നുവെന്ന് മുറവിളികൂട്ടുക എന്നതാണ് ഇവരുടെ സമീപനം.
അമേരിക്കയും കൂട്ടാളികളും തീവ്രവാദത്തിന്റെയും ഭീകരതയുടെയും സ്രോതസ്സുകളായി ഇസ്ലാമിനെയും മുസ്ലിംകളെയും മുദ്രകുത്തിത്തുടങ്ങിയതില്‍ പിന്നെ നമ്മുടെ 'മിതവാദികളായ' മത, സാമുദായിക സംഘടനകളുടെ മുഖ്യജോലി, മറ്റു കാരണങ്ങളാല്‍ അവര്‍ പ്രതിയോഗികളായി കാണുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ മതരാഷ്ട്രവാദവും തീവ്രവാദവും ആരോപിച്ച് ഇസ്ലാമിന്റെ ശത്രുക്കളുടെ കൈയടി വാങ്ങുകയാണ്. മുസ്ലിം ലോകത്ത് തീവ്രവാദപരമായ ചിന്തകളുടെ പകര്‍പ്പവകാശം ഹസനുല്‍ ബന്നക്കും സയ്യിദ് ഖുത്വ്ബിനും  മൌദൂദിക്കുമാണെന്ന് അസത്യജടിലമായും നിരുത്തരവാദപരമായും പ്രോപഗണ്ട നടത്തിയവരാണിവര്‍. ഇപ്പോള്‍ പക്ഷേ, അമേരിക്ക പോലും വീണ്ടുവിചാരത്തിലേക്കും തിരിച്ചറിവിലേക്കും നീങ്ങുകയാണ്. അറബ് മുസ്ലിം ലോകത്തെ സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ സ്വാര്‍ഥ ലാഭങ്ങള്‍ക്കുവേണ്ടി മതേതരത്വ മുഖംമൂടി അണിയുകയായിരുന്നുവെന്നും ആ നാടുകളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അവരുടെ വിശ്വാസാദര്‍ശങ്ങളോട് ഏറ്റുമുട്ടാത്ത മത-രാഷ്ട്രീയ-ജനാധിപത്യ മാറ്റങ്ങളാണെന്നും തുനീഷ്യയും ഈജിപ്തും ലിബിയയും യമനും മൊറോക്കോയും തെളിയിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ദീര്‍ഘദൃഷ്ടിയും പ്രായോഗിക ബുദ്ധിയും സമാധാന തല്‍പരതയുമാണ് ഈ മാറ്റങ്ങളുടെ അന്തര്‍ധാര എന്നും പൊതുവെ മനസ്സിലാക്കപ്പെടുന്നുണ്ട്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മതേതരത്വ പൊയ്മുഖമാണ് അവിടങ്ങളില്‍ ദൃശ്യമാവുന്നതെന്ന ചില സ്യൂഡോ സെക്യുലരിസ്റുകളുടെ രോഷം കൊള്ളല്‍ അറബ് ലോകത്തെ ജനങ്ങള്‍ പങ്കിടുന്നില്ല; പൊതുസമൂഹത്തിലെ നിഷ്പക്ഷമതികളും.
മതം വേറെ രാഷ്ട്രീയം വേറെ എന്ന് തീരുമാനിച്ച് മതത്തെ ബാലിശങ്ങളായ വിവാദങ്ങളില്‍ തളച്ചിടുകയും രാഷ്ട്രീയത്തെ സദാചാര വിരുദ്ധരും അഴിമതി കോമരങ്ങളുമായ നേതാക്കള്‍ക്ക് പതിച്ചുനല്‍കുകയും ചെയ്ത പൌരോഹിത്യാശ്രിത സംഘടനകള്‍ക്ക് അറബ്ലോകത്തെ മാറ്റങ്ങളെക്കുറിച്ച് വിലയിരുത്താന്‍ പോലും ധാര്‍മികമായി അര്‍ഹതയില്ല. ആര്‍, എങ്ങനെ ഭരിച്ചാലും 'തങ്ങളെ സഹായിക്കുന്നവരെ തങ്ങളും സഹായിക്കും' എന്ന അറുപിന്തിരിപ്പന്‍ ഫോര്‍മുലയാണ് നമ്മുടെ മതസംഘടനകള്‍ അഭിമാനപൂര്‍വം കൊണ്ടുനടക്കുന്നത്.
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ബഹുസ്വര സമൂഹത്തിലും രാജ്യത്തുമാണെന്ന കൃത്യമായ ബോധത്തോടെയാണ് തുടക്കം മുതല്‍ നയപരിപാടികള്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. ഇവിടെ സ്വേഛാ വാഴ്ചയോ കുടുംബ വാഴ്ചയോ അല്ല ജനാധിപത്യമാണ് പുലരേണ്ടതെന്ന കാര്യത്തില്‍ ഒരുകാലത്തും പ്രസ്ഥാനത്തിന് സംശയമുണ്ടായിട്ടില്ല. അതുപോലെ ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന സെക്യുലരിസം മതവിരുദ്ധമോ മതനിരാസപരമോ അല്ല എന്ന സത്യവും അരനൂറ്റാണ്ട് മുമ്പെങ്കിലും അത് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയില്‍ സാമൂഹിക നീതി സംസ്ഥാപിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സമീപനത്തിന്റെ അടിത്തറ. ആ ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് പതിറ്റാണ്ടിലേറെയായി അത് സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട്. എന്നാല്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ സര്‍ക്കാറുകളും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന ന്യായമായ വിലയിരുത്തലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപവത്കരണത്തിന് പിന്നില്‍. ഈ വിലയിരുത്തലിന് അനുകൂലമായും അനുഗുണമായും ലോക സംഭവഗതികള്‍ മാറുമ്പോള്‍ ജമാഅത്ത് സ്വാഭാവികമായും സന്തോഷിക്കും. പരമാവധി അത് പ്രയോജനപ്പെടുത്താന്‍ ഉത്സാഹിക്കുകയും ചെയ്യും. അതില്‍ ആര്‍ വിറളി പിടിച്ചിട്ടും കാര്യമില്ല. 'തീര്‍ച്ചയായും അത് പിശാചാണ്. അവന്‍ സ്വന്തം കൂട്ടാളികളെ ഭയപ്പെടുത്തുകയാണ്' എന്ന ഖുര്‍ആന്‍ സൂക്തം ഇവിടെ സാര്‍ഥകമാവുകയാണ്.

സലഫി വിഭ്രാന്തി
 "അറബ് ലോകത്തെ കലാപങ്ങളും കലുഷാവസ്ഥയും സാമ്രാജ്യത്വ ശക്തികളെപ്പോലെ ഏറെ ആഹ്ളാദത്തോടെ എതിരേറ്റ മറ്റൊരു കൂട്ടര്‍ ഇസ്ലാമിസ്റുകളാണ്. കലാപങ്ങളെ അഭിവാദ്യം ചെയ്ത് കേരളത്തില്‍ പ്രകടനം നടത്തിയ ഒരേയൊരു പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമിയാണെന്നത് രസകരമല്ലേ? അറബ് ലോകത്ത് ഏകാധിപത്യം തകര്‍ന്ന് ജനാധിപത്യം വരുന്നേ എന്ന് പറഞ്ഞുകൊണ്ടാണവര്‍ അലമുറയിടുന്നത്...''
'സാമ്രാജ്യത്വവും ഇസ്ലാമിസ്റുകളും' എന്ന തലക്കെട്ടില്‍ ബഷീര്‍ സലഫി (ചന്ദ്രിക 2011 നവംബര്‍ 20).
അറബ് നാടുകളിലെ ജനങ്ങളുടെ സ്വത്ത് പതിറ്റാണ്ടുകളായി കൊള്ളയടിച്ച് അട്ടകളെപ്പോലെ സിംഹാസനങ്ങളില്‍ ഒട്ടിപ്പിടിച്ച് ഏകഛത്രാധിപതികളായി നടന്നിരുന്ന ഈജിപ്തിലെ ഹുസ്നി മുബാറക്, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി, തുനീഷ്യയിലെ ബിന്‍ അലി, സിറിയയിലെ ബശാറുല്‍ അസദ് എന്നിവരെ അധികാരത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ അന്നാടുകളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പൊതുജനങ്ങളും നടത്തിയ ഐതിഹാസിക സമരങ്ങളെ കേരളത്തിലെ സലഫികള്‍ തലകുത്തി നിന്ന് വീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക മുന്നേറ്റങ്ങളെ സലഫികള്‍ ഭയപ്പാടോടെ വീക്ഷിക്കാന്‍ കാരണമെന്തായിരിക്കും?
കെ.എം അലിഫ് , പെരിമ്പലം, മലപ്പുറം
ഇസ്ലാമിനെ എക്കാലത്തും മതപരമായ വിവാദങ്ങളില്‍ തളച്ചിടുന്ന ചില സലഫി ഗ്രൂപ്പുകള്‍ ഒടുവില്‍ തങ്ങളുടെ ഒരു പങ്കാളിത്തവുമില്ലാതെ അറബ് മുസ്ലിം ലോകത്ത് സ്വേഛാധിപതികള്‍ക്കെതിരായ ജനകീയ പ്രക്ഷോഭം വിജയിച്ചപ്പോള്‍ നേട്ടം കൊയ്യാന്‍ രംഗത്ത് വന്നതാണ് വാസ്തവത്തില്‍ രസകരവും വൈരുധ്യാധിഷ്ഠിതവും.  എന്നു മാത്രമല്ല, ആശങ്കക്കും ആശയക്കുഴപ്പത്തിനും സാമ്രാജ്യശക്തികളുടെ മുതലെടുപ്പിനും അവസരമൊരുക്കിക്കൊണ്ട് ഉടന്‍ ശരീഅത്ത് നടപ്പാക്കണമെന്ന ആവശ്യവുമായി സലഫികള്‍ ഈജിപ്തില്‍ രംഗത്തിറങ്ങിയത് ആരെ സഹായിക്കാന്‍ എന്ന ചോദ്യവും ഉയര്‍ത്തിയിട്ടുണ്ട്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് തഹ്രീര്‍ സ്ക്വയറിലെ ജനമുന്നേറ്റം ലക്ഷ്യം കണ്ടതെന്നോര്‍ക്കാതെ, അവര്‍ക്കെതിരെ വര്‍ഗീയമായി ആക്രമണത്തിനു മുതിര്‍ന്ന സംഭവത്തിലും ഉത്തരവാദിത്വം സലഫി ഗ്രൂപ്പുകള്‍ക്കാണെന്നാണ് ലോക മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. അല്ലെങ്കിലും ആഗോളതലത്തില്‍ സലഫിസമാണ് ഇപ്പോള്‍ ഹിറ്റ്ലിസ്റില്‍, അതുകൊണ്ടാണല്ലോ കേരളത്തിലെ മതേതരത്വ ചാവേറുകള്‍ 'ആ മുജാഹിദല്ല ഈ മുജാഹിദ്' എന്ന് എഴുതിപ്പിടിപ്പിക്കേണ്ടിവന്നത്. അറബ് ലോകത്തെ സലഫി സംഘടനകളുടെയും സര്‍ക്കാറുകളുടെയും ഉദാരമായ സഹായം കൈപ്പറ്റികൊണ്ടിരിക്കെ തന്നെ, അവരുമായി ഒരു  ബന്ധവും കേരള സലഫികള്‍ക്കില്ലെന്ന അവകാശവാദവും 'രസകരം' തന്നെ.

വെളുത്ത ശില
കറുത്ത ശിലയായതെങ്ങനെ?
 ഹജറുല്‍ അസ്വദ് ആദ്യം ഒരു വെളുത്ത കല്ലായിരുന്നുവെന്നും നൂറ്റാണ്ടുകളായി മനുഷ്യരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കറുത്തുപോയതാണെന്നും ഒരു നബിവചനമുള്ളതായി ജുമുഅ ഖുത്വ്ബയില്‍ ശ്രവിക്കാനിടയായി. ആദ്യം ആ കല്ല് വെളുത്തതായിരുന്നുവെങ്കില്‍ ഹജ്റുല്‍ അബ്യള് എന്നായിരുന്നില്ലേ പറയേണ്ടിയിരുന്നത്. പ്രസ്തുത കല്ലിനു പാപങ്ങള്‍ ഏറ്റുവാങ്ങാനുള്ള എന്തെങ്കിലും ശക്തിയുണ്ടോ?
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
ഇബ്റാഹീം നബിയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും കഅ്ബ പണിതുയര്‍ത്തിക്കൊണ്ടിരിക്കെ ഒരു നിശ്ചിത വിതാനത്തിലെത്തിയപ്പോള്‍ പിതാവ് മകനോട് പറഞ്ഞു: മോനേ, ഇവിടെ സ്ഥാപിക്കാന്‍ ഒരു നല്ല കല്ല് തേടിക്കൊണ്ടുവാ. ഇസ്മാഈല്‍ പ്രതികരിച്ചു: ബാപ്പാ, ഞാന്‍ തളര്‍ന്നു ആലസ്യം ബാധിച്ചിരിക്കുന്നു.' എന്നാല്‍ അങ്ങനെയാവട്ടെ എന്നു പറഞ്ഞ് ഇബ്റാഹീം പോയി. അന്നേരം, ജിബ്രീല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍നിന്ന് ഹജറുല്‍ അസ്വദ് കൊണ്ടു കൊടുത്തു. അത് ശുഭ്രരത്നം പോലെ തിളക്കമാര്‍ന്ന വെളുത്ത കല്ലായിരുന്നു. ആദം സ്വര്‍ഗത്തില്‍ വന്നപ്പോള്‍ കൊണ്ടുവന്നതായിരുന്നു അത്. ജനങ്ങളുടെ തെറ്റുകള്‍ ഏറ്റുവാങ്ങിയാണ് അത് കറുത്തുപോയത്...
സുദ്ദിയെ ഉദ്ധരിച്ചു 'ഖസസുല്‍ അമ്പിയാ' (പ്രവാചക ചരിതം) എന്ന കൃതിയില്‍ ഇമാം ഹാഫിള് ഇബ്നു കസീര്‍ രേഖപ്പെടുത്തിയതാണീ കഥ. പ്രഥമ ദൃഷ്ട്യാ വ്യക്തമാവുന്ന പോലെ സുദ്ദി നബിയില്‍ നിന്ന് ഉദ്ധരിച്ച ഹദീസ് അല്ല അത്. കേവലം ഇസ്രയേലീ കെട്ടുകഥകളുടെ കൂട്ടത്തിലാണ് ഇബ്നു കസീര്‍ ഈ ഐതിഹ്യം ഉള്‍പ്പെടുത്തിയതും. അക്കാര്യം വ്യക്തമാക്കാതെ ജുമുഅ ഖുത്വ്ബകളിലും മറ്റു സന്ദര്‍ഭങ്ങളിലും പ്രാസംഗികര്‍ ഇത്തരം ഐതിഹ്യങ്ങള്‍ ഉദ്ധരിക്കുന്നത് വിശ്വാസികളില്‍ അന്ധവിശ്വാസങ്ങള്‍ പടരാന്‍ ഇടവരുത്തും. കഥയില്‍ ചോദ്യമില്ല എന്നു പറഞ്ഞപോലെ ഹജറുല്‍ അസ്വദിനെ കുറിച്ച് ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കും പ്രസക്തിയില്ല.

ഖുല്‍അ്
 ഭര്‍ത്താവിന്റെ പെരുമാറ്റ വ്യതിയാനങ്ങള്‍ മൂലം ദാമ്പത്യജീവിതം തുടരാന്‍ ഭാര്യക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ഡോക്ടറുടെ കൌണ്‍സലിംഗിന് രണ്ടു പേരും വിധേയരായി. ഭര്‍ത്താവിന് മാനസിക ചികിത്സ ആവശ്യമെന്ന് നിര്‍ദേശിച്ചു. പക്ഷേ, ഭര്‍ത്താവിന്റെ മാതാവ് തുടര്‍ ചികിത്സക്ക് അനുവദിച്ചില്ല. സുരക്ഷിതമായ ദാമ്പത്യം തുടര്‍ന്ന് സാധ്യമല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഭാര്യ ത്വലാഖ് ആവശ്യപ്പട്ടു. എന്നാല്‍, ത്വലാഖ് നല്‍കണമെങ്കില്‍ മഹര്‍ മടക്കി കൊടുക്കണം എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശഠിക്കുന്നു. സ്ത്രീക്ക് അവള്‍ ഇഷ്ടപ്പെടാത്ത ദാമ്പത്യം നഷ്ടപ്പെടുമ്പോള്‍ ഇനി മഹര്‍ കൂടി തിരിച്ചു ചോദിക്കുന്നത് നീതിയാണോ? ഇസ്ലാം അങ്ങനെ അനുശാസിക്കുന്നുണ്ടോ?
അബൂ ആസ്റ തൃശൂര്‍
മൂന്നു വിധം വിവാഹമോചന രീതികളാണ് ഇസ്ലാമിക ശരീഅത്ത് അനുശാസിച്ചിട്ടുള്ളത്. ഒന്ന്, ഭര്‍ത്താവ് ഭാര്യയെ ഏകപക്ഷീയമായി ത്വലാഖ് ചൊല്ലുന്ന രീതി. അങ്ങനെ വിവാഹമോചനം ചെയ്യുമ്പോള്‍ ഭാര്യക്ക് മതിയായ നഷ്ടപരിഹാരം ഖുര്‍ആന്‍ വ്യവസ്ഥ ചെയ്യുന്നു. രണ്ട്, ഭര്‍ത്താവിന്റെ പീഡനമോ സുഖപ്പെടാനിടയില്ലാത്ത മാനസിക രോഗമോ സന്താനോല്‍പാദന ശേഷി ഇല്ലായ്മയോ ദീര്‍ഘകാല തടവ് ശിക്ഷയോ സ്വയം അപ്രത്യക്ഷമാവലോ മറ്റും മൂലം ഭാര്യ ഏകപക്ഷീയമായി ഫസ്ഖ് (വിവാഹം റദ്ദാക്കല്‍) ചെയ്യുന്ന രീതി. ഉപാധികള്‍ക്ക് വിധേയമാണ് ഈ രീതി. മൂന്ന്, ദാമ്പത്യജീവിതം അസഹ്യമോ ദുരിതപൂര്‍ണമോ അസുഖകരമോ ആവുമ്പോള്‍ മഹര്‍ തിരിച്ചുകൊടുത്ത് ഭര്‍ത്താവില്‍ നിന്ന് ഭാര്യ വിവാഹമോചനം തേടുന്ന രീതി. ഇപ്പറഞ്ഞതിന് 'ഖുല്‍അ്' എന്നാണ് പേര്‍. ഖുര്‍ആന്‍ അനുമതി നല്‍കിയ ഈ രീതി ഇന്ത്യയില്‍ നിലവിലെ മുസ്ലിം വ്യക്തിനിയമവും അംഗീകരിക്കുന്നു. ഒടുവില്‍ പറഞ്ഞ ഖുല്‍അ് ആയിരിക്കാം ചോദ്യകര്‍ത്താവ് ഉന്നയിച്ച സംശയത്തിനാധാരം. ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ ബുദ്ധിമുട്ടെന്ന് ഭാര്യ തീരുമാനിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെടുന്ന ദാമ്പത്യത്തിന് പ്രായശ്ചിത്തമായി മഹ്റെങ്കിലും തിരിച്ചുകൊടുക്കുന്നത് അനീതിയാണെന്ന് പറയാനാവില്ല.
സൂര്യനും ചന്ദ്രനും
ആരാധനാ സമയങ്ങളും
 സുബ്ഹ് നമസ്കാരത്തിന്റെ സമയം സൂര്യന്‍ ഉദിക്കുമ്പോഴും, മഗ്രിബ് നമസ്കാരത്തിന്റെ സമയം സൂര്യന്‍ അസ്തമിക്കുമ്പോഴും ആണെന്നാണല്ലോ റസൂല്‍(സ) പറഞ്ഞിരിക്കുന്നത്. ഈ സമയങ്ങള്‍ നാം കണ്ടുപിടിക്കുന്നത് റസൂല്‍ പറഞ്ഞ പോലെ ആകാശത്തേക്ക് നോക്കിയിട്ടല്ല. ഈ സമയങ്ങളെല്ലാം ശാസ്ത്രജ്ഞന്മാര്‍ മുന്‍കൂട്ടി കണക്കാക്കി കലണ്ടറില്‍ എഴുതി വെച്ചത് പ്രകാരമാണല്ലോ. എന്നാല്‍ ചന്ദ്രോദയം നോക്കിയാണ് നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടതെന്നാണല്ലോ റസൂല്‍ പറഞ്ഞിരിക്കുന്നത്. ചന്ദ്രോദയവും ശാസ്ത്രജ്ഞന്മാര്‍ മുന്‍കൂട്ടി കണക്കാക്കി കലണ്ടറില്‍ കാണിക്കുന്നു. നമസ്കാര സമയത്തിന് കണക്കിനെ ആശ്രയിക്കുന്ന സ്ഥിതിക്ക് നോമ്പിനും പെരുന്നാളിനും കണക്കിനെ ആശ്രയിക്കാതിരിക്കുന്നതിന്റെ ന്യായം എന്താണ്? ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും എല്ലാം ശാസ്ത്രജ്ഞര്‍മാര്‍ മുന്‍കൂട്ടി കണക്കാക്കുകയും അതുപ്രകാരം കൃത്യമായി നടക്കുകയും ചെയ്യുന്നത് നാം കാണുന്നു. ഉദയാസ്തമയങ്ങള്‍ കണ്ടുപിടിക്കുക എന്നത് ഒരു ദുന്‍യവിയായ കാര്യമാണല്ലോ. ദുന്‍യവിയായ കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് എന്നേക്കാള്‍ കൂടുതല്‍ അറിയുന്നത് എന്ന് നബി പറഞ്ഞിരിക്കെ എന്തുകൊണ്ടാണ് നമുക്ക് നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ കണക്കിനെ ആശ്രയിക്കാന്‍ പറ്റാത്തത്?
കൊളപ്പുറത്ത് അബ്ദുര്‍റഹ്മാന്‍ കരുവമ്പൊയില്‍
നമസ്കാര സമയം സൂര്യഗതി അനുസരിച്ചാണ് ഖുര്‍ആനും ഹദീസുകളും നിര്‍ണയിച്ചിരിക്കുന്നത്. സോളാര്‍ കലണ്ടര്‍ കൃത്യമായിരിക്കെ അതിനാല്‍ അക്കാര്യത്തില്‍ ഭിന്നതക്ക് സാധ്യതയില്ല. ഖുര്‍ആനും സുന്നത്തുമനുസരിച്ച് വ്രതാരംഭവും പെരുന്നാളുകളും ലൂണാര്‍ കലണ്ടര്‍ പ്രകാരമാണ് നിര്‍ണയിക്കപ്പെടുന്നത്. ചന്ദ്രോദയം കണ്ടാല്‍ എന്ന് പ്രാമാണിക രേഖകളില്‍ പരാമര്‍ശിച്ചിരിക്കയാല്‍ അതിന്റെ വിവക്ഷയാണ് തര്‍ക്കത്തിനും വിവാദത്തിനും വഴിതുറന്നത്. നഗ്ന ദൃഷ്ടി കൊണ്ട് കാണല്‍ മാത്രമല്ല കാഴ്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മറ്റര്‍ഥങ്ങളിലും 'റുഅ്യത്' എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഹിജ്റ കലണ്ടറുകാര്‍ വാദിക്കുമ്പോള്‍ മറ്റുള്ളവര്‍ അതപ്പടി സ്വീകരിക്കുന്നില്ല. നഗ്ന ദൃഷ്ടി കൊണ്ടുള്ള കാഴ്ച സാധ്യമല്ലാത്ത സാഹചര്യങ്ങളിലാണ് മറ്റു വിവക്ഷകളിലേക്ക് തിരിയേണ്ടതെന്നാണവരുടെ വാദം. ലൂണാര്‍ കലണ്ടര്‍ ആഗോളതലത്തില്‍ പ്രചാരത്തിലില്ല. ഹിജ്റ കമ്മിറ്റി ഉണ്ടാക്കുന്ന കലണ്ടര്‍ പൊതു അംഗീകാരം നേടിയിട്ടുമില്ല. പ്രശ്നം ദുന്‍യവി ആണോ അല്ലയോ എന്നതല്ല വിവാദത്തിന്റെ മര്‍മം. ഭൌതികമായ വ്യവഹാരങ്ങളില്‍ തന്നെ നബി(സ) ഒരു പോംവഴി നിര്‍ദേശിച്ചിരിക്കെ അതിനെ വ്യാഖ്യാനിക്കുന്നതിലാണ് ഭിന്നത. സൂര്യോദയം തര്‍ക്കിക്കാന്‍ വകയില്ലാത്ത പ്രതിഭാസമാണ്, ചന്ദ്രോദയത്തിന്റെ കൃത്യത കണിശമല്ലാത്തതിനാലാണല്ലോ നബി(സ) തന്നെ, 29-ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ മാസം 30 ആയി കണക്കാക്കുക എന്ന് നിര്‍ദേശിക്കേണ്ടിവന്നത്. നമസ്കാര സമയത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു സന്ദിഗ്ധത ഇല്ല. പ്രപഞ്ചത്തിലെവിടെയെങ്കിലും ഉച്ചയായാല്‍ ലോകത്തെല്ലാവരും ളുഹര്‍ നമസ്കരിക്കണമെന്ന പരിഹാസ്യമായ വാദവും ആര്‍ക്കും ഇല്ല. ഗ്രഹണകാര്യവും തഥൈവ. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കൃത്യമായി പ്രവചിക്കാന്‍ ശാസ്ത്രത്തിന് കഴിയുമെങ്കിലും ഭൂലോകത്തിന്റെ ഏതു ഭാഗത്തെങ്കിലും ദൃശ്യമാവുന്ന ഗ്രഹണത്തിന് കേരളത്തിലുള്ളവര്‍ നമസ്കരിക്കണമെന്ന വാദം ഹിജ്റ കലണ്ടറുകാര്‍ക്കും ഇല്ലല്ലോ. ഇവിടെ ദൃശ്യമായാല്‍ മാത്രമേ അവരും നമസ്കരിക്കാറുള്ളൂ. ഇത്തവണ അറഫാ ദിനത്തില്‍ ബലിപെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചുകൊണ്ട് ലോകത്തിലെ മുഴുവന്‍ മുസ്ലിംകള്‍ക്കും 'മാതൃക'യാവേണ്ട ഗതികേട് ഹിജ്റ കമ്മിറ്റിക്കുണ്ടായി. ഇത്രത്തോളം ശാസ്ത്ര വിശ്വാസം മൌലികവാദമായി മാറേണ്ട കാര്യമുണ്ടോ എന്നാലോചിക്കുന്നത് നന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം